അധ്യായം പന്ത്രണ്ട്
ദൈവത്തിനു പ്രസാദകരമായ ജീവിതം നയിക്കൽ
നിങ്ങൾക്ക് എങ്ങനെ ദൈവത്തിന്റെ സുഹൃത്താകാൻ കഴിയും?
സാത്താന്റെ വെല്ലുവിളിയിൽ നിങ്ങൾ ഉൾപ്പെട്ടിരിക്കുന്നത് എങ്ങനെ?
ഏതുതരം നടപടികൾ ദൈവത്തെ അപ്രീതിപ്പെടുത്തുന്നു?
ദൈവത്തിനു പ്രസാദകരമായ വിധത്തിൽ നിങ്ങൾക്ക് എങ്ങനെ ജീവിക്കാം?
1, 2. തന്റെ അടുത്ത സുഹൃത്തുക്കളായി യഹോവ വീക്ഷിച്ച ചില മനുഷ്യർ ആരെല്ലാം?
എങ്ങനെയുള്ള ഒരാളെ സുഹൃത്താക്കാനാണു നിങ്ങൾക്കിഷ്ടം? സമാന വീക്ഷണങ്ങളും താത്പര്യങ്ങളും മൂല്യങ്ങളും ഉള്ള ഒരാളുടെ സൗഹൃദമായിരിക്കും നിങ്ങൾ ഏറെയും ഇഷ്ടപ്പെടുക. സത്യസന്ധത, ദയ തുടങ്ങിയ നല്ല ഗുണങ്ങളുള്ള ഒരു വ്യക്തിയിലേക്കു നിങ്ങൾ ആകർഷിക്കപ്പെടും.
2 ചരിത്രത്തിൽ ഉടനീളം, തന്റെ അടുത്ത സുഹൃത്തുക്കളായിരിക്കാൻ ദൈവം ചില മനുഷ്യരെ തിരഞ്ഞെടുത്തിട്ടുണ്ട്. ഉദാഹരണത്തിന്, യഹോവ അബ്രാഹാമിനെ തന്റെ സ്നേഹിതൻ എന്നു വിളിച്ചു. (യെശയ്യാവു 41:8; യാക്കോബ് 2:23) ‘എനിക്കു ബോധിച്ച പുരുഷൻ’ എന്നു ദാവീദിനെ ദൈവം വിശേഷിപ്പിച്ചു. കാരണം, യഹോവ സ്നേഹിക്കുന്നതരം വ്യക്തിയായിരുന്നു അവൻ. (പ്രവൃത്തികൾ 13:22) പ്രവാചകനായ ദാനീയേലിനെ ‘ഏറ്റവും പ്രിയനായി’ യഹോവ വീക്ഷിച്ചു.—ദാനീയേൽ 9:23.
3. യഹോവ ചില മനുഷ്യരെ തന്റെ സ്നേഹിതരായിരിക്കാൻ തിരഞ്ഞെടുക്കുന്നത് എന്തുകൊണ്ട്?
3 അബ്രാഹാമിനെയും ദാവീദിനെയും ദാനീയേലിനെയും യഹോവ തന്റെ സ്നേഹിതരായി കണ്ടത് എന്തുകൊണ്ട്? അവൻ അബ്രാഹാമിനോട് ഇങ്ങനെ പറഞ്ഞു: ‘നീ എന്റെ വാക്ക് അനുസരിച്ചിരിക്കുന്നു.’ (ഉല്പത്തി 22:18) അതുകൊണ്ട്, താൻ പറയുന്ന കാര്യങ്ങൾ താഴ്മയോടെ അനുസരിക്കുന്നവരോടാണ് യഹോവ അടുത്തു ചെല്ലുന്നത്. “എന്റെ വാക്കു കേട്ടനുസരിപ്പിൻ; എന്നാൽ ഞാൻ നിങ്ങൾക്കു ദൈവമായും നിങ്ങൾ എനിക്കു ജനമായും ഇരിക്കും” എന്ന് അവൻ ഇസ്രായേല്യരോടു പറഞ്ഞു. (യിരെമ്യാവു 7:23) യഹോവയെ അനുസരിക്കുകയാണെങ്കിൽ നിങ്ങൾക്കും അവന്റെ സുഹൃത്തായിത്തീരാൻ കഴിയും!
യഹോവ തന്റെ സ്നേഹിതരെ ശക്തിപ്പെടുത്തുന്നു
4, 5. തന്റെ ജനത്തിനുവേണ്ടി യഹോവ ശക്തി പ്രകടമാക്കുന്നത് എങ്ങനെ?
4 ദൈവവുമായുള്ള സൗഹൃദത്തിന്റെ പ്രയോജനങ്ങളെക്കുറിച്ചു ചിന്തിക്കുക. യഹോവ “തങ്കൽ ഏകാഗ്രചിത്തന്മാരായിരിക്കുന്നവർക്കു വേണ്ടി തന്നെത്താൻ ബലവാനെന്നു കാണിക്കേണ്ടതിന്നു”ള്ള അവസരങ്ങൾക്കായി നോക്കിയിരിക്കുകയാണെന്നു ബൈബിൾ പറയുന്നു. (2 ദിനവൃത്താന്തം 16:9) യഹോവയ്ക്ക് എങ്ങനെയാണ് നിങ്ങൾക്കുവേണ്ടി തന്റെ ബലം അഥവാ ശക്തി പ്രകടിപ്പിക്കാനാകുക? സങ്കീർത്തനം 32:8 ഒരു വിധത്തെക്കുറിച്ചു പറയുന്നുണ്ട്. അവിടെ നാം ഇങ്ങനെ വായിക്കുന്നു: “ഞാൻ [യഹോവ] നിന്നെ ഉപദേശിച്ചു, നടക്കേണ്ടുന്ന വഴി നിനക്കു കാണിച്ചുതരും; ഞാൻ നിന്റെമേൽ ദൃഷ്ടിവെച്ചു നിനക്കു ആലോചന പറഞ്ഞുതരും.”
5 യഹോവയുടെ കരുതലിന്റെ എത്ര ഹൃദ്യമായ ഒരു പ്രകടനമാണ് അത്! അവൻ നിങ്ങൾക്ക് ആവശ്യമായ മാർഗനിർദേശവും അതു ബാധകമാക്കവേ സംരക്ഷണവും പ്രദാനം ചെയ്യും. നിങ്ങൾ പരിശോധനകളും പരീക്ഷകളും വിജയകരമായി സഹിച്ചുനിൽക്കാൻ ദൈവം ആഗ്രഹിക്കുന്നു. (സങ്കീർത്തനം 55:22) അതിനാൽ, പൂർണഹൃദയത്തോടെ യഹോവയെ സേവിക്കുന്നെങ്കിൽ, പിൻവരുന്നപ്രകാരം പാടിയ സങ്കീർത്തനക്കാരന്റേതുപോലുള്ള ഉറപ്പ് നിങ്ങൾക്ക് ഉണ്ടായിരിക്കാനാകും: “ഞാൻ യഹോവയെ എപ്പോഴും എന്റെ മുമ്പിൽ വെച്ചിരിക്കുന്നു; അവൻ എന്റെ വലത്തുഭാഗത്തുള്ളതുകൊണ്ടു ഞാൻ കുലുങ്ങിപ്പോകയില്ല.” (സങ്കീർത്തനം 16:8; 63:8) അതേ, യഹോവയ്ക്കു പ്രസാദകരമായ ജീവിതം നയിക്കുന്നതിനു നിങ്ങളെ സഹായിക്കാൻ അവനു കഴിയും. എന്നാൽ നിങ്ങൾക്ക് അറിയാവുന്നതുപോലെ, ദൈവത്തിന് ഒരു ശത്രുവുണ്ട്. ദൈവത്തെ പ്രസാദിപ്പിക്കുന്നതിൽനിന്നു നിങ്ങളെ തടയാൻ അവൻ ആഗ്രഹിക്കുന്നു.
സാത്താന്റെ വെല്ലുവിളി
6. മനുഷ്യരെ സംബന്ധിച്ചുള്ള സാത്താന്റെ ആരോപണം എന്തായിരുന്നു?
6 പിശാചായ സാത്താൻ യഹോവയുടെ പരമാധികാരത്തെ ചോദ്യംചെയ്തതു സംബന്ധിച്ച് 11-ാം അധ്യായം വിശദീകരിക്കുകയുണ്ടായി. സാത്താൻ, യഹോവ ഒരു നുണയനാണെന്ന് ആരോപിക്കുകയും ശരിയും തെറ്റും തീരുമാനിക്കാൻ ആദാമിനെയും ഹവ്വായെയും അനുവദിക്കാതിരിക്കുന്നത് അന്യായമാണെന്നു സൂചിപ്പിക്കുകയും ചെയ്തു. ആദാമും ഹവ്വായും പാപം ചെയ്യുകയും ഭൂമി അവരുടെ സന്താനങ്ങളെക്കൊണ്ടു നിറയാൻ തുടങ്ങുകയും ചെയ്തപ്പോൾ സാത്താൻ സകല മനുഷ്യരുടെയും ആന്തരത്തെ ചോദ്യം ചെയ്തു. മനുഷ്യർ ദൈവത്തെ സേവിക്കുന്നത് സ്നേഹമുള്ളതുകൊണ്ടല്ല എന്ന് അവൻ ആരോപിച്ചു. ‘ഒരു അവസരം നൽകിയാൽ ആരെ വേണമെങ്കിലും ഞാൻ ദൈവത്തിൽനിന്ന് അകറ്റാം’ എന്ന് അവൻ അവകാശവാദം നടത്തി. സാത്താൻ അങ്ങനെ വിചാരിച്ചതായി ഇയ്യോബ് എന്ന മനുഷ്യനെക്കുറിച്ചുള്ള വിവരണം വ്യക്തമാക്കുന്നു. ആരായിരുന്നു ഇയ്യോബ്, അവൻ സാത്താന്റെ വെല്ലുവിളിയിൽ ഉൾപ്പെട്ടത് എങ്ങനെ?
7, 8. (എ) അക്കാലത്തെ മനുഷ്യരിൽവെച്ച് ഇയ്യോബിനെ വിശേഷതയുള്ളവനാക്കിയത് എന്ത്? (ബി) സാത്താൻ ഇയ്യോബിന്റെ ആന്തരത്തെ ചോദ്യംചെയ്തത് എങ്ങനെ?
7 ഇയ്യോബ് ജീവിച്ചിരുന്നത് ഏകദേശം 3,600 വർഷം മുമ്പാണ്. അവൻ ഒരു നല്ല മനുഷ്യനായിരുന്നു. എന്തെന്നാൽ യഹോവ ഇങ്ങനെ പറഞ്ഞു: “അവനെപ്പോലെ നിഷ്കളങ്കനും നേരുള്ളവനും ദൈവഭക്തനും ദോഷം വിട്ടകലുന്നവനും ഭൂമിയിൽ ആരും ഇല്ലല്ലോ.” (ഇയ്യോബ് 1:8) ദൈവത്തിനു പ്രസാദമുള്ളവനായിരുന്നു ഇയ്യോബ്.
8 ദൈവത്തെ സേവിക്കുന്നതിലെ ഇയ്യോബിന്റെ ആന്തരത്തെ സാത്താൻ ചോദ്യംചെയ്തു. പിശാച് യഹോവയോട് ഇപ്രകാരം പറഞ്ഞു: “നീ അവന്നും [ഇയ്യോബിനും] അവന്റെ വീട്ടിന്നും അവന്നുള്ള സകലത്തിന്നും ചുറ്റും വേലികെട്ടീട്ടില്ലയോ? നീ അവന്റെ പ്രവൃത്തിയെ അനുഗ്രഹിച്ചിരിക്കുന്നു; അവന്റെ മൃഗസമ്പത്തു ദേശത്തു പെരുകിയിരിക്കുന്നു. തൃക്കൈ നീട്ടി അവന്നുള്ളതൊക്കെയും ഒന്നു തൊടുക; അവൻ നിന്നെ മുഖത്തു നോക്കി ത്യജിച്ചുപറയും.”—ഇയ്യോബ് 1:10, 11.
9. സാത്താന്റെ വെല്ലുവിളിയോട് യഹോവ പ്രതികരിച്ചത് എങ്ങനെ, എന്തുകൊണ്ട്?
9 തനിക്കു കിട്ടുന്ന പ്രയോജനങ്ങൾ നിമിത്തം മാത്രമാണ് ഇയ്യോബ് ദൈവത്തെ സേവിക്കുന്നതെന്നു സാത്താൻ വാദിച്ചു. പരീക്ഷിക്കപ്പെട്ടാൽ അവൻ ദൈവത്തിനെതിരെ തിരിയുമെന്നും പിശാച് ആരോപിച്ചു. സാത്താന്റെ ആ വെല്ലുവിളിയോട് യഹോവ എങ്ങനെയാണു പ്രതികരിച്ചത്? ഇയ്യോബിന്റെ ആന്തരം സംബന്ധിച്ച് വിവാദം ഉയർത്തപ്പെട്ടതിനാൽ, അവനെ പരീക്ഷിക്കാൻ യഹോവ സാത്താനെ അനുവദിച്ചു. ഇയ്യോബിനു ദൈവത്തോടു സ്നേഹമുണ്ടോ ഇല്ലയോ എന്നത് ഈ പരീക്ഷണത്തിലൂടെ വ്യക്തമായിത്തീരുമായിരുന്നു.
ഇയ്യോബ് പരിശോധിക്കപ്പെടുന്നു
10. ഇയ്യോബിന് ഏതെല്ലാം പരിശോധനകൾ നേരിട്ടു, അവന്റെ പ്രതികരണം എന്തായിരുന്നു?
10 താമസിയാതെതന്നെ സാത്താൻ പലവിധ പരിശോധനകൾ ഇയ്യോബിന്റെമേൽ കൊണ്ടുവന്നു. അവന്റെ വളർത്തുമൃഗങ്ങളിൽ കുറെയെണ്ണത്തെ മോഷ്ടാക്കൾ അപഹരിക്കുകയും ബാക്കിയുള്ളവയെ കൊല്ലുകയും ചെയ്തു, അവന്റെ ദാസന്മാരിൽ മിക്കവരും കൊല്ലപ്പെട്ടു. ഇതു സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടാക്കി. പിന്നീട് വലിയൊരു ദുരന്തം സംഭവിച്ചു, ഇയ്യോബിന്റെ പത്തു മക്കൾ ഒരു കൊടുങ്കാറ്റിൽപ്പെട്ടു മരിച്ചു. എന്നാൽ ഇതെല്ലാം ഉണ്ടായിട്ടും “ഇയ്യോബ് പാപം ചെയ്കയോ ദൈവത്തിന്നു ഭോഷത്വം ആരോപിക്കയോ ചെയ്തില്ല.”—ഇയ്യോബ് 1:22.
11. (എ) ഇയ്യോബിനെ സംബന്ധിച്ച് സാത്താൻ ഉന്നയിച്ച രണ്ടാമത്തെ ആരോപണം എന്ത്, യഹോവയുടെ പ്രതികരണം എന്തായിരുന്നു? (ബി) ഇയ്യോബിനെ ബാധിച്ച വേദനാകരമായ രോഗത്തോട് അവൻ എങ്ങനെ പ്രതികരിച്ചു?
11 സാത്താൻ ശ്രമം ഉപേക്ഷിച്ചില്ല. വസ്തുവകകളും ദാസന്മാരും മക്കളും നഷ്ടമായപ്പോൾ പിടിച്ചുനിന്നെങ്കിലും, രോഗം ബാധിക്കുകയാണെങ്കിൽ അവൻ ദൈവത്തിനെതിരെ തിരിയുമെന്നു സാത്താൻ വിചാരിച്ചിട്ടുണ്ടാകണം. അറപ്പുളവാക്കുന്ന, വേദനാകരമായ ഒരു രോഗം ഇയ്യോബിന് വരുത്താൻ യഹോവ സാത്താനെ അനുവദിച്ചു. എന്നാൽ അപ്പോഴും ദൈവത്തിലുള്ള ഇയ്യോബിന്റെ വിശ്വാസം നഷ്ടപ്പെട്ടില്ല. മറിച്ച് അവൻ ഇങ്ങനെ തറപ്പിച്ചു പറഞ്ഞു: ‘ഞാൻ മരിക്കുവോളം എന്റെ നിഷ്കളങ്കത്വം ഉപേക്ഷിക്കയില്ല.’—ഇയ്യോബ് 27:5.
വിശ്വസ്തത പാലിച്ചതിനാൽ ഇയ്യോബ് അനുഗ്രഹിക്കപ്പെട്ടു
12. പിശാചിന്റെ വെല്ലുവിളിക്ക് ഇയ്യോബ് ഉത്തരം നൽകിയത് എങ്ങനെ?
12 തനിക്കുണ്ടായ പ്രശ്നങ്ങൾക്കു കാരണം സാത്താനാണെന്ന് ഇയ്യോബിന് അറിയില്ലായിരുന്നു. യഹോവയുടെ പരമാധികാരത്തോടുള്ള ബന്ധത്തിൽ പിശാച് ഉയർത്തിയ വെല്ലുവിളിയുടെ വിശദാംശങ്ങൾ അറിയില്ലായിരുന്നതിനാൽ പ്രശ്നങ്ങൾക്കു കാരണം ദൈവമാണെന്ന് ഇയ്യോബ് വിചാരിച്ചു. (ഇയ്യോബ് 6:4; 16:11-14) എന്നിട്ടും, യഹോവയോടുള്ള നിർമലത അവൻ മുറുകെപ്പിടിച്ചു. ഇയ്യോബിന്റെ ആ വിശ്വസ്തഗതി, സ്വാർഥമായ കാരണങ്ങളാലാണ് അവൻ ദൈവത്തെ സേവിക്കുന്നത് എന്ന സാത്താന്റെ ആരോപണം ഒരു നുണയാണെന്നു തെളിയിച്ചു!
13. ഇയ്യോബ് ദൈവത്തോടു വിശ്വസ്തത പാലിച്ചതിന്റെ ഫലം എന്തായിരുന്നു?
13 ഇയ്യോബ് വിശ്വസ്തത പാലിച്ചതിലൂടെ സാത്താന്റെ നിന്ദാകരമായ വെല്ലുവിളിക്കു തക്ക മറുപടി നൽകാൻ യഹോവയ്ക്കു കഴിഞ്ഞു. ഇയ്യോബ് യഥാർഥമായും യഹോവയുടെ സ്നേഹിതനായിരുന്നു. അവന്റെ വിശ്വസ്തതയ്ക്ക് ദൈവം പ്രതിഫലം നൽകുകയും ചെയ്തു.—ഇയ്യോബ് 42:12-17.
നിങ്ങൾ ഉൾപ്പെട്ടിരിക്കുന്ന വിധം
14, 15. ഇയ്യോബ് ഉൾപ്പെട്ട സാത്താന്റെ വെല്ലുവിളി സകല മനുഷ്യരെയും ബാധിക്കുന്നതാണെന്നു നമുക്കു പറയാൻ കഴിയുന്നത് എന്തുകൊണ്ട്?
14 ദൈവത്തോടുള്ള നിർമലത സംബന്ധിച്ച സാത്താന്റെ വെല്ലുവിളിയിൽ ഉൾപ്പെട്ടിരുന്നത് ഇയ്യോബ് മാത്രം അല്ലായിരുന്നു. നിങ്ങളും അതിൽ ഉൾപ്പെട്ടിട്ടുണ്ട്. സദൃശവാക്യങ്ങൾ 27:11 അത് ഇപ്രകാരം വ്യക്തമാക്കുന്നു: “മകനേ, എന്നെ നിന്ദിക്കുന്നവനോടു ഞാൻ ഉത്തരം പറയേണ്ടതിന്നു നീ ജ്ഞാനിയായി എന്റെ ഹൃദയത്തെ സന്തോഷിപ്പിക്ക.” ഇയ്യോബ് മരിച്ച് നൂറുകണക്കിനു വർഷങ്ങൾക്കുശേഷം എഴുതപ്പെട്ട ഈ വാക്കുകൾ പ്രകടമാക്കുന്നത് സാത്താൻ അപ്പോഴും ദൈവത്തെ നിന്ദിക്കുകയും അവന്റെ ദാസരെ ദുഷിക്കുകയും ചെയ്യുന്നുണ്ടായിരുന്നുവെന്നാണ്. യഹോവയ്ക്കു പ്രസാദകരമായ ജീവിതം നയിക്കുമ്പോൾ നാം സാത്താന്റെ വ്യാജാരോപണങ്ങൾക്കു മറുപടി നൽകുകയും ദൈവത്തെ സന്തോഷിപ്പിക്കുകയും ആണു ചെയ്യുന്നത്. അതു സംബന്ധിച്ചു നിങ്ങൾക്ക് എന്തു തോന്നുന്നു? ജീവിതത്തിൽ ചില മാറ്റങ്ങൾ ആവശ്യമായിരുന്നേക്കാമെങ്കിലും പിശാചിന്റെ വ്യാജാരോപണങ്ങൾക്ക് ഉത്തരം കൊടുക്കുന്നതിൽ ഒരു പങ്കുണ്ടായിരിക്കുക എന്നത് മഹത്തായ ഒരു കാര്യമല്ലേ?
15 സാത്താൻ പറഞ്ഞതു ശ്രദ്ധിക്കുക: “മനുഷ്യൻ തനിക്കുള്ളതൊക്കയും തന്റെ ജീവന്നു പകരം കൊടുത്തുകളയും.” (ഇയ്യോബ് 2:4) “മനുഷ്യൻ” എന്നു പറയുകവഴി അവന്റെ ആരോപണം ഇയ്യോബിനു മാത്രമല്ല സകല മനുഷ്യർക്കും ബാധകമാണെന്ന് അവൻ വ്യക്തമാക്കി. വളരെ പ്രധാനപ്പെട്ട ഒരു സംഗതിയാണത്. ദൈവത്തോടുള്ള നിങ്ങളുടെ നിർമലതയെ സാത്താൻ ചോദ്യംചെയ്തിരിക്കുന്നു. നിങ്ങൾ ദൈവത്തോട് അനുസരണക്കേടു കാണിക്കുകയും ബുദ്ധിമുട്ടുകൾ ഉണ്ടാകുമ്പോൾ നീതിമാർഗം ഉപേക്ഷിച്ചുകളയുകയും ചെയ്യുന്നതു കാണാൻ പിശാച് ആഗ്രഹിക്കുന്നു. ഈ ലക്ഷ്യം കൈവരിക്കാൻ സാത്താൻ എങ്ങനെയൊക്കെ പ്രവർത്തിച്ചേക്കാം?
16. (എ) ഏതു മാർഗങ്ങളിലൂടെയാണ് സാത്താൻ മനുഷ്യരെ ദൈവത്തിൽനിന്ന് അകറ്റിക്കളയാൻ ശ്രമിക്കുന്നത്? (ബി) ഈ മാർഗങ്ങൾ പിശാച് നിങ്ങൾക്കെതിരെ ഏതു വിധത്തിൽ ഉപയോഗിച്ചേക്കാം?
16 പത്താം അധ്യായത്തിൽ ചർച്ച ചെയ്തതുപോലെ, ദൈവത്തിൽനിന്ന് മനുഷ്യരെ അകറ്റാനായി സാത്താൻ വിവിധ മാർഗങ്ങൾ ഉപയോഗിക്കുന്നുണ്ട്. “ആരെ വിഴുങ്ങേണ്ടു എന്നു തിരിഞ്ഞു ചുറ്റിനടക്കുന്ന” “അലറുന്ന സിംഹം എന്നപോലെ” നമ്മെ ആക്രമിക്കുന്നതാണ് അതിൽ ഒന്ന്. (1 പത്രൊസ് 5:8) അക്കാരണത്താൽ, ബൈബിൾ പഠിക്കാനും പഠിക്കുന്ന കാര്യങ്ങൾ പ്രവൃത്തിപഥത്തിൽ വരുത്താനും ഉള്ള നിങ്ങളുടെ ശ്രമങ്ങളെ സുഹൃത്തുക്കളോ ബന്ധുക്കളോ മറ്റുള്ളവരോ എതിർക്കുമ്പോൾ സാത്താന്റെ സ്വാധീനം ദൃശ്യമായേക്കാം.a (യോഹന്നാൻ 15:19, 20) അതേസമയം, സാത്താൻ “വെളിച്ചദൂതന്റെ വേഷം ധരിക്കുന്നു”വെന്നും ബൈബിൾ പറയുന്നു. (2 കൊരിന്ത്യർ 11:14) നിങ്ങളെ വഴിതെറ്റിക്കാനും ദൈവത്തിനു പ്രസാദകരമായ ഒരു ഗതിയിൽനിന്നു വശീകരിച്ചകറ്റാനും ആയി തന്ത്രപൂർവം പ്രവർത്തിക്കാനും പിശാചിനു കഴിയും. എനിക്കു ദൈവത്തെ പ്രസാദിപ്പിക്കാനാവില്ലെന്ന തോന്നൽ ഒരുപക്ഷേ നിങ്ങളിൽ ഉളവാക്കിക്കൊണ്ട് ‘നിരുത്സാഹവും’ അവൻ ഒരു ആയുധമാക്കിയേക്കാം. (സദൃശവാക്യങ്ങൾ 24:10, NW) സാത്താൻ ‘അലറുന്ന ഒരു സിംഹത്തെപ്പോലെ’ പ്രവർത്തിക്കുകയോ ‘വെളിച്ചദൂതനെപ്പോലെ’ നടിക്കുകയോ ചെയ്താലും അവന്റെ വെല്ലുവിളിക്കു മാറ്റമൊന്നുമില്ല: പ്രശ്നങ്ങളോ പ്രലോഭനങ്ങളോ നേരിടുമ്പോൾ ദൈവത്തെ സേവിക്കുന്നതു നിങ്ങൾ നിറുത്തുമെന്നാണ് അവൻ പറയുന്നത്. ഇയ്യോബിനെപ്പോലെ, നിങ്ങൾക്ക് എങ്ങനെയാണ് സാത്താന്റെ വെല്ലുവിളിക്ക് ഉത്തരം നൽകാനും ദൈവത്തോടുള്ള നിർമലത മുറുകെപ്പിടിക്കാനും കഴിയുക?
യഹോവയുടെ കൽപ്പനകൾ അനുസരിക്കൽ
17. യഹോവയുടെ കൽപ്പനകൾ അനുസരിക്കേണ്ടതിന്റെ മുഖ്യ കാരണമെന്ത്?
17 ദൈവത്തിനു പ്രസാദകരമായ ജീവിതം നയിച്ചുകൊണ്ട് നിങ്ങൾക്കു സാത്താന്റെ വെല്ലുവിളിക്കു മറുപടി നൽകാൻ കഴിയും. ഇതിൽ എന്താണ് ഉൾപ്പെട്ടിരിക്കുന്നത്? ബൈബിൾ ഉത്തരം നൽകുന്നു: “നിന്റെ ദൈവമായ യഹോവയെ നീ പൂർണ്ണ ഹൃദയത്തോടും പൂർണ്ണമനസ്സോടും പൂർണ്ണശക്തിയോടും കൂടെ സ്നേഹിക്കേണം.” (ആവർത്തനപുസ്തകം 6:5) ദൈവത്തോടുള്ള നിങ്ങളുടെ സ്നേഹത്തിന്റെ ആഴം വർധിക്കുമ്പോൾ, അവൻ നിങ്ങളിൽനിന്ന് ആവശ്യപ്പെടുന്നതു ചെയ്യാനുള്ള ആഗ്രഹവും ശക്തമായിത്തീരും. അപ്പൊസ്തലനായ യോഹന്നാൻ ഇപ്രകാരം എഴുതി: “അവന്റെ കല്പനകളെ പ്രമാണിക്കുന്നതല്ലോ ദൈവത്തോടുള്ള സ്നേഹം.” പൂർണ ഹൃദയത്തോടെ യഹോവയെ സ്നേഹിക്കുന്നപക്ഷം, “അവന്റെ കല്പനകൾ ഭാരമുള്ളവയല്ല” എന്നു നിങ്ങൾ കണ്ടെത്തും.—1 യോഹന്നാൻ 5:3.
18, 19. (എ) യഹോവയുടെ ചില കൽപ്പനകൾ ഏവ? (122-ാം പേജിലെ ചതുരം കാണുക.) (ബി) ദൈവം നമ്മിൽനിന്നു കണക്കിലധികം ആവശ്യപ്പെടുന്നില്ലെന്നു നമുക്ക് എങ്ങനെ അറിയാം?
18 എന്തെല്ലാമാണ് യഹോവയുടെ കൽപ്പനകൾ? നാം ഒഴിവാക്കേണ്ട നടപടികളെക്കുറിച്ചുള്ളതാണ് ചിലത്. ഉദാഹരണത്തിന്, 122-ാം പേജിലെ “യഹോവ വെറുക്കുന്ന കാര്യങ്ങൾ തള്ളിക്കളയുക” എന്ന ചതുരം ശ്രദ്ധിക്കുക. ബൈബിൾ വ്യക്തമായി കുറ്റംവിധിക്കുന്ന നടപടികൾ അവിടെ പട്ടികപ്പെടുത്തിയിരിക്കുന്നതായി നിങ്ങൾക്കു കാണാം. അവയിൽ ചിലത് അത്ര മോശമൊന്നുമല്ലെന്ന് ഒറ്റനോട്ടത്തിൽ നിങ്ങൾക്കു തോന്നിയേക്കാം. എന്നാൽ, പരാമർശിച്ചിരിക്കുന്ന തിരുവെഴുത്തുകളെക്കുറിച്ചു ധ്യാനിക്കുന്നത്, യഹോവയുടെ നിയമങ്ങളിൽ അടങ്ങിയിരിക്കുന്ന ജ്ഞാനം മനസ്സിലാക്കാൻ നിങ്ങളെ സഹായിച്ചേക്കാം. ജീവിതരീതിയിൽ മാറ്റംവരുത്തുകയെന്നത് സാധ്യതയനുസരിച്ച് നിങ്ങൾ നേരിടുന്ന ഏറ്റവും വലിയ ഒരു വെല്ലുവിളി ആയിരിക്കും. എങ്കിലും, ദൈവത്തിനു പ്രസാദകരമായ വിധത്തിൽ ജീവിക്കുന്നതു വലിയ സംതൃപ്തിയും സന്തോഷവും കൈവരുത്തും. (യെശയ്യാവു 48:17, 18) നിങ്ങളെക്കൊണ്ടു സാധിക്കുന്ന ഒരു കാര്യവുമാണത്. അതു നമുക്ക് എങ്ങനെ അറിയാം?
19 നമുക്കു ചെയ്യാവുന്നതിനപ്പുറം യഹോവ നമ്മോട് ഒരിക്കലും ആവശ്യപ്പെടുകയില്ല. (ആവർത്തനപുസ്തകം 30:11-14) നമ്മെക്കാൾ മെച്ചമായി അവനു നമ്മുടെ പ്രാപ്തികളും പരിമിതികളും അറിയാം. (സങ്കീർത്തനം 103:14) മാത്രമല്ല, തന്നെ അനുസരിക്കാനുള്ള ശക്തി നമുക്കു നൽകാനും യഹോവയ്ക്കു കഴിയും. അപ്പൊസ്തലനായ പൗലൊസ് ഇപ്രകാരം എഴുതി: “ദൈവം വിശ്വസ്തൻ; നിങ്ങൾക്കു കഴിയുന്നതിന്നുമീതെ പരീക്ഷ നേരിടുവാൻ സമ്മതിക്കാതെ നിങ്ങൾക്കു സഹിപ്പാൻ കഴിയേണ്ടതിന്നു പരീക്ഷയോടുകൂടെ അവൻ പോക്കുവഴിയും ഉണ്ടാക്കും.” (1 കൊരിന്ത്യർ 10:13) സഹിച്ചുനിൽക്കാൻ നിങ്ങളെ സഹായിക്കുന്നതിന് “അത്യന്തശക്തി” അഥവാ സാധാരണയിൽ കവിഞ്ഞ ശക്തി നൽകാൻപോലും യഹോവയ്ക്കു സാധിക്കും. (2 കൊരിന്ത്യർ 4:7) പലവിധ പരിശോധനകൾ നേരിട്ടശേഷം പൗലൊസിന് ഇപ്രകാരം പറയാൻ കഴിഞ്ഞു: “എന്നെ ശക്തനാക്കുന്നവൻ മുഖാന്തരം ഞാൻ സകലത്തിന്നും മതിയാകുന്നു.”—ഫിലിപ്പിയർ 4:13.
ദൈവിക ഗുണങ്ങൾ വളർത്തിയെടുക്കൽ
20. നിങ്ങൾ ഏതു ദൈവികഗുണങ്ങൾ വളർത്തിയെടുക്കണം, ഇവ പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
20 എന്നാൽ യഹോവയെ പ്രസാദിപ്പിക്കുന്നതിന്, അവൻ വെറുക്കുന്ന കാര്യങ്ങൾ ഒഴിവാക്കുന്നതു മാത്രം മതിയാകുന്നില്ല. അവൻ സ്നേഹിക്കുന്നവയെ നിങ്ങൾ സ്നേഹിക്കുകയും ചെയ്യണം. (റോമർ 12:9) സമാന ചിന്താഗതിയും താത്പര്യങ്ങളും മൂല്യങ്ങളും ഉള്ളവരിലേക്കു നിങ്ങൾ ആകർഷിക്കപ്പെടാറില്ലേ? യഹോവയുടെ കാര്യത്തിലും അതു സത്യമാണ്. അതുകൊണ്ട്, യഹോവയ്ക്കു പ്രിയങ്കരമായ കാര്യങ്ങളെ സ്നേഹിക്കാൻ പഠിക്കുക. അവയിൽ ചിലത് സങ്കീർത്തനം 15:1-5-ൽ വർണിച്ചിട്ടുണ്ട്. തന്റെ സ്നേഹിതരായി യഹോവ കണക്കാക്കുന്നവരെക്കുറിച്ചാണ് ആ ഭാഗം നമ്മോടു പറയുന്നത്. യഹോവയുടെ സ്നേഹിതർ “സ്നേഹം, സന്തോഷം, സമാധാനം, ദീർഘക്ഷമ, ദയ, പരോപകാരം, വിശ്വസ്തത, സൌമ്യത, ഇന്ദ്രിയജയം” എന്നിങ്ങനെയുള്ള ഗുണങ്ങൾ പ്രകടിപ്പിക്കുന്നവരാണ്. ബൈബിൾ അവയെ “ആത്മാവിന്റെ ഫലം” എന്നു വിളിക്കുന്നു.—ഗലാത്യർ 5:22, 23.
21. ദൈവികഗുണങ്ങൾ വളർത്തിയെടുക്കാൻ നിങ്ങളെ എന്തു സഹായിക്കും?
21 ബൈബിൾ ക്രമമായി വായിക്കുകയും പഠിക്കുകയും ചെയ്യുന്നതു ദൈവികഗുണങ്ങൾ വളർത്തിയെടുക്കാൻ നിങ്ങളെ പ്രാപ്തരാക്കും. ദൈവം ആവശ്യപ്പെടുന്ന കാര്യങ്ങൾ അറിയുന്നത് നിങ്ങളുടെ ചിന്തയെ അവന്റേതുമായി ചേർച്ചയിൽ കൊണ്ടുവരാൻ സഹായിക്കും. (യെശയ്യാവു 30:20, 21) യഹോവയോടുള്ള സ്നേഹം ശക്തമായിത്തീരുന്നതനുസരിച്ച് ദൈവത്തെ പ്രസാദിപ്പിക്കുന്നതരം ജീവിതം നയിക്കാനുള്ള നിങ്ങളുടെ ആഗ്രഹവും വർധിക്കും.
22. ദൈവത്തിനു പ്രസാദകരമായ ജീവിതം നയിക്കുന്നതിലൂടെ നിങ്ങൾ എന്തായിരിക്കും നേടുക?
22 ദൈവത്തിനു പ്രസാദകരമായ വിധത്തിൽ ജീവിക്കാൻ ശ്രമം കൂടിയേതീരൂ. നിങ്ങളുടെ ജീവിതത്തിൽ വരുത്തുന്ന മാറ്റം, പഴയ മനുഷ്യനെ അഥവാ വ്യക്തിത്വത്തെ ഉരിഞ്ഞുകളഞ്ഞ് പുതിയ ഒന്നു ധരിക്കുന്നതുപോലെയാണ് എന്നാണ് ബൈബിൾ പറയുന്നത്. (കൊലൊസ്സ്യർ 3:9, 10) എന്നാൽ യഹോവയുടെ കൽപ്പനകളെക്കുറിച്ചു സങ്കീർത്തനക്കാരൻ ഇപ്രകാരം എഴുതി: “അവയെ പ്രമാണിക്കുന്നതിനാൽ വളരെ പ്രതിഫലം ഉണ്ട്.” (സങ്കീർത്തനം 19:11) ദൈവത്തിനു പ്രസാദകരമായ വിധത്തിൽ ജീവിക്കുന്നതു വളരെ പ്രതിഫലദായകമാണെന്നു നിങ്ങളും കണ്ടെത്തും. അങ്ങനെ ചെയ്യുന്നതിലൂടെ നിങ്ങൾ സാത്താന്റെ വെല്ലുവിളിക്ക് ഉത്തരംനൽകുകയും യഹോവയെ സന്തോഷിപ്പിക്കുകയും ചെയ്യും.
a നിങ്ങളെ എതിർക്കുന്ന ഓരോ വ്യക്തിയും സാത്താന്റെ നേരിട്ടുള്ള നിയന്ത്രണത്തിൻകീഴിലാണെന്ന് അത് അർഥമാക്കുന്നില്ല. എന്നാൽ, ഈ ലോകത്തിന്റെ ദൈവം സാത്താനാണ്, മുഴു ലോകവും അവന്റെ അധികാരത്തിൻകീഴിലാണ്. (2 കൊരിന്ത്യർ 4:4; 1 യോഹന്നാൻ 5:19) അതുകൊണ്ട്, ദൈവഭക്തിയോടുകൂടിയ ജീവിതം ജനസമ്മതിയില്ലാത്ത ഒന്നായിരിക്കുമെന്നു നമുക്ക് പ്രതീക്ഷിക്കാം. ചിലർ നിങ്ങളെ എതിർക്കുമെന്നുള്ളത് തീർച്ചയാണ്.