കത്തുകളിലൂടെ ആശയവിനിമയം നടത്തൽ
ദശലക്ഷങ്ങളുടെ ജീവിതവും പെരുമാറ്റവും മെച്ചപ്പെടുത്താൻ കത്തുകൾക്കു കഴിഞ്ഞിരിക്കുന്നു. ക്രിസ്‌തീയ ഗ്രീക്ക് തിരുവെഴുത്തുകളിലെ മിക്ക പുസ്‌തകങ്ങളും ആദ്യം കത്തുകളായിരുന്നു. ഇന്ന് നമുക്ക്, പുതുതായി വിശ്വാസത്തിൽ വന്നവരെ കെട്ടുപണി ചെയ്യാനും സുഹൃത്തുക്കളുമായി ബന്ധം പുലർത്താനും പ്രത്യേക ഉത്തരവാദിത്വങ്ങൾ ഏറ്റെടുത്തിരിക്കുന്ന സഹോദരീസഹോദരന്മാരെ പ്രോത്സാഹിപ്പിക്കാനും ദുരിതങ്ങൾ അനുഭവിക്കുന്നവരെ ബലപ്പെടുത്താനും സഭാപ്രവർത്തനങ്ങൾ നോക്കിനടത്തുന്നതിന് ആവശ്യമായ വിവരങ്ങൾ കൈമാറാനുമായി കത്തുകൾ എഴുതാനാകും.—1 തെസ്സ. 1:1-7; 5:27; 2 പത്രൊ. 3:1, 2.
കത്തെഴുത്ത് ഫലപ്രദമായ ഒരു സാക്ഷീകരണ മാർഗം കൂടിയാണ്. ചില പ്രദേശങ്ങളിൽ, പലരും താമസിക്കുന്നത് യഥേഷ്ടം സാക്ഷീകരണം നടത്താൻ സാധിക്കാത്ത, കനത്ത സുരക്ഷാ സംവിധാനങ്ങളോടു കൂടിയ അപ്പാർട്ട്‌മെന്റ് കെട്ടിടങ്ങളിലോ ദീർഘകാല താമസക്കാർക്കായുള്ള ഹോട്ടലുകളിലോ ആണ്. ചിലർ മിക്കപ്പോഴും വീട്ടിൽ കാണില്ല. അതുകൊണ്ട് വീടുതോറുമുള്ള സാക്ഷീകരണത്തിൽ നാം അവരെ കണ്ടുമുട്ടുന്നില്ല. ഇനിയും മറ്റു ചിലർ ഒറ്റപ്പെട്ട ഇടങ്ങളിൽ—ജയിലിലും മറ്റും—പാർക്കുന്നവരാണ്.
രോഗമോ മോശമായ കാലാവസ്ഥയോ കർഫ്യൂവോ നിമിത്തം ചില സമയത്ത് നിങ്ങൾക്കു വീട്ടിൽനിന്നു പുറത്തുപോകാൻ കഴിയാതെ വന്നേക്കാം. ഒരു ബന്ധുവിനോ അനൗപചാരികമായി സംസാരിക്കാനിടയായ ആർക്കെങ്കിലുമോ കൂടുതലായ സാക്ഷ്യം നൽകാൻ തക്കവണ്ണം ഒരു കത്തെഴുതാൻ നിങ്ങൾക്കു കഴിഞ്ഞേക്കുമോ? നിങ്ങളുടെ ബൈബിൾ വിദ്യാർഥികളിൽ ഒരാൾ മറ്റ് എവിടേക്കെങ്കിലും താമസം മാറ്റിയിരിക്കുന്നുവോ? ആത്മീയ താത്‌പര്യം അണയാതെ സൂക്ഷിക്കുന്നതിന് അദ്ദേഹത്തിന് ആവശ്യം നിങ്ങളുടെ ഒരു കത്താകാം. അല്ലെങ്കിൽ അടുത്തയിടെ വിവാഹം കഴിക്കുകയോ ഒരു കുട്ടി ജനിക്കുകയോ പ്രിയപ്പെട്ട ആരെങ്കിലും മരണമടയുകയോ ചെയ്‌തിട്ടുള്ള ആളുകളുമായി നിങ്ങൾക്ക് അനുയോജ്യമായ തിരുവെഴുത്ത് ആശയങ്ങൾ പങ്കുവെക്കാൻ കഴിഞ്ഞേക്കാം.
