വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • be പാഠം 14 പേ. 128-പേ. 130 ഖ. 4
  • സ്വാഭാവികത

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • സ്വാഭാവികത
  • ദിവ്യാധിപത്യ ശുശ്രൂഷാസ്‌കൂൾ വിദ്യാഭ്യാസത്തിൽനിന്നു പ്രയോജനം നേടുക
  • സമാനമായ വിവരം
  • ശരിയായ ഉച്ചാരണത്തോടെ ഒഴുക്കുളള, സംഭാഷണപരമായ, പ്രസംഗാവതരണം
    ദിവ്യാധിപത്യ ശുശ്രൂഷാസ്‌കൂൾ ഗൈഡ്‌ബുക്ക്‌
  • സംഭാഷണ ശൈലി
    ദിവ്യാധിപത്യ ശുശ്രൂഷാസ്‌കൂൾ വിദ്യാഭ്യാസത്തിൽനിന്നു പ്രയോജനം നേടുക
  • സാധാരണ സംസാരിക്കുന്നതുപോലെ
    വായിക്കുന്നതിലും പഠിപ്പിക്കുന്നതിലും അർപ്പിതരായിരിക്കുക
  • സ്‌കൂളിനുള്ള വിദ്യാർഥി നിയമനങ്ങൾ തയ്യാറാകൽ
    ദിവ്യാധിപത്യ ശുശ്രൂഷാസ്‌കൂൾ വിദ്യാഭ്യാസത്തിൽനിന്നു പ്രയോജനം നേടുക
കൂടുതൽ കാണുക
ദിവ്യാധിപത്യ ശുശ്രൂഷാസ്‌കൂൾ വിദ്യാഭ്യാസത്തിൽനിന്നു പ്രയോജനം നേടുക
be പാഠം 14 പേ. 128-പേ. 130 ഖ. 4

പാഠം 14

സ്വാഭാവികത

നിങ്ങൾ എന്താണു ചെയ്യേണ്ടത്‌?

നിങ്ങൾ യഥാർഥത്തിൽ എങ്ങനെ ആണോ അങ്ങനെതന്നെ, അതായത്‌ സംഭാഷണശൈലിയിൽ, ആത്മാർഥതയോടെ, കൃത്രിമത്വം നിഴലിക്കാത്ത ഭാവത്തിൽ സംസാരിക്കുകയും പെരുമാറുകയും ചെയ്യുക.

അത്‌ എന്തുകൊണ്ട്‌ പ്രധാനം?

മറ്റുള്ളവർ നിങ്ങളെ കുറിച്ച്‌ എന്തു വിചാരിക്കുമെന്ന ചിന്ത നിമിത്തം നിങ്ങളുടെ സംസാരത്തിൽ പരിഭ്രാന്തി നിഴലിക്കുന്നെങ്കിൽ അല്ലെങ്കിൽ അതു വഴക്കമില്ലാത്തതോ കൃത്രിമമോ ആയിത്തീരുന്നെങ്കിൽ, നിങ്ങൾ പറയുന്ന കാര്യങ്ങളിൽനിന്നു കേൾക്കുന്നവരുടെ ശ്രദ്ധ വ്യതിചലിക്കാൻ ഇടയുണ്ട്‌.

സ്വാഭാവിക രീതിയിലുള്ള സംസാരം മറ്റുള്ളവരുടെ വിശ്വാസം പിടിച്ചുപറ്റാൻ നിങ്ങളെ സഹായിക്കുന്നു. മുഖംമൂടി ധരിച്ചു നിൽക്കുന്ന ഒരാളുടെ വാക്കുകളിൽ നിങ്ങൾ വിശ്വാസമർപ്പിക്കുമോ? മുഖംമൂടിയിലെ മുഖം ആളുടെ മുഖത്തെക്കാൾ സുന്ദരമാണെങ്കിൽ സ്ഥിതി മാറുമോ? സാധ്യതയില്ല. അതുകൊണ്ട്‌ സംസാരത്തിലും പെരുമാറ്റത്തിലും ‘മുഖംമൂടി’ അണിയാതിരിക്കുക. പകരം നിങ്ങൾ യഥാർഥത്തിൽ എങ്ങനെ ആണോ അങ്ങനെതന്നെ ആയിരിക്കുക.

സ്വാഭാവിക സംസാരത്തെയും പെരുമാറ്റത്തെയും അലക്ഷ്യമായ സംസാരവും പെരുമാറ്റവുമായി കൂട്ടിക്കുഴയ്‌ക്കരുത്‌. വ്യാകരണത്തിലും ഉച്ചാരണത്തിലും പിശകുവരുത്തി, അവ്യക്തമായി സംസാരിക്കുന്നത്‌ ഉചിതമല്ല. നിലവാരം കുറഞ്ഞ പ്രയോഗങ്ങളും ഒഴിവാക്കേണ്ടതുണ്ട്‌. സംസാരത്തിലും പെരുമാറ്റത്തിലും ഉചിതമായ മാന്യത കാണിക്കാൻ എല്ലായ്‌പോഴും നാം ആഗ്രഹിക്കുന്നു. ഇത്തരം സ്വാഭാവികത പ്രകടമാക്കുന്ന ഒരു വ്യക്തി അമിത ഔപചാരികത്വമോ മറ്റുള്ളവരിൽ മതിപ്പുളവാക്കുന്നതിനെ കുറിച്ച്‌ അമിത ചിന്തയോ ഉള്ളയാളല്ല.

വയൽശുശ്രൂഷയിൽ. സാക്ഷ്യം നൽകാനായി ഒരു വീട്ടിലേക്കു ചെല്ലുമ്പോഴോ പൊതുസ്ഥലത്തുവെച്ച്‌ ഒരാളെ സമീപിക്കുമ്പോഴോ നിങ്ങൾക്കു പരിഭ്രമം തോന്നുന്നുവോ? നമ്മിൽ മിക്കവർക്കും അതു തോന്നാറുണ്ട്‌. എന്നാൽ ചിലരുടെ കാര്യത്തിൽ അതു കൂടുതൽ സമയം നീണ്ടുനിൽക്കുന്നു. പിരിമുറുക്കം നിമിത്തം ശബ്ദം അസ്വാഭാവികമോ വിറയാർന്നതോ ആയിത്തീർന്നേക്കാം. അല്ലെങ്കിൽ പരിഭ്രാന്തി, കൈകളുടെയോ ശിരസ്സിന്റെയോ വികൃതമായ ചലനങ്ങളിൽ പ്രതിഫലിച്ചേക്കാം.

ഒരു പ്രസാധകന്‌ ഇങ്ങനെയൊരു പ്രശ്‌നം ഉണ്ടാകുന്നതിനു പല കാരണങ്ങൾ കാണാം. ഒരുപക്ഷേ മറ്റുള്ളവർ തന്നെക്കുറിച്ച്‌ എന്തു വിചാരിക്കുമെന്ന്‌ അദ്ദേഹം ചിന്തിക്കുന്നുണ്ടാകാം, അല്ലെങ്കിൽ തനിക്കു കാര്യങ്ങൾ ഫലകരമായി അവതരിപ്പിക്കാൻ കഴിയുമോ എന്ന ഉത്‌കണ്‌ഠ അദ്ദേഹത്തിനുണ്ടായിരുന്നേക്കാം. ഇവ രണ്ടും അസാധാരണമല്ല. എന്നാൽ ഇത്തരം കാര്യങ്ങൾക്കു വേണ്ടതിലധികം ശ്രദ്ധ കൊടുക്കുമ്പോഴാണു പ്രശ്‌നമാകുന്നത്‌. ശുശ്രൂഷയിൽ ഏർപ്പെടുന്നതിനു മുമ്പു പരിഭ്രമം തോന്നുന്നെങ്കിൽ അതിനെ തരണം ചെയ്യാൻ എന്തു സഹായിക്കും? ശ്രദ്ധാപൂർവകമായ തയ്യാറാകലും യഹോവയോടുള്ള മുട്ടിപ്പായ പ്രാർഥനയും. (പ്രവൃ. 4:​29, 30) പറുദീസയിൽ പൂർണ ആരോഗ്യവും നിത്യജീവനും ആസ്വദിക്കാനായി ആളുകളെ ക്ഷണിക്കുന്നതിൽ യഹോവ പ്രകടമാക്കുന്ന മഹാ കരുണയെ കുറിച്ചു ചിന്തിക്കുക. നിങ്ങൾ സഹായിക്കാൻ ശ്രമിക്കുന്നവരെ കുറിച്ചും അവർ സുവാർത്ത കേൾക്കേണ്ടതിന്റെ ആവശ്യത്തെ കുറിച്ചും ചിന്തിക്കുക.

ആളുകൾക്ക്‌ ഇച്ഛാസ്വാതന്ത്ര്യം ഉണ്ടെന്ന കാര്യവും ഓർമിക്കുക. അതുകൊണ്ട്‌ അവർക്കു നമ്മുടെ സന്ദേശം സ്വീകരിക്കാനോ സ്വീകരിക്കാതിരിക്കാനോ കഴിയും. യേശു പുരാതന ഇസ്രായേലിൽ സാക്ഷീകരിച്ചപ്പോൾ ഇതുതന്നെ സത്യമായിരുന്നു. പ്രസംഗിക്കാനേ നിങ്ങളോടു പറഞ്ഞിട്ടുള്ളൂ. (മത്താ. 24:14) ആളുകൾ നിങ്ങളെ സംസാരിക്കാൻ അനുവദിക്കാത്തപ്പോൾ പോലും നിങ്ങളുടെ സാന്നിധ്യം അവർക്ക്‌ ഒരു സാക്ഷ്യമായി ഉതകും. യഹോവയുടെ ഹിതം നിവർത്തിക്കാനായി നിങ്ങളെ ഉപയോഗിക്കാൻ അവനെ അനുവദിച്ചിരിക്കുന്നതുകൊണ്ട്‌ നിങ്ങൾ വിജയം വരിച്ചിരിക്കും. ഇനി, സംസാരിക്കാൻ അവസരം ലഭിക്കുന്ന സന്ദർഭങ്ങളിൽ നിങ്ങളുടെ സംസാരം എങ്ങനെയുള്ളതായിരിക്കും? സംസാരിക്കുമ്പോൾ മറ്റുള്ളവരുടെ ആവശ്യങ്ങളിൽ നിങ്ങളുടെ ചിന്തകൾ കേന്ദ്രീകരിക്കാൻ പഠിക്കുന്ന പക്ഷം, നിങ്ങളുടെ സംസാരം ആകർഷകവും സ്വാഭാവികവും ആയിരിക്കും.

സാക്ഷ്യം നൽകുമ്പോൾ, നിങ്ങൾ സാധാരണ സംസാരിക്കുകയും പെരുമാറുകയും ചെയ്യുന്നതുപോലെ സംസാരിക്കുകയും പെരുമാറുകയും ചെയ്യുന്നെങ്കിൽ അതു ശ്രോതാക്കളുടെ പിരിമുറുക്കത്തെ ഇല്ലാതാക്കും. അവരുമായി നിങ്ങൾ പങ്കുവെക്കാൻ ആഗ്രഹിക്കുന്ന തിരുവെഴുത്ത്‌ ആശയങ്ങളോട്‌ അവർ കൂടുതൽ സ്വീകാര്യക്ഷമത പ്രകടിപ്പിക്കുക പോലും ചെയ്‌തേക്കാം. അവരുടെ മുമ്പാകെ ഒരു ഔദ്യോഗിക പ്രഭാഷണം നടത്തുന്നതിനു പകരം അവരുമായി സംഭാഷണത്തിൽ ഏർപ്പെടുക. സൗഹൃദഭാവം പ്രകടിപ്പിക്കുക. അവരിൽ താത്‌പര്യം കാണിക്കുക. അവരുടെ അഭിപ്രായങ്ങളെ സ്വാഗതം ചെയ്യുക. അപരിചിതരോടു സംസാരിക്കുമ്പോൾ ആദരവു പ്രകടിപ്പിക്കാനുള്ള ചില പെരുമാറ്റച്ചട്ടങ്ങൾ ഭാഷയോ പ്രാദേശിക സംസ്‌കാരമോ നിഷ്‌കർഷിക്കുന്ന പക്ഷം അവ അനുസരിക്കാൻ നിങ്ങൾ ആഗ്രഹിക്കും. എന്നാൽ നിങ്ങൾക്ക്‌ എല്ലായ്‌പോഴും പിരിമുറുക്കമില്ലാത്ത, പുഞ്ചിരിക്കുന്ന ഒരു മുഖഭാവം നിലനിറുത്താവുന്നതാണ്‌.

സ്റ്റേജിൽ. ഒരു കൂട്ടത്തോടു സംസാരിക്കുമ്പോൾ സ്വാഭാവികവും സംഭാഷണ ശൈലിയിൽ ഉള്ളതുമായ അവതരണമാണു സാധാരണഗതിയിൽ ഏറ്റവും അഭികാമ്യം. സദസ്സ്‌ വലുതായിരിക്കുമ്പോൾ തീർച്ചയായും ശബ്ദം ഉയർത്തി സംസാരിക്കേണ്ടി വരും. നിങ്ങൾ പ്രസംഗം മനഃപാഠമാക്കാൻ ശ്രമിക്കുകയോ നിങ്ങളുടെ നോട്ടിൽ വേണ്ടതിലേറെ വിശദാംശങ്ങൾ അടങ്ങിയിരിക്കുകയോ ചെയ്യുന്നെങ്കിൽ മനഃപാഠമാക്കിയതോ നോട്ടിലുള്ളതോ ആയ പദങ്ങൾതന്നെ ഉപയോഗിക്കാൻ ശ്രമിച്ചുകൊണ്ടു നിങ്ങൾ പദങ്ങൾക്ക്‌ അമിത ശ്രദ്ധ നൽകാനിടയുണ്ട്‌. അനുയോജ്യമായ പദങ്ങൾ ഉപയോഗിക്കുന്നതു പ്രധാനമാണ്‌. എന്നാൽ അതിന്‌ അതിരു കവിഞ്ഞ ശ്രദ്ധ കൊടുക്കുമ്പോൾ അവതരണം വഴക്കം നശിച്ച്‌ ഔപചാരികതയുടെ പിടിയിൽ അമരുന്നു. അങ്ങനെ സ്വാഭാവികത നഷ്ടമാകും. ആശയങ്ങൾ നിങ്ങൾ മുൻകൂട്ടി ശ്രദ്ധാപൂർവം ചിന്തിച്ചെടുക്കണം. കൃത്യമായി ഏതൊക്കെ പദങ്ങൾ ഉപയോഗിക്കണം എന്നതിനല്ല, മറിച്ച്‌ ആശയങ്ങൾക്കായിരിക്കണം അധിക ശ്രദ്ധയും കൊടുക്കേണ്ടത്‌.

ഒരു യോഗത്തിൽ ആരെങ്കിലും നിങ്ങളുമായി അഭിമുഖം നടത്തുമ്പോഴും ഇതുതന്നെ സത്യമാണ്‌. നന്നായി തയ്യാറാകുക. എന്നാൽ ഉത്തരങ്ങൾ വായിക്കുകയോ മനഃപാഠമാക്കി പറയുകയോ അരുത്‌. സ്വാഭാവികമായ ഉച്ചനീചത്വത്തോടെ അവ അവതരിപ്പിക്കുക. അങ്ങനെയാകുമ്പോൾ നിങ്ങളുടെ അഭിപ്രായങ്ങൾക്ക്‌ ആകർഷണീയമായ ഒരു സ്വാഭാവികത കൈവരും.

അഭികാമ്യമായ പ്രസംഗ ഗുണങ്ങൾ പോലും അതിരു കടന്നാൽ സദസ്സിന്‌ അവ അസ്വാഭാവികമായി തോന്നാനിടയുണ്ട്‌. ഉദാഹരണത്തിന്‌, നിങ്ങളുടെ സംസാരം വ്യക്തതയും ഉച്ചാരണശുദ്ധിയും ഉള്ളതായിരിക്കണം. എന്നാൽ അതു വഴക്കമില്ലാത്തതോ കൃത്രിമമോ ആയിത്തീരുന്ന വിധത്തിൽ ഈ ഗുണങ്ങൾ പരിധി വിടാൻ പാടില്ല. ദൃഢത കൊടുക്കുന്നതോ വർണനാപരമോ ആയ ആംഗ്യങ്ങൾ നന്നായി ഉപയോഗിക്കുമ്പോൾ അവ നിങ്ങളുടെ പ്രസംഗത്തെ ജീവസ്സുറ്റതാക്കും. എന്നാൽ അയവില്ലാത്തതോ അതിശയോക്തി കലർന്നതോ ആയ അംഗവിക്ഷേപങ്ങൾ നിങ്ങൾ പറയുന്ന കാര്യങ്ങളിൽനിന്ന്‌ ആളുകളുടെ ശ്രദ്ധ വ്യതിചലിപ്പിക്കും. ആവശ്യത്തിനു ശബ്ദം ഉപയോഗിക്കുക. എന്നാൽ കാതടപ്പിക്കും വിധം ഉച്ചത്തിൽ സംസാരിക്കാതിരിക്കാൻ ശ്രമിക്കുക. നിങ്ങളുടെ അവതരണത്തിൽ ഇടയ്‌ക്കിടയ്‌ക്ക്‌ ഉത്സാഹം നല്ലതാണ്‌. എന്നാൽ അതിരുകടന്ന ഉത്സാഹം പാടില്ല. ഉച്ചനീചത്വവും ഉത്സാഹവും വികാരഭാവവും എല്ലാം നിങ്ങളിലേക്കുതന്നെ ശ്രദ്ധ ആകർഷിക്കുകയോ സദസ്സിനെ അസ്വസ്ഥമാക്കുകയോ ചെയ്യാത്ത ഒരു വിധത്തിൽ വേണം ഉപയോഗിക്കാൻ.

ചിലർക്ക്‌ സ്വാഭാവികമായിത്തന്നെ ഭാഷാകൃത്യതയോടെ കാര്യങ്ങൾ പറഞ്ഞു ഫലിപ്പിക്കുന്ന ഒരു രീതിയുണ്ട്‌, പ്രസംഗം നടത്താത്തപ്പോൾപോലും. മറ്റു ചിലരുടേതു കൂടുതൽ സംസാരശൈലിയിലുള്ള ഭാഷയാണ്‌. പ്രധാന സംഗതി, ദിവസവും നല്ല രീതിയിൽ സംസാരിക്കുകയും ക്രിസ്‌തീയ മാന്യതയോടുകൂടിയ നടത്ത ഉള്ളവരായിരിക്കുകയും ചെയ്യുക എന്നതാണ്‌. അങ്ങനെയാകുമ്പോൾ സ്റ്റേജിൽ ആകർഷകമായ സ്വാഭാവികതയോടെ സംസാരിക്കാനും പെരുമാറാനും നിങ്ങൾക്ക്‌ ഏറെ എളുപ്പമായിരിക്കും.

പരസ്യവായന നിർവഹിക്കുമ്പോൾ. സ്വാഭാവികതയോടെ പരസ്യവായന നിർവഹിക്കുന്നതിനു ശ്രമം ആവശ്യമാണ്‌. അതു കൈവരിക്കുന്നതിന്‌, നിങ്ങൾ വായിക്കാൻ പോകുന്ന ഭാഗത്തെ മുഖ്യ ആശയങ്ങൾ കണ്ടുപിടിക്കുകയും അവ വികസിപ്പിച്ചിരിക്കുന്നത്‌ എങ്ങനെയെന്നു നിരീക്ഷിക്കുകയും ചെയ്യുക. ഈ ആശയങ്ങൾ വ്യക്തമായി മനസ്സിൽ പിടിക്കുക; അല്ലാത്തപക്ഷം നിങ്ങൾ വാക്കുകൾ കേവലം വായിച്ചുവിടുകയായിരിക്കും ചെയ്യുക. പരിചയമില്ലാത്ത പദങ്ങളുടെ ഉച്ചാരണം പരിശോധിക്കുക. ഉചിതമായ സ്വരഭേദത്തോടുകൂടി വായിക്കാനും ആശയങ്ങൾ വ്യക്തമായി ദ്യോതിപ്പിക്കുന്നതിന്‌ ഏതൊക്കെ പദങ്ങളാണോ ചേർത്തു വായിക്കേണ്ടത്‌ അവ അങ്ങനെ വായിക്കാനും കഴിയുന്നതിനായി ഉച്ചത്തിൽ വായിച്ചു പരിശീലിക്കുക. ഒഴുക്കോടെ വായിക്കാറാകുന്നതുവരെ ഇത്‌ ആവർത്തിക്കുക. ഉച്ചത്തിൽ വായിക്കുമ്പോൾ നിങ്ങളുടെ വായന ഉത്സാഹഭരിതമായ സംഭാഷണംപോലെ തോന്നിക്കത്തക്ക വിധത്തിൽ വായിക്കുന്ന ഭാഗവുമായി അത്ര നന്നായി പരിചയത്തിലാകുക. അതാണു സ്വാഭാവികതയോടുകൂടിയ വായന.

നാം പരസ്യവായനയിൽ അധികവും നിർവഹിക്കുന്നതു ബൈബിളധിഷ്‌ഠിത പ്രസിദ്ധീകരണങ്ങളിൽ നിന്നാണ്‌. ദിവ്യാധിപത്യ ശുശ്രൂഷാസ്‌കൂളിലെ വായനാ നിയമനങ്ങൾക്കു പുറമേ, വയൽശുശ്രൂഷയിൽ പങ്കെടുക്കുമ്പോഴും സ്റ്റേജിൽ പ്രസംഗങ്ങൾ നടത്തുമ്പോഴും നാം തിരുവെഴുത്തുകൾ വായിക്കുന്നു. വീക്ഷാഗോപുര അധ്യയനത്തിലും സഭാ പുസ്‌തക അധ്യയനത്തിലും പരിചിന്തിക്കപ്പെടുന്ന ഭാഗങ്ങളുടെ വായന നിർവഹിക്കാൻ സഹോദരന്മാർക്കു നിയമനം ലഭിക്കുന്നു. കൺവെൻഷൻ സദസ്സിനു മുമ്പാകെ വായനാപ്രസംഗം നടത്താൻ യോഗ്യരായ സഹോദരന്മാർക്കു നിയമനം ലഭിക്കാറുണ്ട്‌. നിങ്ങൾ വായിക്കുന്നതു ബൈബിളായാലും മറ്റേതെങ്കിലും പ്രസിദ്ധീകരണങ്ങളായാലും, വ്യത്യസ്‌ത കഥാപാത്രങ്ങളുടെ സംസാരം ഉൾക്കൊള്ളുന്ന ഭാഗങ്ങൾ നന്നായി ഭാവം വരുത്തി വായിക്കുക. പലരെ ഉദ്ധരിച്ചിട്ടുണ്ടെങ്കിൽ ഓരോരുത്തർക്കും അൽപ്പം വ്യത്യസ്‌തമായ ശബ്ദം കൊടുത്തു വേണം വായിക്കാൻ. എന്നാൽ ഒരു മുന്നറിയിപ്പ്‌: അങ്ങേയറ്റം നാടകീയമായ വിധത്തിൽ ഇതു ചെയ്യരുത്‌, മറിച്ച്‌ സ്വാഭാവികമായ വിധത്തിൽ വായനയെ ജീവസ്സുറ്റതാക്കിത്തീർക്കുക.

സ്വാഭാവികമായ വായന സംഭാഷണ ശൈലിയിൽ ഉള്ളതാണ്‌. അതിൽ കൃത്രിമത്വം നിഴലിക്കുന്നില്ല. ബോധ്യത്തോടു കൂടിയ വായനയായിരിക്കും അത്‌.

അത്‌ ചെയ്യാവുന്ന വിധം

  • സാധാരണ സംസാരിക്കുന്നതുപോലെ സംസാരിക്കുക. നിങ്ങളുടെ ചിന്തകൾ നിങ്ങളിൽ അല്ല, പകരം യഹോവയിലും ആളുകൾ അവനെ കുറിച്ചു മനസ്സിലാക്കേണ്ടതിന്റെ ആവശ്യത്തിലും കേന്ദ്രീകരിക്കുക.

  • പ്രസംഗം തയ്യാറാകുമ്പോൾ കൃത്യമായി ഏതൊക്കെ പദങ്ങൾ ഉപയോഗിക്കണം എന്നതിനല്ല, മറിച്ച്‌ ആശയങ്ങൾക്കു മുഖ്യ ശ്രദ്ധ നൽകുക.

  • പ്രസംഗം നടത്തുമ്പോഴും ദൈനംദിന സംഭാഷണത്തിൽ ഏർപ്പെടുമ്പോഴും അലക്ഷ്യമായ സംസാരശീലങ്ങളും നിങ്ങളിലേക്കുതന്നെ ശ്രദ്ധ ക്ഷണിക്കുന്ന രീതിയിൽ പ്രസംഗ ഗുണങ്ങൾ ഉപയോഗിക്കാനുള്ള പ്രവണതയും ഒഴിവാക്കുക.

  • പരസ്യവായനയ്‌ക്കായി നന്നായി തയ്യാറാകുക. ഭാവം വരുത്തിയും അർഥം നന്നായി മനസ്സിലാക്കിയും വായിക്കുക.

അഭ്യാസങ്ങൾ: (1) മലാഖി 1:​2-14 മൗനമായി വായിക്കുക. അവിടെ സംസാരിക്കുന്നത്‌ ആരൊക്കെയെന്നു ശ്രദ്ധിക്കുക. തുടർന്ന്‌ ആ ഭാഗം അനുയോജ്യമായ ഭാവം വരുത്തി ഉച്ചത്തിൽ വായിക്കുക. (2) വയൽശുശ്രൂഷയിൽ പങ്കെടുക്കുന്നതിനു മുമ്പ്‌ മൂന്നു വ്യത്യസ്‌ത സന്ദർഭങ്ങളിൽ, ഈ പാഠത്തിന്റെ ആദ്യത്തെ രണ്ടു ഖണ്ഡികകളും 128-ാം പേജിലെ “വയൽശുശ്രൂഷയിൽ” എന്ന ഉപതലക്കെട്ടിനു കീഴിൽ കൊടുത്തിരിക്കുന്ന വിവരങ്ങളും വായിക്കുക. ആ ബുദ്ധിയുപദേശം ബാധകമാക്കാൻ ശ്രമിക്കുക.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക