അധ്യായം പതിനാറ്
സത്യാരാധനയ്ക്കായി നിലപാടു സ്വീകരിക്കുക
പ്രതിമകളുടെ ഉപയോഗവും പൂർവികാരാധനയും സംബന്ധിച്ച് ബൈബിൾ എന്തു പഠിപ്പിക്കുന്നു?
മതപരമായ വിശേഷദിവസങ്ങളെ ക്രിസ്ത്യാനികൾ എങ്ങനെ വീക്ഷിക്കുന്നു?
മറ്റുള്ളവരെ നീരസപ്പെടുത്താതെ നിങ്ങളുടെ വിശ്വാസം അവരുമായി പങ്കുവെക്കാൻ എങ്ങനെ കഴിയും?
1, 2. വ്യാജമതം ഉപേക്ഷിച്ചശേഷം നിങ്ങൾ സ്വയം എന്തു ചോദിക്കണം, ഇതു പ്രധാനമാണെന്നു നിങ്ങൾ വിചാരിക്കുന്നത് എന്തുകൊണ്ട്?
നിങ്ങളുടെ കുടിവെള്ളത്തിൽ ആരോ രഹസ്യമായി വിഷം കലർത്തിയിരിക്കുന്നതായി നിങ്ങൾ അറിയുന്നുവെന്നിരിക്കട്ടെ. ജീവനു ഭീഷണി ഉയർത്തുന്ന സാഹചര്യം. നിങ്ങൾ എന്തു ചെയ്യും? ശുദ്ധജലം ലഭിക്കാനുള്ള അടിയന്തിര നടപടി നിങ്ങൾ കൈക്കൊള്ളുമെന്നതിൽ സംശയമില്ല. എന്നാൽ, അങ്ങനെ ചെയ്തശേഷവും, ‘വിഷം എന്റെ ശരീരത്തെ ബാധിച്ചിട്ടുണ്ടോ?’ എന്ന ചോദ്യം നിങ്ങളെ അലട്ടും.
2 വ്യാജമതത്തോടുള്ള ബന്ധത്തിലും സമാനമായ ഒരു സ്ഥിതിവിശേഷം ഉണ്ടാകുന്നു. അത്തരം ആരാധന അശുദ്ധമായ പഠിപ്പിക്കലുകളാലും ആചാരങ്ങളാലും മലിനമായിത്തീർന്നിരിക്കുന്നുവെന്നു ബൈബിൾ പഠിപ്പിക്കുന്നു. (2 കൊരിന്ത്യർ 6:17) വ്യാജമതലോകസാമ്രാജ്യമായ ‘മഹാബാബിലോണിൽനിന്നു’ നിങ്ങൾ പുറത്തുപോരേണ്ടത് അതിപ്രധാനമായിരിക്കുന്നതിന്റെ കാരണം അതാണ്. (വെളിപ്പാടു 18:2, 4) നിങ്ങൾ അങ്ങനെ ചെയ്തിട്ടുണ്ടോ? എങ്കിൽ അഭിനന്ദനം അർഹിക്കുന്ന ഒരു കാര്യമാണു നിങ്ങൾ ചെയ്തിരിക്കുന്നത്. എന്നാൽ വ്യാജമതത്തിൽനിന്നു വിട്ടുപോരുകയോ രാജിവെക്കുകയോ ചെയ്താൽ മാത്രം മതിയാകുന്നില്ല. പിന്നീട്, നിങ്ങൾ സ്വയം ഇപ്രകാരം ചോദിക്കണം: ‘വ്യാജാരാധനയുടെ എന്തെങ്കിലും അംശം എന്നിൽ ബാക്കിയുണ്ടോ?’ ചില ഉദാഹരണങ്ങൾ നോക്കുക.
പ്രതിമകളും പൂർവികാരാധനയും
3. (എ) പ്രതിമകൾ ഉപയോഗിക്കുന്നതു സംബന്ധിച്ച് ബൈബിൾ എന്തു പറയുന്നു, ദൈവിക വീക്ഷണം ഉൾക്കൊള്ളാൻ ചിലർക്കു ബുദ്ധിമുട്ടായിരുന്നേക്കാവുന്നത് എന്തുകൊണ്ട്? (ബി) വ്യാജാരാധനയുമായി ബന്ധപ്പെട്ട വസ്തുക്കൾ കൈവശമുണ്ടെങ്കിൽ നിങ്ങൾ എന്തു ചെയ്യണം?
3 ചിലരുടെ വീട്ടിൽ വർഷങ്ങളായി പ്രതിമകളോ ആരാധനയ്ക്കും പൂജയ്ക്കും മറ്റുമുള്ള സ്ഥലമോ കണ്ടേക്കാം. നിങ്ങളുടെ കാര്യത്തിൽ അതു സത്യമാണോ? ആണെങ്കിൽ, അത്തരമൊരു ദൃശ്യസഹായി കൂടാതെ ദൈവത്തോടു പ്രാർഥിക്കുന്നതു വിചിത്രമാണെന്നോ തെറ്റാണെന്നോ നിങ്ങൾക്കു തോന്നിയേക്കാം. അവയിൽ ചിലതിനോടു നിങ്ങൾക്കു പ്രത്യേക താത്പര്യംപോലും ഉണ്ടായിരിക്കാം. എന്നാൽ, തന്നെ ആരാധിക്കേണ്ടത് എങ്ങനെയെന്നു പറയേണ്ടത് ദൈവമാണ്, നാം പ്രതിമകൾ ഉപയോഗിക്കാൻ അവൻ ആഗ്രഹിക്കുന്നില്ലെന്നു ബൈബിൾ പഠിപ്പിക്കുന്നു. (പുറപ്പാടു 20:4, 5; സങ്കീർത്തനം 115:4-8; യെശയ്യാവു 42:8; 1 യോഹന്നാൻ 5:21) അതുകൊണ്ട്, വ്യാജാരാധനയുമായി ബന്ധപ്പെട്ട് നിങ്ങളുടെ പക്കലുള്ള സകലതും നശിപ്പിച്ചുകൊണ്ട് സത്യാരാധനയ്ക്കായി നിങ്ങൾക്ക് ഒരു നിലപാട് എടുക്കാവുന്നതാണ്. ഇക്കാര്യത്തിൽ യഹോവയുടെ അതേ വീക്ഷണം നട്ടുവളർത്തുക. വ്യാജാരാധനയുമായി ബന്ധപ്പെട്ട എന്തും യഹോവയ്ക്ക് ‘അറപ്പാണ്.’—ആവർത്തനപുസ്തകം 27:15.
4. (എ) പൂർവികാരാധന നിരർഥകമാണെന്നു നമുക്ക് എങ്ങനെ അറിയാം? (ബി) തന്റെ ജനം ഏതു രൂപത്തിലുമുള്ള ആത്മവിദ്യയിൽ ഏർപ്പെടുന്നത് യഹോവ വിലക്കിയത് എന്തുകൊണ്ട്?
4 പല വ്യാജമതങ്ങളിലും സാധാരണമായ മറ്റൊരു സംഗതിയാണ് പൂർവികാരാധന. മരിച്ചവർ ഒരു അദൃശ്യ മണ്ഡലത്തിൽ സ്ഥിതിചെയ്യുന്നുണ്ടെന്നും അവർക്കു ജീവിച്ചിരിക്കുന്നവരെ സഹായിക്കാനോ ഉപദ്രവിക്കാനോ കഴിയുമെന്നും ബൈബിൾസത്യം മനസ്സിലാക്കുന്നതിനുമുമ്പു ചിലർ വിശ്വസിച്ചിരുന്നു. ഒരുപക്ഷേ, മരിച്ചുപോയ പൂർവികരെ പ്രീതിപ്പെടുത്താനുള്ള വ്യഗ്രതയിൽ ധാരാളം പണവും സമയവും ചെലവിട്ടിട്ടുള്ള ഒരു വ്യക്തിയായിരിക്കാം നിങ്ങൾ. എന്നാൽ, ഈ പുസ്തകത്തിന്റെ 6-ാം അധ്യായത്തിൽനിന്ന് മരിച്ചവർ ഒരിടത്തും ജീവിച്ചിരിപ്പില്ലെന്നു നിങ്ങൾ മനസ്സിലാക്കി. അതിനാൽ, അവരുമായി ആശയവിനിമയം നടത്താനുള്ള ശ്രമം നിരർഥകമാണ്. മരിച്ചുപോയ ഒരു പ്രിയപ്പെട്ട വ്യക്തിയിൽനിന്നാണെന്നു തോന്നിയേക്കാവുന്ന ഏതൊരു സന്ദേശവും വരുന്നതു ഭൂതങ്ങളിൽനിന്നാണ്. ഇസ്രായേല്യർ മരിച്ചവരുമായി സംസാരിക്കാൻ ശ്രമിക്കുകയോ ഏതെങ്കിലും രൂപത്തിലുള്ള ആത്മവിദ്യയിൽ ഏർപ്പെടുകയോ ചെയ്യുന്നത് യഹോവ വിലക്കിയത് അതുകൊണ്ടാണ്.—ആവർത്തനപുസ്തകം 18:10-12.
5. പ്രതിമകളുടെ ഉപയോഗമോ പൂർവികാരാധനയോ നിങ്ങളുടെ മുൻ ആരാധനാരീതിയുടെ ഭാഗമായിരുന്നെങ്കിൽ ഇപ്പോൾ എന്തു ചെയ്യാൻ കഴിയും?
5 പ്രതിമകളുടെ ഉപയോഗമോ പൂർവികാരാധനയോ നിങ്ങളുടെ മുൻ ആരാധനാരീതിയുടെ ഭാഗമായിരുന്നെങ്കിൽ ഇപ്പോൾ എന്തു ചെയ്യാൻ കഴിയും? ഇക്കാര്യങ്ങളെ ദൈവം എങ്ങനെ വീക്ഷിക്കുമെന്നു വ്യക്തമാക്കുന്ന ബൈബിൾ ഭാഗങ്ങൾ വായിക്കുകയും ധ്യാനിക്കുകയും ചെയ്യുക. സത്യാരാധനയ്ക്ക് അനുകൂലമായ ഒരു നിലപാട് എടുക്കാനുള്ള നിങ്ങളുടെ ആഗ്രഹം പ്രാർഥനയിൽ ദിവസവും യഹോവയെ അറിയിക്കുകയും അവന്റെ കാഴ്ചപ്പാട് വളർത്തിയെടുക്കാനുള്ള സഹായം അഭ്യർഥിക്കുകയും ചെയ്യുക.—യെശയ്യാവു 55:9.
ക്രിസ്തുമസ്സ്—ആദിമ ക്രിസ്ത്യാനികൾ ആഘോഷിച്ചിരുന്നില്ല
6, 7. (എ) എന്തിന്റെ ഓർമയെന്ന നിലയിലാണ് ക്രിസ്തുമസ്സ് ആഘോഷിക്കുന്നത്, യേശുവിന്റെ ഒന്നാം നൂറ്റാണ്ടിലെ അനുഗാമികൾ അത് ആഘോഷിച്ചോ? (ബി) യേശുവിന്റെ ശിഷ്യന്മാരുടെ കാലത്ത് ജന്മദിനാഘോഷങ്ങൾ എന്തുമായാണ് ബന്ധപ്പെട്ടിരുന്നത്?
6 ജനപ്രീതിയാർജിച്ച വിശേഷദിവസങ്ങളോടുള്ള ബന്ധത്തിൽ ഒരു വ്യക്തിയുടെ ആരാധനയെ വ്യാജമതം അശുദ്ധമാക്കിയേക്കാം. ക്രിസ്തുമസ്സിന്റെ കാര്യംതന്നെ എടുക്കുക. യേശുക്രിസ്തു ജനിച്ചതിന്റെ ഓർമയെന്ന നിലയിലാണ് ക്രിസ്തുമസ്സ് ആഘോഷിക്കുന്നത്. ക്രിസ്തീയമെന്ന് അവകാശപ്പെടുന്ന മിക്കവാറും എല്ലാ മതങ്ങളും അത് ആഘോഷിക്കുന്നു. എന്നാൽ, യേശുവിന്റെ ഒന്നാം നൂറ്റാണ്ടിലെ അനുഗാമികൾ അത്തരമൊരു വിശേഷദിനം കൊണ്ടാടിയിരുന്നു എന്നതിന് യാതൊരു തെളിവുമില്ല. ഗഹനകാര്യങ്ങളുടെ പാവനോത്ഭവങ്ങൾ (ഇംഗ്ലീഷ്) എന്ന ഗ്രന്ഥം ഇങ്ങനെ പ്രസ്താവിക്കുന്നു: “ക്രിസ്തു ജനിച്ച് ഇരുനൂറു വർഷത്തേക്ക് അവന്റെ ജനനദിവസം കൃത്യമായി ആർക്കും അറിയില്ലായിരുന്നു. അത് അറിയാൻ അധികമാർക്കും താത്പര്യവുമില്ലായിരുന്നു.”
7 ഇനി, യേശുവിന്റെ ശിഷ്യന്മാർക്ക് അവന്റെ കൃത്യമായ ജനനത്തീയതി അറിയാമായിരുന്നെങ്കിൽപ്പോലും അവർ അത് ആഘോഷിക്കുമായിരുന്നില്ല. എന്തുകൊണ്ട്? ആദിമ ക്രിസ്ത്യാനികൾ “ജന്മദിനാഘോഷങ്ങളെ ഒരു പുറജാതി ആചാരമായിട്ടാണു കണ്ടിരുന്നത്” എന്ന് ദ വേൾഡ് ബുക്ക് എൻസൈക്ലോപീഡിയ പറയുന്നു. ബൈബിളിൽ ആകെ പരാമർശിച്ചിരിക്കുന്ന ജന്മദിനാഘോഷങ്ങൾ യഹോവയുടെ ആരാധകരല്ലായിരുന്ന രണ്ടു ഭരണാധികാരികളുടേതാണ്. (ഉല്പത്തി 40:20; മർക്കൊസ് 6:21) പുറജാതി ദേവന്മാരുടെ ബഹുമാനാർഥം അവരുടെ ജന്മദിനങ്ങൾ ആഘോഷിക്കുന്ന രീതിയും നിലനിന്നിരുന്നു. ഉദാഹരണത്തിന്, മേയ് 24-ന് റോമാക്കാർ ഡയാനാ ദേവതയുടെ ജന്മദിനം ആഘോഷിച്ചിരുന്നു, പിറ്റേന്ന് സൂര്യദേവനായ അപ്പോളോയുടേതും. അതിനാൽ, ജന്മദിനാഘോഷങ്ങൾക്കു ബന്ധമുണ്ടായിരുന്നത് പുറജാതിമതങ്ങളുമായാണ്, ക്രിസ്ത്യാനിത്വവുമായല്ല.
8. ജന്മദിനാഘോഷങ്ങളും അന്ധവിശ്വാസവും തമ്മിലുള്ള ബന്ധം വിശദീകരിക്കുക.
8 ഒന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യാനികൾ യേശുവിന്റെ ജന്മദിനം ആഘോഷിക്കുകയില്ലായിരുന്നു എന്നതിനു വേറൊരു കാരണവുമുണ്ട്. അവയ്ക്ക് അന്ധവിശ്വാസവുമായും ബന്ധമുണ്ടെന്ന് അവന്റെ ശിഷ്യന്മാർക്ക് അറിയാമായിരുന്നിരിക്കണം. ഉദാഹരണത്തിന്, ഓരോ മനുഷ്യന്റെയും ജനനസമയത്ത് ഒരു ആത്മാവ് സന്നിഹിതനാകുമെന്നും അത് ജീവിതകാലത്തുടനീളം അയാളെ സംരക്ഷിക്കുമെന്നും പുരാതന ഗ്രീക്കുകാരും റോമാക്കാരും വിശ്വസിച്ചിരുന്നു. “ഏതു ദേവന്റെ ജന്മദിനത്തിൽ ഒരു വ്യക്തി ജനിക്കുന്നുവോ ആ ദേവനുമായി ഈ ആത്മാവിന് ഒരു നിഗൂഢ ബന്ധമുണ്ടായിരുന്നു”വെന്ന് ജന്മദിന വിജ്ഞാനീയം (ഇംഗ്ലീഷ്) എന്ന പുസ്തകം പറയുന്നു. നിസ്സംശയമായും യേശുവിനെ അന്ധവിശ്വാസവുമായി ബന്ധപ്പെടുത്തിക്കൊണ്ടുള്ള യാതൊരു ആഘോഷത്തിലും യഹോവ പ്രസാദിക്കുകയില്ല. (യെശയ്യാവു 65:11, 12) അങ്ങനെയെങ്കിൽ, ക്രിസ്തുമസ്സ് ഇത്രയേറെപ്പേർ കൊണ്ടാടുന്ന ഒരു ആഘോഷമായിത്തീർന്നത് എങ്ങനെ?
ക്രിസ്തുമസ്സിന്റെ ഉത്ഭവം
9. യേശുവിന്റെ ജന്മദിന ആഘോഷത്തിനായി ഡിസംബർ 25 തിരഞ്ഞെടുക്കപ്പെട്ടത് എങ്ങനെ?
9 യേശു ഭൂമിയിൽ ജീവിച്ചിരുന്നതിനു നൂറ്റാണ്ടുകൾക്കു ശേഷമാണ് ഡിസംബർ 25 അവന്റെ ജന്മദിനമായി അനുസ്മരിക്കപ്പെടാൻ തുടങ്ങിയത്. എന്നാൽ യേശുവിന്റെ ജനനത്തീയതി അതായിരുന്നില്ല.a കാരണം, അവന്റെ ജനനം ഒക്ടോബറിൽ ആയിരുന്നെന്നു തെളിവുകൾ പ്രകടമാക്കുന്നു. അപ്പോൾ ഡിസംബർ 25 തിരഞ്ഞെടുക്കപ്പെട്ടത് എന്തുകൊണ്ട്? പിൽക്കാലത്ത് ക്രിസ്ത്യാനികളെന്ന് അവകാശപ്പെട്ട ചിലർ, “പുറജാതി റോമാക്കാരുടെ ‘അജയ്യനായ സൂര്യന്റെ ജന്മദിനാഘോഷ’വുമായി ആ തീയതി ഒത്തുവരാൻ ആഗ്രഹി”ച്ചിരിക്കാം. (ദ ന്യൂ എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക) സൂര്യൻ ഏറ്റവും ദുർബലനായി കാണപ്പെടുന്ന ശൈത്യകാലത്ത്, ചൂടും വെളിച്ചവും നൽകുന്ന സൂര്യൻ അതിന്റെ വിദൂരയാത്ര മതിയാക്കി തിരിച്ചുവരാനായി പുറജാതികൾ ചില ചടങ്ങുകൾ നടത്തിയിരുന്നു. ഡിസംബർ 25 സൂര്യൻ തന്റെ മടക്കയാത്ര ആരംഭിക്കുന്ന ദിവസമാണെന്നു കരുതപ്പെട്ടിരുന്നു. പുറജാതികളെ മതപരിവർത്തനം ചെയ്യിക്കാനായി മതനേതാക്കൾ ഈ ആഘോഷം സ്വീകരിക്കുകയും അതിന് ‘ക്രിസ്തീയ’ പരിവേഷം നൽകാൻ ശ്രമിക്കുകയും ചെയ്തു.b
10. കഴിഞ്ഞ കാലങ്ങളിൽ ചിലർ ക്രിസ്തുമസ്സ് ആഘോഷിക്കാതിരുന്നത് എന്തുകൊണ്ട്?
10 ക്രിസ്തുമസ്സിന്റെ പുറജാതി വേരുകൾ വളരെക്കാലമായി അറിവുള്ളതാണ്. തിരുവെഴുത്തുവിരുദ്ധമായ ഉത്ഭവം ഉള്ളതിനാൽ, 17-ാം നൂറ്റാണ്ടിൽ ഇംഗ്ലണ്ടിലും ചില അമേരിക്കൻ കോളനികളിലും ക്രിസ്തുമസ്സ് നിരോധിക്കപ്പെട്ടിരുന്നു. ക്രിസ്തുമസ്സ് ദിനത്തിൽ വേല ചെയ്യാതെ വീട്ടിലിരിക്കുന്നവർ പിഴയടയ്ക്കുകപോലും ചെയ്യേണ്ടിയിരുന്നു. എന്നാൽ അധികം താമസിയാതെതന്നെ പഴയ ആചാരങ്ങൾ തിരിച്ചുവരുകയും ഏതാനും പുതിയവ കൂട്ടിച്ചേർക്കപ്പെടുകയും ചെയ്തു. ക്രിസ്തുമസ്സ് വീണ്ടും പ്രധാനപ്പെട്ട ഒരു വിശേഷദിനമായി മാറി. പല ദേശങ്ങളിലും അത് ഇപ്പോഴും അങ്ങനെതന്നെയാണ്. എന്നുവരികിലും, ക്രിസ്തുമസ്സിനും പുറജാതി ആരാധനയിൽ വേരുകളുള്ള മറ്റ് ആഘോഷങ്ങൾക്കും വ്യാജമതവുമായി ബന്ധമുള്ളതിനാൽ ദൈവത്തെ പ്രസാദിപ്പിക്കാൻ ആഗ്രഹിക്കുന്നവർ അവ ആഘോഷിക്കുന്നില്ല.c
ഉത്ഭവം യഥാർഥത്തിൽ പ്രധാനമോ?
11. ചിലർ വിശേഷദിവസങ്ങൾ ആഘോഷിക്കുന്നത് എന്തുകൊണ്ട്, എന്നാൽ നമ്മുടെ മുഖ്യതാത്പര്യം എന്തായിരിക്കണം?
11 ക്രിസ്തുമസ്സ് പോലുള്ള വിശേഷദിവസങ്ങൾക്കു പുറജാതി ഉത്ഭവമുണ്ടെന്നു ചിലർ സമ്മതിക്കുന്നുണ്ടെങ്കിലും അവ ആഘോഷിക്കുന്നതിൽ തെറ്റില്ലെന്നാണ് അവരുടെ പക്ഷം. കാരണം, വിശേഷദിവസങ്ങൾ ആഘോഷിക്കുമ്പോൾ ഇന്നു മിക്കവരും വ്യാജാരാധനയെക്കുറിച്ചൊന്നും ചിന്തിക്കാറില്ലത്രേ. കൂടാതെ അവ കുടുംബബന്ധങ്ങളെ ശക്തീകരിക്കാനുള്ള അവസരവുമൊരുക്കുന്നു. ആകട്ടെ, അങ്ങനെയാണോ നിങ്ങൾക്കു തോന്നുന്നത്? ആണെങ്കിൽ, നിങ്ങളുടെ കാര്യത്തിൽ സത്യാരാധനയ്ക്കുവേണ്ടി നിലപാട് എടുക്കുന്നതിനു തടസ്സമായി നിൽക്കുന്നതു വ്യാജമതത്തോടുള്ള സ്നേഹമല്ല, കുടുംബത്തോടുള്ള സ്നേഹമായിരിക്കാം. കുടുംബാംഗങ്ങളുമായി നിങ്ങൾക്കു നല്ല ബന്ധം ഉണ്ടായിരിക്കാൻ കുടുംബക്രമീകരണത്തിനു തുടക്കമിട്ട യഹോവ ആഗ്രഹിക്കുന്നു എന്നതിനു യാതൊരു സംശയവുമില്ല. (എഫെസ്യർ 3:14, 15) എന്നാൽ ദൈവാംഗീകാരമുള്ള ഒരു വിധത്തിൽ നിങ്ങൾക്ക് അത്തരം ബന്ധങ്ങൾ ശക്തമാക്കാവുന്നതാണ്. നമ്മുടെ മുഖ്യതാത്പര്യം എന്തായിരിക്കണം എന്നതു സംബന്ധിച്ച് അപ്പൊസ്തലനായ പൗലൊസ് ഇപ്രകാരം എഴുതി: ‘കർത്താവിന്നു പ്രസാദമായതു എന്തെന്നു പരിശോധിച്ചുകൊണ്ടിരിക്കുക.’—എഫെസ്യർ 5:9.
അഴുക്കുചാലിൽ നിന്ന് എടുത്ത ഒരു മിഠായി നിങ്ങൾ തിന്നുമോ?
12. അശുദ്ധമായ ഉത്ഭവങ്ങളുള്ള വിശേഷദിവസങ്ങളും ആചാരങ്ങളും നാം ഒഴിവാക്കേണ്ടത് എന്തുകൊണ്ടെന്നു ദൃഷ്ടാന്തീകരിക്കുക.
12 വിശേഷദിവസങ്ങൾ ഇപ്പോൾ ആഘോഷിക്കപ്പെടുന്ന വിധവുമായി അവയുടെ ഉത്ഭവത്തിനു ബന്ധമൊന്നുമില്ലെന്ന് ഒരുപക്ഷേ നിങ്ങൾ വിചാരിച്ചേക്കാം. എന്നാൽ ഉത്ഭവത്തിനു പ്രാധാന്യമുണ്ടോ? ഉണ്ട്! ദൃഷ്ടാന്തത്തിന്, അഴുക്കുചാലിൽ ഒരു മിഠായി കിടക്കുന്നതു നിങ്ങൾ കാണുന്നെന്നു വിചാരിക്കുക. നിങ്ങൾ അതെടുത്തു തിന്നുമോ? തീർച്ചയായുമില്ല! ആ മിഠായി വൃത്തിയില്ലാത്തതാണ്. അതുപോലെ, വിശേഷദിവസങ്ങൾ വളരെ നല്ലതായി തോന്നിയേക്കാമെങ്കിലും, വൃത്തിഹീനമായ സ്ഥലങ്ങളിൽനിന്നു പെറുക്കിയെടുത്തിട്ടുള്ളതാണ് അവ. സത്യാരാധനയ്ക്കായി ഒരു നിലപാടു സ്വീകരിക്കാൻ യെശയ്യാപ്രവാചകന്റേതുപോലുള്ള ഒരു മനോഭാവം നമുക്കും ഉണ്ടായിരിക്കണം. സത്യാരാധകരോടായി അവൻ ഇപ്രകാരം പറഞ്ഞു: “അശുദ്ധമായതൊന്നും തൊടരുത്.”—യെശയ്യാവു 52:11.
