അധ്യായം 12
പിശാചിനാൽ പരീക്ഷിക്കപ്പെടുന്നു
തെററായ എന്തെങ്കിലും ചെയ്യാൻ ആരെങ്കിലും നിന്നോട് എന്നെങ്കിലും ആവശ്യപ്പെട്ടിട്ടുണ്ടോ?—നീ അതു ചെയ്യാൻ അയാൾ നിന്നെ ഭയപ്പെടുത്തിയോ? അല്ലെങ്കിൽ അതു തമാശയായിരിക്കുമെന്നും അതു ചെയ്യുന്നതു യഥാർഥത്തിൽ തെററല്ലായിരിക്കുമെന്നും അയാൾ പറഞ്ഞോ?—ആരെങ്കിലും നമ്മോട് ഇതു ചെയ്യുമ്പോൾ അയാൾ നമ്മെ പരീക്ഷിക്കാൻ ശ്രമിക്കുകയാണ്.
നാം പരീക്ഷിക്കപ്പെടുമ്പോൾ നാം എന്തുചെയ്യണം? നാം വഴങ്ങി തെററു ചെയ്യണമോ?—അതു യഹോവയാം ദൈവത്തെ പ്രസാദിപ്പിക്കുകയില്ല. എന്നാൽ അത് ആരെ സന്തുഷ്ടനാക്കുമെന്നു നിനക്കറിയാമോ?—പിശാചായ സാത്താനെ.
സാത്താൻ ദൈവത്തിന്റെ ശത്രു ആണ്, നമ്മുടെയും ശത്രുവാണവൻ. നമുക്ക് അവനെ കാണാൻ കഴിയുകയില്ല. എന്തുകൊണ്ടെന്നാൽ അവൻ ഒരു ആത്മാവാകുന്നു. എന്നാൽ അവനു നമ്മളെ കാണാൻ കഴിയും. ഒരു ദിവസം പിശാച് മഹദ്ഗുരുവായ യേശുവിനോടു സംസാരിക്കുകയും അവനെ പരീക്ഷിക്കാൻ ശ്രമിക്കുകയും ചെയ്തു. യേശു എന്തു ചെയ്തെന്നു നമുക്കു കണ്ടുപിടിക്കാം. അപ്പോൾ നാം പരീക്ഷിക്കപ്പെടുമ്പോൾ ചെയ്യേണ്ട ശരിയായ സംഗതി നാം അറിയും.
യേശു ദൈവത്തോടു പ്രാർഥിക്കാൻ പർവതങ്ങളിലേക്കു പോയിരുന്നു. ദൈവം അവനു ചെയ്യാൻ കൊടുത്ത വേലയെക്കുറിച്ച് അവൻ ചിന്തിക്കാനാഗ്രഹിച്ചു.
യേശു അവിടെ പർവതത്തിലായിരുന്നപ്പോൾ, നാല്പതു പകലും രാത്രിയും കടന്നുപോയി! ഈ സമയമത്രയും യേശു ഒന്നും ഭക്ഷിച്ചില്ല. യേശുവിന് ഇപ്പോൾ വളരെ വിശന്നു.
ഇപ്പോഴാണു സാത്താൻ യേശുവിനെ പരീക്ഷിക്കാൻ ശ്രമിച്ചത്. പിശാച് ഇങ്ങനെ പറഞ്ഞു: “നീ ഒരു ദൈവപുത്രനെങ്കിൽ ഈ കല്ല് ഒരു അപ്പമാകാൻ പറയൂ.” ചില അപ്പത്തിന് എന്തു രുചിയായിരിക്കും!
എന്നാൽ യേശുവിനു കല്ല് അപ്പമാക്കാൻ കഴിയുമായിരുന്നോ?—ഉവ്വ്, അവനു കഴിയുമായിരുന്നു. എന്തുകൊണ്ടെന്നാൽ യേശു ദൈവപുത്രനാണ്. അവനു പ്രത്യേക ശക്തികളുണ്ട്.
പിശാച് നിന്നോട് ആവശ്യപ്പെട്ടിരുന്നെങ്കിൽ നീ കല്ല് അപ്പമാക്കുമായിരുന്നോ?—യേശുവിനു വിശക്കുന്നുണ്ടായിരുന്നു. അതുകൊണ്ട് ഒരിക്കൽ മാത്രം അതു ചെയ്യുന്നത് ഉചിതമായിരിക്കുമായിരുന്നോ?—അവന്റെ ശക്തികൾ ഈ വിധത്തിൽ ഉപയോഗിക്കുന്നതു തെററായിരിക്കുമെന്നു യേശുവിന് അറിയാമായിരുന്നു. യഹോവ അവന് ഈ ശക്തികൾ കൊടുത്തതു തനിക്കായിത്തന്നെ അവ ഉപയോഗിക്കാനല്ല, പിന്നെയോ ദൈവത്തിങ്കലേക്ക് ആളുകളെ ആകർഷിക്കാനായിരുന്നു.
അതുകൊണ്ട്, പകരം ‘മനുഷ്യൻ അപ്പംകൊണ്ടു മാത്രമല്ല യഹോവയുടെ വായിൽനിന്നു വരുന്ന സകല വചനംകൊണ്ടും ജീവിക്കേണ്ടതാണ്’ എന്നു ബൈബിളിൽ എഴുതപ്പെട്ടിരിക്കുന്നുവെന്നു യേശു സാത്താനോടു പറഞ്ഞു. ഭക്ഷണം കഴിക്കാനുണ്ടായിരുന്നതിനേക്കാൾ പ്രധാനമാണു യഹോവയ്ക്കു പ്രസാദകരമായതു ചെയ്യുന്നതെന്നു യേശു അറിഞ്ഞിരുന്നു.
എന്നാൽ പിശാച് വീണ്ടും ശ്രമിച്ചു. അവൻ യേശുവിനെ യെരൂശലേമിലേക്കു കൊണ്ടുപോയി ആലയത്തിന്റെ ഉയർന്ന ഒരു ഭാഗത്തു നിർത്തി. അനന്തരം പിശാച് യേശുവിനോട്: ‘നീ ഒരു ദൈവപുത്രനാണെങ്കിൽ ഇവിടെനിന്നു കീഴ്പോട്ടു ചാടുക. എന്തുകൊണ്ടെന്നാൽ ദൈവത്തിന്റെ ദൂതൻമാർ നിനക്കു പരുക്കേൽക്കാതെ സൂക്ഷിക്കുമെന്ന് എഴുതപ്പെട്ടിരിക്കുന്നു’ എന്നു പറഞ്ഞു. യേശു എന്തുചെയ്തു?—
വീണ്ടും, യേശു സാത്താനെ കേട്ടനുസരിച്ചില്ല. തന്റെ ജീവൻകൊണ്ടു ഭാഗ്യപരീക്ഷണം നടത്തി യഹോവയെ പരീക്ഷിക്കുന്നതു തെററാണെന്ന് അവൻ സാത്താനോടു പറഞ്ഞു.
എന്നിട്ടും പിശാച് മടുത്തില്ല. അവൻ യേശുവിനെ വളരെ ഉയർന്ന ഒരു പർവതത്തിലേക്കു കൊണ്ടുപോയി. അവൻ ലോകത്തിലെ സകല രാജ്യങ്ങളും അവയുടെ മഹത്ത്വവും അവനെ കാണിച്ചു. അനന്തരം സാത്താൻ യേശുവിനോട്: ‘നീ കുമ്പിട്ട് എങ്കൽ ആരാധനയുടെ ഒരു ക്രിയചെയ്താൽ ഇതെല്ലാം ഞാൻ നിനക്കു തരാം’ എന്നു പറഞ്ഞു. നീ എന്തുചെയ്യുമായിരുന്നു?—
യേശു അതു ചെയ്യുകയില്ല. തനിക്ക് എന്തു കിട്ടിയാലും പിശാചിനെ ആരാധിക്കുന്നതു തെററാണെന്ന് അവന് അറിയാമായിരുന്നു. അതുകൊണ്ടു യേശു പിശാചിനോട് ‘സാത്താനേ, ദൂരെ പോ! എന്തുകൊണ്ടെന്നാൽ നീ നിന്റെ ദൈവമായ യഹോവയെയാണ് ആരാധിക്കേണ്ടത്, അവനെ മാത്രമേ നീ സേവിക്കാവൂ എന്നു ബൈബിൾ പറയുന്നു’ എന്നു പറഞ്ഞു.—ലൂക്കോസ് 4:1-13; മത്തായി 4:1-10.
നാമും പരീക്ഷകളെ അഭിമുഖീകരിക്കുന്നു. എങ്ങനെയെന്നു നിനക്കറിയാമോ?—ഇതാ ഒരു ദൃഷ്ടാന്തം.
നിന്റെ അമ്മ ഉച്ചഭക്ഷണത്തിന് ആസ്വാദ്യമായ ഒരു ഭോജ്യമോ മധുരപലഹാരമോ ഉണ്ടാക്കിയേക്കാം. എന്നാൽ ഭക്ഷണസമയമാകുന്നതിനുമുമ്പ് അതൊന്നും തിന്നരുതെന്ന് അമ്മ നിന്നോടു പറഞ്ഞേക്കാം. നിനക്കു നല്ല വിശപ്പുണ്ടായിരിക്കാം. അതുകൊണ്ട് അതു തിന്നുന്നതിനു നീ പരീക്ഷിക്കപ്പെടുന്നതായി നിനക്ക് അനുഭവപ്പെട്ടേക്കാം. നീ നിന്റെ അമ്മയെ അനുസരിക്കുമോ?—നീ അനുസരണക്കേടു കാണിക്കാൻ സാത്താൻ ആഗ്രഹിക്കുന്നു.
എന്നാൽ യേശുവിനെ ഓർക്കുക. അവനും വളരെ വിശപ്പുണ്ടായിരുന്നു. എന്നാൽ ദൈവത്തെ പ്രസാദിപ്പിക്കുന്നത് അധികം പ്രധാനമാണെന്ന് അവൻ അറിഞ്ഞിരുന്നു.
നിനക്കു കുറേക്കൂടെ പ്രായമാകുമ്പോൾ മററുചില കുട്ടികൾ ചില ഗുളികകൾ വിഴുങ്ങാൻ നിന്നോട് ആവശ്യപ്പെട്ടേക്കാം. അല്ലെങ്കിൽ അവർ നിനക്ക് ഒരു സിഗറററു വലിക്കാൻ തന്നേക്കാം. ഇവ നിനക്കു യഥാർഥത്തിൽ സുഖം തോന്നിക്കുമെന്ന് അവർ നിന്നോടു പറഞ്ഞേക്കാം. എന്നാൽ ഇവ മയക്കുമരുന്നുകളായിരിക്കാം. നിനക്കു വളരെ അസുഖമുളവാക്കാൻ അവയ്ക്കു കഴിയും, കൊല്ലാൻ പോലും കഴിയും. നീ എന്തു ചെയ്യും?—
യേശുവിനെ ഓർക്കുക. ആലയത്തിന്റെ മുകളിൽനിന്നു ചാടാൻ യേശുവിനോടു പറഞ്ഞുകൊണ്ട് അവന്റെ ജീവൻകൊണ്ടു ഭാഗ്യപരീക്ഷണം നടത്തിക്കാൻ സാത്താൻ ശ്രമിച്ചു. എന്നാൽ യേശു അതു ചെയ്യുമായിരുന്നില്ല. അവൻ സാത്താനെ ശ്രദ്ധിച്ചില്ല. നിന്നെക്കൊണ്ടു മയക്കുമരുന്നുകൾ ഉപയോഗിപ്പിക്കാൻ ശ്രമിക്കുന്ന ഒരുവനേയും നീയും ശ്രദ്ധിക്കരുത്.
മററുളളവരെല്ലാം ശരിയായതു ചെയ്യുമ്പോൾ അതു ചെയ്യുക നമുക്ക് എളുപ്പമാണ്. എന്നാൽ മററുളളവർ നമ്മേക്കൊണ്ടു തെററുചെയ്യിക്കാൻ ശ്രമിക്കുമ്പോൾ ശരിയായതു ചെയ്യുക വളരെ പ്രയാസമായിരിക്കാവുന്നതാണ്. അവർ ചെയ്യുന്നത് അത്ര വഷളല്ലെന്ന് അവർ പറഞ്ഞേക്കാം. എന്നാൽ വലിയ ചോദ്യം ഇതാണ്, ദൈവം അതു സംബന്ധിച്ച് എന്തു പറയുന്നു? അവനാണ് ഏററവും നന്നായി അറിയാവുന്നത്.
അതുകൊണ്ട് മററുളളവർ എന്തു പറഞ്ഞാലും, ശരിയല്ലെന്നു ദൈവം പറയുന്ന കാര്യങ്ങൾ നാം ചെയ്യുകയില്ല. ആ വിധത്തിൽ നാം എല്ലായ്പോഴും ദൈവത്തെ സന്തുഷ്ടനാക്കും, ഒരിക്കലും പിശാചിനെ സേവിക്കുകയില്ല.
(തെററു ചെയ്യുന്നതിനുളള പരീക്ഷയെ ചെറുത്തുനിൽക്കുന്നതെങ്ങനെയെന്നതു സംബന്ധിച്ചു കൂടുതൽ സദുപദേശം മത്തായി 26:41; സദൃശവാക്യങ്ങൾ 22:24, 25; സങ്കീർത്തനം 1:1, 2 എന്നിവിടങ്ങളിൽ കാണുന്നു.)