വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • lr അധ്യാ. 32 പേ. 167-171
  • യഹോവ യേശുവിനെ സംരക്ഷിച്ച വിധം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • യഹോവ യേശുവിനെ സംരക്ഷിച്ച വിധം
  • മഹാനായ അധ്യാപകനിൽനിന്ന്‌ പഠിക്കാം!
  • സമാനമായ വിവരം
  • ജ്യോ​ത്സ്യ​ന്മാർ യേശു​വി​നെ സന്ദർശി​ക്കു​ന്നു
    യേശു​—വഴിയും സത്യവും ജീവനും
  • യേശുവും ജ്യോൽസ്യരും
    വീക്ഷാഗോപുരം—1986
  • യേശുവും ജ്യോൽസ്യരും
    ജീവിച്ചിരുന്നിട്ടുള്ളതിലേക്കും ഏറ്റവും മഹാനായ മനുഷ്യൻ
  • ഒരു നിഷ്‌ഠൂര ശാസകനിൽ നിന്നുളള രക്ഷപ്പെടൽ
    ജീവിച്ചിരുന്നിട്ടുള്ളതിലേക്കും ഏറ്റവും മഹാനായ മനുഷ്യൻ
കൂടുതൽ കാണുക
മഹാനായ അധ്യാപകനിൽനിന്ന്‌ പഠിക്കാം!
lr അധ്യാ. 32 പേ. 167-171

അധ്യായം 32

യഹോവ യേശുവിനെ സംരക്ഷിച്ച വിധം

കൊച്ചുകുട്ടികളെയും സ്വയം സംരക്ഷിക്കാൻ കഴിവില്ലാത്ത മറ്റുള്ളവരെയും രക്ഷിക്കാൻ യഹോവ പ്രവർത്തിക്കാറുണ്ട്‌, ചിലപ്പോൾ അത്ഭുതകരമായിത്തന്നെ. നാട്ടിൻപുറത്തുകൂടെ ഒന്നു നടക്കാനിറങ്ങിയാൽ അതിനുള്ള ഒരു ഉദാഹരണം നിങ്ങൾക്കു കാണാനാകും. പക്ഷേ ആദ്യം നിങ്ങൾക്ക്‌ കാര്യം മനസ്സിലായെന്നുവരില്ല.

ഒരു പക്ഷി നിലത്തുവീഴുന്നത്‌ നിങ്ങൾ കാണുന്നു. അതിന്‌ എന്തോ പരിക്കുപറ്റിയതുപോലുണ്ട്‌. നിങ്ങൾ അടുത്തേക്കു ചെല്ലുന്തോറും പിടിതരാതെ അത്‌ മുന്നോട്ടു നീങ്ങുന്നു. ചിറക്‌ നിലത്തിഴച്ച്‌ പ്രയാസപ്പെട്ടാണ്‌ അത്‌ നീങ്ങുന്നത്‌. പെട്ടെന്നതാ, അത്‌ പറന്നുയരുന്നു. ചിറകിന്‌ ഒരു കുഴപ്പവുമില്ല! ആ പക്ഷി എന്തു ചെയ്യുകയായിരുന്നു എന്ന്‌ അറിയാമോ?—

ആ പക്ഷി വന്നുവീണ സ്ഥലത്തിനടുത്ത്‌ കുറ്റിച്ചെടികൾക്കിടയിൽ അതിന്റെ കുഞ്ഞുങ്ങൾ ഉണ്ടായിരുന്നു. നിങ്ങൾ അവയെ കണ്ടാൽ ഉപദ്രവിച്ചേക്കും എന്ന്‌ അമ്മക്കിളിക്ക്‌ തോന്നി. അതുകൊണ്ട്‌, പരിക്കുപറ്റിയതുപോലെ അഭിനയിച്ച്‌ അത്‌ നിങ്ങളെ ദൂരേക്കു കൊണ്ടുപോയി. അമ്മക്കിളി കുഞ്ഞുങ്ങളെ സംരക്ഷിക്കുന്നതുപോലെ നമ്മളെ സംരക്ഷിക്കാൻ ആർക്ക്‌ സാധിക്കും?— യഹോവ ഒരു പക്ഷിയെപ്പോലെയാണെന്ന്‌ ബൈബിളിൽ പറയുന്നുണ്ട്‌; തന്റെ കുഞ്ഞുങ്ങളെ സംരക്ഷിക്കുന്ന കഴുകനെപ്പോലെയാണെന്ന്‌.—ആവർത്തനപുസ്‌തകം 32:11, 12.

കുട്ടികൾ കുഞ്ഞുങ്ങളുടെ അടുത്തേക്ക്‌ വരുമ്പോൾ ഒരു അമ്മക്കിളി തന്റെ ചിറക്‌ വിടർത്തി അവയെ ഒളിപ്പിക്കുന്നു

ഈ അമ്മക്കിളി കുഞ്ഞുങ്ങളെ രക്ഷിക്കാൻ എന്താണ്‌ ചെയ്യുന്നത്‌?

തന്റെ മക്കളിൽ യഹോവയ്‌ക്ക്‌ ഏറ്റവും പ്രിയം യേശുവിനോടാണ്‌. സ്വർഗത്തിലായിരുന്നപ്പോൾ, പിതാവിനെപ്പോലെ ശക്തനായ ഒരു ആത്മരൂപിയായിരുന്നു യേശു. സ്വന്തം കാര്യം നോക്കാനുള്ള കഴിവ്‌ അവനുണ്ടായിരുന്നു. പക്ഷേ ഒരു കൊച്ചുകുഞ്ഞായി ഭൂമിയിൽ ജനിച്ചപ്പോൾ യേശുവിന്‌ മറ്റുള്ളവരുടെ സംരക്ഷണം ആവശ്യമായിവന്നു.

യേശുവിനെ ഭൂമിയിൽ അയച്ചപ്പോൾ യഹോവയ്‌ക്ക്‌ ഒരു ഉദ്ദേശ്യം ഉണ്ടായിരുന്നു. അത്‌ നടപ്പാക്കാൻ യേശു വളർന്ന്‌ വലിയൊരാളാകണമായിരുന്നു. പക്ഷേ അതിനുമുമ്പുതന്നെ യേശുവിനെ വകവരുത്താനായിരുന്നു സാത്താന്റെ പരിപാടി. യേശു കുഞ്ഞായിരിക്കുമ്പോൾ സാത്താൻ അവനെ കൊല്ലാൻ ശ്രമിച്ചതും യഹോവ അവനെ സംരക്ഷിച്ചതും എല്ലാം ബൈബിൾ പറയുന്നുണ്ട്‌. ആ കഥ കേൾക്കാൻ ഇഷ്ടമാണോ?—

യേശു ജനിച്ച്‌ അധികം കഴിയുംമുമ്പേ കിഴക്കേ ദിക്കിലായി നക്ഷത്രംപോലുള്ള ഒന്ന്‌ പ്രത്യക്ഷപ്പെട്ടു. സാത്താനായിരുന്നു അതിനു പിന്നിൽ. ഏതാനും ജ്യോതിഷക്കാർ ആ നക്ഷത്രത്തെ പിന്തുടർന്ന്‌ നൂറുകണക്കിന്‌ കിലോമീറ്ററുകൾ സഞ്ചരിച്ച്‌ യെരുശലേമിലെത്തി. അവിടെ എത്തിയ അവർ, യഹൂദന്മാരുടെ രാജാവായി പിറന്ന ശിശു എവിടെയാണ്‌ എന്ന്‌ അന്വേഷിച്ചു. അതിനെക്കുറിച്ച്‌ ബൈബിളിൽ പറയുന്നത്‌ അറിയാവുന്നവർ “ബേത്ത്‌ലെഹെമിൽ” എന്ന്‌ പറഞ്ഞുകൊടുത്തു.—മത്തായി 2:1-6.

ജ്യോതിഷക്കാർ യേശുവിനുള്ള സമ്മാനങ്ങൾ മറിയയ്‌ക്കും യോസേഫിനും കൊടുക്കുന്നു

ജ്യോതിഷക്കാർ പോയതിനുശേഷം യേശുവിനെ രക്ഷിക്കാൻ ദൈവം എന്താണ്‌ പറഞ്ഞത്‌?

യെരുശലേമിലെ രാജാവായ ഹെരോദാവ്‌ ഒരു ദുഷ്ടനായിരുന്നു. അടുത്തുള്ള പട്ടണമായ ബേത്ത്‌ലെഹെമിൽ ജനിച്ചിരിക്കുന്ന ഈ പുതിയ രാജാവിനെക്കുറിച്ചു കേട്ടിട്ട്‌ ഹെരോദാവ്‌ ജ്യോതിഷക്കാരോട്‌ എന്തു പറഞ്ഞെന്നോ? ‘ആ ശിശുവിനെ അന്വേഷിച്ച്‌ കണ്ടുപിടിക്കുക. കണ്ടെത്തിയാലുടൻ, വന്ന്‌ എന്നെ അറിയിക്കുക.’ എന്തുകൊണ്ടാണ്‌ ഹെരോദാവ്‌ അങ്ങനെ പറഞ്ഞതെന്ന്‌ അറിയാമോ?— രാജാവിന്‌ യേശുവിനോട്‌ അസൂയ തോന്നി. അവനെ കൊല്ലാൻവേണ്ടിയാണ്‌ രാജാവ്‌ അങ്ങനെ പറഞ്ഞത്‌.

തന്റെ പുത്രനെ രക്ഷിക്കാൻ ദൈവം എന്തു ചെയ്‌തു?— യേശുവിന്റെ അടുത്തെത്തിയ ജ്യോതിഷക്കാർ അവന്‌ സമ്മാനങ്ങൾ കൊടുത്തു. എന്നാൽ അതിനുശേഷം, ഹെരോദാവിന്റെ അടുക്കൽ മടങ്ങിപ്പോകരുതെന്ന്‌ ദൈവം സ്വപ്‌നത്തിൽ ജ്യോതിഷക്കാരെ അറിയിച്ചു. അതുകൊണ്ട്‌ യെരുശലേമിലേക്കു പോകുന്നതിനു പകരം മറ്റൊരു വഴിക്ക്‌ അവർ വീട്ടിലേക്കു പോയി. ജ്യോതിഷക്കാർ തന്നെ പറ്റിച്ചു കടന്നുകളഞ്ഞു എന്ന്‌ അറിഞ്ഞപ്പോൾ രാജാവിന്‌ കോപമടക്കാനായില്ല. യേശുവിനെ കൊല്ലാൻവേണ്ടി അയാൾ എന്താണ്‌ ചെയ്‌തതെന്നോ? ബേത്ത്‌ലെഹെമിൽ രണ്ടു വയസ്സിനു താഴെയുള്ള എല്ലാ ആൺകുട്ടികളെയും കൊന്നുകളഞ്ഞു! പക്ഷേ അപ്പോഴേക്കും യേശു അവിടെനിന്ന്‌ രക്ഷപ്പെട്ടിരുന്നു.

യേശു രക്ഷപ്പെട്ടത്‌ എങ്ങനെയാണെന്ന്‌ അറിയാമോ?— ജ്യോതിഷക്കാർ പോയശേഷം, അമ്മയെയും കുട്ടിയെയും കൂട്ടി ഉടൻതന്നെ അങ്ങകലെ ഈജിപ്‌റ്റിലേക്ക്‌ ഓടിപ്പോകാൻ യഹോവ യോസേഫിനോടു പറഞ്ഞു. അവിടെ യേശുവിനെ ഉപദ്രവിക്കാൻ ഹെരോദാവ്‌ വരില്ല. ഏതാനും വർഷങ്ങൾക്കുശേഷം യോസേഫും മറിയയും യേശുവിനെയുംകൊണ്ട്‌ ഈജിപ്‌റ്റിൽനിന്ന്‌ മടങ്ങിപ്പോരാൻ ഒരുങ്ങി. അപ്പോൾ ദൈവം സ്വപ്‌നത്തിൽ യോസേഫിനു പ്രത്യക്ഷപ്പെട്ട്‌ നസറെത്തിലേക്കു പോകാൻ ആവശ്യപ്പെട്ടു. അവിടെ യേശു സുരക്ഷിതനായി കഴിഞ്ഞു.—മത്തായി 2:7-23.

യേശുവിനെ സംരക്ഷിക്കാൻ യോസേഫ്‌ മറിയയെയും യേശുവിനെയും കൂട്ടി ഈജിപ്‌റ്റിലേക്കു പോകുന്നു

ഒരിക്കൽക്കൂടി യേശു രക്ഷപ്പെട്ടത്‌ എങ്ങനെ?

യഹോവ തന്റെ പുത്രനെ സംരക്ഷിച്ചത്‌ എങ്ങനെയാണെന്ന്‌ ഇപ്പോൾ മനസ്സിലായില്ലേ?— കുറ്റിച്ചെടികൾക്കിടയിൽ അമ്മക്കിളി ഒളിപ്പിച്ച ആ പക്ഷിക്കുഞ്ഞുങ്ങളെയും ശിശുവായ യേശുവിനെയും പോലെ ഇന്ന്‌ ആരാണുള്ളത്‌? നിങ്ങൾ അങ്ങനെയല്ലേ?— നിങ്ങളെ ഉപദ്രവിക്കാൻ നോക്കിയിരിക്കുന്ന ചിലയാളുകളുണ്ട്‌. അതാരാണെന്ന്‌ അറിയാമോ?—

നമ്മളെ കടിച്ചുകീറാൻ നോക്കുന്ന ഒരു സിംഹത്തെപ്പോലെയാണ്‌ സാത്താനെന്ന്‌ ബൈബിൾ പറയുന്നുണ്ട്‌. സിംഹം സാധാരണ ചെറിയ മൃഗങ്ങളെയാണ്‌ നോട്ടമിടുന്നത്‌. അതുപോലെ, സാത്താനും അവന്റെ ഭൂതങ്ങളും മിക്കപ്പോഴും കുട്ടികളെ നോട്ടമിടുന്നു. (1 പത്രോസ്‌ 5:8) പക്ഷേ യഹോവയ്‌ക്ക്‌ സാത്താനെക്കാളും ശക്തിയുണ്ട്‌. തന്റെ കുട്ടികളെ സംരക്ഷിക്കാനും സാത്താൻ അവർക്ക്‌ എന്തെങ്കിലും ദോഷംവരുത്തിയാൽ അത്‌ ഇല്ലാതാക്കാനും യഹോവയ്‌ക്കു കഴിയും.

നമ്മളെക്കൊണ്ട്‌ എന്തു ചെയ്യിക്കാനാണ്‌ പിശാചും ഭൂതങ്ങളും ശ്രമിക്കുന്നതെന്ന്‌ പത്താമത്തെ അധ്യായത്തിൽ നമ്മൾ പഠിച്ചു. അത്‌ എന്താണെന്ന്‌ ഓർക്കുന്നുണ്ടോ?— തെറ്റാണെന്ന്‌ ദൈവം പറയുന്നതരം ലൈംഗിക ബന്ധങ്ങളിൽ ഏർപ്പെടാൻ അവർ നമ്മളെ പ്രേരിപ്പിക്കും. പക്ഷേ ആർ തമ്മിൽ മാത്രമേ ലൈംഗിക ബന്ധം പാടുള്ളൂ?— അതെ, ഭാര്യയും ഭർത്താവും തമ്മിൽ മാത്രം.

പക്ഷേ സങ്കടകരമായ ഒരു കാര്യമുണ്ട്‌. ചില വലിയ ആളുകൾ കുട്ടികളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ ഇഷ്ടപ്പെടുന്നു. അതിന്‌ ഇരകളാകുന്ന കുട്ടികൾ, അവരിൽനിന്നു പഠിച്ച മോശമായ കാര്യങ്ങൾ പരീക്ഷിച്ചുനോക്കാൻ തുടങ്ങും. മാത്രമല്ല, അവർ സ്വന്തം ജനനേന്ദ്രിയങ്ങൾ തെറ്റായ രീതിയിൽ ഉപയോഗിക്കും. പണ്ട്‌, സോദോം എന്ന പട്ടണത്തിൽ സംഭവിച്ചതും അതുതന്നെയാണ്‌. ആ നാട്ടിലെ ‘ബാലന്മാർ മുതൽ വൃദ്ധന്മാർ വരെയുള്ളവർ,’ ലോത്തിന്റെ വീട്ടിൽ വിരുന്നുവന്ന പുരുഷന്മാരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ ശ്രമിച്ചതായി ബൈബിൾ പറയുന്നു.—ഉല്‌പത്തി 19:4, 5.

യേശുവിന്‌ സംരക്ഷണം ആവശ്യമായിരുന്നതുപോലെ ഇന്ന്‌ നിങ്ങൾക്കും സംരക്ഷണം വേണം. ആരിൽനിന്ന്‌? നിങ്ങളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ നോക്കുന്ന വലിയവരിൽനിന്നും കുട്ടികളിൽനിന്നും. കൂട്ടുകാരാണെന്ന ഭാവത്തിലായിരിക്കും അവർ അടുത്തുകൂടുന്നത്‌. ഇക്കാര്യം ആരോടും പറയാതിരുന്നാൽ ഒരു സമ്മാനം തരാം എന്നുപോലും അവർ പറഞ്ഞേക്കാം. പക്ഷേ സാത്താനെയും ഭൂതങ്ങളെയും പോലെ ഈ മനുഷ്യർക്കും നിങ്ങളോട്‌ സ്‌നേഹമൊന്നുമില്ല. സ്വന്തം സുഖത്തിലാണ്‌ അവർക്കു താത്‌പര്യം. കുട്ടികളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടുകൊണ്ട്‌ സുഖം കണ്ടെത്താനാണ്‌ അവർ ശ്രമിക്കുന്നത്‌. പക്ഷേ ഇത്‌ ഭയങ്കര വലിയ തെറ്റാണ്‌!

സുഖം കിട്ടാൻ അവർ എന്തു ചെയ്യുമെന്ന്‌ അറിയാമോ?— നിങ്ങളുടെ ജനനേന്ദ്രിയം തൊട്ടുതലോടാൻ അവർ ശ്രമിച്ചേക്കും. അല്ലെങ്കിൽ അവർ അവരുടെ ജനനേന്ദ്രിയം നിങ്ങളുടെ ജനനേന്ദ്രിയത്തിൽ മുട്ടിക്കാൻ ശ്രമിക്കും. പക്ഷേ ഒരുകാരണവശാലും നിങ്ങളുടെ ശരീരത്തിലെ ഈ സ്വകാര്യഭാഗങ്ങൾ തൊട്ടുതലോടാൻ ആരെയും അനുവദിക്കരുത്‌. ആരെയും എന്നുവെച്ചാൽ, നിങ്ങളുടെ സ്വന്തം ചേട്ടനെയോ ചേച്ചിയെയോ അമ്മയെയോ അച്ഛനെയോ പോലും.

തെറ്റായ രീതിയിൽ തന്നെ തൊടാൻ ശ്രമിക്കുന്ന ആളെ ഒരു പെൺകുട്ടി തടയുന്നു

തെറ്റായ ഉദ്ദേശ്യത്തിൽ ആരെങ്കിലും നിങ്ങളെ തൊടാൻ ശ്രമിച്ചാൽ എന്തു പറയണം?

ഇങ്ങനെയുള്ള വൃത്തികെട്ട കാര്യങ്ങൾ ചെയ്യുന്നവരിൽനിന്ന്‌ രക്ഷനേടാൻ നിങ്ങൾക്ക്‌ എന്തു ചെയ്യാനാകും?— ഒന്നാമതായി, ഒരാളും നിങ്ങളുടെ ജനനേന്ദ്രിയംകൊണ്ട്‌ കളിക്കാൻ സമ്മതിച്ചുകൊടുക്കരുത്‌. ആരെങ്കിലും അങ്ങനെ ചെയ്യാൻനോക്കിയാൽ ഉച്ചത്തിൽ ഇങ്ങനെ പറയുക: “എന്നെ തൊടരുത്‌! തൊട്ടാൽ ഞാൻ പറഞ്ഞുകൊടുക്കും!” അത്‌ അയാളുടെ കുഴപ്പമല്ലെന്നും കുഴപ്പം നിങ്ങളുടേതാണെന്നും പറഞ്ഞ്‌ അയാൾ പേടിപ്പിക്കാൻനോക്കും. പക്ഷേ വിശ്വസിക്കരുത്‌. അത്‌ പച്ചക്കള്ളമാണ്‌. നിങ്ങളോടു മോശമായി പെരുമാറിയത്‌ ആരായാലും, നേരെ പോയി, നിങ്ങൾക്ക്‌ വിശ്വസിക്കാൻകൊള്ളാവുന്ന ആരോടെങ്കിലും പറയുക! നിങ്ങളെ ഉപദ്രവിക്കാൻ വരുന്നവർ പലതും പറയും. ഇക്കാര്യം നിങ്ങൾക്കും അയാൾക്കും മാത്രം അറിയാവുന്ന ഒരു സ്വകാര്യമാണെന്ന്‌ അയാൾ പറഞ്ഞാലും അതേക്കുറിച്ച്‌ പറയാൻ മടിക്കരുത്‌. നല്ല നല്ല സമ്മാനങ്ങൾ വാങ്ങിത്തരാമെന്ന്‌ അയാൾ ചിലപ്പോൾ പറയും. അല്ലെങ്കിൽ, നിങ്ങളെ എന്തെങ്കിലും ചെയ്യുമെന്ന്‌ ഭീഷണിപ്പെടുത്തും. പക്ഷേ എന്തുതന്നെയായാലും, നിങ്ങൾ അയാളുടെ അടുത്തുനിന്ന്‌ ഓടിപ്പോകണം; അതേപ്പറ്റി പറയേണ്ടവരോട്‌ പറയുകയും വേണം.

പേടിക്കേണ്ട കാര്യമില്ല. പക്ഷേ എപ്പോഴും നല്ല ശ്രദ്ധവേണം. ചില ആളുകളെ സൂക്ഷിക്കണമെന്നും അപകടംപിടിച്ച സ്ഥലങ്ങളിൽ പോകരുതെന്നും അച്ഛനമ്മമാർ പറയുമ്പോൾ, അത്‌ അനുസരിക്കണം. അങ്ങനെ ചെയ്‌താൽപ്പിന്നെ, വൃത്തികെട്ട മനുഷ്യർ നിങ്ങളെ ഒന്നും ചെയ്യില്ല.

തെറ്റായ ലൈംഗിക പ്രവൃത്തികളിൽനിന്ന്‌ രക്ഷപ്പെടുന്നതിനെക്കുറിച്ച്‌ അറിയാൻ ഉല്‌പത്തി 39:7-12; സദൃശവാക്യങ്ങൾ 4:14-16; 14:15, 16; 1 കൊരിന്ത്യർ 6:18; 2 പത്രോസ്‌ 2:14 എന്നീ തിരുവെഴുത്തുകൾ വായിക്കുക.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക