വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • be പേ. 9-പേ. 12 ഖ. 4
  • ദൈവവചനത്തിൽ ആനന്ദം കണ്ടെത്തുക

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ദൈവവചനത്തിൽ ആനന്ദം കണ്ടെത്തുക
  • ദിവ്യാധിപത്യ ശുശ്രൂഷാസ്‌കൂൾ വിദ്യാഭ്യാസത്തിൽനിന്നു പ്രയോജനം നേടുക
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • യഹോവ സംസാരിക്കുമ്പോൾ ശ്രദ്ധിക്കുക
  • ബൈബിൾ ദിവസവും വായിക്കുക
  • ദൈവവചനം മുഴുവനും വായിക്കുക
  • ദൈനംദിന ബൈബിൾ വായനയിൽനിന്നു പ്രയോജനമനുഭവിക്കൽ
    വീക്ഷാഗോപുരം—1995
  • വായനയിൽ ഉത്സുകനായിരിക്കുക
    ദിവ്യാധിപത്യ ശുശ്രൂഷാസ്‌കൂൾ വിദ്യാഭ്യാസത്തിൽനിന്നു പ്രയോജനം നേടുക
  • ബൈബിൾ വായന—പ്രയോജനപ്രദവും ആനന്ദദായകവും
    2000 വീക്ഷാഗോപുരം
  • വായിക്കുകയും ഓർത്തിരിക്കുകയും ചെയ്യുന്ന വിധം
    ദിവ്യാധിപത്യ ശുശ്രൂഷാസ്‌കൂൾ ഗൈഡ്‌ബുക്ക്‌
കൂടുതൽ കാണുക
ദിവ്യാധിപത്യ ശുശ്രൂഷാസ്‌കൂൾ വിദ്യാഭ്യാസത്തിൽനിന്നു പ്രയോജനം നേടുക
be പേ. 9-പേ. 12 ഖ. 4

ദൈവവചനത്തിൽ ആനന്ദം കണ്ടെത്തുക

‘യഹോവയുടെ ന്യായപ്രമാണത്തിൽ ആനന്ദിക്കുന്ന’ മനുഷ്യൻ സന്തുഷ്ടനാണ്‌. അങ്ങനെയുള്ള ഒരു വ്യക്തി ദൈവവചനം “രാവും പകലും മന്ദസ്വരത്തിൽ” വായിക്കുന്നു. (സങ്കീ. 1:1, 2, NW) നിങ്ങൾക്ക്‌ ആ ആനന്ദം അനുഭവിക്കാൻ കഴിയുന്നുണ്ടോ? ദൈവവചനത്തിൽനിന്നു നിങ്ങൾക്ക്‌ എങ്ങനെ കൂടുതലായി സന്തോഷം കണ്ടെത്താൻ കഴിയും?

യഹോവ സംസാരിക്കുമ്പോൾ ശ്രദ്ധിക്കുക

കേവലം വാക്കുകൾ വായിച്ചുവിടാതെ, നിങ്ങൾ വായിക്കുന്ന കാര്യങ്ങൾ ഭാവനയിൽ കാണുക. ആരുടെ വാക്കുകളാണോ വായിക്കുന്നത്‌ അവരുടെ ശബ്ദം കേൾക്കുന്നതായി സങ്കൽപ്പിക്കുക. ബൈബിളിന്റെ പ്രാരംഭ അധ്യായങ്ങൾ വായിക്കവേ, ഭൂമിയെ മനുഷ്യവാസയോഗ്യം ആക്കിത്തീർക്കുന്നതിനു താൻ ചെയ്യുന്ന കാര്യങ്ങളെ കുറിച്ച്‌ യഹോവതന്നെ പടിപടിയായി വെളിപ്പെടുത്തുന്നതു കേൾക്കുക. ആദ്യ മനുഷ്യരെ സൃഷ്ടിക്കാനുള്ള സമയം ആയിരിക്കുന്നു എന്ന്‌ അവൻ വിദഗ്‌ധ ശിൽപ്പിയായ തന്റെ പുത്രനോടു പറയുന്നതു ശ്രദ്ധിക്കുക. പിൻവരുന്ന രംഗങ്ങൾ ഭാവനയിൽ കാണുക: ആദാമും ഹവ്വായും മത്സരിക്കുന്നു, ദൈവം അവരുടെമേൽ ന്യായവിധി ഉച്ചരിക്കുന്നു, തുടർന്ന്‌ അവൻ അവരെ പറുദീസയിൽനിന്നു പുറത്താക്കുന്നു. (ഉല്‌പത്തി 1-3 അധ്യായങ്ങൾ) യേശുക്രിസ്‌തുവിനെ ദൈവത്തിന്റെ പ്രിയപുത്രനായി, മനുഷ്യവർഗത്തിനു സ്വന്തജീവൻ നൽകാൻ ദൈവത്താൽ അയയ്‌ക്കപ്പെട്ടവനായി സ്വർഗത്തിൽനിന്നുള്ള ഒരു ശബ്ദം തിരിച്ചറിയിക്കുന്നതിനെ കുറിച്ചു വായിക്കുമ്പോൾ ആ സന്ദർഭത്തിന്റെ ഭയഗാംഭീര്യം നിങ്ങളിൽ നിറയട്ടെ. (മത്താ. 3:16, 17) “ഇതാ, ഞാൻ സകലവും പുതുതാക്കുന്നു” എന്ന്‌ യഹോവ പ്രഖ്യാപിക്കുന്നതു കേൾക്കുമ്പോഴുള്ള അപ്പൊസ്‌തലനായ യോഹന്നാന്റെ പ്രതികരണം സങ്കൽപ്പിക്കാൻ ശ്രമിക്കുക. (വെളി. 21:5) ഈ രീതിയിൽ ദൈവവചനം വായിക്കുന്നതു തീർച്ചയായും ആനന്ദകരമായ ഒരു അനുഭവമാണ്‌!

നിശ്വസ്‌ത രേഖയുടെ വായന തുടരുക, യഹോവ ശ്രേഷ്‌ഠനും ഭയഗംഭീരനും ആണെന്നു നിങ്ങൾ മനസ്സിലാക്കും. നമ്മെ സ്‌നേഹിക്കുകയും നമ്മോടു കരുണാപൂർവം ഇടപെടുകയും തന്റെ ഇഷ്ടം ചെയ്യാൻ താഴ്‌മയോടെ ശ്രമിക്കുന്നതിൽ തുടരുന്നപക്ഷം നമ്മെ സഹായിക്കുകയും നമ്മുടെ എല്ലാ പ്രവൃത്തികളിലും എങ്ങനെ വിജയം കൈവരിക്കാമെന്നു കാണിച്ചുതരുകയും ചെയ്യുന്ന അവനോട്‌ എന്തെന്നില്ലാത്ത അടുപ്പം തോന്നുന്നതായി നിങ്ങൾക്ക്‌ അനുഭവപ്പെടും.​—യോശു. 1:8; സങ്കീ. 8:1; യെശ. 41:⁠10.

ബൈബിൾ വായനയ്‌ക്കായി നിങ്ങൾ എത്രയധികം സമയം ചെലവിടുന്നുവോ, അത്രയധികം സംതൃപ്‌തി നിങ്ങൾക്കു ലഭിക്കും. നിങ്ങളെ സംബന്ധിച്ച ദൈവഹിതത്തെ കുറിച്ചുള്ള അറിവിൽ നിങ്ങൾ വളർന്നുവരുന്നതിൽനിന്ന്‌ ഉരുത്തിരിയുന്നതാണ്‌ ഈ സംതൃപ്‌തി. എന്നാൽ ബൈബിൾ വായന മറ്റു പല വിധങ്ങളിലും നിങ്ങൾക്ക്‌ ആനന്ദം കൈവരുത്തും. പ്രശ്‌നങ്ങളെ ജ്ഞാനപൂർവം കൈകാര്യം ചെയ്യാൻ ആവശ്യമായ സഹായം ബൈബിൾ വായനയിലൂടെ ലഭിക്കുമ്പോൾ, “നിന്റെ സാക്ഷ്യങ്ങൾ അതിശയകരമാകയാൽ എന്റെ മനസ്സു അവയെ പ്രമാണിക്കുന്നു” എന്നു പറഞ്ഞ സങ്കീർത്തനക്കാരനെ പോലെ നിങ്ങൾക്കു തോന്നും. (സങ്കീ. 119:129) കൂടാതെ നിങ്ങളുടെ ചിന്താഗതിയെയും ആഗ്രഹങ്ങളെയും ദൈവിക മാർഗത്തിൽ വാർത്തെടുക്കാൻ സഹായിക്കുന്ന തത്ത്വങ്ങൾ തിരുവെഴുത്തുകളിൽനിന്നു മനസ്സിലാക്കുന്നതും നിങ്ങൾക്ക്‌ ആനന്ദം പകരും.​—യെശ. 55:8, 9.

