വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • be പാഠം 6 പേ. 101-പേ. 104 ഖ. 4
  • മുഖ്യ പദങ്ങൾ ശരിയായി ഊന്നിപ്പറയൽ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • മുഖ്യ പദങ്ങൾ ശരിയായി ഊന്നിപ്പറയൽ
  • ദിവ്യാധിപത്യ ശുശ്രൂഷാസ്‌കൂൾ വിദ്യാഭ്യാസത്തിൽനിന്നു പ്രയോജനം നേടുക
  • സമാനമായ വിവരം
  • തിരുവെഴുത്തുകൾ ശരിയായ ഊന്നൽ കൊടുത്തു വായിക്കൽ
    ദിവ്യാധിപത്യ ശുശ്രൂഷാസ്‌കൂൾ വിദ്യാഭ്യാസത്തിൽനിന്നു പ്രയോജനം നേടുക
  • അർഥം ഊന്നിപ്പറയലും ഉച്ചനീചത്വവും
    ദിവ്യാധിപത്യ ശുശ്രൂഷാസ്‌കൂൾ ഗൈഡ്‌ബുക്ക്‌
  • തോൽപ്പിക്കാം മാനസിക സംഘർഷത്തെ!
    ഉണരുക!—2010
  • സമ്മർദങ്ങൾ—ഗുണകരമായതും അല്ലാത്തതും
    ഉണരുക!—1998
കൂടുതൽ കാണുക
ദിവ്യാധിപത്യ ശുശ്രൂഷാസ്‌കൂൾ വിദ്യാഭ്യാസത്തിൽനിന്നു പ്രയോജനം നേടുക
be പാഠം 6 പേ. 101-പേ. 104 ഖ. 4

പാഠം 6

മുഖ്യ പദങ്ങൾ ശരിയായി ഊന്നിപ്പറയൽ

നിങ്ങൾ എന്താണു ചെയ്യേണ്ടത്‌?

അവതരിപ്പിക്കുന്ന ആശയങ്ങൾ ശ്രോതാക്കൾക്ക്‌ എളുപ്പത്തിൽ ഗ്രഹിക്കാൻ പറ്റിയ ഒരു വിധത്തിൽ പദങ്ങളും പദസമൂഹങ്ങളും ഊന്നിപ്പറയുക.

അത്‌ എന്തുകൊണ്ട്‌ പ്രധാനം?

പദങ്ങളും പദസമൂഹങ്ങളും ശരിയായി ഊന്നിപ്പറയുന്നത്‌, സദസ്സിന്റെ ശ്രദ്ധ പിടിച്ചുനിറുത്താനും അവരെ കാര്യങ്ങൾ ബോധ്യപ്പെടുത്താനും അല്ലെങ്കിൽ പ്രചോദിപ്പിക്കാനും പ്രസംഗകനെ സഹായിക്കുന്നു.

പ്രസംഗിക്കുകയോ ഉറക്കെ വായിക്കുകയോ ചെയ്യുമ്പോൾ, നിങ്ങൾ ഓരോ പദവും ശരിയായി ഉച്ചരിച്ചാൽ മാത്രം പോരാ, മുഖ്യ പദങ്ങളും ആശയങ്ങൾ ഉൾക്കൊള്ളുന്ന പദപ്രയോഗങ്ങളും ആശയങ്ങൾ വ്യക്തമായി ധ്വനിപ്പിക്കുന്ന വിധത്തിൽ ഊന്നിപ്പറയേണ്ടതുണ്ട്‌.

പദങ്ങളോ പദസമൂഹങ്ങളോ ശരിയായി ഊന്നിപ്പറയുന്നതിൽ, ഏതാനും പദങ്ങൾക്ക്‌ അല്ലെങ്കിൽ കുറെയേറെ പദങ്ങൾക്കു വർധിച്ച ഊന്നൽ കൊടുത്തു പറയുന്നതിലധികം ഉൾപ്പെടുന്നു. ഊന്നൽ ആവശ്യമുള്ള പദങ്ങൾക്കു തന്നെ ഊന്നൽ കൊടുക്കേണ്ടതുണ്ട്‌. ഊന്നൽ ആവശ്യമില്ലാത്ത പദങ്ങൾക്ക്‌ ഊന്നൽ കൊടുത്താൽ നിങ്ങൾ പറയുന്നതിന്റെ അർഥം സദസ്സിനു വ്യക്തമാകാതെ പോകാനും തത്‌ഫലമായി അവരുടെ ചിന്തകൾ മറ്റു കാര്യങ്ങളിലേക്കു തിരിയാനും ഇടയുണ്ട്‌. വിവരങ്ങൾ എത്ര വിജ്ഞാനപ്രദം ആയിരുന്നാലും, പദങ്ങൾ ശരിയായി ഊന്നിപ്പറയാതെ അവ അവതരിപ്പിച്ചാൽ സദസ്സിനു വേണ്ടത്ര പ്രചോദനം ലഭിക്കില്ല.

വർധിച്ച ഊന്നൽ നൽകുന്നതിനു വിവിധ മാർഗങ്ങൾ അവലംബിക്കാൻ കഴിയും. മിക്കപ്പോഴും ഇവയിൽ ഒന്നിലേറെ മാർഗങ്ങൾ ഒരുമിച്ച്‌ ഉപയോഗിക്കാറുണ്ട്‌. ശബ്ദം കൂട്ടുക, വികാരതീവ്രത വർധിപ്പിക്കുക, സാവധാനത്തിലും നിറുത്തിനിറുത്തിയും സംസാരിക്കുക, ഒരു പ്രസ്‌താവനയ്‌ക്കു മുമ്പോ ശേഷമോ (രണ്ടു സമയത്തുമോ) നിറുത്തുക, ആംഗ്യങ്ങളും മുഖഭാവങ്ങളും ഉപയോഗിക്കുക ഇവയൊക്കെയാണ്‌ ആ മാർഗങ്ങൾ. ചില ഭാഷകളിൽ ഊന്നൽ ദ്യോതിപ്പിക്കുന്നതിനുള്ള മറ്റൊരു മാർഗമാണ്‌ സ്ഥായി താഴ്‌ത്തുന്നത്‌ അല്ലെങ്കിൽ ഉയർത്തുന്നത്‌. അവതരിപ്പിക്കുന്ന വിവരങ്ങളും സാഹചര്യങ്ങളും കണക്കിലെടുത്തുകൊണ്ട്‌ ഏതായിരിക്കും ഏറ്റവും അനുയോജ്യമെന്നു തീരുമാനിക്കുക.

ഏതു പദങ്ങൾക്ക്‌ അല്ലെങ്കിൽ പദസമൂഹങ്ങൾക്ക്‌ ആണ്‌ ഊന്നൽ കൊടുക്കേണ്ടത്‌ എന്നു തീരുമാനിക്കുന്ന സമയത്ത്‌ പിൻവരുന്ന കാര്യങ്ങൾ പരിചിന്തിക്കുക. (1) ഏതൊരു വാചകത്തിലും, വർധിച്ച ഊന്നൽ കൊടുക്കേണ്ട പദങ്ങൾ ഏവയെന്നു നിർണയിക്കുന്ന കാര്യത്തിൽ ആ വാചകത്തിന്റെ ശേഷിച്ച ഭാഗത്തിനും അതുപോലെ സന്ദർഭത്തിനും ഒരു പങ്കുണ്ട്‌. (2) പദങ്ങൾക്കോ പദസമൂഹങ്ങൾക്കോ ഊന്നൽ കൊടുക്കുന്ന രീതി ഒരു പുതിയ ആശയത്തിന്റെ​—ഈ പുതിയ ആശയം ഒരു മുഖ്യ പോയിന്റോ കേവലം വാദഗതിയിലെ ഒരു മാറ്റമോ ആകാം​—ആരംഭഭാഗത്തിന്‌ ഊന്നൽ നൽകാൻ വേണ്ടി ഉപയോഗിക്കാവുന്നതാണ്‌. ഒരു വാദഗതിയുടെ ഉപസംഹാരത്തിലേക്കു ശ്രദ്ധ ക്ഷണിക്കാനും അത്‌ ഉപയോഗിക്കാവുന്നതാണ്‌. (3) ഒരു സംഗതിയെ കുറിച്ചു തനിക്കുള്ള വികാരം ധ്വനിപ്പിക്കാൻ ഒരു പ്രസംഗകൻ ഇത്തരത്തിലുള്ള ഊന്നൽ ഉപയോഗിച്ചേക്കാം. (4) ഒരു പ്രസംഗത്തിന്റെ മുഖ്യ പോയിന്റുകൾ എടുത്തുകാണിക്കാനും ഇതുപോലുള്ള ഊന്നൽ ഉപയോഗിക്കാവുന്നതാണ്‌.

പദങ്ങൾക്കോ പദസമൂഹങ്ങൾക്കോ ഊന്നൽ നൽകുന്ന രീതി ഈ വിധങ്ങളിൽ ഉപയോഗിക്കുന്നതിന്‌, പ്രസംഗമോ പരസ്യവായനയോ നടത്തുന്ന വ്യക്തി താൻ അവതരിപ്പിക്കാൻ പോകുന്ന വിവരങ്ങൾ വ്യക്തമായി മനസ്സിലാക്കിയിരിക്കണം. മാത്രമല്ല, തന്റെ സദസ്സ്‌ അവ ഉൾക്കൊള്ളണമെന്ന ആത്മാർഥമായ ആഗ്രഹവും അദ്ദേഹത്തിന്‌ ഉണ്ടായിരിക്കണം. എസ്രായുടെ നാളിൽ നൽകപ്പെട്ട പ്രബോധനത്തെ കുറിച്ച്‌ നെഹെമ്യാവു 8:8 ഇപ്രകാരം പ്രസ്‌താവിക്കുന്നു: “അവർ ദൈവത്തിന്റെ ന്യായപ്രമാണപുസ്‌തകം തെളിവായി വായിച്ചുകേൾപ്പിക്കയും വായിച്ചതു ഗ്രഹിപ്പാൻതക്കവണ്ണം അർത്ഥം പറഞ്ഞുകൊടുക്കയും ചെയ്‌തു.” ആ സന്ദർഭത്തിൽ ദൈവത്തിന്റെ ന്യായപ്രമാണം വായിച്ചു വിശദീകരിച്ചവർ, വായിച്ച കാര്യങ്ങളുടെ അർഥം ഗ്രഹിക്കാനും അവ മനസ്സിൽ സൂക്ഷിക്കാനും ജീവിതത്തിൽ ബാധകമാക്കാനും തങ്ങളുടെ സദസ്യരെ സഹായിക്കുന്നതിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞിരുന്നു എന്നു വ്യക്തം.

പ്രശ്‌നം സൃഷ്ടിച്ചേക്കാവുന്ന ചില കാര്യങ്ങൾ. നിത്യേനയുള്ള സാധാരണ സംഭാഷണത്തിൽ, ശരിയായ സ്ഥാനങ്ങളിൽ ഊന്നൽ കൊടുത്തുകൊണ്ടു പറയുന്ന കാര്യങ്ങളുടെ അർഥം വ്യക്തമാക്കാൻ മിക്കവർക്കും കഴിയുന്നു. എന്നിരുന്നാലും, മറ്റാരെങ്കിലും എഴുതിയ വിവരങ്ങൾ വായിക്കുമ്പോൾ ഏതു പദങ്ങൾക്കാണ്‌ അല്ലെങ്കിൽ പദപ്രയോഗങ്ങൾക്കാണ്‌ ഊന്നൽ കൊടുക്കേണ്ടത്‌ എന്നു നിർണയിക്കുക ബുദ്ധിമുട്ടായിരുന്നേക്കാം. ഇത്‌ അറിയാനുള്ള ഏറ്റവും നല്ല മാർഗം വിവരങ്ങൾ വ്യക്തമായി മനസ്സിലാക്കുക എന്നതാണ്‌. ഇതിന്‌ എഴുതിയിരിക്കുന്ന കാര്യങ്ങൾ സശ്രദ്ധം പഠിക്കേണ്ടത്‌ ആവശ്യമാണ്‌. അതുകൊണ്ട്‌, സഭായോഗത്തിൽ നിങ്ങൾക്കു വായിക്കുന്നതിനുള്ള നിയമനം ലഭിക്കുന്നെങ്കിൽ അതിനായി നിങ്ങൾ നന്നായി തയ്യാറാകേണ്ടതുണ്ട്‌.

ചിലർ, പദ ഊന്നലിനു പകരം “ഇടവിട്ടുള്ള ഊന്നൽ” എന്നു വിളിക്കാവുന്ന ഒന്നാണ്‌ ഉപയോഗിക്കുന്നത്‌. ഊന്നൽ ആവശ്യമാണെങ്കിലും അല്ലെങ്കിലും, അവർ ഏറെക്കുറെ നിശ്ചിതമായ ഇടവേളകളിൽ വാക്കുകൾക്ക്‌ ഊന്നൽ കൊടുക്കുന്നു. ചിലയാളുകൾ ദ്യോതകശബ്ദങ്ങൾക്ക്‌ അഥവാ തനതായ അർഥം ഇല്ലാത്തവയും വ്യാകരണ ധർമം മാത്രം നിർവഹിക്കുന്നവയുമായ പദങ്ങൾക്ക്‌​—ഗതി (ഉദാ: മുതൽ, വരെ, കൊണ്ട്‌), ഘടകം (ഉദാ: ആകയാൽ, എന്തുകൊണ്ടെന്നാൽ, പക്ഷേ) തുടങ്ങിയവയ്‌ക്ക്‌​—അമിത ഊന്നൽ നൽകുന്നു. ഊന്നൽ ആശയവ്യക്തതയ്‌ക്ക്‌ ഉപകരിക്കാത്തപ്പോൾ വളരെ പെട്ടെന്നുതന്നെ അത്‌ ശ്രദ്ധാശൈഥില്യത്തിന്‌ ഇടയാക്കുന്ന ഒരു വൈകൃതമായിത്തീരുന്നു.

പദങ്ങളോ പദസമൂഹങ്ങളോ ഊന്നിപ്പറയാനുള്ള ശ്രമത്തിൽ ചില പ്രസംഗകർ വളരെ ശബ്ദമുയർത്തി, അതായത്‌ പ്രസംഗകൻ തങ്ങളെ ശകാരിക്കുക ആണെന്ന തോന്നൽ സദസ്സിന്‌ ഉളവാകുന്ന വിധത്തിൽ, സംസാരിക്കുന്നു. തീർച്ചയായും, അത്‌ മികച്ച ഫലങ്ങൾ ഉളവാക്കുകയില്ല. പദങ്ങൾക്കു സ്വാഭാവിക രീതിയിലല്ല ഊന്നൽ കൊടുക്കുന്നതെങ്കിൽ, പ്രസംഗകൻ ഉന്നതഭാവത്തോടെ സംസാരിക്കുന്നു എന്ന ധാരണ സദസ്യരിൽ ഉളവാകാൻ ഇടയുണ്ട്‌. സ്‌നേഹപൂർവം അഭ്യർഥിക്കുന്നതും അവതരിപ്പിക്കുന്ന വിവരങ്ങൾ തിരുവെഴുത്തധിഷ്‌ഠിതവും ന്യായയുക്തവും ആണെന്നു കാണാൻ അവരെ സഹായിക്കുന്നതും അതിലും എത്രയോ മെച്ചമാണ്‌!

മെച്ചപ്പെടേണ്ട വിധം. പദങ്ങളോ പദസമൂഹങ്ങളോ ഊന്നിപ്പറയുന്ന കാര്യത്തിൽ പ്രശ്‌നമുള്ള ഒരു വ്യക്തി പലപ്പോഴും അതേക്കുറിച്ചു ബോധവാനല്ല. മറ്റാരെങ്കിലും അത്‌ അദ്ദേഹത്തിന്റെ ശ്രദ്ധയിൽ പെടുത്തേണ്ടതുണ്ടായിരിക്കാം. നിങ്ങൾ ഈ മേഖലയിൽ പുരോഗതി വരുത്തേണ്ടതുണ്ടെങ്കിൽ, സ്‌കൂൾ മേൽവിചാരകൻ അതിൽ നിങ്ങളെ സഹായിക്കും. കൂടാതെ, നല്ല പ്രസംഗങ്ങൾ നടത്തുന്ന മറ്റുള്ളവരുടെയും സഹായം നിങ്ങൾക്കു തേടാവുന്നതാണ്‌. അക്കാര്യത്തിൽ ഒട്ടും മടി വിചാരിക്കാതിരിക്കുക. നിങ്ങൾ വായിക്കുമ്പോഴും പ്രസംഗിക്കുമ്പോഴും ശ്രദ്ധിച്ചുകേട്ട്‌ മെച്ചപ്പെടാനുള്ള നിർദേശങ്ങൾ നൽകാൻ അദ്ദേഹത്തോട്‌ ആവശ്യപ്പെടുക.

ആദ്യം, വീക്ഷാഗോപുരത്തിലെ ഒരു ലേഖനത്തെ അടിസ്ഥാനമാക്കി പരിശീലിക്കാൻ ബുദ്ധിയുപദേശം നൽകുന്നയാൾ നിങ്ങളോടു പറഞ്ഞേക്കാം. അർഥം സുഗ്രാഹ്യമാക്കാൻ ഏതു പദങ്ങൾക്ക്‌ അല്ലെങ്കിൽ പദസമൂഹങ്ങൾക്കാണ്‌ ഊന്നൽ കൊടുക്കേണ്ടത്‌ എന്നു നിർണയിക്കുന്നതിന്‌ ഓരോ വാചകവും അപഗ്രഥിച്ചു നോക്കാൻ അദ്ദേഹം നിങ്ങളോടു പറയുമെന്നതിനു സംശയമില്ല. ചെരിച്ചെഴുതിയിരിക്കുന്ന ചില പദങ്ങൾക്കു പ്രത്യേക ശ്രദ്ധ കൊടുക്കാൻ അദ്ദേഹം നിങ്ങളെ ഓർമപ്പെടുത്തിയേക്കാം. ഒരു വാചകത്തിലെ പദങ്ങൾ പരസ്‌പരം ബന്ധപ്പെട്ടിരിക്കുന്നു എന്ന കാര്യം ഓർമിക്കുക. മിക്കപ്പോഴും, ഊന്നൽ കൊടുക്കേണ്ടിവരുക ഒറ്റപ്പെട്ട ഒരു പദത്തിനല്ല, ഒരു പദസമൂഹത്തിനാണ്‌. ഉച്ചാരണവിഭേദ ചിഹ്നങ്ങൾ (ഉദാ: å e i̱ ö û) ഉള്ള ഭാഷകളിൽ പദങ്ങൾ ശരിയായി ഊന്നിപ്പറയുന്ന കാര്യത്തിൽ ആ ചിഹ്നങ്ങൾ എന്തു സൂചിപ്പിക്കുന്നു എന്നതിനു കൂടുതൽ ശ്രദ്ധ കൊടുക്കാൻ വിദ്യാർഥികളെ പ്രോത്സാഹിപ്പിക്കാവുന്നതാണ്‌.

ഏതു പദങ്ങൾക്ക്‌ അല്ലെങ്കിൽ പദസമൂഹങ്ങൾക്ക്‌ ആണ്‌ ഊന്നൽ കൊടുക്കേണ്ടത്‌ എന്നു പഠിക്കുന്നതിലെ അടുത്ത പടിയായി, ബുദ്ധിയുപദേശം നൽകുന്നയാൾ വാചകത്തിന്‌ അതീതമായി നോക്കാൻ നിങ്ങളെ ഉദ്‌ബോധിപ്പിച്ചേക്കാം. ആ ഖണ്ഡികയിൽ ആകമാനം വികസിപ്പിക്കപ്പെടുന്ന കേന്ദ്ര ആശയമെന്താണ്‌? ഓരോ വാചകത്തിലും നിങ്ങൾ ഏതു പദങ്ങൾക്ക്‌ ഊന്നൽ നൽകുന്നു എന്നതിനെ അത്‌ എങ്ങനെ സ്വാധീനിക്കണം? ലേഖനത്തിന്റെ ശീർഷകത്തിലേക്കും നിങ്ങളുടെ വിവരങ്ങൾ ഏത്‌ ഉപശീർഷകത്തിൻ കീഴിലാണോ ഉള്ളത്‌ തടിച്ച അക്ഷരത്തിലുള്ള ആ ഉപശീർഷകത്തിലേക്കും കണ്ണോടിക്കുക. ഊന്നൽ കൊടുക്കേണ്ടത്‌ ഏതു പദങ്ങൾക്കാണ്‌ അല്ലെങ്കിൽ പദപ്രയോഗങ്ങൾക്കാണ്‌ എന്ന നിങ്ങളുടെ തീരുമാനത്തിന്മേൽ അവയ്‌ക്ക്‌ എന്തു ഫലമാണ്‌ ഉള്ളത്‌? ഇവയെല്ലാം കണക്കിലെടുക്കേണ്ട ഘടകങ്ങളാണ്‌. എന്നാൽ കണക്കിലേറെ പദങ്ങൾക്കു ശക്തമായ ഊന്നൽ കൊടുക്കാതിരിക്കാൻ ശ്രദ്ധിക്കുക.

നിങ്ങൾ വാചാപ്രസംഗ രൂപേണ കാര്യങ്ങൾ അവതരിപ്പിക്കുകയാണെങ്കിലും വായിക്കുകയാണെങ്കിലും, ഊന്നൽ കൊടുക്കേണ്ട പദങ്ങൾ ഏവയെന്നു തീരുമാനിക്കുമ്പോൾ വാദഗതി കൂടെ കണക്കിലെടുക്കാൻ ബുദ്ധിയുപദേശം നൽകുന്നയാൾ നിങ്ങളെ പ്രോത്സാഹിപ്പിച്ചേക്കാം. വാദഗതി അവസാനിക്കുകയോ അവതരണം ഒരു പ്രധാന ആശയത്തിൽനിന്നു മറ്റൊന്നിലേക്കു കടക്കുകയോ ചെയ്യുന്ന സ്ഥാനങ്ങൾ നിങ്ങൾ അറിഞ്ഞിരിക്കേണ്ടതുണ്ട്‌. ഈ സ്ഥാനങ്ങൾ മനസ്സിലാക്കാൻ സദസ്സിനെ സഹായിക്കുന്ന രീതിയിലുള്ളതാണു നിങ്ങളുടെ അവതരണമെങ്കിൽ അവർ അതു വിലമതിക്കും. ഒന്നാമതായി, അടുത്തതായി, ഒടുവിൽ, അങ്ങനെ, ന്യായമായും തുടങ്ങിയ പദങ്ങൾ വർധിച്ച ഊന്നൽ കൊടുത്തു പറയുന്നതിലൂടെ ഇതു സാധിക്കും.

പ്രത്യേക വികാരഭാവം കൂട്ടിച്ചേർക്കാൻ നിങ്ങൾ ആഗ്രഹിക്കുന്ന ആശയങ്ങളിലേക്കും ബുദ്ധിയുപദേശം നൽകുന്നയാൾ നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കുന്നതായിരിക്കും. അപ്രകാരം ചെയ്യുന്നതിന്‌ വളരെ, തീർച്ചയായും, ഒരിക്കലുമില്ല, അചിന്തനീയമാണ്‌, പ്രധാനമാണ്‌, എല്ലായ്‌പോഴും തുടങ്ങിയ പദങ്ങൾക്കു നിങ്ങൾ ഊന്നൽ കൊടുത്തേക്കാം. നിങ്ങൾ അവതരിപ്പിക്കുന്ന വിവരങ്ങളോടുള്ള സദസ്സിന്റെ വികാരത്തെ സ്വാധീനിക്കാൻ ഇങ്ങനെ ചെയ്യുന്നതിലൂടെ നിങ്ങൾക്കു കഴിയും. “ഊഷ്‌മളതയും വികാരഭാവവും” എന്ന ശീർഷകത്തിലുള്ള 11-ാം പാഠത്തിൽ ഇതിനെക്കുറിച്ചു കൂടുതൽ കാര്യങ്ങൾ വിവരിച്ചിട്ടുണ്ട്‌.

പദങ്ങൾക്കോ പദസമൂഹങ്ങൾക്കോ ഊന്നൽ കൊടുക്കുന്നതിൽ മെച്ചപ്പെടുന്നതിന്‌, സദസ്സ്‌ ഓർത്തിരിക്കണമെന്നു നിങ്ങൾ ആഗ്രഹിക്കുന്ന മുഖ്യ പോയിന്റുകൾ വ്യക്തമായി മനസ്സിൽ പിടിക്കാനും ബുദ്ധിയുപദേശം നൽകുന്നയാൾ നിങ്ങളെ പ്രോത്സാഹിപ്പിക്കുന്നതായിരിക്കും. പരസ്യവായനയോടുള്ള ബന്ധത്തിൽ ഇതിനെ കുറിച്ചു കൂടുതൽ കാര്യങ്ങൾ “മുഖ്യ ആശയങ്ങൾ ഊന്നിപ്പറയൽ” എന്ന ശീർഷകത്തിലുള്ള 7-ാം പാഠത്തിലും പ്രസംഗത്തോടുള്ള ബന്ധത്തിൽ ഇതിനെ കുറിച്ചു കൂടുതൽ കാര്യങ്ങൾ “മുഖ്യ പോയിന്റുകൾ എടുത്തുകാട്ടൽ” എന്ന ശീർഷകത്തിലുള്ള 37-ാം പാഠത്തിലും അവതരിപ്പിച്ചിട്ടുണ്ട്‌.

നിങ്ങൾ വയൽശുശ്രൂഷയിൽ മെച്ചപ്പെടാൻ ശ്രമം നടത്തുന്ന ഒരാളാണെങ്കിൽ, തിരുവെഴുത്തുകൾ എങ്ങനെ വായിക്കുന്നു എന്നതിനു പ്രത്യേക ശ്രദ്ധ നൽകുക. സ്വയം ഇങ്ങനെ ചോദിക്കുന്നത്‌ ഒരു ശീലമാക്കുക: ‘ഞാൻ ഈ വാക്യം വായിക്കുന്നത്‌ എന്തിനാണ്‌?’ പഠിപ്പിക്കുന്ന ഒരു വ്യക്തി എന്ന നിലയിൽ, നിങ്ങൾ വാക്കുകൾ ശരിയായി പറയുന്നത്‌ എല്ലായ്‌പോഴും മതിയാകുന്നില്ല. വാക്യം വികാരഭാവത്തോടെ വായിക്കുന്നതു പോലും മതിയായെന്നു വരില്ല. തിരുവെഴുത്ത്‌ ഉപയോഗിച്ച്‌ നിങ്ങൾ ആരുടെയെങ്കിലും ചോദ്യത്തിന്‌ ഉത്തരം നൽകുകയോ ആരെയെങ്കിലും ഒരു അടിസ്ഥാന സത്യം പഠിപ്പിക്കുകയോ ചെയ്യുന്നെങ്കിൽ, ചർച്ച ചെയ്യുന്ന കാര്യത്തെ പിന്താങ്ങുന്ന പദങ്ങൾക്കോ പദപ്രയോഗങ്ങൾക്കോ ഊന്നൽ നൽകി തിരുവെഴുത്തു വായിക്കുന്നതു നല്ലതാണ്‌. അല്ലാത്തപക്ഷം നിങ്ങളുടെ വായന കേട്ടിരിക്കുന്ന വ്യക്തിക്ക്‌ ആശയം പിടികിട്ടിയെന്നു വരില്ല.

അനുഭവപരിചയമില്ലാത്ത ഒരു പ്രസംഗകൻ മുഖ്യ പദങ്ങൾക്കോ പദസമൂഹങ്ങൾക്കോ ഊന്നൽ നൽകണമെന്നു വിചാരിച്ച്‌ അതിനു ശ്രമിക്കുമ്പോൾ ആ ഊന്നൽ കൂടിപ്പോകാൻ സാധ്യതയുണ്ട്‌. ഫലമോ? ഒരു സംഗീതോപകരണം പഠിച്ചു തുടങ്ങുന്ന ഒരു വ്യക്തി മീട്ടുന്ന സ്വരങ്ങൾ പോലെയിരിക്കും അത്‌. എന്നിരുന്നാലും, പരിശീലനംകൊണ്ട്‌ ഓരോ “സ്വര”വും ശ്രുതിമധുരമായ “സംഗീത”ത്തിന്റെ ഭാഗമായിത്തീരും.

ചില അടിസ്ഥാന കാര്യങ്ങൾ മനസ്സിലായിക്കഴിഞ്ഞാൽപ്പിന്നെ, പരിചയസമ്പന്നരായ പ്രസംഗകരെ നിരീക്ഷിക്കുന്നതിലൂടെ പ്രയോജനം നേടാൻ പറ്റിയ ഒരു സ്ഥാനത്തായിരിക്കും നിങ്ങൾ. വ്യത്യസ്‌ത അളവിൽ ഊന്നൽ കൊടുത്തു പറയുന്നതുകൊണ്ട്‌ എന്തെല്ലാം നേട്ടങ്ങളാണു കൈവരുന്നത്‌ എന്നു താമസിയാതെതന്നെ നിങ്ങൾ മനസ്സിലാക്കാൻ തുടങ്ങും. മാത്രമല്ല, പറയുന്ന കാര്യങ്ങളുടെ അർഥം വ്യക്തമാക്കുന്നതിനു വ്യത്യസ്‌ത വിധങ്ങളിലുള്ള ഊന്നൽ എത്രമാത്രം ഉപകരിക്കുന്നു എന്നു നിങ്ങൾ തിരിച്ചറിയുകയും ചെയ്യും. പദങ്ങൾക്കോ പദസമൂഹങ്ങൾക്കോ ശരിയായ ഊന്നൽ കൊടുക്കാൻ പഠിക്കുന്നതു നിങ്ങളുടെ വായനയുടെയും പ്രസംഗത്തിന്റെയും ഫലപ്രദത്വം വളരെയേറെ മെച്ചപ്പെടുത്തും.

ഈ ഗുണത്തെ കുറിച്ചു കഷ്ടിച്ച്‌ ആവശ്യമുള്ളതു മാത്രം പഠിച്ചുകൊണ്ട്‌ തൃപ്‌തിപ്പെടരുത്‌. ഫലകരമായി സംസാരിക്കുന്നതിന്‌, ഈ ഗുണത്തിൽ വൈദഗ്‌ധ്യം നേടുന്നതുവരെ, കേൾക്കുന്നവർക്കു തികച്ചും സ്വാഭാവികമായി തോന്നുന്ന ഒരു വിധത്തിൽ അത്‌ ഉപയോഗിക്കാനാകുന്നതുവരെ, അതിൽ അഭിവൃദ്ധി നേടുന്നതിൽ തുടരുക.

അത്‌ എങ്ങനെ വികസിപ്പിച്ചെടുക്കാം?

  • വാചകങ്ങളിലെ മുഖ്യ പദങ്ങളും പദസമൂഹങ്ങളും തിരിച്ചറിഞ്ഞു പരിശീലിക്കുക. സന്ദർഭം കണക്കിലെടുത്ത്‌ അങ്ങനെ ചെയ്യാൻ പ്രത്യേകം ശ്രദ്ധിക്കുക.

  • (1) ആശയമാറ്റം സൂചിപ്പിക്കാനും (2) അവതരിപ്പിക്കുന്ന കാര്യത്തെ കുറിച്ചു നിങ്ങൾക്കുള്ള വികാരം ധ്വനിപ്പിക്കാനും ഊന്നൽ ഉപയോഗിച്ചു നോക്കുക.

  • തിരുവെഴുത്തുകൾ വായിക്കുമ്പോൾ, നിങ്ങൾ അവ ഉപയോഗിക്കുന്നതിനുള്ള കാരണത്തെ നേരിട്ടു പിന്താങ്ങുന്ന പദങ്ങൾ ഊന്നിപ്പറയുന്നത്‌ ഒരു ശീലമാക്കുക.

അഭ്യാസങ്ങൾ: (1) വയൽശുശ്രൂഷയിൽ നിങ്ങൾ കൂടെക്കൂടെ ഉപയോഗിക്കാറുള്ള രണ്ടു വാക്യങ്ങൾ തിരഞ്ഞെടുക്കുക. ഓരോ വാക്യം ഉപയോഗിച്ചും നിങ്ങൾ എന്താണു തെളിയിക്കാൻ ശ്രമിക്കുന്നതെന്നു നിർണയിക്കുക. ആ പോയിന്റുകളെ പിന്താങ്ങുന്ന പദങ്ങൾക്കോ പദസമൂഹങ്ങൾക്കോ ഊന്നൽ നൽകുന്ന വിധത്തിൽ വാക്യങ്ങൾ ഉറക്കെ വായിക്കുക. (2) എബ്രായർ 1:​1-14 വായിക്കുക. ഈ അധ്യായത്തിലെ വാദഗതി വ്യക്തമായി അവതരിപ്പിക്കുന്നതിന്‌ “പ്രവാചകന്മാർ” (1-ാം വാക്യം), “പുത്രൻ” (2-ാം വാക്യം), ‘ദൂതന്മാർ’ (4, 5 വാക്യങ്ങൾ) എന്നീ പദങ്ങൾക്കു പ്രത്യേകം ഊന്നൽ കൊടുക്കേണ്ടത്‌ എന്തുകൊണ്ട്‌? നൽകിയിരിക്കുന്ന വാദഗതിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന വിധത്തിൽ പദങ്ങൾക്കോ പദസമൂഹങ്ങൾക്കോ ഊന്നൽ കൊടുത്തുകൊണ്ട്‌ ഈ അധ്യായം ഉറക്കെ വായിച്ചു ശീലിക്കുക.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക