ചോദ്യപ്പെട്ടി
◼ ഭവനത്തിൽ കണ്ടുമുട്ടാൻ കഴിയാത്തവർക്കു കത്തെഴുതുമ്പോൾ നാം എന്തു മനസ്സിൽ പിടിക്കണം?
ഭവനങ്ങളിൽ സന്ദർശനം നടത്തുമ്പോൾ, പല കാരണങ്ങളാൽ വീട്ടുകാരെ കണ്ടുമുട്ടുക കൂടുതൽ പ്രയാസമാണെന്നു നാം മനസ്സിലാക്കുന്നു. അവരുമായി സമ്പർക്കം പുലർത്തുന്നതിനു കത്തെഴുതുന്നതു സഹായകമാണെന്നു ചില പ്രസാധകർ കണ്ടിരിക്കുന്നു. ഇതു ചില സത്ഫലങ്ങൾ ഉളവാക്കിയേക്കാമെങ്കിലും, ചില വൈതരണികൾ ഒഴിവാക്കാൻ നമ്മെ സഹായിക്കുന്ന ചില ഓർമിപ്പിക്കലുകൾ പരിചിന്തിക്കേണ്ടതിന്റെ ആവശ്യമുണ്ട്:
സൊസൈറ്റിയുടെ മടക്ക വിലാസം ഉപയോഗിക്കരുത്. സൊസൈറ്റിയിൽനിന്നാണു കത്തയച്ചതെന്ന് ഇത് അനുചിതമായി സൂചിപ്പിക്കുമെന്നു മാത്രമല്ല അനാവശ്യ പ്രശ്നങ്ങളും ചിലപ്പോൾ കൂടുതൽ ചെലവുകളും അതു വരുത്തിവെക്കും.
ശരിയായ മേൽവിലാസവും വേണ്ടത്ര സ്റ്റാമ്പും ഉണ്ടെന്ന് ഉറപ്പുവരുത്തുക.
“താമസക്കാരൻ” എന്ന പേരിൽ വിലാസം വെക്കരുത്; കൃത്യമായ പേര് ഉപയോഗിക്കുക.
വീട്ടിൽ ആളില്ലാത്തപ്പോൾ കത്തുകൾ വാതിൽക്കൽ ഇട്ടേക്കരുത്.
ഹ്രസ്വമായ കത്തുകളാണ് ഏറ്റവും അഭികാമ്യം. ദീർഘമായ ഒരു സന്ദേശം എഴുതുന്നതിനു പകരം ഒരു ലഘുലേഖയോ പഴയ മാസികയോ അടക്കം ചെയ്യുക.
ടൈപ്പ്റൈറ്ററിൽ എഴുതിയ കത്തുകൾ വായിക്കാൻ എളുപ്പമാണെന്നു മാത്രമല്ല, ഒരു നല്ല മതിപ്പ് ഉളവാക്കുകയും ചെയ്തേക്കാം.
നിങ്ങൾ പ്രസ്തുത വ്യക്തിയോട് മുമ്പു നേരിട്ടു സംസാരിച്ചിട്ടില്ലെങ്കിൽ, കത്തുകൾ മടക്കസന്ദർശനങ്ങളായി കൂട്ടാൻ പാടില്ല.
മുമ്പു താത്പര്യം കാട്ടിയ ഒരു വ്യക്തിക്കാണ് നിങ്ങളെഴുതുന്നതെങ്കിൽ, നിങ്ങളുമായി ബന്ധപ്പെടുന്നതിന് ഒരു വിലാസമോ ഫോൺ നമ്പരോ ഉൾപ്പെടുത്തണം. നമ്മുടെ ബൈബിൾ പഠനപരിപാടി വിശദീകരിക്കുക.
പ്രാദേശിക സഭയിലെ യോഗങ്ങൾക്കു ക്ഷണിക്കുക. യോഗസ്ഥലത്തിന്റെ വിലാസവും യോഗസമയവും നൽകുക.
പ്രദേശ കാർഡ് മടക്കിക്കൊടുത്തതിനുശേഷം ആളില്ലാഭവനങ്ങളിലേക്ക് തുടർന്നും കത്തുകൾ അയയ്ക്കരുത്; നിലവിൽ പ്രദേശ കാർഡ് കൈവശമുള്ള പ്രസാധകനായിരിക്കും അവിടെ പ്രവർത്തിക്കുന്നതിനുള്ള ഉത്തരവാദിത്വം.