ആപത്തിൽനിന്നു നമ്മെ കാത്തുസംരക്ഷിക്കുകയും ശരിയായ മാർഗം നമുക്കു കാണിച്ചുതരികയും ചെയ്യുന്ന ധാർമിക മാർഗനിർദേശം ബൈബിൾ പ്രദാനം ചെയ്യുന്നു. അതു വായിക്കുമ്പോൾ, അപൂർണമായ ജഡിക മോഹങ്ങൾക്കു നാം വഴിപ്പെട്ടാൽ ഉണ്ടായേക്കാവുന്ന പ്രശ്‌നങ്ങൾ സംബന്ധിച്ച്‌ അറിയാവുന്ന ഒരു പിതാവാണു യഹോവ എന്നു നാം മനസ്സിലാക്കുന്നു. അവന്റെ ഉന്നതമായ ധാർമിക നിലവാരങ്ങൾ പുച്ഛിച്ചു തള്ളുന്നപക്ഷം ഉണ്ടാകുമെന്ന്‌ ഉറപ്പുള്ള ദാരുണമായ ഭവിഷ്യത്തുകൾ നമുക്കു ഭവിക്കാൻ അവൻ ആഗ്രഹിക്കുന്നില്ല. അവനു നമ്മെ കുറിച്ചു കരുതലുണ്ട്‌. നമ്മുടെ ജീവിതരീതി ഏറ്റവും മെച്ചപ്പെട്ടതായിരിക്കാൻ അവൻ ആഗ്രഹിക്കുന്നു. നമ്മുടെ ദൈവവും സ്വർഗീയ പിതാവും ആയി അവൻ ഉണ്ടായിരിക്കുന്നത്‌ എത്ര വലിയ അനുഗ്രഹമാണ്‌ എന്ന്‌ ഏറെ നന്നായി വിലമതിക്കാൻ അവന്റെ വചനത്തിന്റെ വായന നമ്മെ സഹായിക്കുന്നു.

ബൈബിൾ ദിവസവും വായിക്കുക

ദൈവവചനം ദിവസവും വായിക്കുന്ന മനുഷ്യനെ കുറിച്ചു സങ്കീർത്തനക്കാരൻ ഇങ്ങനെ പറഞ്ഞു: “അവൻ ചെയ്യുന്നതൊക്കെയും വിജയിക്കും.” (സങ്കീ. 1:​3, NW) നമുക്ക്‌ അപൂർണതകളുണ്ട്‌, നാം ജീവിക്കുന്നതു സാത്താന്റെ ദുഷ്ട വ്യവസ്ഥിതിയിലാണ്‌, മാത്രമല്ല, പിശാച്‌ നമ്മെ വിഴുങ്ങാൻ തക്കംപാർത്തു നടക്കുകയുമാണ്‌. ഇങ്ങനെയൊക്കെയാണെങ്കിലും, ദൈവവചനം പതിവായി വായിക്കുന്നതും അതിലുള്ള കാര്യങ്ങൾ ജീവിതത്തിൽ ബാധകമാക്കുന്നതും യഹോവയുമായുള്ള നമ്മുടെ ബന്ധം ഉൾപ്പെടുന്ന എല്ലാ കാര്യങ്ങളിലും വിജയിക്കാൻ നമ്മെ പ്രാപ്‌തരാക്കും.

നാം ഈ പഴയ വ്യവസ്ഥിതിയുടെ സമ്മർദത്തിൻ കീഴിലായതിനാൽ, ദിവസവും അമൂല്യമായ ഏതാനും നിമിഷത്തേക്ക്‌ എങ്കിലും സ്രഷ്ടാവിന്റെ ചിന്തകൾ ഉൾക്കൊള്ളുന്നത്‌ നമുക്കു ശക്തി പകരും. വിശ്വാസത്തിന്റെ പേരിൽ തടവിലാക്കപ്പെട്ട ചിലർക്ക്‌ പത്രലേഖനങ്ങളിൽ ഉദ്ധരിച്ചു കണ്ട ഏതാനും ബൈബിൾ വാക്യങ്ങൾ മാത്രമാണു വായിക്കാൻ കിട്ടിയിരുന്നത്‌. ബൈബിളിന്റെ വ്യത്യസ്‌ത ഭാഗങ്ങളിൽനിന്നുള്ള ഈ വാക്യങ്ങൾ അവർ വെട്ടിയെടുത്തുവെച്ച്‌ ഹൃദിസ്ഥമാക്കുകയും അവയെ കുറിച്ചു ധ്യാനിക്കുകയും ചെയ്‌തു. യഹോവ അവരുടെ ശ്രമങ്ങളെ അനുഗ്രഹിച്ചു. കാരണം ദൈവവചനത്തിൽ നിന്നുള്ള പരിജ്ഞാനം ഉൾക്കൊള്ളുന്നതിന്‌ ആ സാഹചര്യത്തിൽ ചെയ്യാൻ കഴിയുന്നത്‌ അവർ ചെയ്‌തു. (മത്താ. 5:​3, NW) എന്നാൽ, നമ്മിൽ മിക്കവർക്കും അവരെക്കാൾ വളരെയേറെ സ്വാതന്ത്ര്യമുണ്ട്‌. ദിവസത്തിലൊരിക്കൽ ഒരു ബൈബിൾ വാക്യം ഓടിച്ചൊന്നു വായിച്ചുവിട്ടതുകൊണ്ടു മാത്രം അത്ഭുതകരമായ എന്തെങ്കിലും ഫലമുണ്ടാകും എന്നു നാം ധരിക്കരുത്‌. മറിച്ച്‌, ദിവസവും ബൈബിളിന്റെ ഒരു ഭാഗം വായിക്കാനും അതേക്കുറിച്ചു ചിന്തിക്കാനും അതനുസരിച്ചു ജീവിക്കാനും തക്കവണ്ണം മുൻഗണനകൾ വെക്കുന്ന പക്ഷം നമുക്ക്‌ അനുഗ്രഹങ്ങൾ ആസ്വദിക്കാനാകും.

എത്ര നന്നായി ആസൂത്രണം ചെയ്‌താലും കാര്യങ്ങൾ നാം വിചാരിക്കുന്നതുപോലെ നടക്കണമെന്നില്ല എന്നതു സത്യമാണ്‌. അത്തരമൊരു സാഹചര്യത്തിൽ, ഏറെ പ്രാധാന്യം അർഹിക്കുന്ന സംഗതികൾക്കു നമ്മൾ മുൻഗണന നൽകുന്നു. ഉദാഹരണത്തിന്‌, നമ്മളാരും ഒന്നോ രണ്ടോ ദിവസത്തേക്കു മനഃപൂർവം വെള്ളം കുടിക്കാതിരിക്കില്ല. അങ്ങനെയെങ്കിൽ, അനുദിന ജീവിതത്തിൽ നാം എത്രമാത്രം തിരക്കുള്ളവർ ആയിരുന്നാലും സത്യത്തിന്റെ ജലം സ്വീകരിച്ച്‌ നവോന്മേഷം പ്രാപിക്കാൻ നാം കുറച്ചു സമയം കണ്ടെത്തണം.​—പ്രവൃ. 17:⁠11.

ദൈവവചനം മുഴുവനും വായിക്കുക

നിങ്ങൾ മുഴു ബൈബിളും വ്യക്തിപരമായി വായിച്ചിട്ടുണ്ടോ? ഉല്‌പത്തി മുതൽ വെളിപ്പാടു വരെ വായിക്കുന്നതിനെ കുറിച്ച്‌ ഓർക്കുമ്പോൾ ചിലർക്കു വീർപ്പുമുട്ടൽ അനുഭവപ്പെട്ടിട്ടുണ്ട്‌. അതുകൊണ്ട്‌, ബൈബിൾ വായിച്ചുതീർക്കാൻ ആഗ്രഹിച്ച പലരും ആദ്യം ക്രിസ്‌തീയ ഗ്രീക്ക്‌ തിരുവെഴുത്തുകളാണു വായിച്ചു തുടങ്ങിയത്‌. കാരണം? ക്രിസ്‌തുവിന്റെ കാൽച്ചുവടുകൾ പിൻപറ്റാൻ ആഗ്രഹിക്കുന്നവർ എന്നനിലയിൽ, ആ ബൈബിൾ പുസ്‌തകങ്ങൾ തങ്ങൾക്ക്‌ എങ്ങനെ ബാധകമാകുന്നുവെന്നു കാണാൻ കൂടുതൽ എളുപ്പമാണെന്ന്‌ ഒരുപക്ഷേ അവർ കണ്ടെത്തിയിരിക്കാം. അല്ലെങ്കിൽ, ബൈബിളിന്റെ നാലിലൊന്നിലും അൽപ്പം കൂടെ മാത്രമുള്ള ക്രിസ്‌തീയ ഗ്രീക്ക്‌ തിരുവെഴുത്തുകൾ വായിക്കാൻ അധികമില്ലെന്ന്‌ അവർക്കു തോന്നിയിരിക്കാം. എങ്കിലും, ആ 27 പുസ്‌തകങ്ങൾ വായിച്ചു തീർത്തശേഷം അവർ എബ്രായ തിരുവെഴുത്തുകളുടെ 39 പുസ്‌തകങ്ങളിലേക്കു ശ്രദ്ധ തിരിക്കുകയും അവയുടെ വായന ആസ്വദിച്ചു തുടങ്ങുകയും ചെയ്‌തു. എബ്രായ തിരുവെഴുത്തുകൾ വായിച്ചു കഴിഞ്ഞപ്പോഴേക്കും ബൈബിൾ പതിവായി വായിക്കുന്നത്‌ അവർക്ക്‌ ഒരു ശീലമായിത്തീർന്നിരുന്നു. അതുകൊണ്ട്‌ ക്രിസ്‌തീയ ഗ്രീക്ക്‌ തിരുവെഴുത്തുകളുടെ വായന അവർ വീണ്ടും തുടങ്ങി. പിന്നെയൊരിക്കലും അവർ വായന നിറുത്തിയിട്ടില്ല. നിങ്ങളും ദൈവവചനത്തിന്റെ അനുദിന വായന ഒരു ആയുഷ്‌കാല ശീലമാക്കിത്തീർക്കട്ടെ.

നിങ്ങളുടെ കുടുംബത്തിലോ സഭയിലോ സ്വന്തമായി വായിക്കാൻ കഴിയാത്ത ആരെങ്കിലുമുണ്ടോ? ഉണ്ടെങ്കിൽ, ആ വ്യക്തിയെ പതിവായി ബൈബിൾ വായിച്ചു കേൾപ്പിക്കാൻ നിങ്ങൾക്കു സാധിക്കുമോ? നിങ്ങൾക്ക്‌ അതിൽനിന്നു പ്രയോജനം ലഭിക്കും. ഒപ്പം, കേൾക്കുന്ന കാര്യങ്ങളെ കുറിച്ചു ധ്യാനിക്കുകയും തുടർന്ന്‌ അതനുസരിച്ചു ജീവിക്കാൻ ശ്രമിക്കുകയും ചെയ്യുമ്പോൾ ആ വ്യക്തിക്കും അതു പ്രയോജനം ചെയ്യും.​—വെളി. 1:⁠3.

ക്രമേണ, ബൈബിൾ വായനയോടുള്ള ബന്ധത്തിൽ ചില പ്രത്യേക സംരംഭങ്ങൾ (projects) ഏറ്റെടുക്കാൻ നിങ്ങൾ ഇഷ്ടപ്പെട്ടേക്കാം. അവയിൽ ചിലത്‌ ബൈബിളിന്റെ വ്യത്യസ്‌ത ഭാഗങ്ങൾ തമ്മിലുള്ള ബന്ധം കൂടുതൽ നന്നായി വിലമതിക്കാൻ സഹായിച്ചേക്കും. നിങ്ങളുടെ ബൈബിളിൽ മാർജിനൽ റഫറൻസുകൾ കൊടുത്തിട്ടുണ്ടെങ്കിൽ അവയ്‌ക്കു നിങ്ങളെ ചരിത്ര വിശദാംശങ്ങളിലേക്കും സമാന്തര വിവരണങ്ങളിലേക്കും നയിക്കാനാകും. വിവിധ സങ്കീർത്തനങ്ങളുടെയും യേശുക്രിസ്‌തുവിന്റെ അപ്പൊസ്‌തലന്മാർ എഴുതിയ ലേഖനങ്ങളുടെയും എഴുത്തിലേക്കു നയിച്ച സാഹചര്യങ്ങൾ മനസ്സിലാക്കാൻ ഇവ നിങ്ങളെ സഹായിച്ചേക്കാം. തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്‌ച (ഇംഗ്ലീഷ്‌) ബൈബിളിൽ പരാമർശിച്ചിരിക്കുന്ന ആളുകളെയും സ്ഥലങ്ങളെയും ഗുണങ്ങളെയും കുറിച്ചുള്ള ധാരാളം പശ്ചാത്തല വിവരങ്ങൾ നൽകുന്നു. ചാർട്ടുകൾ, ബൈബിൾ പ്രവചനങ്ങളുടെ നിവൃത്തിയിലേക്കു ശ്രദ്ധ ക്ഷണിക്കുകയും ഏതൊക്കെ രാജാക്കന്മാരുടെ കാലത്ത്‌ ഏതൊക്കെ പ്രവാചകന്മാരാണു ജീവിച്ചിരുന്നതെന്നു കാണിച്ചുതരികയും അനവധി ബൈബിൾ സംഭവങ്ങളുടെ ഏകദേശ തീയതികൾ നൽകുകയും ചെയ്യുന്നു.

ബൈബിളിൽനിന്നു പഠിക്കുന്ന കാര്യങ്ങളെ കുറിച്ചു ധ്യാനിക്കുമ്പോൾ, ദൈവജനത്തിന്റെ ഇടയിൽ ചില പ്രത്യേക സാഹചര്യങ്ങൾ ഉടലെടുത്തതിന്റെ കാരണങ്ങൾ നിങ്ങൾക്കു മനസ്സിലാകും. യഹോവ തന്റെ ജനത്തോട്‌ ഒരു പ്രത്യേക വിധത്തിൽ ഇടപെടാനുള്ള കാരണം എന്തായിരുന്നുവെന്നും നിങ്ങൾ കണ്ടെത്തും. ഗവൺമെന്റുകളുടെയും ജനതകളുടെയും വ്യക്തികളുടെയും പ്രവർത്തനങ്ങളെ യഹോവ എങ്ങനെ വിലയിരുത്തുന്നുവെന്നു നിങ്ങൾ മനസ്സിലാക്കും. ഇത്‌ അവന്റെ ചിന്താഗതി സംബന്ധിച്ച്‌ നിങ്ങൾക്കു കൂടുതലായ ഉൾക്കാഴ്‌ച നൽകും.

സംഭവങ്ങൾ നടന്ന പ്രദേശങ്ങൾ ഭാവനയിൽ കാണുമ്പോൾ ബൈബിൾ ചരിത്രം നിങ്ങൾക്കു കൂടുതൽ രസകരമായി തോന്നും. ബൈബിൾ നാടുകളുടെ ഭൂപടങ്ങൾ, ഭൂപ്രദേശങ്ങളും അതുപോലെതന്നെ സ്ഥലങ്ങൾ തമ്മിലുള്ള ദൂരവും വെളിപ്പെടുത്തുന്നു. ഉദാഹരണത്തിന്‌, ഇസ്രായേല്യർ ചെങ്കടൽ കുറുകെ കടന്നത്‌ ഉദ്ദേശം എവിടെവെച്ചാണ്‌? വാഗ്‌ദത്ത ദേശത്തിന്‌ എന്തു വലിപ്പം ഉണ്ടായിരുന്നു? യേശുവിന്റെ ഭൗമിക ശുശ്രൂഷാ കാലത്ത്‌ അവൻ എത്ര ദൂരം കാൽനടയായി സഞ്ചരിച്ചു? പൗലൊസിന്റെ മിഷനറി യാത്രാവേളകളിൽ അവൻ എന്തെല്ലാം കാഴ്‌ചകൾ കണ്ടിരിക്കണം? ഭൂപടങ്ങളും ഭൂമിശാസ്‌ത്ര വിവരണങ്ങളും പ്രദാനം ചെയ്യുന്ന വിശദാംശങ്ങൾ നിങ്ങളുടെ ബൈബിൾ വായനയ്‌ക്കു ജീവൻ പകരും. ബൈബിൾ നാടുകളുടെ ഭൂപടങ്ങൾ നിങ്ങൾക്ക്‌ എവിടെ കണ്ടെത്താൻ കഴിയും? ചിലത്‌ വിശുദ്ധ തിരുവെഴുത്തുകളുടെ പുതിയലോക ഭാഷാന്തരത്തിൽ ഉണ്ട്‌. ഉൾക്കാഴ്‌ച പുസ്‌തകത്തിൽ 70-ഓളം ഭൂപടങ്ങളുണ്ട്‌. അതിന്റെ ഒന്നാം വാല്യത്തിന്റെ ഒടുവിൽ ഒരു ഭൂപട സൂചികയും കൊടുത്തിട്ടുണ്ട്‌. മറ്റു ഭൂപടങ്ങൾ കണ്ടുപിടിക്കാൻ വാച്ച്‌ ടവർ പ്രസിദ്ധീകരണ സൂചിക (ഇംഗ്ലീഷ്‌) ഉപയോഗിക്കുക. ഇവ നിങ്ങൾക്ക്‌ അറിയാവുന്ന ഭാഷയിൽ ലഭ്യമല്ലെങ്കിൽ വീക്ഷാഗോപുരത്തിൽ പ്രസിദ്ധീകരിച്ചു വന്നിട്ടുള്ള ഭൂപടങ്ങൾ ഉപയോഗിക്കുന്നതു ബൈബിൾ വായനയിൽ സഹായകമായിരിക്കും.

എബ്രായ തിരുവെഴുത്തുകളിൽ, ദാവീദ്‌ രാജാവ്‌ പിൻവരുന്ന പ്രകാരം പറഞ്ഞുകൊണ്ട്‌ യഹോവയെ സ്‌തുതിച്ചു: “ദൈവമേ, നിന്റെ വിചാരങ്ങൾ എനിക്കു എത്ര ഘനമായവ [“അമൂല്യം,” NW]! അവയുടെ ആകത്തുകയും എത്ര വലിയതു!” (സങ്കീ. 139:17) ക്രിസ്‌തീയ ഗ്രീക്ക്‌ തിരുവെഴുത്തുകളിൽ അപ്പൊസ്‌തലനായ പൗലൊസ്‌, യഹോവ “യേശുക്രിസ്‌തുവിന്റെ മുഖത്തിലുളള ദൈവതേജസ്സിന്റെ പരിജ്ഞാനം വിളങ്ങിക്കേണ്ടതിന്നു ഞങ്ങളുടെ ഹൃദയങ്ങളിൽ പ്രകാശിച്ചിരിക്കുന്നു” എന്ന കാരണത്താൽ അവനെ സ്‌തുതിച്ചു. (2 കൊരി. 4:6) ദാവീദും പൗലൊസും ജീവിച്ചിരുന്ന കാലഘട്ടങ്ങൾക്ക്‌ നൂറ്റാണ്ടുകളുടെ വ്യത്യാസം ഉണ്ടായിരുന്നെങ്കിലും, അവർ ഇരുവരും ദൈവവചനത്തിൽ ആനന്ദം കണ്ടെത്തി. യഹോവ തന്റെ നിശ്വസ്‌ത വചനത്തിന്റെ താളുകളിൽ നിങ്ങൾക്കായി നൽകിയിരിക്കുന്നതെല്ലാം വായിക്കാൻ സമയമെടുക്കുന്ന പക്ഷം നിങ്ങൾക്കും അതുപോലെ ആനന്ദം കണ്ടെത്താൻ കഴിയും.

അനുദിന ബൈബിൾ വായന ഒരു വിജയമാക്കുക

ദിവ്യാധിപത്യ ശുശ്രൂഷാസ്‌കൂൾ വിദ്യാഭ്യാസത്തിന്റെ നല്ലൊരു ഭാഗവും ബൈബിൾ വായനാ പരിപാടിയെ കേന്ദ്രീകരിച്ചുള്ളതാണ്‌. അതിൽ പങ്കെടുക്കാൻ ഞങ്ങൾ നിങ്ങളെ പ്രോത്സാഹിപ്പിക്കുന്നു.

വ്യക്തിപരമായ വായനയ്‌ക്കും സ്‌കൂളിലെ ചർച്ചയ്‌ക്കും വേണ്ടി ബൈബിളിന്റെ ചെറിയൊരു ഭാഗം ഓരോ ആഴ്‌ചത്തേക്കും പട്ടികപ്പെടുത്തിയിട്ടുണ്ട്‌. ഈ ക്രമീകരണത്തിലൂടെ പടിപടിയായി നിങ്ങൾ മുഴു ബൈബിളും വായിച്ചുതീർക്കുന്നതായിരിക്കും.

അനുദിന ബൈബിൾ വായന നിങ്ങളുടെ ജീവിതത്തിന്റെ ഭാഗമാക്കിത്തീർക്കാൻ അതിരാവിലെയോ ഉച്ചയ്‌ക്കോ അത്താഴസമയത്തോ ഉറങ്ങാൻ പോകുന്നതിനു മുമ്പോ അതിനുവേണ്ടി പതിവായി സമയം നീക്കിവെക്കുക. പകൽ സമയത്ത്‌ എപ്പോഴെങ്കിലും അവസരം കിട്ടിയാൽ ഒരൽപ്പം വായിക്കാം എന്നാണു കരുതുന്നതെങ്കിൽ ബൈബിൾ വായന ക്രമമായി നടത്താൻ കഴിയില്ല.

നിങ്ങൾ ഒരു കുടുംബനാഥനാണെങ്കിൽ, നല്ല അനുദിന ബൈബിൾ വായനാ പരിപാടി വികസിപ്പിച്ചെടുക്കാൻ കുടുംബാംഗങ്ങളെ സഹായിച്ചുകൊണ്ട്‌ അവരിൽ വ്യക്തിപരമായ താത്‌പര്യം പ്രകടമാക്കുക. കുടുംബമൊന്നിച്ചു ബൈബിൾ വായിക്കുന്നത്‌, ദിവസവും വ്യക്തിപരമായി ബൈബിൾ വായിക്കാൻ കുടുംബാംഗങ്ങളെ പ്രോത്സാഹിപ്പിച്ചേക്കാം.

ദിവസവും ബൈബിൾ വായിക്കുന്നതിന്‌ ആത്മശിക്ഷണം ആവശ്യമാണ്‌. അതിനുള്ള ആഗ്രഹം നിങ്ങൾക്കു ജന്മനാ ഇല്ല. ദൈവവചനത്തോടു നിങ്ങൾ ‘വാഞ്‌ഛ നട്ടുവളർത്തേണ്ട’തുണ്ട്‌. (1 പത്രൊ. 2:​2, NW) ആ ശീലം നട്ടുവളർത്തുമ്പോൾ ആത്മീയ വിശപ്പ്‌ വളരും. അപ്പോൾ, നിങ്ങളുടെ ഗ്രാഹ്യവും യഹോവ നമുക്കു ലഭ്യമാക്കിയിരിക്കുന്ന ആത്മീയ സമ്പത്തിനോടുള്ള വിലമതിപ്പും ആഴമുള്ളതാക്കിത്തീർക്കുന്നതിനു പ്രിയം തോന്നും. അതിനുവേണ്ടി ബൈബിൾ വായനയിലും പഠനത്തിലും പ്രത്യേക സംരംഭങ്ങൾ ഏറ്റെടുത്തുകൊണ്ടു പഠനമേഖല വിശാലമാക്കാൻ നിങ്ങൾ ആഗ്രഹിച്ചേക്കാം.

ബൈബിൾ വായിക്കുമ്പോൾ, വായിക്കുന്ന കാര്യങ്ങളുടെ അർഥത്തെ കുറിച്ച്‌, അതായത്‌ യഹോവയെ സംബന്ധിച്ച്‌ അത്‌ എന്തു വെളിപ്പെടുത്തുന്നു, അതിനു നിങ്ങളുടെ ജീവിതത്തെ പ്രയോജനകരമായ വിധത്തിൽ എങ്ങനെ സ്വാധീനിക്കാൻ കഴിയും, മറ്റുള്ളവരെ സഹായിക്കാനായി നിങ്ങൾക്ക്‌ അത്‌ എങ്ങനെ ഉപയോഗപ്പെടുത്താൻ കഴിയും എന്നതിനെ കുറിച്ചൊക്കെ ധ്യാനിക്കാൻ സമയമെടുക്കുക.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക