പാഠം 16
ശുശ്രൂഷാദാസന്മാരുടെ ചുമതല എന്താണ്?
മ്യാൻമർ
യോഗത്തിൽ പരിപാടി അവതരിപ്പിക്കുന്നു
വയൽസേവനക്കൂട്ടം
രാജ്യഹാളിന്റെ ശുചീകരണം
സഭയിലെ ഉത്തരവാദിത്വങ്ങൾ ചെയ്യുന്ന ക്രിസ്തീയപുരുഷന്മാരുടെ രണ്ടു കൂട്ടങ്ങളെക്കുറിച്ച് ബൈബിൾ പറയുന്നുണ്ട്—“മേൽവിചാരകന്മാരും ശുശ്രൂഷാദാസന്മാരും.” (ഫിലിപ്പിയർ 1:1) മിക്ക സഭകളിലും, മൂപ്പന്മാരും ശുശ്രൂഷാദാസന്മാരും ആയി സേവിക്കുന്ന കുറെ പേരുണ്ടായിരിക്കും. അതിൽ ശുശ്രൂഷാദാസന്മാരുടെ ചുമതല എന്താണ്?
അവർ മൂപ്പന്മാരുടെ സംഘത്തെ സഹായിക്കുന്നു. ശുശ്രൂഷാദാസന്മാർ ആത്മീയചിന്താഗതിയുള്ളവരും ആശ്രയയോഗ്യരും ഉത്തരവാദിത്വങ്ങൾ നന്നായി നിർവഹിക്കുന്നവരും ആണ്. അവരിൽ പ്രായമായവരും ചെറുപ്പക്കാരും ഉണ്ട്. സഭയിൽ പതിവായി ചെയ്യേണ്ട പല കാര്യങ്ങളും അതുപോലെ രാജ്യഹാളിന്റെ സൂക്ഷിപ്പുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും ചെയ്യുന്നതിൽ ഇവർ മൂപ്പന്മാരെ പിന്തുണയ്ക്കുന്നു. അതുകൊണ്ടുതന്നെ, മൂപ്പന്മാർക്കു പഠിപ്പിക്കുന്നതിലും മേയ്ക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയുന്നു.
അവർ പ്രായോഗികമായ പല സേവനങ്ങളും ചെയ്യുന്നു. ചില ശുശ്രൂഷാദാസന്മാർക്കു സേവകന്മാരായി നിയമനം ലഭിക്കുന്നു; സഭായോഗത്തിനു വരുന്നവരെ അവർ സ്വാഗതം ചെയ്യണം. മറ്റു ചിലർ ശബ്ദസംവിധാനം കൈകാര്യം ചെയ്യുന്നു. കൂടാതെ സഭയിൽ പ്രസിദ്ധീകരണങ്ങൾ വിതരണം ചെയ്യുക, സഭയുടെ കണക്കുകൾ കൈകാര്യം ചെയ്യുക, പ്രസംഗപ്രവർത്തനത്തിനുള്ള പ്രദേശം സഭാംഗങ്ങൾക്കു നിയമിച്ചുകൊടുക്കുക എന്നിങ്ങനെയുള്ള ചുമതലകളും ഇവർക്കു ലഭിച്ചേക്കാം. രാജ്യഹാളിന്റെ ശുചീകരണത്തിലും അറ്റകുറ്റപ്പണികൾ ചെയ്യുന്നതിലും ഇവർ സഹായിക്കുന്നു. പ്രായംചെന്ന സഭാംഗങ്ങളെ സഹായിക്കാൻ മൂപ്പന്മാർ ഇവരോട് ആവശ്യപ്പെടാറുണ്ട്. ലഭിക്കുന്ന ഏത് ഉത്തരവാദിത്വവും നിർവഹിക്കാൻ ശുശ്രൂഷാദാസന്മാർ കാണിക്കുന്ന മനസ്സൊരുക്കം അവർക്കു മറ്റുള്ളവരുടെ ആദരവ് നേടിക്കൊടുക്കുന്നു.—1 തിമൊഥെയൊസ് 3:13.
അവർ സഭയിൽ നല്ല മാതൃക വെക്കുന്നു. നല്ല ക്രിസ്തീയഗുണങ്ങൾ ഉള്ളവരെയാണു ശുശ്രൂഷാദാസന്മാരായി നിയമിക്കുന്നത്. അവർ യോഗങ്ങളിൽ പരിപാടികൾ നടത്തുമ്പോൾ, സഭയിലുള്ളവരുടെ വിശ്വാസം ശക്തിപ്പെടുന്നു. പ്രസംഗപ്രവർത്തനത്തിലെ അവരുടെ തീക്ഷ്ണത സഭയിൽ എല്ലാവർക്കും ഒരു പ്രോത്സാഹനമാണ്. മൂപ്പന്മാരുമായി സഹകരിച്ചുപ്രവർത്തിച്ചുകൊണ്ട് അവർ സഭയുടെ സന്തോഷവും ഐക്യവും നിലനിറുത്തുന്നു. (എഫെസ്യർ 4:16) കുറെ കഴിയുമ്പോൾ, അവരും മൂപ്പന്മാരായി സേവിക്കാൻ യോഗ്യത നേടിയേക്കാം.
ശുശ്രൂഷാദാസന്മാർ എങ്ങനെയുള്ളവരാണ്?
സഭാപ്രവർത്തനങ്ങൾ നന്നായി നടക്കാൻ ശുശ്രൂഷാദാസന്മാർ എന്തു ചെയ്യുന്നു?