സ്കൂളിനുള്ള വിദ്യാർഥി നിയമനങ്ങൾ തയ്യാറാകൽ
സ്കൂളിലെ ഓരോ നിയമനവും പുരോഗതിയുടെ പടവുകൾ ചവിട്ടിക്കയറാനുള്ള ഒരു പുതിയ അവസരം ഒരുക്കുന്നു. അതിനാൽ, ലഭിക്കുന്ന നിയമനം നന്നായി നടത്താൻ സകല ശ്രമവും ചെയ്യുക. അപ്പോൾ, നിങ്ങളുടെ അഭിവൃദ്ധി ക്രമേണ നിങ്ങൾക്കും മറ്റുള്ളവർക്കും പ്രകടമായിത്തീരും. (1 തിമൊ. 4:15, NW) നിങ്ങളുടെ കഴിവുകൾ കൂടുതലായി വികസിപ്പിച്ചെടുക്കുന്നതിനു സ്കൂൾ നിങ്ങളെ സഹായിക്കും.
സഭയുടെ മുമ്പാകെ ഒരു പരിപാടി നടത്തുന്നതിനെ കുറിച്ച് ഓർക്കുമ്പോൾ നിങ്ങൾക്കു പരിഭ്രമം തോന്നുന്നുവോ? അതു സ്വാഭാവികമാണ്, സ്കൂളിൽ നിങ്ങൾ പരിപാടികൾ നടത്താൻ തുടങ്ങിയിട്ടു കുറേക്കാലം ആയെങ്കിൽ പോലും. എന്നാൽ ഉത്കണ്ഠ കുറയ്ക്കാൻ ചില കാര്യങ്ങൾ നിങ്ങളെ സഹായിക്കും. വീട്ടിലായിരിക്കുമ്പോൾ ഉറക്കെ വായിക്കുന്ന ശീലം വളർത്തിയെടുക്കുക. സഭായോഗങ്ങളിൽ കൂടെക്കൂടെ ഉത്തരം പറയുക. നിങ്ങൾ ഒരു പ്രസാധകനോ പ്രസാധികയോ ആണെങ്കിൽ വയൽസേവനത്തിൽ പതിവായി പങ്കുപറ്റുക. ഇത് മറ്റുള്ളവരുടെ മുമ്പാകെ സംസാരിക്കുന്നതിൽ നിങ്ങൾക്ക് അനുഭവപരിചയം നേടിത്തരും. കൂടാതെ, ലഭിക്കുന്ന വിദ്യാർഥി നിയമനങ്ങൾ കാലേകൂട്ടി തയ്യാറാകുക. അവ ഉറക്കെ അവതരിപ്പിച്ച് പരിശീലിക്കുക. സൗഹൃദമുള്ള ഒരു സദസ്സിനു മുമ്പാകെയാണു നിങ്ങൾ പ്രസംഗം നടത്താൻ പോകുന്നതെന്ന കാര്യം ഓർമിക്കുക. ഏതു പ്രസംഗമായാലും അവതരിപ്പിക്കുന്നതിനു മുമ്പ് യഹോവയോടു പ്രാർഥിക്കുക. തന്നോടു യാചിക്കുന്ന തന്റെ ദാസന്മാർക്ക് അവൻ പരിശുദ്ധാത്മാവിനെ സന്തോഷപൂർവം നൽകുന്നു.—ലൂക്കൊ. 11:13; ഫിലി. 4:6, 7.
ന്യായമായ അഥവാ എളിയ പ്രതീക്ഷകൾ വെച്ചുപുലർത്തുക. ഒരു പ്രസംഗകൻ എന്ന നിലയിൽ അനുഭവപരിചയം നേടാനും മികച്ച ഒരു അധ്യാപകൻ ആയിത്തീരാനും സമയമെടുക്കും. (മീഖാ 6:8, NW) നിങ്ങൾ സ്കൂളിൽ പുതുതായി ചേർന്ന വ്യക്തിയാണെങ്കിൽ, ആദ്യംതന്നെ എല്ലാ ഗുണങ്ങളും തികഞ്ഞ ഒരു അവതരണം നടത്താൻ കഴിയുമെന്നു പ്രതീക്ഷിക്കരുത്. പകരം, ഒരു സമയത്ത് ഒരു പ്രസംഗ ബുദ്ധിയുപദേശ പോയിന്റിൽ മെച്ചപ്പെടാൻ ശ്രമിക്കുക. ഈ പുസ്തകത്തിൽ അതിനെ കുറിച്ചു ചർച്ച ചെയ്യുന്ന ഭാഗം പഠിക്കുക. സാധ്യമെങ്കിൽ അവിടെ നിർദേശിച്ചിരിക്കുന്ന അഭ്യാസം ചെയ്യുക. സഭയിൽ നിയമനം കൈകാര്യം ചെയ്യുന്നതിനു മുമ്പ് പ്രസ്തുത ബുദ്ധിയുപദേശ പോയിന്റുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പരിചയം നേടാൻ ഇതു നിങ്ങളെ സഹായിക്കും. ഇങ്ങനെയൊക്കെ ചെയ്താൽ പുരോഗതി ക്രമേണ ഉണ്ടായിക്കൊള്ളും.
വായനാ നിയമനം എങ്ങനെ തയ്യാറാകാം?
പരസ്യ വായനയ്ക്കു തയ്യാറാകുന്നതിൽ നിയമിത ഭാഗത്തെ വാക്കുകൾ കേവലം വായിക്കാനുള്ള കഴിവു നേടുന്നതിലും ഏറെ ഉൾപ്പെട്ടിരിക്കുന്നു. വായനാഭാഗത്തെ വിവരങ്ങളുടെ അർഥം വ്യക്തമായി ഗ്രഹിക്കാൻ ശ്രമിക്കുക. നിയമനം ലഭിച്ചാലുടനെ, ഈ ലക്ഷ്യം മനസ്സിൽ പിടിച്ചുകൊണ്ടു വായനാഭാഗം വായിക്കുക. ഓരോ വാചകത്തിന്റെയും അർഥവും ഓരോ ഖണ്ഡികയിലും വികസിപ്പിച്ചിരിക്കുന്ന ആശയവും മനസ്സിലാക്കാൻ ശ്രമിക്കുക. കൃത്യതയോടെ, ശരിയായ വികാരം ഉൾക്കൊണ്ടുകൊണ്ട് ആശയങ്ങൾ അവതരിപ്പിക്കാൻ അതു നിങ്ങളെ പ്രാപ്തരാക്കും. പരിചയമില്ലാത്ത വാക്കുകളുടെ ശരിയായ ഉച്ചാരണം ഭാഷ നന്നായി അറിയാവുന്നവരോടു ചോദിച്ചു മനസ്സിലാക്കുക. വിവരങ്ങൾ നല്ലവണ്ണം മനസ്സിലാക്കുക. ഇതു ചെയ്യാൻ തക്കവണ്ണം കൊച്ചുകുട്ടികളെ മാതാപിതാക്കൾ സഹായിക്കേണ്ടതുണ്ടായിരിക്കാം.
ബൈബിളിന്റെ ഒരു ഭാഗമോ ഒരുപക്ഷേ ഒരു വീക്ഷാഗോപുര ലേഖനത്തിലെ ഖണ്ഡികകളോ വായിക്കാനുള്ള നിയമനം നിങ്ങൾക്കു ലഭിച്ചിരിക്കുന്നുവോ? അവയുടെ ഓഡിയോ കാസെറ്റുകൾ നിങ്ങളുടെ ഭാഷയിൽ ലഭ്യമാണെങ്കിൽ അതു കേൾക്കുന്നതും ഉച്ചാരണം, ഒന്നിച്ചു നിൽക്കേണ്ട വാക്കുകൾ ചേർത്തു വായിക്കുന്ന രീതി, ഊന്നൽ കൊടുക്കുന്ന വിധം, ഉച്ചനീചത്വം തുടങ്ങിയ ഘടകങ്ങൾ ശ്രദ്ധിക്കുന്നതും വളരെ പ്രയോജനം ചെയ്യും. തുടർന്ന്, ഈ ഗുണങ്ങൾ നിങ്ങളുടെ വായനയിൽ ഉൾപ്പെടുത്താൻ ശ്രമിക്കുക.
നിയമനം തയ്യാറാകാൻ തുടങ്ങുമ്പോൾ, നിങ്ങൾക്കു നിയമിച്ചു തന്നിരിക്കുന്ന പ്രസംഗ ഗുണത്തെ കുറിച്ചു വിവരിക്കുന്ന പാഠം ശ്രദ്ധാപൂർവം പഠിക്കുന്നുവെന്ന് ഉറപ്പുവരുത്തുക. സാധ്യമെങ്കിൽ, നിയമിത ഭാഗം പലവുരു ഉച്ചത്തിൽ വായിച്ചു പരിശീലിച്ച ശേഷം ആ പാഠം ഒന്നുകൂടി പരിചിന്തിക്കുക. ആ ലിഖിത ബുദ്ധിയുപദേശം പരമാവധി ബാധകമാക്കാൻ ശ്രമിക്കുക.
ഈ പരിശീലനം ശുശ്രൂഷയിൽ നിങ്ങൾക്കു വളരെയേറെ പ്രയോജനപ്പെടും. വയൽസേവനത്തിൽ പങ്കെടുക്കുന്ന സമയത്ത്, മറ്റുള്ളവരെ കാര്യങ്ങൾ വായിച്ചുകേൾപ്പിക്കുന്നതിനു നിങ്ങൾക്ക് അനേകം അവസരങ്ങളുണ്ട്. ദൈവവചനത്തിന് ആളുകളുടെ ജീവിതത്തിൽ പരിവർത്തനം വരുത്താനുള്ള ശക്തിയുള്ളതിനാൽ നിങ്ങൾ അതു നല്ല രീതിയിൽ വായിക്കേണ്ടതു പ്രധാനമാണ്. (എബ്രാ. 4:12) ഒന്നോ രണ്ടോ നിയമനങ്ങൾകൊണ്ട് ഫലപ്രദമായ വായനയുടെ എല്ലാ വശങ്ങളിലും മികവു നേടാമെന്നു പ്രതീക്ഷിക്കരുത്. അനേക വർഷത്തെ അനുഭവപരിചയം ഉണ്ടായിരുന്ന ഒരു ക്രിസ്തീയ മൂപ്പന് അപ്പൊസ്തലനായ പൗലൊസ് ഇങ്ങനെ എഴുതി: “പരസ്യവായനയിൽ ഉത്സുകനായിരിക്കുന്നതിൽ തുടരുക.”—1 തിമൊ. 4:13, NW.
ഒരു വിഷയവും രംഗവിധാനവും ഉള്ള നിയമനങ്ങൾ തയ്യാറാകൽ
സ്കൂളിൽ രംഗവിധാനം ആവശ്യമായിരിക്കുന്ന ഒരു നിയമനം ലഭിക്കുമ്പോൾ അത് എങ്ങനെ തയ്യാറാകണം?
മൂന്നു പ്രധാന കാര്യങ്ങൾ പരിചിന്തിക്കേണ്ടതുണ്ട്: (1) നിങ്ങൾക്കു നിയമിച്ചു തന്നിരിക്കുന്ന വിഷയം, (2) നിങ്ങളുടെ രംഗവിധാനവും നിങ്ങൾ സംഭാഷണം നടത്തുന്ന വ്യക്തിയും, (3) മെച്ചപ്പെടുന്നതിനു നിങ്ങൾക്കു നിയമിച്ചു തന്നിരിക്കുന്ന ബുദ്ധിയുപദേശ പോയിന്റ്.
നിയമിച്ചു തന്നിരിക്കുന്ന വിഷയത്തെ കുറിച്ചു നിങ്ങൾ വിവരങ്ങൾ ശേഖരിക്കേണ്ടതുണ്ട്. എന്നാൽ അതിൽ ഒരുപാടു മുഴുകുന്നതിനു മുമ്പ് രംഗവിധാനത്തെ കുറിച്ചും നിങ്ങൾ സംഭാഷണം നടത്താൻ പോകുന്ന വ്യക്തിയെ കുറിച്ചും ഗൗരവമായി ചിന്തിക്കുക. കാരണം നിങ്ങൾ ഏതുതരം വിവരങ്ങൾ എപ്രകാരം അവതരിപ്പിക്കുന്നു എന്നതിന്റെമേൽ ഈ ഘടകങ്ങൾക്ക് ഒരു സ്വാധീനമുണ്ട്. നിങ്ങളുടെ രംഗവിധാനം എന്തായിരിക്കും? പരിചയമുള്ള ആരോടെങ്കിലും സുവാർത്ത പറയുന്ന വിധമാണോ നിങ്ങൾ പ്രകടിപ്പിക്കാൻ പോകുന്നത്? അതോ ഒരു വ്യക്തിയെ ആദ്യമായി കണ്ടുമുട്ടുന്ന സാഹചര്യമാണോ? അദ്ദേഹം നിങ്ങളെക്കാൾ പ്രായമുള്ള ആളാണോ അതോ ചെറുപ്പമാണോ? നിങ്ങൾ ചർച്ച ചെയ്യാൻ ഉദ്ദേശിക്കുന്ന വിഷയത്തോടുള്ള അദ്ദേഹത്തിന്റെ മനോഭാവം എന്തായിരുന്നേക്കാം? ആ വിഷയത്തെ കുറിച്ച് അദ്ദേഹത്തിന് ഇപ്പോൾത്തന്നെ എന്തുമാത്രം അറിയാമായിരിക്കാം? ചർച്ചയിലൂടെ എന്തു ലക്ഷ്യം കൈവരിക്കാനാണു നിങ്ങൾ പ്രതീക്ഷിക്കുന്നത്? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ, നിങ്ങളുടെ നിയമനം തയ്യാറാകുന്നതിന് ആവശ്യമായ പ്രധാനപ്പെട്ട മാർഗരേഖകൾ പ്രദാനം ചെയ്യും.
നിയമിച്ചു കിട്ടിയിരിക്കുന്ന വിഷയത്തെ കുറിച്ചുള്ള വിവരങ്ങൾ നിങ്ങൾക്ക് എവിടെ കണ്ടെത്താനാകും? ഈ പുസ്തകത്തിന്റെ 33 മുതൽ 38 വരെയുള്ള പേജുകൾ “എങ്ങനെ ഗവേഷണം നടത്താം?” എന്നതിനെ കുറിച്ചു ചർച്ച ചെയ്യുന്നു. അവിടെ കൊടുത്തിരിക്കുന്ന വിവരങ്ങൾ വായിക്കുക. എന്നിട്ട് നിങ്ങൾക്കു ലഭ്യമായിട്ടുള്ള ഗവേഷണ ഉപകരണങ്ങൾ ഉപയോഗിച്ചു ഗവേഷണം നടത്തുക. മിക്കപ്പോഴും, ഉപയോഗിക്കാൻ കഴിയുന്നതിലേറെ വിവരങ്ങൾ നിങ്ങൾ പെട്ടെന്നുതന്നെ കണ്ടെത്തും. പ്രസ്തുത വിഷയത്തെ കുറിച്ച് എത്രമാത്രം വിവരങ്ങൾ ലഭ്യമാണെന്ന് അറിയാൻ വേണ്ടുവോളം വായിക്കുക. എന്നാൽ, അവതരണത്തിൽ നിങ്ങൾ ഉപയോഗിക്കാൻ പോകുന്ന രംഗവിധാനത്തെയും നിങ്ങൾ സംഭാഷണം നടത്താൻ പോകുന്ന വ്യക്തിയെയും മനസ്സിൽ പിടിച്ചുകൊണ്ടു വേണം ഇതു ചെയ്യാൻ. നിങ്ങളുടെ അവതരണത്തിൽ ഉപയോഗിക്കാൻ കൊള്ളാവുന്ന പോയിന്റുകൾ തിരഞ്ഞെടുക്കുക.
അവതരിപ്പിക്കാനുള്ള കാര്യങ്ങൾ ചിട്ടപ്പെടുത്തുകയും എന്തൊക്കെ വിശദാംശങ്ങളാണ് ഉൾപ്പെടുത്തേണ്ടത് എന്നതു സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കുകയും ചെയ്യുന്നതിനു മുമ്പ്, നിങ്ങൾക്കു നിയമിച്ചു തന്നിരിക്കുന്ന ബുദ്ധിയുപദേശ പോയിന്റിനെ കുറിച്ചു ചർച്ച ചെയ്യുന്ന ഭാഗം വായിക്കാൻ സമയമെടുക്കുക. നിങ്ങളുടെ നിയമനത്തിന്റെ ഒരു മുഖ്യ ഉദ്ദേശ്യംതന്നെ നിങ്ങൾ അവിടെ കൊടുത്തിരിക്കുന്ന ബുദ്ധിയുപദേശം ബാധകമാക്കുക എന്നതാണ്.
നിയമിത സമയം തീർന്നുകഴിയുമ്പോൾ സമയം തീർന്നു എന്ന് അറിയിക്കുന്ന ഒരു സംവിധാനം ഉള്ളതിനാൽ, അനുവദിച്ചിരിക്കുന്ന സമയത്തിനുള്ളിൽ വിവരങ്ങൾ പൂർത്തിയാക്കുന്നെങ്കിൽ ഉപസംഹാരം നൽകുന്നതിന്റെ സംതൃപ്തി നിങ്ങൾക്കു ലഭിക്കും. എന്നിരുന്നാലും, വയൽശുശ്രൂഷയിൽ സമയം എല്ലായ്പോഴും ഒരു പ്രശ്നമല്ല. അതുകൊണ്ട് തയ്യാറാകുന്ന സമയത്ത്, അനുവദിച്ചിരിക്കുന്ന സമയം എത്രയെന്നതു കണക്കിലെടുക്കുക. എങ്കിലും ഫലപ്രദമായി എങ്ങനെ പഠിപ്പിക്കാൻ കഴിയും എന്നതിനായിരിക്കണം മുഖ്യ ശ്രദ്ധ കൊടുക്കേണ്ടത്.
രംഗവിധാനങ്ങൾ സംബന്ധിച്ച് ഒരു വാക്ക്. 82-ാം പേജിൽ കൊടുത്തിരിക്കുന്ന നിർദേശങ്ങൾ പരിശോധിച്ച് നിങ്ങളുടെ ശുശ്രൂഷയിൽ ബാധകമാകുന്നതും നിയമിത ഭാഗത്തെ വിവരങ്ങൾ പ്രായോഗികമായ വിധത്തിൽ അവതരിപ്പിക്കാൻ സഹായകവുമായ ഒരു രംഗവിധാനം തിരഞ്ഞെടുക്കുക. സ്കൂളിൽ നിങ്ങൾ പരിപാടികൾ നടത്താൻ തുടങ്ങിയിട്ടു കുറേക്കാലം ആയെങ്കിൽ, ശുശ്രൂഷയിൽ ഉപകാരപ്പെടുന്ന കൂടുതലായ കഴിവുകൾ വളർത്തിയെടുക്കാനുള്ള ഒരു അവസരമായി ഇതിനെ കാണുക.
ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ മേൽവിചാരകൻ രംഗവിധാനം നിയമിച്ചു തരുന്ന പക്ഷം, അതിനു ചേരുന്ന വിധത്തിൽ വിഷയം വികസിപ്പിക്കുന്നതിനുള്ള വെല്ലുവിളി ഏറ്റെടുക്കുക. സാക്ഷീകരണം ഉൾപ്പെടുന്നവയാണു മിക്ക രംഗവിധാനങ്ങളും. നിയമിച്ചു തന്നിരിക്കുന്ന രംഗവിധാനത്തിൽ പറഞ്ഞിരിക്കുന്നതുപോലുള്ള ഒരു സാഹചര്യത്തിൽ നിങ്ങൾ ഒരിക്കലും സാക്ഷീകരണം നടത്തിയിട്ടില്ലെങ്കിൽ, അപ്രകാരം ചെയ്തിട്ടുള്ള പ്രസാധകരോടു കാര്യങ്ങൾ ചോദിച്ചറിയുക. സാധ്യമെങ്കിൽ, നിയമനം നടത്തുന്നതിനു മുമ്പ്, സ്കൂളിൽ നിങ്ങൾ ഉപയോഗിക്കാൻ പോകുന്നതിനോട് ഒത്തുവരുന്ന രംഗവിധാനം ഉൾപ്പെടുന്ന ഒരു യഥാർഥ സാഹചര്യത്തിൽ നിയമിച്ചു തന്നിരിക്കുന്ന വിഷയം ചർച്ച ചെയ്യാൻ ശ്രമിക്കുക. നിങ്ങളുടെ പരിശീലനത്തിന്റെ പ്രധാനപ്പെട്ട ഒരു ലക്ഷ്യം കൈവരിക്കാൻ ഇതു നിങ്ങളെ സഹായിക്കും.
അവതരണം പ്രസംഗരൂപത്തിൽ ആയിരിക്കേണ്ടപ്പോൾ
നിങ്ങൾ ഒരു സഹോദരൻ ആണെങ്കിൽ, സഭയെ അഭിസംബോധന ചെയ്തുകൊണ്ട് ഹ്രസ്വമായ ഒരു പ്രസംഗം അവതരിപ്പിക്കുന്നതിനു നിയമനം ലഭിച്ചേക്കാം. ഈ പ്രസംഗങ്ങൾക്കു വേണ്ടി തയ്യാറാകുമ്പോൾ കണക്കിലെടുക്കേണ്ട അടിസ്ഥാന ആശയങ്ങൾ പ്രകടനങ്ങളുടെ രൂപത്തിൽ നടത്തപ്പെടുന്ന വിദ്യാർഥി നിയമനങ്ങൾ തയ്യാറാകുമ്പോൾ ശ്രദ്ധിക്കേണ്ടവയ്ക്കു സമാനമാണ്. അവ നാം പരിചിന്തിച്ചു കഴിഞ്ഞല്ലോ. സദസ്സിലും അവതരണരീതിയിലും മാത്രമേ പ്രധാനമായും വ്യത്യാസമുള്ളൂ.
സദസ്സിലുള്ള എല്ലാവർക്കും പ്രയോജനം ചെയ്യുന്ന വിധത്തിൽ വിവരങ്ങൾ തയ്യാറാകുന്നതാണു സാധാരണഗതിയിൽ അഭികാമ്യം. ഹാജരായിരിക്കുന്നവരിൽ മിക്കവർക്കും അടിസ്ഥാന ബൈബിൾ സത്യങ്ങൾ ഇപ്പോൾത്തന്നെ അറിയാം. പ്രസംഗിക്കാനായി നിങ്ങൾക്കു നിയമിച്ചു തന്നിരിക്കുന്ന വിഷയം അവർക്ക് ഒരുപക്ഷേ സുപരിചിതമായിരിക്കും. വിഷയത്തെ കുറിച്ച് അവർക്ക് ഇപ്പോൾത്തന്നെ അറിയാവുന്ന കാര്യങ്ങൾ കണക്കിലെടുക്കുക. അപ്പോൾപ്പോലും അവർക്കു പ്രയോജനം ചെയ്യുന്ന ഒരു വിധത്തിൽ പ്രസംഗം നടത്താൻ ശ്രമിക്കുക. നിങ്ങളോടുതന്നെ ഇങ്ങനെ ചോദിക്കുക: ‘ഒരു വ്യക്തിയെന്ന നിലയിൽ യഹോവയോടുള്ള എന്റെയും സദസ്യരുടെയും വിലമതിപ്പ് ആഴമുള്ളതാക്കിത്തീർക്കുന്നതിന് എനിക്ക് ഈ വിഷയം എങ്ങനെ ഉപയോഗിക്കാൻ കഴിയും? ദൈവഹിതം തിരിച്ചറിയുന്നതിനു ഞങ്ങളെ സഹായിക്കുന്ന എന്തു വിവരങ്ങളാണ് ഈ ഭാഗത്തുള്ളത്? ജഡമോഹങ്ങളാൽ ഭരിക്കപ്പെടുന്ന ഒരു ലോകത്തിലായിരിക്കെ, ശരിയായ തീരുമാനങ്ങൾ എടുക്കുന്നതിന് ഈ വിവരങ്ങൾക്കു ഞങ്ങളെ എങ്ങനെ സഹായിക്കാൻ കഴിയും?’ (എഫെ. 2:3) ഈ ചോദ്യങ്ങൾക്കു തൃപ്തികരമായ ഉത്തരങ്ങൾ ലഭിക്കണമെങ്കിൽ ഗവേഷണം ചെയ്യേണ്ടതുണ്ട്. ബൈബിൾ ഉപയോഗിക്കുന്ന സമയത്ത് വാക്യങ്ങൾ വെറുതെ വായിച്ചുവിടാതെ, അവയെ കുറിച്ചു ന്യായവാദം ചെയ്യുകയും നിഗമനങ്ങളിൽ എത്തിച്ചേരുന്നതിന് അവ അടിസ്ഥാനം പ്രദാനം ചെയ്യുന്നത് എങ്ങനെയെന്നു സദസ്സിനു കാണിച്ചുകൊടുക്കുകയും ചെയ്യുക. (പ്രവൃ. 17:2, 3) കണക്കിലേറെ വിവരങ്ങൾ ഉൾപ്പെടുത്താൻ ശ്രമിക്കരുത്. ഓർത്തിരിക്കാൻ എളുപ്പമുള്ള ഒരു വിധത്തിൽ വിവരങ്ങൾ അവതരിപ്പിക്കുക.
നിങ്ങളുടെ അവതരണരീതിക്കു ശ്രദ്ധ കൊടുക്കുന്നതും തയ്യാറാകലിന്റെ ഒരു ഭാഗമാണ്. ഇതിനെ നിസ്സാരമായി കാണരുത്. പ്രസംഗം ഉച്ചത്തിൽ പറഞ്ഞു പരിശീലിക്കുക. വിവിധ പ്രസംഗഗുണങ്ങളെ കുറിച്ചുള്ള ബുദ്ധിയുപദേശം പഠിച്ച് ബാധകമാക്കുന്നതിനു ചെയ്യുന്ന ശ്രമം പുരോഗതി പ്രാപിക്കാൻ നിങ്ങളെ വളരെയധികം സഹായിക്കും. നിങ്ങൾ ഒരു പുതിയ പ്രസംഗകനായാലും പരിചയസമ്പന്നനായാലും, ബോധ്യത്തോടും വിവരങ്ങൾക്ക് അനുയോജ്യമായ വികാരം ഉൾക്കൊണ്ടുകൊണ്ടും പ്രസംഗിക്കാൻ കഴിയേണ്ടതിന് നന്നായി തയ്യാറാകുക. ദൈവദത്ത ദാനമായ സംസാരപ്രാപ്തി യഹോവയ്ക്കു സ്തുതി കരേറ്റാൻ ഉപയോഗിക്കുക എന്ന ലക്ഷ്യം മനസ്സിൽ പിടിച്ചുകൊണ്ട് സ്കൂളിലെ ഓരോ നിയമനവും നിർവഹിക്കുക.—സങ്കീ. 150:6.