ഒരു കുടുംബാംഗമോ ബന്ധുവോ പുറത്താക്കപ്പെടുമ്പോൾ ക്രിസ്തീയ വിശ്വസ്തത പ്രകടമാക്കുക
1. ഏതു സാഹചര്യം ഒരു ക്രിസ്ത്യാനിയുടെ വിശ്വസ്തതയ്ക്കു പരിശോധനയായേക്കാം?
1 കുടുംബാംഗങ്ങൾ തമ്മിലുള്ള ബന്ധം വളരെ ശക്തമായിരിക്കാവുന്നതാണ്. വിവാഹ ഇണയോ കുട്ടിയോ മാതാപിതാക്കളിൽ ആരെങ്കിലുമോ അടുത്ത ബന്ധത്തിൽപ്പെട്ട മറ്റാരെങ്കിലുമോ പുറത്താക്കപ്പെടുകയോ സഭയുമായുള്ള സഹവാസം ഉപേക്ഷിക്കുകയോ ചെയ്യുമ്പോൾ അതു ക്രിസ്ത്യാനിക്ക് ഒരു പരിശോധനയാണ്. (മത്താ. 10:37) വിശ്വസ്ത ക്രിസ്ത്യാനികൾ അത്തരമൊരാളോട് എങ്ങനെ പെരുമാറണം? നിങ്ങളുടെ ഭവനത്തിലാണ് ആ വ്യക്തി താമസിക്കുന്നതെങ്കിലോ? ആദ്യമായി, പുറത്താക്കപ്പെടുന്നവർക്കും നിസ്സഹവസിക്കുന്നവർക്കും ഒരുപോലെ ബാധകമാകുന്ന ബൈബിൾ തത്ത്വങ്ങൾ നമുക്കു പരിചിന്തിക്കാം.
2. ബൈബിൾ പറയുന്നതനുസരിച്ച്, സഭയിൽനിന്നു പുറത്താക്കപ്പെട്ടവരോട് ക്രിസ്ത്യാനികൾ എങ്ങനെയാണു പെരുമാറേണ്ടത്?
2 പുറത്താക്കപ്പെട്ടവരോടു പെരുമാറേണ്ട വിധം: സഭയിൽനിന്നു പുറത്താക്കപ്പെട്ട ഒരു വ്യക്തിയോടു സഹവാസമോ സഖിത്വമോ പുലർത്തുന്നതിൽനിന്ന് ഒഴിഞ്ഞുനിൽക്കാൻ ദൈവവചനം പിൻവരുന്ന പ്രകാരം ക്രിസ്ത്യാനികളോടു കൽപ്പിക്കുന്നു: “സഹോദരൻ എന്നു പേർപെട്ട ഒരുവൻ ദുർന്നടപ്പുകാരനോ അത്യാഗ്രഹിയോ വിഗ്രഹാരാധിയോ വാവിഷ്ഠാണക്കാരനോ മദ്യപനോ പിടിച്ചുപറിക്കാരനോ ആകുന്നു എങ്കിൽ അവനോടു സംസർഗ്ഗം അരുതു; അങ്ങനെയുള്ളവനോടുകൂടെ ഭക്ഷണം കഴിക്കപോലും അരുതു . . . ആ ദുഷ്ടനെ നിങ്ങളുടെ ഇടയിൽനിന്നു നീക്കിക്കളവിൻ.” (1 കൊരി. 5:11, 13) മത്തായി 18:17-ൽ രേഖപ്പെടുത്തിയിരിക്കുന്ന യേശുവിന്റെ വാക്കുകളും ഇവിടെ പ്രസക്തമാണ്: ‘അവൻ [പുറത്താക്കപ്പെട്ടവൻ] നിനക്കു പുറജാതിക്കാരനും ചുങ്കക്കാരനും എന്നപോലെ ഇരിക്കട്ടെ.’ അക്കാലത്തെ യഹൂദന്മാർക്ക് പുറജാതികളുമായി യാതൊരു സഖിത്വവും ഉണ്ടായിരുന്നില്ലെന്നും അവർ ചുങ്കക്കാരെ സമൂഹഭ്രഷ്ടരെന്നനിലയിൽ അകറ്റിനിറുത്തിയിരുന്നെന്നും യേശുവിന്റെ ശ്രോതാക്കൾക്കു നന്നായി അറിയാമായിരുന്നു. യേശുക്രിസ്തു അങ്ങനെ, പുറത്താക്കപ്പെട്ടവരുമായി സഹവസിക്കരുതെന്ന് തന്റെ അനുഗാമികളെ പ്രബോധിപ്പിക്കുകയായിരുന്നു.—1981 സെപ്റ്റംബർ 15 ലക്കം വീക്ഷാഗോപുരത്തിന്റെ (ഇംഗ്ലീഷ്) 18-20 പേജുകൾ കാണുക.
