വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • be പാഠം 15 പേ. 131-പേ. 134 ഖ. 5
  • നല്ല വസ്‌ത്രധാരണം, ചമയം, ശരീരനില

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • നല്ല വസ്‌ത്രധാരണം, ചമയം, ശരീരനില
  • ദിവ്യാധിപത്യ ശുശ്രൂഷാസ്‌കൂൾ വിദ്യാഭ്യാസത്തിൽനിന്നു പ്രയോജനം നേടുക
  • സമാനമായ വിവരം
  • നമ്മുടെ വസ്‌ത്ര​ധാ​ര​ണ​വും ചമയവും ശ്രദ്ധി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?
    ജീവിതം ആസ്വദിക്കാം എന്നേക്കും!—ദൈവത്തിൽനിന്ന്‌ പഠിക്കാം
  • മാന്യമായ വസ്‌ത്രധാരണം ദൈവഭയത്തെ പ്രതിഫലിപ്പിക്കുന്നു
    നമ്മുടെ രാജ്യ ശുശ്രൂഷ—2003
  • നിങ്ങളുടെ വസ്‌ത്രധാരണം ദൈവത്തെ മഹത്ത്വപ്പെടുത്തുമോ?
    വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2016
  • നിങ്ങളുടെ വസ്‌ത്രധാരണവും ചമയവും നിങ്ങളെ വിളിച്ചറിയിക്കുന്നു
    നിങ്ങളുടെ യൗവനം—അതു പരമാവധി ആസ്വദിക്കുക
കൂടുതൽ കാണുക
ദിവ്യാധിപത്യ ശുശ്രൂഷാസ്‌കൂൾ വിദ്യാഭ്യാസത്തിൽനിന്നു പ്രയോജനം നേടുക
be പാഠം 15 പേ. 131-പേ. 134 ഖ. 5

പാഠം 15

നല്ല വസ്‌ത്രധാരണം, ചമയം, ശരീരനില

നിങ്ങൾ എന്താണു ചെയ്യേണ്ടത്‌?

വൃത്തിയോടും വെടിപ്പോടും കൂടി, വിനയം പ്രതിഫലിക്കുന്ന രീതിയിൽ വസ്‌ത്രധാരണം ചെയ്യണം. തലമുടി വൃത്തിയായി ചീകിയിരിക്കണം. ഏകാഗ്ര മനോഭാവത്തെ പ്രതിഫലിപ്പിക്കുന്ന ശരീരനിലയും വേണം.

അത്‌ എന്തുകൊണ്ട്‌ പ്രധാനം?

മറ്റുള്ളവരുടെ മുമ്പാകെ ആയിരിക്കുമ്പോൾ നിങ്ങളുടെ വസ്‌ത്രധാരണവും മറ്റും എങ്ങനെയുള്ളതാണ്‌ എന്നത്‌, നിങ്ങളുടെ ക്രിസ്‌തീയ വിശ്വാസങ്ങളെയും നിങ്ങൾ പ്രതിനിധാനം ചെയ്യുന്ന ജീവിതരീതിയെയും അവർ എങ്ങനെ വീക്ഷിക്കുന്നു എന്നതിനെ സ്വാധീനിച്ചേക്കാം.

നിങ്ങളുടെ വസ്‌ത്രധാരണവും മറ്റും നിങ്ങളെ കുറിച്ചു വളരെയധികം കാര്യങ്ങൾ വെളിപ്പെടുത്തുന്നു. യഹോവ നോക്കുന്നതു ഹൃദയത്തെയാണെങ്കിലും, മനുഷ്യർ പൊതുവേ “കണ്ണിന്നു കാണുന്ന”തിന്റെ അടിസ്ഥാനത്തിലാണു നിഗമനങ്ങളിൽ എത്തിച്ചേരുന്നത്‌. (1 ശമൂ. 16:7) നിങ്ങളുടെ വസ്‌ത്രധാരണവും ചമയവും വൃത്തിയും വെടിപ്പും ഉള്ളതായിരിക്കുമ്പോൾ, നിങ്ങൾക്ക്‌ ആത്മാഭിമാനം ഉണ്ടെന്നു മറ്റുള്ളവർ നിഗമനം ചെയ്യാനിടയുണ്ട്‌. അങ്ങനെയാകുമ്പോൾ നിങ്ങൾ പറയുന്നതു കേൾക്കാൻ അവർ കൂടുതൽ ചായ്‌വു കാണിച്ചേക്കാം. കൂടാതെ, ഉചിതമായ വസ്‌ത്രധാരണവും ചമയവും നിങ്ങൾ പ്രതിനിധീകരിക്കുന്ന സംഘടനയിലും നിങ്ങൾ ആരാധിക്കുന്ന ദൈവത്തിലും ശ്രോതാക്കൾക്കു മതിപ്പു തോന്നാനും ഇടയാക്കും.

ബാധകമാക്കേണ്ട മാർഗനിർദേശങ്ങൾ. നമ്മുടെ വ്യക്തിപരമായ വസ്‌ത്രധാരണവും മറ്റും എങ്ങനെയുള്ളത്‌ ആയിരിക്കണമെന്നതു സംബന്ധിച്ചു ബൈബിൾ വളരെയേറെ നിയമങ്ങൾ തരുന്നില്ല. എന്നാൽ ശരിയായ തീരുമാനങ്ങൾ എടുക്കാൻ നമ്മെ സഹായിക്കുന്ന സമനിലയുള്ള തത്ത്വങ്ങൾ അതു നൽകുകതന്നെ ചെയ്യുന്നു. നാം ‘എല്ലാം ദൈവത്തിന്റെ മഹത്വത്തിന്നായി ചെയ്യുന്നു’ എന്ന വസ്‌തുതയാണ്‌ ഇവയ്‌ക്കെല്ലാറ്റിനും അടിസ്ഥാനം. (1 കൊരി. 10:31) എന്തെല്ലാം തത്ത്വങ്ങളാണ്‌ ഇക്കാര്യത്തിൽ ഉൾപ്പെട്ടിരിക്കുന്നത്‌?

ഒന്നാമതായി, നമ്മുടെ ശരീരവും വസ്‌ത്രവും വൃത്തിയുള്ളതായി സൂക്ഷിക്കാൻ ബൈബിൾ നമ്മെ പ്രോത്സാഹിപ്പിക്കുന്നു. പുരാതന ഇസ്രായേലിനു കൊടുത്ത ന്യായപ്രമാണത്തിൽ ശുചിത്വം സംബന്ധിച്ച്‌ യഹോവ നിബന്ധനകൾ നൽകി. ഉദാഹരണത്തിന്‌, ശുശ്രൂഷയിലായിരിക്കെ പുരോഹിതന്മാർ നിശ്ചിത സമയങ്ങളിൽ തങ്ങളുടെ ദേഹവും വസ്‌ത്രങ്ങളും കഴുകേണ്ടതുണ്ടായിരുന്നു. (ലേവ്യ. 16:4, 24, 26, 28) ക്രിസ്‌ത്യാനികൾ മോശൈക ന്യായപ്രമാണത്തിൻ കീഴിലല്ല. എങ്കിലും അതിലെ തത്ത്വങ്ങൾ ഇന്നും ബാധകമാണ്‌. (യോഹ. 13:10; വെളി. 19:8) പ്രത്യേകിച്ചും ആരാധനാസ്ഥലത്തേക്കു പോകുമ്പോഴും വയൽശുശ്രൂഷയിൽ പങ്കെടുക്കുമ്പോഴും നമ്മുടെ ശരീരവും വസ്‌ത്രവും വൃത്തിയുള്ളത്‌ ആയിരിക്കണം. കാരണം ശരീരദുർഗന്ധവും വായ്‌നാറ്റവും മറ്റും നമ്മുടെ സാമീപ്യം മറ്റുള്ളവർക്കു ദുസ്സഹമാക്കിത്തീർക്കും. സഭയിൽ പ്രസംഗങ്ങൾ നടത്തുകയോ പ്രകടനങ്ങളിൽ പങ്കെടുക്കുകയോ ചെയ്യുന്നവർ ഇക്കാര്യത്തിൽ ഉത്തമ മാതൃക വെക്കണം. നമ്മുടെ ശരീരവും വസ്‌ത്രവും വൃത്തിയുള്ളതായി സൂക്ഷിക്കുന്നത്‌ യഹോവയോടും അവന്റെ സംഘടനയോടുമുള്ള ആദരവിന്റെ ഒരു പ്രകടനമാണ്‌.

രണ്ടാമതായി, വിനയവും സുബോധവും നട്ടുവളർത്താൻ ബൈബിൾ നമ്മെ ഉദ്‌ബോധിപ്പിക്കുന്നു. അപ്പൊസ്‌തലനായ പൗലൊസ്‌ ക്രിസ്‌തീയ സ്‌ത്രീകളെ ഇങ്ങനെ ഉദ്‌ബോധിപ്പിച്ചു: ‘അവ്വണ്ണം സ്‌ത്രീകളും ലജ്ജാശീലത്തോടും [“വിനയത്തോടും,” NW] സുബോധത്തോടുംകൂടെ തങ്ങളെ അലങ്കരിക്കേണം. പിന്നിയ തലമുടി, പൊന്നു, മുത്തു, വിലയേറിയ വസ്‌ത്രം എന്നിവകൊണ്ടല്ല, ദൈവഭക്തിയെ സ്വീകരിക്കുന്ന സ്‌ത്രീകൾക്കു ഉചിതമാകുംവണ്ണം അത്രേ അലങ്കരിക്കേണ്ടതു.’ (1 തിമൊ. 2:9, 10) വിനയവും സുബോധവും പുരുഷന്മാരുടെ വസ്‌ത്രധാരണത്തിന്റെയും ചമയത്തിന്റെയും കാര്യത്തിലും പ്രധാനമാണ്‌.

വിനയമുള്ള ഒരു വ്യക്തി മറ്റുള്ളവർക്കു വെറുതെ ഇടർച്ച വരുത്താതിരിക്കുന്നതിലും തന്നിലേക്കുതന്നെ അനാവശ്യ ശ്രദ്ധ ക്ഷണിക്കാതിരിക്കുന്നതിലും തത്‌പരനാണ്‌. വിവേകത്തോടെ അല്ലെങ്കിൽ നല്ല ന്യായബോധത്തോടെ പ്രവർത്തിക്കാൻ സുബോധം സഹായിക്കുന്നു. ഈ ഗുണങ്ങൾ പ്രകടിപ്പിക്കുന്ന വ്യക്തിക്കു ദൈവിക നിലവാരങ്ങളോടുള്ള ആദരവിൽനിന്ന്‌ ഉളവാകുന്ന സമനില ഉണ്ടായിരിക്കും. ഈ ഗുണങ്ങൾ പ്രകടിപ്പിക്കണം എന്നു പറയുമ്പോൾ ആകർഷകമായ വിധത്തിൽ വസ്‌ത്രം ധരിക്കരുത്‌ എന്ന്‌ അതിനർഥമില്ല. എന്നാൽ, അത്തരം ഗുണങ്ങൾ ഉണ്ടായിരിക്കുന്നതു നമ്മുടെ വസ്‌ത്രധാരണത്തിന്റെയും ചമയത്തിന്റെയും കാര്യത്തിൽ ന്യായബോധം ഉള്ളവരായിരിക്കാനും അതിരുകടന്ന രീതികൾ ഒഴിവാക്കാനും നമ്മെ സഹായിക്കുന്നു. (1 യോഹ. 2:16) ആരാധനാസ്ഥലത്ത്‌ ആയിരിക്കുമ്പോഴായാലും വയൽശുശ്രൂഷയിൽ പങ്കെടുക്കുമ്പോഴായാലും മറ്റു പ്രവർത്തനങ്ങളിൽ ഏർപ്പെടുമ്പോഴായാലും, ഈ തത്ത്വങ്ങൾ ബാധകമാക്കാൻ നാം ആഗ്രഹിക്കുന്നു. നാം അനുദിനം ധരിക്കുന്ന വസ്‌ത്രങ്ങൾ പോലും വിനയവും സുബോധവും പ്രതിഫലിപ്പിക്കുന്നവ ആയിരിക്കണം. സ്‌കൂളിലോ ജോലിസ്ഥലത്തോ ആയിരിക്കുമ്പോൾ നമുക്ക്‌ അനൗപചാരിക സാക്ഷീകരണത്തിനുള്ള അവസരങ്ങൾ ഉണ്ടായിരിക്കും. അപ്പോഴത്തെ നമ്മുടെ വസ്‌ത്രധാരണം യോഗങ്ങളിലും കൺവെൻഷനുകളിലും സമ്മേളനങ്ങളിലും പങ്കെടുക്കുമ്പോഴത്തേതു പോലെ അല്ലായിരുന്നേക്കാമെങ്കിലും, അതു വൃത്തിയും വെടിപ്പും ഉള്ളതും വിനയത്തോടു കൂടിയതും ആയിരിക്കണം.

നാമെല്ലാം ഒരേപോലെയല്ല വസ്‌ത്രം ധരിക്കുന്നത്‌ എന്നതു ശരിതന്നെ. അങ്ങനെ ചെയ്യാനൊട്ടു പ്രതീക്ഷിക്കുന്നുമില്ല. ആളുകളുടെ അഭിരുചികൾ വ്യത്യസ്‌തമാണ്‌. അതിൽ യാതൊരു കുഴപ്പവും ഇല്ലതാനും. എന്നാൽ ബൈബിൾ മാർഗനിർദേശങ്ങൾ എല്ലായ്‌പോഴും ബാധകമാക്കേണ്ടത്‌ ആവശ്യമാണ്‌.

കേശാലങ്കാരം, പുറമേ അണിയുന്ന വസ്‌ത്രങ്ങൾ ഇവയെക്കാളെല്ലാം പ്രധാനം ‘ഹൃദയത്തിന്റെ ഗൂഢമനുഷ്യനു’മായി ബന്ധപ്പെട്ട വസ്‌ത്രമാണെന്ന്‌ അപ്പൊസ്‌തലനായ പത്രൊസ്‌ കാണിച്ചുതരികയുണ്ടായി. (1 പത്രൊ. 3:3, 4, NW) നമ്മുടെ ഹൃദയം സ്‌നേഹം, സന്തോഷം, സമാധാനം, ദയ, അടിയുറച്ച വിശ്വാസം എന്നിവകൊണ്ടു നിറയുമ്പോൾ യഹോവയ്‌ക്ക്‌ യഥാർഥത്തിൽ മഹത്ത്വം കരേറ്റുന്ന ആത്മീയ വസ്‌ത്രങ്ങൾ ആയിത്തീരും അവ നമുക്ക്‌.

മൂന്നാമതായി, നമ്മുടെ വസ്‌ത്രവും മറ്റും നന്നായി ക്രമീകരിച്ചതാണോ എന്നു പരിചിന്തിക്കാൻ ബൈബിൾ നമ്മെ ഉദ്‌ബോധിപ്പിക്കുന്നു. 1 തിമൊഥെയൊസ്‌ 2:​9, (NW) “നന്നായി ക്രമീകരിച്ച വസ്‌ത്രത്തെ” കുറിച്ചു പരാമർശിക്കുന്നു. അപ്പൊസ്‌തലനായ പൗലൊസ്‌ സ്‌ത്രീകളുടെ വസ്‌ത്രത്തെ കുറിച്ചാണു പരാമർശിച്ചതെങ്കിലും അതേ തത്ത്വം പുരുഷന്മാർക്കും ബാധകമാണ്‌. നന്നായി ക്രമീകരിച്ച ഒന്ന്‌ വൃത്തിയും വെടിപ്പും ഉള്ളതായിരിക്കും. നാം ഭൗതികമായി സമ്പന്നരാണെങ്കിലും അല്ലെങ്കിലും നമുക്കു മറ്റുള്ളവരുടെ മുന്നിൽ വൃത്തിയും വെടിപ്പും ഉള്ളവരായി കാണപ്പെടാൻ കഴിയും.

മറ്റുള്ളവർ നമ്മെ കാണുമ്പോൾ ആദ്യം ശ്രദ്ധിക്കുന്ന കാര്യങ്ങളിലൊന്നാണു നമ്മുടെ തലമുടി. അതു വൃത്തിയായി ക്രമീകരിച്ചത്‌ അഥവാ ചീകിയൊതുക്കിയത്‌ ആയിരിക്കണം. നാട്ടുനടപ്പും പാരമ്പര്യ ഘടകങ്ങളും ആളുകളുടെ കേശാലങ്കാര രീതികളെ സ്വാധീനിക്കുന്നു. 1 കൊരിന്ത്യർ 11:14, 15-ൽ കേശാലങ്കാരത്തെ കുറിച്ചുള്ള അപ്പൊസ്‌തലനായ പൗലൊസിന്റെ ബുദ്ധിയുപദേശം നാം കാണുന്നു. തെളിവനുസരിച്ച്‌ അതു മേൽപ്പറഞ്ഞ രണ്ടു ഘടകങ്ങളെയും കണക്കിലെടുത്തുകൊണ്ടുള്ള ഒന്നായിരുന്നു. എന്നിരുന്നാലും, ഒരാളുടെ കേശാലങ്കാരരീതി ആ വ്യക്തി എതിർ ലിംഗവർഗത്തിൽപ്പെട്ട ഒരാളെ പോലെ കാണപ്പെടാൻ ശ്രമിക്കുകയാണെന്ന ധാരണ ഉളവാക്കുന്നെങ്കിൽ അതു ബൈബിൾ തത്ത്വങ്ങൾക്ക്‌ എതിരായിരിക്കും.​—ആവ. 22:⁠5.

പുരുഷന്മാരെ സംബന്ധിച്ചാണെങ്കിൽ, വൃത്തിയുള്ള ചമയത്തിൽ മുഖം ഷേവ്‌ ചെയ്യുന്നത്‌ ഉൾപ്പെടുന്നു. മീശ വെക്കുന്നതു യോഗ്യമായി പൊതുവേ വീക്ഷിക്കപ്പെടുന്ന പ്രദേശങ്ങളിൽ മീശയുള്ളവർ അതു വൃത്തിയായി വെട്ടിനിറുത്തേണ്ടതുണ്ട്‌.

നാലാമതായി, നമ്മുടെ വസ്‌ത്രധാരണവും ചമയവും ലോകത്തോടും അതിന്റെ വഴികളോടും ഉള്ള സ്‌നേഹത്തെ പ്രതിഫലിപ്പിക്കുന്നവ ആയിരിക്കരുത്‌. അപ്പൊസ്‌തലനായ യോഹന്നാൻ ഇങ്ങനെ മുന്നറിയിപ്പു നൽകി: “ലോകത്തെയും ലോകത്തിലുള്ളതിനെയും സ്‌നേഹിക്കരുതു.” (1 യോഹ. 2:15-17) ഈ ലോകത്തിന്റെ സവിശേഷതയാണു പാപപൂർണമായ മോഹങ്ങൾ. അക്കൂട്ടത്തിൽ, യോഹന്നാൻ പാപഗ്രസ്‌തമായ ജഡത്തിന്റെ മോഹത്തെയും ഒരുവന്റെ വസ്‌തുവകകളുടെ പ്രതാപ പ്രകടനത്തെയും കുറിച്ചു പരാമർശിക്കുന്നു. കൂടാതെ, മത്സര മനോഭാവത്തിലേക്ക്‌ അല്ലെങ്കിൽ അധികാരത്തോടുള്ള അനുസരണക്കേടിലേക്ക്‌ തിരുവെഴുത്തുകൾ ശ്രദ്ധ ക്ഷണിക്കുന്നു. (സദൃ. 17:​11; എഫെ. 2:⁠2) ഈ മോഹങ്ങളും മനോഭാവങ്ങളും പലപ്പോഴും ആളുകളുടെ വസ്‌ത്രധാരണ രീതിയിലും ചമയത്തിലും പ്രകടമാകുന്നു. അവരുടെ വസ്‌ത്രധാരണവും ചമയവും അടക്കവും ഒതുക്കവും ഇല്ലാത്തതോ ലൈംഗിക വികാരമുണർത്തുന്നതോ അത്യാഢംബരപൂർണമോ വെടിപ്പില്ലാത്തതോ അശ്രദ്ധമോ അലക്ഷ്യമോ ആയിരുന്നേക്കാം. യഹോവയുടെ ദാസന്മാരെന്ന നിലയിൽ നാം അത്തരം ക്രിസ്‌തീയവിരുദ്ധ വഴികളെ പ്രതിഫലിപ്പിക്കുന്ന രീതികൾ ഒഴിവാക്കുന്നു.

വസ്‌ത്രധാരണത്തിന്റെയും ചമയത്തിന്റെയും കാര്യത്തിൽ ലോകത്തെ അനുകരിക്കുന്നതിനു പകരം, ക്രിസ്‌തീയ സഭയിലെ ആത്മീയ പക്വതയുള്ള സ്‌ത്രീപുരുഷന്മാരുടെ ഉത്തമ മാതൃക അനുകരിക്കുന്നത്‌ എത്രയോ മെച്ചമാണ്‌! ഭാവിയിൽ പരസ്യ പ്രസംഗകർ ആയിത്തീരാൻ ആഗ്രഹിക്കുന്ന യുവാക്കൾക്ക്‌, പരസ്യപ്രസംഗങ്ങൾ നടത്താൻ ഇപ്പോൾത്തന്നെ യോഗ്യത പ്രാപിച്ചിരിക്കുന്നവരുടെ വസ്‌ത്രധാരണം നിരീക്ഷിക്കാനാകും. പരസ്യശുശ്രൂഷയിൽ വർഷങ്ങളോളം വിശ്വസ്‌തമായി പങ്കെടുത്തിരിക്കുന്ന വ്യക്തികളുടെ മാതൃകയിൽനിന്ന്‌ എല്ലാവർക്കും പഠിക്കാനാകും.​—1 തിമൊ. 4:12; 1 പത്രൊ. 5:2, 3.

അഞ്ചാമതായി, ഉചിതമായത്‌ എന്താണെന്നു തീരുമാനിക്കവേ, “ക്രിസ്‌തുവും തന്നെത്തന്നെ പ്രീതിപ്പെടുത്തിയില്ല” എന്ന കാര്യം നാം മനസ്സിൽ പിടിക്കേണ്ടതുണ്ട്‌. (റോമ. 15:​3, പി.ഒ.സി. ബൈ.) യേശുവിന്റെ മുഖ്യ താത്‌പര്യം ദൈവേഷ്ടം ചെയ്യുന്നതിലായിരുന്നു. കൂടാതെ, അവൻ വ്യക്തിപരമായ സുഖസൗകര്യങ്ങളെക്കാൾ മറ്റുള്ളവരെ സഹായിക്കുന്നതിനു പ്രാധാന്യം നൽകി. ചില പ്രത്യേക വസ്‌ത്രധാരണ രീതികളുടെയും ചമയത്തിന്റെയും കാര്യത്തിൽ എന്തെങ്കിലും സംഗതി നമുക്കും നാം ഇപ്പോൾ സേവിക്കുന്നിടത്തെ ആളുകൾക്കും ഇടയിൽ പ്രതിബന്ധം ഉയർത്തുന്നെങ്കിൽ നാം എന്തു ചെയ്യണം? ക്രിസ്‌തു പ്രകടമാക്കിയ താഴ്‌മയുള്ള മനോഭാവം അനുകരിക്കുന്നതു ജ്ഞാനപൂർവകമായ തീരുമാനമെടുക്കാൻ നമ്മെ സഹായിക്കും. അപ്പൊസ്‌തലനായ പൗലൊസ്‌ ഈ തത്ത്വം ശ്രദ്ധയിൽ കൊണ്ടുവന്നു: ‘ഞങ്ങൾ ഒന്നിലും ഇടർച്ചെക്കു ഹേതു കൊടുക്കുന്നില്ല.’ (2 കൊരി. 6:3) അക്കാരണത്താൽ, നാം സാക്ഷീകരിക്കാൻ ആഗ്രഹിക്കുന്നവരുടെ മനസ്സുകളെ നമ്മുടെ സന്ദേശത്തിനു നേരെ അടച്ചുകളയാൻ ഇടയുള്ള കേശാലങ്കാര രീതികളും വസ്‌ത്രങ്ങളും നാം ഒഴിവാക്കേണ്ടി വന്നേക്കാം.

ശരീരനില. മറ്റുള്ളവരുടെ മുമ്പാകെ ആയിരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട മറ്റൊന്നാണു ശരീരനില. നാമെല്ലാവരും ഇരിക്കുകയും നിൽക്കുകയും ഒക്കെ ചെയ്യുന്നത്‌ ഒരേപോലെയല്ല എന്നതു ശരിതന്നെ. ഒരു നിശ്ചിത രീതിയുമായി അനുരൂപപ്പെടാൻ നാമൊട്ടു ശ്രമിക്കുന്നുമില്ല. എന്നിരുന്നാലും, നിവർന്നു നിൽക്കുന്നത്‌ വ്യക്തിപരമായ അന്തസ്സിനെയും ശുഭാപ്‌തിവിശ്വാസത്തെയും പ്രതിഫലിപ്പിക്കുന്നതായി ബൈബിൾ സൂചിപ്പിക്കുന്നതു ശ്രദ്ധേയമാണ്‌. (ലേവ്യ. 26:13; ലൂക്കൊ. 21:28) എന്നാൽ, വർഷങ്ങളോളം കുനിഞ്ഞ്‌ ഇരുന്നോ നിന്നോ ജോലി ചെയ്യേണ്ടി വന്നതിനാൽ അല്ലെങ്കിൽ പ്രായാധിക്യമോ ശാരീരിക ദൗർബല്യമോ നിമിത്തം ഒരു സഹോദരനോ സഹോദരിക്കോ നിവർന്നു നിൽക്കാൻ കഴിഞ്ഞെന്നു വരില്ല. അല്ലെങ്കിൽ താങ്ങിനു വേണ്ടി എവിടെയെങ്കിലും ചാരേണ്ടതുണ്ടായിരിക്കാം. എന്നാൽ നിവർന്നു നിൽക്കാൻ കഴിയുന്നവർ, മറ്റുള്ളവരോടു സംസാരിക്കുന്ന സമയത്ത്‌ നിവർന്നുതന്നെ നിൽക്കാനാണു പ്രോത്സാഹിപ്പിക്കുന്നത്‌. അല്ലാത്തപക്ഷം, നിസ്സംഗതയുടേതോ ക്ഷമാപണത്തിന്റേതോ ആയ ഒരു മനോഭാവം അവർക്ക്‌ ഉള്ളതായി അവരുടെ ശരീരനില പ്രതിഫലിപ്പിച്ചേക്കാം. അതുപോലെതന്നെ, പ്രസംഗകൻ പ്രസംഗപീഠത്തിൽ ഇടയ്‌ക്കൊന്നു കൈകൾ വെച്ചതുകൊണ്ടു കുഴപ്പമില്ലെങ്കിലും അയാൾ അതിൽ ഊന്നി നിൽക്കാതിരിക്കുന്നെങ്കിൽ സദസ്സിനു പൊതുവേ കൂടുതൽ മെച്ചപ്പെട്ട ഒരു ധാരണ ലഭിക്കുന്നതായിരിക്കും.

വെടിപ്പുള്ള ഉപകരണം. നാം വ്യക്തിപരമായി വൃത്തിയും വെടിപ്പും ഉള്ളവർ ആയിരുന്നാൽ പോരാ. ശുശ്രൂഷയിൽ നാം ഉപയോഗിക്കുന്ന ഉപകരണങ്ങളുടെ കാര്യത്തിലും അത്‌ അങ്ങനെതന്നെയായിരിക്കണം.

നിങ്ങളുടെ ബൈബിളിന്റെ കാര്യംതന്നെ എടുക്കുക. ബൈബിൾ ഉപയോഗിച്ചു പഴഞ്ചനാകുമ്പോൾ പുതിയ ഒരെണ്ണം വാങ്ങാൻ നമ്മിൽ എല്ലാവർക്കും കഴിഞ്ഞെന്നു വരില്ല. പക്ഷേ, നമ്മുടെ ബൈബിളിന്‌ എത്രനാളത്തെ പഴക്കമുണ്ടെങ്കിലും, സൂക്ഷിച്ച്‌ ഉപയോഗിച്ചതാണെന്ന്‌ അതു കണ്ടാൽ തോന്നണം.

തീർച്ചയായും, ഒരു സാക്ഷീകരണ ബാഗ്‌ പല വിധങ്ങളിൽ ഒരുക്കാൻ കഴിയും. എന്നാൽ അതു വെടിപ്പുള്ളതായിരിക്കണം. ഒരു പ്രസാധകൻ വയലിൽ കണ്ടുമുട്ടിയ ഒരു വ്യക്തിയെ തിരുവെഴുത്തു വായിച്ചു കേൾപ്പിക്കാൻ തുടങ്ങുമ്പോൾ അല്ലെങ്കിൽ ഒരു സഹോദരൻ സഭയിൽ പ്രസംഗം നടത്തുന്നതിനിടയിൽ ബൈബിളിൽനിന്നു കടലാസുകൾ താഴെ വീഴുന്നതു നിങ്ങൾ എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ? അതു നിങ്ങളുടെ ശ്രദ്ധ പതറാൻ ഇടയാക്കിയില്ലേ? ബൈബിളിനുള്ളിൽ വെച്ചിരിക്കുന്ന കടലാസുകൾ ശ്രദ്ധ പതറാൻ ഇടയാക്കുന്നെങ്കിൽ അവ മറ്റെവിടെയെങ്കിലും വെക്കുന്നത്‌ നിങ്ങളുടെ ഉപകരണം നന്നായി ക്രമീകരിക്കുന്നതിൽ ഉൾപ്പെടുന്നു. ബൈബിളോ മതപരമായ മറ്റു പ്രസിദ്ധീകരണങ്ങളോ തറയിൽ വെക്കുന്നത്‌ ചില സംസ്‌കാരങ്ങളിൽ പെട്ടവർ വലിയ അനാദരവായി വീക്ഷിക്കുന്നു എന്ന കാര്യവും മനസ്സിൽ പിടിക്കുക.

മറ്റുള്ളവരുടെ മുമ്പാകെ നാം എങ്ങനെ കാണപ്പെടുന്നു എന്നത്‌ നമ്മെ സംബന്ധിച്ചിടത്തോളം പ്രധാനമായിരിക്കണം. അത്‌ മറ്റുള്ളവർ നമ്മെ എങ്ങനെ വീക്ഷിക്കുന്നു എന്നതിനെയും സ്വാധീനിക്കുന്നു. എന്നാൽ എല്ലാറ്റിനുമുപരി, “രക്ഷിതാവായ ദൈവത്തിന്റെ ഉപദേശത്തെ സകലത്തിലും അലങ്കരി”ക്കാൻ ആഗ്രഹിക്കുന്നതുകൊണ്ടാണ്‌ നാം അതിനു സൂക്ഷ്‌മ ശ്രദ്ധ നൽകുന്നത്‌.​—തീത്തൊ. 2:⁠9.

നിങ്ങളുടെ വസ്‌ത്രധാരണവും ചമയവും മറ്റും എങ്ങനെയെന്നു പരിശോധിക്കുക

  • എല്ലാം വൃത്തിയുള്ളതാണോ?

  • നിങ്ങളുടെ വസ്‌ത്രധാരണവും ചമയവും മറ്റും വിനയത്തെയും നല്ല ന്യായബോധത്തെയും പ്രതിഫലിപ്പിക്കുന്നുവോ?

  • എല്ലാം നന്നായി ക്രമീകരിച്ചിരിക്കുന്നുവോ?

  • നിങ്ങളുടെ തലമുടി വൃത്തിയായി ചീകിയിട്ടുണ്ടോ?

  • ലോകത്തോടുള്ള സ്‌നേഹത്തെ പ്രതിഫലിപ്പിച്ചേക്കാവുന്ന എന്തെങ്കിലും നിങ്ങളുടെ വസ്‌ത്രധാരണത്തിലും ചമയത്തിലും ഉണ്ടോ?

  • നിങ്ങളുടെ വസ്‌ത്രധാരണവും ചമയവും മറ്റും ആർക്കെങ്കിലും ഇടർച്ച വരുത്തും എന്നു കരുതാൻ സാധുവായ എന്തെങ്കിലും കാരണമുണ്ടോ?

അഭ്യാസം: ഒരാഴ്‌ചത്തേക്ക്‌ ദിവസവും ഒരുതവണ, നിങ്ങൾ ഏതൊക്കെ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്‌താലും, 132-ാം പേജിലെ “നിങ്ങളുടെ വസ്‌ത്രധാരണവും ചമയവും മറ്റും എങ്ങനെയെന്നു പരിശോധിക്കുക” എന്നതിനു കീഴിൽ കൊടുത്തിരിക്കുന്ന വിവരങ്ങൾ ഉപയോഗിച്ച്‌ നിങ്ങളെത്തന്നെ ഒന്നു പരിശോധിക്കുക.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക