വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • be പാഠം 37 പേ. 212-പേ. 214 ഖ. 5
  • മുഖ്യ പോയിന്റുകൾ എടുത്തുകാട്ടൽ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • മുഖ്യ പോയിന്റുകൾ എടുത്തുകാട്ടൽ
  • ദിവ്യാധിപത്യ ശുശ്രൂഷാസ്‌കൂൾ വിദ്യാഭ്യാസത്തിൽനിന്നു പ്രയോജനം നേടുക
  • സമാനമായ വിവരം
  • മുഖ്യാശയങ്ങൾ എടുത്തുകാണിക്കുക
    വായിക്കുന്നതിലും പഠിപ്പിക്കുന്നതിലും അർപ്പിതരായിരിക്കുക
  • വിഷയപ്രതിപാദ്യവും മുഖ്യ പോയിൻറുകളും പ്രദീപ്‌തമാക്കൽ
    ദിവ്യാധിപത്യ ശുശ്രൂഷാസ്‌കൂൾ ഗൈഡ്‌ബുക്ക്‌
  • ബാഹ്യരേഖ തയ്യാറാക്കൽ
    ദിവ്യാധിപത്യ ശുശ്രൂഷാസ്‌കൂൾ വിദ്യാഭ്യാസത്തിൽനിന്നു പ്രയോജനം നേടുക
  • ഒരു ബാഹ്യരേഖ തയ്യാറാക്കൽ
    ദിവ്യാധിപത്യ ശുശ്രൂഷാസ്‌കൂൾ ഗൈഡ്‌ബുക്ക്‌
കൂടുതൽ കാണുക
ദിവ്യാധിപത്യ ശുശ്രൂഷാസ്‌കൂൾ വിദ്യാഭ്യാസത്തിൽനിന്നു പ്രയോജനം നേടുക
be പാഠം 37 പേ. 212-പേ. 214 ഖ. 5

പാഠം 37

മുഖ്യ പോയിന്റുകൾ എടുത്തുകാട്ടൽ

നിങ്ങൾ എന്താണു ചെയ്യേണ്ടത്‌?

മുഖ്യ പോയിന്റുകൾക്കു പ്രത്യേക ശ്രദ്ധ ലഭിക്കുന്ന വിധത്തിൽ വിവരങ്ങൾ ചിട്ടപ്പെടുത്തുകയും അവതരിപ്പിക്കുകയും ചെയ്യുക.

അത്‌ എന്തുകൊണ്ട്‌ പ്രധാനം?

ഇത്‌ ഒരു ഓർമസഹായി ആണ്‌, തന്മൂലം വിവരങ്ങൾ ധ്യാനിക്കാനും ബാധകമാക്കാനും ഇതു സഹായിക്കുന്നു.

ഒരു പ്രസംഗത്തിന്റെ മുഖ്യ പോയിന്റുകൾ എന്നു പറയുന്നത്‌ എന്താണ്‌? അവ ഒരു കാര്യം പറഞ്ഞുവരുന്ന കൂട്ടത്തിൽ ഹ്രസ്വമായി മാത്രം പറഞ്ഞുപോകുന്ന കേവലം രസകരമായ ആശയങ്ങളല്ല. മറിച്ച്‌, വിശദമായി വികസിപ്പിക്കുന്ന കാതലായ ആശയങ്ങളാണ്‌. നിങ്ങളുടെ ലക്ഷ്യപ്രാപ്‌തിക്ക്‌ ഉതകുന്ന നിർണായകമായ ആശയങ്ങളായിരിക്കും അവ.

മുഖ്യ പോയിന്റുകൾ എടുത്തുകാട്ടാൻ കഴിയണമെങ്കിൽ വിവരങ്ങൾ ജ്ഞാനപൂർവം തിരഞ്ഞെടുക്കുന്നതും ചിട്ടപ്പെടുത്തുന്നതും വളരെ നിർണായകമാണ്‌. ഒരു പ്രസംഗത്തിനായി ഗവേഷണം ചെയ്യുമ്പോൾ മിക്കപ്പോഴും ഉപയോഗിക്കാൻ കഴിയുന്നതിനെക്കാൾ കൂടുതൽ വിവരങ്ങൾ ലഭിക്കും. ഉപയോഗിക്കേണ്ട വിവരങ്ങൾ ഏതൊക്കെയെന്നു നിങ്ങൾക്ക്‌ എങ്ങനെ നിർണയിക്കാൻ കഴിയും?

ഒന്നാമതായി, നിങ്ങളുടെ സദസ്സിനെ കുറിച്ചു ചിന്തിക്കുക. നിങ്ങളുടെ വിഷയത്തെ കുറിച്ചു നന്നായി അറിയാവുന്നവരാണോ അവർ? അതോ കാര്യമായി ഒന്നും അറിയില്ലാത്തവരാണോ? അവരിൽ മിക്കവരും പ്രസ്‌തുത വിഷയം സംബന്ധിച്ച്‌ ബൈബിൾ പറയുന്നതിനോടു യോജിക്കുന്നവരാണോ? അതോ ചിലർ സംശയാലുക്കളാണോ? ആ വിഷയത്തെ കുറിച്ചു ബൈബിൾ പറയുന്ന കാര്യങ്ങൾ ബാധകമാക്കാൻ ശ്രമിക്കുമ്പോൾ അനുദിന ജീവിതത്തിൽ അവർക്കു നേരിടേണ്ടിവരുന്ന വെല്ലുവിളികൾ ഏവയാണ്‌? രണ്ടാമതായി, നിങ്ങൾ ഉപയോഗിക്കാൻ ഉദ്ദേശിക്കുന്ന വിഷയത്തെ കുറിച്ച്‌ ആ സദസ്സിനോടു സംസാരിക്കുന്നതിന്റെ ഉദ്ദേശ്യം നിങ്ങളുടെ മനസ്സിൽ വ്യക്തമാണെന്ന്‌ ഉറപ്പു വരുത്തുക. ഈ രണ്ട്‌ മാർഗരേഖകളുടെ സഹായത്താൽ വിവരങ്ങൾ നന്നായി വിലയിരുത്തി യഥാർഥത്തിൽ അനുയോജ്യമായവ മാത്രം ഉൾപ്പെടുത്തുക.

പ്രതിപാദ്യവിഷയവും മുഖ്യ പോയിന്റുകളും അടങ്ങുന്ന ഒരു അടിസ്ഥാന ബാഹ്യരേഖ നിങ്ങൾക്കു നൽകിയിട്ടുണ്ടെങ്കിൽ നിങ്ങൾ അതിനോടു പറ്റിനിൽക്കണം. എന്നിരുന്നാലും, ഓരോ മുഖ്യ പോയിന്റും വികസിപ്പിക്കുമ്പോൾ മേൽപ്പറഞ്ഞ ഘടകങ്ങൾ നിങ്ങൾ മനസ്സിൽ പിടിക്കുന്നപക്ഷം അവതരിപ്പിക്കുന്ന വിവരങ്ങൾക്കു കൂടുതൽ മൂല്യമുള്ളതായി ശ്രോതാക്കൾക്കു തോന്നും. ബാഹ്യരേഖ ലഭിച്ചിട്ടില്ലാത്തപ്പോൾ, മുഖ്യ പോയിന്റുകൾ തിരഞ്ഞെടുക്കേണ്ടതു നിങ്ങളാണ്‌.

മുഖ്യ പോയിന്റുകൾ മനസ്സിൽ വ്യക്തമായി ഉണ്ടായിരിക്കുകയും അവയ്‌ക്കു കീഴിൽ വിശദാംശങ്ങൾ ചിട്ടപ്പെടുത്തുകയും ചെയ്‌തിരിക്കുന്നെങ്കിൽ പ്രസംഗം നടത്താൻ നിങ്ങൾക്ക്‌ ഏറെ എളുപ്പമായിരിക്കും. നിങ്ങളുടെ സദസ്സും അതിൽനിന്നു കൂടുതൽ പ്രയോജനം അനുഭവിക്കാനിടയുണ്ട്‌.

വിവരങ്ങൾ ചിട്ടപ്പെടുത്താനുള്ള വ്യത്യസ്‌ത രീതികൾ. പ്രസംഗത്തിന്റെ ഉടൽ ചിട്ടപ്പെടുത്തുന്നതിന്‌ വ്യത്യസ്‌ത രീതികൾ അവലംബിക്കാൻ കഴിയും. ഇവയുമായി പരിചയത്തിലാകുമ്പോൾ ഇവയിൽ പലതും ഫലകരമായിരിക്കുന്നതായി നിങ്ങൾ തിരിച്ചറിയും. എന്നാൽ ഏതാണ്‌ ഫലകരം എന്നത്‌ നിങ്ങളുടെ ലക്ഷ്യത്തെ ആശ്രയിച്ചിരിക്കും.

ഭാഗാനുക്രമ രീതി വിവരങ്ങൾ ചിട്ടപ്പെടുത്താനുള്ള വഴക്കമുള്ള ഒരു രീതിയാണ്‌. (മുഖ്യ പോയിന്റുകളിൽ ഓരോന്നും വേണ്ടപ്പെട്ടതാണ്‌. കാരണം അതു വിഷയം സംബന്ധിച്ച നിങ്ങളുടെ ശ്രോതാക്കളുടെ ഗ്രാഹ്യം മെച്ചപ്പെടുത്തുകയോ നിങ്ങളുടെ പ്രസംഗത്തിന്റെ ലക്ഷ്യം കൈവരിക്കാൻ സഹായിക്കുകയോ ചെയ്യുന്നു.) കാലാനുക്രമ രീതിയാണ്‌ മറ്റൊന്ന്‌. (ഉദാഹരണത്തിന്‌, പ്രളയത്തിനു മുമ്പുള്ള സംഭവങ്ങളെ കുറിച്ചു പറഞ്ഞു കഴിഞ്ഞ്‌ പൊ.യു. 70-ലെ യെരൂശലേമിന്റെ നാശത്തിനു മുമ്പുള്ള സംഭവങ്ങളെ കുറിച്ചും അതേത്തുടർന്ന്‌ നമ്മുടെ നാളിലെ സംഭവങ്ങളെ കുറിച്ചും പറയാവുന്നതാണ്‌.) കാരണ-ഫല രീതിയാണ്‌ മൂന്നാമത്തേത്‌. (കാരണത്തിൽനിന്നു ഫലത്തിലേക്കും തിരിച്ചും വികസിപ്പിക്കാവുന്നതാണ്‌. ഉദാഹരണത്തിന്‌, ഇപ്പോഴത്തെ ഒരു സാഹചര്യത്തെ കുറിച്ച്‌ അതായത്‌ ഫലത്തെ കുറിച്ചു പറഞ്ഞിട്ട്‌ നിങ്ങൾക്ക്‌ അതിന്റെ കാരണം ചൂണ്ടിക്കാട്ടാവുന്നതാണ്‌.) വൈരുദ്ധ്യങ്ങൾ ഉൾപ്പെടുന്നതാണ്‌ നാലാമത്തെ രീതി. (നിങ്ങൾക്ക്‌ നന്മയെ തിന്മയുമായോ ഒരു ക്രിയാത്മക സംഗതിയെ നിഷേധാത്മക സംഗതിയുമായോ വിപരീത താരതമ്യം ചെയ്യാവുന്നതാണ്‌.) ചിലപ്പോൾ ഒരു പ്രസംഗത്തിൽ ഒന്നിലേറെ രീതികൾ ഉൾപ്പെടുത്താൻ കഴിയും.

യഹൂദ ന്യായാധിപസംഘത്തിനു മുമ്പാകെ, സ്‌തെഫാനൊസിന്റെമേൽ വ്യാജമായി കുറ്റമാരോപിക്കപ്പെട്ടപ്പോൾ അവൻ ശക്തമായ ഒരു പ്രസംഗം നടത്തി. കാലാനുക്രമ രീതിയാണ്‌ അതിൽ അവൻ പിൻപറ്റിയത്‌. പ്രവൃത്തികൾ 7:​2-53-ൽ അതേക്കുറിച്ചു വായിക്കുമ്പോൾ അവൻ തന്റെ പോയിന്റുകൾ ഉദ്ദേശ്യപൂർവം തിരഞ്ഞെടുത്തിരിക്കുന്നതു ശ്രദ്ധിക്കുക. തന്റെ ശ്രോതാക്കൾക്കു നിഷേധിക്കാനാവാത്ത ചരിത്രമാണ്‌ താൻ വിവരിക്കുന്നതെന്ന്‌ സ്‌തെഫാനൊസ്‌ ആദ്യം വ്യക്തമാക്കി. തുടർന്ന്‌ അവൻ, യോസേഫ്‌ സഹോദരന്മാരാൽ തള്ളപ്പെട്ടെങ്കിലും വിടുതൽ കൈവരുത്താൻ ദൈവം അവനെ ഉപയോഗിച്ചതായി ചൂണ്ടിക്കാട്ടി. അടുത്തതായി, ദൈവം ഉപയോഗിച്ച മോശെയ്‌ക്കു കീഴ്‌പെടാൻ യഹൂദന്മാർ മനസ്സു കാട്ടാഞ്ഞതായി അവൻ പറഞ്ഞു. പിന്നെ അവൻ, മുൻ തലമുറകളിലെ യഹൂദന്മാർ പ്രകടമാക്കിയതിനു സമാനമായ ഒരു മനോഭാവം യേശുക്രിസ്‌തുവിന്റെ മരണത്തിനു കാരണക്കാരായവരും പ്രകടമാക്കിയതായി ഊന്നിപ്പറഞ്ഞുകൊണ്ട്‌ ഉപസംഹരിച്ചു.

വളരെയേറെ മുഖ്യ പോയിന്റുകൾ ഉപയോഗിക്കരുത്‌. ഏതൊരു പ്രതിപാദ്യവിഷയവും വികസിപ്പിക്കാൻ ഏതാനും അടിസ്ഥാന ആശയങ്ങളേ ഉണ്ടാകൂ. മിക്ക സന്ദർഭങ്ങളിലും, ഇവ ഒരു കൈയിലെ വിരലുകളിൽ എണ്ണാവുന്നതേ ഉള്ളൂ. നിങ്ങൾ സംസാരിക്കുന്നത്‌ 5-ഓ 10-ഓ 30-ഓ മിനിട്ടോ അതിൽ കൂടുതലോ ആയാലും ഇതു സത്യമാണ്‌. ഒട്ടേറെ മുഖ്യ പോയിന്റുകൾ എടുത്തുകാട്ടാൻ ശ്രമിക്കരുത്‌. വ്യത്യസ്‌തങ്ങളായ ഏതാനും ആശയങ്ങൾ മാത്രമേ നിങ്ങളുടെ സദസ്സിന്‌ ഒരു പ്രസംഗത്തിൽനിന്നു ന്യായമായി ഗ്രഹിക്കാനാവൂ. പ്രസംഗത്തിന്റെ ദൈർഘ്യം കൂടുന്നതനുസരിച്ച്‌ മുഖ്യ പോയിന്റുകൾ കൂടുതൽ ശക്തമായും സ്‌പഷ്ടമായും എടുത്തുകാട്ടേണ്ടതുണ്ട്‌.

നിങ്ങൾ എത്ര മുഖ്യ പോയിന്റുകൾ ഉപയോഗിച്ചാലും ഓരോന്നും വേണ്ടത്ര വികസിപ്പിക്കുന്നുവെന്ന്‌ ഉറപ്പു വരുത്തുക. ഓരോ മുഖ്യ പോയിന്റും വിലയിരുത്താൻ സദസ്സിനു വേണ്ടത്ര സമയം അനുവദിക്കുക. അങ്ങനെയാകുമ്പോൾ അത്‌ അവരുടെ മനസ്സിൽ ആഴത്തിൽ പതിയുന്നതായിരിക്കും.

നിങ്ങളുടെ പ്രസംഗം ലളിതമാണെന്ന ധാരണ അതു കേൾക്കുന്നവർക്ക്‌ ഉളവാകണം. ഇത്‌ എല്ലായ്‌പോഴും അവതരിപ്പിക്കപ്പെടുന്ന വിവരങ്ങളുടെ അളവിനെ അല്ല ആശ്രയിച്ചിരിക്കുന്നത്‌. ഏതാനും മാത്രം വരുന്ന മുഖ്യ ശീർഷകങ്ങളുടെ കീഴിൽ നിങ്ങൾ ആശയങ്ങൾ വ്യക്തമായി വർഗീകരിച്ച്‌ ഒരു സമയത്ത്‌ ഒരു മുഖ്യ ശീർഷകം വീതം വികസിപ്പിക്കുന്നെങ്കിൽ ശ്രോതാക്കൾക്കു പ്രസംഗം മനസ്സിലാക്കാനും ഓർത്തിരിക്കാനും എളുപ്പമായിരിക്കും.

മുഖ്യ പോയിന്റുകൾ എടുത്തുകാട്ടുക. വിവരങ്ങൾ നിങ്ങൾ ശരിയായി ചിട്ടപ്പെടുത്തിയിട്ടുണ്ടെങ്കിൽ, അവതരണത്തിലൂടെ മുഖ്യ പോയിന്റുകളുടെ പ്രാധാന്യം എടുത്തുകാട്ടാൻ ബുദ്ധിമുട്ടുണ്ടാവില്ല.

മുഖ്യ പോയിന്റ്‌ എടുത്തുകാട്ടാനുള്ള പ്രധാന മാർഗം, മുഖ്യ ആശയത്തെ കേന്ദ്രീകരിച്ച്‌, അതിനെ വിപുലീകരിക്കും വിധത്തിൽ തെളിവുകളും തിരുവെഴുത്തുകളും മറ്റു വിവരങ്ങളും അവതരിപ്പിക്കുക എന്നതാണ്‌. എല്ലാ ഉപ പോയിന്റുകളും മുഖ്യ പോയിന്റിനെ വ്യക്തമാക്കുകയോ തെളിയിക്കുകയോ വിപുലീകരിക്കുകയോ ചെയ്യേണ്ടതുണ്ട്‌. രസകരമാണെന്ന ഒറ്റ കാരണത്താൽ മുഖ്യ പോയിന്റുമായി ബന്ധമില്ലാത്ത വിവരങ്ങൾ ഉൾപ്പെടുത്തരുത്‌. ഉപ പോയിന്റുകൾ വികസിപ്പിക്കുമ്പോൾ, ഏതു മുഖ്യ പോയിന്റിനെ പിന്താങ്ങുന്നതിനാണോ അവ അവതരിപ്പിക്കുന്നത്‌ അതുമായി അവയ്‌ക്കുള്ള ബന്ധം വ്യക്തമായി കാണിച്ചുകൊടുക്കുക. അത്‌ സദസ്സു കണ്ടുപിടിക്കട്ടെ എന്നു വിചാരിക്കരുത്‌. മുഖ്യ ആശയത്തെ കുറിക്കുന്ന പ്രധാന പദങ്ങളോ മുഖ്യ പോയിന്റിന്റെതന്നെ സംക്ഷിപ്‌തരൂപമോ ഇടയ്‌ക്കിടയ്‌ക്ക്‌ ആവർത്തിച്ചുകൊണ്ട്‌ ആ ബന്ധം കാണിച്ചുകൊടുക്കാൻ കഴിയും.

ചില പ്രസംഗകർ മുഖ്യ പോയിന്റുകൾ അക്കമിട്ടു പറഞ്ഞുകൊണ്ട്‌ അവ എടുത്തുകാട്ടാറുണ്ട്‌. അത്‌ മുഖ്യ പോയിന്റുകൾ എടുത്തുകാട്ടാനുള്ള ഒരു വിധമാണെങ്കിലും, വിവരങ്ങൾ ശ്രദ്ധാപൂർവം തിരഞ്ഞെടുക്കുന്നതിനും യുക്തിസഹമായി വികസിപ്പിക്കുന്നതിനും അതു പകരമാകാൻ പാടില്ല.

ഉപോദ്‌ബലകമായ വാദമുഖം അവതരിപ്പിക്കുന്നതിനു മുമ്പ്‌, ആരംഭത്തിൽത്തന്നെ മുഖ്യ പോയിന്റ്‌ പറയാൻ നിങ്ങൾ തീരുമാനിച്ചേക്കാം. ഇത്‌ തുടർന്നു പറയുന്ന കാര്യങ്ങളുടെ മൂല്യം വിലമതിക്കാൻ സദസ്സിനെ സഹായിക്കും. മാത്രമല്ല, അതിലൂടെ മുഖ്യ പോയിന്റിന്‌ ഊന്നൽ ലഭിക്കുകയും ചെയ്യും. പോയിന്റ്‌ പൂർണമായി വികസിപ്പിച്ചശേഷം അതു സംഗ്രഹിച്ചു പറഞ്ഞുകൊണ്ട്‌ നിങ്ങൾക്ക്‌ അതു ദൃഢീകരിക്കാവുന്നതാണ്‌.

വയൽശുശ്രൂഷയിൽ. മുകളിൽ ചർച്ച ചെയ്‌ത തത്ത്വങ്ങൾ ഔപചാരിക പ്രഭാഷണങ്ങളുടെ കാര്യത്തിൽ മാത്രമല്ല, വയൽശുശ്രൂഷയിലെ സംഭാഷണങ്ങളുടെ കാര്യത്തിലും ബാധകമാണ്‌. തയ്യാറാകുന്ന സമയത്ത്‌, പ്രദേശത്തെ ആളുകളുടെ മനസ്സിലുള്ള ഒരു പ്രധാന പ്രശ്‌നം കണക്കിലെടുക്കുക. ബൈബിൾ നൽകുന്ന പ്രത്യാശ ആ പ്രശ്‌നത്തെ എങ്ങനെ പരിഹരിക്കുമെന്നു കാണിച്ചുകൊടുക്കാൻ ഉതകുന്ന ഒരു പ്രതിപാദ്യവിഷയം തിരഞ്ഞെടുക്കുക. ആ പ്രതിപാദ്യവിഷയം വികസിപ്പിക്കുന്നതിന്‌ ഒരുപക്ഷേ രണ്ടു മുഖ്യ പോയിന്റുകൾ തിരഞ്ഞെടുക്കുക. ആ പോയിന്റുകളെ പിന്താങ്ങാൻ ഏതു തിരുവെഴുത്തുകൾ ഉപയോഗിക്കണമെന്നു തീരുമാനിക്കുക. എന്നിട്ട്‌ ചർച്ച എങ്ങനെ തുടങ്ങുമെന്ന്‌ ആസൂത്രണം ചെയ്യുക. അങ്ങനെ തയ്യാറാകുന്നത്‌ ഒരു സംഭാഷണത്തിനു വേണ്ട വഴക്കം ഉണ്ടായിരിക്കാൻ സഹായിക്കുന്നു. വീട്ടുകാരുടെ ഓർമയിൽ തങ്ങിനിൽക്കുന്ന ഒരു കാര്യം പറയാനും അതു നിങ്ങളെ സഹായിക്കും.

അത്‌ ചെയ്യാവുന്ന വിധം

  • മുഖ്യ പോയിന്റുകൾ തിരഞ്ഞെടുക്കുന്നതിനു മുമ്പ്‌, വിഷയത്തെ കുറിച്ചു നിങ്ങളുടെ ശ്രോതാക്കൾക്ക്‌ എന്തറിയാമെന്നു പരിചിന്തിക്കുകയും നിങ്ങളുടെ ലക്ഷ്യം എന്തെന്നു തീരുമാനിക്കുകയും ചെയ്യുക. ആ ഘടകങ്ങൾ മനസ്സിൽ പിടിച്ചുകൊണ്ട്‌ നിങ്ങളുടെ വിവരങ്ങൾ ചിട്ടപ്പെടുത്തുക.

  • തെളിവുകളും തിരുവെഴുത്തുകളും മറ്റു വിവരങ്ങളും, ഏതു മുഖ്യ പോയിന്റിനെയാണോ പിന്താങ്ങുന്നത്‌ അതുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നു വ്യക്തമായി കാണിച്ചുകൊടുക്കുക.

  • ഓരോ മുഖ്യ പോയിന്റിലേക്കും ശ്രദ്ധ ക്ഷണിക്കുക. അവ അക്കമിട്ടു പറഞ്ഞുകൊണ്ടോ ഓരോ മുഖ്യ പോയിന്റും അതിന്‌ ഉപോദ്‌ബലകമായ വിവരങ്ങൾ അവതരിപ്പിക്കുന്നതിനു മുമ്പു പറഞ്ഞുകൊണ്ടോ പോയിന്റ്‌ വികസിപ്പിച്ചശേഷം അത്‌ വീണ്ടും എടുത്തു പറഞ്ഞുകൊണ്ടോ ഇതു ചെയ്യാവുന്നതാണ്‌.

അഭ്യാസം: ഈ ആഴ്‌ചത്തെ വീക്ഷാഗോപുര അധ്യയന ലേഖനം അവലോകനം ചെയ്യുക. ഉപതലക്കെട്ടുകളും പഠിപ്പിക്കൽ ചതുരത്തിലെ ചോദ്യങ്ങളും ഉപയോഗിച്ച്‌ മുഖ്യ പോയിന്റുകൾ കണ്ടെത്താൻ ശ്രമിക്കുക. ഓരോ ആഴ്‌ചയിലും ഇങ്ങനെ ചെയ്യുന്നതു പ്രയോജനകരമായിരിക്കും.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക