വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • be പാഠം 4 പേ. 93-പേ. 96 ഖ. 3
  • ഒഴുക്കോടെയുള്ള അവതരണം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ഒഴുക്കോടെയുള്ള അവതരണം
  • ദിവ്യാധിപത്യ ശുശ്രൂഷാസ്‌കൂൾ വിദ്യാഭ്യാസത്തിൽനിന്നു പ്രയോജനം നേടുക
  • സമാനമായ വിവരം
  • ശരിയായ ഉച്ചാരണത്തോടെ ഒഴുക്കുളള, സംഭാഷണപരമായ, പ്രസംഗാവതരണം
    ദിവ്യാധിപത്യ ശുശ്രൂഷാസ്‌കൂൾ ഗൈഡ്‌ബുക്ക്‌
  • എല്ലാ ദിവസവും നല്ല സംസാരം ഉപയോഗിക്കൽ
    ദിവ്യാധിപത്യ ശുശ്രൂഷാസ്‌കൂൾ ഗൈഡ്‌ബുക്ക്‌
  • ‘പരസ്യ വായനയിൽ ദത്തശ്രദ്ധനായിരിക്കുക’
    ദിവ്യാധിപത്യ ശുശ്രൂഷാസ്‌കൂൾ ഗൈഡ്‌ബുക്ക്‌
  • സ്വാഭാവികത
    ദിവ്യാധിപത്യ ശുശ്രൂഷാസ്‌കൂൾ വിദ്യാഭ്യാസത്തിൽനിന്നു പ്രയോജനം നേടുക
കൂടുതൽ കാണുക
ദിവ്യാധിപത്യ ശുശ്രൂഷാസ്‌കൂൾ വിദ്യാഭ്യാസത്തിൽനിന്നു പ്രയോജനം നേടുക
be പാഠം 4 പേ. 93-പേ. 96 ഖ. 3

പാഠം 4

ഒഴുക്കോടെയുള്ള അവതരണം

നിങ്ങൾ എന്താണു ചെയ്യേണ്ടത്‌?

വാക്കുകളും ആശയങ്ങളും അനർഗളമായി പ്രവഹിക്കും വിധത്തിൽ വായിക്കുകയും സംസാരിക്കുകയും ചെയ്യുക. ഒഴുക്കോടെയുള്ള അവതരണം ഇടയ്‌ക്കിടെ മുറിഞ്ഞുപോകുന്നതോ ഇഴഞ്ഞുനീങ്ങുന്നതോ അല്ല. പ്രസംഗകൻ വാക്കുകളിൽ പതറുന്നില്ല, ആശയങ്ങൾക്കായി പരതുന്നുമില്ല.

അത്‌ എന്തുകൊണ്ട്‌ പ്രധാനം?

ഒരു പ്രസംഗകന്‌ ഒഴുക്കില്ലാത്തപ്പോൾ ശ്രോതാക്കളുടെ മനസ്സ്‌ അലഞ്ഞുതിരിഞ്ഞേക്കാം; തെറ്റായ ആശയങ്ങൾ കൈമാറപ്പെട്ടേക്കാം. അദ്ദേഹം പറയുന്ന കാര്യങ്ങൾ ബോധ്യം വരുത്തുന്നവ ആയിരിക്കില്ല.

ഉച്ചത്തിൽ വായിക്കുമ്പോൾ ചില വാക്കുകളിൽ നിങ്ങൾ പതറാറുണ്ടോ? അല്ലെങ്കിൽ ഒരു സദസ്സിനു മുമ്പാകെ നിന്നു പ്രസംഗം നടത്തുമ്പോൾ ശരിയായ പദങ്ങൾക്കായി നിങ്ങൾ കൂടെക്കൂടെ പരതുന്നുണ്ടോ? എങ്കിൽ, ഒഴുക്കോടെ വായിക്കുകയോ സംസാരിക്കുകയോ ചെയ്യുന്ന കാര്യത്തിൽ നിങ്ങൾക്ക്‌ ഒരു പ്രശ്‌നമുണ്ടായിരിക്കാം. ഒഴുക്കുള്ള ഒരു വ്യക്തി വായിക്കുകയും സംസാരിക്കുകയും ചെയ്യുമ്പോൾ വാക്കുകളും ആശയങ്ങളും അനായാസം, നിർബാധം ഒഴുകുന്നു. ഇതിന്റെ അർഥം അദ്ദേഹം വാതോരാതെ, വളരെ വേഗത്തിൽ, അല്ലെങ്കിൽ ചിന്തിക്കാതെ സംസാരിക്കുന്നു എന്നല്ല. കേൾക്കാൻ സുഖകരമായ വേഗത്തിലായിരിക്കും അദ്ദേഹത്തിന്റെ സംസാരം. ദിവ്യാധിപത്യ ശുശ്രൂഷാസ്‌കൂളിൽ ഒഴുക്കിനു പ്രത്യേക ശ്രദ്ധ നൽകപ്പെടുന്നു.

ഒഴുക്കില്ലാത്തതിനു പല കാരണങ്ങൾ ഉണ്ടാകാം. പിൻവരുന്ന ഘടകങ്ങളിൽ ഏതിനെങ്കിലും നിങ്ങൾ പ്രത്യേക ശ്രദ്ധ നൽകേണ്ടതുണ്ടോ? (1) മറ്റുള്ളവർക്കായി വായിക്കുമ്പോൾ, പരിചിതമല്ലാത്ത പദങ്ങൾ വായനയിൽ തടസ്സം സൃഷ്ടിച്ചേക്കാം. (2) നിരവധി സ്ഥാനങ്ങളിൽ അൽപ്പാൽപ്പമായി നിറുത്തുന്നത്‌ അവതരണം മുറിഞ്ഞുപോകാൻ ഇടയാക്കിയേക്കാം. (3) തയ്യാറാകലിന്റെ അഭാവമാകാം പ്രശ്‌നത്തിന്റെ ഒരു കാരണം. (4) ഒരു കൂട്ടത്തിനു മുമ്പാകെ സംസാരിക്കുമ്പോൾ, വിവരങ്ങൾ യുക്തിസഹമായ വിധത്തിൽ ചിട്ടപ്പെടുത്താത്തത്‌ ഒഴുക്കില്ലായ്‌മയ്‌ക്ക്‌ ഇടയാക്കുന്ന ഒരു സാധാരണ ഘടകമാണ്‌. (5) പദദാരിദ്ര്യം ശരിയായ പദങ്ങൾക്കായി പരതുന്നതിനും അങ്ങനെ സംസാരം തടസ്സപ്പെടുന്നതിനും ഇടയാക്കിയേക്കാം. (6) വേണ്ടതിലേറെ വാക്കുകൾക്ക്‌ ഊന്നൽ കൊടുക്കുന്നത്‌ ഒഴുക്കിനെ തടസ്സപ്പെടുത്തിയേക്കാം. (7) വ്യാകരണ നിയമങ്ങൾ പരിചിതമല്ലെങ്കിലും ഒഴുക്ക്‌ ഇല്ലാതാകാം.

നിങ്ങൾക്ക്‌ ഒഴുക്കില്ലാത്തപക്ഷം രാജ്യഹാളിലെ സദസ്സ്‌ നിങ്ങളുടെ മുമ്പിൽനിന്ന്‌ എഴുന്നേറ്റു പോകില്ലെങ്കിലും അവരുടെ മനസ്സ്‌ അലഞ്ഞുതിരിയാൻ ഇടയുണ്ട്‌. ഫലമോ? നിങ്ങൾ പറയുന്നതിന്റെ നല്ലൊരു ശതമാനവും അവർക്കു പ്രയോജനപ്പെടാതെ പാഴായിപ്പോകാം.

അതേസമയം, തീക്ഷ്‌ണവും ഒഴുക്കോടുകൂടിയതും ആയിരിക്കാൻ ഉദ്ദേശിച്ചുള്ള പ്രസംഗം ആധിപത്യ സ്വഭാവമുള്ളത്‌, ഒരുപക്ഷേ സദസ്യരിൽ അസ്വസ്ഥത ജനിപ്പിക്കുന്നതു പോലും ആയിത്തീരാതിരിക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട്‌. സാംസ്‌കാരിക പശ്ചാത്തലത്തിലുള്ള വ്യത്യാസം നിമിത്തം ആളുകൾ നിങ്ങളുടെ സംസാരരീതിയെ നയചാതുര്യമോ ആത്മാർഥതയോ ഇല്ലാത്തതായി വീക്ഷിക്കുന്നെങ്കിൽ അതു നിങ്ങളുടെ ഉദ്ദേശ്യത്തെ നിഷ്‌ഫലമാക്കിക്കളയും. പരിചയസമ്പന്നനായ ഒരു പ്രസംഗകൻ ആയിരുന്നിട്ടുകൂടി അപ്പൊസ്‌തലനായ പൗലൊസ്‌, തന്നിലേക്കുതന്നെ അനാവശ്യ ശ്രദ്ധ ആകർഷിക്കാതിരിക്കാൻ തക്കവണ്ണം കൊരിന്തിൽ ഉള്ളവരെ “ബലഹീനതയോടും ഭയത്തോടും വളരെ നടുക്കത്തോടുംകൂടെ” സമീപിച്ചതു ശ്രദ്ധേയമാണ്‌.​—1 കൊരി. 2:⁠3.

ഒഴിവാക്കേണ്ട ശീലങ്ങൾ. സംസാരത്തിനിടയ്‌ക്ക്‌ “ങ്‌ഹ്‌,” “ഉം” തുടങ്ങിയ ശബ്ദങ്ങൾ പുറപ്പെടുവിക്കുന്ന വികൃതശീലം പലർക്കുമുണ്ട്‌. വേറെ ചിലർ, വാചകങ്ങളുടെ ആരംഭത്തിൽ “എന്നിരുന്നാലും,” “തീർച്ചയായും,” “കൊള്ളാം” തുടങ്ങിയ പദങ്ങൾ കൂടെക്കൂടെ ഉപയോഗിച്ചേക്കാം. അല്ലെങ്കിൽ വാചകങ്ങളുടെ മധ്യേ അവർ “സംബന്ധിച്ചിടത്തോളം,” “ചെയ്യുമളവിൽ” തുടങ്ങിയ പ്രയോഗങ്ങൾ ധാരാളമായി ചേർത്തേക്കാം. ഇവ നിങ്ങൾ എത്ര കൂടെക്കൂടെ ഉപയോഗിക്കുന്നുണ്ടെന്ന്‌ ഒരുപക്ഷേ നിങ്ങൾക്ക്‌ അറിയില്ലായിരിക്കും. ഒരു പരിശീലനത്തിന്റെ ഭാഗമായി നിങ്ങളുടെ സംസാരം ശ്രദ്ധിക്കാനും നിങ്ങൾ ആ പ്രയോഗങ്ങൾ ഓരോ തവണ പറയുമ്പോഴും ആവർത്തിച്ചു പറഞ്ഞുകൊണ്ട്‌ അവ നിങ്ങളുടെ ശ്രദ്ധയിൽ പെടുത്താനും നിങ്ങൾക്ക്‌ ആരോടെങ്കിലും ആവശ്യപ്പെടാവുന്നതാണ്‌. നിങ്ങൾ ആ പദങ്ങൾ എത്ര കൂടെക്കൂടെ പറയുന്നു എന്നതിൽ നിങ്ങൾതന്നെ അതിശയിച്ചുപോയേക്കാം.

വായിക്കുമ്പോഴായാലും സംസാരിക്കുമ്പോഴായാലും ചിലർക്ക്‌ നിരവധി തവണ പുറകോട്ടു പോകുന്ന രീതിയുണ്ട്‌. അതായത്‌, അവർ ഒരു വാചകം തുടങ്ങിയിട്ട്‌ പകുതിക്കുവെച്ചു നിറുത്തുകയും എന്നിട്ട്‌ പറഞ്ഞുകഴിഞ്ഞതു ഭാഗികമായിട്ടെങ്കിലും വീണ്ടും പറയുകയും ചെയ്യുന്നു.

ഇനിയും വേറെ ചിലർ മതിയായ വേഗത്തിൽ സംസാരിക്കുന്നവരാണ്‌, എന്നാൽ ഒരാശയം പറഞ്ഞുതുടങ്ങിയിട്ട്‌ അവർ വാചകം പകുതിക്കുവെച്ചു നിറുത്തി മറ്റൊരാശയത്തിലേക്കു കടക്കുന്നു. വാക്കുകൾ അനർഗളമായി പ്രവഹിക്കുന്നുണ്ടെങ്കിലും, ആശയത്തിൽ വരുന്ന പെട്ടെന്നുള്ള ഈ മാറ്റം ഒഴുക്കിനെ ബാധിക്കുന്നു.

മെച്ചപ്പെടാവുന്ന വിധം. ശരിയായ പദത്തിനായി കൂടെക്കൂടെ പരതുന്നു എന്നതാണു നിങ്ങളുടെ പ്രശ്‌നമെങ്കിൽ, പദസമ്പത്തു പുഷ്ടിപ്പെടുത്താൻ നിങ്ങൾ ആത്മാർഥ ശ്രമം നടത്തേണ്ടതുണ്ട്‌. വീക്ഷാഗോപുരവും ഉണരുക!യും മറ്റു പ്രസിദ്ധീകരണങ്ങളും വായിക്കുന്ന സമയത്ത്‌ നിങ്ങൾക്കു പരിചിതമല്ലാത്ത പദങ്ങൾ കാണുമ്പോൾ അവ പ്രത്യേകം ശ്രദ്ധിക്കുക. ഒരു നിഘണ്ടുവിൽ നോക്കി അവയുടെ അർഥം മനസ്സിലാക്കുക. കൂടാതെ അവയിൽ ചിലതു നിങ്ങളുടെ പദസഞ്ചയത്തിൽ ഉൾപ്പെടുത്തുക. നിഘണ്ടു ലഭ്യമല്ലെങ്കിൽ ഭാഷ നന്നായി അറിയാവുന്ന ആരുടെയെങ്കിലും സഹായം തേടുക.

ഉച്ചത്തിൽ വായിക്കുന്ന ഒരു പതിവ്‌ ഉണ്ടായിരിക്കുന്നതു പുരോഗതി പ്രാപിക്കുന്നതിനു സഹായിക്കും. ബുദ്ധിമുട്ടുള്ള പദങ്ങൾ പ്രത്യേകം ശ്രദ്ധിക്കുകയും അവ പല തവണ ഉച്ചത്തിൽ പറഞ്ഞുനോക്കുകയും ചെയ്യുക.

ഒഴുക്കോടെ വായിക്കുന്നതിന്‌ ഒരു വാചകത്തിലെ പദങ്ങളുടെ പരസ്‌പര ബന്ധം മനസ്സിലാക്കേണ്ടത്‌ അനിവാര്യമാണ്‌. സാധാരണഗതിയിൽ, എഴുത്തുകാരൻ അവതരിപ്പിക്കുന്ന ആശയം അതേപടി ധരിപ്പിക്കുന്നതിനു പദങ്ങൾ ഒറ്റയ്‌ക്ക്‌ ഒറ്റയ്‌ക്ക്‌ അല്ല, പകരം ഒന്നിച്ചു നിൽക്കേണ്ട പദങ്ങൾ ഒന്നിച്ചു വായിക്കേണ്ടതുണ്ട്‌. ഇങ്ങനെയുള്ള പദസമൂഹങ്ങൾക്കു പ്രത്യേക ശ്രദ്ധ നൽകുക. അവ അടയാളപ്പെടുത്തുന്നതു സഹായകമാകുമെങ്കിൽ അപ്രകാരം ചെയ്യുക. നിങ്ങളുടെ ലക്ഷ്യം കേവലം പദങ്ങൾ തെറ്റു കൂടാതെ വായിക്കുക എന്നതല്ല, പിന്നെയോ ആശയങ്ങൾ വ്യക്തമായി ധരിപ്പിക്കുക എന്നതു കൂടിയാണ്‌. ഒരു വാചകം അപഗ്രഥിച്ചു മനസ്സിലാക്കിയ ശേഷം അടുത്ത വാചകത്തിലേക്കു കടക്കുക. അങ്ങനെ മുഴു ഖണ്ഡികയും പഠിക്കുക. ചിന്താധാര നല്ലവണ്ണം മനസ്സിലാക്കുക. എന്നിട്ട്‌ ഉറക്കെ വായിച്ചു പരിശീലിക്കുക. വാക്കുകളിൽ പതറാതെ, അനാവശ്യ സ്ഥാനങ്ങളിൽ നിറുത്താതെ വായിക്കാൻ കഴിയുന്നതുവരെ ഖണ്ഡിക പലയാവർത്തി വായിക്കുക. എന്നിട്ട്‌ അടുത്ത ഖണ്ഡികയിലേക്കു കടക്കുക.

അടുത്ത പടി വായനയുടെ വേഗം വർധിപ്പിക്കുന്നതാണ്‌. ഒരു വാചകത്തിലെ പദങ്ങളുടെ പരസ്‌പര ബന്ധം മനസ്സിലാക്കി കഴിഞ്ഞാൽ നിങ്ങൾക്ക്‌ ഒരു സമയത്ത്‌ ഒന്നിലധികം പദങ്ങൾ കാണാനും അടുത്തതായി വരുന്നത്‌ എന്തായിരിക്കുമെന്നു മുൻകൂട്ടി മനസ്സിലാക്കാനും കഴിയും. ഇതു നിങ്ങളുടെ വായനയുടെ ഫലപ്രദത്വം വളരെയേറെ വർധിപ്പിക്കും.

മുന്നമേ തയ്യാറാകാതെയുള്ള വായന ഒരു പതിവാക്കുന്നത്‌ മൂല്യവത്തായ ഒരു പരിശീലന മാർഗമാണ്‌. ഉദാഹരണത്തിന്‌, ദിനവാക്യവും അഭിപ്രായങ്ങളും ഇപ്രകാരം ഉച്ചത്തിൽ വായിക്കുക; പതിവായി അങ്ങനെ ചെയ്യുക. ഒരു സമയത്ത്‌ ഒരൊറ്റ വാക്കു മാത്രം കാണാതെ പൂർണമായ ആശയങ്ങൾ ഉൾക്കൊള്ളുന്ന വാക്കുകളുടെ കൂട്ടങ്ങൾ കാണാൻ നിങ്ങളുടെ കണ്ണിനെ അനുവദിക്കുന്നത്‌ ഒരു ശീലമാക്കുക.

സംഭാഷണത്തിൽ, ഒഴുക്കു കൈവരിക്കാൻ സംസാരിക്കുന്നതിനു മുമ്പ്‌ ചിന്തിക്കേണ്ടത്‌ ആവശ്യമാണ്‌. ദൈനംദിന ജീവിതത്തിൽ അതൊരു പതിവാക്കുക. ഏതൊക്കെ ആശയങ്ങൾ, ഏതു ക്രമത്തിൽ പറയണമെന്നു തീരുമാനിക്കുക, എന്നിട്ട്‌ സംസാരിച്ചു തുടങ്ങുക. തിടുക്കം കൂട്ടരുത്‌. ഇടയ്‌ക്കുവെച്ചു നിറുത്തുകയോ വേറെ ആശയത്തിലേക്കു കടക്കുകയോ ചെയ്യാതെ ഒരു ആശയം മുഴുവനായി പറഞ്ഞുതീർക്കാൻ ശ്രമിക്കുക. ഹ്രസ്വവും ലളിതവും ആയ വാചകങ്ങൾ ഉപയോഗിക്കുന്നതു സഹായകമെന്നു നിങ്ങൾ കണ്ടെത്തിയേക്കാം.

പറയേണ്ടത്‌ എന്താണെന്നു നിങ്ങൾക്കു കൃത്യമായി അറിയാമെങ്കിൽ പദങ്ങൾ താനേ വരേണ്ടതാണ്‌. സാധാരണഗതിയിൽ, നിങ്ങൾ ഉപയോഗിക്കാൻ പോകുന്ന പദങ്ങൾ തിരഞ്ഞെടുത്തു വെക്കേണ്ട ആവശ്യമില്ല. വാസ്‌തവത്തിൽ, പരിശീലനാർഥം, ആശയം വ്യക്തമായി മനസ്സിൽ ഉണ്ടെന്ന്‌ ഉറപ്പു വരുത്തുന്നതും സംസാരിച്ചുവരവേ വാക്കുകളെ കുറിച്ചു ചിന്തിക്കുന്നതും ആണു മെച്ചം. നിങ്ങൾ അപ്രകാരം ചെയ്യുകയും പറയുന്ന വാക്കുകളിൽ അല്ല, മറിച്ച്‌ ആശയത്തിൽ മനസ്സ്‌ പതിപ്പിക്കുകയും ചെയ്യുന്നെങ്കിൽ വാക്കുകൾ ഏറെക്കുറെ താനേ വന്നുകൊള്ളും. നിങ്ങൾക്കു ഹൃദയത്തിൽനിന്നു സംസാരിക്കാനും കഴിയും. എന്നാൽ, നിങ്ങൾ ആശയങ്ങളെ കുറിച്ചു ചിന്തിക്കുന്നതിനു പകരം വാക്കുകളെ കുറിച്ചു ചിന്തിക്കാൻ തുടങ്ങിയാൽ നിങ്ങളുടെ സംസാരം തടസ്സപ്പെടാനിടയുണ്ട്‌. പരിശീലനംകൊണ്ടു നിങ്ങൾക്ക്‌ ഒഴുക്കു വളർത്തിയെടുക്കാൻ കഴിയും. വായന, പ്രസംഗം, സംസാരം ഇവ ഫലപ്രദമായി നിർവഹിക്കുന്നതിന്‌ അനിവാര്യമായ ഒരു ഗുണമാണ്‌ അത്‌.

ഇസ്രായേൽ ജനതയുടെയും ഈജിപ്‌തിലെ ഫറവോന്റെയും മുമ്പാകെ യഹോവയുടെ പ്രതിനിധിയായി ചെല്ലാനുള്ള നിയമനം ലഭിച്ചപ്പോൾ താൻ അതിനു പ്രാപ്‌തനല്ലെന്നു മോശെക്കു തോന്നി. എന്തായിരുന്നു കാരണം? അവന്‌ ഒഴുക്കോടെ സംസാരിക്കാൻ കഴിഞ്ഞിരുന്നില്ല. അവന്‌ ഒരു സംസാരവൈകല്യം ഉണ്ടായിരുന്നിരിക്കാം. (പുറ. 4:​10, NW; 6:​12, NW) മോശെ പല ഒഴികഴിവുകളും നിരത്തിയെങ്കിലും, ദൈവത്തിന്റെ മുന്നിൽ അതൊന്നും വിലപ്പോയില്ല. യഹോവ അഹരോനെ ഒരു വക്താവെന്ന നിലയിൽ അവനോടൊപ്പം അയച്ചു. എന്നാൽ സംസാരിക്കാൻ കഴിയത്തക്കവണ്ണം യഹോവ മോശെയെ സഹായിക്കുകയും ചെയ്‌തു. മോശെ വ്യക്തികളോടും ചെറിയ കൂട്ടങ്ങളോടും മാത്രമല്ല മുഴു ജനതയോടു പോലും ഫലകരമായി സംസാരിക്കുകയുണ്ടായി, അതും പല തവണ. (ആവ. 1:​1-3; 5:1; 29:1; 31:​1, 2, 30; 33:⁠1) യഹോവയിൽ ആശ്രയിച്ചുകൊണ്ട്‌, ഒഴുക്കു മെച്ചപ്പെടുത്താൻ ആവുന്നതെല്ലാം ചെയ്യുന്നപക്ഷം നിങ്ങൾക്കും ദൈവത്തെ മഹത്ത്വപ്പെടുത്തുന്നതിനു സംസാരപ്രാപ്‌തി ഉപയോഗിക്കാൻ സാധിക്കും.

വിക്ക്‌ വിജയകരമായി തരണം ചെയ്യാൻ

വിക്കിന്റെ കാരണങ്ങൾ പലതാകാം. ചിലർക്കു ഗുണം ചെയ്‌തേക്കാവുന്ന ചികിത്സകൾ മറ്റുള്ളവർക്ക്‌ അത്രത്തോളം ഫലപ്രദമായിരിക്കണമെന്നില്ല. എന്നാൽ വിജയം കൈവരിക്കാൻ ശ്രമം തുടരുന്നതു പ്രധാനമാണ്‌.

യോഗത്തിൽ ഉത്തരം പറയുന്നതിനെ കുറിച്ച്‌ ഓർക്കുമ്പോൾ ഭയവും വിഭ്രാന്തിയും തോന്നുന്നുവോ? സഹായത്തിനായി യഹോവയോടു പ്രാർഥിക്കുക. (ഫിലി. 4:6, 7) നിങ്ങളുടെ ചിന്ത യഹോവയെ മഹത്ത്വപ്പെടുത്തുകയും മറ്റുള്ളവരെ സഹായിക്കുകയും ചെയ്യുന്നതിൽ കേന്ദ്രീകരിക്കുക. പ്രശ്‌നം അപ്പാടേ ഇല്ലാതാകുമെന്നു പ്രതീക്ഷിക്കരുത്‌. പകരം, അതിനെ തരണം ചെയ്യാൻ നിങ്ങൾക്ക്‌ എങ്ങനെ സഹായം ലഭിക്കുന്നുവെന്നു നിരീക്ഷിക്കുക. യഹോവയുടെ അനുഗ്രഹവും സഹോദരങ്ങളുടെ പ്രോത്സാഹനവും ലഭിക്കവേ കൂടുതൽ ചെയ്യാൻ നിങ്ങൾ ആഗ്രഹിക്കും.

ഒരു കൂട്ടത്തിനു മുമ്പാകെ സംസാരിക്കുന്നതിൽ അനുഭവപരിചയം നേടാനുള്ള അവസരം ദിവ്യാധിപത്യ ശുശ്രൂഷാസ്‌കൂൾ നിങ്ങൾക്കു നൽകുന്നു. പിന്തുണയേകുകയും നിങ്ങൾ വിജയിച്ചു കാണാൻ ആഗ്രഹിക്കുകയും ചെയ്യുന്ന ഒരു ചെറിയ കൂട്ടത്തിനു മുമ്പാകെ നിങ്ങൾ എത്ര നന്നായി സംസാരിക്കുന്നു എന്നു മനസ്സിലാക്കുമ്പോൾ നിങ്ങൾ അതിശയിച്ചു പോയേക്കാം. മറ്റു സാഹചര്യങ്ങളിൽ സംസാരിക്കുന്നതിനുള്ള ആത്മവിശ്വാസം കൈവരിക്കാൻ ഇതു നിങ്ങളെ സഹായിക്കും.

നിങ്ങൾ ഒരു പ്രസംഗം നടത്താൻ പോകുകയാണോ? എങ്കിൽ നന്നായി തയ്യാറാകുക. അവതരണത്തിൽ മുഴുകുക. അനുയോജ്യമായ വികാരഭാവത്തോടെ സംസാരിക്കുക. സംസാരിക്കുന്നതിനിടയിൽ, വിക്കാൻ തുടങ്ങുന്നപക്ഷം ശബ്ദത്തിലും പെരുമാറ്റത്തിലും കഴിയുന്നത്ര ശാന്തത കൈവരിക്കുക. താടിയിലെ പേശികൾ അയവുള്ളതാക്കുക. കൊച്ചു കൊച്ചു വാചകങ്ങൾ ഉപയോഗിക്കുക. “ഉം,” “ആ” തുടങ്ങിയ ശബ്ദങ്ങൾ പരമാവധി കുറയ്‌ക്കുക.

വിക്കിനെ തരണം ചെയ്യാൻ ശ്രമിക്കുന്ന ചിലർ മുമ്പു തങ്ങൾക്കു പ്രശ്‌നമുണ്ടാക്കിയിട്ടുള്ള വാക്കുകൾ ഒഴിവാക്കുകയും പകരം സമാന അർഥമുള്ള മറ്റു വാക്കുകൾ ഉപയോഗിക്കുകയും ചെയ്യുന്നു. അതേസമയം, വേറെ ചിലർ തങ്ങൾക്ക്‌ ഏറ്റവും പ്രശ്‌നമുണ്ടാക്കുന്ന ശബ്ദങ്ങൾ തിരിച്ചറിഞ്ഞ്‌ അവ വീണ്ടും വീണ്ടും പറഞ്ഞു ശീലിക്കാൻ ഇഷ്ടപ്പെടുന്നു.

സംഭാഷണത്തിനിടയ്‌ക്കാണ്‌ വിക്ക്‌ ഉണ്ടാകുന്നതെങ്കിൽ, ആശയവിനിമയം നടത്താനുള്ള ശ്രമം ഉപേക്ഷിക്കരുത്‌. നിങ്ങൾക്കു സംസാരം തുടരാൻ കഴിയുന്നതുവരെ സംസാരിക്കുന്നതിനു മറ്റെയാളെ പ്രോത്സാഹിപ്പിക്കാവുന്നതാണ്‌. ഇതിന്‌ ആവശ്യമെങ്കിൽ, ആ വ്യക്തിയെ ഒരു കുറിപ്പു കാണിക്കുക. ഇത്‌ അപ്പോൾ എഴുതി കൊടുക്കുന്നത്‌ അല്ലെങ്കിൽ നേരത്തേ എഴുതിയോ അച്ചടിച്ചോ വെച്ചിരിക്കുന്നത്‌ ആകാം.

അത്‌ എങ്ങനെ നേടാം?

  • മാസികകളും പുസ്‌തകങ്ങളും വായിക്കുമ്പോൾ പുതിയ പദങ്ങൾ പ്രത്യേകം ശ്രദ്ധിക്കുകയും അവയുടെ കൃത്യമായ അർഥം കണ്ടുപിടിക്കുകയും ചെയ്യുക. എന്നിട്ട്‌ അവ ഉപയോഗിക്കുക.

  • ദിവസവും കുറഞ്ഞത്‌ അഞ്ചു-പത്തു മിനിട്ട്‌ ഉറക്കെ വായിച്ചു ശീലിക്കുക.

  • വായനാ നിയമനങ്ങൾ വളരെ നന്നായി തയ്യാറാകുക. ആശയങ്ങൾ വഹിക്കുന്ന പദസമൂഹങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക. ചിന്താധാര നല്ലവണ്ണം മനസ്സിലാക്കുക.

  • അനുദിന സംഭാഷണത്തിൽ, സംസാരിക്കുന്നതിനു മുമ്പു ചിന്തിക്കാനും വാചകങ്ങൾ ഇടയ്‌ക്കുവെച്ചു നിറുത്താതെ മുഴുവനായി പറഞ്ഞുതീർക്കാനും പഠിക്കുക.

അഭ്യാസം: ഒരു സമയത്ത്‌ ഒരു ഖണ്ഡിക വീതം പഠിച്ചുകൊണ്ട്‌ ന്യായാധിപന്മാർ 7:1-25 ശ്രദ്ധാപൂർവം പൂർവാവലോകനം ചെയ്യുക. ഖണ്ഡികയിൽ പറയുന്ന കാര്യങ്ങൾ നിങ്ങൾ മനസ്സിലാക്കുന്നുവെന്ന്‌ ഉറപ്പുവരുത്തുക. പരിചയമില്ലാത്ത പദങ്ങൾ ഒരു നിഘണ്ടുവിൽ നോക്കി മനസ്സിലാക്കുക. ഓരോ സംജ്ഞാനാമവും (വ്യക്തി-സ്ഥല നാമങ്ങൾ പോലുള്ളത്‌) ഉച്ചത്തിൽ പറഞ്ഞുനോക്കുക. തുടർന്ന്‌ ഖണ്ഡിക ഉറക്കെ വായിക്കുക; കൃത്യതയോടെ വായിക്കാൻ ശ്രദ്ധിക്കണം. ആ ഖണ്ഡിക തൃപ്‌തികരമായി വായിക്കാൻ കഴിയുമെന്നു തോന്നുമ്പോൾ അടുത്തതിലേക്കു കടക്കുക. അങ്ങനെ എല്ലാ ഖണ്ഡികകളും വായിച്ചു പഠിക്കുക. തുടർന്ന്‌ ആ അധ്യായം മുഴുവനും വായിക്കുക. പിന്നെയും വായിക്കുക. ഇത്തവണ അൽപ്പംകൂടെ വേഗത്തിൽ വേണം വായിക്കാൻ. വീണ്ടും ഒരിക്കൽ കൂടി വായിക്കുക. ഉചിതമായ ഇടങ്ങളിൽ വായനയുടെ വേഗം മുമ്പത്തേതിലും വർധിപ്പിക്കാൻ സാധിക്കും​—വാക്കുകളിൽ പതറിപ്പോകുന്ന വേഗത്തിൽ ആകരുതെന്നു മാത്രം.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക