സഭയ്ക്കുള്ള പ്രസംഗങ്ങൾ തയ്യാറാകൽ
മുഴു സഭയുടെയും പ്രയോജനത്തിനു വേണ്ടിയുള്ള ഒരു ക്രമീകരണമാണ് ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ. എന്നാൽ മൂല്യവത്തായ വിവരങ്ങൾ അവതരിപ്പിക്കപ്പെടുന്ന വേറെയും സന്ദർഭങ്ങളുണ്ട്. മറ്റു സഭായോഗങ്ങൾ, സമ്മേളനങ്ങൾ, കൺവെൻഷനുകൾ എന്നിവയൊക്കെ. ഇവയിൽ ഏതിലെങ്കിലും നിങ്ങൾക്ക് ഒരു നിയമനം കിട്ടിയിരിക്കുന്നെങ്കിൽ ഒരു ഭാരിച്ച ഉത്തരവാദിത്വം തന്നെയാണു നിങ്ങളെ ഭരമേൽപ്പിച്ചിരിക്കുന്നത്. അപ്പൊസ്തലനായ പൗലൊസ്, ക്രിസ്തീയ മേൽവിചാരകനായ തിമൊഥെയൊസിനെ തന്റെ പഠിപ്പിക്കലിനു നിരന്തര ശ്രദ്ധ കൊടുക്കാൻ ഉദ്ബോധിപ്പിച്ചു. (1 തിമൊ. 4:16, NW) ക്രിസ്തീയ കൂടിവരവുകളിൽ സന്നിഹിതരായിരിക്കുന്നവർ ദൈവവുമായുള്ള തങ്ങളുടെ ബന്ധത്തെ ബാധിക്കുന്ന കാര്യങ്ങളിൽ പ്രബോധനം സ്വീകരിക്കുന്നതിനു വിലയേറിയ സമയം നീക്കിവെച്ചിരിക്കുന്നവരാണ്—ചിലരുടെ കാര്യത്തിൽ വളരെയേറെ ശ്രമവും ഉൾപ്പെട്ടിരിക്കുന്നു. അത്തരം പ്രബോധനം നൽകുക എന്നതു തീർച്ചയായും ഒരു മഹത്തായ പദവിയാണ്! നിങ്ങൾക്ക് അത് എങ്ങനെ നന്നായി നിർവഹിക്കാൻ കഴിയും?
ബൈബിൾ വായനാഭാഗത്തുനിന്നുള്ള വിശേഷാശയങ്ങൾ
സ്കൂളിലെ ഈ പരിപാടി അതാതു വാരത്തേക്കു പട്ടികപ്പെടുത്തിയിട്ടുള്ള ബൈബിൾ വായനാഭാഗത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. അതിലെ വിവരങ്ങൾ ഇന്നു നമ്മെ എങ്ങനെ ബാധിക്കുന്നു എന്നതിനായിരിക്കണം ഊന്നൽ നൽകേണ്ടത്. എസ്രായും അവന്റെ സഹകാരികളും ദൈവവചനം വിശദീകരിക്കുകയും അതിന് ‘അർഥം പകരുക’യും ഗ്രാഹ്യം നൽകുകയും ചെയ്തുകൊണ്ട് അതിൽനിന്നു പരസ്യമായി വായിച്ചതായി നെഹെമ്യാവു 8:8 (NW) പറയുന്നു. ബൈബിൾ വിശേഷാശയങ്ങൾ കൈകാര്യം ചെയ്യുമ്പോൾ അങ്ങനെ ചെയ്യുന്നതിനുള്ള അവസരം നിങ്ങൾക്കും ലഭിക്കുന്നു.
