അധ്യായം 6
ശുശ്രൂഷാദാസന്മാർ വിലപ്പെട്ട സേവനം ചെയ്യുന്നു
ഫിലിപ്പിയിലെ സഭയ്ക്കു പൗലോസ് അപ്പോസ്തലൻ ഇങ്ങനെ എഴുതി: “ഫിലിപ്പിയിലുള്ള മേൽവിചാരകന്മാരും ശുശ്രൂഷാദാസന്മാരും ഉൾപ്പെടെ ക്രിസ്തുയേശുവിനോടു യോജിപ്പിലായ എല്ലാ വിശുദ്ധർക്കും, ക്രിസ്തുയേശുവിന്റെ അടിമകളായ പൗലോസും തിമൊഥെയൊസും എഴുതുന്നത്.” (ഫിലി. 1:1) ശുശ്രൂഷാദാസന്മാരെയും പൗലോസ് അഭിവാദനം ചെയ്തു എന്ന കാര്യം ശ്രദ്ധിക്കുക. അന്നുമുതൽക്കേ ഈ പുരുഷന്മാർ സഭകളിൽ മൂപ്പന്മാരെ സഹായിക്കുന്നതിൽ പ്രധാനപങ്കു വഹിച്ചിരുന്നതായി തോന്നുന്നു. ഇന്നും അത് അങ്ങനെതന്നെയാണ്. ശുശ്രൂഷാദാസന്മാർ മേൽവിചാരകന്മാരെ സഹായിച്ചുകൊണ്ട് അനുഷ്ഠിക്കുന്ന വിശുദ്ധസേവനം, സഭയിൽ എല്ലാം ക്രമപ്രകാരം നടക്കാൻ സഹായിക്കുന്നു.
2 നിങ്ങളുടെ സഭയിലെ ശുശ്രൂഷാദാസന്മാർ ആരൊക്കെയാണെന്നു നിങ്ങൾക്ക് അറിയാമോ? നിങ്ങൾക്കുവേണ്ടിയും സഭയുടെ മുഴുവൻ പ്രയോജനത്തിനുവേണ്ടിയും അവർ എന്തെല്ലാം ചെയ്യുന്നുണ്ടെന്നു നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? ഈ പുരുഷന്മാരുടെ പ്രയത്നങ്ങൾ യഹോവ കാണാതെ പോകുന്നില്ല. പൗലോസ് എഴുതി: “നല്ല രീതിയിൽ ശുശ്രൂഷ ചെയ്യുന്നവർ ഒരു നല്ല പേര് നേടിയെടുക്കും. ക്രിസ്തുയേശുവിലുള്ള വിശ്വാസത്തെപ്പറ്റി നല്ല ആത്മധൈര്യത്തോടെ സംസാരിക്കാനും അവർക്കു സാധിക്കും.”—1 തിമൊ. 3:13.
ശുശ്രൂഷാദാസന്മാരുടെ തിരുവെഴുത്തുയോഗ്യതകൾ
3 ശുശ്രൂഷാദാസന്മാർ ഉത്തമ ക്രിസ്തീയജീവിതം നയിക്കുന്നവരായിരിക്കണം. അവർ ചുമതലാബോധമുള്ള പുരുഷന്മാരും നിയമനങ്ങൾ വേണ്ടവിധം നിറവേറ്റാൻ ശ്രദ്ധയുള്ളവരും ആയിരിക്കണം. ശുശ്രൂഷാദാസന്മാരുടെ യോഗ്യതകളെക്കുറിച്ച് പൗലോസ് തിമൊഥെയൊസിന് എഴുതിയ ലേഖനത്തിൽനിന്ന് ഇതു വളരെ വ്യക്തമാണ്. അതിൽ ഇങ്ങനെ പറയുന്നു: “അതുപോലെ, ശുശ്രൂഷാദാസന്മാരും കാര്യഗൗരവമുള്ളവരായിരിക്കണം. സന്ദർഭത്തിനനുസരിച്ച് കാര്യങ്ങൾ മാറ്റിപ്പറയുന്നവരോ ധാരാളം വീഞ്ഞു കുടിക്കുന്നവരോ വളഞ്ഞ വഴിയിലൂടെ നേട്ടമുണ്ടാക്കാൻ നോക്കുന്നവരോ ആയിരിക്കരുത്. പകരം, ശുദ്ധമനസ്സാക്ഷിയോടെ വിശ്വാസത്തിന്റെ പാവനരഹസ്യത്തോടു പറ്റിനിൽക്കുന്നവരായിരിക്കണം. ഇവർ യോഗ്യരാണോ എന്ന് ആദ്യംതന്നെ പരിശോധിച്ചറിയണം. ആരോപണരഹിതരാണെങ്കിൽ അവർ ശുശ്രൂഷകരായി സേവിക്കട്ടെ. ശുശ്രൂഷാദാസന്മാർ ഒരു ഭാര്യ മാത്രമുള്ളവരും മക്കളുടെയും സ്വന്തകുടുംബത്തിന്റെയും കാര്യത്തിൽ നല്ല രീതിയിൽ നേതൃത്വമെടുക്കുന്നവരും ആയിരിക്കട്ടെ.” (1 തിമൊ. 3:8-10, 12) ശുശ്രൂഷാദാസന്മാർക്കു വെച്ചിരിക്കുന്ന ഉയർന്ന ഈ നിലവാരം കാത്തുസൂക്ഷിക്കുന്നതു സഭയ്ക്ക് ഒരു സംരക്ഷണമാണ്. എങ്ങനെ? ഈ നിലവാരം കാത്തുസൂക്ഷിക്കുന്നപക്ഷം, പ്രത്യേക ഉത്തരവാദിത്വങ്ങൾ ഏൽപ്പിച്ചുകിട്ടിയിരിക്കുന്ന പുരുഷന്മാരുടെ യോഗ്യത സംബന്ധിച്ച് ഒരു അപവാദവും ഉയർന്നുവരാൻ ഇടയാകുകയില്ല.
4 ശുശ്രൂഷാദാസന്മാർ, ചെറുപ്പക്കാരായാലും പ്രായമുള്ളവരായാലും ഓരോ മാസവും സജീവമായി ശുശ്രൂഷയിൽ പങ്കെടുക്കുന്നു. ശുശ്രൂഷയിൽ ഇങ്ങനെ തീക്ഷ്ണത കാണിക്കുമ്പോൾ അവർ യേശുവിനെ അനുകരിക്കുകയാണ്. അതുപോലെ, മനുഷ്യവർഗത്തെ രക്ഷിക്കാനുള്ള യഹോവയുടെ താത്പര്യം പ്രതിഫലിപ്പിക്കുകയുമാണ്.—യശ. 9:7.
5 ഈ പുരുഷന്മാർ വസ്ത്രധാരണം, ചമയം, സംസാരം, മനോഭാവം, പെരുമാറ്റം എന്നീ കാര്യങ്ങളിൽ നല്ല മാതൃക വെക്കുന്നവരായിരിക്കണം. അവർ സുബോധമുള്ളവരുമായിരിക്കണം, അത് അവർക്കു മറ്റുള്ളവരുടെ ആദരവ് നേടിക്കൊടുക്കും. അവർ യഹോവയുമായുള്ള ബന്ധത്തെയും സഭയിലെ സേവനപദവികളെയും ഗൗരവത്തോടെ കാണുന്നവരുമായിരിക്കും.—തീത്തോ. 2:2, 6-8.
6 ഈ പുരുഷന്മാർ, “യോഗ്യരാണോ എന്ന് ആദ്യംതന്നെ പരിശോധിച്ചറി”ഞ്ഞതാണ്. അർപ്പിതരായി സേവനം ചെയ്യാൻ മനസ്സുള്ളവരാണെന്നു നിയമനം സ്വീകരിക്കുന്നതിനു മുമ്പുതന്നെ അവർ തെളിയിച്ചിട്ടുള്ളതാണ്. ജീവിതത്തിൽ ദൈവരാജ്യതാത്പര്യങ്ങൾക്ക് ഒന്നാം സ്ഥാനമുണ്ടെന്ന് അവർ കാണിച്ചിരിക്കുന്നു. തങ്ങളുടെ മുന്നിലുള്ള ഏതൊരു സേവനപദവിയും എത്തിപ്പിടിക്കാൻ യത്നിക്കുന്നവരാണ് അവർ. സഭയിലെ മറ്റു സഹോദരങ്ങൾക്ക് അനുകരിക്കാവുന്ന മാതൃകകൾതന്നെ.—1 തിമൊ. 3:10.
അവർ സഭയിൽ സേവനമനുഷ്ഠിക്കുന്നത് എങ്ങനെ?
7 തങ്ങളുടെ സഹോദരീസഹോദരന്മാർക്കുവേണ്ടി ശുശ്രൂഷാദാസന്മാർ എന്തെല്ലാം സേവനങ്ങളാണു ചെയ്യുന്നതെന്നോ! ഇവർ ഇതെല്ലാം ചെയ്യുന്നതുകൊണ്ട് മേൽവിചാരകന്മാർക്കു പഠിപ്പിക്കലിനോടും ആടുകളെ മേയ്ക്കുന്നതിനോടും ബന്ധപ്പെട്ട കാര്യങ്ങൾക്കു കൂടുതൽ സമയം ചെലവിടാൻ സാധിക്കുന്നു. ശുശ്രൂഷാദാസന്മാർക്കു നിയമനങ്ങൾ കൊടുക്കുമ്പോൾ മൂപ്പന്മാരുടെ സംഘം ഈ സഹോദരന്മാർക്ക് ഓരോരുത്തർക്കും ഉള്ള പ്രാപ്തികൾ കണക്കിലെടുക്കുന്നു. സഭയുടെ ആവശ്യവും പരിഗണിക്കുന്നു.
ശുശ്രൂഷാദാസന്മാർ പല സേവനങ്ങളും സഭയിൽ ചെയ്യുന്നതുകൊണ്ട്, പഠിപ്പിക്കലിനോടും ഇടയവേലയോടും ബന്ധപ്പെട്ട കാര്യങ്ങൾക്കു കൂടുതൽ സമയം ചെലവിടാൻ മേൽവിചാരകന്മാർക്കു സാധിക്കുന്നു
8 അവർ ചെയ്യുന്ന ചില സേവനങ്ങൾ നോക്കാം: ഒരു ശുശ്രൂഷാദാസനെ സഭയിലെ പ്രസിദ്ധീകരണങ്ങളുടെ കാര്യങ്ങൾ നോക്കാൻ ഏൽപ്പിച്ചേക്കാം. നമുക്കു വ്യക്തിപരമായി പഠിക്കാനും വയൽശുശ്രൂഷയിൽ ഉപയോഗിക്കാനും ഉള്ള പ്രസിദ്ധീകരണങ്ങൾ മുടക്കം കൂടാതെ കിട്ടാൻ ഇതു സഹായിക്കുന്നു. വേറെ ചിലരെ സഭാകണക്കുകളോ പ്രദേശം സംബന്ധിച്ച രേഖകളോ സൂക്ഷിക്കാൻ ഏൽപ്പിക്കുന്നു. മൈക്രോഫോണുകൾ കൈകാര്യം ചെയ്യാനും ശബ്ദസംവിധാനം പ്രവർത്തിപ്പിക്കാനും മൂപ്പന്മാരെ മറ്റു പല വിധങ്ങളിൽ സഹായിക്കാനും ഉള്ള ചുമതലകൾ ശുശ്രൂഷാദാസന്മാർക്കു കൊടുക്കുന്നു. സേവകന്മാരായും അവരെ ഉപയോഗിക്കാറുണ്ട്. രാജ്യഹാൾ വൃത്തിയായി സൂക്ഷിക്കാനും കേടുപോക്കി പരിപാലിക്കാനും ധാരാളം ജോലികൾ ചെയ്യേണ്ടതായി വരും. ഈ ഉത്തരവാദിത്വങ്ങൾ നിർവഹിക്കാനുള്ള സഹായത്തിനു പലപ്പോഴും ശുശ്രൂഷാദാസന്മാരെ വിളിക്കാറുണ്ട്.
9 ചില സഭകളിൽ മേൽപ്പറഞ്ഞ ഓരോ ചുമതലയും ഏൽപ്പിച്ചുകൊടുക്കുന്നതിനു വേണ്ടത്ര ശുശ്രൂഷാദാസന്മാർ ഉണ്ടായിരിക്കും. മറ്റു ചില ഇടങ്ങളിൽ, ഒരു ശുശ്രൂഷാദാസനു പല നിയമനങ്ങൾ നോക്കേണ്ടതായിവരും. വേറെ ചില സഭകളിൽ ഒരു കാര്യത്തിന് ഒന്നിലേറെ ശുശ്രൂഷാദാസന്മാരെ നിയമിച്ചേക്കാം. ആവശ്യത്തിനു ശുശ്രൂഷാദാസന്മാർ ഇല്ലാത്ത സഭകളിൽ ഈ ചുമതലകളിൽ ചിലതു നിർവഹിക്കാൻ സ്നാനമേറ്റ മാതൃകായോഗ്യരായ സഹോദരന്മാരിൽ ചിലരെ മൂപ്പന്മാരുടെ സംഘം നിയമിക്കാറുണ്ട്. ഇങ്ങനെ കിട്ടുന്ന അനുഭവപരിചയം പിന്നീട്, ശുശ്രൂഷാദാസന്മാരായി യോഗ്യത നേടുമ്പോൾ അവർക്ക് ഉപകാരപ്പെടും. യോഗ്യരായ സഹോദരന്മാർ ഇല്ലാതെവന്നാൽ, ചില കാര്യങ്ങളിൽ സഹായിക്കാനായി മാതൃകായോഗ്യയായ ഒരു സഹോദരിയെ വെക്കാവുന്നതാണ്. എന്നാൽ സഹോദരിമാർ ഒരിക്കലും ശുശ്രൂഷാദാസിമാരായി നിയമിക്കപ്പെടുന്നില്ല. ഒരു സഹോദരനോ സഹോദരിയോ നല്ലൊരു മാതൃകയാണെന്ന് എങ്ങനെ പറയാം? ആ വ്യക്തിയുടെ പെരുമാറ്റവും സ്വഭാവരീതികളും ആരാധനയും അനുകരണയോഗ്യമായിരിക്കും. ആ വ്യക്തിയുടെ യോഗഹാജർ, ശുശ്രൂഷയിലെ പങ്കാളിത്തം, കുടുംബജീവിതം, തിരഞ്ഞെടുക്കുന്ന വിനോദങ്ങൾ, വസ്ത്രധാരണം, ചമയം എന്നിങ്ങനെയെല്ലാം മറ്റുള്ളവർക്കു നല്ല മാതൃകയായിരിക്കും.
10 വളരെ കുറച്ച് മൂപ്പന്മാർ മാത്രമുള്ള സഭകളിൽ, സ്നാനമേൽക്കാൻ ആഗ്രഹിക്കുന്നവരോട് ഉപദേശപരമായ കാര്യങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ചോദിക്കാൻ പ്രാപ്തരായ ശുശ്രൂഷാദാസന്മാരെ ചുമതലപ്പെടുത്താറുണ്ട്. ആ ചോദ്യങ്ങൾ ഈ പുസ്തകത്തിന്റെ അനുബന്ധത്തിലുള്ള “ഭാഗം 1: ക്രിസ്തീയവിശ്വാസങ്ങൾ” എന്നതിനു കീഴിൽ കാണാം. എന്നാൽ “ഭാഗം 2: ക്രിസ്തീയജീവിതം” എന്നതിൽ കൂടുതൽ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട വ്യക്തിപരമായ കാര്യങ്ങൾ ഉൾപ്പെടുന്നതിനാൽ ഒരു മൂപ്പനായിരിക്കണം ആ ചോദ്യങ്ങൾ ചോദിക്കേണ്ടത്.
11 തക്കതായ കാരണത്താൽ, ഒരു ശുശ്രൂഷാദാസനു കൊടുത്തിരിക്കുന്ന നിയമനങ്ങളിൽ ചിലതു വേറൊരു ശുശ്രൂഷാദാസനെ ഏൽപ്പിക്കുന്നതുകൊണ്ട് പ്രയോജനമുണ്ടെന്നു മൂപ്പന്മാർക്കു തോന്നുന്നപക്ഷം മൂപ്പന്മാരുടെ സംഘത്തിന് ഇടയ്ക്കൊക്കെ അങ്ങനെ ചെയ്യാവുന്നതാണ്. എന്നിരുന്നാലും, സഹോദരന്മാർ ഒരേ നിയമനങ്ങളിൽ കുറെക്കാലം തുടരുന്നതുകൊണ്ട് ഏറെ പ്രയോജനമുണ്ട്. അനുഭവപരിചയവും വൈദഗ്ധ്യവും നേടാൻ അത് അവരെ സഹായിക്കും.
12 സാഹചര്യങ്ങളനുസരിച്ച് ശുശ്രൂഷാദാസന്മാർക്കു മറ്റ് ഉത്തരവാദിത്വങ്ങളും ഏൽപ്പിച്ചുകൊടുക്കാം. പക്ഷേ, അങ്ങനെയുള്ളവരുടെ ‘പുരോഗതി എല്ലാവരും വ്യക്തമായി കാണണം’ എന്നുമാത്രം. (1 തിമൊ. 4:15) ആവശ്യത്തിനു മൂപ്പന്മാരില്ലെങ്കിൽ, ഒരു ശുശ്രൂഷാദാസനെ ഒരു ഗ്രൂപ്പ് മേൽവിചാരകന്റെ സഹായിയായി നിയമിക്കാവുന്നതാണ്. ചിലപ്പോൾ, ഗ്രൂപ്പ് ദാസനായും നിയമിക്കാം. എന്നാൽ മൂപ്പന്മാരുടെ നല്ല മേൽനോട്ടത്തിൻകീഴിലായിരിക്കണം ഇത്. ശുശ്രൂഷാദാസന്മാരെ ജീവിത-സേവന യോഗത്തിലെ ചില പരിപാടികൾ നടത്തുന്നതിന് ഉപയോഗിക്കാവുന്നതാണ്. ആവശ്യം വരുന്നപക്ഷം സഭാ ബൈബിൾപഠനം നിർവഹിക്കാനും പൊതുപ്രസംഗം നടത്താനും അവരെ നിയമിക്കാം. ഏതെങ്കിലും പ്രത്യേക ആവശ്യങ്ങളുള്ള സാഹചര്യങ്ങളിൽ മറ്റു ചില പദവികളിലും ശുശ്രൂഷാദാസന്മാരെ നിയമിക്കാവുന്നതാണ്. എന്നാൽ ആ നിയമനം നിറവേറ്റാനുള്ള യോഗ്യത അവർക്കുണ്ടെന്ന് ഉറപ്പുവരുത്തിയിരിക്കണം. (1 പത്രോ. 4:10) മൂപ്പന്മാരെ സഹായിക്കുന്ന കാര്യത്തിൽ ശുശ്രൂഷാദാസന്മാർ കഠിനാധ്വാനം ചെയ്യാൻ മനസ്സോടെ മുന്നോട്ടുവരണം.
13 മൂപ്പന്മാരുടേതിൽനിന്നും വ്യത്യസ്തമാണു ശുശ്രൂഷാദാസന്മാരുടെ സേവനമെങ്കിലും അതും ദൈവത്തിന് അർപ്പിക്കുന്ന വിശുദ്ധസേവനത്തിന്റെ ഭാഗമാണ്, സഭയുടെ സുഗമമായ പ്രവർത്തനത്തിനു വളരെ ആവശ്യവുമാണ്. കാലാന്തരത്തിൽ, ശുശ്രൂഷാദാസന്മാർ അവരുടെ ചുമതലകൾ നന്നായി നിറവേറ്റുകയും ഇടയന്മാരും ഉപദേഷ്ടാക്കന്മാരും ആയി സേവനമനുഷ്ഠിക്കാൻ യോഗ്യത നേടുകയും ചെയ്യുമ്പോൾ അവരെ മൂപ്പന്മാരായി നിയമിക്കാൻ ശുപാർശ ചെയ്തേക്കാം.
14 നിങ്ങൾ ഒരു കൗമാരക്കാരനോ പുതുതായി സ്നാനമേറ്റ ഒരു സഹോദരനോ ആണോ? എങ്കിൽ, ഒരു ശുശ്രൂഷാദാസനാകാനുള്ള യോഗ്യതയിലെത്താൻ യത്നിക്കുന്നുണ്ടോ? (1 തിമൊ. 3:1) ഓരോ വർഷവും ധാരാളം ആളുകൾ സത്യം സ്വീകരിച്ച് സഭയിലേക്കു വന്നുകൊണ്ടിരിക്കുകയാണ്. അതുകൊണ്ടുതന്നെ സഭയിലെ ഉത്തരവാദിത്വങ്ങൾ നിർവഹിക്കാൻ യോഗ്യതയുള്ള ആത്മീയമനസ്കരായ ധാരാളം പുരുഷന്മാരെ ആവശ്യമുണ്ട്. ആളുകളെ സഹായിക്കാനുള്ള ഒരു ആഗ്രഹം വളർത്തിക്കൊണ്ട് ഈ പദവിയിലെത്തിച്ചേരാൻ നിങ്ങൾക്ക് യത്നിക്കാനാകും. യേശു വെച്ച നല്ല മാതൃകയെക്കുറിച്ച് മനസ്സിരുത്തി ചിന്തിക്കുന്നതു സഹായമനസ്ഥിതി വളർത്തിയെടുക്കാനുള്ള ഒരു വിധമാണ്. (മത്താ. 20:28; യോഹ. 4:6, 7; 13:4, 5) മറ്റുള്ളവർക്കു കൊടുത്തുശീലിക്കുക. അതിന്റെ സന്തോഷം അനുഭവിച്ചറിയുമ്പോൾ ആളുകളെ സഹായിക്കാനുള്ള നിങ്ങളുടെ ആഗ്രഹവും വളരും. (പ്രവൃ. 20:35) അതുകൊണ്ട്, മറ്റുള്ളവർക്കു സഹായം ആവശ്യമുള്ള സാഹചര്യങ്ങളിലൊക്കെ മനസ്സോടെ മുന്നോട്ടുവരുക; രാജ്യഹാളിന്റെ അറ്റകുറ്റപ്പണികളിൽ സഹായിക്കാൻ തയ്യാറാകുക; ജീവിത–സേവനയോഗത്തിൽ ഒരു വിദ്യാർഥിനിയമനം മറ്റൊരാൾക്കു പകരം നടത്തേണ്ടിവന്നാൽ അതിനും മുന്നോട്ടുവരുക. ശുശ്രൂഷാദാസനാകാനുള്ള യോഗ്യതയിലെത്താൻ യത്നിക്കുന്നതിൽ, ആത്മീയഗുണങ്ങൾ വളർത്തിയെടുക്കുന്നത് ഉൾപ്പെടുന്നുണ്ട്. വ്യക്തിപരമായ പഠനം പതിവായി ഉണ്ടെങ്കിൽ അതു സാധിക്കും. (സങ്കീ. 1:1, 2; ഗലാ. 5:22, 23) കൂടാതെ, ലക്ഷ്യംവെച്ച് യത്നിക്കുന്ന ഒരു സഹോദരൻ സഭാനിയമനങ്ങൾ ലഭിക്കുമ്പോൾ വിശ്വസ്തമായി നിർവഹിക്കും. ഏൽപ്പിച്ച കാര്യം ചെയ്യും എന്ന് അദ്ദേഹത്തെക്കുറിച്ച് പറയാൻ കഴിയണം.—1 കൊരി. 4:2.
15 സഭയുടെ നന്മയ്ക്കുവേണ്ടിയാണ് യഹോവ പരിശുദ്ധാത്മാവിനാൽ ശുശ്രൂഷാദാസന്മാരെ നിയമിക്കുന്നത്. സഭ ക്രമവും ചിട്ടയും ഉള്ള ഒരു ഭവനംപോലെയായിരിക്കാനാണ് യഹോവ ഈ കരുതൽ ചെയ്തിരിക്കുന്നത്. ഏൽപ്പിച്ചിരിക്കുന്ന ചുമതലകൾ അവർ ചെയ്യുമ്പോൾ സഹകരിച്ചുകൊണ്ട്, സഭയിലെ എല്ലാവർക്കും കഠിനാധ്വാനം ചെയ്യുന്ന ശുശ്രൂഷാദാസന്മാരോടു നന്ദിയും സ്നേഹവും കാണിക്കാനാകും. ഇങ്ങനെ ചെയ്യുമ്പോൾ, യഹോവയുടെ ഈ കരുതലിനോടു സഭയൊന്നാകെ കൃതജ്ഞത കാണിക്കുകയാണ്.—ഗലാ. 6:10.