അധ്യായം 13
ദൈവത്തെ അപ്രീതിപ്പെടുത്തുന്ന ആഘോഷങ്ങൾ
“കർത്താവിനു സ്വീകാര്യമായത് എന്താണെന്ന് എപ്പോഴും ഉറപ്പുവരുത്തണം.”—എഫെസ്യർ 5:10.
1. എങ്ങനെയുള്ളവരെയാണ് യഹോവ തന്നിലേക്ക് ആകർഷിക്കുന്നത്, അവർ ആത്മീയമായി ഉണർന്നിരിക്കേണ്ടത് എന്തുകൊണ്ട്?
“സത്യാരാധകർ പിതാവിനെ ദൈവാത്മാവോടെയും സത്യത്തോടെയും ആരാധിക്കുന്ന സമയം വരുന്നു; . . . ശരിക്കും, തന്നെ ഇങ്ങനെ ആരാധിക്കുന്നവരെയാണു പിതാവ് അന്വേഷിക്കുന്നത്” എന്നു യേശു പറഞ്ഞു. (യോഹന്നാൻ 4:23) അങ്ങനെയുള്ളവരെ കണ്ടെത്തുമ്പോൾ, യഹോവ അവരെ തന്നിലേക്കും തന്റെ പുത്രനിലേക്കും ആകർഷിക്കുന്നു; നിങ്ങളുടെ കാര്യത്തിലും അതാണല്ലോ സംഭവിച്ചത്. (യോഹന്നാൻ 6:44) എന്തൊരു ബഹുമതിയാണ് അത്! എന്നാൽ, ബൈബിൾസത്യത്തെ സ്നേഹിക്കുന്ന എല്ലാവരും “കർത്താവിനു സ്വീകാര്യമായത് എന്താണെന്ന് എപ്പോഴും ഉറപ്പുവരുത്തണം.” കാരണം, സാത്താൻ അതിവിദഗ്ധനായ ഒരു വഞ്ചകനാണ്.—എഫെസ്യർ 5:10; വെളിപാട് 12:9.
2. സത്യമതവും വ്യാജമതവും തമ്മിൽ കൂട്ടിക്കുഴയ്ക്കാൻ ശ്രമിക്കുന്നവരെ യഹോവ എങ്ങനെയാണു കാണുന്നതെന്നു വിശദീകരിക്കുക.
2 സീനായ് പർവതത്തിന് അടുത്തുവെച്ച്, ഒരു ദൈവത്തെ ഉണ്ടാക്കിത്തരാൻ ഇസ്രായേല്യർ അഹരോനോട് ആവശ്യപ്പെട്ടപ്പോൾ എന്താണു സംഭവിച്ചതെന്ന് ഓർക്കുക. അവരുടെ നിർബന്ധത്തിനു വഴങ്ങി അഹരോൻ ഒരു സ്വർണക്കാളക്കുട്ടിയെ ഉണ്ടാക്കി. അത് യഹോവയെ പ്രതിനിധാനംചെയ്യുന്നു എന്ന മട്ടിൽ, “നാളെ യഹോവയ്ക്ക് ഒരു ഉത്സവമുണ്ട്” എന്ന് അവരോടു പറയുകയും ചെയ്തു. സത്യമതവും വ്യാജമതവും തമ്മിലുള്ള ഈ ലയനത്തിനു നേരെ യഹോവ കണ്ണടച്ചോ? ഇല്ല. വിഗ്രഹാരാധികളായ 3,000 പേരെ കൊന്നുകളയാൻ യഹോവ പറഞ്ഞു. (പുറപ്പാട് 32:1-6, 10, 28) ഇതു നമ്മളെ എന്താണു പഠിപ്പിക്കുന്നത്? ‘അശുദ്ധമായത് ഒന്നും തൊടാതിരിക്കുകയും’ ഒരുതരത്തിലും ബൈബിൾസത്യത്തിൽ മായം ചേർക്കാൻ അനുവദിക്കാതിരിക്കുകയും ചെയ്തെങ്കിൽ മാത്രമേ നമുക്കു ദൈവസ്നേഹത്തിൽ നിലനിൽക്കാനാകൂ.—യശയ്യ 52:11; യഹസ്കേൽ 44:23; ഗലാത്യർ 5:9.
3, 4. ജനപ്രീതി നേടിയ ആചാരങ്ങളെയും ആഘോഷങ്ങളെയും വിലയിരുത്തുമ്പോൾ ബൈബിൾതത്ത്വങ്ങൾ കണക്കിലെടുക്കേണ്ടത് എന്തുകൊണ്ട്?
3 സങ്കടകരമെന്നു പറയട്ടെ, വിശ്വാസത്യാഗത്തിനു പ്രതിബന്ധമായി നിന്നിരുന്ന അപ്പോസ്തലന്മാർ മരണമടഞ്ഞതോടെ സത്യത്തോടു തെല്ലും സ്നേഹമില്ലാത്ത നാമധേയക്രിസ്ത്യാനികൾ രംഗപ്രവേശംചെയ്തു. അവർ അക്രൈസ്തവമായ ആചാരങ്ങളും ആഘോഷങ്ങളും വിശേഷദിവസങ്ങളും കടമെടുത്ത് അവയ്ക്കു ക്രിസ്തീയപരിവേഷം നൽകി. (2 തെസ്സലോനിക്യർ 2:7, 10) അത്തരം ചില ആഘോഷങ്ങളെക്കുറിച്ചാണു നമ്മൾ ചിന്തിക്കാൻപോകുന്നത്. അവ ദൈവാത്മാവിനു പകരം ലോകത്തിന്റെ ആത്മാവിനെ പ്രതിഫലിപ്പിക്കുന്നത് എങ്ങനെയെന്നു കാണുക. സാധാരണഗതിയിൽ ലോകത്ത് നടക്കുന്ന ആഘോഷങ്ങൾക്ക് ഒരു പൊതുസ്വഭാവമുണ്ട്: അവ ജഡികമോഹങ്ങളെ പ്രീണിപ്പിക്കുകയും “ബാബിലോൺ എന്ന മഹതി”യുടെ മുഖമുദ്രയായ വ്യാജമതവിശ്വാസങ്ങൾക്കും ഭൂതവിദ്യയ്ക്കും വളംവെക്കുകയും ചെയ്യുന്നു.a (വെളിപാട് 18:2-4, 23) ജനപ്രീതിയുള്ള ഇന്നത്തെ പല ആചാരങ്ങളും മ്ലേച്ഛമായ വ്യാജമതാനുഷ്ഠാനങ്ങളിൽനിന്ന് പിറവിയെടുത്തവയാണ്. അവയുടെ ഉത്ഭവം യഹോവ നേരിൽക്കണ്ടിട്ടുണ്ടെന്ന് ഓർക്കുക. അത്തരം ആഘോഷങ്ങൾ ഇന്നും യഹോവ വെറുക്കുന്നതിൽ അത്ഭുതമില്ല. യഹോവയുടെ വീക്ഷണമല്ലേ നമുക്കു പ്രധാനം?—2 യോഹന്നാൻ 6, 7.
4 ചില ആഘോഷങ്ങൾ യഹോവയ്ക്ക് ഇഷ്ടമല്ലെന്നു സത്യക്രിസ്ത്യാനികളായ നമുക്ക് അറിയാം. എന്നാൽ അവയിൽനിന്ന് പൂർണമായി വേർപെട്ടിരിക്കാൻ നമ്മൾ ദൃഢനിശ്ചയം ചെയ്യണം. അത്തരം ആഘോഷങ്ങൾ യഹോവയെ അപ്രീതിപ്പെടുത്തുന്നത് എന്തുകൊണ്ടാണെന്നു നമുക്കു നോക്കാം. അതു ദൈവസ്നേഹത്തിൽ നിലനിൽക്കുന്നതിൽനിന്ന് നമ്മളെ തടയുന്ന എന്തും ഒഴിവാക്കാനുള്ള നിശ്ചയദാർഢ്യത്തെ ശക്തമാക്കും.
ക്രിസ്തുമസ്സ്—സൂര്യാരാധനയുടെ മറ്റൊരു മുഖം
5. യേശു ജനിച്ചതു ഡിസംബർ 25-ന് അല്ലെന്നു നമുക്ക് ഉറപ്പിച്ച് പറയാവുന്നത് എന്തുകൊണ്ട്?
5 യേശുവിന്റെ ജന്മദിനാഘോഷത്തെക്കുറിച്ച് ബൈബിൾ ഒരിടത്തും പറയുന്നില്ല. യേശുവിന്റെ കൃത്യമായ ജനനത്തീയതിപോലും ആർക്കും അറിയില്ല. എങ്കിലും ബേത്ത്ലെഹെം കൊടുംതണുപ്പിന്റെ പിടിയിലായിരിക്കുന്ന ഡിസംബർ 25-ന് അല്ല യേശു ജനിച്ചതെന്ന് ഉറപ്പാണ്.b കാരണം, ആട്ടിൻപറ്റത്തെ കാത്തുകൊണ്ട് “ഇടയന്മാർ വെളിമ്പ്രദേശത്ത് കഴിയുന്നുണ്ടായിരുന്നു” എന്നു ലൂക്കോസ് രേഖപ്പെടുത്തുന്നു. (ലൂക്കോസ് 2:8-11) വർഷത്തിലുടനീളം അവർ ‘വെളിമ്പ്രദേശത്താണു കഴിഞ്ഞിരുന്നെങ്കിൽ’ അത് എടുത്തുപറയേണ്ട ഒരു കാര്യമല്ലല്ലോ. മഞ്ഞും മഴയും ഉള്ള ശൈത്യകാലത്ത് അവിടത്തുകാർ ആട്ടിൻകൂട്ടങ്ങളെ വെളിയിൽ ഇറക്കിയിരുന്നില്ല; ഇടയന്മാർ “വെളിമ്പ്രദേശത്ത്” കഴിയുകയുമില്ലായിരുന്നു. മാത്രമല്ല, ജനം പേര് രേഖപ്പെടുത്തണമെന്ന് അഗസ്റ്റസ് സീസർ കല്പിച്ചതുകൊണ്ടാണു യോസേഫും മറിയയും ബേത്ത്ലെഹെമിലേക്കു പോയതെന്ന് ഓർക്കുക. (ലൂക്കോസ് 2:1-7) റോമൻ ആധിപത്യത്തോടു വിദ്വേഷംപുലർത്തിയിരുന്ന ഒരു ജനതയോട്, മരംകോച്ചുന്ന തണുപ്പത്ത് തങ്ങളുടെ പൂർവപിതാക്കന്മാരുടെ നഗരങ്ങളിലേക്കു യാത്രചെയ്യാൻ കൈസർ കല്പിച്ചിരിക്കാൻ യാതൊരു സാധ്യതയുമില്ല.
6, 7. (എ) ക്രിസ്തുമസ്സിനോടു ബന്ധപ്പെട്ട പല ആചാരങ്ങളുടെയും വേരുകൾ എവിടെയാണ്? (ബി) ക്രിസ്തുമസ്സ്കാലത്തെ സമ്മാനക്കൈമാറ്റങ്ങൾ സത്യക്രിസ്ത്യാനികളുടേതിൽനിന്ന് വ്യത്യസ്തമായിരിക്കുന്നത് എങ്ങനെ?
6 ക്രിസ്തുമസ്സിനു തിരുവെഴുത്തുകളുടെ പിൻബലമില്ല; അതിന്റെ വേരുകൾ തേടിപ്പോയാൽ, കൃഷിദേവനായ സാറ്റേണിന്റെ ബഹുമാനാർഥം നടത്തിയിരുന്ന റോമൻ സാറ്റർനേലിയപോലുള്ള പ്രാചീനമായ വ്യാജമതോത്സവങ്ങളിലാണു നമ്മൾ ചെന്നെത്തുക. മിത്രാദേവന്റെ ഭക്തന്മാർ ഡിസംബർ 25-ന് “അജയ്യനായ സൂര്യന്റെ ജന്മദിനം” ആചരിച്ചിരുന്നതായി പുതിയ കത്തോലിക്കാ സർവവിജ്ഞാനകോശം (ഇംഗ്ലീഷ്) പറയുന്നു. യേശുവിന്റെ മരണത്തിന് ഏകദേശം മൂന്നു നൂറ്റാണ്ടുകൾക്കു ശേഷം, “റോമിൽ സൂര്യാരാധന വിശേഷാൽ ശക്തമായിരുന്ന കാലത്താണു ക്രിസ്തുമസ്സ് പിറവിയെടുത്തത്” എന്ന് അതു കൂട്ടിച്ചേർക്കുന്നു.
സമ്മാനങ്ങൾ കൊടുക്കാൻ സത്യക്രിസ്ത്യാനികളെ പ്രചോദിപ്പിക്കുന്നതു സ്നേഹമാണ്
7 സത്യദൈവത്തെ ആരാധിക്കാത്ത ആളുകൾ ആഘോഷവേളകളിൽ സമ്മാനങ്ങൾ കൈമാറുകയും വിഭവസമൃദ്ധമായ സദ്യകൾ ഒരുക്കുകയും ചെയ്തിരുന്നു—ഇന്നും ക്രിസ്തുമസ്സിന്റെ സവിശേഷതകളാണ് അവ. എങ്കിലും ഇന്നത്തെപ്പോലെ പുരാതനകാലത്ത് റോമാക്കാർക്കിടയിലും, ആഘോഷവേളകളിലെ സമ്മാനക്കൈമാറ്റങ്ങളിലേറെയും 2 കൊരിന്ത്യർ 9:7-ലെ തത്ത്വത്തിനു ചേർച്ചയിലല്ലായിരുന്നു. അവിടെ പറയുന്നത് ഇതാണ്: “ഓരോരുത്തരും ഹൃദയത്തിൽ നിശ്ചയിച്ചതുപോലെ ചെയ്യട്ടെ. മനസ്സില്ലാമനസ്സോടെയോ നിർബന്ധത്താലോ അരുത്. സന്തോഷത്തോടെ കൊടുക്കുന്നവരെയാണു ദൈവം സ്നേഹിക്കുന്നത്.” സ്നേഹമാണു സമ്മാനങ്ങൾ കൊടുക്കാൻ സത്യക്രിസ്ത്യാനികളെ പ്രേരിപ്പിക്കുന്നത്. അതിനായി അവർ ഒരു പ്രത്യേകദിവസം നീക്കിവെക്കുന്നില്ല, തിരിച്ച് സമ്മാനങ്ങളൊന്നും പ്രതീക്ഷിക്കുന്നുമില്ല. (ലൂക്കോസ് 14:12-14; പ്രവൃത്തികൾ 20:35 വായിക്കുക.) കൂടാതെ, ക്രിസ്തുമസ്സിന്റെ ഭ്രാന്തമായ കോലാഹലങ്ങളിൽനിന്നും സമ്മർദങ്ങളിൽനിന്നും ഒഴിഞ്ഞിരിക്കാൻ അവർക്കു കഴിയുന്നു; ക്രിസ്തുമസ്സിനോട് അനുബന്ധിച്ച് പലരും വരുത്തിവെക്കുന്ന കടബാധ്യതയുടെ ഭാരവും അവർക്കില്ല.—മത്തായി 11:28-30; യോഹന്നാൻ 8:32.
8. ജ്യോതിഷക്കാർ യേശുവിനു ജന്മദിനസമ്മാനങ്ങൾ കൊടുത്തോ? വിശദീകരിക്കുക.
8 എന്നാൽ, ‘ജ്യോതിഷക്കാർ യേശുവിനു ജന്മദിനസമ്മാനങ്ങൾ കൊടുത്തില്ലേ’ എന്നു ചിലർ ചോദിച്ചേക്കാം. ഇല്ല എന്നതാണ് ഉത്തരം. ഒരു വിശിഷ്ടവ്യക്തിയോടുള്ള ആദരവ് കാണിക്കാൻ സമ്മാനങ്ങൾ കൊടുക്കുന്ന രീതി ബൈബിൾക്കാലങ്ങളിലുണ്ടായിരുന്നു. ജ്യോതിഷക്കാർ ചെയ്തതും അതാണ്. (1 രാജാക്കന്മാർ 10:1, 2, 10, 13; മത്തായി 2:2, 11) സത്യത്തിൽ, യേശു ജനിച്ച രാത്രിയിലല്ല പിന്നെയോ ഏതാനും മാസങ്ങൾക്കു ശേഷമാണ് അവർ അവനെ കണ്ടത്. അപ്പോൾ അവൻ ഒരു വീട്ടിലായിരുന്നു, പുൽത്തൊട്ടിയിലായിരുന്നില്ല.
ജന്മദിനാഘോഷങ്ങളെക്കുറിച്ച് ബൈബിൾ പറയുന്നത്
9. ബൈബിളിൽ പരാമർശിച്ചിരിക്കുന്ന ജന്മദിനാഘോഷങ്ങളുടെ കാര്യത്തിൽ ശ്രദ്ധേയമായി എന്താണുള്ളത്?
9 ഒരു കുഞ്ഞു ജനിക്കുന്നതു വലിയ സന്തോഷമാണെങ്കിലും ദൈവദാസന്മാരിലാരെങ്കിലും ജന്മദിനം ആഘോഷിച്ചതായി ബൈബിൾ ഒരിടത്തും പറയുന്നില്ല. (സങ്കീർത്തനം 127:3) ഇനി, എഴുത്തുകാർ അതു രേഖപ്പെടുത്താൻ വിട്ടുപോയതാണോ? അല്ല. കാരണം, രണ്ടു ജന്മദിനാഘോഷങ്ങളെക്കുറിച്ച് അതു പറയുന്നുണ്ട്—ഈജിപ്തിലെ ഒരു ഫറവോന്റെയും ഹെരോദ് അന്തിപ്പാസിന്റെയും. (ഉൽപത്തി 40:20-22; മർക്കോസ് 6:21-29 വായിക്കുക.) പക്ഷേ ആ രണ്ടു സംഭവങ്ങളെയുംകുറിച്ചുള്ള ബൈബിൾവിവരണങ്ങൾ അത്ര നല്ല ചിത്രമല്ല നമുക്കു തരുന്നത്—പ്രത്യേകിച്ചും രണ്ടാമത്തേത്; കാരണം, യോഹന്നാൻ സ്നാപകനെ തലവെട്ടിക്കൊന്നത് ആ ആഘോഷവേളയിലായിരുന്നു.
10, 11. ആദ്യകാലക്രിസ്ത്യാനികൾ ജന്മദിനാഘോഷങ്ങളെ എങ്ങനെ വീക്ഷിച്ചു, എന്തുകൊണ്ട്?
10 “ആദ്യകാലത്തെ ക്രിസ്ത്യാനികൾ ജന്മദിനാഘോഷങ്ങളെ ക്രിസ്തീയമല്ലാത്ത ഒരു ആചാരമായിട്ടാണു കണ്ടിരുന്നത്” എന്ന് ഒരു സർവവിജ്ഞാനകോശം (The World Book Encyclopedia) പറയുന്നു. ഉദാഹരണത്തിന്, ഓരോ മനുഷ്യന്റെയും ജനനസമയത്ത് ഒരു ആത്മാവ് സന്നിഹിതനാകുമെന്നും അതു ജീവിതകാലത്ത് ഉടനീളം അയാളെ സംരക്ഷിക്കുമെന്നും പുരാതനഗ്രീക്കുകാർ വിശ്വസിച്ചിരുന്നു. ഈ ആത്മാവിന്, “ഏതു ദേവന്റെ ജന്മദിനത്തിലാണോ ഒരാൾ ജനിക്കുന്നത് ആ ദേവനുമായി ഒരു നിഗൂഢബന്ധമുണ്ടായിരുന്നു” എന്നു ജന്മദിന വിജ്ഞാനീയം (ഇംഗ്ലീഷ്) എന്ന പുസ്തകം പറയുന്നു. ജന്മദിനങ്ങൾക്കു ജ്യോതിഷവും ജാതകവും ആയി പണ്ടുമുതൽക്കേ അടുത്ത ബന്ധമുണ്ട്.
11 വ്യാജമതങ്ങളുമായി ബന്ധപ്പെട്ട ഉത്ഭവമുള്ളതുകൊണ്ടും ഭൂതവിദ്യയുമായി ബന്ധപ്പെട്ടിരിക്കുന്നതിനാലും മാത്രമല്ല ദൈവദാസന്മാർ ജന്മദിനാഘോഷങ്ങൾ ഒഴിവാക്കിയിരുന്നത്. ഇക്കാര്യത്തിൽ, ചില തത്ത്വങ്ങളും അവരെ നയിച്ചിരുന്നിരിക്കാം. എന്തുകൊണ്ടാണ് അങ്ങനെ പറയുന്നത്? ആഘോഷിക്കാൻമാത്രം പ്രാധാന്യമുള്ളതാണു തങ്ങളുടെ ജനനമെന്നു താഴ്മയുള്ള ആ എളിയമനുഷ്യർ കരുതിയിരുന്നില്ല.c (മീഖ 6:8; ലൂക്കോസ് 9:48) പകരം, ജീവൻ എന്ന അമൂല്യസമ്മാനത്തെപ്രതി അവർ യഹോവയെ മഹത്ത്വപ്പെടുത്തുകയും യഹോവയോടു നന്ദി പറയുകയും ആണ് ചെയ്തത്.d—സങ്കീർത്തനം 8:3, 4; 36:9; വെളിപാട് 4:11.
12. മരണദിവസം ജനനദിവസത്തെക്കാൾ നല്ലതായിരിക്കുന്നത് എങ്ങനെ?
12 വിശ്വസ്തരായി മരിക്കുന്ന എല്ലാവരും ദൈവത്തിന്റെ ഓർമയിൽ സുരക്ഷിതരാണ്, അവർക്കു ശോഭനമായ ഒരു ഭാവിയുമുണ്ട്. (ഇയ്യോബ് 14:14, 15) “വിശേഷതൈലത്തെക്കാൾ സത്പേര് നല്ലത്. ജനനദിവസത്തെക്കാൾ മരണദിവസവും നല്ലത്” എന്നു സഭാപ്രസംഗകൻ 7:1 പറയുന്നു. വിശ്വസ്തസേവനത്തിലൂടെ നമ്മൾ ദൈവമുമ്പാകെ നേടുന്ന സത്കീർത്തിയാണു നമ്മുടെ “സത്പേര്.” ക്രിസ്ത്യാനികളോട് ഓർമിക്കാൻ കല്പിച്ചിരിക്കുന്ന ഒരേ ഒരു ആചരണം ബന്ധപ്പെട്ടിരിക്കുന്നതും ജനനവുമായല്ല മറിച്ച്, മരണവുമായാണ്. അതെ, നമ്മുടെ രക്ഷയ്ക്ക് അനിവാര്യമായ ഉത്തമമായൊരു ‘പേരുള്ള’ യേശുവിന്റെ മരണമാണ് അത്.—എബ്രായർ 1:3, 4; ലൂക്കോസ് 22:17-20.
ഈസ്റ്റർ എന്ന മുഖംമൂടിക്കു പിന്നിൽ
13, 14. ഈസ്റ്റർ ആചാരങ്ങളുടെ ഉത്ഭവത്തെക്കുറിച്ച് എന്തു പറയാനാകും?
13 ക്രിസ്തു ഉയിർത്തെഴുന്നേറ്റതിന്റെ ഓർമയായി ക്രൈസ്തവർ കൊണ്ടാടുന്ന ഈസ്റ്റർ വ്യാജമതത്തിൽനിന്ന് ഉത്ഭവിച്ചതാണ്. ഈസ്റ്റർ എന്ന പേരിനുതന്നെ, ഉദയത്തിന്റെയും വസന്തത്തിന്റെയും ആംഗ്ലോ-സാക്സൻ ദേവതയായ ഇയോസ്ട്രെയുടെ അഥവാ ഒസ്റ്റാറായുടെ പേരുമായി ബന്ധമുണ്ട്. ആകട്ടെ, മുട്ടയും മുയലും ഈസ്റ്ററിന്റെ ഭാഗമായത് എങ്ങനെയാണ്? “പുതുജീവന്റെയും ഉയിർപ്പിന്റെയും പ്രതീകമാണു” മുട്ടകൾ എന്നു ബ്രിട്ടാനിക്ക സർവവിജ്ഞാനകോശം (ഇംഗ്ലീഷ്) പറയുന്നു. മുയലുകളെ പ്രത്യുത്പാദനത്തിന്റെയും ഫലപുഷ്ടിയുടെയും ചിഹ്നമായും കണക്കാക്കുന്നു. അതുകൊണ്ട് ഈസ്റ്റർ എന്നതു വാസ്തവത്തിൽ പ്രത്യുത്പാദനത്തോടും ഫലപുഷ്ടിയോടും ബന്ധപ്പെട്ട ഒരു ആചാരമാണ്. അതിനു ക്രിസ്തുവിന്റെ ഉയിർത്തെഴുന്നേൽപ്പിന്റെ മുഖംമൂടിയുണ്ടെന്നേ ഉള്ളൂ.e
14 തന്റെ പുത്രന്റെ പുനരുത്ഥാനത്തിന്റെ ഓർമ കൊണ്ടാടാൻ മ്ലേച്ഛമായ ഒരു വ്യാജമതാചാരം കടമെടുക്കുന്നതിനെ യഹോവ എങ്ങനെയായിരിക്കും കാണുക? (2 കൊരിന്ത്യർ 6:17, 18) ബൈബിൾ, യേശുവിന്റെ പുനരുത്ഥാനം ആഘോഷിക്കാൻ കല്പിക്കുകയോ അത് അംഗീകരിക്കുകയോ ചെയ്യാത്ത സ്ഥിതിക്ക്, ഈസ്റ്റർ എന്ന പേരിൽ അത് ആഘോഷിക്കുന്നത് എത്ര കടുത്ത അവിശ്വസ്തതയാണ്!
പുതുവത്സരദിനത്തിന്റെ പിറവി
15. പുതുവത്സരദിനത്തിന്റെ ഉത്ഭവത്തെക്കുറിച്ച് എന്തു പറയാനാകും?
15 ജനപ്രീതിയാർജിച്ച മറ്റൊരു ആഘോഷമാണു പുതുവത്സരദിനം. ഇതിന്റെ ഉത്ഭവം എങ്ങനെയാണ്? ഒരു സർവവിജ്ഞാനകോശം (The World Book Encyclopedia) പറയുന്നത് ഇങ്ങനെയാണ്: “റോമൻ ഭരണാധിപനായ ജൂലിയസ് സീസർ ബി.സി. 46-ൽ, ജനുവരി 1 പുതുവത്സരദിനമായി പ്രഖ്യാപിച്ചു. റോമാക്കാർ ആ ദിവസത്തെ കവാടങ്ങളുടെയും വാതിലുകളുടെയും തുടക്കങ്ങളുടെയും ദേവനായ ജാനസിനു സമർപ്പിച്ചു. ആ ദേവന്റെ രണ്ടു മുഖങ്ങളിൽ ഒന്നു മുന്നോട്ടും മറ്റേതു പിന്നോട്ടും തിരിഞ്ഞിരിക്കുന്നതാണ്. ജനുവരി മാസത്തിന്റെ ആ പേരുതന്നെ ജാനസിൽനിന്നാണ് വന്നിട്ടുള്ളത്.” പുതുവത്സരദിനത്തിന്റെ തീയതിയും ആഘോഷങ്ങളും പല രാജ്യങ്ങളിലും വ്യത്യസ്തമാണ്. മദ്യപിച്ച് വന്യമായ ആഘോഷങ്ങൾ നടത്തുന്നതു പല സ്ഥലങ്ങളിലും പുതുവത്സരപ്പിറവിയുടെ ഭാഗമാണ്. എന്നാൽ റോമർ 13:13 നമ്മളെ ബുദ്ധിയുപദേശിക്കുന്നത് ഇങ്ങനെയാണ്: “വന്യമായ ആഘോഷങ്ങളിലും മുഴുക്കുടിയിലും അവിഹിതവേഴ്ചകളിലും ധിക്കാരത്തോടെയുള്ള പെരുമാറ്റത്തിലും കലഹത്തിലും അസൂയയിലും മുഴുകി ജീവിക്കാതെ പകൽസമയത്ത് എന്നപോലെ നമുക്കു മര്യാദയോടെ നടക്കാം.”f
വിവാഹം നിർമലമായിരിക്കട്ടെ
16, 17. (എ) വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്ന ക്രിസ്ത്യാനികൾ പ്രാദേശികമായ വിവാഹച്ചടങ്ങുകളെ ബൈബിൾതത്ത്വങ്ങളുടെ വെളിച്ചത്തിൽ പരിശോധിക്കേണ്ടത് എന്തുകൊണ്ട്? (ബി) അരിയോ മറ്റോ വിതറുന്ന സമ്പ്രദായത്തിന്റെ കാര്യത്തിൽ ക്രിസ്ത്യാനികൾ എന്തു കണക്കിലെടുക്കണം?
16 ‘മണവാളന്റെയും മണവാട്ടിയുടെയും സ്വരം [ബാബിലോൺ എന്ന മഹതിയിൽ] കേൾക്കില്ലാത്ത’ സമയം അടുത്ത് എത്തിയിരിക്കുകയാണ്. (വെളിപാട് 18:23) എന്തുകൊണ്ടെന്നാൽ അവൾ ഉടൻതന്നെ നശിപ്പിക്കപ്പെടും; ഒരു പരിധിവരെ അവളുടെ ഭൂതവിദ്യാനടപടികളാണ് അതിന്റെ കാരണം. വിവാഹദിവസംമുതൽതന്നെ ഒരാളുടെ ദാമ്പത്യത്തെ കളങ്കപ്പെടുത്താൻ അതിനാകും.—മർക്കോസ് 10:6-9.
17 ഓരോ രാജ്യത്തെയും ആചാരങ്ങൾക്കു വ്യത്യാസമുണ്ട്. നിരുപദ്രവകരമായി കാണപ്പെട്ടേക്കാവുന്ന ചില അനുഷ്ഠാനങ്ങൾ, നവദമ്പതികൾക്കോ അതിഥികൾക്കോ സൗഭാഗ്യം നേരുന്ന ബാബിലോണിയൻ ആചാരങ്ങളിൽ വേരൂന്നിയവയാണ്. അത്തരത്തിലുള്ള ഒരു അചാരമാണു ദമ്പതികളുടെ മേൽ അരിയോ മറ്റോ വിതറുന്ന രീതി. ഭക്ഷ്യവസ്തുക്കൾ ദുരാത്മാക്കളെ പ്രസാദിപ്പിക്കുമെന്നും അങ്ങനെ അവർ നവദമ്പതികളെ ദ്രോഹിക്കാതിരിക്കുമെന്നും ഉള്ള വിശ്വാസമായിരിക്കാം ഈ നടപടിക്ക് ആധാരം. കൂടാതെ പ്രത്യുത്പാദനം, ഫലപുഷ്ടി, സന്തുഷ്ടി, ദീർഘായുസ്സ് എന്നിവയുമായി അരിക്കു ദീർഘവും നിഗൂഢവും ആയ ഒരു ബന്ധമുണ്ടെന്നും കരുതപ്പെടുന്നു. അരിക്കു പകരം വർണക്കടലാസുകളും പുഷ്പദലങ്ങളും മറ്റും വർഷിക്കുന്ന രീതിയും നിലവിലുണ്ട്. എന്നാൽ ദൈവസ്നേഹത്തിൽ നിലനിൽക്കാൻ ആഗ്രഹിക്കുന്ന എല്ലാവരും അത്തരം ദുരാചാരങ്ങൾ തീർച്ചയായും ഒഴിവാക്കും.—2 കൊരിന്ത്യർ 6:14-18 വായിക്കുക.
18. വിവാഹത്തിനായി ഒരുങ്ങുന്നവരും അതിഥികളും ഏതു ബൈബിൾതത്ത്വങ്ങൾ കണക്കിലെടുക്കണം?
18 ലോകത്തിന്റേതായ ചില ആചാരങ്ങൾ ക്രിസ്തീയമാന്യതയ്ക്കു നിരക്കാത്തതോ ചിലരുടെയെങ്കിലും മനസ്സാക്ഷിയെ മുറിപ്പെടുത്തുന്നതോ ആണെങ്കിൽ, യഹോവയുടെ ദാസന്മാർ അവയെ വിവാഹവുമായോ അതിനു ശേഷമുള്ള ചടങ്ങുകളുമായോ കൂട്ടിക്കുഴയ്ക്കാതിരിക്കാൻ ശ്രദ്ധിക്കുന്നു. ഉദാഹരണത്തിന്, പരിഹാസശരങ്ങളോ ലൈംഗികച്ചുവയുള്ള പ്രയോഗങ്ങളോ നിറഞ്ഞ പ്രഭാഷണങ്ങൾ അവർ ഒഴിവാക്കുന്നു. നവദമ്പതികൾക്കും മറ്റുള്ളവർക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന തരം കളിതമാശകളിൽനിന്നും അവർ വിട്ടുനിൽക്കുന്നു. (സുഭാഷിതങ്ങൾ 26:18, 19; ലൂക്കോസ് 6:31; 10:27) ലളിതമായ ഒരു ചടങ്ങിനു പകരം “വസ്തുവകകൾ പൊങ്ങച്ചത്തോടെ പ്രദർശിപ്പി”ക്കുന്ന തരത്തിലുള്ള അതിഗംഭീരമായ പരിപാടികൾ സംഘടിപ്പിക്കുന്നതും അവർ ഒഴിവാക്കുന്നു. (1 യോഹന്നാൻ 2:16) വിവാഹത്തിനായി ഒരുങ്ങുന്ന ഒരാളാണു നിങ്ങൾ എങ്കിൽ ഒരു കാര്യം ഓർക്കുക: വിവാഹശേഷം ആ സുദിനത്തിലേക്കു തിരിഞ്ഞുനോക്കുമ്പോൾ നിങ്ങൾക്കു ഖേദം തോന്നുന്നതിനു പകരം സന്തോഷം തോന്നണമെന്നാണ് യഹോവ ആഗ്രഹിക്കുന്നത്.g
മദ്യം കഴിക്കുന്നതിനു മുമ്പ് ഗ്ലാസ്സുകൾ കൂട്ടിമുട്ടിക്കുന്ന രീതി തെറ്റാണോ?
19, 20. ഗ്ലാസ്സുകൾ ഉയർത്തി കൂട്ടിമുട്ടിക്കുന്ന രീതിയുടെ ഉത്ഭവത്തെക്കുറിച്ച് ഒരു പുസ്തകം പറയുന്നത് എന്ത്, ഇതു ക്രിസ്ത്യാനികൾക്കു സ്വീകാര്യമല്ലാത്തത് എന്തുകൊണ്ട്?
19 ഗ്ലാസ്സുകൾ കൂട്ടിമുട്ടിച്ച് “ചിയേഴ്സ്!” എന്നോ മറ്റോ പറഞ്ഞുകൊണ്ട് മദ്യം കഴിക്കുന്ന രീതി (toasting) വിവാഹവേളയിലും മറ്റു സാമൂഹികകൂടിവരവിലും സാധാരണ കണ്ടുവരുന്ന ഒന്നാണ്. 1995-ൽ പുറത്തിറങ്ങിയ, മദ്യത്തെയും സംസ്കാരത്തെയും കുറിച്ചുള്ള അന്താരാഷ്ട്ര ചെറുപുസ്തകം (ഇംഗ്ലീഷ്) ഇങ്ങനെ പറയുന്നു: “പുരാതനകാലത്ത് നിവേദ്യമായി ദൈവങ്ങൾക്കു . . . വിശുദ്ധപാനീയങ്ങൾ അർപ്പിച്ചിരുന്നു. ഈ ആചാരത്തിന്റെ മതേതരമായ ഒരു ശേഷിപ്പായിരിക്കാം ഗ്ലാസ്സുകൾ കൂട്ടിമുട്ടിക്കുന്ന രീതി. . . . ‘ദീർഘായുസ്സു നൽകേണമേ!’ ‘ആരോഗ്യം നൽകേണമേ!’ എന്നീ വാക്കുകളിൽ സംക്ഷേപിച്ച പ്രാർഥന [ദേവന്മാർ] കേൾക്കുന്നതിനു പ്രതിഫലമായിട്ടാണ് അങ്ങനെ ചെയ്തിരുന്നത്.”
20 ഗ്ലാസ്സുകൾ ഉയർത്തി കൂട്ടിമുട്ടിക്കുന്ന ഈ രീതി ഒരു മതചടങ്ങാണെന്നോ അന്ധവിശ്വാസത്തിൽ അധിഷ്ഠിതമാണെന്നോ അനേകർക്കും അറിയില്ല. എങ്കിലും, ഗ്ലാസ്സുകൾ മുകളിലേക്ക് ഉയർത്തുന്നത്, ‘സ്വർഗത്തോട്’ അഥവാ ഒരു അമാനുഷശക്തിയോട് അനുഗ്രഹത്തിനുവേണ്ടി അപേക്ഷിക്കുന്നതുപോലെയാണ്. അത് ഒരിക്കലും തിരുവെഴുത്തുകൾക്കു നിരക്കുന്നതല്ല.—യോഹന്നാൻ 14:6; 16:23.h
“യഹോവയെ സ്നേഹിക്കുന്നവരേ, മോശമായതെല്ലാം വെറുക്കൂ!”
21. ജനപ്രീതിയുള്ള ഏതെല്ലാം ആഘോഷങ്ങളാണ് അവയ്ക്കു മതങ്ങളുമായി ബന്ധമില്ലെങ്കിൽപ്പോലും ക്രിസ്ത്യാനികൾ ഒഴിവാക്കുന്നത്, എന്തുകൊണ്ട്?
21 ചില രാജ്യങ്ങൾ സംഘടിപ്പിച്ചുവരുന്ന ആഘോഷങ്ങൾ, ഈ ലോകത്തിന്റെ അനുദിനം അധഃപതിച്ചുകൊണ്ടിരിക്കുന്ന നിലവാരങ്ങൾ പ്രതിഫലിപ്പിക്കുന്നവയാണ്—അശ്ലീലനൃത്തങ്ങൾ അകമ്പടി സേവിക്കുന്നതും സ്വവർഗാനുരാഗത്തെ പ്രകീർത്തിക്കുന്നതും ആയ കാർണിവൽ ആഘോഷങ്ങൾ ഇന്നു സാധാരണമായിക്കൊണ്ടിരിക്കുകയാണ്. ബാബിലോൺ എന്ന മഹതി നേരിട്ടോ അല്ലാതെയോ അവയെ പിന്തുണയ്ക്കുന്നുമുണ്ട്. അത്തരമൊരു പരിപാടി കണ്ടുനിൽക്കുന്നതോ അതിൽ പങ്കെടുക്കുന്നതോ “യഹോവയെ സ്നേഹിക്കുന്ന” വ്യക്തികൾക്കു ചേർന്നതാണോ? അവർ ശരിക്കും ദോഷത്തെ വെറുക്കുന്നുണ്ടെന്നാണോ അതു തെളിയിക്കുക? (സങ്കീർത്തനം 1:1, 2; 97:10) “ഒരു ഗുണവുമില്ലാത്ത കാര്യങ്ങൾ കാണാതിരിക്കാൻ എന്റെ നോട്ടം തിരിച്ചുവിടേണമേ” എന്നു പ്രാർഥിച്ച സങ്കീർത്തനക്കാരന്റെ മനോഭാവമല്ലേ നമുക്ക് ഉണ്ടായിരിക്കേണ്ടത്?—സങ്കീർത്തനം 119:37.
22. ഒരു ആഘോഷത്തിൽ പങ്കെടുക്കണോ വേണ്ടയോ എന്നു മനസ്സാക്ഷിയുടെ അടിസ്ഥാനത്തിൽ തീരുമാനിക്കാവുന്നത് എപ്പോൾ?
22 വിശേഷദിവസങ്ങളിലെ തന്റെ പെരുമാറ്റത്തിലൂടെയോ രീതികളിലൂടെയോ പോലും താനും ആ ആഘോഷത്തിൽ പങ്കെടുക്കുന്നുണ്ടെന്ന ധാരണ മറ്റുള്ളവർക്കു നൽകാതിരിക്കാൻ ഒരു ക്രിസ്ത്യാനി പ്രത്യേകം ശ്രദ്ധിക്കും. “നിങ്ങൾ തിന്നാലും കുടിച്ചാലും മറ്റ് എന്തു ചെയ്താലും എല്ലാം ദൈവത്തിന്റെ മഹത്ത്വത്തിനുവേണ്ടി ചെയ്യുക” എന്നു പൗലോസ് എഴുതി. (1 കൊരിന്ത്യർ 10:31; “ജ്ഞാനത്തോടെ തീരുമാനങ്ങളെടുക്കുക” എന്ന ചതുരം കാണുക.) എന്നാൽ രാഷ്ട്രീയവും ദേശഭക്തിപരവും ആയ ചടങ്ങുകളുമായോ വ്യാജമതവുമായോ ഒരു ബന്ധവുമില്ലാത്ത, ബൈബിൾതത്ത്വങ്ങളുടെ ലംഘനം ഉൾപ്പെട്ടിട്ടില്ലാത്ത ആചാരങ്ങളുടെയും ആഘോഷങ്ങളുടെയും കാര്യമോ? അവയിൽ പങ്കെടുക്കണമോ വേണ്ടയോ എന്നു തീരുമാനിക്കേണ്ടത് ഓരോ ക്രിസ്ത്യാനിയുമാണ്. അപ്പോൾപ്പോലും താൻ കാരണം മറ്റുള്ളവർ ഇടറിവീഴാതിരിക്കാൻ അദ്ദേഹം അവരുടെ വികാരങ്ങൾകൂടെ കണക്കിലെടുക്കേണ്ടതുണ്ട്.
സംസാരത്തിലും പെരുമാറ്റത്തിലും ദൈവത്തെ മഹത്ത്വപ്പെടുത്തുക
23, 24. യഹോവയുടെ നീതിനിഷ്ഠമായ നിലവാരങ്ങളെക്കുറിച്ച് നല്ലൊരു സാക്ഷ്യം കൊടുക്കാൻ നമുക്ക് എങ്ങനെ കഴിയും?
23 കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും ഒപ്പം കൂടിവരാനുള്ള അവസരങ്ങളായിട്ടാണ് അനേകരും ആഘോഷവേളകളെ കാണുന്നത്. അതുകൊണ്ടുതന്നെ നമ്മുടെ തിരുവെഴുത്തുനിലപാടു സ്നേഹശൂന്യമോ അതിരുകടന്നതോ ആണെന്ന് ആളുകൾ തെറ്റിദ്ധരിക്കാനിടയുണ്ട്. അത്തരം സന്ദർഭങ്ങളിൽ, കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും ഒപ്പമുള്ള കൂടിവരവുകൾ യഹോവയുടെ സാക്ഷികൾക്കും പ്രിയപ്പെട്ടതാണെന്നു നയപൂർവം നമുക്ക് അവരോടു പറയാനാകും. (സുഭാഷിതങ്ങൾ 11:25; സഭാപ്രസംഗകൻ 3:12, 13; 2 കൊരിന്ത്യർ 9:7) പ്രിയപ്പെട്ടവരുമായുള്ള സഹവാസം ആസ്വദിക്കാൻ വർഷം മുഴുവൻ നമുക്ക് അവസരമുണ്ട്. എന്നാൽ ദൈവത്തോടും ദൈവത്തിന്റെ നീതിനിഷ്ഠമായ നിലവാരങ്ങളോടും സ്നേഹമുള്ളതുകൊണ്ട്, ദൈവത്തെ അപ്രീതിപ്പെടുത്തുന്ന ആചാരങ്ങൾകൊണ്ട് ആ സന്തോഷവേളകൾ കളങ്കപ്പെടുത്താൻ നമ്മൾ ആഗ്രഹിക്കുന്നില്ല.—“സത്യാരാധന—യഥാർഥസന്തോഷത്തിന്റെ താക്കോൽ” എന്ന ചതുരം കാണുക.
24 സംശയങ്ങൾ ചോദിക്കുന്നവരെ സഹായിക്കാൻ, ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു?i എന്ന പുസ്തകത്തിന്റെ 16-ാം അധ്യായത്തിലെ ആശയങ്ങൾ ഉപകാരപ്രദമാണെന്നു ചില സാക്ഷികൾ മനസ്സിലാക്കിയിരിക്കുന്നു. തർക്കിച്ച് ജയിക്കുക എന്നതല്ല, ആളുകളെ സത്യത്തിലേക്ക് ആകർഷിക്കുക എന്നതാണു നമ്മുടെ ലക്ഷ്യമെന്നു മറക്കരുത്. അതുകൊണ്ട് ആദരവും സൗമ്യതയും ഉള്ളവരായിരിക്കുക; “നിങ്ങളുടെ വാക്കുകൾ, ഉപ്പു ചേർത്ത് രുചിവരുത്തിയതുപോലെ ഹൃദ്യമായിരിക്കട്ടെ.”—കൊലോസ്യർ 4:6.
25, 26. വിശ്വാസത്തിലും യഹോവയോടുള്ള സ്നേഹത്തിലും വളർന്നുവരാൻ മാതാപിതാക്കൾക്കു മക്കളെ എങ്ങനെ സഹായിക്കാം?
25 യഹോവയുടെ സാക്ഷികളായ നമ്മൾ പ്രബുദ്ധരായ ഒരു ജനതയാണ്. നമ്മൾ ചില കാര്യങ്ങൾ വിശ്വസിക്കുകയും ആചരിക്കുകയും ചെയ്യുന്നതിന്റെ കാരണവും മറ്റു ചില കാര്യങ്ങൾ ഒഴിവാക്കുന്നതിന്റെ കാരണവും നമുക്ക് അറിയാം. (എബ്രായർ 5:14) അതുകൊണ്ട് മാതാപിതാക്കളേ, ബൈബിൾതത്ത്വങ്ങളുടെ അടിസ്ഥാനത്തിൽ കാര്യകാരണസഹിതം ചിന്തിക്കാൻ നിങ്ങളുടെ മക്കളെ പഠിപ്പിക്കുക. അങ്ങനെ ചെയ്യുമ്പോൾ, അവരുടെ വിശ്വാസം ബലപ്പെടുത്തുകയായിരിക്കും നിങ്ങൾ. വിശ്വാസങ്ങളെക്കുറിച്ച് ചോദ്യങ്ങൾ ചോദിക്കുന്നവർക്കു മറുപടി കൊടുക്കാൻ അപ്പോൾ അവർ പ്രാപ്തരാകും. യഹോവയുടെ സ്നേഹം സംബന്ധിച്ച് അവർക്ക് ഉറപ്പും തോന്നും.—യശയ്യ 48:17, 18; 1 പത്രോസ് 3:15.
26 “ദൈവാത്മാവോടെയും സത്യത്തോടെയും” ദൈവത്തെ ആരാധിക്കുന്നവരെല്ലാം തിരുവെഴുത്തുവിരുദ്ധമായ ആഘോഷങ്ങളിൽനിന്ന് വിട്ടുനിൽക്കുന്നെന്നു മാത്രമല്ല ജീവിതത്തിന്റെ എല്ലാ മേഖലകളിലും സത്യസന്ധരായിരിക്കാനും ശ്രമിക്കുന്നു. (യോഹന്നാൻ 4:23) തീരെ പ്രായോഗികമല്ലാത്ത ഒരു കാര്യമായിട്ടാണു പലരും ഇന്നു സത്യസന്ധതയെ കാണുന്നത്. എന്നാൽ ദൈവത്തിന്റെ വഴികളാണ് ഏറ്റവും മികച്ചത്; അടുത്ത അധ്യായത്തിൽ നമ്മൾ അതാണു കാണാൻപോകുന്നത്.
a “എനിക്ക് ഈ ആഘോഷത്തിൽ പങ്കെടുക്കാമോ?” എന്ന ചതുരം കാണുക. ചില വിശേഷദിവസങ്ങളുടെയും ആഘോഷങ്ങളുടെയും ലിസ്റ്റ് യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച വാച്ച്ടവർ പ്രസിദ്ധീകരണ സൂചികയിൽ (ഇംഗ്ലീഷ്) കാണാം.
b ബൈബിളിലെ കാലക്കണക്കും ലൗകികചരിത്രവും അനുസരിച്ച് ബി.സി. രണ്ടാമാണ്ടിൽ, ഏഥാനീം എന്ന യഹൂദമാസത്തിലായിരിക്കാം യേശു ജനിച്ചത്. ഇതു നമ്മുടെ ഇന്നത്തെ കലണ്ടറിൽ സെപ്റ്റംബർ/ഒക്ടോബർ മാസങ്ങളോട് ഒത്തുവരും. യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച, തിരുവെഴുത്തുകളിൽനിന്നുള്ള ഉൾക്കാഴ്ച—വാല്യം 2 (ഇംഗ്ലീഷ്), പേജ് 56-57 കാണുക.
c “ജന്മദിനാഘോഷവും സാത്താനാരാധനയും” എന്ന ചതുരം കാണുക.
d പ്രസവശേഷം ഒരു സ്ത്രീ ദൈവത്തിനു പാപയാഗം അർപ്പിക്കണമെന്നു മോശയിലൂടെ നൽകിയ നിയമം അനുശാസിച്ചിരുന്നു. (ലേവ്യ 12:1-8) മനുഷ്യർ തങ്ങളുടെ സന്തതികളിലേക്കു പാപം കൈമാറുന്നുവെന്ന ദുഃഖസത്യത്തിന്റെ ഒരു ഓർമിപ്പിക്കലായിരുന്നു ആ നിബന്ധന. ഒരു കുഞ്ഞിന്റെ ജനനത്തെ യാഥാർഥ്യബോധത്തോടെ കാണാൻ അത് ഇസ്രായേല്യരെ സഹായിച്ചു. വ്യാജമതത്തിൽ വേരുകളുള്ള ജന്മദിനാഘോഷങ്ങൾ പിൻപറ്റാതിരിക്കാനും അത് അവർക്കു സഹായമായിക്കാണും.—സങ്കീർത്തനം 51:5.
e ഇയോസ്ട്രെ (അഥവാ ഇയേസ്ട്രെ) പ്രത്യുത്പാദനത്തിന്റെയും ഫലപുഷ്ടിയുടെയും ദേവിയുമായിരുന്നു. ഐതിഹ്യനിഘണ്ടു പറയുന്നതനുസരിച്ച്, “അവൾക്കു ചന്ദ്രനിൽ, മുട്ടകൾ ഇഷ്ടപ്പെട്ടിരുന്ന ഒരു മുയലുണ്ടായിരുന്നു. ചിലപ്പോഴൊക്കെ അവളുടെ രൂപങ്ങൾക്കു മുയലിന്റെ തലയായിരുന്നു.”
f 2005 ഡിസംബർ 15 ലക്കം വീക്ഷാഗോപുരത്തിലെ “ക്രിസ്തുമസ്സ് കാലം—അത് എന്തിൽ കേന്ദ്രീകരിച്ചിരിക്കുന്നു?” എന്ന ലേഖനത്തിന്റെ 6-ാം പേജിലെ വിവരങ്ങളും 2002 ഫെബ്രുവരി 8 ലക്കം ഉണരുക!-യുടെ 20-21 പേജുകളിലെ, “ബൈബിളിന്റെ വീക്ഷണം: ക്രിസ്ത്യാനികൾ പുതുവത്സര ആഘോഷങ്ങളിൽ പങ്കെടുക്കണമോ?” എന്ന ലേഖനവും കാണുക.
g വിവാഹത്തെയും സാമൂഹികകൂടിവരവുകളെയും കുറിച്ച് 2006 ഒക്ടോബർ 15 ലക്കം വീക്ഷാഗോപുരത്തിൽ പ്രസിദ്ധീകരിച്ച മൂന്നു ലേഖനങ്ങൾ കാണുക.
i യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ചത്.