ഭാഗം 2
യഥാർഥ വിശ്വാസം എന്താണ്?
നോട്ടിന്റെ കാര്യത്തിലെന്നപോലെ, വിശ്വാസവും യഥാർഥമാണെങ്കിലേ അതിനു മൂല്യമുള്ളൂ
കേവലം ദൈവമുണ്ടെന്ന് വിശ്വസിക്കുന്നതല്ല യഥാർഥ വിശ്വാസം. ദൈവമുണ്ടെന്ന് വിശ്വസിക്കുകയും അതേസമയം അധർമം പ്രവർത്തിക്കുകയും ചെയ്യുന്ന ലക്ഷക്കണക്കിനാളുകളുണ്ട്. അത്തരം “വിശ്വാസം” കള്ളനോട്ടുപോലെയാണ്. കണ്ടാൽ യഥാർഥമാണെന്നു തോന്നും; പക്ഷേ യാതൊരു മൂല്യവുമില്ല. അങ്ങനെയെങ്കിൽ യഥാർഥ വിശ്വാസം എന്താണ്?
വിശുദ്ധ തിരുവെഴുത്തുകളെക്കുറിച്ചുള്ള സൂക്ഷ്മപരിജ്ഞാനമാണ് യഥാർഥ വിശ്വാസത്തിന് ആധാരം. ഈ നിശ്വസ്ത ലിഖിതങ്ങൾ ദൈവത്തെക്കുറിച്ചുള്ള സത്യം നമുക്കു വെളിപ്പെടുത്തിത്തരുകയും ദൈവത്തെ അടുത്തറിയാൻ നമ്മെ സഹായിക്കുകയും ചെയ്യുന്നു. ദൈവത്തിന്റെ നിയമങ്ങളെയും ഉദ്ദേശ്യങ്ങളെയും ഉപദേശങ്ങളെയും കുറിച്ചും അവ നമ്മോടു പറയുന്നു. ആ ഉപദേശങ്ങളിൽ ചിലതാണ്:
ദൈവം ഏകനും അതുല്യനുമാണ്.
യേശു (ഈസാ) സർവശക്തനായ ദൈവമല്ല, ദൈവത്തിന്റെ പ്രവാചകനാണ്.
എല്ലാത്തരം വിഗ്രഹാരാധനയും ദൈവം കുറ്റംവിധിക്കുന്നു.
മനുഷ്യരെല്ലാം ഒരു വിധിദിവസത്തെ അഭിമുഖീകരിക്കും.
മരിച്ചുപോയ അനേകർ പറുദീസയിൽ ജീവനിലേക്കു വരും.
യഥാർഥ വിശ്വാസം സത്കർമങ്ങൾ ചെയ്യാൻ നമ്മെ പ്രേരിപ്പിക്കുന്നു. സത്പ്രവൃത്തികൾ ദൈവത്തെ മഹത്ത്വപ്പെടുത്തുമെന്നു മാത്രമല്ല നമുക്കും മറ്റുള്ളവർക്കും പ്രയോജനം കൈവരുത്തുകയും ചെയ്യും. സത്പ്രവൃത്തികളിൽപ്പെടുന്ന ചില കാര്യങ്ങളാണ് താഴെ പറഞ്ഞിരിക്കുന്നത്:
ദൈവത്തെ ആരാധിക്കുക.
ദൈവിക ഗുണങ്ങൾ, പ്രത്യേകിച്ചും സ്നേഹം, വളർത്തിയെടുക്കുക.
ദുശ്ചിന്തകളും തെറ്റായ ആഗ്രഹങ്ങളും ഒഴിവാക്കുക.
പ്രശ്നങ്ങൾക്കുമധ്യേയും ദൈവത്തിലുള്ള വിശ്വാസം മുറുകെപ്പിടിക്കുക.
ദൈവത്തെക്കുറിച്ച് മറ്റുള്ളവരെ പഠിപ്പിക്കുക.
യഥാർഥ വിശ്വാസം സത്കർമങ്ങൾക്ക് പ്രേരിപ്പിക്കും
യഥാർഥ വിശ്വാസം എങ്ങനെ വളർത്തിയെടുക്കാം?
വിശ്വാസം പേശികൾ പോലെയാണ്; ഉപയോഗിക്കുന്തോറും ബലിഷ്ഠമാകും
സഹായത്തിനായി ദൈവത്തോടു യാചിക്കുക. “നിന്റെ വഴി എന്നെ അറിയിക്കേണമേ; നിനക്കു എന്നോടു കൃപയുണ്ടാകുവാന്തക്കവണ്ണം ഞാൻ നിന്നെ അറിയുമാറാകട്ടെ” എന്ന് പ്രവാചകനായ മോശ (മൂസാ) ദൈവത്തോടു പ്രാർഥിച്ചു.a ദൈവം ആ പ്രാർഥനയ്ക്ക് ഉത്തരമരുളി. മോശ വിശ്വാസത്തിന്റെ ഒരു ഉത്കൃഷ്ട മാതൃകയായിത്തീർന്നു. യഥാർഥ വിശ്വാസം വളർത്തിയെടുക്കാൻ ദൈവം നിങ്ങളെയും സഹായിക്കും.
വിശുദ്ധ തിരുവെഴുത്തുകൾ പഠിക്കാൻ സമയം കണ്ടെത്തുക. തോറ (തൗറാത്ത്), സങ്കീർത്തനങ്ങൾ (സബൂർ), സുവിശേഷങ്ങൾ (ഇൻജീൽ) എന്നിവ ഉൾപ്പെടെയുള്ള നിശ്വസ്ത ലിഖിതങ്ങൾ വിശുദ്ധ ബൈബിളിലുണ്ട്. ഏറ്റവുമധികം ഭാഷകളിലേക്ക് തർജമചെയ്ത് വിതരണം ചെയ്തിട്ടുള്ള ഗ്രന്ഥമാണത്. നിങ്ങളുടെ കൈയിൽ ആ ഗ്രന്ഥമുണ്ടോ?
വിശുദ്ധ ലിഖിതങ്ങളിലെ ബുദ്ധിയുപദേശങ്ങൾ നിത്യജീവിതത്തിൽ പ്രാവർത്തികമാക്കുക. വിശ്വാസത്തെ ശരീരത്തിലെ പേശികളോട് ഉപമിക്കാം. ഉപയോഗിക്കുന്തോറും പേശികൾ ബലിഷ്ഠമാകുന്നതുപോലെ പ്രവൃത്തിപഥത്തിൽ കൊണ്ടുവരുമ്പോൾ വിശ്വാസവും ബലിഷ്ഠമാകും; ദൈവം നൽകുന്ന മാർഗനിർദേശങ്ങൾ എത്ര പ്രായോഗികമാണെന്ന് അനുഭവത്തിലൂടെ നിങ്ങൾ മനസ്സിലാക്കും. തിരുവെഴുത്തുകളിൽ അടങ്ങിയിരിക്കുന്ന പ്രായോഗിക ബുദ്ധിയുപദേശങ്ങൾ ജീവിതം വിജയപ്രദമാക്കാൻ അനേകരെ സഹായിച്ചിട്ടുണ്ട്. ചിലരുടെ അനുഭവങ്ങളാണ് തുടർന്നുവരുന്ന പേജുകളിൽ.