അധ്യായം 9
‘ദൈവശക്തിയായ ക്രിസ്തു’
1-3. (എ) ഗലീലക്കടലിൽവെച്ച് ശിഷ്യന്മാർക്ക് ഭീതിജനകമായ ഏത് അനുഭവം ഉണ്ടായി, യേശു എന്തു ചെയ്തു? (ബി) യേശു ഉചിതമായി ‘ദൈവശക്തിയായ ക്രിസ്തു’ എന്നു വിളിക്കപ്പെടുന്നത് എന്തുകൊണ്ട്?
ശിഷ്യന്മാർ ഭയന്നുപോയി. അവർ ഒരു പടകിൽ ഗലീലക്കടലിലൂടെ പോകുകയായിരുന്നു, പെട്ടെന്ന് ഒരു കൊടുങ്കാറ്റ് ആഞ്ഞടിച്ചു. മുമ്പും ഗലീലക്കടലിൽ കൊടുങ്കാറ്റുകളടിക്കുന്നത് അവർ കണ്ടിട്ടുണ്ട് എന്നതിനു സംശയമില്ല. കാരണം, അവരിൽ ചിലർ പരിചയ സമ്പന്നരായ മീൻപിടുത്തക്കാരായിരുന്നു.a (മത്തായി 4:18, 19) എന്നാൽ ഇത് “വലിയ ചുഴലിക്കാറ്റ്” ആയിരുന്നു. അതു പെട്ടെന്നുതന്നെ കടലിനെ പ്രക്ഷുബ്ധമാക്കി. പരിഭ്രമത്തോടെ അവർ പടക് തുഴയാൻ ശ്രമിച്ചുകൊണ്ടിരുന്നു, എന്നാൽ കൊടുങ്കാറ്റ് അതിശക്തമായിരുന്നു. ഉയർന്നുപൊങ്ങിയ തിര ‘പടകിൽ തള്ളിക്കയറി.’ അങ്ങനെ അതിൽ വെള്ളം നിറയാൻ തുടങ്ങി. ഈ ബഹളമൊക്കെ നടന്നിട്ടും യേശു അമരത്ത് ഗാഢനിദ്രയിലായിരുന്നു, ജനക്കൂട്ടത്തെ ദിവസം മുഴുവൻ ഉപദേശിച്ചതിനാൽ അവൻ ക്ഷീണിതനായിരുന്നു. ജീവൻ നഷ്ടപ്പെടുമെന്ന് ഭയന്ന ശിഷ്യന്മാർ, “കർത്താവേ, രക്ഷിക്കേണമേ; ഞങ്ങൾ നശിച്ചുപോകുന്നു” എന്നു നിലവിളിച്ചുകൊണ്ട് അവനെ ഉണർത്തി.—മർക്കൊസ് 4:35-38; മത്തായി 8:23-25.
2 യേശുവിനു ഭയം തോന്നിയില്ല. പൂർണ വിശ്വാസത്തോടെ അവൻ കാറ്റിനെയും കടലിനെയും ശാസിച്ചു: “അനങ്ങാതിരിക്ക, അടങ്ങുക.” ഉടനടി കാറ്റും കടലും അനുസരിച്ചു. കൊടുങ്കാറ്റു നിലച്ചു, തിരമാലകൾ അപ്രത്യക്ഷമായി, “വലിയ ശാന്തത ഉണ്ടായി.” ഇപ്പോൾ ശിഷ്യന്മാരെ ഒരു അസാധാരണ ഭയം പിടികൂടി. “ഇവൻ ആർ” എന്ന് അവർ തമ്മിൽ അടക്കം പറഞ്ഞു. അനുസരണംകെട്ട ഒരു കുട്ടിയെ തിരുത്തുന്ന മട്ടിൽ കാറ്റിനെയും കടലിനെയും ശാസിക്കാൻ കഴിയുന്ന മനുഷ്യൻ ആരായിരിക്കും?—മർക്കൊസ് 4:39-41; മത്തായി 8:26, 27.
3 എന്നാൽ യേശു സാധാരണ മനുഷ്യൻ ആയിരുന്നില്ല. അസാധാരണ വിധങ്ങളിൽ യഹോവയുടെ ശക്തി യേശുവിനു വേണ്ടിയും യേശു മുഖാന്തരവും പ്രദർശിപ്പിക്കപ്പെട്ടു. നിശ്വസ്ത അപ്പൊസ്തലനായ പൗലൊസിന് ‘ദൈവശക്തിയായ ക്രിസ്തു’ എന്ന് അവനെ ഉചിതമായി പരാമർശിക്കാൻ കഴിഞ്ഞു. (1 കൊരിന്ത്യർ 1:24) ദൈവശക്തി യേശുവിൽ പ്രകടമാക്കപ്പെടുന്നത് ഏതു വിധങ്ങളിലാണ്? യേശു ശക്തി ഉപയോഗിച്ചത് നമ്മുടെ ജീവിതത്തെ എങ്ങനെ സ്വാധീനിച്ചേക്കാം?
ദൈവത്തിന്റെ ഏകജാത പുത്രന്റെ ശക്തി
4, 5. (എ) യഹോവ തന്റെ ഏകജാത പുത്രന് ഏതു ശക്തിയും അധികാരവും ഏൽപ്പിച്ചുകൊടുത്തു? (ബി) ഈ പുത്രൻ അവന്റെ പിതാവിന്റെ സൃഷ്ടിപരമായ ഉദ്ദേശ്യങ്ങൾ നിറവേറ്റാൻ എങ്ങനെ സജ്ജനായി?
4 യേശുവിനു തന്റെ മനുഷ്യ-പൂർവകാലത്ത് ഉണ്ടായിരുന്ന ശക്തിയെ കുറിച്ചു ചിന്തിക്കുക. യഹോവ സ്വന്തം “നിത്യശക്തി” ഉപയോഗിച്ചാണ് തന്റെ ഏകജാത പുത്രനെ സൃഷ്ടിച്ചത്. അവൻ യേശുക്രിസ്തു എന്ന് അറിയപ്പെടാനിടയായി. (റോമർ 1:20; കൊലൊസ്സ്യർ 1:15) അതിനുശേഷം, യഹോവ തന്റെ പുത്രന് വമ്പിച്ച ശക്തിയും അധികാരവും ഏൽപ്പിച്ചുകൊടുക്കുകയും തന്റെ സൃഷ്ടിപരമായ ഉദ്ദേശ്യങ്ങൾ നിറവേറ്റാൻ അവനെ നിയോഗിക്കുകയും ചെയ്തു. പുത്രനെ സംബന്ധിച്ച് ബൈബിൾ ഇങ്ങനെ പറയുന്നു: “സകലവും അവൻ മുഖാന്തരം ഉളവായി; ഉളവായതു ഒന്നും അവനെ കൂടാതെ ഉളവായതല്ല.”—യോഹന്നാൻ 1:3.
5 നമുക്ക് ആ നിയോഗത്തിന്റെ വ്യാപ്തി അൽപ്പമായി മാത്രമേ ഗ്രഹിക്കാൻ കഴിയൂ. ശക്തരായ ദശലക്ഷക്കണക്കിനു ദൂതന്മാരെയും ശതകോടിക്കണക്കിനു താരാപംക്തികൾ അടങ്ങിയ ഭൗതിക പ്രപഞ്ചത്തെയും വൈവിധ്യമാർന്ന അനേകമനേകം ജീവരൂപങ്ങൾ അടങ്ങിയ ഭൂമിയെയും അസ്തിത്വത്തിലേക്കു വരുത്താൻ ആവശ്യമായിരുന്ന ശക്തിയെ കുറിച്ചു ചിന്തിക്കുക. ആ നിയോഗം നിവർത്തിക്കുന്നതിന് ഏകജാത പുത്രന് അഖിലാണ്ഡത്തിലെ ഏറ്റവും പ്രബലമായ ശക്തിയുടെ—ദൈവത്തിന്റെ പരിശുദ്ധാത്മാവിന്റെ—സഹായമുണ്ടായിരുന്നു. മറ്റെല്ലാം സൃഷ്ടിക്കുന്നതിന് യഹോവ ഉപയോഗിച്ച വിദഗ്ധ ശിൽപ്പി ആയിരിക്കുന്നതിൽ ഈ പുത്രൻ വലിയ ഉല്ലാസം കണ്ടെത്തി.—സദൃശവാക്യങ്ങൾ 8:22-31.
6. യേശുവിന്റെ മരണത്തിനും പുനരുത്ഥാനത്തിനും ശേഷം, അവന് ഏതു ശക്തിയും അധികാരവും കൊടുക്കപ്പെട്ടു?
6 ഏകജാതനായ പുത്രന് അതിൽക്കൂടുതൽ ശക്തിയും അധികാരവും ലഭിക്കുമായിരുന്നോ? ഭൂമിയിലെ തന്റെ മരണത്തെയും പുനരുത്ഥാനത്തെയും തുടർന്ന് യേശു ഇങ്ങനെ പറഞ്ഞു: “സ്വർഗ്ഗത്തിലും ഭൂമിയിലും സകല അധികാരവും എനിക്കു നല്കപ്പെട്ടിരിക്കുന്നു.” (മത്തായി 28:18) അതേ, സാർവത്രികമായി ശക്തി പ്രയോഗിക്കാനുള്ള അധികാരം യേശുവിനു നൽകപ്പെട്ടിരിക്കുന്നു. “രാജാധിരാജാവും കർത്താധികർത്താവും” എന്ന നിലയിൽ, തന്റെ പിതാവിനോട് എതിർത്തുനിൽക്കുന്ന ദൃശ്യവും അദൃശ്യവുമായ “എല്ലാവാഴ്ചെക്കും അധികാരത്തിന്നും ശക്തിക്കും നീക്കം” വരുത്താൻ അവന് അധികാരം ലഭിച്ചിരിക്കുന്നു. (വെളിപ്പാടു 19:16; 1 കൊരിന്ത്യർ 15:24-26) യഹോവ തന്നെ ഒഴികെ “ഒന്നിനെയും [യേശുവിന്] കീഴ്പെടുത്താതെ വിട്ടിട്ടില്ല.”—എബ്രായർ 2:8; 1 കൊരിന്ത്യർ 15:27.
7. യഹോവ യേശുവിനു നൽകിയ ശക്തി അവൻ ഒരിക്കലും ദുർവിനിയോഗം ചെയ്യില്ലെന്നു നമുക്ക് ഉറപ്പുണ്ടായിരിക്കാൻ കഴിയുന്നത് എന്തുകൊണ്ട്?
7 യേശു തന്റെ ശക്തി ദുർവിനിയോഗം ചെയ്തേക്കാമെന്നു നാം വ്യാകുലപ്പെടേണ്ടതുണ്ടോ? തീർച്ചയായും ഇല്ല! യേശു യഥാർഥമായി തന്റെ പിതാവിനെ സ്നേഹിക്കുന്നു, അവനെ അപ്രീതിപ്പെടുത്തുന്ന യാതൊന്നും അവൻ ചെയ്യുകയില്ല. (യോഹന്നാൻ 8:29; 14:31) യഹോവ തന്റെ സർവശക്തി ഒരിക്കലും ദുർവിനിയോഗം ചെയ്യുന്നില്ലെന്ന് യേശുവിനു നന്നായി അറിയാം. “തങ്കൽ ഏകാഗ്രചിത്തന്മാരായിരിക്കുന്നവർക്കു വേണ്ടി തന്നെത്താൻ ബലവാനെന്നു കാണിക്കേണ്ടതിന്നു” യഹോവ അവസരങ്ങൾ തേടുന്നതു യേശു നേരിട്ടു നിരീക്ഷിച്ചിട്ടുണ്ട്. (2 ദിനവൃത്താന്തം 16:9) തീർച്ചയായും, മനുഷ്യവർഗത്തോട് തന്റെ പിതാവിനുള്ള അതേ സ്നേഹം യേശുവിനുമുണ്ട്. അതുകൊണ്ട് യേശു എല്ലായ്പോഴും തന്റെ ശക്തി പ്രയോജനകരമായി ഉപയോഗിക്കുമെന്നു നമുക്കു വിശ്വസിക്കാനാകും. (യോഹന്നാൻ 13:1) ഈ കാര്യത്തിൽ യേശു കുറ്റമറ്റ ഒരു രേഖ സ്ഥാപിച്ചിട്ടുണ്ട്. ഭൂമിയിൽ ആയിരുന്നപ്പോൾ അവന് ഉണ്ടായിരുന്ന ശക്തിയെയും അത് ഉപയോഗിക്കാൻ അവൻ പ്രേരിതനായ വിധത്തെയും കുറിച്ച് നമുക്കു പരിചിന്തിക്കാം.
‘വാക്കിൽ ശക്തിയുള്ളവൻ’
8. യേശുവിന്റെ അഭിഷേകത്തെ തുടർന്ന് എന്തു ചെയ്യാൻ അവനു ശക്തി നൽകപ്പെട്ടു, അവൻ തന്റെ ശക്തി എങ്ങനെ വിനിയോഗിച്ചു?
8 നസറെത്തിൽ ഒരു ബാലനായിരിക്കെ യേശു അത്ഭുതങ്ങൾ ഒന്നുംതന്നെ പ്രവർത്തിച്ചില്ല എന്നതു വ്യക്തമാണ്. എന്നാൽ പൊ.യു. 29-ൽ, ഏതാണ്ട് 30-ാം വയസ്സിൽ അവൻ സ്നാപനമേറ്റ ശേഷം കാര്യങ്ങൾക്കു മാറ്റം വന്നു. (ലൂക്കൊസ് 3:21-23) ബൈബിൾ ഇപ്രകാരം പറയുന്നു: “[അവനെ] ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തതും . . . അവൻ നന്മചെയ്തും പിശാചു ബാധിച്ചവരെ ഒക്കെയും സൌഖ്യമാക്കിയുംകൊണ്ടു സഞ്ചരിച്ചതുമായ വിവരം തന്നേ നിങ്ങൾ അറിയുന്നുവല്ലോ.” (പ്രവൃത്തികൾ 10:38) “നന്മചെയ്തു” എന്ന പദപ്രയോഗം, യേശു തന്റെ ശക്തി ശരിയായ വിധത്തിൽ പ്രയോഗിച്ചിരുന്നതായി സൂചിപ്പിക്കുന്നില്ലേ? അവന്റെ അഭിഷേകത്തിനു ശേഷം, അവൻ ‘വാക്കിലും പ്രവൃത്തിയിലും ശക്തിയുള്ള ഒരു പ്രവാചകൻ ആയിത്തീർന്നു.’—ലൂക്കൊസ് 24:19.
9-11. (എ) യേശു തന്റെ പഠിപ്പിക്കലിൽ ഭൂരിഭാഗവും നിർവഹിച്ചത് എവിടെയാണ്, അവൻ ഏതു വെല്ലുവിളിയെ അഭിമുഖീകരിച്ചു? (ബി) യേശുവിന്റെ പഠിപ്പിക്കൽ രീതി പുരുഷാരത്തെ അത്ഭുതപ്പെടുത്തിയത് എന്തുകൊണ്ട്?
9 യേശു വാക്കിൽ ശക്തിയുള്ളവൻ ആയിരുന്നത് എങ്ങനെ? തുറസ്സായ സ്ഥലങ്ങളിൽ—തടാകക്കരകളിലും മലഞ്ചെരിവുകളിലും തെരുവുകളിലും ചന്തസ്ഥലങ്ങളിലും—വെച്ചാണ് അവൻ പലപ്പോഴും ജനങ്ങളെ ഉപദേശിച്ചിരുന്നത്. (മർക്കൊസ് 6:53-56; ലൂക്കൊസ് 5:1-3; 13:26) അവന്റെ വാക്കുകൾ ശ്രോതാക്കളെ പിടിച്ചുനിറുത്താൻപോന്നവ ആയിരുന്നില്ലെങ്കിൽ അവർ അവിടെനിന്നു മാറിക്കളയുമായിരുന്നു. അച്ചടിച്ച പുസ്തകങ്ങൾ ഇല്ലായിരുന്ന ആ യുഗത്തിൽ വിലമതിപ്പുള്ള ശ്രോതാക്കൾ അവന്റെ വാക്കുകൾ തങ്ങളുടെ ഹൃദയത്തിലും മനസ്സിലും സൂക്ഷിക്കേണ്ടിയിരുന്നു. അതുകൊണ്ട് യേശുവിന്റെ പഠിപ്പിക്കൽ പൂർണമായും ശ്രദ്ധ പിടിച്ചുനിറുത്തുന്നതും വ്യക്തമായി മനസ്സിലാകുന്നതും അനായാസം ഓർത്തിരിക്കാവുന്നതും ആയിരിക്കേണ്ടിയിരുന്നു. എന്നാൽ യേശുവിനെ സംബന്ധിച്ചിടത്തോളം ഈ വെല്ലുവിളി ഒരു പ്രശ്നമായിരുന്നില്ല. ദൃഷ്ടാന്തത്തിന്, അവന്റെ ഗിരിപ്രഭാഷണത്തെ കുറിച്ചു ചിന്തിക്കുക.
10 പൊ.യു. 31-ന്റെ ആരംഭത്തിലെ ഒരു പ്രഭാതത്തിൽ ഒരു ജനക്കൂട്ടം ഗലീലക്കടലിനു സമീപമുള്ള ഒരു മലഞ്ചെരുവിൽ തടിച്ചുകൂടി. ചിലർ 100 മുതൽ 110 വരെ കിലോമീറ്റർ ദൂരെയുള്ള യഹൂദ്യയിൽനിന്നും യെരൂശലേമിൽനിന്നും വന്നവരായിരുന്നു. മറ്റു ചിലർ സോർ, സീദോൻ എന്നീ വടക്കൻ സമുദ്രതീര പ്രദേശത്തുനിന്നുമാണു വന്നത്. അനേകം രോഗികൾ യേശുവിനെ തൊടാൻ അടുത്തുചെന്നു, അവരെയെല്ലാം അവൻ സൗഖ്യമാക്കി. അവരുടെ ഇടയിൽ ഗുരുതരമായ രോഗമുള്ള എല്ലാവരെയും സുഖപ്പെടുത്തിയശേഷം അവൻ അവരെ പഠിപ്പിച്ചു തുടങ്ങി. (ലൂക്കൊസ് 6:17-19) കുറെ കഴിഞ്ഞ് അവൻ പ്രസംഗം പൂർത്തിയാക്കുമ്പോഴും അവർ വിസ്മയഭരിതരായി നിൽക്കുകയായിരുന്നു. എന്തുകൊണ്ട്?
11 ആ പ്രഭാഷണം കേട്ട ഒരാൾ വർഷങ്ങൾക്കുശേഷം ഇങ്ങനെ എഴുതി: “പുരുഷാരം അവന്റെ ഉപദേശത്തിൽ വിസ്മയിച്ചു; . . . അധികാരമുളളവനായിട്ടത്രേ അവൻ അവരോടു ഉപദേശിച്ചത്.” (മത്തായി 7:28, 29) യേശുവിന്റെ വാക്കുകളിലെ ശക്തി അനുഭവവേദ്യമായിരുന്നു. അവൻ ദൈവത്തെ പ്രതിനിധാനം ചെയ്തു സംസാരിക്കുകയും ദൈവവചനത്തിന്റെ ആധികാരികതയാൽ തന്റെ ഉപദേശത്തെ പിന്താങ്ങുകയും ചെയ്തു. (യോഹന്നാൻ 7:16) യേശുവിന്റെ പ്രസ്താവനകൾ വ്യക്തവും ഉദ്ബോധനങ്ങൾ പ്രചോദനാത്മകവും വാദമുഖങ്ങൾ അനിഷേധ്യവുമായിരുന്നു. അവന്റെ വാക്കുകൾ പ്രശ്നങ്ങളുടെ കാരണത്തിലേക്കും അതുപോലെതന്നെ ശ്രോതാക്കളുടെ ഹൃദയങ്ങളിലേക്കും ആഴ്ന്നിറങ്ങി. എങ്ങനെ സന്തുഷ്ടി കണ്ടെത്താമെന്നും പ്രാർഥിക്കാമെന്നും ദൈവരാജ്യം അന്വേഷിക്കാമെന്നും ഒരു സുരക്ഷിതഭാവി പടുത്തുയർത്താമെന്നും അവൻ അവരെ പഠിപ്പിച്ചു. (മത്തായി 5:3–7:27) അവന്റെ വാക്കുകൾ സത്യത്തിനും നീതിക്കുംവേണ്ടി വിശക്കുന്നവരുടെ ഹൃദയങ്ങളെ തൊട്ടുണർത്തി. അങ്ങനെയുള്ളവർ തങ്ങളെത്തന്നെ “ത്യജിക്കു”ന്നതിനും സകലവും ഉപേക്ഷിച്ച് അവനെ അനുഗമിക്കുന്നതിനും മനസ്സുള്ളവരായിരുന്നു. (മത്തായി 16:24; ലൂക്കൊസ് 5:10, 11) യേശുവിന്റെ വാക്കുകളുടെ ശക്തിക്ക് എത്ര വലിയ സാക്ഷ്യം!
‘പ്രവൃത്തിയിൽ ശക്തിയുള്ളവൻ’
12, 13. യേശു ‘പ്രവൃത്തിയിൽ ശക്തിയുള്ളവൻ’ ആയിരുന്നത് ഏതർഥത്തിൽ, അവന്റെ അത്ഭുതങ്ങളിൽ എന്തു വൈവിധ്യമുണ്ടായിരുന്നു?
12 യേശു ‘പ്രവൃത്തിയിലും ശക്തിയുള്ളവൻ’ ആയിരുന്നു. (ലൂക്കൊസ് 24:19) അവൻ ചെയ്ത 30-ലധികം അസാധാരണ അത്ഭുതങ്ങളെ കുറിച്ച് സുവിശേഷങ്ങൾ പ്രസ്താവിക്കുന്നു—എല്ലാം “യഹോവയുടെ ശക്തി”യാൽത്തന്നെ.b (ലൂക്കൊസ് 5:17, NW) യേശുവിന്റെ അത്ഭുതങ്ങൾ ആയിരങ്ങളുടെ ജീവിതത്തെ സ്വാധീനിച്ചു. രണ്ട് അത്ഭുതങ്ങൾ മാത്രം—“സ്ത്രീകളെയും പൈതങ്ങളെയും കൂടാതെ” 5,000 പുരുഷന്മാരെയും പിന്നീട് 4,000 പുരുഷന്മാരെയും പോഷിപ്പിച്ചത്—സാധ്യതയനുസരിച്ച് മൊത്തം 20,000 പേരടങ്ങിയ ജനക്കൂട്ടം ഉൾപ്പെട്ടതായിരുന്നു!—മത്തായി 14:13-21; 15:32-38.
“യേശു കടലിന്മേൽ നടക്കുന്നത് അവർ കണ്ടു”
13 യേശുവിന്റെ അത്ഭുതങ്ങളിൽ വലിയ വൈവിധ്യം ഉണ്ടായിരുന്നു. അവനു ഭൂതങ്ങളുടെമേൽ അധികാരമുണ്ടായിരുന്നു, അനായാസം അവരെ അവൻ പുറത്താക്കിയിരുന്നു. (ലൂക്കൊസ് 9:37-43) അവന് ഭൗതിക മൂലപദാർഥങ്ങളുടെമേൽ അധികാരമുണ്ടായിരുന്നു—അവൻ വെള്ളം വീഞ്ഞാക്കി. (യോഹന്നാൻ 2:1-11) ശിഷ്യന്മാരെ അത്ഭുതപ്പെടുത്തിക്കൊണ്ട് അവൻ കാറ്റടിച്ചിളകുന്ന ഗലീലക്കടലിനുമീതെ നടന്നു. (യോഹന്നാൻ 6:18, 19) രോഗത്തിന്മേൽ സ്വാധീനമുണ്ടായിരുന്നതിനാൽ അവൻ ശാരീരിക വൈകല്യങ്ങളും മാറാരോഗങ്ങളും ജീവനു ഭീഷണിയായിരുന്ന ദീനങ്ങളും സുഖപ്പെടുത്തി. (മർക്കൊസ് 3:1-5; യോഹന്നാൻ 4:46-54) അവൻ വിവിധ വിധങ്ങളിലാണ് അങ്ങനെയുള്ള സൗഖ്യമാക്കലുകൾ നടത്തിയത്. ചിലരെ ദൂരത്തിരുന്നാണു യേശു സൗഖ്യമാക്കിയത്. അതേസമയം, മറ്റു ചിലർക്ക് യേശുവിന്റെ വ്യക്തിപരമായ സ്പർശനം അനുഭവപ്പെട്ടു. (മത്തായി 8:2, 3, 5-13) ചിലർ ക്ഷണനേരംകൊണ്ടും മറ്റു ചിലർ ക്രമേണയും സൗഖ്യമാക്കപ്പെട്ടു.—മർക്കൊസ് 8:22-25; ലൂക്കൊസ് 8:43, 44.
14. മരണത്തെ ഇല്ലായ്മ ചെയ്യാനുള്ള ശക്തി തനിക്ക് ഉണ്ടെന്ന് യേശു പ്രകടമാക്കിയ സാഹചര്യങ്ങൾ ഏവ?
14 യേശുവിനു മരണത്തെ ഇല്ലായ്മ ചെയ്യാനുള്ള ശക്തി ഉണ്ടായിരുന്നു എന്നത് ഒരു പ്രമുഖ സംഗതിയാണ്. രേഖപ്പെടുത്തിയിട്ടുള്ള മൂന്നു സന്ദർഭങ്ങളിൽ അവൻ മരിച്ചവരെ ഉയിർപ്പിച്ചു—അങ്ങനെ 12 വയസ്സുണ്ടായിരുന്ന ഒരു പെൺകുട്ടിയെ അവളുടെ മാതാപിതാക്കളെയും ഒരു ഏക മകനെ അവന്റെ വിധവയായ അമ്മയെയും ഒരു പ്രിയപ്പെട്ട സഹോദരനെ അവന്റെ സഹോദരിമാരെയും അവൻ തിരികെ ഏൽപ്പിച്ചു. (ലൂക്കൊസ് 7:11-15; 8:49-56; യോഹന്നാൻ 11:38-44) യാതൊരു സാഹചര്യവും അവനു തീർത്തും പ്രയാസകരമായിരുന്നില്ല. അവൻ 12 വയസ്സുകാരി പെൺകുട്ടിയെ മരിച്ച് അധികം കഴിയുന്നതിനു മുമ്പുതന്നെ അവളുടെ കിടക്കയിൽനിന്നാണ് ഉയിർപ്പിച്ചത്. വിധവയുടെ പുത്രനെ ഉയിർപ്പിച്ചത് ശവമഞ്ചത്തിൽനിന്നായിരുന്നു, അവന്റെ മരണദിവസത്തിൽതന്നെ. എന്നാൽ ലാസർ മരിച്ച് നാലു ദിവസത്തിനു ശേഷമാണ് യേശു അവനെ ഉയിർപ്പിച്ചത്.
ശക്തിയുടെ വിനിയോഗം—നിസ്സ്വാർഥതയോടും ഉത്തരവാദിത്വത്തോടും കരുതലോടുംകൂടി
15, 16. യേശു നിസ്സ്വാർഥമായ ഒരു വിധത്തിലാണ് തന്റെ ശക്തി വിനിയോഗിച്ചത് എന്നതിന് എന്തു തെളിവുണ്ട്?
15 യേശുവിന്റെ ശക്തി ഒരു അപൂർണ ഭരണാധികാരിക്കാണു നൽകുന്നതെങ്കിൽ അയാൾ അത് എത്രത്തോളം ദുർവിനിയോഗം ചെയ്തേക്കുമെന്ന് നിങ്ങൾക്ക് ഊഹിക്കാൻ കഴിയില്ലേ? എന്നാൽ യേശു പാപമില്ലാത്തവൻ ആയിരുന്നു. (1 പത്രൊസ് 2:22) തങ്ങളുടെ അധികാരം മറ്റുള്ളവരെ ഉപദ്രവിക്കാൻ ഉപയോഗിക്കുന്നതിന് അപൂർണ മനുഷ്യരെ പ്രേരിപ്പിക്കുന്ന സ്വാർഥതയും സ്ഥാനമോഹവും അത്യാഗ്രഹവും തന്നെ കളങ്കപ്പെടുത്താൻ അവൻ അനുവദിച്ചില്ല.
16 തന്റെ ശക്തി വിനിയോഗിക്കുന്ന കാര്യത്തിൽ യേശു നിസ്സ്വാർഥനായിരുന്നു, വ്യക്തിപരമായ നേട്ടത്തിനുവേണ്ടി അവൻ ഒരിക്കലും അതു പ്രയോഗിച്ചില്ല. അവനു വിശന്നപ്പോൾ, തനിക്കായി കല്ലുകൾ അപ്പമാക്കി മാറ്റാൻ അവൻ ശ്രമിച്ചില്ല. (മത്തായി 4:1-4) തുച്ഛമായ വസ്തുക്കളേ അവനു സ്വന്തമായി ഉണ്ടായിരുന്നുള്ളു എന്നത് തനിക്കുതന്നെ ഭൗതികനേട്ടം ഉണ്ടാക്കാനായി അവൻ തന്റെ ശക്തി ഉപയോഗിച്ചില്ല എന്നതിന്റെ തെളിവായിരുന്നു. (മത്തായി 8:20) അവന്റെ വീര്യപ്രവൃത്തികൾ നിസ്സ്വാർഥമായ ആന്തരത്തിൽനിന്നാണ് ഉത്ഭവിച്ചത് എന്നതിനു കൂടുതലായ തെളിവുണ്ട്. അവൻ അത്ഭുതങ്ങൾ ചെയ്തപ്പോൾ, തനിക്കുതന്നെ നഷ്ടം വരുത്തിക്കൊണ്ടാണ് അങ്ങനെ ചെയ്തത്. അവൻ രോഗികളെ സുഖപ്പെടുത്തിയപ്പോൾ, അവനിൽനിന്നു ശക്തി പുറപ്പെട്ടു. കേവലം ഒരു സൗഖ്യമാക്കൽ പ്രക്രിയ നടന്നപ്പോൾത്തന്നെ തന്നിൽനിന്നു ശക്തി പ്രവഹിക്കുന്നത് അവന് അറിയാൻ കഴിഞ്ഞു. (മർക്കൊസ് 5:25-34) എന്നിട്ടും, തന്നെ സ്പർശിക്കാൻ പുരുഷാരത്തെ അവൻ അനുവദിച്ചു, അവരെല്ലാം സുഖം പ്രാപിക്കുകയും ചെയ്തു. (ലൂക്കൊസ് 6:19) എത്ര നിസ്സ്വാർഥമായ മനോഭാവം!
17. തന്റെ ശക്തിയുടെ വിനിയോഗത്തിൽ താൻ ഉത്തരവാദിത്വബോധമുള്ളവൻ ആണെന്ന് യേശു എങ്ങനെ പ്രകടമാക്കി?
17 തന്റെ ശക്തിയുടെ വിനിയോഗത്തിൽ യേശു ഉത്തരവാദിത്വബോധമുള്ളവൻ ആയിരുന്നു. ഒരു പ്രദർശനം കാഴ്ചവെക്കുക എന്ന ഉദ്ദേശ്യത്തിൽ അവൻ ഒരിക്കലും അത്ഭുതങ്ങൾ ചെയ്തില്ല. (മത്തായി 4:5-7) ഹെരോദാവിന്റെ അനുചിതമായ ജിജ്ഞാസയെ തൃപ്തിപ്പെടുത്താൻ വേണ്ടിമാത്രം അടയാളങ്ങൾ കാണിക്കാൻ അവനു മനസ്സില്ലായിരുന്നു. (ലൂക്കൊസ് 23:8, 9) തന്റെ ശക്തിയെ പരസ്യപ്പെടുത്തുന്നതിനു പകരം, താൻ സുഖപ്പെടുത്തിയ വിവരം ആരോടും പറയരുതെന്ന് സുഖം പ്രാപിച്ചവരോട് അവൻ മിക്കപ്പോഴും നിർദേശിക്കുകയുണ്ടായി. (മർക്കൊസ് 5:43; 7:36) ഉദ്വേഗജനകമായ ശ്രുതികളുടെ അടിസ്ഥാനത്തിൽ ആളുകൾ തന്നെ വിലയിരുത്താൻ അവൻ ആഗ്രഹിച്ചില്ല.—മത്തായി 12:15-19.
18-20. (എ) യേശു തന്റെ ശക്തി ഉപയോഗിച്ച വിധത്തെ സ്വാധീനിച്ചത് എന്ത്? (ബി) യേശു ഒരു ബധിരനെ സുഖപ്പെടുത്തിയ രീതി സംബന്ധിച്ചു നിങ്ങൾ എന്തു വിചാരിക്കുന്നു?
18 യേശു എന്ന ശക്തനായ ഈ മനുഷ്യൻ, മറ്റുള്ളവരുടെ ആവശ്യങ്ങളെയും കഷ്ടപ്പാടുകളെയും നിർദയം അവഗണിച്ചുകൊണ്ട് ശക്തിപ്രകടനങ്ങൾ നടത്തിയിട്ടുള്ള ഭരണാധികാരികളിൽനിന്നു വളരെ വ്യത്യസ്തനായിരുന്നു. യേശു ആളുകളോടു കരുതലുള്ളവനായിരുന്നു. ക്ലേശിതരെ കാണുന്നതുപോലും അവന്റെ മനസ്സലിയിച്ചിരുന്നതിനാൽ അവരെ ദുരിതത്തിൽനിന്നു മോചിപ്പിക്കാൻ അവൻ പ്രേരിതനായി. (മത്തായി 14:14) അവരുടെ വികാരങ്ങളോടും ആവശ്യങ്ങളോടും അവൻ പരിഗണനയുള്ളവൻ ആയിരുന്നു, ഈ ആർദ്രതാത്പര്യം അവൻ തന്റെ ശക്തി വിനിയോഗിച്ച വിധത്തെ സ്വാധീനിച്ചു. ഒരു ഹൃദയസ്പർശിയായ ദൃഷ്ടാന്തം മർക്കൊസ് 7:31-37-ൽ നാം കാണുന്നു.
19 വലിയ ജനക്കൂട്ടങ്ങൾ യേശുവിനെ കണ്ടെത്തുകയും അനേകം രോഗികളെ അവന്റെ അടുക്കൽ കൊണ്ടുവരികയും ചെയ്യുന്നതാണ് സന്ദർഭം. അവരെയെല്ലാം അവൻ സൗഖ്യമാക്കി. (മത്തായി 15:29, 30) എന്നാൽ ഒരു മനുഷ്യനോട് യേശു പ്രത്യേക പരിഗണന കാണിച്ചു. ആ മനുഷ്യൻ ബധിരനായിരുന്നു, സംസാരിക്കാൻ അശേഷം പ്രാപ്തനുമല്ലായിരുന്നു. യേശു ഈ മനുഷ്യന്റെ പ്രത്യേക ബുദ്ധിമുട്ടു മനസ്സിലാക്കിയിരിക്കണം. പരിഗണനയോടെ യേശു ആ മനുഷ്യനെ ജനക്കൂട്ടത്തിൽനിന്ന് അകലെ ഒരു സ്വകാര്യസ്ഥലത്തേക്കു കൂട്ടിക്കൊണ്ടുപോയി. പിന്നീട് താൻ എന്തു ചെയ്യാൻ പോകുകയാണെന്ന് ആ മനുഷ്യനെ ധരിപ്പിക്കാൻ യേശു ചില അടയാളങ്ങൾ ഉപയോഗിച്ചു. അവൻ “അവന്റെ ചെവിയിൽ വിരൽ ഇട്ടു, തുപ്പി അവന്റെ നാവിനെ തൊട്ടു.”c (മർക്കൊസ് 7:33) അനന്തരം യേശു സ്വർഗത്തിലേക്കു നോക്കി പ്രാർഥനാനിരതമായി ഒന്നു നെടുവീർപ്പിട്ടു. ഈ ക്രിയകൾ, ‘ഞാൻ നിനക്കുവേണ്ടി ചെയ്യാനിരിക്കുന്നതു ദൈവത്തിൽനിന്നുള്ള ശക്തിയാലാണ്’ എന്ന് ആ മനുഷ്യനോടു പറയുമായിരുന്നു. തുടർന്ന് യേശു, “തുറന്നുവരിക” എന്നു പറഞ്ഞു. (മർക്കൊസ് 7:34) അപ്പോൾ ആ മനുഷ്യന് കേൾവിശക്തി തിരിച്ചുകിട്ടി, അയാൾക്കു സാധാരണ മനുഷ്യരെ പോലെ സംസാരിക്കാനും കഴിഞ്ഞു.
20 രോഗബാധിതരെ സൗഖ്യമാക്കാൻ തന്റെ ദൈവദത്ത ശക്തി ഉപയോഗിക്കുമ്പോൾ പോലും യേശു അവരുടെ വികാരങ്ങളോട് അനുകമ്പാർദ്രമായ പരിഗണന കാട്ടുന്നതായി ചിന്തിക്കുന്നത് എത്ര ഹൃദയസ്പർശിയാണ്! ഇത്ര സഹാനുഭൂതിയും പരിഗണനയുമുള്ള ഒരു ഭരണാധികാരിയുടെ കൈകളിലാണ് യഹോവ മിശിഹൈകരാജ്യം ഭരമേൽപ്പിച്ചിരിക്കുന്നത് എന്നറിയുന്നത് ആശ്വാസപ്രദമല്ലേ?
വരാനിരിക്കുന്ന കാര്യങ്ങളുടെ ഒരു മുൻനിഴൽ
21, 22. (എ) യേശുവിന്റെ അത്ഭുതങ്ങൾ എന്തിനെ മുൻനിഴലാക്കി? (ബി) യേശുവിനു പ്രകൃതിശക്തികളുടെമേൽ നിയന്ത്രണം ഉള്ളതുകൊണ്ട് അവന്റെ രാജ്യഭരണത്തിൻ കീഴിൽ നമുക്ക് എന്തു പ്രതീക്ഷിക്കാനാകും?
21 യേശു ഭൂമിയിൽവെച്ചു ചെയ്ത അത്ഭുതങ്ങൾ അവന്റെ രാജ്യഭരണത്തിൻ കീഴിൽ വരാനിരിക്കുന്ന മഹത്തായ അനുഗ്രഹങ്ങളുടെ പൂർവദൃശ്യങ്ങൾ മാത്രമായിരുന്നു. ദൈവത്തിന്റെ പുതിയ ലോകത്തിൽ യേശു ഒരിക്കൽക്കൂടി അത്ഭുതങ്ങൾ പ്രവർത്തിക്കും—ആഗോളമായ ഒരളവിൽ! പുളകപ്രദമായ ഭാവിപ്രതീക്ഷകളിൽ ചിലതു പരിചിന്തിക്കുക.
22 യേശു ഭൗമപരിസ്ഥിതിയുടെ പൂർണതയുള്ള സന്തുലിതാവസ്ഥ പുനഃസ്ഥാപിക്കും. ഒരു കൊടുങ്കാറ്റു ശമിപ്പിച്ചുകൊണ്ട് അവൻ പ്രകൃതിശക്തികളുടെമേൽ തനിക്കുള്ള നിയന്ത്രണം പ്രകടമാക്കി എന്ന് ഓർക്കുക. അപ്പോൾ, തീർച്ചയായും, ക്രിസ്തുവിന്റെ രാജ്യഭരണത്തിൻ കീഴിൽ മനുഷ്യവർഗത്തിനു കൊടുങ്കാറ്റുകളാലോ ഭൂകമ്പങ്ങളാലോ അഗ്നിപർവത സ്ഫോടനങ്ങളാലോ മറ്റു പ്രകൃതി വിപത്തുകളാലോ ഉപദ്രവമുണ്ടാകുമെന്നു ഭയപ്പെടേണ്ടിവരില്ല. ഭൂമിയെയും അതിലെ സകല ജീവരൂപങ്ങളെയും സൃഷ്ടിക്കാൻ യഹോവ ഉപയോഗിച്ച വിദഗ്ധ ശിൽപ്പി യേശു ആയതുകൊണ്ട് അവനു ഭൂമിയുടെ ഘടന പൂർണമായി അറിയാം. അതിന്റെ വിഭവങ്ങൾ ഉചിതമായി ഉപയോഗിക്കാൻ അവന് അറിയാം. അവന്റെ ഭരണത്തിൻ കീഴിൽ മുഴു ഭൂമിയും ഒരു പറുദീസയായി രൂപാന്തരപ്പെടും.—ലൂക്കൊസ് 23:43.
23. രാജാവെന്ന നിലയിൽ യേശു മനുഷ്യവർഗത്തിന്റെ ആവശ്യങ്ങളെ എങ്ങനെ തൃപ്തിപ്പെടുത്തും?
23 മനുഷ്യവർഗത്തിന്റെ ആവശ്യങ്ങൾ സംബന്ധിച്ചെന്ത്? തുച്ഛമായ വിഭവങ്ങൾ മാത്രം ഉപയോഗിച്ച് ആയിരങ്ങളെ സമൃദ്ധമായി പോഷിപ്പിക്കാനുള്ള യേശുവിന്റെ പ്രാപ്തി അവന്റെ ഭരണത്തിൻ കീഴിൽ പട്ടിണി ഉണ്ടായിരിക്കില്ലെന്ന് നമുക്ക് ഉറപ്പു നൽകുന്നു. തീർച്ചയായും, നീതിപൂർവം വിതരണം ചെയ്യപ്പെടുന്ന സമൃദ്ധമായ ആഹാരം എന്നേക്കുമായി പട്ടിണി അവസാനിപ്പിക്കും. (സങ്കീർത്തനം 72:16) രോഗത്തിന്റെ മേലുള്ള അവന്റെ സ്വാധീനം, രോഗികളും അന്ധരും ബധിരരും അംഗഭംഗം ഭവിച്ചവരും മുടന്തരുമെല്ലാം പൂർണമായും സ്ഥിരമായും സൗഖ്യമാക്കപ്പെടുമെന്നു നമ്മെ പഠിപ്പിക്കുന്നു. (യെശയ്യാവു 33:24; 35:5, 6) മരിച്ചവരെ ഉയിർപ്പിക്കാനുള്ള അവന്റെ പ്രാപ്തി, തന്റെ പിതാവ് ഓർമിക്കാനിഷ്ടപ്പെടുന്ന അനേക ദശലക്ഷങ്ങളെ പുനരുത്ഥാനപ്പെടുത്താൻ സ്വർഗീയ രാജാവെന്ന നിലയിൽ അവൻ ശക്തനായിരിക്കുമെന്ന് നമുക്ക് ഉറപ്പുനൽകുന്നു.—യോഹന്നാൻ 5:28, 29, NW.
24. യേശുവിന്റെ ശക്തിയെ കുറിച്ചു വിചിന്തനം ചെയ്യുമ്പോൾ നാം എന്തു മനസ്സിൽ പിടിക്കണം, എന്തുകൊണ്ട്?
24 യേശുവിന്റെ ശക്തിയെ കുറിച്ചു വിചിന്തനം ചെയ്യുമ്പോൾ, ഈ പുത്രൻ അവന്റെ പിതാവിനെ പൂർണമായി അനുകരിക്കുന്നുവെന്നു നമുക്കു മനസ്സിൽ പിടിക്കാം. (യോഹന്നാൻ 14:9) അങ്ങനെ യേശുവിന്റെ ശക്തിയുടെ വിനിയോഗം യഹോവ ശക്തി ഉപയോഗിക്കുന്ന വിധത്തിന്റെ ഒരു വ്യക്തമായ ചിത്രം നമുക്കു നൽകുന്നു. ദൃഷ്ടാന്തത്തിന്, യേശു ഒരു കുഷ്ഠരോഗിയെ സൗഖ്യമാക്കിയ കരുണാർദ്രമായ വിധത്തെ കുറിച്ചു ചിന്തിക്കുക. മനസ്സലിവോടെ, ആ മനുഷ്യനെ സ്പർശിച്ചിട്ട് യേശു പറഞ്ഞു: “മനസ്സുണ്ടു, ശുദ്ധമാക.” ഇതുപോലുള്ള വിവരണങ്ങളിലൂടെ ഫലത്തിൽ യഹോവ ഇപ്രകാരം പറയുകയാണ്: ‘ഇങ്ങനെയാണ് ഞാൻ എന്റെ ശക്തി ഉപയോഗിക്കുന്നത്!’ നമ്മുടെ സർവശക്തനായ ദൈവത്തെ സ്തുതിക്കാനും ഇത്ര സ്നേഹപൂർവകമായ വിധത്തിൽ തന്റെ ശക്തി ഉപയോഗിക്കുന്നതിന് അവനു നന്ദി കൊടുക്കാനും നിങ്ങൾ പ്രേരിതരാകുന്നില്ലേ?
a പെട്ടെന്നുള്ള കൊടുങ്കാറ്റുകൾ ഗലീലക്കടലിൽ സാധാരണമാണ്. സമുദ്രനിരപ്പിൽനിന്നു താഴ്ന്നു കിടക്കുന്ന (ഏകദേശം 200 മീറ്റർ) ഇവിടെ ചുറ്റുമുള്ള പ്രദേശങ്ങളെ അപേക്ഷിച്ച് വായു ചൂടു കൂടിയതാണ്. അത് അന്തരീക്ഷത്തിൽ പ്രക്ഷുബ്ധതകൾ സൃഷ്ടിക്കുന്നു. അതിനുപുറമേ, വടക്കുള്ള ഹെർമോൻ പർവതത്തിൽനിന്ന് യോർദാൻ താഴ്വരയിലേക്കു ശക്തമായ കാറ്റ് അടിച്ചിരുന്നു. ഒരു നിമിഷം ശാന്തതയാണെങ്കിൽ അടുത്ത നിമിഷം ഉഗ്രമായ കൊടുങ്കാറ്റ് ആയിരിക്കും.
b അതിനുപുറമേ, പൊതുവായുള്ള ഒരൊറ്റ വർണനയിലൂടെ സുവിശേഷങ്ങൾ ചിലപ്പോൾ അനേകം അത്ഭുതങ്ങളെ ഒന്നിച്ചു പ്രതിപാദിക്കുന്നു. ദൃഷ്ടാന്തത്തിന്, ഒരു സന്ദർഭത്തിൽ അവനെ കാണാൻ “പട്ടണം ഒക്കെയും” വന്നുകൂടുകയും അവൻ “അനേകരെ” സൗഖ്യമാക്കുകയും ചെയ്തു എന്നു തിരുവെഴുത്തുകൾ പറയുന്നു.—മർക്കൊസ് 1:32-34.
c തുപ്പുന്നത് യഹൂദന്മാരും വിജാതീയരും അംഗീകരിച്ചിരുന്ന സൗഖ്യമാക്കലിന്റെ ഒരു മാർഗമോ അടയാളമോ ആയിരുന്നു. റബ്ബിമാരുടെ എഴുത്തുകളിൽ രോഗശമനത്തിന് ഉമിനീർ ഉപയോഗിക്കുന്നതിനെ കുറിച്ചു റിപ്പോർട്ടു ചെയ്തിട്ടുണ്ട്. ആ മനുഷ്യനെ താൻ സുഖപ്പെടുത്താൻ പോകുകയാണെന്നു ധരിപ്പിക്കാൻ വേണ്ടി മാത്രമായിരിക്കാം യേശു തുപ്പിയത്. വാസ്തവം എന്തായിരുന്നാലും, രോഗശാന്തിക്കുള്ള ഒരു പ്രകൃതിദത്ത മാർഗമായിട്ടല്ല യേശു തന്റെ ഉമിനീർ ഉപയോഗിച്ചത്.