കത്തിലൂടെയുള്ള സാക്ഷീകരണം
മുമ്പൊരിക്കലും കണ്ടുമുട്ടിയിട്ടില്ലാത്ത ഒരാളോടു സാക്ഷീകരണം നടത്താൻ എഴുതുമ്പോൾ ആദ്യം നിങ്ങളെത്തന്നെ പരിചയപ്പെടുത്തുക. നിങ്ങൾ ഒരു അന്താരാഷ്‌ട്ര സ്വമേധയാ വേലയിൽ ഏർപ്പെട്ടിരിക്കുന്ന വ്യക്തിയാണെന്നു നിങ്ങൾ വിശദീകരിച്ചേക്കാം. ഉചിതമെന്നു തോന്നുന്നപക്ഷം, യഹോവയുടെ സാക്ഷികളിൽ ഒരാളാണു നിങ്ങൾ എന്ന കാര്യം പരാമർശിക്കുക. വ്യക്തിപരമായി സന്ദർശിക്കുന്നതിനു പകരം കത്തിലൂടെ ബന്ധപ്പെടുന്നത് എന്തുകൊണ്ടാണെന്നു പ്രസ്‌താവിക്കുക. ആ വ്യക്തിയെ നേരിൽ കണ്ടു സംസാരിക്കുന്നതു പോലെ വേണം എഴുതാൻ. എങ്കിലും, “പാമ്പിനെപ്പോലെ ബുദ്ധിയുളളവരും [“ജാഗ്രതയുള്ളവരും,” NW] പ്രാവിനെപ്പോലെ കളങ്കമില്ലാത്തവരും ആയിരിപ്പിൻ” എന്ന നിർദേശം മനസ്സിൽ പിടിച്ചുകൊണ്ട്, നിങ്ങളെ കുറിച്ച് എത്രമാത്രം വിവരങ്ങൾ വെളിപ്പെടുത്തണം എന്നു ഗൗരവമായി ചിന്തിക്കുക.—മത്താ. 10:16.
ആ വ്യക്തിയെ സന്ദർശിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ നിങ്ങൾ അദ്ദേഹത്തോടു പറയുമായിരുന്ന കാര്യങ്ങൾ കത്തിൽ ഉൾപ്പെടുത്തുക. നിങ്ങൾക്ക് ന്യായവാദം പുസ്‌തകത്തിലെ ഒരു മുഖവുര അനുയോജ്യമായ മാറ്റങ്ങൾ വരുത്തി ഉപയോഗിക്കാനോ നമ്മുടെ രാജ്യ ശുശ്രൂഷയുടെ അടുത്തകാലത്തെ ഒരു ലക്കത്തിൽ വന്ന തിരുവെഴുത്ത് അവതരണം ഉപയോഗിക്കാനോ കഴിയും. ഒരു ചോദ്യം ചോദിച്ചിട്ട് അതേക്കുറിച്ചു ചിന്തിക്കാൻ ആ വ്യക്തിയെ പ്രോത്സാഹിപ്പിക്കുന്നതിനു സാധിക്കും. ചില പ്രസാധകർ ബൈബിൾ ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നതിനുള്ള ഒരു സൗജന്യ ക്രമീകരണം നമുക്കുണ്ട് എന്നു മാത്രം പറഞ്ഞിട്ട് നമ്മുടെ പഠന സഹായികളിൽ ഒന്നിലെ ചില അധ്യായങ്ങളുടെ തലക്കെട്ടുകൾ പരാമർശിക്കുന്നു. കത്തിലൂടെ എങ്ങനെ സാക്ഷീകരണം നടത്താം എന്നു മനസ്സിലാക്കാൻ നിങ്ങളെ സഹായിക്കുന്ന ഒരു മാതൃകാ കത്ത് 73-ാം പേജിൽ കാണാം. കത്ത് എഴുതേണ്ട വിധത്തെ കുറിച്ചു ചില കാര്യങ്ങൾ മനസ്സിലാക്കാൻ അതു നിങ്ങളെ സഹായിച്ചേക്കാം. എന്നാൽ ആ കത്തിലെ വാചകങ്ങൾ അതേപടി പകർത്താതിരിക്കുന്നതാകും നല്ലത്. അല്ലെങ്കിൽ, ആളുകൾക്ക് ഒരേപോലുള്ള ഒന്നിലധികം കത്തുകൾ കിട്ടാൻ ഇടയായേക്കാം.
പരിചയമില്ലാത്ത ഒരാളിൽനിന്നു കിട്ടുന്ന നീണ്ട ഒരു കത്തു വായിക്കാൻ മടിയുള്ളവരാണു ചിലർ. അതുകൊണ്ട് ഹ്രസ്വമായ ഒരു കത്ത് അയയ്‌ക്കുന്നതാവും ബുദ്ധി. കത്തു വായിക്കുന്ന ആൾ വായിച്ചു മടുക്കുന്നതിനു മുമ്പ് അതു തീർന്നിരിക്കണം. രാജ്യഹാളിലെ യോഗങ്ങളിൽ സംബന്ധിക്കാൻ ക്ഷണിച്ചുകൊണ്ടുള്ള അച്ചടിച്ച ഒരു നോട്ടീസ് കത്തിനോടൊപ്പം വെക്കുന്നത് ഉചിതമായിരിക്കും. ഒരു ലഘുലേഖയോ ലഘുപത്രികയോ വീക്ഷാഗോപുരത്തിന്റെയോ ഉണരുക!യുടെയോ ഒരു ലക്കമോ കത്തിന്റെ കൂടെ അടക്കം ചെയ്‌തിട്ട് ആഗ്രഹിക്കുന്നെങ്കിൽ ഇവ ഒരു ക്രമമായ അടിസ്ഥാനത്തിൽ പ്രദാനം ചെയ്യാൻ കഴിയുമെന്നു വിശദീകരിക്കാനാകും. അല്ലെങ്കിൽ, ചർച്ചചെയ്‌ത വിഷയത്തെ കുറിച്ചു കൂടുതൽ സംസാരിക്കാൻ തക്കവണ്ണം അദ്ദേഹത്തിന്റെ വീട്ടിൽ ചെല്ലാൻ കഴിയുമോയെന്നു ചോദിക്കാവുന്നതാണ്.
കത്തിന്റെ ഘടനയെ കുറിച്ച് ഒരു വാക്ക്
മാതൃകാ കത്തിലേക്ക് ഒന്നു കണ്ണോടിക്കുക. പിൻവരുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക: (1) അതു നല്ല വൃത്തിയും വെടിപ്പുമുള്ളതാണ്, വലിച്ചുവാരി എഴുതിയിട്ടില്ല. (2) ഏതെങ്കിലും വിധത്തിൽ കവർ നഷ്ടപ്പെട്ടാലും കത്തു വായിക്കുന്നയാൾക്ക് അയച്ച ആളിന്റെ പേരും മേൽവിലാസവും ഉണ്ടായിരിക്കും. (3) കത്തിന്റെ ഉദ്ദേശ്യം ആദ്യത്തെ ഖണ്ഡികയിൽ ലളിതമായ ഭാഷയിൽ നേരിട്ടു പ്രസ്‌താവിച്ചിരിക്കുന്നു. (4) മുഖ്യ ആശയങ്ങൾ ഓരോന്നും വെവ്വേറെ ഖണ്ഡികകളിൽ ചർച്ച ചെയ്‌തിരിക്കുന്നു. (5) ഉദ്ദേശ്യം കണക്കിലെടുക്കുമ്പോൾ, കത്ത് തീരെ അനൗപചാരികമോ അതേസമയം അങ്ങേയറ്റം ഔപചാരികമോ അല്ല.
കുറേക്കൂടെ ഔപചാരികമായ ഒരു കത്തിൽ—സഭാ സെക്രട്ടറി ബ്രാഞ്ച് ഓഫീസിന് അയയ്‌ക്കുന്നതു പോലുള്ള ഒന്ന്—സെക്രട്ടറിയുടെ പേര്, അദ്ദേഹത്തിന്റെ മേൽവിലാസം, തീയതി എന്നിവയോടൊപ്പം സഭയുടെ പേരും കൂടെ ഉൾപ്പെടുത്തിയിരിക്കും. ഒപ്പം കത്ത് ആർക്കെഴുതുന്നുവോ ആ ആളിന്റെയോ സംഘടനയുടെയോ പേരും മേൽവിലാസവും അതിൽ കാണും. അതിനു താഴെയാണു സംബോധന വരുന്നത്. കത്ത് അവസാനിപ്പിക്കുന്നതിന്, ചില ഭാഷകളിൽ “വിശ്വസ്‌തതയോടെ” അല്ലെങ്കിൽ “ആത്മാർഥതയോടെ” തുടങ്ങിയ ഏതെങ്കിലും ഒരു പദപ്രയോഗം ഒപ്പിനു മുകളിലായി ഉപയോഗിക്കാറുണ്ട്. ഒപ്പ് ഇടുമ്പോൾ കയ്യൊപ്പ് തന്നെ വേണം.
ഏതൊരു കത്തെഴുതുമ്പോഴും ശരിയായ അക്ഷരവിന്യാസവും വ്യാകരണവും ചിഹ്നനവും ഉപയോഗിക്കാൻ ശ്രദ്ധിക്കുക. അതുപോലെതന്നെ കത്ത് വെടിപ്പുള്ളതും ആയിരിക്കണം. ഇതു നിങ്ങളുടെ കത്തിനെയും അതിലെ സന്ദേശത്തെയും അന്തസ്സുള്ളതാക്കും.
കത്തു കിട്ടുന്നയാൾക്ക് തിരിച്ചു ബന്ധപ്പെടാനായി എല്ലായ്‌പോഴും കവറിനു പുറത്ത് ഒരു മേൽവിലാസം നൽകുക. നിങ്ങളുടെ സ്വന്തം മേൽവിലാസമാണ് അഭികാമ്യം. അപരിചിതരോടു കത്തിലൂടെ സാക്ഷീകരണം നടത്തുമ്പോൾ നിങ്ങളുടെ സ്വന്തം മേൽവിലാസം നൽകുന്നത് ബുദ്ധിയല്ലെന്നു തോന്നുന്നെങ്കിൽ, സഭയ്‌ക്കു വേണ്ടിയുള്ള തപാൽ ഉരുപ്പടികൾ പതിവായി സ്വീകരിക്കുന്ന ഒരു മൂപ്പന്റെ മേൽവിലാസം ഉപയോഗിക്കാൻ കഴിയുമോ എന്ന് അദ്ദേഹത്തോടു ചോദിക്കുക. ബ്രാഞ്ച് ഓഫീസിന്റെ മേൽവിലാസം ഒരിക്കലും ഈ ഉദ്ദേശ്യത്തിനായി ഉപയോഗിക്കാൻ പാടില്ല. കാരണം അത്, നിങ്ങളുടെ കത്ത് ബ്രാഞ്ച് ഓഫീസിൽനിന്ന് അയച്ചതാണെന്ന തെറ്റിദ്ധാരണ ഉളവാക്കുകയും ആശയക്കുഴപ്പം സൃഷ്ടിക്കുകയും ചെയ്യും. കത്തു കിട്ടുന്നയാൾക്ക് തിരിച്ചു ബന്ധപ്പെടാൻ തക്കവണ്ണം മേൽവിലാസം ഒന്നും നൽകാതിരിക്കുകയും സാഹിത്യം അയച്ചുകൊടുക്കുകയും ചെയ്‌താലും ബ്രാഞ്ച് ഓഫീസാണു കത്ത് അയച്ചതെന്ന തെറ്റിദ്ധാരണ ഉണ്ടാകാം.
മതിയായ തുകയ്‌ക്കുള്ള സ്റ്റാമ്പ് ഒട്ടിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക, സാഹിത്യം അടക്കം ചെയ്‌തിട്ടുണ്ടെങ്കിൽ പ്രത്യേകിച്ചും. അല്ലാത്തപക്ഷം കത്തു സ്വീകരിക്കുന്ന ആളിൽനിന്നു പിഴ ഈടാക്കുന്നതായിരിക്കും. ഇത് നിങ്ങളുടെ സന്ദേശത്തിന്റെ വിലയിടിച്ചുകളയും. പല രാജ്യങ്ങളിലും ഒരു ലഘുപത്രികയോ മാസികയോ അടക്കം ചെയ്‌ത് അയയ്‌ക്കുന്നതിന് കത്തു മാത്രം അയയ്‌ക്കുന്നതിലും കൂടുതൽ തപാൽ കൂലി ഉണ്ടെന്ന കാര്യം ഓർമിക്കുക.
ശരിയായ ധ്വനി
കത്ത് പൂർത്തിയാക്കി കഴിഞ്ഞാൽ ഉള്ളടക്കം വിലയിരുത്താനായി അത് ഒന്നു വായിച്ചു നോക്കുക. അതിന്റെ ധ്വനി എങ്ങനെയുള്ളതാണ്? സൗഹാർദതയുണ്ടോ? അതു നയത്തോടു കൂടിയതാണോ? സ്‌നേഹവും ദയയും ഒക്കെ മറ്റുള്ളവരോടുള്ള നമ്മുടെ ഇടപെടലുകളിൽ നാം കാണിക്കാൻ ശ്രമിക്കുന്ന ഗുണങ്ങളാണ്. (ഗലാ. 5:22, 23) കത്തിനു നിഷേധാത്മക ധ്വനി ഉള്ളതായോ അതിൽ ശുഭാപ്‌തിവിശ്വാസമില്ലായ്‌മയുടെ ലാഞ്‌ഛനം നിഴലിക്കുന്നതായോ കാണുന്നപക്ഷം പദങ്ങളിൽ ആവശ്യമായ ഭേദഗതി വരുത്തുക.
നിങ്ങൾക്ക് എത്തിപ്പെടാൻ കഴിയാത്ത ഇടങ്ങളിലും കത്തിനു ചെന്നെത്താൻ കഴിയും. ഈ ഒരു വസ്‌തുത തന്നെ അതിനെ ശുശ്രൂഷയിൽ ഉപയോഗിക്കാൻ പറ്റിയ ഒരു സുപ്രധാന ഉപകരണമാക്കിത്തീർക്കുന്നു. നിങ്ങളുടെ കത്ത് നിങ്ങളെയും നിങ്ങളുടെ മൂല്യങ്ങളെയും പ്രതിനിധാനം ചെയ്യുന്നതിനാൽ, അതിൽ അടങ്ങിയിരിക്കുന്ന കാര്യങ്ങൾക്കും അതിന്റെ ഘടനയ്‌ക്കും അതിന്റെ ധ്വനിക്കും നല്ല ശ്രദ്ധ കൊടുക്കുക. ഒരു വ്യക്തിക്കു ജീവന്റെ പാതയിൽ ആയിരിക്കുന്നതിനു തുടക്കമിടാൻ, അല്ലെങ്കിൽ അതിനു പ്രോത്സാഹനമോ കരുത്തോ പകരാൻ ആവശ്യമായിരിക്കുന്നത് എന്തോ അതു നൽകാൻ ഒരുപക്ഷേ അതിനു കഴിഞ്ഞേക്കാം.