വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • lr അധ്യാ. 24 പേ. 127-131
  • ഒരിക്കലും ഒരു കള്ളനാകരുത്‌!

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ഒരിക്കലും ഒരു കള്ളനാകരുത്‌!
  • മഹാനായ അധ്യാപകനിൽനിന്ന്‌ പഠിക്കാം!
  • സമാനമായ വിവരം
  • ഒരു മോഷ്ടാവായിത്തീർന്ന അപ്പോസ്‌തലൻ
    മഹദ്‌ഗുരുവിനെ ശ്രദ്ധിക്കൽ
  • വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
    2000 വീക്ഷാഗോപുരം
  • അതു വാസ്‌തവത്തിൽ മോഷണമോ?
    വീക്ഷാഗോപുരം—1994
  • മോഷണം—എന്തുകൊണ്ടു പാടില്ല?
    ഉണരുക!—1995
കൂടുതൽ കാണുക
മഹാനായ അധ്യാപകനിൽനിന്ന്‌ പഠിക്കാം!
lr അധ്യാ. 24 പേ. 127-131

അധ്യായം 24

ഒരിക്കലും ഒരു കള്ളനാകരുത്‌!

നിങ്ങളുടെ എന്തെങ്കിലും സാധനം ആരെങ്കിലും കട്ടെടുത്തിട്ടുണ്ടോ?— അപ്പോൾ നിങ്ങൾക്ക്‌ എന്തു തോന്നി?— അത്‌ എടുത്തത്‌ ആരായാലും അയാൾ ഒരു കള്ളനാണ്‌. കള്ളന്മാരെ ആർക്കും ഇഷ്ടമല്ല. ഒരാൾ എങ്ങനെയാണ്‌ കള്ളനാകുന്നത്‌? അയാൾ ജനിക്കുന്നതേ കള്ളനായിട്ടാണോ?—

ആളുകൾ ജനിക്കുന്നതുതന്നെ പാപികളായിട്ടാണെന്ന്‌ നമ്മൾ കഴിഞ്ഞ അധ്യായത്തിൽ പഠിച്ചു. അതുകൊണ്ട്‌ നമുക്കെല്ലാം കുറവുകളുണ്ട്‌. പക്ഷേ ആരും കള്ളനായി ജനിക്കുന്നില്ല. നല്ലൊരു വീട്ടിൽ ജനിച്ച ഒരാളായിരിക്കും ഒരുപക്ഷേ കള്ളനായിത്തീരുന്നത്‌. അയാളുടെ വീട്ടിലെ ബാക്കി എല്ലാവരും നല്ലവരായിരിക്കാം. പിന്നെ എങ്ങനെയാണ്‌ ഒരാൾ കള്ളനായിത്തീരുന്നത്‌? പണമോ മറ്റെന്തെങ്കിലും വസ്‌തുക്കളോ സ്വന്തമാക്കണമെന്ന ആഗ്രഹമായിരിക്കാം അയാളെ കള്ളനാക്കുന്നത്‌.

ആദ്യത്തെ കള്ളൻ ആരാണെന്ന്‌ അറിയാമോ?— സ്വർഗത്തിൽവെച്ചുതന്നെ, മഹാനായ അധ്യാപകന്‌ അവനെ അറിയാമായിരുന്നു. ആ കള്ളൻ ഒരു ദൂതനായിരുന്നു. പക്ഷേ ദൈവം എല്ലാ ദൂതന്മാരെയും നല്ലവരായിട്ടല്ലേ സൃഷ്ടിച്ചത്‌, അപ്പോൾപ്പിന്നെ ഈ ദൂതൻ എങ്ങനെയാണ്‌ കള്ളനായത്‌?— നമ്മൾ എട്ടാമത്തെ അധ്യായത്തിൽ പഠിച്ചതുപോലെ, തന്റേതല്ലാത്ത ഒന്നു കിട്ടണമെന്ന്‌ അവൻ ആഗ്രഹിച്ചു. അവൻ എന്താണ്‌ ആഗ്രഹിച്ചതെന്ന്‌ ഓർക്കുന്നുണ്ടോ?—

ദൈവം ആദാമിനെയും ഹവ്വായെയും സൃഷ്ടിച്ചു കഴിഞ്ഞപ്പോൾ, അവർ തന്നെ ആരാധിക്കണമെന്ന്‌ ആ ദൂതനു തോന്നി. പക്ഷേ അവന്‌ ആരാധന കിട്ടാനുള്ള അർഹതയില്ലായിരുന്നു. ശരിക്കും അത്‌ ദൈവത്തിനു കിട്ടേണ്ടതായിരുന്നു. പക്ഷേ, ആ ദൂതൻ അതു മോഷ്ടിച്ചു! ആദാമിന്റെയും ഹവ്വായുടെയും ആരാധന തട്ടിയെടുത്ത ആ ദൂതൻ അങ്ങനെ കള്ളനായിത്തീർന്നു. അതെ, പിശാചായ സാത്താനായിത്തീർന്നു.

ഒരാളെ കള്ളനാക്കുന്നത്‌ എന്താണ്‌?— തന്റേതല്ലാത്ത ഒന്ന്‌ സ്വന്തമാക്കാനുള്ള ആഗ്രഹം. ഈ ആഗ്രഹത്തിന്‌ വലിയ ശക്തിയുണ്ട്‌; നല്ലവരെക്കൊണ്ടുപോലും തെറ്റു ചെയ്യിക്കാൻ അതിനു കഴിയും. അങ്ങനെ കള്ളന്മാരായിത്തീരുന്നവർ പിന്നീട്‌ മനസ്സുമാറി നല്ലവരായില്ലെന്നും വരാം. യേശുവിന്റെ അപ്പൊസ്‌തലനായിരുന്ന യൂദാ ഈസ്‌കര്യോത്താ അങ്ങനെയുള്ള ഒരാളായിരുന്നു.

കുട്ടിയായിരിക്കുമ്പോൾത്തന്നെ യൂദാ ദൈവത്തിന്റെ ന്യായപ്രമാണം പഠിച്ചിരുന്നു. അതുകൊണ്ട്‌, കട്ടെടുക്കുന്നത്‌ തെറ്റാണെന്ന്‌ അവന്‌ നന്നായി അറിയാമായിരുന്നു. “മോഷ്ടിക്കരുത്‌” എന്ന്‌ ദൈവം തന്റെ ജനത്തോട്‌ സ്വർഗത്തിൽനിന്ന്‌ കൽപ്പിച്ചിരുന്നു എന്ന കാര്യവും അവന്‌ അറിയാമായിരുന്നു. (പുറപ്പാടു 20:15) വലുതായപ്പോൾ യേശുവിനെ കണ്ടുമുട്ടിയ യൂദാ അവന്റെ ശിഷ്യനായിത്തീർന്നു. യേശു പിന്നീട്‌ യൂദായെ തന്റെ അപ്പൊസ്‌തലനായി തിരഞ്ഞെടുത്തു.

യേശുവും 12 അപ്പൊസ്‌തലന്മാരും യാത്രചെയ്‌തിരുന്നതും ഭക്ഷണം കഴിച്ചിരുന്നതുമെല്ലാം ഒരുമിച്ചാണ്‌. അവരുടെ കൈയിലുണ്ടായിരുന്ന പണമൊക്കെ ഒരു പെട്ടിയിലാണ്‌ സൂക്ഷിച്ചിരുന്നത്‌. യേശു ആ പെട്ടി യൂദായെ ഏൽപ്പിച്ചു. എന്നാൽ അതിലുള്ള പണം യൂദായുടേതായിരുന്നില്ല. പക്ഷേ, കുറച്ചുനാൾ കഴിഞ്ഞപ്പോൾ യൂദാ എന്തു ചെയ്‌തെന്ന്‌ അറിയാമോ?—

യേശു സൂക്ഷിക്കാൻ ഏൽപ്പിച്ച പണപ്പെട്ടിയിൽനിന്ന്‌ യൂദാസ്‌ പണം മോഷ്ടിക്കുന്നു

യൂദാ മോഷ്ടിച്ചത്‌ എന്തുകൊണ്ട്‌?

മറ്റുള്ളവരുടെ അനുവാദമില്ലാതെ യൂദാ പെട്ടിയിൽനിന്ന്‌ പണമെടുക്കാൻ തുടങ്ങി. ആരുടെയും കണ്ണിൽപ്പെടാതെയാണ്‌ അവൻ അതു ചെയ്‌തത്‌. പെട്ടിയിൽ കൂടുതൽ പണംവരാൻ എന്താണ്‌ മാർഗം എന്ന്‌ അവൻ അന്വേഷിച്ചുകൊണ്ടിരുന്നു. പണത്തെക്കുറിച്ചു മാത്രമായി പിന്നെ അവന്റെ ചിന്ത. ഒടുവിൽ എന്തു സംഭവിച്ചെന്ന്‌ അറിയാമോ? യേശു കൊല്ലപ്പെടുന്നതിന്‌ ഏതാനും ദിവസം മുമ്പ്‌ നടന്ന ഒരു കാര്യം നമുക്കു ശ്രദ്ധിക്കാം.

യേശുവിന്റെ കൂട്ടുകാരനായ ലാസറിനെ ഓർക്കുന്നില്ലേ? അവന്റെ സഹോദരി മറിയ ഒരു വിരുന്നിൽവെച്ച്‌ യേശുവിന്റെ പാദങ്ങളിൽ ഒരു തൈലം പൂശുകയുണ്ടായി. വളരെ വിലപിടിപ്പുള്ള തൈലമായിരുന്നു അത്‌. പക്ഷേ അത്‌ യൂദായ്‌ക്ക്‌ ഇഷ്ടപ്പെട്ടില്ല. അവൻ അതിനെക്കുറിച്ചു പരാതി പറഞ്ഞു. എന്താണ്‌ കാരണം എന്ന്‌ അറിയാമോ?— ആ തൈലം വിറ്റ്‌ പണം പാവങ്ങൾക്ക്‌ കൊടുക്കാമായിരുന്നില്ലേ എന്ന്‌ അവൻ ചോദിച്ചു; പക്ഷേ പാവങ്ങളെ സഹായിക്കാൻ ആഗ്രഹമുണ്ടായിട്ടല്ല അവൻ അങ്ങനെ പറഞ്ഞത്‌. അത്രയും പണം പണപ്പെട്ടിയിൽ വന്നാൽ അതുകൂടി മോഷ്ടിക്കാമല്ലോ എന്നായിരുന്നു അവന്റെ ചിന്ത.—യോഹന്നാൻ 12:1-6.

മറിയ ചെയ്‌തത്‌ നല്ലൊരു കാര്യമായിരുന്നു. അതുകൊണ്ട്‌ അവളെ ‘വെറുതെ വിടാൻ’ യേശു യൂദായോടു പറഞ്ഞു. യേശു അങ്ങനെ പറഞ്ഞത്‌ യൂദായ്‌ക്ക്‌ ഇഷ്ടപ്പെട്ടില്ല. അവൻ എന്തു ചെയ്‌തെന്നോ? യേശുവിന്റെ ശത്രുക്കളായ മുഖ്യപുരോഹിതന്മാരെ ചെന്നുകണ്ടു. യേശുവിനെ അറസ്റ്റു ചെയ്യാൻ തക്കംപാർത്തിരിക്കുകയായിരുന്നു അവർ. ആരുടെയും കണ്ണിൽപ്പെടാതിരിക്കാൻ രാത്രിസമയത്ത്‌ അവനെ അറസ്റ്റു ചെയ്യാൻ അവർ തീരുമാനിച്ചു.

പുരോഹിതന്മാരോട്‌ യൂദാ ഇങ്ങനെ പറഞ്ഞു: ‘പണം തന്നാൽ, യേശുവിനെ പിടികൂടാനുള്ള മാർഗം ഞാൻ പറഞ്ഞുതരാം. പക്ഷേ നിങ്ങൾ എനിക്ക്‌ എത്ര തരും?’

‘30 വെള്ളിനാണയം തരാം,’ പുരോഹിതന്മാർ പറഞ്ഞു.—മത്തായി 26:14-16.

യൂദാ ആ പണം വാങ്ങി. യേശുവിനെ അവർക്കു വിൽക്കുന്നതുപോലെ ആയിരുന്നു അത്‌! ഒന്നാലോചിച്ചു നോക്കൂ, എത്ര വലിയ ദുഷ്ടത! അല്ലേ?— ഒരാൾ കള്ളനായിത്തീരുമ്പോൾ പലപ്പോഴും അതാണ്‌ സംഭവിക്കുന്നത്‌. അയാൾ മനുഷ്യരെക്കാൾ, എന്തിന്‌ ദൈവത്തെക്കാൾപോലും പണത്തെ സ്‌നേഹിക്കാൻ തുടങ്ങും.

‘പക്ഷേ, ഞാൻ അങ്ങനെയൊന്നുമല്ല; യഹോവയാം ദൈവത്തെക്കാൾ കൂടുതൽ ഇഷ്ടം എനിക്ക്‌ ഒന്നിനോടുമില്ല’ എന്ന്‌ നിങ്ങൾ പറഞ്ഞേക്കാം. അങ്ങനെ തോന്നുന്നത്‌ നല്ല കാര്യമാണ്‌. തന്നെ അപ്പൊസ്‌തലനായി തിരഞ്ഞെടുത്തപ്പോൾ യൂദായ്‌ക്കും അങ്ങനെ തോന്നിയിട്ടുണ്ടാകും. കള്ളന്മാരായിത്തീർന്ന മറ്റാളുകളും മുമ്പ്‌ അങ്ങനെ ചിന്തിച്ചിട്ടുണ്ടായിരിക്കും. അങ്ങനെയുള്ള ചിലരെക്കുറിച്ച്‌ കേൾക്കണോ?

ആഖാൻ ഒരു മേലങ്കിയും ഒരു സ്വർണക്കട്ടിയും പിടിച്ച്‌ നിൽക്കുന്നു, ദാവീദ്‌ ബത്ത്‌-ശേബയെ നോക്കുന്നു

ആഖാനും ദാവീദും തെറ്റായ എന്തു കാര്യം ചെയ്യുന്നതിനെക്കുറിച്ചാണ്‌ ആലോചിക്കുന്നത്‌?

അതിൽ ഒരാളായിരുന്നു ദൈവത്തിന്റെ ദാസനായിരുന്ന ആഖാൻ. യേശു ഭൂമിയിൽ ജനിക്കുന്നതിന്‌ വളരെനാൾ മുമ്പാണ്‌ ആഖാൻ ജീവിച്ചിരുന്നത്‌. ഒരിക്കൽ അവൻ വിശേഷപ്പെട്ട ഒരു മേലങ്കിയും ഒരു സ്വർണക്കട്ടിയും കുറെ വെള്ളിനാണയങ്ങളും കാണാനിടയായി. പക്ഷേ അത്‌ അവന്റേതല്ലായിരുന്നു. അതൊക്കെ ദൈവത്തിന്റെ ശത്രുക്കളിൽനിന്ന്‌ പിടിച്ചെടുത്തതായിരുന്നു എന്ന്‌ ബൈബിൾ പറയുന്നു. അതുകൊണ്ടുതന്നെ അത്‌ യഹോവയ്‌ക്ക്‌ അവകാശപ്പെട്ടതായിരുന്നു. പക്ഷേ ആഖാന്‌ അതു കിട്ടിയേതീരൂ എന്നായി. ഒടുവിൽ അവൻ അതു മോഷ്ടിച്ചു.—യോശുവ 6:19; 7:11, 20-22.

ഇനി മറ്റൊരു ഉദാഹരണം പറയാം. ഒരുപാട്‌ വർഷങ്ങൾക്കുമുമ്പ്‌ ഇസ്രായേല്യരുടെ രാജാവായി യഹോവ തിരഞ്ഞെടുത്ത ദാവീദിനെക്കുറിച്ചുള്ളതാണ്‌ അത്‌. ഒരുദിവസം ദാവീദ്‌ സുന്ദരിയായ ഒരു സ്‌ത്രീയെ കണ്ടു. ബത്ത്‌-ശേബ എന്നായിരുന്നു അവളുടെ പേര്‌. അവൻ അവളെത്തന്നെ നോക്കിക്കൊണ്ടിരുന്നു. ഒടുവിൽ എന്തു സംഭവിച്ചെന്നോ? അവളെ സ്വന്തമാക്കണമെന്ന്‌ അവനു തോന്നി. പക്ഷേ ഒരു പ്രശ്‌നമുണ്ടായിരുന്നു: അവൾ മറ്റൊരാളുടെ ഭാര്യയായിരുന്നു, ഊരീയാവിന്റെ. ദാവീദ്‌ ഇപ്പോൾ എന്തു ചെയ്യണമായിരുന്നു?—

ദാവീദ്‌ അവന്റെ മോഹം ഉപേക്ഷിക്കണമായിരുന്നു. പക്ഷേ അവൻ അതു ചെയ്‌തില്ല. അവൻ ബത്ത്‌-ശേബയെ കൊട്ടാരത്തിലേക്കു കൊണ്ടുവന്നു. അതുംപോരാഞ്ഞിട്ട്‌ അവളുടെ ഭർത്താവായ ഊരീയാവിനെ കൊല്ലിച്ചു. എന്തിനാണ്‌ ദാവീദ്‌ അതൊക്കെ ചെയ്‌തത്‌?— തന്റേതല്ലാത്ത ഒന്ന്‌ സ്വന്തമാക്കണമെന്ന അടങ്ങാത്ത മോഹം; അതാണ്‌ ദാവീദിനെക്കൊണ്ട്‌ അതൊക്കെ ചെയ്യിച്ചത്‌.—2 ശമൂവേൽ 11:2-27.

അബ്‌ശാലോം ഒരാളുടെ തോളിൽ പിടിച്ചിരിക്കുന്നു

അബ്‌ശാലോം എന്തു തെറ്റാണു ചെയ്‌തത്‌?

ചെയ്‌തുപോയ തെറ്റിനെക്കുറിച്ച്‌ ദാവീദ്‌ പശ്ചാത്തപിച്ചതുകൊണ്ട്‌ ദൈവം അവനെ കൊന്നുകളഞ്ഞില്ല. പക്ഷേ ഒന്നിനുപുറകെ ഒന്നായി അവന്‌ ഒരുപാട്‌ കഷ്ടങ്ങൾ സഹിക്കേണ്ടിവന്നു. ദാവീദിന്റെ രാജസ്ഥാനം തട്ടിയെടുക്കാൻ അവന്റെ മകനായ അബ്‌ശാലോം ആഗ്രഹിച്ചു. അതുകൊണ്ട്‌ ദാവീദിനെ മുഖംകാണിക്കാൻ വന്നവരോട്‌ അവൻ വളരെ സ്‌നേഹത്തോടെ പെരുമാറാൻ തുടങ്ങി. അവരെ അവൻ കെട്ടിപ്പിടിച്ച്‌ ചുംബിക്കുക പതിവായിരുന്നു. എന്തിനായിരുന്നെന്നോ? ഇസ്രായേല്യരെ വശത്താക്കുകയായിരുന്നു അവന്റെ ഉദ്ദേശ്യം. ‘ദാവീദിനു പകരം അബ്‌ശാലോം രാജാവായിരുന്നെങ്കിൽ’ എന്ന്‌ അവർ ചിന്തിക്കണം; അതായിരുന്നു അവന്റെ മനസ്സിൽ.—2 ശമൂവേൽ 15:1-12.

ആഖാനും ദാവീദിനും അബ്‌ശാലോമിനും തോന്നിയതുപോലെ എന്തെങ്കിലും സ്വന്തമാക്കണമെന്ന്‌ നിങ്ങൾക്കു തോന്നിയിട്ടുണ്ടോ?— അത്‌ മറ്റൊരാളുടേതാണെങ്കിൽ അനുവാദം ചോദിക്കാതെ അതെടുക്കുന്നത്‌ മോഷണമാണ്‌. ആദ്യത്തെ കള്ളനായ സാത്താൻ എന്താണ്‌ ആഗ്രഹിച്ചതെന്ന്‌ ഓർക്കുന്നില്ലേ?— ആളുകൾ ദൈവത്തിനു പകരം തന്നെ ആരാധിക്കണമെന്ന്‌ അവൻ ആഗ്രഹിച്ചു. അതുകൊണ്ട്‌, ആദാമിനെയും ഹവ്വായെയും വഴിതെറ്റിച്ചപ്പോൾ ശരിക്കും പറഞ്ഞാൽ സാത്താൻ ദൈവത്തിന്‌ അവകാശപ്പെട്ട ഒന്ന്‌ മോഷ്ടിക്കുകയായിരുന്നു.

ഒരു സാധനം ആരാണ്‌ ഉപയോഗിക്കേണ്ടതെന്ന്‌ തീരുമാനിക്കുന്നത്‌ അതിന്റെ ഉടമസ്ഥനാണ്‌. ചിലപ്പോൾ നിങ്ങൾ കൂട്ടുകാരുടെ വീട്ടിൽ കളിക്കാൻ പോകാറുണ്ട്‌, ഇല്ലേ? അവിടെനിന്ന്‌ എന്തെങ്കിലും സാധനം എടുത്ത്‌ വീട്ടിലേക്കു കൊണ്ടുവരുന്നത്‌ ശരിയാണോ?— ഒരിക്കലുമല്ല. ആ കുട്ടിയുടെ അച്ഛനോ അമ്മയോ പറഞ്ഞിട്ടല്ലാതെ നിങ്ങൾ അത്‌ എടുക്കരുത്‌. അവരോട്‌ ചോദിക്കാതെ എന്തെങ്കിലും എടുത്തുകൊണ്ടു പോരുന്നത്‌ മോഷണമാണ്‌.

മോഷ്ടിക്കണമെന്ന്‌ തോന്നുന്നത്‌ എന്തുകൊണ്ടാണ്‌?— നിങ്ങളുടേതല്ലാത്ത ഒന്ന്‌ സ്വന്തമാക്കണമെന്ന്‌ നിങ്ങൾക്ക്‌ തോന്നുന്നതുകൊണ്ട്‌. നിങ്ങൾ അതെടുക്കുന്നത്‌ മറ്റേയാൾ ഒരുപക്ഷേ കണ്ടെന്നുവരില്ല. പക്ഷേ ആർ അത്‌ കാണുന്നുണ്ട്‌?— യഹോവയാം ദൈവം. മോഷണം യഹോവയ്‌ക്കു വെറുപ്പാണെന്ന കാര്യം മറക്കരുത്‌. അതുകൊണ്ട്‌ ദൈവത്തോടും അയൽക്കാരോടും സ്‌നേഹമുണ്ടെങ്കിൽ നിങ്ങൾ ഒരിക്കലും ഒരു കള്ളനാകില്ല.

മോഷ്ടിക്കുന്നത്‌ തെറ്റാണെന്ന്‌ ബൈബിൾ വ്യക്തമായി പറയുന്നു. മർക്കോസ്‌ 10:17-19; റോമർ 13:9; എഫെസ്യർ 4:28 എന്നീ തിരുവെഴുത്തുകൾ വായിക്കുക.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക