പാഠം 32
അർഥം ഊന്നിപ്പറയലും ഉച്ചനീചത്വവും
1, 2. അർഥം ഊന്നിപ്പറയൽ ഒരു പ്രസംഗത്തിനുവേണ്ടി എന്തു ചെയ്യുന്നു?
1 അർഥം ഊന്നിപ്പറയലും ഉച്ചനീചത്വവും ഒരു പ്രസംഗത്തെ അർഥവത്തും നിറപ്പകിട്ടാർന്നതുമാക്കാൻ ഒത്തുചേരുന്നു. അവയില്ലെങ്കിൽ ആശയങ്ങൾ വികലമാകുകയും താത്പര്യം ദുർബലമാകുകയും ചെയ്യുന്നു. സാധാരണയായി ഈ രണ്ടിൽ വശമാക്കാൻ കൂടുതൽ എളുപ്പമുളളത് അർഥം ഊന്നിപ്പറയൽ ആയതുകൊണ്ടു നാം ആദ്യം അതിനു ശ്രദ്ധ കൊടുക്കും.
2 അർഥം ഊന്നിപ്പറയൽ എന്തു സാധിക്കണമെന്ന് ഓർത്തിരിക്കുക. അതു കൃത്യമായ അർഥം ധരിപ്പിക്കുകയും അവയുടെ ആപേക്ഷിക മൂല്യം നിങ്ങളുടെ സദസ്സിനു സൂചിപ്പിക്കുകയും ചെയ്യത്തക്കവിധം വാക്കുകളോ ആശയങ്ങളോ ഊന്നിപ്പറയുക എന്നതാണ്. ചിലപ്പോൾ ആവശ്യമായ ഊന്നൽ കേവലം കനത്തത് അല്ലെങ്കിൽ നിസ്സാരം ആണ്, എന്നാൽ ഏറെ മൃദുലമായ വ്യാപ്തികളാവശ്യമായ സമയങ്ങളുമുണ്ട്.
3-7. ഒരുവനു നല്ല അർഥം ഊന്നിപ്പറയൽ എങ്ങനെ നേടാമെന്നു പറയുക.
3 വാചകങ്ങളിൽ ആശയം ദ്യോതിപ്പിക്കുന്ന വാക്കുകൾ ഊന്നിപ്പറയുന്നു. ഊന്നൽ അടിസ്ഥാനപരമായി ഏതു വാക്കുകൾ ഊന്നിപ്പറയുന്നു എന്ന സംഗതിയാണ്. അതിൽ ആശയം ദ്യോതിപ്പിക്കുന്ന വാക്കുകൾ തിരിച്ചറിയുന്നതും ഉചിതമായ ദൃഢതയാലോ ഊന്നലിനാലോ ചുററുപാടുമുളള വാക്കുകളോടുളള ബന്ധത്തിൽ അവ മുന്തിനിൽക്കാനിടയാക്കുന്നതും ഉൾപ്പെടുന്നു. ആശയം ദ്യോതിപ്പിക്കാത്ത വാക്കുകൾ ഊന്നിപ്പറഞ്ഞാൽ അർഥം അവ്യക്തമാകുകയോ വളച്ചൊടിക്കപ്പെടുകയോ ചെയ്യും.
