അധ്യായം 13
യേശു പ്രലോഭനങ്ങളെ നേരിട്ട വിധത്തിൽനിന്ന് പഠിക്കുക
മത്തായി 4:1-11; മർക്കോസ് 1:12, 13; ലൂക്കോസ് 4:1-13
സാത്താൻ യേശുവിനെ പ്രലോഭിപ്പിക്കുന്നു
യോഹന്നാൻ യേശുവിനെ സ്നാനപ്പെടുത്തിയ ഉടനെ ദൈവാത്മാവ് യേശുവിനെ യഹൂദ്യയിലെ വിജനഭൂമിയിലേക്കു നയിക്കുന്നു. യേശുവിനു ചിന്തിക്കാൻ പലതുമുണ്ട്. യേശുവിന്റെ സ്നാനസമയത്ത് “ആകാശം തുറന്നു.” (മത്തായി 3:16) അങ്ങനെ സ്വർഗത്തിൽവെച്ച് പഠിച്ചതും ചെയ്തതും ആയ കാര്യങ്ങൾ യേശുവിന്റെ ഓർമയിലേക്കു വരുന്നു. അതെ, യേശുവിന് ഒരുപാടൊരുപാടു ചിന്തിക്കാനുണ്ട്!
വിജനഭൂമിയിൽ യേശു 40 രാവും 40 പകലും കഴിയുന്നു. ആ സമയത്ത് ഒന്നും കഴിക്കുന്നില്ല. പിന്നീട് യേശുവിനു നല്ല വിശപ്പുള്ളപ്പോൾ പിശാചായ സാത്താൻ യേശുവിനെ പ്രലോഭിപ്പിക്കാനായി അടുത്ത് വരുന്നു. പിശാച് പറയുന്നു: “നീ ഒരു ദൈവപുത്രനാണെങ്കിൽ ഈ കല്ലുകളോട് അപ്പമാകാൻ പറയൂ.” (മത്തായി 4:3) പക്ഷേ, അത്ഭുതങ്ങൾ ചെയ്യാനുള്ള തന്റെ കഴിവ് സ്വന്തം ആഗ്രഹങ്ങളെ തൃപ്തിപ്പെടുത്താൻ ഉപയോഗിക്കുന്നതു തെറ്റാണെന്ന് യേശുവിന് അറിയാം. അതുകൊണ്ട് യേശു ആ പ്രലോഭനം ചെറുക്കുന്നു.
പിശാച് പക്ഷേ, വിടാൻ ഭാവമില്ല. മറ്റൊരു മാർഗം പിശാച് പരീക്ഷിക്കുന്നു. യേശുവിനെ ആലയത്തിന്റെ ഏറ്റവും മുകളിൽ കൊണ്ടുചെന്നിട്ട് ‘നീ ദൈവപുത്രനാണെങ്കിൽ താഴേക്കു ചാടുക’ എന്നു പറഞ്ഞ് പിശാച് യേശുവിനെ വെല്ലുവിളിക്കുന്നു. എന്നാൽ അങ്ങനെയൊരു ഗംഭീരപ്രകടനം നടത്താനുള്ള പ്രലോഭനത്തിലും യേശു വീഴുന്നില്ല. പകരം, അത്തരത്തിൽ ദൈവത്തെ പരീക്ഷിക്കുന്നതു തെറ്റാണെന്നു തിരുവെഴുത്തുകൾ ഉദ്ധരിച്ചുകൊണ്ട് യേശു കാണിക്കുന്നു.
ഇനി, മൂന്നാമത്തെ പ്രലോഭനം. അതിൽ പിശാച് “ലോകത്തെ എല്ലാ രാജ്യങ്ങളും അവയുടെ പ്രതാപവും” യേശുവിന് എങ്ങനെയോ കാണിച്ചുകൊടുക്കുന്നു. എന്നിട്ട് “നീ എന്റെ മുന്നിൽ വീണ് എന്നെയൊന്ന് ആരാധിച്ചാൽ ഈ കാണുന്നതൊക്കെ ഞാൻ നിനക്കു തരാം” എന്നു പറയുന്നു. യേശുവിന് രണ്ടാമതൊന്നു ചിന്തിക്കേണ്ടി വന്നില്ല. “സാത്താനേ, ദൂരെ പോ!” എന്നു പറഞ്ഞുകൊണ്ട് യേശു അതും നിരസിക്കുന്നു. (മത്തായി 4:8-10) തെറ്റായ ആ കാര്യം ചെയ്യാനുള്ള പ്രലോഭനത്തിനും യേശു വഴങ്ങുന്നില്ല. കാരണം, യഹോവയെ മാത്രമേ സേവിക്കാവൂ എന്നു യേശുവിന് അറിയാം. അതെ, ദൈവത്തോടു വിശ്വസ്തനായിരിക്കാൻ യേശു തീരുമാനിക്കുന്നു.
ഈ പ്രലോഭനങ്ങളിൽനിന്നും യേശു പറഞ്ഞ മറുപടിയിൽനിന്നും നമുക്കു പലതും പഠിക്കാനുണ്ട്. യേശുവിന് ശരിക്കും ആ പ്രലോഭനങ്ങളുണ്ടായി. അതു കാണിക്കുന്നത് പലരും കരുതുന്നതുപോലെ പിശാച് വെറും തിന്മ എന്ന ഒരു ഗുണമല്ല എന്നാണ്. പിശാച് യഥാർഥത്തിലുള്ള ഒരു വ്യക്തിയാണ്, അദൃശ്യനാണെന്നു മാത്രം. ഈ ലോകഗവൺമെന്റുകളെല്ലാം ശരിക്കും പിശാചിന്റേതാണെന്നും ഈ വിവരണം കാണിക്കുന്നു. പിശാചാണ് അവയെ നിയന്ത്രിക്കുന്നത്. അങ്ങനെയല്ലായിരുന്നെങ്കിൽ യേശുവിന് അതൊരു പ്രലോഭനമാകുമായിരുന്നോ?
ഇനി, പിശാചിനെ ഒരൊറ്റ തവണ ആരാധിച്ചാൽത്തന്നെ അതിനു പ്രതിഫലം നൽകാമെന്നും പിശാച് പറഞ്ഞു, ഈ ലോകത്തിലെ മുഴുവൻ രാജ്യങ്ങളും ആയിരുന്നു ആ പ്രതിഫലം! ഈ രീതിയിൽ പിശാച് നമ്മളെയും പ്രലോഭിപ്പിച്ചേക്കാം. ഈ ലോകത്തിൽ പണവും അധികാരവും സ്ഥാനമാനങ്ങളും നേടുന്നതിനുള്ള സുവർണാവസരങ്ങൾ നമ്മുടെ മുന്നിൽ വെച്ചുകൊണ്ടായിരിക്കാം അത്. എന്തെല്ലാം പ്രലോഭനങ്ങളുണ്ടായാലും യേശുവിനെപ്പോലെ നമ്മളും ദൈവത്തോടു വിശ്വസ്തരായിരിക്കുന്നെങ്കിൽ അത് എത്ര നന്നായിരിക്കും! പക്ഷേ, യേശുവിന്റെ കാര്യത്തിൽ പിശാച് ‘മറ്റൊരു അവസരം ഒത്തുകിട്ടാൻ’ കാത്തിരിക്കുകയായിരുന്നെന്ന് ഓർക്കുക. (ലൂക്കോസ് 4:13) നമ്മുടെ കാര്യത്തിലും ഇതു സത്യമായിരിക്കും. അതുകൊണ്ട് ജാഗ്രത കൈവെടിയരുത്!