പാഠം 1
കൃത്യതയോടെയുള്ള വായന
സകല മനുഷ്യരും “സത്യത്തിന്റെ പരിജ്ഞാനത്തിൽ [“സൂക്ഷ്‌മ പരിജ്ഞാനത്തിൽ,” NW] എത്തുവാ”ൻ ദൈവം ആഗ്രഹിക്കുന്നുവെന്ന് തിരുവെഴുത്തുകൾ പ്രസ്‌താവിക്കുന്നു. (1 തിമൊ. 2:4) ഇതിനു ചേർച്ചയിൽ, നാം ബൈബിളിൽനിന്ന് ഉച്ചത്തിൽ വായിക്കുമ്പോൾ, സൂക്ഷ്‌മ പരിജ്ഞാനം പകർന്നു കൊടുക്കാനുള്ള ആഗ്രഹം വായിക്കുന്ന വിധത്തെ സ്വാധീനിക്കേണ്ടതുണ്ട്.
ബൈബിളും ബൈബിൾ പ്രസിദ്ധീകരണങ്ങളും ഉച്ചത്തിൽ വായിക്കാനുള്ള കഴിവ്, പ്രായഭേദമന്യേ എല്ലാവർക്കും അവശ്യം ഉണ്ടായിരിക്കേണ്ട ഒന്നാണ്. യഹോവയുടെ സാക്ഷികൾ എന്ന നിലയിൽ, നമുക്കോരോരുത്തർക്കും യഹോവയെ കുറിച്ചും അവന്റെ വഴികളെ കുറിച്ചുമുള്ള പരിജ്ഞാനം മറ്റുള്ളവരുമായി പങ്കുവെക്കാനുള്ള ഉത്തരവാദിത്വം ഉണ്ട്. ഇതിൽ പലപ്പോഴും ഒരു വ്യക്തിയോ ചെറിയ ഒരു കൂട്ടം വ്യക്തികളോ കേൾക്കെ വായിക്കുന്നത് ഉൾപ്പെടുന്നു. കുടുംബത്തിനുള്ളിലും നാം അത്തരം വായന നടത്താറുണ്ട്. ദിവ്യാധിപത്യ ശുശ്രൂഷാസ്‌കൂളിൽ, സഹോദരന്മാർക്കും സഹോദരിമാർക്കും, ചെറുപ്പക്കാർക്കും പ്രായമായവർക്കും ശ്രാവ്യ വായനയിൽ, അതായത് മറ്റുള്ളവർ കേൾക്കെയുള്ള വായനയിൽ, മെച്ചപ്പെടുന്നതിനു വേണ്ട ബുദ്ധിയുപദേശം സ്വീകരിക്കാനുള്ള ഉചിതമായ അവസരങ്ങളുണ്ട്.
വായിക്കുന്നതു വ്യക്തികളുടെ മുമ്പാകെ ആണെങ്കിലും ഒരു സഭയുടെ മുമ്പാകെ ആണെങ്കിലും, ബൈബിളിന്റെ പരസ്യവായന ഗൗരവപൂർവം കാണേണ്ട ഒന്നാണ്. ബൈബിൾ ദൈവനിശ്വസ്‌തമാണ്. മാത്രമല്ല, ‘ദൈവത്തിന്റെ വചനം ജീവനും ചൈതന്യവുമുള്ളതും ഹൃദയത്തിലെ ചിന്തനങ്ങളെയും ഭാവങ്ങളെയും വിവേചിക്കുന്നതും ആകുന്നു.” (എബ്രാ. 4:12) മറ്റൊരു ഉറവിൽനിന്നും ലഭ്യമല്ലാത്ത അമൂല്യ പരിജ്ഞാനം ദൈവവചനത്തിൽ അടങ്ങിയിട്ടുണ്ട്. ഏകസത്യ ദൈവത്തെ അറിയാനും അവനുമായി നല്ലൊരു ബന്ധം നട്ടുവളർത്താനും ജീവിതത്തിൽ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെ വിജയകരമായി കൈകാര്യം ചെയ്യാനും അതിന് ഒരു വ്യക്തിയെ സഹായിക്കാനാകും. അത് ദൈവത്തിന്റെ പുതിയ ലോകത്തിൽ നിത്യജീവൻ ആസ്വദിക്കാനുള്ള വഴി കാണിച്ചുകൊടുക്കുന്നു. അതുകൊണ്ട്, കഴിയുന്നത്ര നന്നായി ബൈബിൾ വായിക്കുക എന്നതായിരിക്കണം നമ്മുടെ ലക്ഷ്യം.—സങ്കീ. 119:140; യിരെ. 26:2.
കൃത്യതയോടെ വായിക്കേണ്ട വിധം. ഫലപ്രദമായ വായനയ്‌ക്ക് അനേകം വശങ്ങളുണ്ട്. എന്നാൽ കൃത്യതയോടെ വായിക്കാൻ പഠിക്കുന്നതാണ് ആദ്യ പടി. അച്ചടിച്ച താളിലുള്ളത് അതേപടി വായിക്കാൻ പരിശ്രമിക്കുക എന്നാണ് അതിന്റെ അർഥം. പദങ്ങളോ പരപ്രത്യയങ്ങളോ (കാലം, ലിംഗം, വചനം എന്നിവയെ കുറിക്കാൻ പദങ്ങളുടെ ഒടുവിൽ ചേർക്കുന്ന വർണം അഥവാ വർണസമൂഹം [suffixes]) വിട്ടുകളയാതിരിക്കാനോ പരസ്‌പര സാമ്യമുള്ള പദങ്ങൾ തെറ്റിച്ചു വായിക്കാതിരിക്കാനോ ശ്രദ്ധിക്കുക.
പദങ്ങൾ കൃത്യതയോടെ വായിക്കുന്നതിനു സന്ദർഭം മനസ്സിലാക്കേണ്ടതുണ്ട്. അതിനു ശ്രദ്ധാപൂർവകമായ തയ്യാറാകൽ ആവശ്യമാണ്. ക്രമേണ, വായിച്ചുകൊണ്ടിരിക്കുന്ന പദങ്ങളിൽ മാത്രം ശ്രദ്ധ തടഞ്ഞു നിൽക്കാതെ തുടർന്നു വരുന്ന പദങ്ങൾ കൂടി കാണാനും ചിന്താധാര കണക്കിലെടുക്കാനുമുള്ള പ്രാപ്‌തി നിങ്ങൾ വികസിപ്പിച്ചെടുക്കുന്നതോടെ വായനയുടെ കൃത്യത മെച്ചപ്പെടും.
ചിഹ്നങ്ങൾ എഴുത്തുഭാഷയുടെ സുപ്രധാന ഘടകമാണ്. എവിടെ നിറുത്തണമെന്നും എത്രനേരം നിറുത്തണമെന്നും സ്ഥായിയിലോ ശബ്ദവ്യാപ്‌തിയിലോ വ്യത്യാസം വരുത്തേണ്ടതുണ്ടോയെന്നും ഒക്കെ അവ സൂചിപ്പിച്ചേക്കാം. ചില ഭാഷകളിൽ, ചിഹ്നങ്ങൾ തരുന്ന സൂചന അനുസരിച്ചു സ്ഥായിയിൽ വ്യത്യാസം വരുത്താത്തപക്ഷം ഒരു ചോദ്യം പ്രസ്‌താവനയായി മാറിയേക്കാം. അല്ലെങ്കിൽ അർഥംതന്നെ പാടേ മാറിപ്പോയേക്കാം. എന്നിരുന്നാലും, ചിലപ്പോൾ ചിഹ്നങ്ങൾക്കു വ്യാകരണപരമായ ധർമമാണ് മുഖ്യമായും ഉള്ളത്. നിങ്ങളുടെ ഭാഷയിൽ, ചിഹ്നങ്ങൾ ഉപയോഗിക്കുന്ന വിധവുമായി നിശ്ചയമായും പരിചയത്തിലാകുക. അർഥവത്തായ വിധത്തിൽ വായിക്കുന്നതിന് അത്യന്താപേക്ഷിതമായ ഒരു സംഗതിയാണിത്. കേവലം വാക്കുകൾ പറയുക എന്നതല്ല, പിന്നെയോ ആശയങ്ങൾ ധരിപ്പിക്കുക എന്നതായിരിക്കണം നിങ്ങളുടെ ലക്ഷ്യം എന്ന കാര്യം മനസ്സിൽപ്പിടിക്കുക.
കൃത്യതയോടെ വായിക്കാനുള്ള പ്രാപ്‌തി വളർത്തിയെടുക്കാൻ നിങ്ങൾ ഉദ്ദേശിക്കുന്നെങ്കിൽ പരിശീലനം ആവശ്യമാണ്. ആദ്യം ഒരു ഖണ്ഡിക മാത്രം എടുക്കുക. തെറ്റൊന്നും വരുത്താതെ വായിക്കാൻ കഴിയുന്നതുവരെ അതു പലയാവർത്തി വായിക്കുക. തുടർന്ന് അടുത്ത ഖണ്ഡിക എടുക്കുക. ഒടുവിൽ, പദങ്ങളൊന്നും വിഴുങ്ങുകയോ ആവർത്തിക്കുകയോ തെറ്റിച്ചു വായിക്കുകയോ ചെയ്യാതെ പല പേജുകൾ ഒറ്റയിരിപ്പിൽ വായിക്കാൻ ശ്രമിക്കുക. ഇത്രയും ചെയ്‌തശേഷം, ആരോടെങ്കിലും നിങ്ങളുടെ വായന ശ്രദ്ധിക്കാനും തെറ്റു വരുത്തുമ്പോൾ അവ ചൂണ്ടിക്കാണിക്കാനും പറയുക.
കാഴ്‌ചത്തകരാറും വെളിച്ചക്കുറവും പലപ്പോഴും വായനയ്‌ക്കു തടസ്സമാകാറുണ്ട്. ഇക്കാര്യങ്ങളിൽ വേണ്ടതു ചെയ്യാനാകുമെങ്കിൽ, വായന മെച്ചപ്പെടും എന്നതിനു സംശയമില്ല.
നന്നായി വായിക്കുന്ന സഹോദരന്മാർക്ക് ക്രമേണ, സഭാ പുസ്‌തക അധ്യയനത്തിലും വീക്ഷാഗോപുര അധ്യയനത്തിലും അധ്യയന ഭാഗത്തിന്റെ പരസ്യവായന നിർവഹിക്കുന്നതിനുള്ള അവസരം ലഭിച്ചേക്കാം. എന്നാൽ അത്തരമൊരു പദവി നന്നായി നിർവഹിക്കുന്നതിന്, വാക്കുകൾ ശരിയായി പറയാൻ കഴിഞ്ഞാൽ മാത്രം പോരാ. സഭയിൽ ഒരു മികച്ച പരസ്യ വായനക്കാരൻ ആയിത്തീരുന്നതിന്, വ്യക്തിപരമായ വായനയുടെ കാര്യത്തിൽ നിങ്ങൾ നല്ല ശീലങ്ങൾ വളർത്തിയെടുക്കേണ്ടതുണ്ട്. ഒരു വാചകത്തിലെ ഓരോ വാക്കിനും അതിന്റേതായ പ്രാധാന്യമുണ്ട് എന്നു തിരിച്ചറിയുന്നത് ഇതിൽ ഉൾപ്പെടുന്നു. അവയിൽ ചിലത് അവഗണിച്ചാൽ അവതരിപ്പിക്കപ്പെടുന്ന കാര്യത്തെ കുറിച്ചു വ്യക്തമായ ഒരു രൂപം ലഭിക്കാതെപോകും. വാക്കുകൾ തെറ്റിച്ചു വായിക്കുന്നെങ്കിൽ വാചകത്തിന്റെ അർഥം വികലമായിത്തീരും, വായിക്കുന്നതു തനിച്ചിരുന്നാണെങ്കിലും ഇതു സത്യമാണ്. പദങ്ങൾ ഉപയോഗിച്ചിരിക്കുന്ന സന്ദർഭം കണക്കിലെടുക്കാത്തത് വാക്കുകൾ തെറ്റിച്ചു വായിക്കുന്നതിന് ഇടയാക്കിയേക്കാം. ഓരോ വാക്കും അതു പ്രത്യക്ഷപ്പെടുന്ന പശ്ചാത്തലത്തിൽ എന്ത് അർഥമാക്കുന്നു എന്നു മനസ്സിലാക്കാൻ ശ്രമിക്കുക. ചിഹ്നങ്ങൾ വാചകത്തിന്റെ അർഥത്തെ ബാധിക്കുന്നത് എങ്ങനെയെന്നും പരിചിന്തിക്കുക. സാധാരണഗതിയിൽ ആശയങ്ങൾ ദ്യോതിപ്പിക്കപ്പെടുന്നത് ഒറ്റയൊരു പദത്താലല്ല, പകരം പദസമൂഹങ്ങളാലാണ് എന്ന കാര്യം ഓർമിക്കുക. ഉച്ചത്തിൽ വായിക്കുന്ന സമയത്ത് പദങ്ങൾ പെറുക്കിപ്പെറുക്കി വായിക്കുന്നതിനു പകരം പദസമൂഹങ്ങൾ—ഒന്നിച്ചു വായിക്കേണ്ട പദങ്ങൾ—വായിക്കാൻ ശ്രദ്ധിക്കുക. വായിക്കുന്നത് എന്താണെന്നു വ്യക്തമായി മനസ്സിലാക്കുന്നത്, പരസ്യവായനയിലൂടെ മറ്റുള്ളവർക്കു സൂക്ഷ്‌മ പരിജ്ഞാനം പകർന്നുകൊടുക്കാൻ പ്രാപ്‌തരായിത്തീരുന്നതിനുള്ള ഒരു പ്രധാനപ്പെട്ട പടിയാണ്.
“പരസ്യവായനയിൽ ഉത്സുകനായിരിക്കുന്നതിൽ തുടരുക” എന്ന് അപ്പൊസ്‌തലനായ പൗലൊസ് ഉദ്‌ബോധിപ്പിച്ചത് അനുഭവസമ്പന്നനായ ഒരു ക്രിസ്‌തീയ മൂപ്പനെ ആയിരുന്നു. (1 തിമൊ. 4:13, NW) നമുക്കേവർക്കും പുരോഗതി വരുത്താൻ കഴിയുന്ന ഒരു മേഖലയാണ് ഇതെന്നു വ്യക്തം.