മെച്ചപ്പെട്ട പ്രസംഗകരും അധ്യാപകരും ആയിത്തീരാൻ സഹായിക്കുന്ന വിദ്യാഭ്യാസ പരിപാടി
കാര്യങ്ങൾ ഫലപ്രദമായി അവതരിപ്പിക്കുന്നതിനുള്ള പ്രാപ്തി മെച്ചപ്പെടുത്താനും ദൈവവചനം പഠിപ്പിക്കുന്നവർ എന്ന നിലയിൽ കൂടുതൽ യോഗ്യത പ്രാപിക്കാനും ഈ വിദ്യാഭ്യാസ പരിപാടിക്ക് പ്രായലിംഗഭേദമന്യേ, നിങ്ങളെ ഏവരെയും സഹായിക്കാൻ കഴിയും.
ദിവ്യാധിപത്യ ശുശ്രൂഷാസ്കൂളിലെ വിദ്യാർഥികൾക്കു പരിപാടികൾ നിയമിച്ചു കൊടുക്കുന്നതു സ്കൂൾ മേൽവിചാരകൻ ആയിരിക്കും. അടുത്ത മൂന്നു പേജുകളിൽ, നിങ്ങളുടെ വ്യക്തിപരമായ ബുദ്ധിയുപദേശ ഫാറം നിങ്ങൾക്കു കാണാൻ കഴിയും. അതിലെ വ്യത്യസ്ത പോയിന്റുകൾക്കു മുമ്പായി കൊടുത്തിരിക്കുന്ന അക്കങ്ങൾ തുടർന്നു വരുന്ന പേജുകളിലെ പാഠങ്ങളെ കുറിക്കുന്നു. ആ പാഠങ്ങളിൽ, പ്രസംഗ-പഠിപ്പിക്കൽ കലയുടെ പ്രസ്തുത വശങ്ങളിൽ നൈപുണ്യം നേടുന്നതിൽ എന്താണ് ഉൾപ്പെട്ടിരിക്കുന്നതെന്നും അവ ഓരോന്നും പ്രധാനമായിരിക്കുന്നത് എന്തുകൊണ്ടെന്നും ഉള്ളതിന്റെ വിശദീകരണം കാണാം. അവയിൽ നിർദേശിച്ചിരിക്കുന്ന ഗുണങ്ങൾ ആർജിച്ചെടുക്കാവുന്നത് എങ്ങനെ എന്നതു സംബന്ധിച്ചുള്ള സഹായകമായ മാർഗനിർദേശങ്ങളും നിങ്ങൾ കാണും.
ബുദ്ധിയുപദേശ ഫാറത്തിൽ കൊടുത്തിരിക്കുന്ന നിറങ്ങൾ (1) സദസ്സിനു മുമ്പാകെ നടത്തുന്ന വായന (2) രണ്ടോ അതിലധികമോ പേർ ഉൾപ്പെട്ട പ്രകടനം, അല്ലെങ്കിൽ (3) സഭയുടെ മുമ്പാകെ നടത്തുന്ന ഒരു പ്രസംഗം ഇവ ഉൾപ്പെടുന്ന നിയമനങ്ങൾക്ക് ഏതു പോയിന്റുകൾ ബാധകമാകുന്നു എന്നു സൂചിപ്പിക്കുന്നു. സ്കൂൾ മേൽവിചാരകൻ മെച്ചപ്പെടാനായി നിങ്ങൾക്ക് ഒരു പോയിന്റ് നിയമിച്ചു തരുന്നതായിരിക്കും. ഒരു സമയത്ത് ഒരു പോയിന്റിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണു നല്ലത്. നിയമിത പാഠത്തിന്റെ അവസാനം നിർദേശിച്ചിരിക്കുന്ന അഭ്യാസങ്ങൾ ചെയ്യുന്നതു നിങ്ങൾക്കു പ്രയോജനം ചെയ്യും. നിയമിത പാഠഭാഗത്തുള്ള ബുദ്ധിയുപദേശം നിങ്ങൾ നന്നായി പ്രാവർത്തികമാക്കിയിരിക്കുന്നു എന്നു തെളിയിക്കുന്ന പക്ഷം, ബുദ്ധിയുപദേശം നൽകുന്നയാൾ നിങ്ങൾക്കു മറ്റൊരു പോയിന്റ് നിയമിച്ചു തരുന്നതായിരിക്കും.
നിങ്ങളുടെ നിയമനം ഒരു പ്രകടനത്തിന്റെ രൂപത്തിൽ നിർവഹിക്കാനുള്ളതാണെങ്കിൽ അതിന് ഒരു രംഗവിധാനം ആവശ്യമായി വരും. രംഗവിധാനങ്ങളുടെ ഒരു പട്ടിക 82-ാം പേജിൽ കൊടുത്തിട്ടുണ്ട്. എന്നാൽ അതിൽ കൊടുത്തിരിക്കുന്നതു മാത്രമേ ഉപയോഗിക്കാവൂ എന്നില്ല. അനുഭവ പരിചയം നേടാൻ തക്കവണ്ണം ഒരു പ്രത്യേക രംഗവിധാനം ഉപയോഗിച്ചു നോക്കാൻ ബുദ്ധിയുപദേശം നൽകുന്നയാൾ നിങ്ങളോടു നിർദേശിച്ചേക്കാം. അല്ലെങ്കിൽ നിങ്ങൾക്ക് ഇഷ്ടമുള്ള ഒരു രംഗവിധാനം തിരഞ്ഞെടുക്കാൻ അദ്ദേഹം നിങ്ങളെ അനുവദിച്ചേക്കാം.
സ്കൂൾ നിയമനങ്ങൾ ഇല്ലാത്തപ്പോൾ പോലും ഈ പുസ്തകം വായിക്കുന്നതും ഇതിലുള്ള അഭ്യാസങ്ങൾ ചെയ്യുന്നതും പുരോഗതി പ്രാപിക്കുന്നതിനു നിങ്ങളെ വളരെയേറെ സഹായിക്കും. ഒരുപക്ഷേ നിങ്ങൾക്ക് ഒരു ആഴ്ചയോ മറ്റോ കൊണ്ട് ഒരു പാഠം വീതം പഠിക്കാൻ കഴിഞ്ഞേക്കും.
നിങ്ങൾ സ്കൂളിൽ പങ്കെടുക്കാനോ വയൽശുശ്രൂഷയിൽ ഏർപ്പെടാനോ തുടങ്ങിയിട്ട് എത്ര കാലമായിരുന്നാലും ഇനിയും പുരോഗമിക്കാൻ കഴിയും. ദിവ്യാധിപത്യ ശുശ്രൂഷാസ്കൂളിലൂടെയുള്ള വിദ്യാഭ്യാസ പരിപാടിയിൽനിന്നു നിങ്ങൾ പൂർണ പ്രയോജനം നേടുമാറാകട്ടെ.