മറ്റുള്ളവരോടു വിവേചനയോടെ ഇടപെടുക
13. വിശേഷദിനാഘോഷങ്ങളിൽ പങ്കെടുക്കാത്തപ്പോൾ ഏതെല്ലാം വെല്ലുവിളികൾ ഉയർന്നുവന്നേക്കാം?
13 നിങ്ങൾ വിശേഷദിനാഘോഷങ്ങളിൽ പങ്കെടുക്കാതിരിക്കുന്നത് വെല്ലുവിളികൾ ഉയർത്തിയേക്കാം. ഉദാഹരണത്തിന്, ജോലിസ്ഥലത്തെ ചില വിശേഷദിനാഘോഷങ്ങളിൽ നിങ്ങൾ പങ്കെടുക്കാത്തത് എന്തുകൊണ്ടെന്നു സഹജോലിക്കാർ ചിന്തിച്ചേക്കാം. ആരെങ്കിലും നിങ്ങൾക്ക് ഒരു ക്രിസ്തുമസ്സ് സമ്മാനം നൽകുന്നെങ്കിലോ? അതു സ്വീകരിക്കുന്നതിൽ തെറ്റുണ്ടോ? വിവാഹ ഇണയ്ക്ക് നിങ്ങളുടേതിൽനിന്നു വ്യത്യസ്തമായ വിശ്വാസമാണ് ഉള്ളതെങ്കിലോ? വിശേഷദിവസങ്ങൾ ആഘോഷിക്കാത്തതിനാൽ കുട്ടികൾക്കു നഷ്ടബോധം തോന്നുന്നില്ലെന്നു നിങ്ങൾക്ക് എങ്ങനെ ഉറപ്പുവരുത്താനാകും?
14, 15. ആരെങ്കിലും വിശേഷദിനാശംസ നേരുകയോ ഒരു സമ്മാനം നൽകുകയോ ചെയ്താൽ നിങ്ങൾ എന്തു ചെയ്യും?
14 ഓരോ സാഹചര്യവും എങ്ങനെ കൈകാര്യം ചെയ്യണമെന്നു തീരുമാനിക്കാൻ നല്ല വിവേചന ആവശ്യമാണ്. സാധാരണഗതിയിൽ ആരെങ്കിലും നിങ്ങൾക്കു വിശേഷദിനാശംസ നേരുന്നെങ്കിൽ, തിരിച്ച് ഒരു നന്ദി പ്രകടനം മാത്രം മതിയായിരിക്കും. എന്നാൽ നിങ്ങൾ സ്ഥിരം കാണുകയോ നിങ്ങളോടൊത്തു ജോലി ചെയ്യുകയോ ചെയ്യുന്ന ഒരാളെയാണ് അഭിമുഖീകരിക്കുന്നതെന്നു വിചാരിക്കുക. ആ സാഹചര്യത്തിൽ, കൂടുതലായി ചില കാര്യങ്ങൾ പറയാൻ നിങ്ങൾ തീരുമാനിച്ചേക്കാം. എല്ലാ സന്ദർഭങ്ങളിലും നയം ഉള്ളവരായിരിക്കുക. ബൈബിൾ ഇങ്ങനെ ബുദ്ധിയുപദേശിക്കുന്നു: “ഓരോരുത്തനോടു നിങ്ങൾ എങ്ങനെ ഉത്തരം പറയേണം എന്നു അറിയേണ്ടതിന്നു നിങ്ങളുടെ വാക്കു എപ്പോഴും കൃപയോടുകൂടിയതും ഉപ്പിനാൽ രുചിവരുത്തിയതും ആയിരിക്കട്ടെ.” (കൊലൊസ്സ്യർ 4:6) മറ്റുള്ളവരോട് അനാദരവു കാണിക്കാതിരിക്കാൻ ശ്രദ്ധിക്കുകയും നയപൂർവം നിങ്ങളുടെ നിലപാടു വ്യക്തമാക്കുകയും ചെയ്യുക. സമ്മാനക്കൈമാറ്റത്തോടോ കൂടിവരവുകളോടോ നിങ്ങൾക്ക് എതിർപ്പില്ലെന്നും എന്നാൽ ഇവ മറ്റൊരു സന്ദർഭത്തിൽ ചെയ്യാനാണു താത്പര്യപ്പെടുന്നതെന്നും വ്യക്തമാക്കുക.
15 ആരെങ്കിലും നിങ്ങൾക്ക് ഒരു സമ്മാനം നൽകാൻ ആഗ്രഹിക്കുന്നെങ്കിലോ? സ്വീകരിക്കുന്നത് ഉചിതമാണോ അല്ലയോ എന്നത് ഏറെയും ആ പ്രത്യേക സാഹചര്യത്തെ ആശ്രയിച്ചിരിക്കും. സമ്മാനം നൽകുന്ന വ്യക്തി ഇപ്രകാരം പറഞ്ഞേക്കാം: “താങ്കൾ ഈ വിശേഷദിനം ആഘോഷിക്കില്ലെന്ന് എനിക്കറിയാം, എങ്കിലും ഇതു താങ്കൾക്കു നൽകാൻ ഞാൻ ആഗ്രഹിക്കുന്നു.” അത്തരമൊരു സാഹചര്യത്തിൽ സമ്മാനം സ്വീകരിക്കുന്നത് വിശേഷദിനത്തിൽ പങ്കെടുക്കുന്നതായി അർഥമാക്കില്ലെന്നു നിങ്ങൾ തീരുമാനിച്ചേക്കാം. ഇനി, സമ്മാനം നൽകുന്നയാൾക്ക് നിങ്ങളുടെ വിശ്വാസങ്ങളെക്കുറിച്ച് അറിയില്ലെങ്കിലോ? നിങ്ങൾ വിശേഷദിനം ആഘോഷിക്കാറില്ലെന്ന് അയാളോടു പറയാൻ കഴിയും. നിങ്ങൾ സമ്മാനം സ്വീകരിക്കുന്നെങ്കിൽപ്പോലും തിരിച്ചങ്ങോട്ട് യാതൊന്നും നൽകാത്തത് എന്തുകൊണ്ടാണെന്നു മനസ്സിലാക്കാൻ ഇത് ആ വ്യക്തിയെ സഹായിക്കും. അതേസമയം, നിങ്ങളുടെ വിശ്വാസങ്ങളോട് നിങ്ങൾ പറ്റിനിൽക്കില്ലെന്നോ സമ്മാനങ്ങൾക്കായി നിങ്ങൾ വിട്ടുവീഴ്ച ചെയ്യുമെന്നോ വരുത്തിത്തീർക്കാനുള്ള ഉദ്ദേശ്യത്തോടെയാണ് ആരെങ്കിലും ഒരു സമ്മാനം നൽകുന്നതെങ്കിൽ അതു സ്വീകരിക്കാതിരിക്കുന്നതായിരിക്കും ബുദ്ധി.
കുടുംബാംഗങ്ങളുടെ കാര്യമോ?
16. വിശേഷദിവസങ്ങളോടു ബന്ധപ്പെട്ട കാര്യങ്ങളിൽ നയം പ്രകടിപ്പിക്കാൻ നിങ്ങൾക്കു കഴിയുന്നത് എങ്ങനെ?
16 കുടുംബാംഗങ്ങൾക്കു നിങ്ങളുടെ വിശ്വാസങ്ങളോടു യോജിപ്പില്ലെങ്കിലോ? ഇവിടെയും നയം പ്രകടമാക്കുക. ബന്ധുക്കളുടെ സകല ആചാരങ്ങളെയും ആഘോഷങ്ങളെയും കുറിച്ച് അവരുമായി തർക്കത്തിനു പോകേണ്ട ആവശ്യമില്ല. സ്വന്ത വീക്ഷണങ്ങൾ ഉണ്ടായിരിക്കാനുള്ള നിങ്ങളുടെ അവകാശത്തെ അവർ മാനിക്കാൻ നിങ്ങൾ പ്രതീക്ഷിക്കുന്നു. അതുപോലെ അവരുടെ അവകാശങ്ങളെ നിങ്ങളും മാനിക്കുക. (മത്തായി 7:12) നിങ്ങൾ വിശേഷദിനാഘോഷത്തിൽ പങ്കെടുക്കുന്നുവെന്ന ധാരണ മറ്റുള്ളവരിൽ ഉളവാക്കിയേക്കാവുന്ന ഏതൊരു പ്രവൃത്തിയും ഒഴിവാക്കുക. എന്നാൽ ആഘോഷവുമായി നേരിട്ടു ബന്ധമില്ലാത്ത കാര്യങ്ങളിൽ ന്യായയുക്തത പ്രകടമാക്കുക. തീർച്ചയായും, ഒരു നല്ല മനസ്സാക്ഷി നിലനിറുത്താനാകുന്ന വിധത്തിൽ എല്ലായ്പോഴും പ്രവർത്തിക്കാൻ ശ്രദ്ധിക്കണം.—1 തിമൊഥെയൊസ് 1:18, 19.
17. മറ്റുള്ളവർ വിശേഷദിവസങ്ങൾ ആഘോഷിക്കുമ്പോൾ നിങ്ങളുടെ കുട്ടികൾക്കു നഷ്ടബോധം തോന്നാതിരിക്കാനായി എന്തു ചെയ്യാൻ കഴിയും?
17 തിരുവെഴുത്തധിഷ്ഠിതമല്ലാത്ത വിശേഷദിവസങ്ങൾ ആഘോഷിക്കാത്തതു നിമിത്തം കുട്ടികൾക്കു നഷ്ടബോധം തോന്നാതിരിക്കാൻ നിങ്ങൾക്ക് എന്തു ചെയ്യാനാകും? അധികവും, വർഷത്തിലെ മറ്റ് അവസരങ്ങളിൽ നിങ്ങൾ കുട്ടികൾക്കുവേണ്ടി എന്തു ചെയ്യുന്നുവെന്നതിനെ ആശ്രയിച്ചിരിക്കുന്നു. ചില മാതാപിതാക്കൾ അവർക്കു സമ്മാനങ്ങൾ നൽകാനുള്ള അവസരങ്ങൾ ക്രമീകരിക്കാറുണ്ട്. നിങ്ങളുടെ കുട്ടികൾക്കു നൽകാനാകുന്ന ഏറ്റവും നല്ല സമ്മാനം നിങ്ങളുടെ സമയവും സ്നേഹപുരസ്സരമായ ശ്രദ്ധയും ആണ്.
സത്യാരാധകൻ ആയിത്തീരുക
സത്യാരാധന യഥാർഥ സന്തോഷം കൈവരുത്തുന്നു
18. സത്യാരാധനയ്ക്കായി നിലപാടു സ്വീകരിക്കാൻ ക്രിസ്തീയ യോഗങ്ങളിൽ സംബന്ധിക്കുന്നതു നിങ്ങളെ സഹായിക്കുന്നത് എങ്ങനെ?
18 ദൈവത്തെ പ്രസാദിപ്പിക്കുന്നതിന് നിങ്ങൾ വ്യാജാരാധന തള്ളിക്കളഞ്ഞ് സത്യാരാധനയ്ക്കായി നിലപാടു സ്വീകരിക്കേണ്ടത് ആവശ്യമാണ്. ഇതിൽ എന്താണ് ഉൾപ്പെട്ടിരിക്കുന്നത്? ബൈബിൾ ഇങ്ങനെ പ്രസ്താവിക്കുന്നു: “ചിലർ ചെയ്യുന്നതുപോലെ നമ്മുടെ സഭായോഗങ്ങളെ ഉപേക്ഷിക്കാതെ തമ്മിൽ പ്രബോധിപ്പിച്ചുകൊണ്ടു സ്നേഹത്തിന്നും സൽപ്രവൃത്തികൾക്കും ഉത്സാഹം വർദ്ധിപ്പിപ്പാൻ അന്യോന്യം സൂക്ഷിച്ചുകൊൾക. നാൾ സമീപിക്കുന്നു എന്നു കാണുംതോറും അതു അധികമധികമായി ചെയ്യേണ്ടതാകുന്നു.” (എബ്രായർ 10:24, 25) ദൈവത്തെ പ്രസാദിപ്പിക്കുന്ന വിധത്തിൽ അവനെ ആരാധിക്കാനുള്ള സന്തോഷകരമായ അവസരങ്ങളാണ് ക്രിസ്തീയ യോഗങ്ങൾ. (സങ്കീർത്തനം 22:22; 122:1) അത്തരം യോഗങ്ങളിൽ വിശ്വസ്ത ക്രിസ്ത്യാനികൾക്ക് “പ്രോത്സാഹന കൈമാറ്റം” സാധ്യമാകുന്നു.—റോമർ 1:12, NW.
19. ബൈബിളിൽനിന്നു പഠിച്ചിട്ടുള്ള കാര്യങ്ങൾ നിങ്ങൾ മറ്റുള്ളവരോടു പറയേണ്ടതു പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
19 സത്യാരാധനയ്ക്കായി നിലപാടു സ്വീകരിക്കാൻ നിങ്ങൾക്ക് കഴിയുന്ന വേറൊരു വിധമുണ്ട്. യഹോവയുടെ സാക്ഷികളോടൊത്തുള്ള ബൈബിൾ പഠനത്തിലൂടെ നിങ്ങൾ മനസ്സിലാക്കിയിട്ടുള്ള കാര്യങ്ങളെക്കുറിച്ചു മറ്റുള്ളവരോടു പറയുക എന്നതാണ് അത്. ഇന്നു ലോകത്തിൽ നടമാടുന്ന ദുഷ്ടതയെപ്രതി ഒട്ടനവധി ആളുകൾ ‘നെടുവീർപ്പിട്ടു കരയുകയാണ്.’ (യെഹെസ്കേൽ 9:4) അങ്ങനെയുള്ള ചിലരെ നിങ്ങൾക്ക് അറിയാമായിരിക്കാം. ഭാവി സംബന്ധിച്ച നിങ്ങളുടെ ബൈബിളധിഷ്ഠിത പ്രത്യാശയെക്കുറിച്ച് അവരോടു സംസാരിച്ചുകൂടേ? സത്യക്രിസ്ത്യാനികളുമായി സഹവസിക്കുകയും മഹത്തായ ബൈബിൾ സത്യങ്ങൾ മറ്റുള്ളവരുമായി പങ്കുവെക്കുകയും ചെയ്യുമ്പോൾ നിങ്ങളുടെ ഉള്ളിൽ അവശേഷിച്ചേക്കാവുന്ന, വ്യാജമത ആചാരങ്ങളോടുള്ള ഏതൊരു മമതയും ക്രമേണ അപ്രത്യക്ഷമാകുന്നതായി നിങ്ങൾ കാണും. സത്യാരാധനയ്ക്കായുള്ള നിങ്ങളുടെ നിലപാട് അളവറ്റ സന്തോഷത്തിലും സമൃദ്ധമായ അനുഗ്രഹങ്ങളിലും കലാശിക്കുമെന്ന് ഉറപ്പുണ്ടായിരിക്കുക.—മലാഖി 3:10.
a 221-2 പേജുകളിലെ അനുബന്ധം കാണുക.
b ഡിസംബർ 25 തിരഞ്ഞെടുക്കുന്നതിൽ സാറ്റർനേലിയയും ഒരു പങ്കുവഹിച്ചു. റോമൻ കൃഷിദേവന്റെ ബഹുമാനാർഥമുള്ള ഈ ആഘോഷം ഡിസംബർ 17 മുതൽ 24 വരെയാണു നടന്നിരുന്നത്. വിരുന്നുകഴിക്കലും ഉല്ലസിക്കലും സമ്മാനം നൽകലുമൊക്കെ അതിന്റെ സവിശേഷതകളായിരുന്നു.
c സത്യക്രിസ്ത്യാനികൾ മറ്റു വിശേഷദിവസങ്ങളെ വീക്ഷിക്കുന്ന വിധം സംബന്ധിച്ച ഒരു ചർച്ചയ്ക്ക് 222-3 പേജുകളിലെ അനുബന്ധം കാണുക.