3, 4. പുറത്താക്കപ്പെട്ടവരുമായും നിസ്സഹവസിച്ചവരുമായും ഉള്ള ഏതുതരം സഹവാസത്തെ വിലക്കിയിരിക്കുന്നു?
3 സഭയിൽനിന്നു പുറത്താക്കപ്പെട്ട ആരുമായും വിശ്വസ്ത ക്രിസ്ത്യാനികൾക്ക് ആത്മീയ സഹവാസം പാടില്ല എന്നാണ് ഇതിന്റെ അർഥം. അതു മാത്രമല്ല ഇതിൽ ഉൾപ്പെട്ടിരിക്കുന്നത്. നാം ‘അങ്ങനെയുള്ളവനോടുകൂടെ ഭക്ഷണം കഴിക്കപോലും അരുതു’ എന്നു ദൈവവചനം പ്രസ്താവിക്കുന്നു. (1 കൊരി. 5:11) അതുകൊണ്ട്, പുറത്താക്കപ്പെട്ട ഒരു വ്യക്തിയുമായുള്ള സാമൂഹിക സഹവാസവും നാം ഒഴിവാക്കുന്നു. അയാളോടൊപ്പം പിക്നിക്കിന് പോകുന്നതും പാർട്ടിയിലോ കായികവിനോദത്തിലോ ഏർപ്പെടുന്നതും ഒരുമിച്ച് സാധനങ്ങൾ വാങ്ങാൻ പോകുന്നതും തീയറ്ററിൽ പോകുന്നതും വീട്ടിലോ പുറത്തെവിടെയെങ്കിലുമോ വെച്ച് ഒരുമിച്ച് ഭക്ഷണം കഴിക്കുന്നതും നാം ഒഴിവാക്കും.
4 പുറത്താക്കപ്പെട്ട വ്യക്തിയോടു സംസാരിക്കുന്നതു സംബന്ധിച്ചോ? സാധ്യതയുള്ള എല്ലാ സന്ദർഭങ്ങളെയും കുറിച്ചു ബൈബിൾ പരാമർശിക്കുന്നില്ലെങ്കിലും, യഹോവ കാര്യങ്ങളെ എങ്ങനെ വീക്ഷിക്കുന്നുവെന്നു മനസ്സിലാക്കാൻ 2 യോഹന്നാൻ 10 നമ്മെ സഹായിക്കുന്നു: “ഒരുത്തൻ ഈ ഉപദേശവുംകൊണ്ടു അല്ലാതെ നിങ്ങളുടെ അടുക്കൽ വന്നുവെങ്കിൽ അവനെ വീട്ടിൽ കൈക്കൊള്ളരുതു; അവന്നു കുശലം പറകയും അരുതു.” ഇതു സംബന്ധിച്ച് 1981 സെപ്റ്റംബർ 15 ലക്കം വീക്ഷാഗോപുരം 25-ാം പേജിൽ ഇങ്ങനെ പറയുന്നു: “ആരോടെങ്കിലും വെറുതെ ‘ഹലോ’ പറയുന്നത് ഒരു സംഭാഷണത്തിലേക്ക്, ഒരു സൗഹൃദബന്ധത്തിലേക്കു പോലും നയിച്ചേക്കാവുന്ന ആദ്യ പടി ആയിത്തീർന്നേക്കാവുന്നതാണ്. പുറത്താക്കപ്പെട്ട ഒരു വ്യക്തിയോടുള്ള ബന്ധത്തിൽ ആ ആദ്യ പടി സ്വീകരിക്കാൻ നാം ആഗ്രഹിക്കുമോ?”
5. പുറത്താക്കപ്പെടുമ്പോൾ ഒരു വ്യക്തിക്ക് എന്തെല്ലാം നഷ്ടമാകുന്നു?
5 വാസ്തവത്തിൽ ഇത് അതേ ലക്കം വീക്ഷാഗോപുരത്തിന്റെ 31-ാം പേജിൽ പ്രസ്താവിക്കുന്നതു പോലെയാണ്: “പാപത്തിനു വഴിപ്പെട്ട് പുറത്താക്കപ്പെടേണ്ടിവരുന്ന ഒരു ക്രിസ്ത്യാനിക്കു വളരെയധികം കാര്യങ്ങൾ നഷ്ടമാകുന്നു: ദൈവമുമ്പാകെയുള്ള അംഗീകൃത നില, . . . ക്രിസ്ത്യാനികളായ കുടുംബാംഗങ്ങളുമായി ഉണ്ടായിരുന്ന സഹവാസം ഉൾപ്പെടെ സഹോദരങ്ങളോടൊത്തുള്ള ഹൃദ്യമായ കൂട്ടായ്മ എന്നിവയെല്ലാം.”
6. ഒരേ ഭവനത്തിൽ താമസിക്കുന്ന പുറത്താക്കപ്പെട്ട ഒരു കുടുംബാംഗത്തോടുള്ള സകല സഹവാസവും ഒരു ക്രിസ്ത്യാനി വിച്ഛേദിക്കേണ്ടതുണ്ടോ? വിശദീകരിക്കുക.
6 ഒരേ ഭവനത്തിൽ ആയിരിക്കുമ്പോൾ: ക്രിസ്ത്യാനികൾ പുറത്താക്കപ്പെട്ട ഒരു കുടുംബാംഗത്തോടൊപ്പം ഒരേ ഭവനത്തിലാണു താമസിക്കുന്നതെങ്കിൽ, അവർ ആ വ്യക്തിയുമായി സംസാരിക്കുന്നതും അയാളോടൊത്തു ഭക്ഷണം കഴിക്കുന്നതും ദൈനംദിന കാര്യാദികൾക്കിടയിൽ അയാളുമായി സഹവസിക്കുന്നതും ഒഴിവാക്കണമെന്നാണോ അതിന്റെ അർഥം? 1992 ഫെബ്രുവരി 1 ലക്കം വീക്ഷാഗോപുരത്തിന്റെ 21-ാം പേജിലെ അടിക്കുറിപ്പ് ഇപ്രകാരം പറയുന്നു: “ഒരു ക്രിസ്തീയ ഭവനത്തിൽ പുറത്താക്കപ്പെട്ട ഒരു കുടുംബാംഗമുണ്ടെങ്കിൽ ആ വ്യക്തി ആ ഭവനത്തിലെ സാധാരണ അനുദിന ഇടപെടലുകളിലും പ്രവർത്തനങ്ങളിലും അപ്പോഴും പങ്കുചേരും.” അതുകൊണ്ട്, ഭക്ഷണസമയത്തോ കുടുംബപരമായ മറ്റു പ്രവർത്തനങ്ങളിലോ അയാളെ എത്രത്തോളം ഉൾപ്പെടുത്താമെന്നു കുടുംബാംഗങ്ങളാണു തീരുമാനിക്കേണ്ടത്. എന്നാൽ, അയാളെ പുറത്താക്കുന്നതിനു മുമ്പ് ആയിരുന്നതുപോലെതന്നെയാണ് ഇപ്പോഴും കാര്യങ്ങളെല്ലാം നടക്കുന്നത് എന്ന ധാരണ മറ്റു സഹോദരങ്ങൾക്കു നൽകാൻ അവർ ആഗ്രഹിക്കുന്നില്ല.
7. കുടുംബത്തിലെ ഒരംഗം പുറത്താക്കപ്പെടുമ്പോൾ, ഭവനത്തിലെ ആത്മീയ സഹവാസത്തിനു വരുന്ന മാറ്റമെന്ത്?
7 എന്നിരുന്നാലും, പുറത്താക്കപ്പെടുകയോ നിസ്സഹവസിക്കുകയോ ചെയ്ത വ്യക്തിയെ സംബന്ധിച്ച് 1981 സെപ്റ്റംബർ 15 ലക്കം വീക്ഷാഗോപുരത്തിന്റെ 28-ാം പേജ് ഇപ്രകാരം ചൂണ്ടിക്കാട്ടുന്നു: “മുമ്പുണ്ടായിരുന്ന ആത്മീയ ബന്ധങ്ങൾ പൂർണമായി വിച്ഛേദിക്കപ്പെട്ടിരിക്കുന്നു. സ്വന്ത കുടുംബത്തിലുള്ളവർ ഉൾപ്പെടെ, അയാളുടെ ബന്ധുക്കൾക്കുപോലും ഇതു ബാധകമാണ്. . . . വീട്ടിൽ ഉണ്ടായിരുന്നേക്കാവുന്ന ആത്മീയ സഹവാസത്തിൽ മാറ്റങ്ങൾ വരുത്തുന്നതിനെ അത് അർഥമാക്കും. ഉദാഹരണത്തിന്, ഭർത്താവ് പുറത്താക്കപ്പെട്ടെങ്കിൽ, അദ്ദേഹം കുടുംബ ബൈബിൾ അധ്യയനം നടത്തുന്നതിലും ബൈബിൾ വായിക്കുന്നതിലോ പ്രാർഥിക്കുന്നതിലോ നേതൃത്വമെടുക്കുന്നതിലും ഭാര്യയ്ക്കും കുട്ടികൾക്കും ബുദ്ധിമുട്ടു തോന്നും. ഭക്ഷണ സമയം പോലുള്ള വേളകളിൽ അദ്ദേഹം പ്രാർഥിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ, സ്വന്തം ഭവനത്തിൽ അതു ചെയ്യാനുള്ള അവകാശം അദ്ദേഹത്തിനുണ്ട്. എന്നാൽ മറ്റുള്ളവർക്കു നിശ്ശബ്ദം ദൈവത്തോടു പ്രാർഥിക്കാൻ കഴിയും. (സദൃ. 28:9; സങ്കീ. 119:145, 146) കുടുംബം ഒരുമിച്ച് ബൈബിൾ വായിക്കുകയോ ബൈബിൾ അധ്യയനം നടത്തുകയോ ചെയ്യുമ്പോൾ വീട്ടിലെ പുറത്താക്കപ്പെട്ട ഒരു വ്യക്തി സന്നിഹിതനാകാൻ ആഗ്രഹിക്കുന്നെങ്കിലോ? പഠിപ്പിക്കാനോ തന്റെ മതപരമായ ആശയങ്ങൾ പങ്കുവെക്കാനോ ശ്രമിക്കുന്നില്ലെങ്കിൽ, അവിടെ സന്നിഹിതനാകാനും ശ്രദ്ധിച്ചിരിക്കാനും മറ്റു കുടുംബാംഗങ്ങൾക്ക് അദ്ദേഹത്തെ അനുവദിക്കാവുന്നതാണ്.”
8. വീട്ടിൽ താമസിക്കുന്ന പുറത്താക്കപ്പെട്ട മൈനറായ കുട്ടിയോടുള്ള ബന്ധത്തിൽ മാതാപിതാക്കൾക്ക് എന്ത് ഉത്തരവാദിത്വമുണ്ട്?
8 വീട്ടിൽ താമസിക്കുന്ന മൈനറായ ഒരു കുട്ടിയാണ് പുറത്താക്കപ്പെടുന്നതെങ്കിൽ, അവനെ വളർത്തിക്കൊണ്ടുവരുന്നതിനുള്ള ഉത്തരവാദിത്വം ക്രിസ്തീയ മാതാപിതാക്കൾക്ക് അപ്പോഴുമുണ്ട്. 1989 ആഗസ്റ്റ് 1 ലക്കം വീക്ഷാഗോപുരത്തിന്റെ 23-ാം പേജ് ഇങ്ങനെ പ്രസ്താവിക്കുന്നു: “അവർ അവന് ആഹാരവും വസ്ത്രവും അഭയവും കൊടുക്കുന്നതിൽ തുടരുന്നതുപോലെ അവർ ദൈവവചനത്തിനു ചേർച്ചയായി അവന് പ്രബോധനവും ശിക്ഷണവും കൊടുക്കേണ്ട ആവശ്യമുണ്ട്. (സദൃശവാക്യങ്ങൾ 6:20-22; 29:17) അങ്ങനെ സ്നേഹമുള്ള മാതാപിതാക്കൻമാർക്ക് അവരുമായി ഒരു ഭവനബൈബിളദ്ധ്യയനം നടത്താൻ ക്രമീകരിക്കാവുന്നതാണ്, അവൻ പുറത്താക്കപ്പെട്ടിരിക്കുന്നുവെങ്കിൽ പോലും. ഒരുപക്ഷേ, അവർ അവനുമായി അദ്ധ്യയനം നടത്തുന്നതിൽനിന്ന് അവന് ഏററവും അധികം തിരുത്തൽ പ്രയോജനം ലഭിക്കും. അല്ലെങ്കിൽ കുടുംബ അദ്ധ്യയന ക്രമീകരണത്തിൽ പങ്കുപററുന്നതിൽ അവന് തുടരാൻ കഴിയുമെന്ന് അവർക്ക് തീരുമാനിക്കാവുന്നതാണ്.”—2001 ഒക്ടോബർ 1 ലക്കം വീക്ഷാഗോപുരത്തിന്റെ 16-17 പേജുകൾ കൂടെ കാണുക.
9. മറ്റൊരു വീട്ടിൽ താമസിക്കുന്ന ബന്ധത്തിൽപ്പെട്ട പുറത്താക്കപ്പെട്ടവരുമായി ഒരു ക്രിസ്ത്യാനിക്ക് എത്രത്തോളം സമ്പർക്കമാകാം?
9 ഒരേ വീട്ടിൽ അല്ലാത്ത ബന്ധത്തിൽപ്പെട്ടവർ: 1988 ഒക്ടോബർ 1 ലക്കം വീക്ഷാഗോപുരത്തിന്റെ 23-ാം പേജ് ഇങ്ങനെ പറയുന്നു: ‘പുറത്താക്കപ്പെട്ടതോ നിസ്സഹവസിച്ചതോ ആയ വ്യക്തി അടുത്ത കുടുംബവൃത്തത്തിനും ഭവനത്തിനും പുറത്തു വസിക്കുന്ന ഒരു ബന്ധു ആണെങ്കിൽ സാഹചര്യം വ്യത്യസ്തമാണ്. ആ ബന്ധുവുമായി മിക്കവാറും യാതൊരു സമ്പർക്കവുമില്ലാതിരിക്കുക സാദ്ധ്യമായിരിക്കാം. സമ്പർക്കമാവശ്യമാക്കിത്തീർക്കുന്ന ചില കുടുംബകാര്യങ്ങൾ ഉണ്ടെങ്കിൽ തന്നെ ആ സമ്പർക്കത്തെ ഏററവും കുറഞ്ഞതാക്കി നിർത്തണം.’ അനുതാപമില്ലാതെ പാപം ചെയ്യുന്ന “ഏതൊരുവനോടുമുള്ള സംസർഗം നിറുത്തുക” എന്ന ദിവ്യ കൽപ്പനയോടു ചേർച്ചയിലാണ് അത്. (1 കൊരി. 5:11, NW) വിശ്വസ്ത ക്രിസ്ത്യാനികൾ അത്തരമൊരു ബന്ധുവുമായുള്ള അനാവശ്യ സഹവാസം ഒഴിവാക്കാനും ആ വ്യക്തിയുമായുള്ള ബിസിനസ് ഇടപാടുകൾ പോലും പരമാവധി കുറച്ചുനിറുത്താനും ശ്രമിക്കണം.—1981 സെപ്റ്റംബർ 15 ലക്കം വീക്ഷാഗോപുരത്തിന്റെ 29-30 പേജുകൾ കൂടെ കാണുക.
10, 11. പുറത്താക്കപ്പെട്ട ഒരു കുടുംബാംഗത്തെ തന്റെ വീട്ടിൽവന്നു താമസിക്കാൻ അനുവദിക്കുന്നതിന് മുമ്പ് ഒരു ക്രിസ്ത്യാനി എന്തു പരിചിന്തിക്കും?
10 ഉണ്ടാകാനിടയുള്ള മറ്റൊരു സാഹചര്യത്തിലേക്ക് വീക്ഷാഗോപുരം നമ്മുടെ ശ്രദ്ധ ക്ഷണിക്കുന്നു: “മറ്റൊരു വീട്ടിൽ താമസിക്കുന്ന പുറത്താക്കപ്പെട്ട ഒരു മകനോ മാതാപിതാക്കളിൽ ഒരാളോ പോലുള്ള ഒരു കുടുംബാംഗം പിന്നീട് വീട്ടിൽവന്നു താമസിക്കാൻ ആഗ്രഹിക്കുന്നെങ്കിലോ? സാഹചര്യത്തെ വിലയിരുത്തി എന്തു ചെയ്യണമെന്ന് കുടുംബത്തിനു തീരുമാനിക്കാവുന്നതാണ്. ഉദാഹരണത്തിന്, പുറത്താക്കപ്പെട്ട ഒരു മാതാവോ പിതാവോ രോഗിയായിത്തീരുകയോ അവർക്കു സാമ്പത്തികമോ ശാരീരികമോ ആയ പിന്തുണ ആവശ്യമായി വരികയോ ചെയ്തേക്കാം. ക്രിസ്തീയ മക്കൾക്ക് അവരെ സഹായിക്കാനുള്ള തിരുവെഴുത്തുപരവും ധാർമികവുമായ കടപ്പാടുണ്ട്. (1 തിമൊ. 5:8) . . . ആ വ്യക്തിയുടെ യഥാർഥ ആവശ്യം, മനോഭാവം, കുടുംബത്തിന്റെ ആത്മീയ ക്ഷേമം സംബന്ധിച്ച് കുടുംബത്തലവനുള്ള താത്പര്യം എന്നീ ഘടകങ്ങളുടെ അടിസ്ഥാനത്തിലായിരിക്കാം എന്തു ചെയ്യണമെന്നു തീരുമാനിക്കുന്നത്.”—1981 സെപ്റ്റംബർ 15 ലക്കം വീക്ഷാഗോപുരത്തിന്റെ 28-9 പേജുകൾ.
11 സ്വന്തം മക്കളുടെ കാര്യത്തിൽ അതേ ലേഖനം തുടർന്ന് ഇങ്ങനെ പറയുന്നു: “ശാരീരികമോ വൈകാരികമോ ആയി രോഗബാധിതനായ പുറത്താക്കപ്പെട്ട മകനെ തങ്ങളോടൊപ്പം കുറെക്കാലം കഴിയാൻ ചിലപ്പോൾ ക്രിസ്തീയ മാതാപിതാക്കൾ അനുവദിച്ചിട്ടുണ്ട്. എന്നാൽ അത്തരമൊരു സാഹചര്യത്തിൽ മാതാപിതാക്കൾക്ക് അവന്റെ സാഹചര്യങ്ങൾ വിലയിരുത്താൻ കഴിയും. പുറത്താക്കപ്പെട്ട മകനു സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തി ഉണ്ടായിരിക്കുകയും ഇപ്പോൾ അതിനു സാധിക്കാതെ വരുകയും ചെയ്തിരിക്കുന്നുവോ? അതോ, അല്ലലില്ലാതെ ജീവിക്കാമെന്നു വിചാരിച്ചു മാത്രമാണോ അവൻ മുഖ്യമായും തിരിച്ചുവരാൻ ആഗ്രഹിക്കുന്നത്? അവന്റെ ധാർമിക നിലവാരങ്ങളും മനോഭാവവും സംബന്ധിച്ചെന്ത്? അവൻ കുടുംബത്തിലേക്കു ‘പുളിപ്പ്’ കൊണ്ടുവരുമോ?—ഗലാ. 5:9.”
12. പുറത്താക്കൽ ക്രമീകരണത്തിന്റെ ചില പ്രയോജനങ്ങൾ ഏവ?
12 യഹോവയോടു വിശ്വസ്തരായിരിക്കുന്നതിന്റെ പ്രയോജനങ്ങൾ: പുറത്താക്കാനും അനുതാപമില്ലാത്ത ദുഷ്പ്രവൃത്തിക്കാരെ അകറ്റി നിറുത്താനുമുള്ള തിരുവെഴുത്തു ക്രമീകരണത്തോടു സഹകരിക്കുന്നതു പ്രയോജനകരമാണ്. അത് സഭയുടെ ശുദ്ധി കാത്തുസൂക്ഷിക്കുകയും ബൈബിളിന്റെ ഉന്നത ധാർമിക നിലവാരങ്ങൾ ഉയർത്തിപ്പിടിക്കുന്നവർ എന്ന നിലയിൽ നമ്മെ വേർതിരിച്ചുകാട്ടുകയും ചെയ്യുന്നു. (1 പത്രൊ. 1:14-16) ദുഷിപ്പിക്കുന്ന സ്വാധീനങ്ങൾക്കെതിരെ അതൊരു സംരക്ഷണമാണ്. (ഗലാ. 5:7-9) ലഭിച്ച ശിക്ഷയിൽനിന്നു പൂർണ പ്രയോജനം നേടാനുള്ള അവസരം അതു ദുഷ്പ്രവൃത്തിക്കാരനു നൽകുകയും ചെയ്യുന്നു. അങ്ങനെ അത് “നീതിയെന്ന സമാധാനഫലം” പുറപ്പെടുവിക്കാൻ ആ വ്യക്തിയെ സഹായിക്കും.—എബ്രാ. 12:11.
13. ഒരു കുടുംബം എന്തു പൊരുത്തപ്പെടുത്തൽ വരുത്തി, ഫലമെന്തായിരുന്നു?
13 സർക്കിട്ട് സമ്മേളനത്തിലെ ഒരു പ്രസംഗം കേട്ടശേഷം, ഒരു സഹോദരനും അദ്ദേഹത്തിന്റെ ജഡിക സഹോദരിയും, മറ്റൊരിടത്ത് താമസിച്ചിരുന്ന, പുറത്താക്കപ്പെട്ട തങ്ങളുടെ അമ്മയോട് കഴിഞ്ഞ ആറു വർഷമായി തങ്ങൾ ഇടപെട്ടുവന്ന വിധത്തിനു മാറ്റം വരുത്തേണ്ടതാണെന്നു തിരിച്ചറിഞ്ഞു. സമ്മേളനം കഴിഞ്ഞയുടനെ, ആ സഹോദരൻ അമ്മയെ വിളിച്ച് തങ്ങൾക്ക് അവരോടു സ്നേഹമുണ്ടെങ്കിലും, സമ്പർക്കം പുലർത്തേണ്ട പ്രധാനപ്പെട്ട കുടുംബകാര്യങ്ങൾ ഉണ്ടാകാത്തപക്ഷം തങ്ങൾക്ക് അവരോടു സംസാരിക്കാനാവില്ല എന്നു പറഞ്ഞു. താമസിയാതെ, അദ്ദേഹത്തിന്റെ അമ്മ യോഗങ്ങൾക്കു ഹാജരാകാൻ തുടങ്ങി. പിന്നീടു പുനഃസ്ഥിതീകരിക്കപ്പെടുകയും ചെയ്തു. മാത്രമല്ല, അവരുടെ അവിശ്വാസിയായ ഭർത്താവും പഠിച്ചു സ്നാപനമേറ്റു.
14. പുറത്താക്കൽ ക്രമീകരണത്തെ നാം വിശ്വസ്തതയോടെ പിന്താങ്ങേണ്ടത് എന്തുകൊണ്ട്?
14 തിരുവെഴുത്തുകളിൽ പ്രതിപാദിച്ചിരിക്കുന്ന പുറത്താക്കൽ ക്രമീകരണത്തെ വിശ്വസ്തതയോടെ പിന്താങ്ങുന്നതിലൂടെ നാം യഹോവയോടുള്ള സ്നേഹം പ്രകടമാക്കുകയും അവനെ നിന്ദിക്കുന്നവന് ഉത്തരം നൽകുകയുമാണു ചെയ്യുന്നത്. (സദൃ. 27:11) അതിനു പകരമായി, നമുക്ക് യഹോവയുടെ അനുഗ്രഹം ലഭിക്കുമെന്ന് ഉറപ്പുണ്ടായിരിക്കാൻ കഴിയും. യഹോവയെ കുറിച്ച് ദാവീദ് രാജാവ് ഇങ്ങനെ എഴുതി: “അവിടുത്തെ നിയമങ്ങൾ ഞാൻ ലംഘിച്ചിട്ടില്ല. വിശ്വസ്തനോട് അവിടുന്നു വിശ്വസ്തത പുലർത്തുന്നു.”—2 ശമൂ. 22:23, 26, പി.ഒ.സി. ബൈബിൾ.