4 സാധാരണഗതിയിലുളള അനുദിനസംസാരത്തിൽ മിക്കയാളുകളും അർഥം വ്യക്തമാക്കും. ഘടകങ്ങൾക്കു ദൃഢതകൊടുക്കുന്നതുപോലെയുളള ഒരു പ്രത്യേക ശീലവൈകൃതം നിങ്ങൾക്ക് ഇല്ലാത്ത പക്ഷം ഈ വശം യഥാർഥ പ്രശ്നം ഉളവാക്കരുത്. ഊന്നലിന്റെ സ്ഥാനനിർണയത്തിലെ ഏതു മുന്തിയ ബലഹീനതയും സാധാരണയായി അങ്ങനെയുളള ഏതെങ്കിലും വികൃതശീലത്തിന്റെ ഫലമാണ്. അതാണു നിങ്ങളുടെ പ്രശ്നമെങ്കിൽ, അതു പരിഹരിക്കാൻ ഉത്സാഹപൂർവം ശ്രമിക്കുക. സാധാരണയായി ഒന്നോ രണ്ടോ പ്രസംഗങ്ങൾകൊണ്ട് അത്തരം ശീലങ്ങൾ തകർക്കാൻ കഴിയില്ല, നിങ്ങളുടെ ഊന്നലിന്റെ തെററായ സ്ഥാനം അർഥത്തെ വളച്ചൊടിക്കത്തക്കവണ്ണം അത്ര മുന്തിയതല്ലെങ്കിൽ ഉപദേശകൻ നിങ്ങളെ പിന്നോട്ടു നിർത്തുകയില്ല. എന്നാൽ ഏററവും ശക്തവും ഫലകരവുമായ പ്രസംഗത്തിന്, നിങ്ങൾ ഉചിതമായ ഊന്നൽ പൂർണമായും വശമാക്കുന്നതുവരെ പരിശ്രമിച്ചുകൊണ്ടിരിക്കുക.
5 സാധാരണയായി ശുദ്ധമേ വാചാരീതിയിലുളള പ്രസംഗത്തെക്കാളുപരി പൊതുവായനയ്ക്കു തയ്യാറാകുമ്പോൾ അർഥം ഊന്നിപ്പറയലിനു കൂടുതൽ ബോധപൂർവകമായ ചിന്ത കൊടുക്കേണ്ടതാണ്. ഒരു പ്രസംഗത്തിലെ തിരുവെഴുത്തുവായനയുടെ കാര്യത്തിലും സഭാപരമായ വീക്ഷാഗോപുര അധ്യയനത്തിലെ ഖണ്ഡികകളുടെ വായനയിലും അതു സത്യമാണ്. വായന നിർവഹിക്കാനുളളപ്പോൾ അർഥം ഊന്നിപ്പറയലിനു കൂടുതൽ ശ്രദ്ധ കൊടുക്കേണ്ടതിന്റെ കാരണം നാം സാധാരണയായി വായിക്കുന്ന വിവരങ്ങൾ മററാരെങ്കിലും എഴുതിയതാണെന്നുളളതാണ്. അതുകൊണ്ട്, ആശയം അപഗ്രഥിച്ചുകൊണ്ടും നമുക്കു സ്വാഭാവികമായിത്തീരുന്നതുവരെ പദങ്ങൾതന്നെ ആവർത്തിച്ചുകൊണ്ടും അതു ശ്രദ്ധാപൂർവം പഠിക്കേണ്ട ആവശ്യമുണ്ട്.
6 ദൃഢതയോ ആശയം ഊന്നിപ്പറയലോ സാധിക്കുന്നതെങ്ങനെയാണ്? മിക്കപ്പോഴും സംയോജിപ്പിച്ച് ഉപയോഗിക്കുന്ന വിവിധ മാർഗങ്ങളുണ്ട്: വർധിച്ച ശബ്ദത്താലും കൂടുതൽ തീവ്രതയാലും അഥവാ വികാരത്താലും സ്വരം കുറയ്ക്കുന്നതിനാലും സ്ഥായി ഉയർത്തുന്നതിനാലും സാവധാനത്തിലും കരുതിക്കൂട്ടിയുമുളള സംസാരത്താലും ഗതിവേഗം വർധിപ്പിക്കുന്നതിനാലും ഒരു പ്രസ്താവനക്കുമുമ്പോ ശേഷമോ (രണ്ടു സമയത്തുമോ) നിർത്തുന്നതിനാലും ആംഗ്യങ്ങളാലും മുഖഭാവങ്ങളാലുംതന്നെ.
7 മുഖ്യപദങ്ങൾ മുന്തിനിൽക്കാനിടയാക്കുന്നതിന്, ആദ്യം നിങ്ങളുടെ ദൃഢത ഉചിതമായ സ്ഥാനത്താണോ കൊടുക്കുന്നത് എന്നതിലും വേണ്ടത്ര അളവിലുണ്ടോ എന്നതിലും പ്രാഥമികമായി തത്പരരായിരിക്കുക. അതുകൊണ്ട്, നിങ്ങളുടെ വിവരങ്ങൾ തയ്യാറാകുമ്പോൾ മുഖ്യപദങ്ങൾ വായിക്കാനിരിക്കുകയാണെങ്കിൽ അവയുടെ അടിയിൽ വരയ്ക്കുക. നിങ്ങൾ വാചാരീതിയിൽ പ്രസംഗിക്കാനിരിക്കുകയാണെങ്കിൽ ആശയങ്ങൾ മനസ്സിൽ വ്യക്തമായി പതിപ്പിക്കുക. നിങ്ങളുടെ കുറിപ്പുകളിൽ മുഖ്യവാക്കുകൾ ഉപയോഗിക്കുകയും അനന്തരം ആ വാക്കുകൾക്ക് ഊന്നൽ കൊടുക്കുകയും ചെയ്യുക.
8, 9. പ്രധാന ആശയങ്ങൾ ഊന്നിപ്പറയുന്നതു മൂല്യവത്തായിരിക്കുന്നത് എന്തുകൊണ്ട്?
8 പ്രസംഗത്തിലെ മുഖ്യ ആശയങ്ങൾ ഊന്നിപ്പറയുന്നു. അർഥം ഊന്നിപ്പറയലിന്റെ ഈ വശമാണ് ഏററവും കൂടെക്കൂടെ ഇല്ലാതെപോകുന്നത്. അങ്ങനെയുളള സന്ദർഭങ്ങളിൽ പ്രസംഗത്തിൽ അത്യുച്ചസ്ഥാനങ്ങൾ ഇല്ല. മറെറല്ലാററിനുമുപരിയായി യാതൊന്നും മുന്തിനിൽക്കുന്നില്ല. പ്രസംഗം സമാപിക്കുമ്പോൾ മിക്കപ്പോഴും എന്തെങ്കിലും മുന്തിനിൽക്കുന്നതായി ഓർക്കുക അസാധ്യമാണ്. മുഖ്യ പോയിൻറുകൾ മുന്തിനിൽക്കത്തക്കവണ്ണം ഉചിതമായി തയ്യാറായാൽപോലും അവയ്ക്ക് പ്രസംഗാവതരണത്തിൽ ഉചിതമായ ദൃഢത കൊടുക്കുന്നതിലുളള പരാജയം മനസ്സിലാകാതെപോകത്തക്കവണ്ണം അവയെ ദുർബലമാക്കിയേക്കാം.
9 ഈ പ്രശ്നത്തെ തരണംചെയ്യുന്നതിന്, നിങ്ങൾ ആദ്യം നിങ്ങളുടെ വിവരങ്ങളെ ശ്രദ്ധാപൂർവം അപഗ്രഥിക്കണം. പ്രസംഗത്തിലെ അതിപ്രധാന പോയിൻറ് എന്താണ്? അടുത്തതായി പ്രാധാന്യമുളളത് എന്തിനാണ്? ഒന്നോ രണ്ടോ വാക്യങ്ങളിൽ നിങ്ങളുടെ പ്രസംഗത്തിന്റെ സാരം പറയാൻ ആവശ്യപ്പെട്ടാൽ നിങ്ങൾ എന്തു പറയും? വിശേഷാശയങ്ങളെ തിരിച്ചറിയാനുളള ഏററവും നല്ല മാർഗങ്ങളിലൊന്നാണിത്. അറിഞ്ഞുകഴിയുമ്പോൾ അവ നിങ്ങളുടെ കുറിപ്പുകളിൽ അല്ലെങ്കിൽ ലിഖിതപ്രസംഗത്തിൽ അടയാളപ്പെടുത്തുക. നിങ്ങൾക്കു പാരമ്യങ്ങളെന്ന നിലയിൽ ഈ പോയിൻറുകളിലേക്ക് ഊർജസ്വലമായി നീങ്ങാൻ കഴിയും. അവ നിങ്ങളുടെ പ്രസംഗത്തിലെ അത്യുച്ചങ്ങളാണ്. നന്നായി ബാഹ്യരേഖ ഉണ്ടാക്കുകയും ശക്തമായ അളവുകളിലുളള ദൃഢതയോടെ നിങ്ങൾ വിവരങ്ങൾ അവതരിപ്പിക്കുകയും ചെയ്യുന്നുവെങ്കിൽ മുഖ്യ ആശയങ്ങൾ ഓർത്തിരിക്കും. അതാണു നിങ്ങളുടെ പ്രസംഗത്തിന്റെ ഉദ്ദേശ്യം.
**********
10-12. ഉച്ചനീചത്വത്തിന്റെ അർഥമെന്തെന്നു വിശദീകരിക്കുക.
10 ലളിതമായ അർഥം ഊന്നിപ്പറയൽ നിങ്ങൾ പറയുന്നതു മനസ്സിലാക്കാൻ സദസ്യരെ പ്രാപ്തരാക്കുന്നു. എന്നാൽ ഉച്ചനീചത്വം നൽകുന്ന ഊന്നലിലെ വൈവിധ്യത്തിന്, ശ്രദ്ധിക്കുന്നത് അവർക്ക് ആസ്വാദ്യമാക്കിത്തീർക്കാൻ കഴിയും. നിങ്ങളുടെ വയൽശുശ്രൂഷയിലും സഭയിൽ നിങ്ങൾക്കു നടത്താൻ പദവി ലഭിച്ചിരിക്കുന്ന പ്രസംഗങ്ങളിലും നിങ്ങൾ ഉച്ചനീചത്വത്തെ നന്നായി വിനിയോഗിക്കുന്നുണ്ടോ?
11 ഉച്ചനീചത്വം താത്പര്യം പിടിച്ചുനിർത്തുന്നതിനും പ്രസംഗകനെന്ന നിലയിലുളള നിങ്ങളുടെ പടിപടിയായുളള ആശയങ്ങളും വികാരങ്ങളും പ്രകടമാക്കുന്നതിനും ഉദ്ദേശിച്ചുളള സ്ഥായിയിലെയും ഗതിവേഗത്തിലെയും ശക്തിയിലെയും ഇടവിട്ടുളള വ്യതിയാനമാണ്. നിങ്ങൾക്ക് ഏററവും പ്രയോജനംചെയ്യുന്നതിനു നിങ്ങളുടെ ഉച്ചനീചത്വം ഏതു പ്രത്യേക പ്രസംഗത്തിലെയും വിവരങ്ങൾ അനുവദിക്കുന്ന നിറത്തിന്റെ പൂർണവ്യാപ്തിയെ ഉൾപ്പെടുത്തേണ്ടതാണ്. ഉച്ചനീചത്വത്തിന്റെ ഉയർന്ന പരിധിയിൽ നിങ്ങൾക്കു കുറഞ്ഞുവരുന്ന അളവുകളിൽ ആവേശവും ഉത്സാഹവും സൂക്ഷ്മതാത്പര്യവും ഉണ്ടായിരിക്കാവുന്നതാണ്. മധ്യപരിധിയിലാണു ലഘുവായ താത്പര്യം, അതേസമയം താണ പരിധിയിൽ ഗൗരവവും ഗാംഭീര്യവുമാണുളളത്.
12 യാതൊരു സന്ദർഭത്തിലും അങ്ങേയററത്തെ പ്രകടനത്താൽ നിങ്ങൾ നാടകീയഭാവത്തിൽ കാണപ്പെടാൻ ആഗ്രഹിക്കുകയില്ല. നമ്മുടെ പ്രസംഗം നിറപ്പകിട്ടുളളതായിരിക്കണം, ഓർത്തഡോക്സ് വൈദികന്റേതുപോലെ കപടഭക്തിപരമായ ഗാംഭീര്യമോ കൂടാരമടിച്ചു യോഗം നടത്തുന്ന ഉപദേശിയുടേതുപോലെ ഉൻമത്തമായി ആവേശഭരിതമോ ആയിരിക്കരുത്. രാജ്യസന്ദേശത്തോടുളള ഉചിതമായ മാന്യതയും ആദരവും അങ്ങനെയുളള ഏതു ക്രിസ്തീയവിരുദ്ധ പ്രകടനങ്ങളെയും തടയും.
13, 14. ശക്തിയിലെ വൈവിധ്യം എന്നതിനാൽ അർഥമാക്കപ്പെടുന്നതെന്ത്?
13 ശക്തിയിലുളള വൈവിധ്യം. ഒരുപക്ഷേ ഉച്ചനീചത്വം കിട്ടുന്നതിനുളള അതിലളിത മാർഗം നിങ്ങളുടെ ശബ്ദത്തിന്റെ ശക്തി വ്യത്യാസപ്പെടുത്തുകയാണ്. ഇതു പാരമ്യങ്ങൾ കെട്ടുപണിചെയ്യുന്നതിനും നിങ്ങളുടെ പ്രസംഗത്തിലെ മുഖ്യാശയങ്ങൾ ഊന്നിപ്പറയുന്നതിനുമുളള ഒരു മാർഗമാണ്. എന്നിരുന്നാലും, നിങ്ങളുടെ ശബ്ദം കേവലം വർധിപ്പിക്കുന്നത് എല്ലായ്പോഴും പോയിൻറുകൾ മുന്തിനിൽക്കാനിടയാക്കുകയില്ല. ചില സന്ദർഭങ്ങളിൽ അത് അവയെ കൂടുതൽ പ്രമുഖമാക്കിയേക്കാം, എന്നാൽ അവ അവതരിപ്പിക്കുന്നതിനുപയോഗിക്കുന്ന വർധിതമായ ശക്തി നിങ്ങളുടെ ഉദ്ദേശ്യത്തെ പരാജയപ്പെടുത്തിയേക്കാം. നിങ്ങളുടെ പോയിൻറുകൾ സജീവമായ ഒരു സ്വരത്തെക്കാൾ കൂടുതൽ ഊഷ്മളതയും വികാരാനുഭവവും ആവശ്യമാക്കിയേക്കാം. ഈ സന്ദർഭത്തിൽ, നിങ്ങളുടെ ശബ്ദം താഴ്ത്തുകയും എന്നാൽ തീവ്രത വർധിപ്പിക്കുകയും ചെയ്യുക. നിങ്ങൾ ഉത്കണ്ഠയോ ഭയമോ പ്രകടമാക്കുന്നുവെങ്കിൽ ഇതുതന്നെ സത്യമായിരിക്കും.
14 ഉച്ചനീചത്വത്തിനു ശക്തിയിലുളള വൈവിധ്യം അത്യന്താപേക്ഷിതമായിരിക്കെ, ചിലർക്കു കേൾക്കാൻ പാടില്ലാത്തവണ്ണം അത്ര മൃദുവായി സംസാരിക്കാതിരിക്കാൻ ശ്രദ്ധിക്കണം. ശല്യമാകത്തക്കവണ്ണം ശബ്ദം വർധിപ്പിക്കുകയുമരുത്.
15-17. ഗതിവേഗത്തിലുളള വൈവിധ്യം ഒരു പ്രസംഗത്തിനു മാററുകൂട്ടുന്നതെങ്ങനെ?
15 ഗതിവേഗത്തിലുളള വൈവിധ്യം. തുടക്കക്കാരായ അധികം പ്രസംഗകർ പ്ലാററ്ഫാറത്തിൽ തങ്ങളുടെ ഗതിവേഗം വ്യത്യാസപ്പെടുത്തുകയില്ല. നാം വാക്കുകളെക്കുറിച്ചു ചിന്തിക്കുമ്പോൾത്തന്നെയോ നമുക്കു അവ ആവശ്യമുളളപ്പോഴോ നമ്മിൽനിന്നു വാക്കുകൾ സ്വതഃപ്രേരിതമായി പ്രവഹിക്കുന്നതുകൊണ്ടു നാം നമ്മുടെ ദൈനംദിനസംസാരത്തിൽ അതു നിരന്തരം ചെയ്യുന്നു. എന്നാൽ പ്ലാററ്ഫാറത്തിലെ പുതിയ പ്രസംഗകൻ സാധാരണയായി ഇതു ചെയ്യാൻ സ്വയം അനുവദിക്കുകയില്ല. അയാൾ തന്റെ പദങ്ങളും ശൈലികളും വളരെ ശ്രദ്ധാപൂർവം തിരഞ്ഞെടുക്കുന്നു, തന്നിമിത്തം സകല വാക്കുകളും ശൈലികളും ഒരേ വേഗനിരക്കിൽ പുറത്തുവരുന്നു. ഒരു ബാഹ്യരേഖ ഉപയോഗിച്ചുളള പ്രസംഗം ഈ ബലഹീനത തിരുത്തുന്നതിനു സഹായിക്കും.
16 നിങ്ങളുടെ പ്രസംഗത്തിന്റെ മുഖ്യ ഒഴുക്ക് മിതമായ ഒരു ഗതിവേഗത്തിലായിരിക്കണം. അപ്രധാന പോയിൻറുകളും വിവരണങ്ങളും മിക്ക ദൃഷ്ടാന്തങ്ങളും മററും വേഗം കൂട്ടാൻ നിങ്ങളെ അനുവദിക്കും. ഘനമേറിയ വാദങ്ങൾ, പാരമ്യങ്ങൾ, മുഖ്യ പോയിൻറുകൾ എന്നിവ സാധാരണയായി വേഗം കുറഞ്ഞ അവതരണം ആവശ്യമാക്കിത്തീർക്കുന്നു. ചില സന്ദർഭങ്ങളിൽ, വിശേഷാൽ ശക്തിയേറിയ ദൃഢതക്കുവേണ്ടി നിങ്ങൾക്കു സാവധാനത്തിൽ, കരുതിക്കൂട്ടിയുളള ഊന്നൽ ഉപയോഗിക്കാവുന്നതാണ്. നിങ്ങൾക്ക് ഒരു നിർത്തലിൽ പൂർണമായി നിർത്തുകപോലും ചെയ്യാവുന്നതാണ്, അതു മുഴുവനായ ഒരു ഗതിവേഗ മാററമാണ്.
17 ജാഗ്രതക്കുളള ഏതാനും വാക്കുകൾ. നിങ്ങളുടെ പദസംഘടനക്കു തകരാറു വരത്തക്കവണ്ണം അത്ര വേഗത്തിൽ സംസാരിക്കരുത്. സ്വകാര്യപരിശീലനയോഗങ്ങളിലെ ഒരു വിശിഷ്ട വ്യായാമം പിഴവു കൂടാതെ കഴിയുന്നടത്തോളം വേഗം ഉച്ചത്തിൽ വായിക്കാൻ ശ്രമിക്കുകയാണ്. പിഴവു കൂടാതെ അല്ലെങ്കിൽ നിങ്ങളുടെ ഉച്ചാരണത്തെ അവ്യക്തമാക്കാതെ നിരന്തരം ഗതിവേഗം വർധിപ്പിച്ചുകൊണ്ട് ഒരേ ഖണ്ഡിക വീണ്ടും വീണ്ടും ആവർത്തിക്കുക. പിന്നീടു വാക്കുകൾ മുറിക്കാതെ സ്വ-ര-ങ്ങൾ നീ-ട്ടി-ക്കൊ-ണ്ടു സാധ്യമാകുന്നടത്തോളം സാവധാനത്തിൽ വായിക്കാൻ ശ്രമിക്കുക. പിന്നീട്, നിങ്ങളുടെ ശബ്ദത്തിനു വഴക്കമുണ്ടാകുകയും നിങ്ങളുടെ ശബ്ദം ചെയ്യണമെന്നു നിങ്ങളാഗ്രഹിക്കുന്നതു ചെയ്യുകയും ചെയ്യുന്നതുവരെ മാറിമാറിയും പെട്ടെന്നും വേഗം കൂട്ടുകയും മന്ദഗതിയിലാകുകയും ചെയ്യുക. ഇപ്പോൾ നിങ്ങൾ സംസാരിക്കുമ്പോൾ നിങ്ങളുടെ ഗതിവേഗമാററങ്ങൾ സ്വതഃപ്രേരിതമായി വരും, നിങ്ങൾ പറയുന്നതിന്റെ അർഥമനുസരിച്ചുതന്നെ.
18-20. ഒരുവനു സ്ഥായിയിലുളള വൈവിധ്യം എങ്ങനെ നേടാൻ കഴിയുമെന്നു വിശദീകരിക്കുക.
18 സ്ഥായിയിലുളള വൈവിധ്യം. സ്ഥായിയിലുളള മാററം ഏതു തോതിലുമുളള ഉച്ചനീചത്വത്തിന്റെ അത്യന്തം പ്രയാസമുളള ഉപാധിയായിരിക്കാനിടയുണ്ട്. തീർച്ചയായും, നാം അല്പമായ ശക്തികൂട്ടലോടൊപ്പം സ്ഥായി അല്പം ഉയർത്തിക്കൊണ്ടു നിരന്തരം വാക്കുകൾക്ക് ഊന്നൽ കൊടുക്കുന്നു. നാം ഒരു വിധത്തിൽ, വാക്കു തറപ്പിച്ചു പറയുന്നു.
19 എന്നാൽ ഉച്ചനീചത്വത്തിന്റെ ഈ വശത്തുനിന്നു നിങ്ങൾക്ക് ഏററവുമധികം പ്രയോജനം കിട്ടണമെങ്കിൽ, ഇതിനെക്കാൾ സ്ഥായിമാററം ആവശ്യമാണ്. ഉല്പത്തി 18:3-8-ഉം 19:6-9-ഉം ഉച്ചത്തിൽ വായിക്കാൻ ശ്രമിക്കുക. ഈ വാക്യങ്ങളിൽ ആവശ്യമായിരിക്കുന്ന ഗതിവേഗത്തിന്റെയും സ്ഥായിയുടെയും വലിയ വൈവിധ്യം ശ്രദ്ധിക്കുക. സങ്കടത്തെക്കാൾ അല്ലെങ്കിൽ ഉത്കണ്ഠയെക്കാൾ ആവേശവും ഉത്സാഹവുമാണ് ഒരു ഉയർന്ന സ്ഥായിയിൽ എല്ലായ്പോഴും ബഹിർഗമിക്കുന്നത്. നിങ്ങളുടെ വിവരങ്ങളിൽ ഈ വികാരങ്ങൾ ഉളളപ്പോൾ അവ അതനുസരിച്ചു പ്രകടമാക്കുക.
20 പ്രസംഗത്തിന്റെ ഈ വശത്തിലെ ബലഹീനതയുടെ മുഖ്യകാരണങ്ങളിലൊന്നു ശബ്ദത്തിനു വേണ്ടത്ര വ്യാപ്തി ഇല്ലാത്തതാണ്. അതാണ് നിങ്ങളുടെ പ്രശ്നമെങ്കിൽ അതു പരിഹരിക്കാൻ പരിശ്രമിക്കുക. ഈ പാഠത്തിൽ നേരത്തെ സൂചിപ്പിച്ചതിനോടു സമാനമായ ഒരു അഭ്യാസം പരീക്ഷിക്കുക. എന്നിരുന്നാലും ഈ കേസിൽ, ഗതിവേഗം വ്യത്യാസപ്പെടുത്താതെ സ്ഥായി ഉയർത്തുകയും താഴ്ത്തുകയും ചെയ്യാൻ ശ്രമിക്കുക.
21-24. ഉച്ചനീചത്വം ആശയത്തിന് അല്ലെങ്കിൽ വികാരത്തിനു യോജിക്കേണ്ടത് എന്തുകൊണ്ട്?
21 ആശയത്തിനോ വികാരത്തിനോ യോജിക്കുന്ന ഉച്ചനീചത്വം. ഈ ഗുണത്തെസംബന്ധിച്ച ഇത്രത്തോളമുളള നമ്മുടെ ചർച്ചയിൽനിന്നു വൈവിധ്യത്തിനുവേണ്ടിമാത്രം ശബ്ദവ്യതിയാനങ്ങൾ വരുത്താവുന്നതല്ലെന്നു വളരെ വ്യക്തമായിത്തീരുന്നു. നിങ്ങളുടെ മൊഴികൾ നിങ്ങൾ പറയുന്നതിന്റെ ഭാവങ്ങൾക്കു യോജിച്ചതായിരിക്കണം. അപ്പോൾ ഉച്ചനീചത്വം എവിടെയാണു തുടങ്ങുന്നത്? പ്രസ്പഷ്ടമായി, അതു നിങ്ങൾ അവതരിപ്പിക്കുന്നതിനു തയ്യാറായിരിക്കുന്ന വിവരങ്ങളിൽ തുടങ്ങുന്നു. നിങ്ങളുടെ പ്രസംഗത്തിൽ വാദമല്ലാതെ മറെറാന്നുമില്ലെങ്കിൽ, അല്ലെങ്കിൽ ഉദ്ബോധനമല്ലാതെ മറെറാന്നുമില്ലെങ്കിൽ, നിങ്ങൾക്കു പ്രസംഗാവതരണത്തിൽ അധികം വൈവിധ്യമുണ്ടായിരിക്കയില്ല. അതുകൊണ്ട്, നിങ്ങളുടെ ബാഹ്യരേഖ പൂർത്തിയാക്കിയശേഷം അപഗ്രഥിക്കുകയും നിങ്ങൾക്കു നിറപ്പകിട്ടാർന്നതും അതുപോലെതന്നെ അർഥവത്തുമായ ഒരു അവതരണത്തിനാവശ്യമായ സകല ഘടകങ്ങളും ഉണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്യുക.
22 എന്നാൽ നിങ്ങളുടെ പ്രസംഗത്തിന്റെ മധ്യത്തിൽ ചിലപ്പോൾ നിങ്ങൾക്ക് ഒരു ഗതിവേഗമാററത്തിന്റെ ആവശ്യം തോന്നുന്നു. പ്രസംഗം ഇഴയുകയാണെന്നു നിങ്ങൾക്കു തോന്നുന്നു. നിങ്ങൾക്ക് എന്തു ചെയ്യാൻ കഴിയും? ഇവിടെയും വാചാപ്രസംഗരീതിക്കു പ്രയോജനങ്ങളുണ്ട്. നിങ്ങൾ പ്രസംഗം നടത്തുമ്പോൾ നിങ്ങൾക്കു വിവരങ്ങളുടെ സ്വഭാവത്തിനു മാററം വരുത്താൻ കഴിയും. എങ്ങനെ? ഒരു മാർഗം സംസാരം നിർത്തിയിട്ടു ബൈബിളിൽനിന്ന് ഒരു വാക്യം വായിച്ചുതുടങ്ങുകയാണ്. അല്ലെങ്കിൽ നിങ്ങൾക്ക് ഏതെങ്കിലും പ്രസ്താവനയെ ദൃഢതക്കുവേണ്ടിയുളള ഒരു നിർത്തലോടെ ഒരു ചോദ്യമാക്കി മാററാം. ഒരുപക്ഷേ നിങ്ങൾക്കു നിങ്ങളുടെ ബാഹ്യരേഖയിലെ ഒരു വാദത്തിന്റെ പൊരുത്തപ്പെടുത്തലെന്നോണം ഒരു ദൃഷ്ടാന്തം കൂട്ടിച്ചേർക്കാവുന്നതാണ്.
23 തീർച്ചയായും, പ്രസംഗസമയത്തു പ്രയോഗിക്കുന്ന ഈ വിദ്യകൾ പരിചയസമ്പന്നരായ പ്രസംഗകർക്കുളളതാണ്. എന്നാൽ നിങ്ങളുടെ നിയമനഭാഗത്തുനിന്നു മുന്നമേ വിവരങ്ങൾ തയ്യാറാകുമ്പോൾ ഇതേ ആശയങ്ങൾ നിങ്ങൾക്ക് ഉപയോഗിക്കാൻ കഴിയും.
24 ഉച്ചനീചത്വം ഒരു പ്രസംഗത്തിന്റെ മസാലയാണെന്നു പറയപ്പെടുന്നു. ശരിയായ തരം, ശരിയായ അളവിൽ ഉപയോഗിക്കുകയാണെങ്കിൽ അതു നിങ്ങളുടെ വിവരങ്ങളുടെ പൂർണസ്വാദു പുറത്തുവരുത്തുകയും അതിനെ സദസ്സിന് ഒരു ഉല്ലാസമാക്കിത്തീർക്കുകയും ചെയ്യും.