പാഠം 43
നിയമിത വിവരങ്ങളുടെ ഉപയോഗം
ബൈബിൾ ക്രിസ്‌തീയ സഭയെ ഒരു മനുഷ്യ ശരീരത്തോട് ഉപമിക്കുന്നു. അതിലെ ഓരോ അവയവവും ഒഴിച്ചുകൂടാനാവാത്തതാണ്. എന്നാൽ “എല്ലാ അവയവങ്ങൾക്കും പ്രവൃത്തി ഒന്നല്ലതാനും.” ഇതിനു ചേർച്ചയിൽ, നമ്മെ ഭരമേൽപ്പിച്ചിരിക്കുന്ന ഏതൊരു പദവിയും നാം നല്ല രീതിയിൽ കൈകാര്യം ചെയ്യേണ്ടതുണ്ട്. നമുക്കു ലഭിക്കുന്ന ഏതൊരു പ്രസംഗ നിയമനവും നാം നന്നായി മനസ്സിലാക്കി നല്ല രീതിയിൽ നിർവഹിക്കേണ്ടതുണ്ട് എന്നാണ് ഇതിന്റെ അർഥം. മറ്റേതെങ്കിലും വിഷയമായിരുന്നെങ്കിൽ കൂടുതൽ രസകരമായിരുന്നേനെ എന്നു കരുതി ചില വിഷയങ്ങളെ നാം പ്രാധാന്യം കുറച്ചു കാണാൻ പാടില്ല. (റോമ. 12:4-8) വിശ്വസ്‌തനും വിവേകിയുമായ അടിമ വർഗത്തിന് “തക്കസമയത്ത്” ആത്മീയ ആഹാരം നൽകാനുള്ള ഉത്തരവാദിത്വമുണ്ട്. (മത്താ. 24:45, NW) നമുക്കു ലഭിച്ചിരിക്കുന്ന നിർദേശങ്ങൾക്കു ചേർച്ചയിൽ പ്രസംഗങ്ങൾ വികസിപ്പിക്കാൻ നാം വ്യക്തിപരമായ കഴിവുകൾ ഉപയോഗിക്കുമ്പോൾ, ആ ക്രമീകരണത്തോടു നാം വിലമതിപ്പു കാണിക്കുകയാണു ചെയ്യുന്നത്. ഇതു സഭയുടെ മൊത്തത്തിലുള്ള സുഗമമായ പ്രവർത്തനത്തിനു സഹായിക്കുന്നു.
ഉൾപ്പെടുത്തേണ്ട വിവരങ്ങൾ. നിങ്ങൾക്ക് സ്‌കൂളിൽ ഒരു വിഷയം നിയമിച്ചുകിട്ടുമ്പോൾ, വികസിപ്പിക്കുന്നത് ആ വിഷയംതന്നെയാണ് എന്ന് ഉറപ്പുവരുത്തുക. മിക്ക സന്ദർഭങ്ങളിലും, ഏതു വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് പ്രസംഗം തയ്യാറാകേണ്ടത് എന്നു പ്രത്യേകം പറഞ്ഞിരിക്കും. പ്രസംഗത്തിനുള്ള അടിസ്ഥാനമായി അച്ചടിച്ച ഏതു വിവരങ്ങളാണ് ഉപയോഗിക്കേണ്ടത് എന്നു പറഞ്ഞിട്ടില്ലെങ്കിൽ, നിങ്ങൾക്ക് ഇഷ്ടമുള്ള ഉറവിടങ്ങളിൽനിന്നു വിവരങ്ങൾ ശേഖരിക്കാവുന്നതാണ്. അപ്പോൾ പോലും, പ്രസംഗം തയ്യാറാകുന്ന സമയത്ത്, നിയമിച്ചുതന്നിരിക്കുന്ന വിഷയത്തെ കേന്ദ്രീകരിച്ചാണ് മുഴു പ്രസംഗവും വികസിപ്പിക്കപ്പെടുന്നത് എന്ന് ഉറപ്പുവരുത്തുക. എന്തെല്ലാം വിവരങ്ങളാണ് ഉൾപ്പെടുത്തേണ്ടത് എന്നു തീരുമാനിക്കവേ, നിങ്ങളുടെ സദസ്സിനെയും കണക്കിലെടുക്കേണ്ടതുണ്ട്.
ഏതു വിവരങ്ങൾ ഉപയോഗിച്ചാണോ പ്രസംഗം തയ്യാറാകേണ്ടത് ആ വിവരങ്ങൾ, അവയ്‌ക്കൊപ്പം കൊടുത്തിരിക്കുന്ന തിരുവെഴുത്തുകൾ അപഗ്രഥിച്ചുകൊണ്ട്, ശ്രദ്ധാപൂർവം പഠിക്കുക. തുടർന്ന്, അവ സദസ്സിന്റെ പ്രയോജനത്തിനായി ഏറ്റവും ഫലകരമായി എങ്ങനെ ഉപയോഗിക്കാൻ കഴിയുമെന്നു വിലയിരുത്തുക. അച്ചടിച്ച വിവരങ്ങളിൽ നിന്നുള്ള രണ്ടോ ഒരുപക്ഷേ മൂന്നോ പോയിന്റുകൾ നിങ്ങളുടെ പ്രസംഗത്തിലെ മുഖ്യ പോയിന്റുകളായി തിരഞ്ഞെടുക്കുക. അതുപോലെതന്നെ, വായിച്ചു ചർച്ച ചെയ്യാൻ ഉദ്ദേശിക്കുന്ന തിരുവെഴുത്തുകളും നിയമിച്ചു തന്നിരിക്കുന്ന വിവരങ്ങളിൽനിന്നുതന്നെ തിരഞ്ഞെടുക്കുക.
വിവരങ്ങളിൽ എത്രത്തോളം ഉപയോഗിക്കണം? നിങ്ങൾക്കു ഫലകരമായി കൈകാര്യം ചെയ്യാൻ കഴിയുന്നിടത്തോളം മാത്രം. ഒരുപാടു വിവരങ്ങൾ കുത്തിത്തിരുകിക്കൊണ്ട് പഠിപ്പിക്കലിന്റെ മേന്മ ബലി കഴിക്കരുത്. വിവരങ്ങളിൽ ചിലത് നിങ്ങളുടെ പ്രസംഗത്തിന്റെ ലക്ഷ്യവുമായി ബന്ധമില്ലാത്തവ ആണെങ്കിൽ, ആ ലക്ഷ്യത്തിൽ എത്തിച്ചേരാൻ നിങ്ങളെ സഹായിക്കുന്ന ഭാഗങ്ങളിൽ ശ്രദ്ധ പതിപ്പിക്കുക. നിയമിച്ചു തന്നിരിക്കുന്ന വിവരങ്ങളിൽനിന്ന്, നിങ്ങളുടെ സദസ്സിന് ഏറ്റവും വിജ്ഞാനപ്രദവും പ്രയോജനകരവും ആയവ ഉപയോഗിക്കുക. ഈ പ്രസംഗ ബുദ്ധിയുപദേശ പോയിന്റിൽ മെച്ചപ്പെടാൻ ശ്രമിക്കുമ്പോൾ നിങ്ങളുടെ ലക്ഷ്യം, എത്രമാത്രം വിവരങ്ങൾ ചർച്ച ചെയ്‌തു തീർക്കാനാകുമെന്നു കാണുകയല്ല, പകരം നിങ്ങളുടെ പ്രസംഗത്തിന്റെ അടിസ്ഥാനമായി നിയമിച്ചു തന്നിരിക്കുന്ന വിവരങ്ങൾ ഉപയോഗിക്കുക എന്നതാണ്.
നിങ്ങളുടെ പ്രസംഗം, നിയമിത വിവരങ്ങളുടെ വെറുമൊരു സംഗ്രഹം ആയിരിക്കാനല്ല പ്രതീക്ഷിക്കുന്നത്. ചില പോയിന്റുകൾ വിശദീകരിക്കാനും വിപുലീകരിക്കാനും ദൃഷ്ടാന്തീകരിക്കാനും, സാധ്യതയനുസരിച്ച് അവ ബാധകമാകുന്ന വിധം ഒരു ഉദാഹരണത്തിലൂടെ വ്യക്തമാക്കാനും, നിങ്ങൾ ആസൂത്രണം ചെയ്യേണ്ടതുണ്ട്. നിയമിച്ചു തന്നിരിക്കുന്ന വിവരങ്ങൾക്കു പകരമായി അല്ല, മറിച്ച് അതിലെ പ്രധാന പോയിന്റുകളെ വികസിപ്പിക്കാനായി വേണം കൂടുതലായ ആശയങ്ങൾ ഉപയോഗിക്കാൻ.
അധ്യാപകന്മാർ എന്ന നിലയിൽ വേണ്ടത്ര യോഗ്യതയുള്ള സഹോദരന്മാർക്ക് ക്രമേണ സേവനയോഗത്തിൽ പ്രബോധനം നൽകാനുള്ള ക്ഷണം ലഭിച്ചേക്കാം. നിയമിത വിവരങ്ങൾ മാറ്റി പകരം മറ്റു വിവരങ്ങൾ ഉപയോഗിക്കാതെ, നിയമിച്ചുകിട്ടിയിരിക്കുന്ന വിവരങ്ങൾതന്നെ ഫലപ്രദമായി ഉപയോഗിക്കേണ്ടതിന്റെ ആവശ്യം അവർ മനസ്സിലാക്കുന്നു. അതുപോലെതന്നെ, പരസ്യപ്രസംഗങ്ങൾ നടത്തുന്ന സഹോദരന്മാർക്കു പിൻപറ്റാനായി ബാഹ്യരേഖകൾ നൽകാറുണ്ട്. കുറച്ചൊക്കെ വഴക്കം അനുവദിക്കുമ്പോൾത്തന്നെ വികസിപ്പിക്കേണ്ട മുഖ്യ പോയിന്റുകളും ഉപയോഗിക്കേണ്ട ഉപോദ്‌ബലകമായ വാദമുഖങ്ങളും പ്രസംഗത്തിന്റെ അടിത്തറയായി വർത്തിക്കേണ്ട തിരുവെഴുത്തുകളും ഏതെല്ലാമാണ് എന്ന് അവ വ്യക്തമായി സൂചിപ്പിക്കുന്നു. നിയമിത വിവരങ്ങളെ അടിസ്ഥാനമാക്കി പഠിപ്പിക്കേണ്ടത് എങ്ങനെയെന്നു പഠിക്കുന്നത് മറ്റു പ്രസംഗ നിയമനങ്ങൾ തയ്യാറാകുന്ന കാര്യത്തിലും ഒരു പ്രധാന പങ്കു വഹിക്കുന്നു.
ഈ പരിശീലനം പുരോഗമനാത്മകമായ ഭവന ബൈബിളധ്യയനങ്ങൾ നടത്താനും നിങ്ങളെ സഹായിക്കും. രസകരമെങ്കിലും വിഷയം ഗ്രഹിക്കാൻ അനിവാര്യമല്ലാത്ത മറ്റു സംഗതികൾക്ക് ഊന്നൽ നൽകിക്കൊണ്ട് വിഷയത്തിൽനിന്നു വ്യതിചലിക്കുന്നതിനു പകരം അധ്യയന വിവരങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ നിങ്ങൾ പഠിക്കും. എങ്കിലും, ഈ പാഠത്തിന്റെ യഥാർഥ ഉദ്ദേശ്യം മനസ്സിലാക്കുന്നെങ്കിൽ, ഒരു വിദ്യാർഥിക്ക് ആവശ്യമായ കൂടുതലായ വിശദീകരണം ഒട്ടും നൽകുകയില്ലാത്ത വിധം അങ്ങേയറ്റം കർശനമായി നിങ്ങൾ അധ്യയന വിവരങ്ങളോട് പറ്റിനിൽക്കുകയില്ല.