അനുബന്ധം
പുറത്താക്കപ്പെട്ട ഒരാളോട് എങ്ങനെ ഇടപെടണം?
പാപം ചെയ്തിട്ട് പശ്ചാത്തപിക്കാത്തതുകൊണ്ട് ഒരു ബന്ധുവോ ഉറ്റ സുഹൃത്തോ സഭയിൽനിന്ന് പുറത്താക്കപ്പെടുന്നത് എത്ര ഹൃദയഭേദകമാണ്! ഈ വിഷയം സംബന്ധിച്ച ബൈബിളിന്റെ നിർദേശങ്ങളോടുള്ള നമ്മുടെ പ്രതികരണം, ദൈവത്തോടു നമുക്ക് എത്രത്തോളം സ്നേഹമുണ്ടെന്നും ഈ ക്രമീകരണത്തോടു നമ്മൾ എത്ര വിശ്വസ്തരാണെന്നും വ്യക്തമാക്കും.a ഇതിനോടു ബന്ധപ്പെട്ട ചില ചോദ്യങ്ങൾ നമുക്ക് ഇപ്പോൾ ചിന്തിക്കാം.
പുറത്താക്കപ്പെട്ട ഒരാളോട് എങ്ങനെ ഇടപെടണം? ബൈബിൾ പറയുന്നു: ‘എന്നാൽ സഹോദരൻ എന്നു നമ്മൾ വിളിക്കുന്ന ഒരാൾ അധാർമികപ്രവൃത്തികൾ ചെയ്യുന്നയാളോ അത്യാഗ്രഹിയോ വിഗ്രഹാരാധകനോ അധിക്ഷേപിക്കുന്നയാളോ കുടിയനോ പിടിച്ചുപറിക്കാരനോ ആണെങ്കിൽ അയാളുമായുള്ള കൂട്ടുകെട്ട് ഉപേക്ഷിക്കണം. അയാളുടെകൂടെ ഭക്ഷണം കഴിക്കാൻപോലും പാടില്ല.’ (1 കൊരിന്ത്യർ 5:11) ‘ക്രിസ്തുവിന്റെ ഉപദേശത്തിൽ നിലനിൽക്കാത്ത’ ഏതൊരാളെയുംകുറിച്ച് ബൈബിൾ പറയുന്നതു ശ്രദ്ധിക്കുക: “അയാളെ വീട്ടിൽ സ്വീകരിക്കാനോ അഭിവാദനം ചെയ്യാനോ പാടില്ല. അയാളെ അഭിവാദനം ചെയ്യുന്നയാൾ അയാളുടെ ദുഷ്ചെയ്തികളിൽ പങ്കാളിയാണ്.” (2 യോഹന്നാൻ 9-11) പുറത്താക്കപ്പെട്ടവരുമായി നമ്മൾ ആത്മീയകാര്യങ്ങൾ സംസാരിക്കുകയോ അവരോടൊത്ത് സാമൂഹികകൂടിവരവുകളിൽ സംബന്ധിക്കുകയോ ചെയ്യില്ല. 1981 സെപ്റ്റംബർ 15 ലക്കം വീക്ഷാഗോപുരം (ഇംഗ്ലീഷ്) 25-ാം പേജിൽ ഇങ്ങനെ പറയുന്നു: “ആരോടെങ്കിലും വെറുതേ ‘ഹലോ’ പറയുന്നത് ഒരു സംഭാഷണത്തിലേക്ക്, ഒരു സുഹൃദ്ബന്ധത്തിലേക്കുപോലും നയിച്ചേക്കാവുന്ന ആദ്യപടി ആയിത്തീർന്നേക്കാം. പുറത്താക്കപ്പെട്ട ഒരു വ്യക്തിയോടുള്ള ബന്ധത്തിൽ ആ ആദ്യപടി സ്വീകരിക്കാൻ നമ്മൾ ആഗ്രഹിക്കുമോ?”
പുറത്താക്കപ്പെട്ടവരുമായുള്ള സഹവാസം പാടേ ഒഴിവാക്കണമെന്നുണ്ടോ? ഉണ്ട്. അതിനു പല കാരണങ്ങളാണുള്ളത്. ദൈവത്തോടും ദൈവവചനത്തോടും ഉള്ള വിശ്വസ്തത ഉൾപ്പെട്ടിരിക്കുന്നു എന്നതാണ് ഒരു കാരണം. എളുപ്പമായിരിക്കുമ്പോൾ മാത്രമല്ല, വെല്ലുവിളികളുള്ളപ്പോഴും നമ്മൾ യഹോവയെ അനുസരിക്കുന്നു. ദൈവത്തോടുള്ള സ്നേഹം ദൈവത്തിന്റെ എല്ലാ കല്പനകളും അനുസരിക്കാൻ നമ്മളെ പ്രചോദിപ്പിക്കുന്നു; കാരണം, യഹോവ നീതിമാനും സ്നേഹനിധിയും ആണെന്നും യഹോവയുടെ നിയമങ്ങൾ പിൻപറ്റുന്നതുകൊണ്ട് നമുക്കു നന്മ മാത്രമേ വരൂ എന്നും നമുക്ക് അറിയാം. (യശയ്യ 48:17; 1 യോഹന്നാൻ 5:3) പശ്ചാത്താപമില്ലാത്ത ഒരു പാപിയുമായുള്ള എല്ലാ ബന്ധങ്ങളും വിച്ഛേദിക്കുന്നതു നമ്മളെയും സഭയിലെ മറ്റുള്ളവരെയും ആത്മീയവും ധാർമികവും ആയ ദുഷിപ്പിൽനിന്ന് സംരക്ഷിക്കുമെന്നു മാത്രമല്ല സഭയുടെ സത്പേര് നിലനിറുത്താൻ സഹായിക്കുകയും ചെയ്യും. അതാണു രണ്ടാമത്തെ കാരണം. (1 കൊരിന്ത്യർ 5:6, 7) ഇനിയും മൂന്നാമതായി, ബൈബിൾതത്ത്വങ്ങളുടെ കാര്യത്തിൽ നമ്മളെടുക്കുന്ന ഉറച്ച നിലപാട്, പുറത്താക്കപ്പെട്ട വ്യക്തിക്കുതന്നെ പ്രയോജനം ചെയ്തേക്കാം. നീതിന്യായക്കമ്മിറ്റിയുടെ തീരുമാനത്തെ നമ്മൾ പിന്തുണച്ചാൽ, സഹായിക്കാനുള്ള മൂപ്പന്മാരുടെ ശ്രമങ്ങളോട് അതുവരെയും അനുകൂലമായി പ്രതികരിക്കാതിരുന്ന ദുഷ്പ്രവൃത്തിക്കാരൻ തിരിഞ്ഞുചിന്തിക്കുന്നതിന് ഇടയായേക്കാം. പ്രിയപ്പെട്ടവരുമായുള്ള വിലയേറിയ ബന്ധം നഷ്ടപ്പെട്ടെന്ന വസ്തുത, ‘സുബോധമുണ്ടാകാനും’ തന്റെ തെറ്റിന്റെ ഗൗരവം മനസ്സിലാക്കി യഹോവയുടെ അടുത്തേക്കു മടങ്ങിവരാനും ആ വ്യക്തിക്കു പ്രചോദനമായേക്കാം.—ലൂക്കോസ് 15:17.
പുറത്താക്കപ്പെട്ടിരിക്കുന്നത് ഒരു അടുത്ത കുടുംബാംഗമോ ബന്ധുവോ ആണെങ്കിലോ? അത്തരമൊരു സാഹചര്യത്തിൽ, കുടുംബാംഗങ്ങൾക്കിടയിലുള്ള അടുത്ത ബന്ധം വിശ്വസ്തതയ്ക്ക് ഒരു പരിശോധനയായിത്തീരാനിടയുണ്ട്. അങ്ങനെയെങ്കിൽ, പുറത്താക്കപ്പെട്ട ഒരു കുടുംബാംഗത്തോടോ ബന്ധുവിനോടോ നമ്മൾ എങ്ങനെയാണ് ഇടപെടേണ്ടത്? ബന്ധപ്പെട്ട എല്ലാ സാഹചര്യങ്ങളും ഇവിടെ ചർച്ചചെയ്യാനാകില്ല. എങ്കിലും പ്രധാനപ്പെട്ട രണ്ടു സാഹചര്യങ്ങൾ നമുക്ക് ഇപ്പോൾ ശ്രദ്ധിക്കാം.
പുറത്താക്കപ്പെട്ട വ്യക്തി ഒരു അടുത്ത കുടുംബാംഗമാണെന്നിരിക്കട്ടെ. അദ്ദേഹം നിങ്ങളോടൊപ്പം ഒരേ വീട്ടിലാണു താമസിക്കുന്നതെന്നും കരുതുക. പുറത്താക്കപ്പെട്ടു എന്ന കാരണത്താൽ കുടുംബബന്ധങ്ങൾ ഇല്ലാതാകുന്നില്ല. അതുകൊണ്ടുതന്നെ ദൈനംദിന കുടുംബകാര്യാദികളിൽനിന്ന് ആ വ്യക്തിയെ മാറ്റിനിറുത്താനാകില്ലായിരിക്കാം. പക്ഷേ അയാൾ വിശ്വാസികളായ കുടുംബാംഗങ്ങളുമായുള്ള ആത്മീയബന്ധം വിച്ഛേദിച്ചിരിക്കുകയാണെന്ന കാര്യം മറക്കരുത്. അതുകൊണ്ട് ആ വ്യക്തിയുമായുള്ള ഏതൊരു ആത്മീയസഹവാസവും അവർ ഒഴിവാക്കണം. ഉദാഹരണത്തിന്, കുടുംബാംഗങ്ങൾ കുടുംബാരാധനയ്ക്കു കൂടിവരുമ്പോൾ പുറത്താക്കപ്പെട്ട വ്യക്തി സന്നിഹിതനാണെങ്കിൽ, അഭിപ്രായങ്ങൾ പറഞ്ഞുകൊണ്ടോ മറ്റോ അയാൾ അതിൽ പങ്കെടുക്കാൻ പ്രതീക്ഷിക്കുന്നില്ല. എന്നാൽ പുറത്താക്കപ്പെട്ടിരിക്കുന്നത് ഒരു മൈനറാണെങ്കിൽ, അവനെ പഠിപ്പിക്കാനും അവനു ശിക്ഷണം നൽകാനും ഉള്ള ഉത്തരവാദിത്വം മാതാപിതാക്കൾക്കുണ്ട്. അതിനാൽ സ്നേഹനിധികളായ മാതാപിതാക്കൾ അവനുമൊത്ത് ബൈബിൾപഠനം നടത്താൻ തീരുമാനിച്ചേക്കാം.b—സുഭാഷിതങ്ങൾ 6:20-22; 29:17.
ഇനി, പുറത്താക്കപ്പെട്ടതു നിങ്ങളുടെ ഒരു ബന്ധുവാണെന്നും അദ്ദേഹം നിങ്ങളോടൊപ്പമല്ല താമസിക്കുന്നതെന്നും വിചാരിക്കുക. പ്രധാനപ്പെട്ട ഏതെങ്കിലും കുടുംബകാര്യങ്ങൾക്കുവേണ്ടി അപൂർവം ചില സന്ദർഭങ്ങളിൽ അയാളുമായി ഇടപെടേണ്ടിവന്നേക്കാമെങ്കിലും അതു പരിമിതമാക്കിനിറുത്താൻ ശ്രദ്ധിക്കണം. അങ്ങനെയുള്ള ഒരു ബന്ധുവുമായി സമ്പർക്കം പുലർത്തുന്നതിനുവേണ്ടി പഴുതുകൾ കണ്ടെത്താൻ വിശ്വസ്തരായ ക്രിസ്തീയകുടുംബാംഗങ്ങൾ ശ്രമിക്കില്ല. മറിച്ച് യഹോവയോടും യഹോവയുടെ സംഘടനയോടും ഉള്ള വിശ്വസ്തത, പുറത്താക്കൽ എന്ന ഈ തിരുവെഴുത്തുക്രമീകരണത്തെ പിന്തുണയ്ക്കാൻ അവരെ പ്രേരിപ്പിക്കും. പുറത്താക്കപ്പെട്ട വ്യക്തിയുടെ നന്മ മനസ്സിൽ കണ്ടുകൊണ്ടാണ് അവർ അങ്ങനെയൊരു നിലപാടു സ്വീകരിക്കുന്നത്. ലഭിച്ച ശിക്ഷണത്തിൽനിന്ന് പ്രയോജനം നേടാൻ അത് ആ വ്യക്തിയെ സഹായിച്ചേക്കാം.c—എബ്രായർ 12:11.
a ഇതേ ബൈബിൾതത്ത്വങ്ങൾ സഭയിൽനിന്ന് നിസ്സഹവസിച്ചവരുടെ കാര്യത്തിലും ബാധകമാണ്.
b വീട്ടിൽ താമസിക്കുന്ന, പുറത്താക്കപ്പെട്ട മൈനറെ സംബന്ധിച്ചുള്ള കൂടുതലായ വിവരങ്ങൾക്കു വീക്ഷാഗോപുരത്തിന്റെ 2001 ഒക്ടോബർ 1 ലക്കം 16-17 പേജുകളും 1989 ആഗസ്റ്റ് 1 ലക്കം 22-23 പേജുകളും കാണുക.
c പുറത്താക്കപ്പെട്ട ബന്ധുക്കളോട് എങ്ങനെ ഇടപെടണം എന്നതു സംബന്ധിച്ച കൂടുതലായ തിരുവെഴുത്താശയങ്ങൾക്ക് 1988 ഒക്ടോബർ 1 ലക്കം വീക്ഷാഗോപുരത്തിന്റെ 21-25 പേജുകളും 2002 ആഗസ്റ്റ് ലക്കം നമ്മുടെ രാജ്യ ശുശ്രൂഷയുടെ 3, 4 പേജുകളും കാണുക.