അധ്യായം 7
‘സ്നേഹിക്കാനും നല്ല കാര്യങ്ങൾ ചെയ്യാനും പ്രചോദിപ്പിക്കുന്ന’ യോഗങ്ങൾ
നൂറ്റാണ്ടുകളിലുടനീളം യഹോവയുടെ ജനം സംഘടിതമായ വിധത്തിൽ ഒരുമിച്ച് കൂടിവന്നിട്ടുണ്ട്. പുരാതനകാലത്ത് ഇസ്രായേലിൽ പുരുഷന്മാരെല്ലാവരും മൂന്നു വലിയ ഉത്സവങ്ങൾക്ക് യരുശലേമിൽ പോകുമായിരുന്നു. (ആവ. 16:16) ഒന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യാനികളും പതിവായി ഒരുമിച്ച് കൂടിയിരുന്നു. പലപ്പോഴും ആരുടെയെങ്കിലും വീടുകളിലാണ് അവർ സഭായോഗത്തിനു കൂടിവന്നിരുന്നത്. (ഫിലേ. 1, 2) ഇന്നു നമ്മളും സഭായോഗങ്ങളും സമ്മേളനങ്ങളും കൺവെൻഷനുകളും ഏറെ ഇഷ്ടപ്പെടുന്നു. ദൈവദാസന്മാർ ഇങ്ങനെ ഒരുമിച്ചുകൂടുന്നത് എന്തിനാണ്? പ്രധാനമായും, അതു നമ്മുടെ ആരാധനയുടെ ഒരു മുഖ്യഭാഗമായതുകൊണ്ട്.—സങ്കീ. 95:6; കൊലോ. 3:16.
2 യോഗങ്ങളിൽ കൂടിവരുന്നതുകൊണ്ട് പല പ്രയോജനങ്ങളുമുണ്ട്. വാർഷികകൂടാരോത്സവങ്ങളിൽ ഓരോ ഏഴാമത്തേതിനെയുംപറ്റി ഇസ്രായേല്യരോട് ഇങ്ങനെ പറഞ്ഞു: “ഈ നിയമത്തിലെ വാക്കുകളെല്ലാം കേട്ടുപഠിക്കാനും ശ്രദ്ധാപൂർവം പാലിക്കാനും നിങ്ങളുടെ ദൈവമായ യഹോവയെ ഭയപ്പെടാനും വേണ്ടി ജനത്തെയെല്ലാം, പുരുഷന്മാരെയും സ്ത്രീകളെയും കുട്ടികളെയും നിങ്ങളുടെ നഗരങ്ങളിൽ വന്നുതാമസമാക്കിയ വിദേശികളെയും, വിളിച്ചുകൂട്ടുക.” (ആവ. 31:12) ഒരുമിച്ച് കൂടിവരേണ്ടതിന്റെ ഒരു പ്രധാനകാരണം ‘യഹോവയാണു പഠിപ്പിക്കുന്നത്’ എന്നതാണ്. (യശ. 54:13) കൂടാതെ, പരസ്പരം അടുത്തറിയാനും പ്രോത്സാഹനം നേടാനും നമുക്കു കഴിയുന്നു. യോഗങ്ങളിൽ ഒരുമിച്ചായിരിക്കുന്നതിലൂടെ നമുക്കു ബലവും പ്രോത്സാഹനവും ലഭിക്കുന്നു.
സഭായോഗങ്ങൾ
3 എ.ഡി. 33-ലെ പെന്തിക്കോസ്തിനു ശേഷം പതിവായി കൂടിവന്നിരുന്ന ശിഷ്യന്മാർ അപ്പോസ്തലന്മാരുടെ ഉപദേശങ്ങൾ ഉത്സാഹത്തോടെ പഠിച്ചുപോന്നു. “അവർ മുടങ്ങാതെ എല്ലാ ദിവസവും ഒരേ മനസ്സോടെ ദേവാലയത്തിൽ വരുകയും” ചെയ്തു. (പ്രവൃ. 2:42, 46) പിന്നീടങ്ങോട്ട് ആരാധനയ്ക്കായി കൂടിവരുമ്പോൾ അവർ തിരുവെഴുത്തുകൾ വായിക്കുമായിരുന്നു. അവയിൽ അപ്പോസ്തലന്മാരും മറ്റു ക്രിസ്തുശിഷ്യന്മാരും എഴുതിയ ലേഖനങ്ങളും ഉൾപ്പെടുത്തിയിരുന്നു. (1 കൊരി. 1:1, 2; കൊലോ. 4:16; 1 തെസ്സ. 1:1; യാക്കോ. 1:1) സഭ ഒരുമിച്ചുള്ള പ്രാർഥനയുമുണ്ടായിരുന്നു. (പ്രവൃ. 4:24-29; 20:36) ഇടയ്ക്കൊക്കെ, മിഷനറിമാരുടെ അനുഭവങ്ങളും വിവരിച്ചിരുന്നു. (പ്രവൃ. 11:5-18; 14:27, 28) ബൈബിളുപദേശങ്ങളും തിരുവെഴുത്തുപ്രവചനങ്ങളുടെ നിവൃത്തിയും അവിടെ ചർച്ച ചെയ്യും. ഈ യോഗങ്ങളിലൂടെ ക്രിസ്ത്യാനികൾക്കു യോജിച്ച പെരുമാറ്റത്തെയും നടത്തയെയും കുറിച്ചും ദൈവഭക്തിയെക്കുറിച്ചും ഉള്ള പ്രബോധനം നൽകിപ്പോന്നു. സന്തോഷവാർത്തയുടെ തീക്ഷ്ണതയുള്ള ഘോഷകരാകാൻ ഈ യോഗങ്ങൾ എല്ലാവരെയും ഉത്സാഹിപ്പിച്ചു.—റോമ. 10:9, 10; 1 കൊരി. 11:23-26; 15:58; എഫെ. 5:1-33.
ഈ അന്ത്യനാളുകളിൽ യോഗങ്ങളിൽനിന്ന് ലഭിക്കുന്ന ആശ്വാസവും പ്രോത്സാഹനവും നമുക്കു കൂടിയേ തീരൂ
4 നമ്മുടെ കാലത്തെ ക്രിസ്തീയയോഗങ്ങൾ അപ്പോസ്തലന്മാർ വെച്ച ആ മാതൃക അടിസ്ഥാനമാക്കിയുള്ളതാണ്. എബ്രായർ 10:24, 25-ലെ തിരുവെഴുത്തുപ്രബോധനത്തിനു നമ്മൾ ചെവികൊടുക്കുന്നു: “പരസ്പരം എങ്ങനെ പ്രചോദിപ്പിക്കാമെന്നു നന്നായി ചിന്തിക്കുക. . . . ചിലർ ശീലമാക്കിയിരിക്കുന്നതുപോലെ നമ്മുടെ യോഗങ്ങൾക്കു കൂടിവരാതിരിക്കരുത്; പകരം നമുക്കു പരസ്പരം പ്രോത്സാഹിപ്പിക്കാം. ആ ദിവസം അടുത്തടുത്ത് വരുന്നതു കാണുമ്പോൾ നമ്മൾ ഇതു കൂടുതൽക്കൂടുതൽ ചെയ്യേണ്ടതാണ്.” ഈ അന്ത്യനാളുകളിൽ നമുക്കു ക്ലേശങ്ങൾ അനവധിയാണ്. നമ്മുടെ ആത്മീയകരുത്തും ദൈവത്തോടുള്ള വിശ്വസ്തതയും നിലനിറുത്തിക്കൊണ്ടുപോകാൻ ഇത്തരം യോഗങ്ങളിൽനിന്ന് ലഭിക്കുന്ന കൂടുതലായ ആശ്വാസവും പ്രോത്സാഹനവും നമുക്കു കൂടിയേ തീരൂ. അതുകൊണ്ട് ഈ യോഗങ്ങളിൽ നമ്മൾ പതിവായി സംബന്ധിക്കണം. (റോമ. 1:11, 12) ക്രിസ്ത്യാനികളായ നമ്മൾ ജീവിക്കുന്നതു വക്രതയുള്ളതും വഴിപിഴച്ചതും ആയ ഒരു തലമുറയിലാണ്. അഭക്തിയും ലൗകികമോഹങ്ങളും നമ്മൾ വർജിച്ചിട്ടുള്ളവരാണ്. (ഫിലി. 2:15, 16; തീത്തോ. 2:12-14) അങ്ങനെയുള്ള നമ്മൾ, യഹോവയുടെ ജനത്തിന്റെ കൂടെയല്ലാതെ മറ്റ് എവിടെയാണ് ആയിരിക്കേണ്ടത്? (സങ്കീ. 84:10) ദൈവവചനം വായിക്കുകയും പഠിക്കുകയും ചർച്ച ചെയ്യുകയും ചെയ്യുന്നതിനെക്കാൾ പ്രയോജനകരമായ മറ്റ് എന്താണുള്ളത്? നമ്മുടെ നന്മ മനസ്സിൽക്കണ്ട് ഒരുക്കിയിരിക്കുന്ന വ്യത്യസ്ത സഭായോഗങ്ങളെക്കുറിച്ച് നമുക്കു നോക്കാം.
വാരാന്തയോഗം
5 വാരാന്തയോഗത്തിലെ ആദ്യഭാഗം ഒരു ബൈബിളധിഷ്ഠിത പ്രസംഗമാണ്. മുഖ്യമായും പൊതുജനങ്ങളെ ഉദ്ദേശിച്ച് തയ്യാറാക്കിയിരിക്കുന്നതാണ് ഇത്. അവരിൽ ചിലർ ആദ്യമായിട്ടായിരിക്കാം യോഗത്തിനു വരുന്നത്. പൊതുപ്രസംഗം, സഭായോഗങ്ങൾക്കു പുതുതായി വന്നുതുടങ്ങിയിട്ടുള്ളവരുടെയും സഭയിലെ പ്രചാരകരുടെയും ആത്മീയാവശ്യങ്ങൾ നിറവേറ്റുന്നതിൽ പ്രധാനപ്പെട്ട ഒരു പങ്കു വഹിക്കുന്നു.—പ്രവൃ. 18:4; 19:9, 10.
6 ക്രിസ്തുയേശുവും അപ്പോസ്തലന്മാരും അവരുടെ സഹകാരികളും പൊതുപ്രസംഗങ്ങൾ നടത്തിയിരുന്നു. ഇന്ന് യഹോവയുടെ ജനം നടത്തുന്ന പ്രസംഗങ്ങൾപോലെയായിരുന്നു അവയെന്നു പറയാം. പൊതുസദസ്സിൽ പ്രസംഗിക്കുന്ന കാര്യത്തിൽ യേശുവിനോളം മികച്ച ഒരു പ്രഭാഷകൻ ഭൂമിയിലുണ്ടായിട്ടില്ല. “ആ മനുഷ്യൻ സംസാരിക്കുന്നതുപോലെ ആരും ഒരിക്കലും സംസാരിച്ചിട്ടില്ല” എന്നു യേശുവിനെക്കുറിച്ച് ആളുകൾ പറയുകയുണ്ടായി. (യോഹ. 7:46) അധികാരത്തോടെയാണു യേശു സംസാരിച്ചത്, ശ്രോതാക്കളെ അത് അത്ഭുതസ്തബ്ധരാക്കിയിരുന്നു. (മത്താ. 7:28, 29) യേശു പറഞ്ഞ കാര്യങ്ങൾ ഹൃദയത്തിലേക്കു സ്വീകരിച്ചവർക്കെല്ലാം അതിലൂടെ ലഭിച്ച പ്രയോജനങ്ങൾ അനവധിയായിരുന്നു. (മത്താ. 13:16, 17) അപ്പോസ്തലന്മാരും ഇതേ മാതൃക പിന്തുടർന്നു. പ്രവൃത്തികൾ 2:14-36 വരെയുള്ള ഭാഗത്ത് എ.ഡി. 33-ലെ പെന്തിക്കോസ്ത് ദിവസം പത്രോസ് നടത്തിയ ശ്രദ്ധേയമായ പ്രസംഗം കാണാം. കേട്ട കാര്യങ്ങളനുസരിച്ച് പ്രവർത്തിക്കാൻ ആയിരങ്ങൾ അന്നു പ്രചോദിതരായി. പിന്നീട്, ആതൻസിൽ പൗലോസ് നടത്തിയ പ്രസംഗം ശ്രദ്ധിച്ച ചില വ്യക്തികൾ വിശ്വാസികളായി.—പ്രവൃ. 17:22-34.
7 ഈ കാലത്തും, കൺവെൻഷനുകളിലും സമ്മേളനങ്ങളിലും പൊതുപ്രസംഗങ്ങൾ നടത്തുന്നുണ്ട്. അതുപോലെ ആഴ്ചതോറും സഭകളിലും പൊതുപ്രസംഗങ്ങളുണ്ട്. ദശലക്ഷങ്ങളാണ് ഇതിലൂടെ പ്രയോജനം നേടിയിരിക്കുന്നത്. ക്രിസ്തീയമായ ഉപദേശങ്ങൾ ജാഗ്രതയോടെ പാലിക്കാനും ദൈവരാജ്യസേവനത്തിൽ മുന്നോട്ടു പോകാനും ഈ പ്രസംഗങ്ങൾ നമ്മളെ സഹായിക്കുന്നു. പൊതുജനങ്ങളെയും താത്പര്യക്കാരെയും നമ്മൾ ഇതിനായി ക്ഷണിക്കുന്നതുകൊണ്ടുള്ള പ്രയോജനം എന്താണ്? അടിസ്ഥാനബൈബിൾപഠിപ്പിക്കലുകളുമായി പരിചിതരാകാൻ ആളുകളെ ഇതു നല്ലൊരളവിൽ സഹായിക്കും.
8 പൊതുപ്രസംഗങ്ങളിൽ കൈകാര്യം ചെയ്യുന്ന വിഷയങ്ങൾ വൈവിധ്യമുള്ളവയാണ്: ബൈബിളുപദേശങ്ങൾ, പ്രവചനങ്ങൾ, ദാമ്പത്യവും കുടുംബജീവിതവും സംബന്ധിച്ച തിരുവെഴുത്തുതത്ത്വങ്ങളും ബുദ്ധിയുപദേശങ്ങളും, യുവപ്രായക്കാർ നേരിടുന്ന പ്രശ്നങ്ങൾ, ക്രിസ്ത്യാനികൾ പാലിച്ചിരിക്കേണ്ട സദാചാരമൂല്യങ്ങളും നിലവാരങ്ങളും അങ്ങനെ പോകുന്നു വിഷയങ്ങൾ. ചില പ്രസംഗങ്ങൾ യഹോവയുടെ അത്ഭുതകരമായ സൃഷ്ടിക്രിയകളെക്കുറിച്ചുള്ളവയാണ്. ബൈബിൾകഥാപാത്രങ്ങളുടെ ശ്രദ്ധേയമായ വിശ്വാസം, ധൈര്യം, അചഞ്ചലമായ വിശ്വസ്തത എന്നിവയും നമുക്ക് അതിൽനിന്ന് പഠിക്കാനുള്ള പാഠങ്ങളും ആണ് മറ്റു ചില പ്രസംഗങ്ങളുടെ കേന്ദ്രവിഷയം.
9 പൊതുപ്രസംഗം എന്ന ക്രമീകരണത്തിന്റെ പ്രയോജനം മുഴുവൻ കിട്ടണമെങ്കിൽ, നമ്മൾ ഈ പ്രസംഗങ്ങൾ നന്നായി ശ്രദ്ധിച്ച് കേൾക്കണം. പ്രസംഗകൻ പറയുന്ന തിരുവെഴുത്തുകൾ നമ്മളും എടുക്കുകയും അദ്ദേഹം അവ വായിക്കുമ്പോൾ മൗനമായി കൂടെ വായിക്കുകയും, വിശദീകരിക്കുമ്പോൾ ശ്രദ്ധിച്ച് കേട്ട് മനസ്സിലാക്കുകയും വേണം. (ലൂക്കോ. 8:18) ഇങ്ങനെ ചർച്ച ചെയ്യുന്ന കാര്യങ്ങൾ ഉറപ്പാക്കി മുന്നോട്ടു പോകുമ്പോൾ പ്രസംഗത്തിലൂടെ പഠിക്കുന്ന കാര്യങ്ങൾ നമ്മുടേതാക്കാനും അതുപോലെ ചെയ്തുനോക്കാനും നമ്മൾ തീരുമാനിച്ചുറയ്ക്കും.—1 തെസ്സ. 5:21.
10 ആവശ്യത്തിനു പ്രസംഗകരുണ്ടെങ്കിൽ സഭയിൽ എല്ലാ ആഴ്ചയും പൊതുപ്രസംഗം ഉണ്ടായിരിക്കും. പ്രസംഗങ്ങൾ നടത്താൻ അയൽസഭകളിൽനിന്നും പ്രസംഗകരെ ക്ഷണിക്കും. എല്ലാ ആഴ്ചയിലും നടത്താൻ പ്രസംഗകരില്ലെങ്കിൽ സാധിക്കുമ്പോഴെല്ലാം നടത്താൻ ശ്രദ്ധിക്കും.
11 വാരാന്തയോഗത്തിന്റെ അടുത്തഭാഗം വീക്ഷാഗോപുരപഠനമാണ്. വീക്ഷാഗോപുരത്തിന്റെ പഠനപ്പതിപ്പിലെ ലേഖനങ്ങളുടെ ഒരു ചോദ്യോത്തരപരിചിന്തനമാണ് ഇത്. വീക്ഷാഗോപുരത്തിലൂടെ യഹോവ നമുക്കു തക്കസമയത്തെ ആത്മീയാഹാരം പ്രദാനം ചെയ്യുന്നു.
12 ബൈബിൾതത്ത്വങ്ങൾ അനുദിനജീവിതത്തിൽ എങ്ങനെ പ്രയോഗത്തിലാക്കാമെന്നു പഠനലേഖനങ്ങൾ മിക്കപ്പോഴും നമുക്കു കാണിച്ചുതരുന്നു. ‘ലോകത്തിന്റെ ആത്മാവിനും’ അശുദ്ധമായ നടത്തയ്ക്കും വഴിപ്പെടാതെ ഉറച്ചുനിൽക്കാൻ അതു ക്രിസ്ത്യാനികളെ സജ്ജരാക്കുന്നു. (1 കൊരി. 2:12) ബൈബിളുപദേശങ്ങളും പ്രവചനങ്ങളും സംബന്ധിച്ചുള്ള കൂടുതലായ പ്രകാശം വീക്ഷാഗോപുരത്തിലൂടെ നമുക്കു കിട്ടുന്നു. സത്യത്തെക്കുറിച്ചുള്ള പുതിയപുതിയ ഗ്രാഹ്യങ്ങൾ അപ്പപ്പോൾ മനസ്സിലാക്കി നീതിമാന്മാരുടെ പാതയിൽത്തന്നെ മുന്നോട്ടു ചരിക്കാൻ ഇത് എല്ലാവരെയും പ്രാപ്തരാക്കുന്നു. (സങ്കീ. 97:11; സുഭാ. 4:18) വീക്ഷാഗോപുരപഠനത്തിനു ഹാജരാകുകയും പങ്കുപറ്റുകയും ചെയ്യുന്നതു നീതിയുള്ള പുതിയ ലോകത്തെക്കുറിച്ച് യഹോവ നൽകിയ പ്രത്യാശയിൽ സന്തോഷിക്കാൻ നമ്മളെ സഹായിക്കും. (റോമ. 12:12; 2 പത്രോ. 3:13) സഹോദരങ്ങളോടൊത്തായിരിക്കുന്നതും സമയം ചെലവഴിക്കുന്നതും പരിശുദ്ധാത്മാവിന്റെ ഫലം വളർത്തിയെടുക്കാനും ശുഷ്കാന്തിയോടെ യഹോവയെ സേവിക്കാനുള്ള ആഗ്രഹം ശക്തിപ്പെടുത്താനും നമ്മളെ സഹായിക്കും. (ഗലാ. 5:22, 23) പരിശോധനകൾ സഹിച്ചുനിൽക്കാനുള്ള കരുത്തു നേടാനും, “വരുങ്കാലത്തേക്കുള്ള . . . ഭദ്രമായ ഒരു അടിത്തറ” ഇടാനും ഇതിലൂടെ നമുക്കു കഴിയുന്നു. അങ്ങനെ, ‘യഥാർഥജീവനിൽ പിടിയുറപ്പിക്കാൻ’ നമുക്കാകും.—1 തിമൊ. 6:19; 1 പത്രോ. 1:6, 7.
13 നമ്മളെ ആത്മീയമായി പോഷിപ്പിക്കുന്ന ഈ കരുതലിൽനിന്ന് എങ്ങനെ പൂർണമായ പ്രയോജനം നേടാം? പരിചിന്തിക്കാനുള്ള ഭാഗം ഒറ്റയ്ക്കോ കുടുംബം ഒരുമിച്ചോ നേരത്തേതന്നെ തയ്യാറാകണം. തയ്യാറാകുമ്പോൾ, ഉദ്ധരിച്ചിട്ടില്ലാത്ത തിരുവെഴുത്തുകൾ എടുത്ത് നോക്കണം, എന്നിട്ട് യോഗസമയത്ത് നമ്മുടെ സ്വന്തം വാക്കുകളിൽ അഭിപ്രായങ്ങൾ പറയണം. ഇങ്ങനെ ചെയ്യുമ്പോൾ സത്യം ഉള്ളിലേക്ക് ആഴ്ന്നിറങ്ങും. നമ്മുടെ വിശ്വാസം നിറഞ്ഞ വാക്കുകൾ മറ്റുള്ളവർ കേൾക്കുമ്പോൾ അവർക്ക് അതു പ്രയോജനം ചെയ്യും. മറ്റുള്ളവർ അഭിപ്രായം പറയുമ്പോൾ നമ്മളും ശ്രദ്ധിച്ച് കേൾക്കുന്നെങ്കിൽ ഓരോ ആഴ്ചയിലെയും പഠനഭാഗത്തുനിന്ന് നമുക്കു പൂർണമായ പ്രയോജനം നേടാം.
മധ്യവാരയോഗം
14 ഓരോ ആഴ്ചയും, നമ്മുടെ ക്രിസ്തീയ ജീവിതവും സേവനവും എന്ന യോഗപരിപാടിക്കായി സഭ ഒരുമിച്ച് കൂടിവരും. മൂന്നു ഭാഗങ്ങളുള്ള ഒരു യോഗമാണ് ഇത്. ദൈവത്തിന്റെ ശുശ്രൂഷകരെന്ന നിലയിൽ “യോഗ്യത” നേടാൻ നമ്മളെ സഹായിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. (2 കൊരി. 3:5, 6) ഈ യോഗത്തിനുള്ള പട്ടികയും വിവരങ്ങളും മാസംതോറും ലഭിക്കുന്ന നമ്മുടെ ക്രിസ്തീയ ജീവിതവും സേവനവും യോഗത്തിനുള്ള പഠനസഹായിയിൽ ലഭ്യമാണ്. ജീവിത-സേവന യോഗത്തിനുള്ള പഠനസഹായിയിൽ ശുശ്രൂഷയിൽ ഉപയോഗിക്കാനായി സംഭാഷണത്തിനുള്ള ചില മാതൃകകളും നൽകിയിട്ടുണ്ട്.
15 ഈ യോഗത്തിന്റെ ആദ്യഭാഗം ‘ദൈവവചനത്തിലെ നിധികൾ’ എന്ന് അറിയപ്പെടുന്നു. ചില ബൈബിൾവിവരണങ്ങളുടെ പശ്ചാത്തലവും സന്ദർഭവും ആയി പരിചിതരാകാനും അതിലെ തത്ത്വങ്ങൾ എങ്ങനെ പ്രായോഗികമാക്കാമെന്നു പഠിക്കാനും ഈ ഭാഗം നമ്മളെ സഹായിക്കുന്നു. ഈ യോഗത്തിൽ ഓരോ ആഴ്ചയിലെയും ബൈബിൾവായനാഭാഗത്തെ അടിസ്ഥാനമാക്കിയുള്ള പ്രസംഗം, വായന, ചോദ്യോത്തര പരിചിന്തനം എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നു. ജീവിത-സേവന യോഗത്തിനുള്ള പഠനസഹായിയിൽ ആ ബൈബിൾവിവരണങ്ങളെക്കുറിച്ച് പഠിക്കാനുള്ള ദൃശ്യസഹായികളും അഭ്യാസങ്ങളും കൊടുത്തിട്ടുണ്ട്. അത്തരത്തിൽ ബൈബിളിനെക്കുറിച്ച് ആഴത്തിൽ പഠിക്കുന്നതു നമ്മുടെ വ്യക്തിപരമായ ജീവിതത്തിലും പഠിപ്പിക്കലിലും വളരെ ഗുണം ചെയ്യും. അങ്ങനെ നമ്മൾ “ഏതു കാര്യത്തിനും പറ്റിയ, എല്ലാ സത്പ്രവൃത്തിയും ചെയ്യാൻ സജ്ജനായ, ഒരാളായിത്തീരുന്നു.”—2 തിമൊ. 3:16, 17.
16 ‘വയൽസേവനത്തിനു സജ്ജരാകാം’ എന്നതാണു യോഗത്തിന്റെ രണ്ടാം ഭാഗം. വയൽശുശ്രൂഷ എങ്ങനെ ചെയ്യാമെന്നു പരിശീലിച്ചുനോക്കാനും പ്രസംഗ-പഠിപ്പിക്കൽ കഴിവുകൾ മെച്ചപ്പെടുത്താനും ഉള്ള അവസരം എല്ലാവർക്കും നൽകുകയാണ് ഇതിന്റെ ഉദ്ദേശ്യം. വിദ്യാർഥിനിയമനങ്ങൾക്കു പുറമേ സംഭാഷണത്തിനുള്ള മാതൃകകളുടെ വീഡിയോകളും ചർച്ച ചെയ്യും. ‘ക്ഷീണിച്ചിരിക്കുന്നവനോട് ഉചിതമായ വാക്കുകൾ ഉപയോഗിച്ച് സംസാരിക്കാൻ കഴിയേണ്ടതിന്’ “വിദ്യാസമ്പന്നരുടെ നാവ്” നേടാൻ യോഗത്തിന്റെ ഈ ഭാഗം നമ്മളെ സഹായിക്കുന്നു.—യശ. 50:4.
17 ‘ക്രിസ്ത്യാനികളായി ജീവിക്കാം’ എന്നതാണു മൂന്നാം ഭാഗം. അനുദിനജീവിതത്തിൽ പ്രായോഗികമാക്കാൻ കഴിയുന്ന ബൈബിൾതത്ത്വങ്ങളെക്കുറിച്ച് ഈ ഭാഗത്ത് പരിചിന്തിക്കും. (സങ്കീ. 119:105) സഭാ ബൈബിൾപഠനം ആണ് മൂന്നാം ഭാഗത്തിന്റെ ഒരു മുഖ്യസവിശേഷത. വീക്ഷാഗോപുരപഠനംപോലെ സഭാ ബൈബിൾപഠനവും ചോദ്യോത്തരചർച്ചയായാണു നടത്തുന്നത്.
18 ജീവിത-സേവന യോഗത്തിനുള്ള പഠനസഹായി കിട്ടിയാലുടൻ മൂപ്പന്മാരുടെ സംഘത്തിന്റെ ഏകോപകൻ അല്ലെങ്കിൽ അദ്ദേഹത്തെ സഹായിക്കുന്ന ഒരു മൂപ്പൻ ഓരോ മാസത്തെയും പരിപാടികൾ ശ്രദ്ധാപൂർവം വിശകലനം ചെയ്ത് ഒരു പട്ടിക തയ്യാറാക്കും. ഓരോ ആഴ്ചയും മൂപ്പന്മാരുടെ സംഘം അംഗീകരിച്ച പഠിപ്പിക്കൽപ്രാപ്തിയുള്ള ഒരു മൂപ്പനായിരിക്കും ഈ യോഗത്തിൽ അധ്യക്ഷത വഹിക്കുന്നത്. അദ്ദേഹം വിദ്യാർഥിനിയമനങ്ങൾ നിർവഹിക്കുന്നവരെ അഭിനന്ദിക്കുകയും അവർക്കു വേണ്ട ബുദ്ധിയുപദേശം നൽകുകയും ചെയ്യുന്നു. കൂടാതെ യോഗങ്ങൾ കൃത്യസമയത്ത് തുടങ്ങുകയും അവസാനിക്കുകയും ചെയ്യുന്നു എന്ന് ഉറപ്പുവരുത്തുന്നു.
19 ജീവിത-സേവന യോഗത്തിനായി ക്രമമായി തയ്യാറാകുന്നതും ഹാജരാകുന്നതും അതിൽ പങ്കെടുക്കുന്നതും പ്രധാനമാണ്. തിരുവെഴുത്തുകളെക്കുറിച്ചുള്ള അറിവ് നേടാനും ബൈബിൾതത്ത്വങ്ങളെക്കുറിച്ചുള്ള ഗ്രാഹ്യം വർധിപ്പിക്കാനും ആത്മവിശ്വാസത്തോടെ സന്തോഷവാർത്ത പ്രസംഗിക്കാനും ശിഷ്യരെ ഉളവാക്കുന്നതിൽ വൈദഗ്ധ്യം നേടാനും അങ്ങനെ നമുക്കു കഴിയും. സ്നാനമേറ്റിട്ടില്ലാത്തവർക്കും ഈ യോഗത്തിൽ പങ്കെടുക്കാനും ഹൃദ്യമായ സഹവാസത്തിൽനിന്നും ബലപ്പെടുത്തുന്ന ആത്മീയചർച്ചകളിൽനിന്നും പ്രയോജനം നേടാനും കഴിയും. ഈ യോഗത്തിനും മറ്റുള്ള യോഗങ്ങൾക്കും വേണ്ടി തയ്യാറാകാനായി വാച്ച്ടവർ ലൈബ്രറിയോ JW ലൈബ്രറിയോ വാച്ച്ടവർ ഓൺലൈൻ ലൈബ്രറിയോ രാജ്യഹാളിലുള്ള ലൈബ്രറിയോ ഉപയോഗപ്പെടുത്തുന്നതു വളരെ നന്നായിരിക്കും. യഹോവയുടെ സാക്ഷികളുടെ ലഭ്യമായ എല്ലാ പ്രസിദ്ധീകരണങ്ങളും ഉൾക്കൊള്ളുന്നതാണു രാജ്യഹാൾ ലൈബ്രറി. നിഘണ്ടു, പദസൂചിക നിഘണ്ടു, പല ബൈബിൾപരിഭാഷകൾ, യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി, വാച്ച്ടവർ പ്രസിദ്ധീകരണ സൂചിക (ഇംഗ്ലീഷ്), സഹായകമായ മറ്റു ഗ്രന്ഥങ്ങൾ തുടങ്ങിയവയും ലൈബ്രറിയിലുണ്ടായിരിക്കും. യോഗങ്ങൾക്കു മുമ്പോ ശേഷമോ രാജ്യഹാളിലെ ഈ പ്രസിദ്ധീകരണങ്ങൾ ഉപയോഗിക്കാൻ നിങ്ങൾ മടിക്കേണ്ടതില്ല.
വയൽസേവനയോഗങ്ങൾ
20 വയൽസേവനയോഗങ്ങൾക്ക് ഇടദിവസങ്ങളിലും വാരാന്തത്തിലും പ്രചാരകർ പല കൂട്ടങ്ങളായി കൂടിവരാറുണ്ട്. ഈ യോഗങ്ങൾ സാധാരണയായി സഹോദരങ്ങളുടെ വീടുകളിലോ മറ്റു സ്ഥലങ്ങളിലോ വെച്ച് നടത്തുന്നു. രാജ്യഹാളുകളും ഇതിനുവേണ്ടി ഉപയോഗിക്കാം. സഭാപ്രദേശത്ത് പലയിടങ്ങളിൽ ചെറിയ കൂട്ടങ്ങളായി കൂടിവരുന്നെങ്കിൽ വയൽസേവനയോഗങ്ങളിൽ പങ്കെടുക്കാനും പ്രവർത്തനപ്രദേശത്ത് എത്തിച്ചേരാനും പ്രചാരകർക്ക് എളുപ്പമാകും. കൂടാതെ, പ്രചാരകരെ ജോടികളായി തിരിക്കാനും പ്രവർത്തനപ്രദേശത്തേക്കു പറഞ്ഞുവിടാനും എളുപ്പം കഴിയും. ഗ്രൂപ്പ് മേൽവിചാരകനു തന്റെ ഗ്രൂപ്പിലുള്ളവർക്ക് അടുത്ത ശ്രദ്ധ കൊടുക്കാനും ഇതുമൂലം കഴിയും. കൂട്ടങ്ങൾ വെവ്വേറെയായി കൂടുന്നതുകൊണ്ട് പ്രയോജനങ്ങളുണ്ട്. എന്നാൽ ചില സാഹചര്യങ്ങളിൽ പല കൂട്ടങ്ങൾ ഒരുമിച്ച് കൂടിവന്നേക്കാം. ഉദാഹരണത്തിന്, ഇടദിവസങ്ങളിൽ ശുശ്രൂഷയ്ക്കു പോകുന്ന പ്രചാരകരുടെ എണ്ണം കുറവാണെങ്കിൽ പല കൂട്ടങ്ങളെ ഒരുമിച്ച് ചേർക്കാനാകും. അല്ലെങ്കിൽ സഭയിലെ എല്ലാവരെയും രാജ്യഹാളിലോ സൗകര്യപ്രദമായ മറ്റൊരു സ്ഥലത്തോ കൂട്ടിവരുത്തുന്നതും പ്രയോജനം ചെയ്തേക്കാം. അങ്ങനെയാകുമ്പോൾ എല്ലാ പ്രചാരകർക്കും, കൂടെ പ്രവർത്തിക്കാൻ ആളുണ്ടാകും. പൊതു അവധിദിവസങ്ങളിൽ സഭയൊന്നാകെ രാജ്യഹാളിൽ ഒരുമിച്ചുകൂടുന്നതു ചിലപ്പോൾ സൗകര്യപ്രദമായേക്കും. അല്ലെങ്കിൽ വീക്ഷാഗോപുരപഠനത്തിനു ശേഷം എല്ലാ കൂട്ടങ്ങളെയും ചേർത്ത് ഒരൊറ്റ വയൽസേവനയോഗമായി നടത്താനും സഭ തീരുമാനിച്ചേക്കാം.
21 ഗ്രൂപ്പുകൾ വെവ്വേറെ കൂട്ടങ്ങളായാണു കൂടുന്നതെങ്കിൽ വയൽസേവനയോഗം നടത്തുന്നതു ഗ്രൂപ്പ് മേൽവിചാരകനായിരിക്കും. ഇടയ്ക്കിടെ ഗ്രൂപ്പ് മേൽവിചാരകൻ സഹായിയെയോ യോഗ്യതയുള്ള മറ്റൊരു സഹോദരനെയോ ഈ യോഗങ്ങൾ നടത്താൻ നിയമിച്ചേക്കാം. വയൽശുശ്രൂഷയിൽ സഹായകവും പ്രായോഗികവും ആയ എന്തെങ്കിലും കാര്യം ചർച്ച ചെയ്യുന്നതിനു നിർവാഹകൻ തയ്യാറായിരിക്കണം. വയൽസേവനത്തിനു വേണ്ട ക്രമീകരണങ്ങൾ ചെയ്തതിനു ശേഷം ഗ്രൂപ്പിലെ ഒരാൾ പ്രാർഥിക്കുന്നു. ഇതിനു ശേഷം ഒട്ടും വൈകാതെ അവരെല്ലാം പ്രദേശത്തേക്കു പോകും. ഇത്തരം വയൽസേവനയോഗങ്ങളുടെ ദൈർഘ്യം അഞ്ചു മിനിട്ടുമുതൽ ഏഴു മിനിട്ടുവരെ ആകാം. എന്നാൽ, ഒരു സഭായോഗത്തിനു ശേഷമാണെങ്കിൽ സമയം അതിലും കുറവായിരിക്കണം. വയൽസേവനയോഗങ്ങൾ പ്രസംഗപ്രവർത്തനത്തിനു പോകുന്നവർക്കു പ്രോത്സാഹനവും പ്രായോഗികനിർദേശങ്ങളും മാർഗനിർദേശങ്ങളും നൽകുന്നവയായിരിക്കണം. പുതിയവരെയും സഹായം ആവശ്യമുള്ളവരെയും അനുഭവപരിചയമുള്ള പ്രചാരകരുടെകൂടെ പ്രവർത്തിക്കാൻ ക്രമീകരിക്കാനാകും. അങ്ങനെ അവർക്കു പരിശീലനം ലഭിക്കുന്നു.
പുതിയതോ ചെറുതോ ആയ സഭകളിലെ യോഗക്രമീകരണങ്ങൾ
22 ശിഷ്യന്മാർ വർധിക്കുമ്പോൾ സഭകളുടെ എണ്ണവും കൂടുന്നു. സാധാരണയായി, ഒരു പുതിയ സഭയ്ക്കുള്ള അപേക്ഷ സമർപ്പിക്കുന്നതു സർക്കിട്ട് മേൽവിചാരകനാണ്. ചില അവസരങ്ങളിൽ ചെറിയ കൂട്ടങ്ങൾക്ക് അടുത്തുള്ള സഭയുമായി സഹവസിക്കുന്നതായിരിക്കും കൂടുതൽ പ്രയോജനകരം.
23 ചില ചെറിയ സഭകളിൽ ഒരുപക്ഷേ സഹോദരിമാർ മാത്രമേ ഉള്ളൂ എന്നും വരാം. അങ്ങനെ വരുമ്പോൾ തിരുവെഴുത്തിൽ കാണുന്ന ക്രമീകരണങ്ങൾക്കു ചേർച്ചയിൽ ശിരോവസ്ത്രം ധരിച്ചുകൊണ്ട് ഒരു സഹോദരി പ്രാർഥിക്കുകയോ യോഗങ്ങൾ നടത്തുകയോ ചെയ്യുന്നു. (1 കൊരി. 11:3-16) മിക്ക സന്ദർഭങ്ങളിലും സഹോദരി ഇരുന്നുകൊണ്ടാണു യോഗം നടത്താറുള്ളത്, കൂട്ടത്തിന് അഭിമുഖമായിട്ടായിരിക്കും ഇരിക്കുക. സഹോദരിമാർ ഒരിക്കലും സഹോദരന്മാർ ചെയ്യുന്നതുപോലെ നേരിട്ട് സഭയോടായി പ്രസംഗങ്ങൾ നടത്തുകയില്ല. പകരം, അവർ സംഘടന നൽകിയിരിക്കുന്ന വിവരങ്ങൾ വായിക്കുകയോ അവയെപ്പറ്റി അഭിപ്രായങ്ങൾ പറയുകയോ ചെയ്യുന്നു. അല്ലെങ്കിൽ, വൈവിധ്യത്തിനുവേണ്ടി വിവരങ്ങൾ ചർച്ചയായോ അവതരണമായോ നടത്താവുന്നതാണ്. ബ്രാഞ്ചോഫീസുമായി കത്തിടപാടുകൾ നടത്താനും യോഗങ്ങൾ നടത്താനും സഹോദരിമാരിലൊരാളെ ബ്രാഞ്ച് ചുമതലപ്പെടുത്തുന്നു. ക്രമേണ, സഹോദരന്മാർ യോഗ്യരായിത്തീരുമ്പോൾ അവർ ഈ ചുമതലകൾ നിർവഹിക്കും.
സർക്കിട്ട് സമ്മേളനങ്ങൾ
24 ഒരു സർക്കിട്ടിനു കീഴിലുള്ള സഭകൾക്ക് ആണ്ടുതോറും ഓരോ ദിവസം വീതമുള്ള രണ്ടു സർക്കിട്ട് സമ്മേളനങ്ങളുണ്ട്. സന്തോഷകരമായ ഈ അവസരങ്ങളിൽ കൂടിവരുന്ന എല്ലാവരും നല്ല ക്രിസ്തീയസഹവാസം ആസ്വദിച്ച് തങ്ങളുടെ ‘ഹൃദയം വിശാലമായി തുറക്കുന്നു.’ (2 കൊരി. 6:11-13) ഏതെങ്കിലും പ്രത്യേകാവശ്യം മനസ്സിൽ കണ്ടുകൊണ്ടാണ് യഹോവയുടെ സംഘടന സമ്മേളനങ്ങളുടെ തിരുവെഴുത്തുവിഷയങ്ങളും കാര്യപരിപാടിയുടെ വിവിധ ഭാഗങ്ങളും തയ്യാറാക്കുന്നത്. പ്രസംഗങ്ങൾ, അവതരണങ്ങൾ, പുനരവതരണങ്ങൾ, ആത്മഗതങ്ങൾ, അഭിമുഖങ്ങൾ എന്നിങ്ങനെ ആകർഷകമായി വിവരങ്ങൾ അവതരിപ്പിക്കുന്നു. സമയോചിതമായ അത്തരം പരിപാടികൾ കൂടിവന്നിരിക്കുന്ന എല്ലാവരെയും നന്നായി പ്രവർത്തിക്കാൻ പ്രേരിപ്പിക്കുന്നു. ഈ സമ്മേളനങ്ങളിൽ പുതിയ ശിഷ്യർക്ക് യഹോവയ്ക്കുള്ള തങ്ങളുടെ സമർപ്പണത്തിന്റെ അടയാളമായി സ്നാനമേൽക്കുന്നതിനുള്ള സൗകര്യവും ഉണ്ടായിരിക്കും.
മേഖലാ കൺവെൻഷനുകൾ
25 വർഷത്തിലൊരിക്കൽ വലിയ കൂടിവരവുകളും സംഘടിപ്പിക്കുന്നു. സാധാരണയായി മൂന്നു ദിവസം നീളുന്ന കൂടിവരവാണ് ഇത്. പല സർക്കിട്ടുകളിലെ സഭകൾ ഇവയിൽ ഒന്നിച്ച് പങ്കെടുക്കുന്നു. ചെറിയ ബ്രാഞ്ചുകൾ, അവയുടെ പ്രദേശത്തുള്ള സഭകളെല്ലാം ഒരു സ്ഥലത്ത് ഒന്നിച്ച് കൂടാൻ ക്രമീകരിക്കുന്നതു പ്രായോഗികമാണെന്നു കണ്ടിട്ടുണ്ട്. ഓരോ ദേശങ്ങളിലെയും സാഹചര്യങ്ങൾക്കനുസരിച്ചോ സംഘടനയിൽനിന്നുള്ള നിർദേശങ്ങൾക്കനുസരിച്ചോ കൺവെൻഷനുകളുടെ ക്രമീകരണത്തിൽ വ്യത്യാസങ്ങൾ കണ്ടേക്കാം. ചില രാജ്യങ്ങളിൽ അന്താരാഷ്ട്രകൺവെൻഷനുകളോ പ്രത്യേകകൺവെൻഷനുകളോ ഇടയ്ക്കിടെ നടത്താറുണ്ട്. പല രാജ്യങ്ങളിൽനിന്നുള്ള പതിനായിരക്കണക്കിനു സാക്ഷികൾ അവയിൽ പങ്കെടുക്കുന്നു. യഹോവയുടെ സാക്ഷികളുടെ ഈ വലിയ കൂടിവരവുകൾക്കു നൽകുന്ന വിപുലമായ പ്രചാരണം, വർഷങ്ങളിലുടനീളം അനേകർ ദൈവരാജ്യത്തെക്കുറിച്ചുള്ള സന്തോഷവാർത്ത അറിയാൻ ഇടയാക്കിയിരിക്കുന്നു.
26 യഹോവയുടെ സമർപ്പിതജനത്തിന് ഒത്തൊരുമയോടെ ആരാധിക്കാനുള്ള ആനന്ദവേളകളാണു കൺവെൻഷനുകൾ. സത്യത്തിന്മേൽ വീശുന്ന കൂടുതലായ വെളിച്ചം വെളിപ്പെടുത്താനുള്ള വേദിയൊരുക്കുന്നവയാണ് ഇവ. ചില കൺവെൻഷനുകളിൽ പുതിയ പ്രസിദ്ധീകരണങ്ങൾ പ്രകാശനം ചെയ്യാറുണ്ട്. അവ വ്യക്തിപരവും സഭാപരവും ആയ പഠനത്തിന് അല്ലെങ്കിൽ വയൽശുശ്രൂഷയിലെ ഉപയോഗത്തിന് ഉതകുന്നു. പുതിയവർ സ്നാനമേൽക്കുന്നതും കൺവെൻഷനുകളുടെ സവിശേഷതയാണ്. ആത്മീയവളർച്ച വേഗത്തിലാക്കുന്നതിൽ കൺവെൻഷനുകൾക്കു നല്ല പങ്കുണ്ട്. യേശുക്രിസ്തുവിന്റെ ശിഷ്യന്മാരെ തിരിച്ചറിയിക്കുന്ന അടയാളം വഹിക്കുന്നവരാണ് യഹോവയുടെ ജനം. ഈ സമർപ്പിതക്രിസ്ത്യാനികളുടെ ആഗോളസാഹോദര്യത്തിന്റെ തെളിവുകളാണ് അവരുടെ കൺവെൻഷനുകൾ.—യോഹ. 13:35.
27 യഹോവയുടെ ജനത്തിന്റെ സഭായോഗങ്ങളിലും അതുപോലെ സമ്മേളനങ്ങളിലും കൺവെൻഷനുകളിലും പങ്കെടുക്കുമ്പോൾ, യഹോവയുടെ ഇഷ്ടം ചെയ്യാൻ നമ്മൾ ശക്തരാക്കപ്പെടുകയാണ്. കൂടാതെ, ക്രിസ്തീയവിശ്വാസത്തിനു തുരങ്കം വെച്ചേക്കാവുന്ന ലോകത്തിന്റെ സ്വാധീനങ്ങളിൽനിന്ന് നമുക്കു സംരക്ഷണവും ലഭിക്കുന്നു. ഇങ്ങനെയുള്ള കൂടിവരവുകളെല്ലാം യഹോവയ്ക്കു സ്തുതിയും മഹത്ത്വവും കരേറ്റാൻ ഉപകരിക്കുന്നു. (സങ്കീ. 35:18; സുഭാ. 14:28) ഈ അന്ത്യനാളുകളിൽ കൺവെൻഷനുകൾ യഹോവയുടെ സമർപ്പിതജനത്തിന് ആത്മീയനവോന്മേഷം പകരുന്നു. ഈ സന്തോഷകരമായ അവസരങ്ങൾ നൽകുന്നതിനു നമ്മൾ യഹോവയോടു നന്ദിയുള്ളവരല്ലേ?
കർത്താവിന്റെ അത്താഴം
28 എല്ലാ വർഷവും യേശുക്രിസ്തുവിന്റെ മരണത്തിന്റെ വാർഷികം ലോകമെങ്ങുമുള്ള യഹോവയുടെ സാക്ഷികളുടെ സഭകൾ ആചരിക്കുന്നു. ക്രിസ്തുവിന്റെ മരണത്തിന്റെ സ്മാരകം അഥവാ കർത്താവിന്റെ അത്താഴം എന്നാണ് ഇത് അറിയപ്പെടുന്നത്. (1 കൊരി. 11:20, 23, 24) യഹോവയുടെ ജനത്തിനു വർഷത്തിലെ ഏറ്റവും പ്രധാനപ്പെട്ട യോഗമാണിത്. ഈ സ്മാരകം ആചരിക്കാൻ നമ്മളോടു പ്രത്യേകം കല്പിച്ചിരിക്കുന്നു.—ലൂക്കോ. 22:19.
29 ബൈബിളിൽ പ്രസ്താവിച്ചിരിക്കുന്ന പെസഹയുടെ അതേ തീയതിയിലാണു സ്മാരകവും. (പുറ. 12:2, 6; മത്താ. 26:17, 20, 26) ബി. സി. 1513-ൽ ഇസ്രായേല്യർ ഈജിപ്തിൽനിന്ന് പുറപ്പെട്ടുപോന്നതിന്റെ വാർഷിക അനുസ്മരണാഘോഷമായിരുന്നു പെസഹ. അന്ന്, ആദ്യത്തെ ചാന്ദ്രമാസത്തിന്റെ 14-ാം തീയതി, അവർക്കു പെസഹാക്കുഞ്ഞാടിനെ ഭക്ഷിക്കാനും ഈജിപ്തിന്റെ അടിമത്തത്തിൽനിന്ന് വിട്ടുപോരാനും ഉള്ള ദിവസമായി യഹോവ നിശ്ചയിച്ചു. (പുറ. 12:1-51) വസന്തവിഷുവത്തിന് ഏറ്റവും അടുത്തായി യരുശലേമിൽ പുതുചന്ദ്രൻ കാണപ്പെടുന്നതുമുതൽ 13 ദിവസം എണ്ണിയാണ് ഈ തീയതി കണക്കാക്കുന്നത്. സാധാരണയായി, വസന്തവിഷുവത്തെത്തുടർന്ന് ആദ്യമായി പൂർണചന്ദ്രൻ ദൃശ്യമാകുന്ന ദിവസമാണ് ഓരോ വർഷവും സ്മാരകാചരണം നടക്കുന്നത്.
30 മത്തായി 26:26-28-ൽ സ്മാരകം ആചരിക്കേണ്ടത് എങ്ങനെയാണെന്നു യേശു സ്വന്തം വാക്കുകളിൽ വിവരിക്കുന്നുണ്ട്. ഇതു ഗൂഢാർഥങ്ങളുള്ള ഒരു ആചാരമല്ല. യേശുക്രിസ്തുവിനോടൊത്ത് സ്വർഗീയരാജ്യത്തിൽ കൂട്ടവകാശികളാകാൻ വിളിക്കപ്പെട്ടിരിക്കുന്നവർ പങ്കുപറ്റുന്ന, പ്രതീകാത്മകമായ അർഥമുള്ള ഒരു ഭക്ഷണമാണ് ഇത്. (ലൂക്കോ. 22:28-30) മറ്റ് എല്ലാ സമർപ്പിതക്രിസ്ത്യാനികളെയും താത്പര്യമുള്ള ആളുകളെയും കർത്താവിന്റെ അത്താഴത്തിനു നിരീക്ഷകരെന്ന നിലയിൽ ഹാജരാകാൻ പ്രോത്സാഹിപ്പിക്കുന്നു. ഈ ആചരണത്തിൽ പങ്കെടുത്തുകൊണ്ട് അവർ, ദൈവമായ യഹോവ പുത്രനായ യേശുക്രിസ്തുവിലൂടെ മനുഷ്യവർഗത്തിന്റെ മുഴുവൻ പ്രയോജനത്തിനായി ചെയ്തിരിക്കുന്ന കരുതലുകളോടുള്ള വിലമതിപ്പും നന്ദിയും കാണിക്കുന്നു. സ്മാരകാചരണത്തിനു മുമ്പ് ഒരു പ്രത്യേക പൊതുപ്രസംഗം നടത്താറുണ്ട്. സ്മാരകാചരണത്തിനായി ആകാംക്ഷയും ഉത്സാഹവും ഉണർത്തുകയും ബൈബിൾ പഠിക്കാൻ ആളുകളിൽ കൂടുതൽ താത്പര്യം ജനിപ്പിക്കുകയും ചെയ്യുകയാണ് ഈ പ്രസംഗത്തിന്റെ ഉദ്ദേശ്യം.
31 ‘സ്നേഹിക്കാനും നല്ല കാര്യങ്ങൾ ചെയ്യാനും വേണ്ടി പരസ്പരം എങ്ങനെ പ്രചോദിപ്പിക്കാമെന്നു ചിന്തിക്കാൻ’ സഭായോഗങ്ങൾ അവസരം ഒരുക്കുന്നു. (എബ്രാ. 10:24) അതുകൊണ്ട് ഒരുമിച്ച് കൂടിവരാനുള്ള അത്തരം അവസരങ്ങൾക്കായി യഹോവയുടെ സാക്ഷികൾ സന്തോഷത്തോടും ആകാംക്ഷയോടും കൂടി കാത്തിരിക്കുന്നു. വിശ്വസ്തനും വിവേകിയും ആയ അടിമ വളരെ താത്പര്യത്തോടെ നമ്മുടെ ആത്മീയാവശ്യങ്ങൾ കണക്കിലെടുത്ത് അങ്ങനെയുള്ള യോഗങ്ങൾ ക്രമീകരിക്കുന്നു. പതിവായി കൂടിവരാനുള്ള ഈ ക്രമീകരണത്തിൽനിന്ന് പൂർണമായി പ്രയോജനം നേടാൻ യഹോവയുടെ എല്ലാ ദാസന്മാരും താത്പര്യക്കാരും ആത്മാർഥമായി ശ്രമിക്കണം. തന്റെ സംഘടനയിലൂടെ യഹോവ ചെയ്തിരിക്കുന്ന എല്ലാ കരുതലുകളോടും ഹൃദയംഗമമായ നന്ദിയും വിലമതിപ്പും കാണിച്ചുകൊണ്ട് ദൈവത്തിന്റെ ദാസരായ നമുക്ക് ഒറ്റക്കെട്ടായി നിലകൊള്ളാം. ഏറെ പ്രധാനമായി നമുക്ക് യഹോവയെ സ്തുതിക്കുകയും വാഴ്ത്തുകയും ചെയ്യാം.—സങ്കീ. 111:1.