നിങ്ങൾ ഈ നിയമനം എങ്ങനെയാണു തയ്യാറാകേണ്ടത്? സാധ്യമെങ്കിൽ, നിയമിത ബൈബിൾ ഭാഗം ഒരാഴ്ച മുമ്പേ—അതിലും നേരത്തേ ആയാലും കുഴപ്പമില്ല—വായിക്കുക. എന്നിട്ട് നിങ്ങളുടെ സഭയെയും അതിന്റെ ആവശ്യങ്ങളെയും കുറിച്ചു ചിന്തിക്കുക. അതേക്കുറിച്ചു പ്രാർഥിക്കുക. നിങ്ങളുടെ സഭയുടെ ആവശ്യങ്ങൾക്ക് അനുയോജ്യമായ എന്തു ബുദ്ധിയുപദേശം, ഉദാഹരണങ്ങൾ, തത്ത്വങ്ങൾ ആണ് ദൈവവചനത്തിന്റെ ഈ ഭാഗത്തുള്ളത്?
ഗവേഷണം നടത്തേണ്ടത് അനിവാര്യമാണ്. സിഡി-റോമിലുള്ള വാച്ച്ടവർ ലൈബ്രറിയോ വാച്ച് ടവർ പ്രസിദ്ധീകരണ സൂചികയോ വീക്ഷാഗോപുരത്തിന്റെ വർഷാവസാന ലക്കത്തിൽ വരാറുള്ള വിഷയസൂചികയോ ഇതിനു വേണ്ടി നന്നായി ഉപയോഗപ്പെടുത്തുക. നിങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഉദ്ദേശിക്കുന്ന വാക്യങ്ങളെ കുറിച്ചു പ്രസിദ്ധീകരിച്ചു വന്നിട്ടുള്ള വിവരങ്ങൾ ഗവേഷണം ചെയ്യുകവഴി വിജ്ഞാനപ്രദമായ പശ്ചാത്തല വിവരങ്ങൾ, പ്രവചനങ്ങളുടെ നിവൃത്തി സംബന്ധിച്ച വിശദാംശങ്ങൾ, ചില വാക്യങ്ങൾ യഹോവയെ കുറിച്ച് എന്തു വെളിപ്പെടുത്തുന്നു എന്നതു സംബന്ധിച്ച വിശകലനങ്ങൾ അല്ലെങ്കിൽ തിരുവെഴുത്തു തത്ത്വങ്ങളെ സംബന്ധിച്ച ചർച്ചകൾ എന്നിവ കണ്ടെത്താൻ കഴിഞ്ഞേക്കാം. വളരെയേറെ പോയിന്റുകൾ ഉൾക്കൊള്ളിക്കാൻ ശ്രമിക്കരുത്. തിരഞ്ഞെടുത്ത ഏതാനും വാക്യങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുക. ചുരുക്കം ചില വാക്യങ്ങൾ എടുത്ത് അവ നന്നായി വിശദീകരിക്കുന്നതാണ് ഏറെ നല്ലത്.
പ്രസ്തുത വാരത്തെ ബൈബിൾ വായന തങ്ങൾക്ക് എങ്ങനെ പ്രയോജനം ചെയ്തു എന്നതു സംബന്ധിച്ച് അഭിപ്രായങ്ങൾ പറയാൻ സദസ്യരെ ക്ഷണിക്കുന്നതും നിങ്ങളുടെ നിയമനത്തിൽ ഉൾപ്പെട്ടേക്കാം. വ്യക്തിപരവും കുടുംബമൊന്നിച്ചുള്ളതുമായ പഠനത്തിലോ അതുപോലെതന്നെ ശുശ്രൂഷയിലോ സ്വന്തം ജീവിതത്തിലോ പ്രയോജനം ചെയ്യുന്ന എന്ത് ആശയങ്ങളാണ് അവർ കണ്ടെത്തിയത്? ആളുകളോടും ജനതകളോടുമുള്ള യഹോവയുടെ ഇടപെടലുകളിൽ അവന്റെ ഏതെല്ലാം ഗുണങ്ങളാണു പ്രകടമായിരിക്കുന്നത്? തങ്ങളുടെ വിശ്വാസത്തെ ബലിഷ്ഠമാക്കുകയും യഹോവയോടുള്ള വിലമതിപ്പു വർധിപ്പിക്കുകയും ചെയ്ത എന്താണു സദസ്യർ മനസ്സിലാക്കിയത്? അങ്ങേയറ്റം സൂക്ഷ്മവും സങ്കീർണവുമായ ആശയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാതിരിക്കുക. തിരഞ്ഞെടുത്ത ആശയങ്ങളുടെ അർഥത്തിനും പ്രായോഗിക മൂല്യത്തിനും ഊന്നൽ നൽകുക.
പ്രബോധന പ്രസംഗം
പ്രസിദ്ധീകരിച്ചു വന്നിട്ടുള്ള വിവരങ്ങളെ അടിസ്ഥാനമാക്കി നടത്തുന്ന പ്രസംഗമാണിത്. ഈ വിവരങ്ങൾ, വീക്ഷാഗോപുരത്തിലെയോ ഉണരുക!യിലെയോ ഒരു ലേഖനത്തിൽനിന്ന് അല്ലെങ്കിൽ ചിലപ്പോൾ ഒരു പുസ്തകത്തിൽനിന്ന് ഉള്ളതാകാം. മിക്കപ്പോഴും നിയമിത സമയത്തിനുള്ളിൽ തീർക്കാവുന്നതിനെക്കാൾ കൂടുതൽ വിവരങ്ങൾ കാണും. ഈ നിയമനം നിങ്ങൾ എങ്ങനെയാണു കൈകാര്യം ചെയ്യേണ്ടത്? വെറുതെ, വിവരങ്ങൾ ചർച്ചചെയ്യുന്ന ഒരാളെന്ന നിലയിലല്ല, പകരം ഒരു ഉപദേഷ്ടാവ് എന്ന നിലയിൽ വേണം നിങ്ങൾ ആ നിയമനം നിർവഹിക്കാൻ. ഒരു അധ്യക്ഷൻ അല്ലെങ്കിൽ മേൽവിചാരകൻ ‘ഉപദേശിപ്പാൻ സമർത്ഥൻ’ ആയിരിക്കണം.—1 തിമൊ. 3:2.
ആദ്യംതന്നെ നിയമിതഭാഗം പഠിക്കുക. തിരുവെഴുത്തുകൾ എടുത്തു നോക്കുക. ധ്യാനിക്കുക. പ്രസംഗ ദിവസത്തിനും വളരെ മുമ്പുതന്നെ ഇതു ചെയ്യാൻ ശ്രമിക്കുക. ഏതു വിവരങ്ങളെ ആസ്പദമാക്കിയാണോ നിങ്ങൾ പ്രസംഗം തയ്യാറാകുന്നത്, പ്രസിദ്ധീകരിച്ചു വന്നിട്ടുള്ള ആ വിവരങ്ങൾ നേരത്തേതന്നെ വായിച്ചുവെക്കാൻ സഹോദരങ്ങൾ പ്രോത്സാഹിപ്പിക്കപ്പെടുന്നു എന്ന കാര്യം മനസ്സിൽ പിടിക്കുക. അവ കേവലം പുനരവലോകനം ചെയ്യുകയോ സംഗ്രഹിച്ചു പറയുകയോ അല്ല നിങ്ങളുടെ നിയമനം. പകരം അവ എങ്ങനെ ബാധകമാക്കണമെന്നു കാണിച്ചുകൊടുക്കുകയാണു ചെയ്യേണ്ടത്. അനുയോജ്യമായ ഭാഗങ്ങൾ തിരഞ്ഞെടുത്ത് അവ സഭയ്ക്കു യഥാർഥത്തിൽ പ്രയോജനം ചെയ്യുന്ന വിധത്തിൽ ഉപയോഗിക്കുക.
ഓരോ കുട്ടിക്കും തന്റേതായ വ്യക്തിത്വം ഉള്ളതുപോലെ, ഓരോ സഭയ്ക്കും അതിന്റേതായ സവിശേഷതകളുണ്ട്. തന്റെ കുട്ടിയെ ഫലപ്രദമായി ഉപദേശിക്കുന്ന അഥവാ പഠിപ്പിക്കുന്ന ഒരു പിതാവ് അവനെ ധാർമിക തത്ത്വങ്ങൾ വെറുതെ ഉരുവിട്ടു കേൾപ്പിക്കുകയല്ല ചെയ്യുന്നത്. അദ്ദേഹം കുട്ടിയുമായി ന്യായവാദം ചെയ്യുന്നു. കുട്ടിയുടെ വ്യക്തിത്വവും അവൻ നേരിടുന്ന പ്രശ്നങ്ങളും അദ്ദേഹം കണക്കിലെടുക്കും. സമാനമായി, സഭയിൽ പഠിപ്പിക്കുന്നവർ തങ്ങൾ അഭിസംബോധന ചെയ്യുന്ന കൂട്ടത്തിന്റെ ആവശ്യങ്ങൾ മനസ്സിലാക്കി അവയ്ക്ക് അനുഗുണമായ വിധത്തിൽ വിവരങ്ങൾ അവതരിപ്പിക്കാൻ ശ്രമിക്കുന്നു. എന്നിരുന്നാലും വിവേകത്തോടെ പഠിപ്പിക്കുന്ന ഒരുവൻ, സദസ്സിലുള്ള ആരെയെങ്കിലും വിഷമിപ്പിക്കുന്ന തരത്തിലുള്ള ഉദാഹരണങ്ങൾ ഉപയോഗിക്കുന്നത് ഒഴിവാക്കും. അദ്ദേഹം, യഹോവയുടെ വഴിയിൽ നടക്കുന്നതിന്റെ ഫലമായി ഇപ്പോൾത്തന്നെ ആസ്വദിക്കാനാകുന്ന പ്രയോജനങ്ങൾ ചൂണ്ടിക്കാട്ടി, സഭ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെ വിജയകരമായി കൈകാര്യം ചെയ്യുന്നതിന് അവരെ സഹായിക്കുന്ന തിരുവെഴുത്തു ബുദ്ധിയുപദേശത്തിലേക്കു ശ്രദ്ധ ക്ഷണിക്കും.
നല്ല പഠിപ്പിക്കൽ സദസ്യരുടെ ഹൃദയങ്ങളെ സ്പർശിക്കുന്നു. ഇതിന്, കേവലം വസ്തുതകൾ നിരത്തിയാൽ പോരാ. ആ വസ്തുതകൾ എന്തിനെ പ്രതിനിധാനം ചെയ്യുന്നുവോ അവയോടുള്ള വിലമതിപ്പു വളർത്തേണ്ടതും ആവശ്യമാണ്. ഇതിന്, പ്രബോധനം സ്വീകരിക്കാനായി എത്തിയിരിക്കുന്നവരിൽ ആത്മാർഥമായ താത്പര്യം ഉണ്ടായിരിക്കേണ്ടത് അനിവാര്യമാണ്. ആത്മീയ ഇടയന്മാർ തങ്ങളുടെ ആട്ടിൻകൂട്ടത്തെ അറിഞ്ഞിരിക്കണം. വ്യത്യസ്ത ആടുകൾ നേരിടുന്ന പ്രശ്നങ്ങൾ അവർ സ്നേഹപൂർവം മനസ്സിൽ പിടിക്കുന്നപക്ഷം, സഹാനുഭൂതിയും അനുകമ്പയും സമാനുഭാവവും പ്രകടിപ്പിച്ചുകൊണ്ട് പ്രോത്സാഹനമേകുന്ന വിധത്തിൽ സംസാരിക്കാൻ അവർക്കു കഴിയും.
ഒരു പ്രസംഗത്തിനു വ്യക്തമായ ഒരു ലക്ഷ്യം കൂടിയേ തീരൂ എന്ന് മികച്ച അധ്യാപകർക്ക് അറിയാം. മുഖ്യ പോയിന്റുകളെ മികച്ചുനിൽക്കുമാറാക്കി അവ ഓർത്തിരിക്കാൻ സഹായിക്കുന്ന വിധത്തിൽ വേണം വിവരങ്ങൾ അവതരിപ്പിക്കാൻ. തങ്ങളുടെ ജീവിതത്തെ സ്പർശിക്കുന്ന പ്രായോഗിക ആശയങ്ങളുമായി മടങ്ങിപ്പോകാൻ സദസ്സിലുള്ളവർക്കു കഴിയണം.
സേവനയോഗം
നമ്മുടെ രാജ്യ ശുശ്രൂഷയിലെ ഒരു ലേഖനത്തെ ആസ്പദമാക്കി പ്രസംഗം നടത്തുമ്പോൾ അൽപ്പം വ്യത്യസ്തമായ ഒരു വെല്ലുവിളിയെ ആയിരിക്കാം നിങ്ങൾക്കു നേരിടേണ്ടി വരിക. നൽകിയിരിക്കുന്ന വിവരങ്ങൾ മുഴുവനും അവതരിപ്പിക്കാൻ പലപ്പോഴും നിങ്ങളിൽനിന്നു പ്രതീക്ഷിക്കുന്നു. അത്തരം സന്ദർഭങ്ങളിൽ ഏറ്റവും യോജിച്ച വിവരങ്ങൾ തിരഞ്ഞെടുക്കാനുള്ള അവസരം ഉണ്ടാകില്ല. നൽകിയിരിക്കുന്ന ഏതൊരു ബുദ്ധിയുപദേശത്തിനും ആധാരമായി കൊടുത്തിരിക്കുന്ന തിരുവെഴുത്തുകളെ കുറിച്ചു ന്യായയുക്തമായി ചിന്തിക്കാൻ സദസ്സിനെ സഹായിക്കുക. (തീത്തൊ. 1:9, NW) സമയം പരിമിതമായതിനാൽ മിക്കപ്പോഴും കൂടുതൽ വിവരങ്ങൾ ഉൾപ്പെടുത്താനാവില്ല.
അതേസമയം, നമ്മുടെ രാജ്യ ശുശ്രൂഷയിലെ ഒരു ലേഖനത്തിൽനിന്ന് അല്ലാത്ത വിവരങ്ങൾ അവതരിപ്പിക്കാൻ നിങ്ങൾക്കു നിയമനം ലഭിച്ചേക്കാം. ഒരുപക്ഷേ വീക്ഷാഗോപുരത്തിലെ ഒരു ലേഖനത്തിൽ നിന്നുള്ള വിവരങ്ങൾ ഉൾപ്പെടുത്താനായിരിക്കും നിർദേശം. അല്ലെങ്കിൽ ഹ്രസ്വമായ ഏതാനും ആശയങ്ങൾ മാത്രമായിരിക്കാം നൽകിയിരിക്കുന്നത്. പഠിപ്പിക്കുന്ന വ്യക്തി എന്ന നിലയിൽ നിങ്ങൾ വേണം നിയമിച്ചു തന്നിരിക്കുന്ന വിവരങ്ങളുടെ വെളിച്ചത്തിൽ സഭയുടെ ആവശ്യങ്ങൾ എന്തൊക്കെയാണെന്നു പരിചിന്തിക്കാൻ. ഒരുപക്ഷേ നിങ്ങൾ കുറിക്കു കൊള്ളുന്ന ഹ്രസ്വമായ ഒരു ദൃഷ്ടാന്തമോ അനുയോജ്യമായ ഒരു അനുഭവമോ ഉപയോഗിക്കേണ്ടതുണ്ടായിരിക്കും. നിങ്ങളുടെ നിയമനം ആ വിഷയത്തെ കുറിച്ചു കേവലം പ്രസംഗിക്കാനല്ല, പിന്നെയോ ദൈവവചനത്തിൽ പറഞ്ഞിരിക്കുന്ന വേല നിർവഹിക്കാനും അതിൽ സന്തോഷിക്കാനും സഭയെ സഹായിക്കുന്ന വിധത്തിൽ അതു കൈകാര്യം ചെയ്യുക എന്നതാണെന്ന് ഓർമിക്കുക.—പ്രവൃ. 20:20, 21.
നിയമനം തയ്യാറാകവേ, സഭയിലുള്ളവരുടെ സാഹചര്യങ്ങളെ കുറിച്ചു ചിന്തിക്കുക. അവർ ഇപ്പോൾത്തന്നെ ചെയ്യുന്ന കാര്യങ്ങളെപ്രതി അവരെ അഭിനന്ദിക്കുക. നിയമിതഭാഗത്തു നൽകിയിരിക്കുന്ന നിർദേശങ്ങൾ ബാധകമാക്കുന്നത് ശുശ്രൂഷയിലെ അവരുടെ ഫലപ്രദത്വവും സന്തോഷവും വർധിപ്പിച്ചേക്കാവുന്നത് എങ്ങനെ?
നിങ്ങളുടെ പരിപാടിയിൽ പ്രകടനമോ അഭിമുഖമോ നടത്തേണ്ടതുണ്ടോ? ഉണ്ടെങ്കിൽ, അതിനായി മുന്നമേ ആസൂത്രണം ചെയ്യേണ്ടതുണ്ട്. അതിനുള്ള ക്രമീകരണങ്ങൾ മറ്റാരെയെങ്കിലും ഏൽപ്പിക്കാനുള്ള പ്രലോഭനം തോന്നിയേക്കാം. എന്നാൽ അത് എല്ലായ്പോഴും മികച്ച ഫലങ്ങൾ കൈവരുത്തുന്നില്ല. സാധിക്കുമെങ്കിൽ, യോഗദിവസത്തിനു മുമ്പുതന്നെ പ്രകടനമോ അഭിമുഖമോ റിഹേഴ്സ് ചെയ്യുക. നിങ്ങളുടെ പരിപാടിയിലെ ഈ ഭാഗം, നൽകപ്പെടുന്ന പ്രബോധനത്തിനു ശരിക്കും മാറ്റു കൂട്ടുന്ന വിധത്തിൽ നിർവഹിക്കപ്പെടുന്നു എന്ന് ഉറപ്പു വരുത്തുക.
സമ്മേളനങ്ങളും കൺവെൻഷനുകളും
നല്ല ആത്മീയ ഗുണങ്ങൾ വളർത്തിയെടുക്കുകയും പരസ്യമായി പ്രസംഗിക്കുന്നതിലും പഠിപ്പിക്കുന്നതിലും വിദഗ്ധരായിത്തീരുകയും ചെയ്യുന്ന സഹോദരന്മാരോട് ക്രമേണ സമ്മേളനത്തിലോ കൺവെൻഷനിലോ പരിപാടികൾ നടത്താൻ ആവശ്യപ്പെട്ടേക്കാം. ഇവ ശരിക്കും ദിവ്യാധിപത്യ വിദ്യാഭ്യാസത്തിനുള്ള വിശേഷാവസരങ്ങൾ തന്നെയാണ്. ഇവയ്ക്കുള്ള നിയമനങ്ങൾ, വായനാപ്രസംഗനോട്ടിന്റെയോ ഒരു ബാഹ്യരേഖയുടെയോ ആധുനിക കാലത്തേക്കുള്ള പാഠം ഉൾക്കൊള്ളുന്ന ഒരു ബൈബിൾ നാടകത്തിനു വേണ്ടിയുള്ള നിർദേശങ്ങളുടെയോ അല്ലെങ്കിൽ വെറും ഒരു ഖണ്ഡികയിൽ കൊള്ളുന്ന നിർദേശങ്ങളുടെയോ രൂപത്തിലായിരിക്കാം ലഭിക്കുക. അത്തരം ഒരു പരിപാടി നടത്താനുള്ള പദവി നിങ്ങൾക്കു ലഭിക്കുന്ന പക്ഷം, തന്നിരിക്കുന്ന വിവരങ്ങൾ ശ്രദ്ധാപൂർവം പഠിക്കുക. അതിന്റെ മൂല്യം ശരിക്കു മനസ്സിലാകുന്നതുവരെ അതുമായി സുപരിചിതരാകുക.
വായനാപ്രസംഗം നടത്താൻ നിയമനം ലഭിക്കുന്നവർ നോട്ടിലുള്ള വിവരങ്ങൾ പദാനുപദം വായിക്കാൻ പ്രതീക്ഷിക്കപ്പെടുന്നു. അവർ അതിലുള്ള പദങ്ങൾക്കു പകരം മറ്റു പദങ്ങൾ ഉപയോഗിക്കുകയോ വിവരങ്ങൾ മാറ്റിമറിക്കുകയോ ചെയ്യുന്നില്ല. മുഖ്യ പോയിന്റുകളും അവ വികസിപ്പിച്ചിരിക്കുന്ന വിധവും വ്യക്തമായി മനസ്സിലാക്കാൻ അവർ അതു പഠിക്കുന്നു. ഊന്നൽ കൊടുക്കേണ്ട പദങ്ങൾക്ക് ഊന്നൽ കൊടുത്തും ഉത്സാഹം, ഊഷ്മളത, വികാരഭാവം, ഗൗരവം, ബോധ്യം, വലിയ ഒരു സദസ്സിന് അനുയോജ്യമായ ശബ്ദം, തീവ്രത എന്നിവയോടു കൂടിയും പ്രസംഗം അവതരിപ്പിക്കാൻ കഴിയുന്നതുവരെ അവർ അത് ഉച്ചത്തിൽ വായിച്ചു പരിശീലിക്കുന്നു.
ബാഹ്യരേഖയിൽ അധിഷ്ഠിതമായ പ്രസംഗം നിർവഹിക്കാൻ നിയമനം ലഭിക്കുന്ന സഹോദരന്മാർ ബാഹ്യരേഖയുമായി ഏറ്റവും യോജിച്ചു പോകുന്ന വിധത്തിൽ വേണം പ്രസംഗം വികസിപ്പിക്കാൻ. പ്രസംഗസമയത്ത് ബാഹ്യരേഖയിൽനിന്നോ പറയാനുള്ളതു മുഴുവൻ എഴുതി ഉണ്ടാക്കിയ ഒരു നോട്ടിൽനിന്നോ വായിക്കുന്നതിനു പകരം, വിവരങ്ങൾ വാചാപ്രസംഗ രൂപത്തിൽ ഹൃദയത്തിൽനിന്നു പറയാൻ പ്രസംഗകനു കഴിയണം. നൽകിയിരിക്കുന്ന ഓരോ മുഖ്യ പോയിന്റും വ്യക്തമായി അവതരിപ്പിക്കാൻ കഴിയേണ്ടതിന് ബാഹ്യരേഖയിൽ പറഞ്ഞിരിക്കുന്ന സമയത്തോടു പറ്റിനിൽക്കുന്നതു പ്രധാനമാണ്. മുഖ്യ പോയിന്റുകളുടെ കീഴിൽ പട്ടികപ്പെടുത്തിയിരിക്കുന്ന ആശയങ്ങളും തിരുവെഴുത്തുകളും പ്രസംഗകൻ നന്നായി ഉപയോഗപ്പെടുത്തണം. അദ്ദേഹം ബാഹ്യരേഖയിലുള്ള പോയിന്റുകൾ മാറ്റി തനിക്ക് ഇഷ്ടമുള്ള മറ്റ് പോയിന്റുകൾ ചേർക്കാൻ പാടില്ല. തീർച്ചയായും, പ്രബോധനത്തിനുള്ള അടിസ്ഥാനം ദൈവവചനമാണ്. “വചനം പ്രസംഗിക്ക” എന്ന ഉത്തരവാദിത്വമാണു ക്രിസ്തീയ മൂപ്പന്മാർക്കുള്ളത്. (2 തിമൊ. 4:1, 2) അതുകൊണ്ട് ബാഹ്യരേഖയിൽ കൊടുത്തിരിക്കുന്ന തിരുവെഴുത്തുകളെ കുറിച്ചു ന്യായവാദം ചെയ്ത് അവ എങ്ങനെ ബാധകമാകുന്നു എന്നു വ്യക്തമാക്കിക്കൊണ്ട് പ്രസംഗകൻ അവയ്ക്കു വിശേഷ ശ്രദ്ധ നൽകേണ്ടതുണ്ട്.
പിന്നത്തേക്കു മാറ്റിവെക്കരുത്
പ്രസംഗങ്ങൾ നടത്താൻ ധാരാളം അവസരങ്ങൾ ലഭിക്കുന്ന ഒരു സഭയിലാണോ നിങ്ങൾ സേവിക്കുന്നത്? അവയ്ക്കെല്ലാം വേണ്ടത്ര ശ്രദ്ധ നൽകാൻ നിങ്ങൾക്ക് എങ്ങനെ കഴിയും? അതിന് നിയമനങ്ങൾ അവസാന നിമിഷം തയ്യാറാകുന്നത് ഒഴിവാക്കുക.
മുന്നമേ വേണ്ടത്ര ചിന്തിച്ചു തയ്യാറാകുന്ന പ്രസംഗങ്ങളായിരിക്കും സഭയ്ക്ക് യഥാർഥ പ്രയോജനം ചെയ്യുക. അതുകൊണ്ട്, ഏതു നിയമനം കിട്ടിയാലും നിയമിത ഭാഗം ഉടനെ വായിക്കുന്നതു ശീലമാക്കുക. അങ്ങനെയാകുമ്പോൾ മറ്റു പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന സമയത്ത് നിങ്ങൾക്ക് അതേക്കുറിച്ചു ചിന്തിക്കാൻ സാധിക്കും. പ്രസംഗം നടത്തുന്നതിനു മുമ്പുള്ള ദിവസങ്ങളിലോ ആഴ്ചകളിലോ, ആ വിവരങ്ങൾ എത്ര നന്നായി ബാധകമാക്കാമെന്നു കാണാൻ നിങ്ങളെ സഹായിക്കുന്ന അഭിപ്രായങ്ങൾ നിങ്ങൾ കേൾക്കാനിടയായേക്കാം. അവ എത്ര കാലോചിതമാണെന്നു വെളിപ്പെടുത്തുന്ന സാഹചര്യങ്ങൾ ഉടലെടുത്തേക്കാം. നിയമനം ലഭിക്കുന്ന ഉടനെ അതുമായി ബന്ധപ്പെട്ട വിവരങ്ങൾ വായിക്കാനും അവയെ കുറിച്ചു ചിന്തിക്കാനും സമയം ആവശ്യമാണ്. എന്നാൽ അതിനു ചെലവഴിക്കുന്ന സമയം ഒരിക്കലും ഒരു നഷ്ടമല്ല. കാരണം, ഒടുവിൽ ബാഹ്യരേഖ വികസിപ്പിക്കാൻ തുടങ്ങുമ്പോൾ, അതേക്കുറിച്ചു മുൻകൂട്ടി ചിന്തിച്ചതിന്റെ പ്രയോജനങ്ങൾ നിങ്ങൾ കൊയ്യും. നിയമനങ്ങൾ ഈ രീതിയിൽ കൈകാര്യം ചെയ്യുന്നത് സമ്മർദം വളരെയേറെ ലഘൂകരിക്കുമെന്നു മാത്രമല്ല, പ്രായോഗികവും സഭയിലുള്ളവരുടെ ഹൃദയങ്ങളിൽ എത്തിച്ചേരുന്നതുമായ ഒരു വിധത്തിൽ വിവരങ്ങൾ അവതരിപ്പിക്കുന്നതിനു നിങ്ങളെ സഹായിക്കുകയും ചെയ്യും.
തന്റെ ജനത്തിനായുള്ള യഹോവയുടെ വിദ്യാഭ്യാസ പരിപാടിയെ പ്രതി നിങ്ങളെ ഭരമേൽപ്പിച്ചിരിക്കുന്ന വരം എത്രയധികം വിലമതിക്കുന്നുവോ, അത്രയധികം നിങ്ങൾ അവനു സ്തുതി കരേറ്റുകയും അവനെ സ്നേഹിക്കുന്നവർക്ക് ഒരു അനുഗ്രഹമെന്നു തെളിയുകയും ചെയ്യും.—യെശ. 54:13; റോമ. 12:6-8.