പാഠം 5
ഭൂമിയെക്കുറിച്ചുള്ള ദൈവത്തിന്റെ ഉദ്ദേശ്യം എന്താണ്?
1. ദൈവം എന്തിനാണു ഭൂമിയെ സൃഷ്ടിച്ചത്?
യഹോവ ഭൂമി മനുഷ്യർക്കു കൊടുത്തു. അതു നമ്മുടെ വീടാണ്. സ്വർഗത്തിലെ അംഗസംഖ്യ കൂട്ടാനല്ല ആദ്യമനുഷ്യരായ ആദാമിനെയും ഹവ്വയെയും ദൈവം സൃഷ്ടിച്ചത്; കാരണം സ്വർഗത്തിൽ ജീവിക്കാൻ ദൈവം ദൈവദൂതന്മാരെ സൃഷ്ടിച്ചിരുന്നു. (ഇയ്യോബ് 38:4, 6) ദൈവം ആദ്യമനുഷ്യനെ ഏദെൻ തോട്ടം എന്ന മനോഹരമായ പറുദീസയിൽ ആക്കി. (ഉൽപത്തി 2:15-17) ആദാമിനും ജനിക്കാനിരുന്ന മക്കൾക്കും ഭൂമിയിൽ എന്നെന്നും ജീവിക്കാനുള്ള പ്രത്യാശയും യഹോവ നൽകി.—സങ്കീർത്തനം 37:29; 115:16 വായിക്കുക.
ആരംഭത്തിൽ ഏദെൻ തോട്ടം മാത്രമാണു പറുദീസയായിരുന്നത്. ആദ്യത്തെ മനുഷ്യദമ്പതികളുടെ മക്കളെക്കൊണ്ട് ഭൂമി മുഴുവൻ നിറയണമായിരുന്നു. കുറെ കാലംകൊണ്ട് അവർ ഈ ഭൂഗോളത്തെ മുഴുവൻ കീഴടക്കി അതിനെ ഒരു പറുദീസയാക്കണമായിരുന്നു. (ഉൽപത്തി 1:28) ഭൂമി ഒരിക്കലും നശിപ്പിക്കപ്പെടില്ല. അത് എന്നും മനുഷ്യന്റെ വീടായിരിക്കും.—സങ്കീർത്തനം 104:5 വായിക്കുക.
ദൈവം ഭൂമിയെ സൃഷ്ടിച്ചത് എന്തിനുവേണ്ടിയാണ്? എന്ന വീഡിയോ കാണുക
2. ഭൂമി ഇപ്പോൾ ഒരു പറുദീസ അല്ലാത്തത് എന്തുകൊണ്ട്?
ആദാമും ഹവ്വയും ദൈവത്തോട് അനുസരണക്കേടു കാണിച്ചു. അതുകൊണ്ട് യഹോവ അവരെ ഏദെൻ തോട്ടത്തിൽനിന്ന് പുറത്താക്കി. മനുഷ്യർക്കു പറുദീസ നഷ്ടപ്പെട്ടു; അതു വീണ്ടും സ്ഥാപിക്കാൻ ഒരു മനുഷ്യനും കഴിഞ്ഞിട്ടില്ല. “ഭൂമിയെ ദുഷ്ടന്മാരുടെ കൈയിൽ ഏൽപ്പിച്ചിരിക്കുന്നു” എന്നു ബൈബിൾ പറയുന്നു.—ഇയ്യോബ് 9:24.—ഉൽപത്തി 3:23, 24 വായിക്കുക.
മനുഷ്യരെക്കുറിച്ച് യഹോവയ്ക്ക് ആദ്യമുണ്ടായിരുന്ന ഉദ്ദേശ്യം യഹോവ ഉപേക്ഷിച്ചുകളഞ്ഞോ? ഇല്ല! യഹോവ സർവശക്തനാണ്. ദൈവത്തിന് ഒരിക്കലും പരാജയം സംഭവിക്കില്ല. (യശയ്യ 45:18) മനുഷ്യർ ഏത് അവസ്ഥയിൽ ആയിരിക്കാനാണോ ദൈവം ആഗ്രഹിച്ചത് ആ അവസ്ഥയിൽ ദൈവം അവരെ ആക്കും.—സങ്കീർത്തനം 37:11, 34 വായിക്കുക.
3. ഭൂമി എങ്ങനെ വീണ്ടും ഒരു പറുദീസയാകും?
ദൈവം നിയമിച്ച രാജാവായി യേശു ഭരിക്കുമ്പോൾ ഭൂമിയിൽ വീണ്ടും പറുദീസ കൊണ്ടുവരും. അർമഗെദോൻ എന്നു വിളിക്കുന്ന ഒരു യുദ്ധത്തിൽ യേശുവിന്റെ കീഴിലുള്ള ദൈവദൂതന്മാർ ദൈവത്തെ എതിർക്കുന്ന എല്ലാവരെയും നശിപ്പിക്കും. അതിനു ശേഷം യേശു സാത്താനെ 1,000 വർഷത്തേക്കു തടവിലാക്കും. എന്നാൽ യേശു വഴികാണിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നതുകൊണ്ട് ദൈവജനം ആ നാശത്തിൽനിന്ന് രക്ഷപ്പെടും. തുടർന്ന് ഭൂമിയിലെ പറുദീസയിൽ അവർ എന്നെന്നും ജീവിക്കും.—വെളിപാട് 20:1-3; 21:3, 4 വായിക്കുക.
4. കഷ്ടപ്പാടുകൾ എപ്പോൾ അവസാനിക്കും?
ഭൂമിയിലെ ദുഷ്ടതയ്ക്കു ദൈവം എപ്പോഴായിരിക്കും അവസാനം വരുത്തുന്നത്? അന്ത്യം വരുന്നതിനെ സൂചിപ്പിക്കുന്ന “അടയാളം” യേശു നൽകി. ഇന്നത്തെ ലോകാവസ്ഥകൾ മനുഷ്യന്റെ നിലനിൽപ്പിനുതന്നെ ഭീഷണി ഉയർത്തുന്നവയാണ്. അതു കാണിക്കുന്നതു നമ്മൾ ജീവിക്കുന്നതു “വ്യവസ്ഥിതി അവസാനിക്കാൻപോകുന്ന” സമയത്താണ് എന്നാണ്.—മത്തായി 24:3, 7-14, 21, 22 വായിക്കുക.
യേശു സ്വർഗത്തിൽനിന്ന് 1,000 വർഷം ഭൂമിയെ ഭരിക്കുമ്പോൾ ഭൂമിയിലെ എല്ലാ കഷ്ടപ്പാടുകൾക്കും അവസാനം വരുത്തും. (യശയ്യ 9:6, 7; 11:9) രാജാവായി ഭരിക്കുന്നതിനു പുറമേ മഹാപുരോഹിതനായും സേവിക്കുന്ന യേശു ദൈവത്തെ സ്നേഹിക്കുന്ന എല്ലാവരുടെയും പാപങ്ങൾ മായ്ച്ചുകളയും. അങ്ങനെ, യേശുവിലൂടെ ദൈവം രോഗവും വാർധക്യവും മരണവും ഇല്ലാതാക്കും.—യശയ്യ 25:8; 33:24 വായിക്കുക.
5. വരാൻപോകുന്ന പറുദീസയിൽ ആർ ജീവിക്കും?
ദൈവത്തെ സ്നേഹിക്കുന്ന, ദൈവത്തെ എങ്ങനെ പ്രസാദിപ്പിക്കാമെന്നു പഠിക്കാൻ ആഗ്രഹിക്കുന്ന ആളുകളെ രാജ്യഹാളിൽ നിങ്ങൾക്കു കാണാം
ദൈവത്തെ അനുസരിക്കുന്നവരാണു പറുദീസയിൽ ജീവിക്കുന്നത്. (1 യോഹന്നാൻ 2:17) സൗമ്യരായവരെ കണ്ടെത്തി ദൈവത്തിനു സ്വീകാര്യരായിത്തീരുന്നതിന് അവരെ പഠിപ്പിക്കാൻ യേശു തന്റെ അനുഗാമികളെ അയച്ചു. ഭൂമിയിൽ വരാൻപോകുന്ന പറുദീസയിൽ ജീവിക്കാൻവേണ്ടി യഹോവ ഇന്നു ലക്ഷക്കണക്കിന് ആളുകളെ ഒരുക്കുന്നു. (സെഫന്യ 2:3) നല്ല ഭർത്താവോ അച്ഛനോ നല്ല ഭാര്യയോ അമ്മയോ ആയിരിക്കാൻ എങ്ങനെ കഴിയുമെന്ന് യഹോവയുടെ സാക്ഷികളുടെ രാജ്യഹാളിൽ ആളുകൾ പഠിക്കുന്നു. മാതാപിതാക്കളും മക്കളും ഒത്തൊരുമിച്ച് ദൈവത്തെ ആരാധിക്കുകയും ദൈവത്തിൽനിന്നുള്ള സന്തോഷവാർത്ത അവർക്കു പ്രയോജനം ചെയ്യുന്നത് എങ്ങനെയെന്നു പഠിക്കുകയും ചെയ്യുന്നു.—മീഖാ 4:1-4 വായിക്കുക.