വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • be പാഠം 9 പേ. 111-പേ. 114 ഖ. 4
  • ഉച്ചനീചത്വം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ഉച്ചനീചത്വം
  • ദിവ്യാധിപത്യ ശുശ്രൂഷാസ്‌കൂൾ വിദ്യാഭ്യാസത്തിൽനിന്നു പ്രയോജനം നേടുക
  • സമാനമായ വിവരം
  • അർഥം ഊന്നിപ്പറയലും ഉച്ചനീചത്വവും
    ദിവ്യാധിപത്യ ശുശ്രൂഷാസ്‌കൂൾ ഗൈഡ്‌ബുക്ക്‌
  • ശബ്ദത്തിൽ വേണ്ട മാറ്റം വരുത്തുക
    വായിക്കുന്നതിലും പഠിപ്പിക്കുന്നതിലും അർപ്പിതരായിരിക്കുക
  • അനുയോജ്യമായ ശബ്ദവ്യാപ്‌തി
    ദിവ്യാധിപത്യ ശുശ്രൂഷാസ്‌കൂൾ വിദ്യാഭ്യാസത്തിൽനിന്നു പ്രയോജനം നേടുക
  • ശബ്ദവും നിർത്തലും
    ദിവ്യാധിപത്യ ശുശ്രൂഷാസ്‌കൂൾ ഗൈഡ്‌ബുക്ക്‌
കൂടുതൽ കാണുക
ദിവ്യാധിപത്യ ശുശ്രൂഷാസ്‌കൂൾ വിദ്യാഭ്യാസത്തിൽനിന്നു പ്രയോജനം നേടുക
be പാഠം 9 പേ. 111-പേ. 114 ഖ. 4

പാഠം 9

ഉച്ചനീചത്വം

നിങ്ങൾ എന്താണു ചെയ്യേണ്ടത്‌?

നിങ്ങളുടെ ശബ്ദത്തിന്റെ ധ്വനി വ്യത്യാസപ്പെടുത്തുക. ഈ പാഠത്തിൽ നാം ശബ്ദവ്യാപ്‌തി, സംസാരത്തിന്റെ വേഗം, സ്ഥായി ഇവയിലുള്ള മാറ്റങ്ങൾ പരിചിന്തിക്കുന്നതായിരിക്കും.

അത്‌ എന്തുകൊണ്ട്‌ പ്രധാനം?

ശരിയായ ഉച്ചനീചത്വം ഒരു പ്രസംഗത്തിനു ജീവൻ പകരുകയും വികാരങ്ങളെ തട്ടിയുണർത്തുകയും പ്രവർത്തനത്തിനു പ്രചോദിപ്പിക്കുകയും ചെയ്യുന്നു.

ഉച്ചനീചത്വം ഇല്ലാതിരുന്നാൽ നിങ്ങൾക്കു വിഷയത്തിൽ യഥാർഥ താത്‌പര്യമില്ലെന്ന തോന്നൽ ശ്രോതാക്കളിൽ ഉളവായേക്കാം.

പദങ്ങൾക്ക്‌ ഊന്നൽ നൽകുന്നത്‌ നിങ്ങൾ പറയുന്നതു മനസ്സിലാക്കാൻ സദസ്സിനെ സഹായിക്കുന്നു. എന്നാൽ, ശബ്ദവ്യാപ്‌തിയിലും വേഗത്തിന്റെ കാര്യത്തിലും സ്ഥായിയിലും നല്ല രീതിയിൽ വൈവിധ്യം ഉപയോഗിക്കുമ്പോൾ, നിങ്ങളുടെ പ്രസംഗം കേട്ടിരിക്കാൻ അതിലും വളരെയേറെ ആസ്വാദ്യമായിരിക്കും. അതിലുപരി, പറയുന്ന കാര്യങ്ങളെ കുറിച്ചു നിങ്ങൾക്ക്‌ എങ്ങനെ തോന്നുന്നു എന്ന്‌ അതിലൂടെ സദസ്സിനു മനസ്സിലാകുന്നു. അവതരിപ്പിക്കപ്പെടുന്ന വിവരങ്ങളോടുള്ള നിങ്ങളുടെ മനോഭാവം അവയോടുള്ള അവരുടെ വികാരത്തെ സ്വാധീനിച്ചേക്കാം. നിങ്ങൾ സംസാരിക്കുന്നതു സ്റ്റേജിൽനിന്നാണെങ്കിലും, വയൽശുശ്രൂഷയ്‌ക്കിടയിൽ കണ്ടുമുട്ടിയ ഒരു വ്യക്തിയോടാണെങ്കിലും ഇതു സത്യമാണ്‌.

മനുഷ്യശബ്ദം വൻ വൈവിധ്യങ്ങൾ തീർക്കാൻ കഴിയുന്ന അത്ഭുതകരമായ ഒരു സംഗീതോപകരണം പോലെയാണ്‌. ശരിയായി ഉപയോഗിക്കുന്ന പക്ഷം ഒരു പ്രസംഗത്തിനു ജീവൻ പകരാൻ, ഹൃദയത്തെ സ്‌പർശിക്കാൻ, വികാരങ്ങളെ തട്ടിയുണർത്താൻ, പ്രവർത്തനത്തിനു പ്രചോദിപ്പിക്കാൻ അതിനു കഴിയും. എന്നിരുന്നാലും, ശബ്ദവ്യാപ്‌തി ക്രമീകരിക്കേണ്ടതും സംസാരത്തിന്റെ വേഗം വ്യത്യാസപ്പെടുത്തേണ്ടതും സ്ഥായിയിൽ വ്യതിയാനം വരുത്തേണ്ടതും എവിടെയൊക്കെയെന്നു നിങ്ങളുടെ നോട്ടിൽ അടയാളപ്പെടുത്തിയതുകൊണ്ടു മാത്രം ഇതു സാധ്യമാകയില്ല. അത്തരം സൂചനകൾക്ക്‌ അനുസൃതമായി ഉച്ചനീചത്വം വരുത്തുന്നതു കൃത്രിമത്വം ധ്വനിപ്പിക്കും. അവതരണത്തിനു ജീവനും വൈവിധ്യവും പകരുന്നതിനു പകരം, അതു നിങ്ങളുടെ സദസ്സിനെ അസ്വസ്ഥമാക്കാനാണു സാധ്യത. ഹൃദയത്തിൽനിന്നു വരുമ്പോഴാണ്‌ ഉച്ചനീചത്വം ശരിയായ രീതിയിലുള്ളതാകുന്നത്‌.

ജ്ഞാനപൂർവം ഉപയോഗിക്കുമ്പോൾ ഉച്ചനീചത്വം പ്രസംഗകനിലേക്ക്‌ അനാവശ്യ ശ്രദ്ധ ക്ഷണിക്കുകയില്ല. പകരം, ചർച്ച ചെയ്യുന്ന വിഷയത്തിന്റെ സത്തയിലേക്ക്‌ ഇറങ്ങിച്ചെല്ലാൻ അതു സദസ്സിനെ സഹായിക്കും.

ശബ്ദവ്യാപ്‌തി ക്രമീകരിക്കുക. സംസാരത്തിൽ വ്യതിയാനം വരുത്താനുള്ള ഒരു വിധം ശബ്ദവ്യാപ്‌തിയിൽ വ്യത്യാസം വരുത്തുന്നതാണ്‌. എന്നാൽ ഇതു കേവലം ഒരു നിശ്ചിത സമയം ഇടവിട്ട്‌ ശബ്ദവ്യാപ്‌തിയിൽ ഉണ്ടാകുന്ന ഒരേപോലുള്ള, വിരസമായ ഉയർച്ചയോ താഴ്‌ച്ചയോ ആയിരിക്കാൻ പാടില്ല. ഇങ്ങനെ ചെയ്യുന്നത്‌ നിങ്ങൾ പറയുന്ന കാര്യങ്ങളുടെ അർഥം വികലമായിത്തീരുന്നതിന്‌ ഇടയാക്കും. നിങ്ങൾ ശബ്ദവ്യാപ്‌തി വളരെ കൂടെക്കൂടെ ഉയർത്തുന്ന പക്ഷം കേട്ടിരിക്കുന്നവർക്ക്‌ അത്‌ അരോചകമായിരിക്കും.

ശബ്ദവ്യാപ്‌തി വിവരങ്ങൾക്ക്‌ അനുയോജ്യമായിരിക്കണം. വെളിപ്പാടു 14:​6, 7-ലോ വെളിപ്പാടു 18:​4-ലോ കാണുന്നതു പോലുള്ള ഒരു അടിയന്തിര കൽപ്പന വായിക്കുമ്പോഴും പുറപ്പാടു 14:13, 14-ൽ രേഖപ്പെടുത്തിയിരിക്കുന്നതു പോലുള്ള ഉറച്ച ബോധ്യം സ്‌ഫുരിക്കുന്ന ഭാഗങ്ങൾ വായിക്കുമ്പോഴും അനുയോജ്യമായ അളവിൽ ശബ്ദം ഉയർത്തുന്നത്‌ ഉചിതമാണ്‌. അതുപോലെതന്നെ, യിരെമ്യാവു 25:27-38-ൽ കാണുന്നതു പോലുള്ള ശക്തമായ ഒരു അപലപനം വായിക്കുമ്പോൾ ശബ്ദവ്യാപ്‌തിയിൽ വ്യതിയാനം വരുത്തുന്നത്‌ ചില പദപ്രയോഗങ്ങൾ ശേഷമുള്ളവയെക്കാൾ മുന്തിനിൽക്കാൻ ഇടയാക്കും.

നിങ്ങളുടെ ലക്ഷ്യവും കണക്കിലെടുക്കുക. നടപടിയെടുക്കാൻ തക്കവണ്ണം സദസ്സിനെ പ്രചോദിപ്പിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ? പരിപാടിയിലെ മുഖ്യ പോയിന്റുകൾ എടുത്തുകാട്ടാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ? വിവേചനാപൂർവം ശബ്ദമുയർത്തി സംസാരിക്കുന്നത്‌ ഈ ലക്ഷ്യങ്ങൾ നേടാൻ സഹായിക്കും. എന്നിരുന്നാലും, വെറുതെ ശബ്ദമുയർത്തുന്നതു നിങ്ങളുടെ ഉദ്ദേശ്യത്തെ വിഫലമാക്കിയേക്കാം. അത്‌ എങ്ങനെ? നിങ്ങൾ പറയുന്ന കാര്യങ്ങൾ ശബ്ദമുയർത്തി സംസാരിക്കേണ്ടവ അല്ലായിരിക്കാം. പകരം ഊഷ്‌മളതയോടും വികാരഭാവത്തോടും കൂടെ അവതരിപ്പിക്കേണ്ടവ ആയിരുന്നേക്കാം. ഇതേക്കുറിച്ച്‌ നാം 11-ാം പാഠത്തിൽ പരിചിന്തിക്കുന്നതായിരിക്കും.

വിവേചനാപൂർവം ശബ്ദം താഴ്‌ത്തുന്നതു പ്രതീക്ഷ ഉണർത്തിയേക്കാം. എന്നാൽ സാധാരണഗതിയിൽ അതിനെ തുടർന്ന്‌ ഉടൻതന്നെ സ്വരതീവ്രത കൂട്ടി സംസാരിക്കേണ്ടിവരുന്നു. ശബ്ദം താഴ്‌ത്തിയും ഒപ്പം തീവ്രത കൂട്ടിയും സംസാരിക്കുന്നത്‌ ഉത്‌കണ്‌ഠയോ ഭയമോ ധ്വനിപ്പിക്കുന്നതിനു സഹായിക്കും. പറയുന്ന ഒരു കാര്യം അതിനോടു ബന്ധപ്പെട്ടു പറയുന്ന മറ്റു കാര്യങ്ങളോടുള്ള താരതമ്യത്തിൽ പ്രാധാന്യം കുറഞ്ഞതാണെന്നു സൂചിപ്പിക്കാനും ശബ്ദം താഴ്‌ത്തി സംസാരിക്കാവുന്നതാണ്‌. എന്നാൽ നിങ്ങളുടെ ശബ്ദം എപ്പോഴും താഴ്‌ന്നതാണെങ്കിൽ, അതു നിങ്ങളുടെ ഭാഗത്ത്‌ അനിശ്ചിതത്വമോ ബോധ്യക്കുറവോ ഉള്ളതായി സൂചിപ്പിച്ചേക്കാം. അല്ലെങ്കിൽ നിങ്ങൾക്കു വിഷയത്തിൽ യഥാർഥ താത്‌പര്യമില്ലെന്നു തോന്നാൻ അത്‌ ഇടയാക്കിയേക്കാം. സ്‌പഷ്ടമായും, വളരെ നേർത്ത സ്വരങ്ങൾ വിവേചനയോടെ വേണം ഉപയോഗിക്കാൻ.

സംസാരത്തിന്റെ വേഗം വ്യത്യാസപ്പെടുത്തുക. അനുദിന സംസാരത്തിൽ, നാം ആശയപ്രകടനം നടത്തുമ്പോൾ വാക്കുകൾ താനേ ഒഴുകിവരുന്നു. ആവേശഭരിതരായിരിക്കുമ്പോൾ നമ്മുടെ സംസാരം ദ്രുതഗതിയിലാകുന്നു. നാം പറയുന്നതു മറ്റുള്ളവർ അതേപടി ഓർത്തിരിക്കണമെന്ന്‌ ആഗ്രഹമുള്ളപ്പോൾ നമ്മുടെ സംസാരം കൂടുതൽ സാവധാനത്തിലാകുന്നു.

എന്നിരുന്നാലും, പൊതുവേദിയിൽ പ്രസംഗം നടത്തി പരിചയമില്ലാത്തവർ പ്രസംഗം നടത്തുമ്പോൾ വേഗത്തിനു വ്യത്യാസം വരുത്തി സംസാരിക്കാറില്ലെന്നുതന്നെ പറയാം. എന്താണ്‌ ഇതിനു കാരണം? അവർ വാക്കുകളിൽ വേണ്ടതിലേറെ ശ്രദ്ധ പതിപ്പിക്കുന്നു. എല്ലാം നോട്ടിൽ എഴുതി വെച്ചിട്ടുണ്ടാകും. ഇനി, പറയാനുള്ളതെല്ലാം അതേപടി എഴുതിയ ഒരു നോട്ടിൽ നോക്കിയല്ല പ്രസംഗം നടത്തുന്നതെങ്കിൽ കൂടി, അവർ വാക്കുകളെല്ലാംതന്നെ മനഃപാഠമാക്കിയിട്ടുണ്ടാകും. ഫലമോ? ഏതാണ്ട്‌ ഒരേ വേഗത്തിലായിരിക്കും അവർ എല്ലാം അവതരിപ്പിക്കുക. ബാഹ്യരേഖ ഉപയോഗിച്ചു പ്രസംഗം നടത്താൻ പഠിക്കുന്നത്‌ ഈ ദൗർബല്യം പരിഹരിക്കാൻ സഹായിക്കും.

സംസാരത്തിന്റെ വേഗം വളരെ പെട്ടെന്നു കൂട്ടുന്നത്‌ ഒഴിവാക്കുക. അങ്ങനെ ചെയ്യുമ്പോൾ ഒരുപക്ഷേ, സാവധാനം നടന്നു നീങ്ങുന്ന ഒരു പൂച്ച ഒരു പട്ടിയെ കണ്ടാലുടൻ പായുന്നതായിരിക്കും ഓർമയിലേക്കു വരിക. ഉച്ചാരണസ്‌ഫുടത ബലികഴിക്കപ്പെടുന്നത്ര വേഗത്തിൽ ഒരിക്കലും സംസാരിക്കരുത്‌.

പറയുന്നതിന്റെ വേഗം ഒരു നിശ്ചിത സമയം ഇടവിട്ട്‌ വെറുതെ കൂട്ടുകയും കുറയ്‌ക്കുകയും ചെയ്‌തുകൊണ്ട്‌ സംസാര വേഗത്തിന്റെ കാര്യത്തിൽ വൈവിധ്യം നേടാൻ ശ്രമിക്കരുത്‌. അത്തരം അവതരണ രീതി നിങ്ങൾ അവതരിപ്പിക്കുന്ന വിവരങ്ങളുടെ ആകർഷകത്വം വർധിപ്പിക്കുന്നതിനു പകരം, അതു കുറയ്‌ക്കുകയേ ഉള്ളൂ. പറയുന്ന കാര്യങ്ങൾ, ധ്വനിപ്പിക്കാൻ ആഗ്രഹിക്കുന്ന വികാരങ്ങൾ, നിങ്ങളുടെ ലക്ഷ്യം ഇവയ്‌ക്ക്‌ അനുസൃതമായി വേണം സംസാര വേഗത്തിൽ മാറ്റം വരുത്താൻ. പ്രസംഗം മിതമായ വേഗത്തിൽ നടത്തുക. ആവേശം ദ്യോതിപ്പിക്കുന്നതിനു സാധാരണ സംസാരത്തിൽ ചെയ്യുന്നതുപോലെതന്നെ വേഗം കൂട്ടി സംസാരിക്കുക. വേഗം കൂട്ടി സംസാരിക്കുന്നതു പ്രാധാന്യം കുറഞ്ഞ പോയിന്റുകൾ പ്രസ്‌താവിക്കുമ്പോഴും വിശദാംശങ്ങൾക്കു വലിയ പ്രാധാന്യമില്ലാത്ത സംഭവങ്ങൾ വിവരിക്കുമ്പോഴും ഉചിതമാണ്‌. ഇതു വൈവിധ്യം പകരുകയും നിങ്ങളുടെ പ്രസംഗത്തിനു ഗൗരവം കൂടിപ്പോയതായി തോന്നാതിരിക്കാൻ സഹായിക്കുകയും ചെയ്യും. അതേസമയം, ഘനമേറിയ വാദഗതികൾ, മുഖ്യ പോയിന്റുകൾ എന്നിവ അവതരിപ്പിക്കുമ്പോഴും അവതരണം അതിന്റെ പാരമ്യങ്ങളിൽ എത്തുമ്പോഴും സാധാരണഗതിയിൽ വേഗം കുറയ്‌ക്കേണ്ടതാണ്‌.

സ്ഥായിയിൽ വ്യതിയാനം വരുത്തുക. ഒരു വ്യക്തി ഒന്നോ അതിലധികമോ മണിക്കൂർ ഒരു സംഗീതോപകരണം വായിക്കുന്നതായി സങ്കൽപ്പിക്കുക. ആ സമയമത്രയും അയാൾ ഒരേയൊരു സ്വരം മാത്രം മീട്ടുന്നു​—ആദ്യം ഉച്ചത്തിൽ, പിന്നെ മൃദുവായി, ചിലപ്പോൾ വേഗത്തിൽ, പിന്നെ സാവധാനം. ശബ്ദവ്യാപ്‌തിയിലും വേഗത്തിലും വ്യത്യാസമുണ്ടെങ്കിലും, സ്ഥായിയിൽ ഒട്ടും വ്യതിയാനമില്ലാത്ത ആ “സംഗീതം” കേൾക്കാൻ വലിയ രസമൊന്നുമുണ്ടാകില്ല. അതുപോലെതന്നെ, സ്ഥായിയിൽ വൈവിധ്യമില്ലെങ്കിൽ നമ്മുടെ ശബ്ദവും കാതുകൾക്ക്‌ ഇമ്പകരമായിരിക്കില്ല.

സ്ഥായിയിലുള്ള വ്യതിയാനങ്ങൾ എല്ലാ ഭാഷകളിലും ഒരേ ഫലമല്ല ഉളവാക്കുന്നത്‌ എന്ന കാര്യം ശ്രദ്ധിക്കേണ്ടതുണ്ട്‌. ചൈനീസ്‌ പോലുള്ള ഒരു താനഭാഷയിൽ (tonal language) സ്ഥായിയിൽ മാറ്റം വരുത്തി ഉച്ചരിച്ചാൽ ഒരു വാക്കിന്റെ അർഥംതന്നെ മാറിപ്പോയേക്കാം. എന്നിരുന്നാലും, അത്തരമൊരു ഭാഷയിൽപ്പോലും, സംസാരത്തിനു കൂടുതൽ വൈവിധ്യം പകരാൻ ഒരു വ്യക്തിക്കു ചെയ്യാവുന്ന കാര്യങ്ങളുണ്ട്‌. പദങ്ങൾക്ക്‌ അർഥഭേദം സംഭവിക്കാതിരിക്കാൻ സ്ഥായികളിൽ മാറ്റംവരാതെ നോക്കുമ്പോൾത്തന്നെ, അദ്ദേഹം അനുയോജ്യമായ ഘട്ടങ്ങളിൽ തന്റെ ശബ്ദം കൂട്ടുകയും കുറയ്‌ക്കുകയും ചെയ്‌തുകൊണ്ടു വികാരങ്ങളെ ദ്യോതിപ്പിക്കാൻ ശ്രമിക്കുന്നു. അങ്ങനെ അദ്ദേഹത്തിന്‌ ഉച്ചസ്ഥായികൾ കൂടുതൽ ഉയർത്തിയും താഴ്‌ന്ന സ്ഥായികൾ കൂടുതൽ താഴ്‌ത്തിയും സംസാരിക്കാൻ കഴിയും.

താനഭാഷകൾ അല്ലാത്ത ഭാഷകളിൽ പോലും, സ്ഥായിയിലുള്ള വ്യതിയാനം വിവിധ തരത്തിലുള്ള ആശയങ്ങളെ ദ്യോതിപ്പിച്ചേക്കാം. ഉദാഹരണത്തിന്‌, സ്ഥായി നേരിയ തോതിൽ ഉയർത്തുകയും ശബ്ദവ്യാപ്‌തി അതിനൊപ്പിച്ചു വർധിപ്പിക്കുകയും ചെയ്യുന്നതിലൂടെ മുഖ്യ പദങ്ങൾക്ക്‌ ഊന്നൽ കൊടുത്തു സംസാരിക്കാൻ കഴിയും. അല്ലെങ്കിൽ, സ്ഥായിയിൽ വ്യതിയാനം വരുത്തുന്നത്‌ വലിപ്പമോ ദൂരമോ സൂചിപ്പിക്കുന്നതിനുള്ള ഒരു മാർഗമായിരുന്നേക്കാം. ഒരു വാചകം ആരോഹണ സ്ഥായിയിൽ പറഞ്ഞ്‌ അവസാനിപ്പിക്കുന്നത്‌ അതൊരു ചോദ്യം ആണെന്നതിന്റെ സൂചനയായിരുന്നേക്കാം. ചില ഭാഷകളിൽ വാചകം അവരോഹണ സ്ഥായിയിൽ അവസാനിക്കുമ്പോഴാണു ചോദ്യമാകുക.

സ്ഥായി ഉയർത്തുന്നതിലൂടെ ആവേശവും ഉത്സാഹവും ധ്വനിപ്പിക്കാൻ കഴിഞ്ഞേക്കും. (താനഭാഷയിൽ ഇതു സാധ്യമാകുന്നതിന്‌ ശബ്ദത്തിൽ കൂടുതൽ വൈവിധ്യം ഉപയോഗിക്കേണ്ടിവന്നേക്കാം.) എന്നാൽ ദുഃഖവും ഉത്‌കണ്‌ഠയും ധ്വനിപ്പിക്കുന്നതിന്‌ സ്ഥായി താഴ്‌ത്തുകയാണു വേണ്ടത്‌. (താനഭാഷയിൽ ഇത്‌ ശബ്ദത്തിൽ കുറഞ്ഞ വൈവിധ്യം ആവശ്യമാക്കിത്തീർക്കുന്നു.) ഇവിടെ പറഞ്ഞിരിക്കുന്ന വികാരങ്ങൾ ഹൃദയത്തെ സ്‌പർശിക്കാൻ പ്രസംഗകനെ സഹായിക്കുന്നവയാണ്‌. അവ പ്രകടിപ്പിക്കാൻ ആഗ്രഹിക്കുമ്പോൾ, വാക്കുകൾ വെറുതെ പറഞ്ഞുപോകാതെ ആ വികാരങ്ങൾ നിങ്ങൾക്ക്‌ യഥാർഥത്തിൽ അനുഭവപ്പെടുന്നു എന്ന്‌ ശബ്ദത്തിലൂടെ പ്രകടമാക്കുക.

അടിസ്ഥാനമിടൽ. ഉച്ചനീചത്വത്തിന്‌ അടിസ്ഥാനമിടേണ്ടത്‌ എപ്പോഴാണ്‌? പ്രസംഗത്തിനു നിങ്ങൾ വിവരങ്ങൾ തിരഞ്ഞെടുക്കുമ്പോൾത്തന്നെ. നിങ്ങളുടെ പ്രസംഗത്തിൽ ന്യായവാദം അല്ലാതെ മറ്റൊന്നുമില്ലെങ്കിൽ അല്ലെങ്കിൽ അതിൽ ഉദ്‌ബോധനം മാത്രമേ ഉള്ളുവെങ്കിൽ വൈവിധ്യത്തോടെ പരിപാടി അവതരിപ്പിക്കാൻ നിങ്ങൾക്ക്‌ അവസരം ഉണ്ടായിരിക്കുകയില്ല. അതുകൊണ്ട്‌ നിങ്ങളുടെ ബാഹ്യരേഖ അപഗ്രഥിച്ച്‌, വൈവിധ്യമാർന്നതും വിജ്ഞാനപ്രദവുമായ ഒരു അവതരണത്തിന്‌ ആവശ്യമായ ചേരുവകൾ നിങ്ങളുടെ പ്രസംഗത്തിൽ ഉണ്ടെന്ന്‌ ഉറപ്പുവരുത്തുക.

നിങ്ങളുടെ അവതരണം വിരസമായി ഇഴഞ്ഞുനീങ്ങുകയാണെന്നും അതുകൊണ്ട്‌ കൂടുതൽ വൈവിധ്യം ആവശ്യമാണെന്നും പ്രസംഗത്തിനിടയ്‌ക്കു നിങ്ങൾക്കു തോന്നുന്നുവെന്നിരിക്കട്ടെ. അപ്പോഴെന്ത്‌? വിവരങ്ങൾ അവതരിപ്പിക്കുന്ന രീതിക്കു വ്യത്യാസം വരുത്തുക. എങ്ങനെ? വെറുതെ സംസാരിച്ചുകൊണ്ടേയിരിക്കുന്നതിനു പകരം ബൈബിൾ തുറന്ന്‌ ഒരു വാക്യം വായിക്കുന്നതാണ്‌ ഒരു മാർഗം. നിങ്ങളോടൊപ്പം ബൈബിൾ തുറന്നു നോക്കാൻ സദസ്സിനെയും ക്ഷണിക്കുക. അല്ലെങ്കിൽ ഏതെങ്കിലും പ്രസ്‌താവന ഒരു ചോദ്യമാക്കി മാറ്റുക. ഒപ്പം ദൃഢതയ്‌ക്കായി നിറുത്തലും ഉപയോഗിക്കുക. ലളിതമായ ഒരു ദൃഷ്ടാന്തം ചേർക്കുക. ഇവയൊക്കെയാണ്‌ അനുഭവസമ്പന്നരായ പ്രസംഗകർ ഉപയോഗിക്കുന്ന വിദ്യകൾ. എന്നാൽ, നിങ്ങൾ അനുഭവപരിചയം കുറഞ്ഞ ആളാണെങ്കിലും, വിവരങ്ങൾ തയ്യാറാകുമ്പോൾ നിങ്ങൾക്ക്‌ ഇതേ ആശയങ്ങൾ ഉപയോഗിക്കാൻ കഴിയും.

ഉച്ചനീചത്വം ഒരു പ്രസംഗത്തിന്‌ രുചി പകരുന്ന ചേരുവ ആണെന്നു പറയാൻ കഴിയും. ശരിയായ ഇനം, ശരിയായ അളവിൽ ഉപയോഗിക്കുന്ന പക്ഷം അത്‌ നിങ്ങൾ അവതരിപ്പിക്കുന്ന വിവരങ്ങളുടെ മുഴുവൻ സ്വാദും പുറത്തുകൊണ്ടുവരുകയും നിങ്ങളുടെ പ്രസംഗം കേൾക്കുന്നതു സദസ്സിന്‌ ഉല്ലാസകരമായ ഒരു അനുഭവമാക്കിത്തീർക്കുകയും ചെയ്യും.

അതു ചെയ്യാവുന്ന വിധം

  • ശബ്ദവ്യാപ്‌തി ക്രമീകരിക്കുക. അടിയന്തിര കൽപ്പനകളോ അപലപനങ്ങളോ അവതരിപ്പിക്കുമ്പോഴോ ഉറച്ച ബോധ്യം ദ്യോതിപ്പിക്കാൻ ആഗ്രഹിക്കുമ്പോഴോ ഇതു ചെയ്യുക. നിങ്ങളുടെ പ്രസംഗത്തിൽ ശബ്ദവ്യാപ്‌തി വർധിപ്പിക്കേണ്ട ഭാഗങ്ങൾക്കു ശ്രദ്ധാപൂർവകമായ പരിചിന്തനം നൽകുക.

  • സംസാരത്തിന്റെ വേഗം വ്യത്യാസപ്പെടുത്തുക. പ്രാധാന്യം കുറഞ്ഞ പോയിന്റുകൾ വേഗം കൂട്ടിയും ഘനമേറിയ വാദഗതികളും മുഖ്യ പോയിന്റുകളും വേഗം കുറച്ചും പറഞ്ഞുകൊണ്ട്‌ ഇതു ചെയ്യാവുന്നതാണ്‌. ആവേശം ദ്യോതിപ്പിക്കുന്നതിനു വേഗത്തിൽ സംസാരിക്കുക.

  • സ്ഥായിയിൽ വ്യതിയാനം വരുത്തുക. ഉചിതമായിരിക്കുന്നെങ്കിൽ, വികാരങ്ങൾ ധ്വനിപ്പിക്കാനും ഹൃദയങ്ങളെ സ്‌പർശിക്കാനും ഇതു ചെയ്യാവുന്നതാണ്‌.

  • പ്രസംഗത്തിനുള്ള വിവരങ്ങൾ തിരഞ്ഞെടുക്കുമ്പോൾത്തന്നെ ഉച്ചനീചത്വത്തിന്‌ അടിസ്ഥാനമിടേണ്ടതാണ്‌.

അഭ്യാസങ്ങൾ: (1) 1 ശമൂവേൽ 17:17-53 മൗനമായി വായിക്കുക. വായിക്കുമ്പോൾ ശബ്ദവ്യാപ്‌തിയിലും സംസാര വേഗത്തിലും സ്ഥായിയിലും അനുയോജ്യമായ വ്യതിയാനം വരുത്തുന്നതിനുള്ള അവസരങ്ങൾ നോക്കിവെക്കുക. എന്നിട്ട്‌ ആ ഭാഗം ഉച്ചത്തിൽ ഭാവം വരുത്തി വായിക്കുക. എന്നാൽ ഭാവം അതിരുകടക്കാതിരിക്കാൻ ശ്രദ്ധിക്കണം. പല തവണ ഇങ്ങനെ ചെയ്യുക. (2) നിങ്ങളുടെ ശബ്ദം വഴക്കമുള്ളതായിത്തീരുന്നതിന്‌, 48 മുതൽ 51 വരെയുള്ള വാക്യങ്ങൾ തെറ്റുകൂടാതെ എത്ര വേഗത്തിൽ വായിക്കാൻ കഴിയുമോ അത്ര വേഗത്തിൽ ഉറക്കെ വായിക്കുക. ഉച്ചാരണസ്‌ഫുടത ബലികഴിക്കാതെ, വേഗം സ്ഥിരമായി വർധിപ്പിച്ചുകൊണ്ട്‌ അതു പലയാവർത്തി വായിക്കുക. തുടർന്ന്‌, ശബ്ദങ്ങൾ വലിച്ചുനീട്ടിക്കൊണ്ട്‌ അതേ ഭാഗം കഴിയുന്നത്ര പതുക്കെ വായിക്കുക. അടുത്തതായി, നിങ്ങളുടെ ശബ്ദം ആവശ്യത്തിന്‌ അനുസൃതമായി വഴങ്ങിക്കിട്ടുന്നതുവരെ മാറിമാറി വേഗം കൂട്ടുകയും കുറയ്‌ക്കുകയും ചെയ്യുക.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക