ഭാഗം 7
യേശു ആരാണ്?
യഹോവ യേശുവിനെ ഭൂമിയിലേക്ക് അയച്ചു. 1 യോഹന്നാൻ 4:9
യഹോവയെ സന്തോഷിപ്പിക്കണമെങ്കിൽ, പ്രധാനപ്പെട്ട മറ്റൊരു വ്യക്തി പറയുന്നതു നമ്മൾ കേൾക്കേണ്ടതുണ്ട്. ആദാമിനെ സൃഷ്ടിക്കുന്നതിനു വളരെമുമ്പ് യഹോവ സ്വർഗത്തിൽ ശക്തനായ ഒരു ആത്മവ്യക്തിയെ സൃഷ്ടിച്ചു.
പിന്നീട്, മറിയ എന്നു പേരുള്ള ഒരു കന്യകയുടെ മകനായി ബേത്ത്ലെഹെമിൽ ജനിക്കുന്നതിന് യഹോവ ആ ആത്മവ്യക്തിയെ അയച്ചു. ആ കുട്ടിക്ക് യേശു എന്നു പേരിട്ടു.—യോഹന്നാൻ 6:38.
ഒരു മനുഷ്യനായി ഭൂമിയിലായിരുന്നപ്പോൾ യേശു ദൈവത്തിന്റെ ഗുണങ്ങൾ അതേ വിധത്തിൽ പകർത്തി. യേശു ദയയും സ്നേഹവും ഉള്ളവനായിരുന്നു. ആർക്കും എപ്പോൾ വേണമെങ്കിലും യേശുവിന്റെ അടുത്തുവരാമായിരുന്നു. യേശു യഹോവയെക്കുറിച്ചുള്ള സത്യം ആളുകളെ പഠിപ്പിച്ചു. അതു ചെയ്യുന്നതിന് യേശുവിന് ഒരു പേടിയുമില്ലായിരുന്നു.
യേശു നല്ല കാര്യങ്ങൾ ചെയ്‌തു; എന്നിട്ടും ആളുകൾ യേശുവിനെ വെറുത്തു. 1 പത്രോസ് 2:21-24
മതനേതാക്കൾ യേശുവിനെ വെറുത്തു; കാരണം, അവരുടെ തെറ്റായ പഠിപ്പിക്കലുകളെയും പ്രവർത്തനങ്ങളെയും കുറിച്ച് യേശു ആളുകളോടു പറഞ്ഞു.
യേശു രോഗികളെ സുഖപ്പെടുത്തുകയും മരിച്ച ചിലരെ ഉയിർപ്പിക്കുകയും ചെയ്‌തു.
യേശുവിനെ അടിക്കാനും കൊല്ലാനും മതനേതാക്കൾ റോമാക്കാരെ പ്രേരിപ്പിച്ചു.