വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • lr അധ്യാ. 9 പേ. 52-56
  • നാം പ്രലോഭനങ്ങളെ ചെറുത്തുനിൽക്കണം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • നാം പ്രലോഭനങ്ങളെ ചെറുത്തുനിൽക്കണം
  • മഹാനായ അധ്യാപകനിൽനിന്ന്‌ പഠിക്കാം!
  • സമാനമായ വിവരം
  • പിശാചിനാൽ പരീക്ഷിക്കപ്പെടുന്നു
    മഹദ്‌ഗുരുവിനെ ശ്രദ്ധിക്കൽ
  • യേശു പ്രലോ​ഭ​ന​ങ്ങളെ നേരിട്ട വിധത്തിൽനിന്ന്‌ പഠിക്കുക
    യേശു​—വഴിയും സത്യവും ജീവനും
  • യേശുവിന്റെ പരീക്ഷകളിൽനിന്ന്‌ പഠിക്കുക
    വീക്ഷാഗോപുരം—1987
  • പിശാച്‌ യേശുവിനെ പരീക്ഷിക്കുന്നു
    ബൈബിൾ നൽകുന്ന ഗുണപാഠങ്ങൾ
കൂടുതൽ കാണുക
മഹാനായ അധ്യാപകനിൽനിന്ന്‌ പഠിക്കാം!
lr അധ്യാ. 9 പേ. 52-56

അധ്യായം 9

നാം പ്രലോഭനങ്ങളെ ചെറുത്തുനിൽക്കണം

തെറ്റായ ഒരു കാര്യം ചെയ്യാൻ ആരെങ്കിലും നിങ്ങളോട്‌ പറഞ്ഞിട്ടുണ്ടോ?— ഉണ്ടെങ്കിൽ, എന്താണ്‌ അയാൾ പറഞ്ഞത്‌? അത്‌ ചെയ്യാൻ നിങ്ങൾക്ക്‌ ധൈര്യമുണ്ടോ എന്നാണോ? അതോ അങ്ങനെ ചെയ്യാൻ രസമായിരിക്കും എന്നും അതത്ര വലിയ തെറ്റൊന്നുമല്ല എന്നുമാണോ?— ഇങ്ങനെയൊക്കെ പറയുന്ന ഒരാൾ നിങ്ങളെ പ്രലോഭിപ്പിക്കുകയാണ്‌.

ആരെങ്കിലും നിങ്ങളെ പ്രലോഭിപ്പിച്ചാൽ എന്തു ചെയ്യണം? അവർ പറയുന്നതുകേട്ട്‌ തെറ്റു ചെയ്യണോ?— അങ്ങനെ ചെയ്യുന്നത്‌ യഹോവയാം ദൈവത്തിന്‌ ഇഷ്ടപ്പെടില്ല. പക്ഷേ വേറൊരാൾക്ക്‌ അതിഷ്ടപ്പെടും, ആർക്കാണെന്നോ?— പിശാചായ സാത്താന്‌.

സാത്താൻ ദൈവത്തിന്റെ ശത്രുവാണ്‌; നമ്മുടെയും ശത്രുവാണ്‌. നമുക്ക്‌ സാത്താനെ കാണാൻ പറ്റില്ല; കാരണം, അവൻ ആത്മരൂപിയാണ്‌. പക്ഷേ അവന്‌ നമ്മളെ കാണാം. ഒരുദിവസം പിശാച്‌ യേശുവിനെ പ്രലോഭിപ്പിക്കാൻ ശ്രമിച്ചു. എന്നാൽ യേശു എന്തു ചെയ്‌തെന്ന്‌ നമുക്കു നോക്കാം. പ്രലോഭനങ്ങൾ ഉണ്ടാകുമ്പോൾ എന്തു ചെയ്യണമെന്ന്‌ അപ്പോൾ നമുക്കു മനസ്സിലാകും.

സ്‌നാനമേറ്റ ഉടനെ യേശു സ്വർഗത്തിലേക്കു നോക്കി പ്രാർഥിക്കുന്നു

സ്‌നാനമേറ്റപ്പോൾ ഏതു കാര്യങ്ങൾ യേശുവിന്‌ ഓർമവരാൻ തുടങ്ങി?

എപ്പോഴും, ദൈവത്തിന്‌ ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യാനായിരുന്നു യേശുവിന്‌ ഇഷ്ടം. യേശു യോർദാൻ നദിയിൽ സ്‌നാനമേറ്റപ്പോൾ അത്‌ വ്യക്തമായി. സ്‌നാനമേറ്റ്‌ അധികം കഴിയുന്നതിനുമുമ്പാണ്‌ സാത്താൻ അവനെ പ്രലോഭിപ്പിച്ചത്‌. സ്‌നാനമേറ്റ ഉടനെ ‘സ്വർഗം തുറക്കുന്നത്‌’ യേശു കണ്ടെന്ന്‌ ബൈബിൾ പറയുന്നു. (മത്തായി 3:16, സത്യവേദപുസ്‌തകം) സ്വർഗത്തിൽ ദൈവത്തിന്റെ കൂടെയായിരുന്നപ്പോൾ നടന്ന കാര്യങ്ങളെല്ലാം യേശു ഓർക്കാൻ തുടങ്ങി എന്നാണ്‌ അതിന്റെ അർഥം.

ആ കാര്യങ്ങളെക്കുറിച്ച്‌ ചിന്തിക്കുന്നതിനുവേണ്ടി, സ്‌നാനമേറ്റശേഷം യേശു ഒരു മരുഭൂമിയിലേക്കു പോയി. നാൽപ്പതു ദിവസം അവൻ അവിടെ കഴിഞ്ഞു. ഈ ദിവസങ്ങളിൽ യേശു ആഹാരമൊന്നും കഴിച്ചില്ല. അതുകൊണ്ട്‌ അവന്‌ നല്ല വിശപ്പുതോന്നി. ആ സമയത്താണ്‌ സാത്താൻ യേശുവിനെ പ്രലോഭിപ്പിക്കാൻ വന്നത്‌.

യേശുവിനെ പ്രലോഭിപ്പിക്കാൻ പിശാച്‌ കല്ലുകൾ ഉപയോഗിക്കുന്നു

യേശുവിനെ പ്രലോഭിപ്പിക്കാൻ പിശാച്‌ കല്ലുകൾ ഉപയോഗിച്ചതെങ്ങനെ?

“നീ ദൈവപുത്രനാണെങ്കിൽ ഈ കല്ലുകളോട്‌ അപ്പമായിത്തീരാൻ കൽപ്പിക്കുക” എന്ന്‌ പിശാച്‌ യേശുവിനോട്‌ പറഞ്ഞു. വിശന്നിരിക്കുമ്പോൾ കുറച്ച്‌ അപ്പം കിട്ടിയാൽ എത്ര നന്നായിരിക്കും, അല്ലേ! പക്ഷേ കല്ലുകളെ അപ്പമാക്കിമാറ്റാൻ യേശുവിന്‌ പറ്റുമായിരുന്നോ?— തീർച്ചയായും. കാരണം, യേശു ദൈവത്തിന്റെ പുത്രനായിരുന്നു. അവന്‌ വലിയ ശക്തിയുണ്ടായിരുന്നു.

കല്ലിനെ അപ്പമാക്കാൻ പിശാച്‌ നിങ്ങളോടു പറഞ്ഞിരുന്നെങ്കിൽ, നിങ്ങൾ അതു ചെയ്യുമായിരുന്നോ?— യേശുവിന്‌ നല്ല വിശപ്പുണ്ടായിരുന്നു എന്ന്‌ ഓർക്കുക. അതുകൊണ്ട്‌ ഒരു പ്രാവശ്യം കല്ലിനെ അപ്പമാക്കിയാൽ അത്‌ തെറ്റാകുമോ?— ഇങ്ങനെയൊരു കാര്യത്തിനുവേണ്ടി തന്റെ ശക്തി ഉപയോഗിക്കുന്നത്‌ തെറ്റാണെന്ന്‌ യേശുവിന്‌ അറിയാമായിരുന്നു. കാരണം, തന്നോട്‌ അടുക്കാൻ ആളുകളെ സഹായിക്കാനാണ്‌ യഹോവ യേശുവിന്‌ ശക്തി നൽകിയത്‌. അല്ലാതെ, സ്വന്തം കാര്യത്തിന്‌ ഉപയോഗിക്കാനല്ല.

അതുകൊണ്ട്‌ ബൈബിളിൽ എന്താണ്‌ എഴുതിയിരിക്കുന്നത്‌ എന്ന്‌ യേശു സാത്താനോടു പറഞ്ഞു: “മനുഷ്യൻ അപ്പംകൊണ്ടു മാത്രമല്ല, യഹോവയുടെ വായിൽനിന്നു വരുന്ന സകല വചനംകൊണ്ടും ജീവിക്കേണ്ടതാകുന്നു.” യഹോവയ്‌ക്ക്‌ ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യുന്നത്‌ ആഹാരം കഴിക്കുന്നതിനെക്കാൾ പ്രധാനമാണെന്ന്‌ യേശുവിന്‌ അറിയാമായിരുന്നു.

പക്ഷേ പിശാചിന്‌ വിടാൻ ഭാവമില്ലായിരുന്നു. അവൻ യേശുവിനെ യെരുശലേമിലേക്ക്‌ കൂട്ടിക്കൊണ്ടുപോയി, ദൈവാലയത്തിന്റെ ഏറ്റവും ഉയരമുള്ള ഭാഗത്ത്‌ നിറുത്തി. എന്നിട്ട്‌ ഇങ്ങനെ പറഞ്ഞു: ‘നീ ദൈവപുത്രനാണെങ്കിൽ താഴേക്കു ചാടുക. നിന്റെ കാൽ കല്ലിൽ തട്ടാതവണ്ണം ദൂതന്മാർ നിന്നെ കാത്തുകൊള്ളും എന്ന്‌ എഴുതിയിട്ടുണ്ടല്ലോ.’

എന്തിനാണ്‌ സാത്താൻ യേശുവിനോട്‌ അങ്ങനെ പറഞ്ഞത്‌?— അപകടംപിടിച്ച ഒരു കാര്യം ചെയ്യാൻ യേശുവിനെ പ്രലോഭിപ്പിക്കാനാണ്‌ അവൻ അതു പറഞ്ഞത്‌. പക്ഷേ ഈ പ്രാവശ്യവും യേശു സാത്താൻ പറഞ്ഞത്‌ കേട്ടില്ല. എന്തായിരുന്നു യേശുവിന്റെ മറുപടി? “‘നിന്റെ ദൈവമായ യഹോവയെ നീ പരീക്ഷിക്കരുത്‌’ എന്നുകൂടെ എഴുതിയിരിക്കുന്നു” എന്ന്‌ യേശു പറഞ്ഞു. അപകടംപിടിച്ച ഒരു കാര്യം ചെയ്‌തിട്ട്‌, യഹോവ രക്ഷിച്ചുകൊള്ളുമെന്ന്‌ ചിന്തിക്കുന്നത്‌ തെറ്റാണെന്ന്‌ യേശുവിന്‌ അറിയാമായിരുന്നു.

പക്ഷേ സാത്താൻ ശ്രമം ഉപേക്ഷിച്ചില്ല. അവൻ യേശുവിനെ വളരെ പൊക്കമുള്ള ഒരു മലയുടെ മുകളിലേക്ക്‌ കൊണ്ടുപോയി. അവിടെ നിന്നുകൊണ്ട്‌ അവൻ ലോകത്തിലെ എല്ലാ രാജ്യങ്ങളും അവയുടെ ഐശ്വര്യവും യേശുവിനു കാണിച്ചുകൊടുത്തു. എന്നിട്ട്‌ ഇങ്ങനെ പറഞ്ഞു: ‘നീ കുമ്പിട്ട്‌ എന്നെയൊന്നു നമസ്‌കരിച്ചാൽ ഈ കാണുന്നതൊക്കെയും ഞാൻ നിനക്കു തരാം.’

പിശാച്‌ പറഞ്ഞത്‌ എന്താണെന്ന്‌ ചിന്തിച്ചുനോക്കൂ. ലോകത്തിലെ എല്ലാ രാജ്യങ്ങളും യേശുവിന്‌ കൊടുക്കാമെന്ന്‌! പക്ഷേ ശരിക്കും അവ സാത്താന്റെയാണോ?— അല്ലെന്ന്‌ യേശു പറഞ്ഞില്ല. അവ സാത്താന്റെ അല്ലായിരുന്നെങ്കിൽ യേശു അക്കാര്യം പറയുമായിരുന്നു. ലോകത്തിലെ എല്ലാ രാജ്യങ്ങളുടെയും അധികാരി സാത്താനാണ്‌. “ഈ ലോകത്തിന്റെ അധിപതി” എന്നാണ്‌ ബൈബിൾ അവനെ വിളിക്കുന്നത്‌.—യോഹന്നാൻ 12:31.

സാത്താൻ ലോകത്തിലെ എല്ലാ രാജ്യങ്ങളും വാഗ്‌ദാനം ചെയ്‌തപ്പോൾ യേശു അത്‌ തള്ളിക്കളയുന്നു

എല്ലാ രാജ്യങ്ങളും തരാമെന്നുള്ള സാത്താന്റെ വാഗ്‌ദാനം യേശു തള്ളിക്കളഞ്ഞത്‌ എന്തുകൊണ്ടാണ്‌?

തന്നെ ആരാധിക്കുന്നതിനു പകരമായി എന്തെങ്കിലും തരാമെന്ന്‌ പിശാച്‌ പറഞ്ഞാൽ നിങ്ങൾ എന്തുചെയ്യും?— പകരമായി എന്തുതന്നെ കിട്ടിയാലും, പിശാചിനെ ആരാധിക്കുന്നത്‌ തെറ്റാണെന്ന്‌ യേശുവിന്‌ അറിയാമായിരുന്നു. അതുകൊണ്ട്‌ അവൻ പറഞ്ഞു: ‘സാത്താനേ, ദൂരെപ്പോകൂ! നിന്റെ ദൈവമായ യഹോവയെയാണ്‌ ആരാധിക്കേണ്ടത്‌; അവനെ മാത്രമേ സേവിക്കാവൂ എന്ന്‌ ബൈബിളിൽ എഴുതിയിരിക്കുന്നു.’—മത്തായി 4:1-10; ലൂക്കോസ്‌ 4:1-13.

ഒരു കൊച്ചു പെൺകുട്ടി പലഹാരത്തിലേക്കു നോക്കുന്നു

പ്രലോഭനം ഉണ്ടായാൽ നിങ്ങൾ എന്തു ചെയ്യും?

നമുക്കും പ്രലോഭനങ്ങൾ ഉണ്ടാകാറുണ്ട്‌. ചിലത്‌ എന്തൊക്കെയാണെന്ന്‌ പറയാമോ?— ഞാൻ ഒരു ഉദാഹരണം പറയാം. പായസം ഉണ്ടാക്കിയിട്ട്‌, ചോറുണ്ടു കഴിഞ്ഞിട്ടേ ഇതു കഴിക്കാവൂ എന്ന്‌ അമ്മ പറയുന്നു. നിങ്ങൾക്കാണെങ്കിൽ വിശന്നിട്ടുവയ്യാ, കുറച്ചെടുത്തു കുടിച്ചാലോ എന്ന്‌ നിങ്ങൾക്ക്‌ തോന്നുന്നു. ഇപ്പോൾ നിങ്ങൾ എന്തു ചെയ്യും? അമ്മയെ അനുസരിക്കുമോ?— നിങ്ങൾ അനുസരിക്കരുത്‌ എന്നാണ്‌ സാത്താന്റെ ആഗ്രഹം.

യേശു എന്താണു ചെയ്‌തത്‌? അവനും നല്ല വിശപ്പുണ്ടായിരുന്നു. പക്ഷേ ദൈവത്തെ സന്തോഷിപ്പിക്കുന്നതാണ്‌ ആഹാരം കഴിക്കുന്നതിനെക്കാൾ പ്രധാനം എന്ന്‌ യേശുവിന്‌ അറിയാമായിരുന്നു. അമ്മ പറയുന്നത്‌ അനുസരിക്കുമ്പോൾ നിങ്ങളും യേശുവിനെപ്പോലെ പ്രവർത്തിക്കുകയായിരിക്കും.

ചില ഗുളികകൾ കാണിച്ചിട്ട്‌ അതു കഴിച്ചുനോക്കാൻ കൂട്ടുകാർ നിങ്ങളോടു പറഞ്ഞേക്കാം. ‘ഇതു കഴിച്ചാൽ ആകാശത്തുകൂടെ പറന്നു നടക്കുന്നതുപോലെ തോന്നും’ എന്നൊക്കെ അവർ പറയും. പക്ഷേ നിങ്ങൾക്ക്‌ അറിയാമോ, ചിലപ്പോൾ അത്‌ മയക്കുമരുന്നായിരിക്കും. അതു കഴിച്ചാൽ നിങ്ങൾക്ക്‌ അസുഖം വരും; ചിലപ്പോൾ മരിച്ചുപോയെന്നുംവരാം. അല്ലെങ്കിൽ, ഒരു സിഗരറ്റ്‌ തന്നിട്ട്‌ അതു വലിച്ചുനോക്കാൻ ആരെങ്കിലും നിങ്ങളോടു പറഞ്ഞേക്കാം. അതിലുമുണ്ട്‌ ഒരുതരം മയക്കുമരുന്ന്‌. അപ്പോൾ നിങ്ങൾ എന്തു ചെയ്യും?—

ഒരു കുട്ടി രണ്ട്‌ കുട്ടികൾക്ക്‌ സിഗരറ്റുകൾ കൊടുക്കുന്നു. ഒരാൾ അത്‌ വാങ്ങുന്നു, മറ്റെയാൾ എടുക്കാതെ പോകുന്നു

ഇങ്ങനെയൊരു സാഹചര്യത്തിൽ യേശു എന്താണ്‌ ചെയ്‌തത്‌? അപകടംപിടിച്ച ഒരു കാര്യം ചെയ്യാൻ സാത്താൻ യേശുവിനോട്‌ പറഞ്ഞത്‌ ഓർക്കുന്നില്ലേ? ആലയത്തിന്റെ മുകളിൽനിന്ന്‌ താഴേക്കു ചാടാൻ അവൻ യേശുവിനോടു പറഞ്ഞു. പക്ഷേ യേശു അതു ചെയ്‌തില്ല. അപകടംപിടിച്ച എന്തെങ്കിലും ചെയ്യാൻ നിങ്ങളോട്‌ ആരെങ്കിലും പറഞ്ഞാൽ നിങ്ങൾ എന്തു ചെയ്യും?— യേശു സാത്താൻ പറഞ്ഞതു കേട്ടില്ല. നിങ്ങളെക്കൊണ്ട്‌ തെറ്റായ കാര്യങ്ങൾ ചെയ്യിക്കാൻ ആരെങ്കിലും ശ്രമിച്ചാൽ നിങ്ങളും അത്‌ ശ്രദ്ധിക്കരുത്‌.

ഒരു പെൺകുട്ടി കൊന്തമാല പിടിച്ചുനിൽക്കുന്നു

പ്രതിമകൾ ഉപയോഗിക്കരുതാത്തത്‌ എന്തുകൊണ്ട്‌?

പ്രതിമകളെ ആരാധിക്കരുതെന്ന്‌ ബൈബിൾ പറയുന്നുണ്ട്‌. (പുറപ്പാടു 20:4, 5) എന്നാൽ ചിലപ്പോൾ, ഒരു പ്രതിമയെ വണങ്ങാൻ ആരെങ്കിലും നിങ്ങളോട്‌ ആവശ്യപ്പെട്ടേക്കാം. സ്‌കൂളിലെ ഒരു പരിപാടിയോടു ബന്ധപ്പെട്ടായിരിക്കാം അത്‌. അങ്ങനെ ചെയ്‌തില്ലെങ്കിൽ സ്‌കൂളിൽനിന്ന്‌ പുറത്താക്കും എന്നുപോലും നിങ്ങളോടു പറഞ്ഞെന്നുവരാം. നിങ്ങൾ എന്തു ചെയ്യും?—

എല്ലാവരും ശരി ചെയ്യുമ്പോൾ നമുക്കും ശരി ചെയ്യാൻ എളുപ്പമാണ്‌. പക്ഷേ ചിലപ്പോൾ നിങ്ങളെക്കൊണ്ട്‌ തെറ്റ്‌ ചെയ്യിക്കാൻ മറ്റുള്ളവർ ശ്രമിച്ചേക്കാം. ആ സമയത്ത്‌, ശരി ചെയ്യാൻ വളരെ ബുദ്ധിമുട്ടായിരിക്കും. അത്‌ അത്ര തെറ്റൊന്നുമല്ല എന്ന്‌ അവർ പറഞ്ഞേക്കാം. എന്നാൽ ദൈവം അതിനെപ്പറ്റി എന്തു പറയുന്നു എന്നതാണ്‌ നമുക്കു പ്രധാനം. ശരിയെന്താണെന്ന്‌ ഏറ്റവും നന്നായി അറിയാവുന്നത്‌ ദൈവത്തിനാണ്‌.

ആരൊക്കെ എന്തൊക്കെ പറഞ്ഞാലും, തെറ്റാണെന്ന്‌ ദൈവം പറയുന്ന കാര്യങ്ങൾ നമ്മൾ ഒരിക്കലും ചെയ്യരുത്‌. അങ്ങനെയാകുമ്പോൾ, എപ്പോഴും നമ്മൾ ദൈവത്തെ സന്തോഷിപ്പിക്കും; ഒരിക്കലും പിശാചിനെ സന്തോഷിപ്പിക്കില്ല.

തെറ്റു ചെയ്യാനുള്ള പ്രലോഭനങ്ങളെ എങ്ങനെ ചെറുക്കാം എന്നതിനെക്കുറിച്ച്‌ കൂടുതൽ വിവരങ്ങൾ ഈ തിരുവെഴുത്തുകളിലുണ്ട്‌: സങ്കീർത്തനം 1:1, 2; സദൃശവാക്യങ്ങൾ 1:10, 11, 14; മത്തായി 26:41; 2 തിമൊഥെയൊസ്‌ 2:22.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക