വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • be പാഠം 17 പേ. 139-പേ. 142 ഖ. 1
  • മൈക്രോഫോണിന്റെ ഉപയോഗം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • മൈക്രോഫോണിന്റെ ഉപയോഗം
  • ദിവ്യാധിപത്യ ശുശ്രൂഷാസ്‌കൂൾ വിദ്യാഭ്യാസത്തിൽനിന്നു പ്രയോജനം നേടുക
  • സമാനമായ വിവരം
  • ശബ്ദമെച്ചപ്പെടുത്തലും മൈക്കിന്റെ ഉപയോഗവും
    ദിവ്യാധിപത്യ ശുശ്രൂഷാസ്‌കൂൾ ഗൈഡ്‌ബുക്ക്‌
  • അനുയോജ്യമായ ശബ്ദവ്യാപ്‌തി
    ദിവ്യാധിപത്യ ശുശ്രൂഷാസ്‌കൂൾ വിദ്യാഭ്യാസത്തിൽനിന്നു പ്രയോജനം നേടുക
  • 2020-ലെ “എപ്പോ​ഴും സന്തോ​ഷി​ക്കൂ!” മേഖലാ കൺ​വെൻ​ഷൻ പരിപാ​ടി​ക​ളു​ടെ പരിഭാഷ
    നിങ്ങളുടെ സംഭാവനകൾ എങ്ങനെ ഉപയോഗിക്കുന്നു?
  • സേവനയോഗം എല്ലാ നല്ല വേലക്കും നമ്മെ സജ്ജരാക്കുന്നു
    നമ്മുടെ രാജ്യ ശുശ്രൂഷ—1994
കൂടുതൽ കാണുക
ദിവ്യാധിപത്യ ശുശ്രൂഷാസ്‌കൂൾ വിദ്യാഭ്യാസത്തിൽനിന്നു പ്രയോജനം നേടുക
be പാഠം 17 പേ. 139-പേ. 142 ഖ. 1

പാഠം 17

മൈക്രോഫോണിന്റെ ഉപയോഗം

നിങ്ങൾ എന്താണു ചെയ്യേണ്ടത്‌?

നിങ്ങളുടെ സഭയിൽ മൈക്രോഫോൺ ഉണ്ടെങ്കിൽ, അതു ശരിയായി ഉപയോഗിക്കുക.

അത്‌ എന്തുകൊണ്ട്‌ പ്രധാനം?

പറയുന്ന കാര്യങ്ങൾ വ്യക്തമായി കേൾക്കാൻ കഴിഞ്ഞാലേ അവ മറ്റുള്ളവർക്കു പ്രയോജനം ചെയ്യൂ.

നമ്മുടെ ക്രിസ്‌തീയ സഹോദരീസഹോദരന്മാർ വളരെയേറെ സമയവും ശ്രമവും ചെലവഴിച്ചാണു ക്രിസ്‌തീയ യോഗങ്ങളിൽ സംബന്ധിക്കുന്നത്‌. പറയുന്ന കാര്യങ്ങളിൽനിന്നു പ്രയോജനം ലഭിക്കണമെങ്കിൽ, അവർക്ക്‌ അവ വ്യക്തമായി കേൾക്കാൻ കഴിയണം.

പുരാതന ഇസ്രായേലിന്റെ നാളുകളിൽ വൈദ്യുത ശബ്ദവർധക സംവിധാനം ഉണ്ടായിരുന്നില്ല. ഇസ്രായേൽ ജനം വാഗ്‌ദത്ത ദേശത്തു പ്രവേശിക്കുന്നതിനു മുമ്പ്‌, മോവാബ്‌ സമഭൂമിയിൽവെച്ച്‌ മോശെ അവരോടു സംസാരിച്ചപ്പോൾ അവിടെ കൂടിവന്ന ദശലക്ഷക്കണക്കിനു വരുന്ന ആളുകൾക്ക്‌ എങ്ങനെയാണു കേൾക്കാൻ കഴിഞ്ഞത്‌? മോശെ ഒരു മനുഷ്യ റിലേ സംവിധാനം ഉപയോഗിച്ചിരിക്കാൻ സാധ്യതയുണ്ട്‌. അതായത്‌, പാളയത്തിൽ നിർദിഷ്ട സ്ഥാനങ്ങളിൽ നിന്നിരുന്ന പുരുഷന്മാർ മോശെയുടെ വാക്കുകൾ ജനം കേൾക്കെ ആവർത്തിച്ചു. (ആവ. 1:1; 31:1) ഇസ്രായേല്യർ യോർദ്ദാനു പടിഞ്ഞാറുള്ള ദേശം പിടിച്ചടക്കാൻ തുടങ്ങി അധികം കഴിയുന്നതിനു മുമ്പ്‌, യോശുവ ജനത്തെ ഗെരിസീം പർവതത്തിനും ഏബാൽ പർവതത്തിനും മുന്നിൽ കൂട്ടിവരുത്തിയപ്പോൾ​—തെളിവനുസരിച്ച്‌ ലേവ്യർ നിന്നത്‌ അവയെ വേർതിരിക്കുന്ന താഴ്‌വരയിൽ ആണ്‌​—മുഴു ജനവും അവരുടെ മുമ്പാകെ അവതരിപ്പിക്കപ്പെട്ട ദിവ്യ അനുഗ്രഹങ്ങളും ശാപങ്ങളും കേട്ടു പ്രതികരിച്ചു. (യോശു. 8:​33-35, NW) ഈ സന്ദർഭത്തിലും മനുഷ്യ റിലേ സംവിധാനം ഉപയോഗിച്ചിരിക്കാൻ സാധ്യതയുണ്ട്‌. എന്നാൽ, ശ്രവണത്തിനു സഹായകമായി ആ പ്രദേശത്തിന്‌ ഉണ്ടായിരുന്ന ഉത്തമ സവിശേഷതകളും തദവസരത്തിൽ ഉപകാരപ്പെട്ടു എന്നതിനു സംശയമില്ല.

ഏതാണ്ട്‌ 1,500 വർഷങ്ങൾക്കു ശേഷം, “ഏററവും വലിയ പുരുഷാരം” യേശുവിന്റെ ഉപദേശം കേൾക്കാൻ ഗലീല കടൽക്കരെ ‘വന്നുകൂടിയ’പ്പോൾ അവൻ ഒരു പടകിൽ കയറി, അത്‌ തീരത്തുനിന്നു മാറ്റിയിട്ട്‌ അതിലിരുന്നു പുരുഷാരത്തോടു സംസാരിക്കാൻ തുടങ്ങി. (മർക്കൊ. 4:​1, 2) അവൻ പടകിലിരുന്നു സംസാരിച്ചത്‌ എന്തുകൊണ്ടാണ്‌? തെളിവനുസരിച്ച്‌, ശാന്തമായ ജലോപരിതലം മനുഷ്യശബ്ദം അത്യന്തം വ്യക്തതയോടെ കേൾക്കാൻ സഹായിക്കുന്നു എന്നതാണ്‌ അതിന്റെ കാരണം.

ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭംവരെ, അവതരിപ്പിക്കപ്പെടുന്ന കാര്യങ്ങൾ സദസ്സിലുള്ള എത്ര പേർക്കു കേൾക്കാൻ കഴിയും എന്നതു മിക്കപ്പോഴും പ്രസംഗകന്റെ ശബ്ദത്തിന്റെ വ്യാപ്‌തിയെയും വ്യക്തതയെയും ആശ്രയിച്ചിരുന്നു. എന്നിരുന്നാലും, 1920-കൾ മുതൽ യഹോവയുടെ ദാസന്മാർക്ക്‌ മനുഷ്യശബ്ദം ഉച്ചത്തിലാക്കാനുള്ള വൈദ്യുത സംവിധാനം തങ്ങളുടെ കൺവെൻഷനുകളിൽ പ്രയോജനപ്പെടുത്താൻ കഴിഞ്ഞിട്ടുണ്ട്‌.

ശബ്ദ സംവിധാനം. അത്തരമൊരു സംവിധാനത്തിന്‌ ഒരു പ്രസംഗകന്റെ ശബ്ദം പല മടങ്ങു വർധിപ്പിക്കാനും അതേസമയം അദ്ദേഹത്തിന്റെ ശബ്ദഗുണത്തിന്റെയും ശബ്ദത്തിൽ നിഴലിക്കുന്ന ഭാവത്തിന്റെയും തനിമ നിലനിറുത്താനും കഴിയും. പ്രസംഗകൻ തൊണ്ടപൊട്ടുമാറ്‌ ഉച്ചത്തിൽ സംസാരിക്കേണ്ടതില്ല. പറയുന്നതു ശ്രവിക്കുന്നതിനു കേൾവിക്കാർ കാതു കൂർപ്പിച്ചിരിക്കേണ്ടതുമില്ല. പകരം അവർക്കു സന്ദേശത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയും.

യഹോവയുടെ സാക്ഷികളുടെ കൺവെൻഷനുകളിലും സമ്മേളനങ്ങളിലും നല്ല ശബ്ദ സംവിധാന സൗകര്യമുണ്ട്‌ എന്ന്‌ ഉറപ്പുവരുത്താൻ പ്രത്യേകം ശ്രദ്ധ നൽകാറുണ്ട്‌. അതുപോലെതന്നെ, പല രാജ്യഹാളുകളിലും, സ്റ്റേജിൽനിന്നു പ്രസംഗങ്ങൾ, വായന എന്നിവ നിർവഹിക്കുകയോ യോഗങ്ങൾ നടത്തുകയോ ചെയ്യുന്നവരുടെ ശബ്ദം വർധിപ്പിക്കാൻ ശബ്ദ സംവിധാനം ഉപയോഗിക്കുന്നു. ചില സഭകളിൽ, യോഗസമയത്ത്‌ അഭിപ്രായങ്ങൾ പറയാൻ സദസ്യർക്ക്‌ ഉപയോഗിക്കാനുള്ള മൈക്രോഫോണുകളും ഉണ്ട്‌. നിങ്ങളുടെ സഭയിൽ അത്തരം സംവിധാനം ഉണ്ടെങ്കിൽ അതു നന്നായി ഉപയോഗിക്കാൻ പഠിക്കുക.

ചില അടിസ്ഥാന മാർഗനിർദേശങ്ങൾ. ശബ്ദ സംവിധാനം ശരിയായ വിധത്തിൽ ഉപയോഗിക്കുന്നതിന്‌, പിൻവരുന്ന കാര്യങ്ങൾ മനസ്സിൽ പിടിക്കുക: (1) സാധാരണഗതിയിൽ മൈക്രോഫോൺ നിങ്ങളുടെ വായിൽനിന്ന്‌ ഏകദേശം നാലു മുതൽ ആറു വരെ ഇഞ്ച്‌ അകലെയായിരിക്കണം. അതു വളരെ അടുത്താണെങ്കിൽ ഉച്ചഭാഷിണിയിലൂടെ പുറത്തുവരുന്ന നിങ്ങളുടെ വാക്കുകൾ പതറിയിരിക്കും. അതു വളരെ അകലെയാണെങ്കിൽ ശബ്ദം അവ്യക്തമായിത്തീരുകയും ചെയ്യും. (2) മൈക്രോഫോണിന്റെ സ്ഥാനം നിങ്ങളുടെ മുമ്പിലായിരിക്കണം, വശത്തേക്കു മാറിയായിരിക്കരുത്‌. നിങ്ങൾ തല വലത്തോട്ടോ ഇടത്തോട്ടോ നീക്കുന്നെങ്കിൽ, മുഖം മൈക്രോഫോണിന്റെ നേരെ വരുമ്പോൾ മാത്രം സംസാരിക്കുക. (3) സംഭാഷണത്തിൽ ഉപയോഗിക്കുന്നതിനെക്കാൾ അൽപ്പം കൂടെ ശബ്ദവ്യാപ്‌തിയും തീവ്രതയും ഉപയോഗിക്കുക. എന്നാൽ ശബ്ദം വളരെയധികം ഉയർത്തേണ്ടതില്ല. ശബ്ദ സംവിധാനം ഉള്ളതുകൊണ്ട്‌ നിങ്ങളുടെ ശബ്ദം സദസ്സിൽ ഏറ്റവും അകലെ ഇരിക്കുന്നവരുടെ പക്കൽ പോലും അനായാസം എത്തും. (4) കണ്‌ഠശുദ്ധി വരുത്തുകയോ ചുമയ്‌ക്കുകയോ തുമ്മുകയോ ചെയ്യേണ്ടതുള്ളപ്പോൾ മൈക്രോഫോണിൽനിന്നു തല മാറ്റിപ്പിടിക്കാൻ ശ്രദ്ധിക്കുക.

പ്രസംഗം നടത്തുമ്പോൾ. നിങ്ങൾ പ്രസംഗപീഠത്തിന്റെ അടുത്തേക്കു ചെല്ലുമ്പോൾ സാധാരണഗതിയിൽ ഒരു സഹോദരൻ നിങ്ങൾക്കായി മൈക്രോഫോണിന്റെ സ്ഥാനം ക്രമീകരിക്കും. അദ്ദേഹം അതു ചെയ്യുന്ന സമയത്ത്‌ നിങ്ങൾ മുഖം സദസ്സിന്റെ നേരെ പിടിച്ച്‌ സ്വാഭാവികമായ രീതിയിൽ നിൽക്കുക. നോട്ട്‌ പ്രസംഗപീഠത്തിൽ വെക്കുക. നോട്ടിൽ നോക്കുന്നതിനു മൈക്രോഫോൺ ഒരു തടസ്സമാകുന്നില്ലെന്ന്‌ ഉറപ്പുവരുത്തുക.

നിങ്ങൾ സംസാരിച്ചു തുടങ്ങുമ്പോൾ ഉച്ചഭാഷിണിയിലൂടെ പുറത്തുവരുന്ന നിങ്ങളുടെ ശബ്ദം എങ്ങനെയുണ്ടെന്നു ശ്രദ്ധിക്കുക. ശബ്ദം വളരെ കൂടുതലാണോ അല്ലെങ്കിൽ ചില പദങ്ങൾ ശബ്ദസ്‌ഫോടനത്തിന്‌ ഇടയാക്കുന്നുണ്ടോ? നിങ്ങൾ ഒന്നോ രണ്ടോ ഇഞ്ച്‌ പുറകോട്ടു മാറിനിൽക്കേണ്ടത്‌ ആവശ്യമായിരിക്കാം. നോട്ടിൽ നോക്കുന്ന സമയത്ത്‌, മുഖം മൈക്രോഫോണിനു നേരെയോ അൽപ്പം മുകളിലായോ വരുമ്പോൾ മാത്രമേ സംസാരിക്കുകയും വായിക്കുകയും ചെയ്യാൻ പാടുള്ളൂ, മുഖം അതിനു താഴെയായിരിക്കുമ്പോൾ അങ്ങനെ ചെയ്യരുതെന്ന കാര്യം ഓർമിക്കുക.

സ്റ്റേജിൽനിന്നു വായിക്കുമ്പോൾ. വായിക്കുന്നതു ബൈബിളാകട്ടെ മറ്റേതെങ്കിലും പ്രസിദ്ധീകരണമാകട്ടെ, നിങ്ങളുടെ മുഖം സദസ്സിന്റെ നേർക്കു വരത്തക്കവിധം പ്രസിദ്ധീകരണം ഉയർത്തിപ്പിടിക്കുന്നതാണ്‌ ഏറ്റവും നല്ലത്‌. മൈക്രോഫോൺ സാധ്യതയനുസരിച്ച്‌ നിങ്ങളുടെ നേരെ മുന്നിൽ ആയിരിക്കുമെന്നതിനാൽ വായിക്കാനുള്ള വിവരങ്ങൾ നിങ്ങൾ ഒരു വശത്തേക്ക്‌ അൽപ്പം മാറ്റിപ്പിടിക്കേണ്ടതുണ്ടായിരിക്കാം. ഇതിന്റെ അർഥം നിങ്ങൾ തല മൈക്രോഫോണിന്റെ മറ്റേ വശത്തേക്ക്‌ അൽപ്പം മാറ്റണം എന്നാണ്‌. അങ്ങനെയാകുമ്പോൾ, വായിക്കുന്ന സമയത്തു നിങ്ങളുടെ ശബ്ദം മൈക്രോഫോണിലേക്കു നേരെ ചെല്ലുന്നതായിരിക്കും.

വീക്ഷാഗോപുര അധ്യയന വേളയിൽ വായന നിർവഹിക്കുന്ന മിക്ക സഹോദരന്മാരും എഴുന്നേറ്റുനിന്ന്‌ ഒരു മൈക്രോഫോണിലേക്കു വായിക്കുകയാണു ചെയ്യുന്നത്‌. ഈ നില നിർബാധം ശ്വാസോച്ഛ്വാസം ചെയ്യാനും കൂടുതൽ ഭാവംവരുത്തി വായിക്കാനും അവരെ സഹായിക്കുന്നു. ഖണ്ഡിക വായന യോഗത്തിന്റെ ഒരു പ്രധാന ഭാഗമാണെന്ന കാര്യം മനസ്സിൽ പിടിക്കുക. സദസ്സ്‌ എത്രമാത്രം പ്രയോജനം നേടുന്നു എന്നുള്ളത്‌ വലിയ ഒരളവോളം വായിക്കപ്പെടുന്ന വിവരങ്ങൾ കേൾക്കുന്നതിനെ ആശ്രയിച്ചിരിക്കുന്നു.

യോഗസമയത്ത്‌ അഭിപ്രായങ്ങൾ പറയുമ്പോൾ. സദസ്സിലുള്ളവർക്ക്‌ അഭിപ്രായങ്ങൾ പറയുന്നതിനായി നിങ്ങളുടെ സഭയിൽ മൈക്രോഫോൺ ഉണ്ടെങ്കിൽ, അപ്പോഴും വ്യക്തതയോടും മതിയായ ശബ്ദത്തോടും കൂടി സംസാരിക്കേണ്ട ആവശ്യമുണ്ടെന്ന കാര്യം ഓർമിക്കുക. അഭിപ്രായങ്ങൾ പറയുമ്പോൾ, പഠിച്ചുകൊണ്ടിരിക്കുന്ന പ്രസിദ്ധീകരണമോ ബൈബിളോ കയ്യിലെടുത്തു പിടിക്കാൻ ശ്രമിക്കുക. മൈക്രോഫോണിലേക്കു സംസാരിക്കുന്ന സമയത്തു വിവരങ്ങൾ വ്യക്തമായി കാണാൻ ഇതു നിങ്ങളെ സഹായിക്കും.

ചില സഭകളിൽ അഭിപ്രായങ്ങൾ പറയാൻ ക്ഷണിക്കപ്പെടുന്നവർക്കു മൈക്രോഫോൺ കൊടുക്കാൻ സഹോദരന്മാരെ നിയമിക്കാറുണ്ട്‌. നിങ്ങളുടെ സഭയിൽ ഇങ്ങനെയൊരു ക്രമീകരണം ഉണ്ടെങ്കിൽ, അഭിപ്രായം പറയാൻ നിങ്ങളുടെ പേരു വിളിച്ചശേഷവും, കൈ ഉയർത്തിത്തന്നെ പിടിക്കുക. അങ്ങനെയാകുമ്പോൾ മൈക്രോഫോൺ കൈകാര്യം ചെയ്യുന്ന സഹോദരന്‌ നിങ്ങൾ ഇരിക്കുന്നത്‌ എവിടെയാണെന്നു കാണാനും നിങ്ങളുടെ അടുത്തേക്കു വേഗം എത്താനും കഴിയും. മൈക്രോഫോൺ കയ്യിൽ പിടിക്കുന്ന തരത്തിലുള്ളതാണെങ്കിൽ അതു കയ്യെത്തിച്ചു വാങ്ങാൻ ഒരുങ്ങിയിരിക്കുക. മൈക്രോഫോൺ ശരിയായി പിടിക്കുന്നതിനു മുമ്പ്‌ അഭിപ്രായം പറഞ്ഞു തുടങ്ങരുത്‌. അഭിപ്രായം പറഞ്ഞുകഴിഞ്ഞാലുടൻ മൈക്രോഫോൺ തിരികെ കൊടുക്കുക.

പ്രകടനത്തിൽ പങ്കെടുക്കുമ്പോൾ. പ്രകടന സമയത്തു മൈക്രോഫോൺ ഉപയോഗിക്കുന്നതിനു മുൻകൂട്ടിയുള്ള പ്രത്യേക ആസൂത്രണം ആവശ്യമാണ്‌. സ്റ്റാൻഡിൽ ഉറപ്പിച്ചു വെച്ചിരിക്കുന്ന മൈക്രോഫോൺ ആണ്‌ ഉപയോഗിക്കുന്നതെങ്കിൽ ബൈബിളും നോട്ടും കൈകാര്യം ചെയ്യാൻ തക്കവണ്ണം നിങ്ങളുടെ കൈകൾ രണ്ടും സ്വതന്ത്രമായിരിക്കും. കയ്യിൽ പിടിക്കുന്ന തരത്തിലുള്ള മൈക്രോഫോൺ ഉപയോഗിക്കുന്നതു കൂടുതൽ ചലനസ്വാതന്ത്ര്യം അനുവദിച്ചേക്കാം. എന്നാൽ കൂടെയുള്ളയാൾ അതു പിടിക്കാൻ ഏർപ്പെടുത്തേണ്ടി വന്നേക്കാം. അങ്ങനെയാകുമ്പോൾ ബൈബിൾ ഉപയോഗിക്കാൻ തക്കവണ്ണം നിങ്ങളുടെ കൈകൾ സ്വതന്ത്രമായിരിക്കും. നിങ്ങളുടെ കൂടെയുള്ളയാൾക്കു ശരിയായ വിധത്തിൽ മൈക്രോഫോൺ പിടിക്കേണ്ടത്‌ എങ്ങനെയെന്ന്‌ മനസ്സിലാക്കാൻ നിങ്ങളും വീട്ടുകാരനും/വീട്ടുകാരിയും അതു പരിശീലിക്കേണ്ടതുണ്ട്‌. സ്റ്റേജിലായിരിക്കുമ്പോൾ സദസ്സിനു നേരെ പുറംതിരിയാതിരിക്കാനും ശ്രദ്ധിക്കണം, പ്രത്യേകിച്ചും സംസാരിക്കുന്ന സമയത്ത്‌.

സേവനയോഗത്തിലെ പ്രകടനങ്ങൾ പലർ പങ്കെടുക്കുന്നതാകാം. അവർ സ്റ്റേജിൽ ഒരേ സ്ഥാനത്തു നിൽക്കുകയോ ഇരിക്കുകയോ ചെയ്യുന്നില്ലായിരിക്കാം. അതുകൊണ്ട്‌ പല മൈക്രോഫോണുകൾ ആവശ്യമായിവരാം. ഇവ മുൻകൂട്ടിത്തന്നെ തത്‌സ്ഥാനങ്ങളിൽ വെക്കുകയോ പ്രകടനത്തിൽ പങ്കെടുക്കുന്നവർ സ്റ്റേജിലേക്കു ചെല്ലുമ്പോൾ അവർക്കു കൊടുക്കുകയോ വേണം. മൈക്രോഫോണുകൾ യഥാസ്ഥാനത്ത്‌ യഥാസമയം ഉണ്ടെന്ന്‌ ഉറപ്പുവരുത്താൻ മുൻകൂട്ടിയുള്ള ആസൂത്രണം ആവശ്യമാണ്‌. പ്രകടനങ്ങൾ റിഹേഴ്‌സ്‌ ചെയ്യുന്നത്‌, അതിൽ പങ്കെടുക്കുന്നവർക്കു മൈക്രോഫോണുകളുടെ ഫലകരമായ ഉപയോഗത്തെ കുറിച്ചു പറഞ്ഞുകൊടുക്കുന്നതിനുള്ള അവസരം നൽകുന്നു. റിഹേഴ്‌സൽ സ്റ്റേജിൽവെച്ചു നടത്താൻ കഴിയാത്തപ്പോൾ, മൈക്രോഫോൺ ശരിയായി പിടിക്കേണ്ട വിധം പരിശീലിക്കാൻ, പ്രകടനത്തിൽ പങ്കെടുക്കുന്നവർ മൈക്രോഫോണിന്റെ അത്രയുംതന്നെ വലിപ്പമുള്ള ഒരു ചെറിയ വസ്‌തു കയ്യിൽ പിടിക്കുന്നതു ബുദ്ധിയായിരുന്നേക്കാം. പ്രകടനം കഴിയുമ്പോൾ, അതിൽ പങ്കെടുത്തവർ തങ്ങളുടെ കയ്യിലുള്ള മൈക്രോഫോണുകൾ പതുക്കെ വേണം തിരികെ വെക്കാൻ. സ്റ്റേജിൽനിന്ന്‌ ഇറങ്ങിപ്പോകുമ്പോൾ മറ്റു മൈക്രോഫോണുകളുടെ വയറുകളിൽ തട്ടി വീഴാതിരിക്കാൻ ശ്രദ്ധിക്കുകയും വേണം.

മൈക്രോഫോണിന്റെ ഉപയോഗത്തിനു ശ്രദ്ധ കൊടുക്കുന്നത്‌ നമ്മുടെ യോഗങ്ങളുടെ മുഖ്യ ഉദ്ദേശ്യങ്ങളിൽ ഒന്നുമായി നേരിട്ടു ബന്ധപ്പെട്ടിരിക്കുന്നു. ദൈവവചനത്തിന്റെ ചർച്ചയിലൂടെ അന്യോന്യം പ്രയോജനം ചെയ്യുക എന്നതാണ്‌ അത്‌. (എബ്രാ. 10:​24, 25) മൈക്രോഫോൺ ഫലകരമായി ഉപയോഗിക്കാൻ പഠിക്കുന്നതിലൂടെ ഈ സുപ്രധാന ഉദ്ദേശ്യത്തിന്റെ സാക്ഷാത്‌കാരത്തിൽ നമുക്കു വ്യക്തിപരമായ ഒരു പങ്കു വഹിക്കാനാകും.

മൈക്രോഫോൺ ശരിയായി ഉപയോഗിക്കേണ്ട വിധം

  • മൈക്രോഫോൺ നിങ്ങളുടെ വായിൽനിന്ന്‌ നാലു മുതൽ ആറു വരെ ഇഞ്ച്‌ അകലെയായിരിക്കാൻ ശ്രദ്ധിക്കുക.

  • നിങ്ങളുടെ വായ്‌ മൈക്രോഫോണിന്റെ നേരെ ആയിരിക്കുമ്പോൾ മാത്രം സംസാരിക്കുക.

  • സംഭാഷണത്തിൽ ഉപയോഗിക്കുന്നതിനെക്കാൾ അൽപ്പം കൂടെ ശബ്ദവ്യാപ്‌തിയും തീവ്രതയും ഉപയോഗിക്കുക.

  • കണ്‌ഠശുദ്ധി വരുത്തേണ്ടതുണ്ടെങ്കിൽ മൈക്രോഫോണിൽനിന്നു തല മാറ്റിപ്പിടിക്കുക.

അഭ്യാസം: നിങ്ങളുടെ രാജ്യഹാളിൽ മൈക്രോഫോണുകൾ ഉപയോഗിക്കുന്നുണ്ടെങ്കിൽ, ഉറപ്പിച്ചു വെച്ചിരിക്കുന്നതും കയ്യിൽ പിടിക്കുന്നതുമായ മൈക്രോഫോണുകൾ അനുഭവസമ്പന്നരായ പ്രസംഗകർ ഉപയോഗിക്കുന്നത്‌ എങ്ങനെയെന്നു പ്രത്യേകം ശ്രദ്ധിക്കുക. നിങ്ങൾ ഉപയോഗിക്കാനോ ഒഴിവാക്കാനോ ആഗ്രഹിക്കുന്ന രീതികളും അങ്ങനെ ചെയ്യാൻ തീരുമാനിക്കുന്നതിന്റെ കാരണങ്ങളും തിരിച്ചറിയുക.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക