വയൽസേവനയോഗങ്ങളിൽനിന്നു പൂർണ പ്രയോജനം നേടുക
1. വയൽസേവനയോഗങ്ങളിൽ സംബന്ധിക്കുന്നതുകൊണ്ടുള്ള പ്രയോജനങ്ങൾ ഏവ?
1 വയലിലേക്കു പോകുന്നതിനുമുമ്പായി നടത്തുന്ന ഫലപ്രദമായ യോഗങ്ങൾ നമുക്കു യഥാർഥ പ്രോത്സാഹനവും പ്രായോഗിക നിർദേശങ്ങളും പ്രദാനം ചെയ്യുന്നു. പരസ്പരം പ്രോത്സാഹിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്തുകൊണ്ട് മറ്റു പ്രസാധകരോടൊപ്പം സാക്ഷീകരണത്തിൽ പങ്കെടുക്കാൻ അതു നമ്മെ പ്രാപ്തരാക്കുന്നു. (സദൃശവാക്യങ്ങൾ 27:17; സഭാപ്രസംഗി 4:9, 10) ഈ യോഗങ്ങളിൽനിന്നു പൂർണ പ്രയോജനം നേടാൻ നമുക്ക് എന്തു ചെയ്യാൻ കഴിയും?
2. വയൽസേവനയോഗം നടത്തുന്ന വ്യക്തിക്കു ചർച്ച ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങൾ ഏവ?
2 നിർവാഹകൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ: ഈ യോഗത്തിൽ പരിചിന്തിക്കേണ്ട വിവരങ്ങൾ സാധാരണഗതിയിൽ മുൻകൂട്ടി നൽകാറില്ല. അതുകൊണ്ട് ഈ യോഗം നടത്തുന്ന സഹോദരൻ നന്നായി തയ്യാറാകേണ്ടതുണ്ട്. വയൽസേവനയോഗത്തിൽ ദിനവാക്യം പരിചിന്തിക്കുന്നത് ഒരു പതിവാക്കണമെന്നില്ല, എന്നാൽ ദിനവാക്യം ശുശ്രൂഷയോടു നേരിട്ടു ബന്ധമുള്ളതായിരിക്കുമ്പോൾ ചർച്ചയിൽ അത് ഉൾപ്പെടുത്താവുന്നതാണ്. ആ ദിവസം സാക്ഷീകരണത്തിൽ ഏർപ്പെടുന്നവർക്ക് ഏതെല്ലാം വിധങ്ങളിൽ പ്രായോഗിക സഹായം നൽകാൻ കഴിയുമെന്നതിനെക്കുറിച്ചു ചിന്തിക്കുക. ഉദാഹരണത്തിന് ഒരു അവതരണം ചർച്ച ചെയ്യുകയോ പ്രകടിപ്പിക്കുകയോ ചെയ്യാൻ നിങ്ങൾക്കു കഴിയും. ന്യായവാദം പുസ്തകം, ശുശ്രൂഷാസ്കൂൾ പുസ്തകം, അടുത്ത കാലത്തെ ഒരു സേവനയോഗ പരിപാടി എന്നിവയിലേതിലെങ്കിലുംനിന്നുള്ള വിവരങ്ങൾ പുനരവലോകനം ചെയ്യാനോ നിങ്ങൾ തീരുമാനിച്ചേക്കാം. മറ്റു ചില സന്ദർഭങ്ങളിൽ നിങ്ങളുടെ പ്രദേശത്തു നേരിട്ടേക്കാവുന്ന ഒരു വെല്ലുവിളി തരണം ചെയ്യുന്നത് എങ്ങനെയെന്നു പരിചിന്തിക്കാൻ നിങ്ങൾക്കു കഴിയും. അല്ലെങ്കിൽ താത്പര്യം നട്ടുവളർത്തുകയും ബൈബിളധ്യയനം ആരംഭിക്കുകയും ചെയ്യുന്നത് എങ്ങനെയെന്നു ചർച്ച ചെയ്യാൻ കഴിയും, പ്രത്യേകിച്ച് പലരും മടക്കസന്ദർശനം നടത്തുന്നുണ്ടെങ്കിൽ. ചർച്ച ചെയ്യുന്ന വിഷയം എന്തുതന്നെയായിരുന്നാലും ഉത്സാഹപൂർവം പ്രോത്സാഹജനകമായ വിധത്തിൽ നിർവഹിക്കുക.
3. യോഗത്തിന്റെ ദൈർഘ്യം എത്രയായിരിക്കണം? പ്രസ്തുത സമയത്തിനുള്ളിൽ എന്തെല്ലാം ചെയ്യണം?
3 ചിലർ താമസിച്ചേ വരുകയുള്ളു എന്ന് നിങ്ങൾക്ക് അറിയാമെങ്കിൽപ്പോലും യോഗം കൃത്യസമയത്തുതന്നെ തുടങ്ങുക. കൂട്ടത്തെ തിരിക്കുന്നതിൽ നല്ല വിവേചന പ്രകടമാക്കുകയും പ്രദേശം ആവശ്യമുള്ളവർക്ക് അതു നിയമിച്ചു കൊടുക്കുകയും ചെയ്യുക. യോഗം 10-15 മിനിറ്റിൽ കൂടുതൽ നീളരുത്. സഭായോഗത്തിനു ശേഷമാണു വയൽസേവനയോഗം നടത്തുന്നതെങ്കിൽ അതിന്റെ ദൈർഘ്യം പിന്നെയും കുറയ്ക്കാവുന്നതാണ്. ആരോടൊപ്പം, എവിടെ പ്രവർത്തിക്കാൻ പോകുന്നുവെന്ന് യോഗം പിരിയുന്നതിനുമുമ്പായി എല്ലാവരും അറിഞ്ഞിരിക്കണം. യോഗം പ്രാർഥനയോടെ ഉപസംഹരിക്കുകയും വേണം.
4. വയൽസേവനയോഗത്തിൽനിന്നു പൂർണ പ്രയോജനം നേടാൻ എല്ലാവരെയും എന്തു സഹായിക്കും?
4 നിങ്ങൾക്കും സഹായിക്കാം: സഭായോഗങ്ങളുടെ കാര്യത്തിലെന്നപോലെ, കൃത്യസമയത്തുതന്നെ എത്തിച്ചേർന്നുകൊണ്ട് യഹോവയോട് ആദരവും മറ്റുള്ളവരോടു പരിഗണനയും പ്രകടിപ്പിക്കാൻ നമുക്കു കഴിയും. ചർച്ചയിൽ പങ്കുപറ്റാൻ ശ്രമിക്കുക. നിങ്ങൾ ആരുടെകൂടെ പ്രവർത്തിക്കണമെന്നു നിർദേശിക്കാൻ യോഗം നടത്തുന്ന സഹോദരനെ അനുവദിക്കുകയോ യോഗത്തിനുമുമ്പ് സ്വന്തമായി ക്രമീകരിക്കുകയോ ചെയ്യാം. സ്വന്തമായി ക്രമീകരണം ചെയ്യുന്നപക്ഷം എല്ലായ്പോഴും അടുത്ത സുഹൃത്തുക്കളോടൊപ്പം പ്രവർത്തിക്കുന്നതിനു പകരം കൂടുതൽ പേരോടൊപ്പം പ്രവർത്തിച്ചുകൊണ്ട് “വിശാലതയുള്ളവരായിരി”ക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. (2 കൊരിന്ത്യർ 6:11-13) യോഗം അവസാനിച്ചുകഴിഞ്ഞാൽപ്പിന്നെ ക്രമീകരണങ്ങളിൽ മാറ്റംവരുത്താതിരിക്കുകയും പെട്ടെന്നുതന്നെ പ്രദേശത്തേക്കു പോകുകയും വേണം.
5. വയൽസേവനയോഗങ്ങളുടെ ഉദ്ദേശ്യമെന്ത്?
5 സഭായോഗങ്ങൾക്കുള്ള ഉദ്ദേശ്യംതന്നെയാണു വയൽസേവനയോഗത്തിനുള്ളതും. അന്യോന്യം “സ്നേഹത്തിന്നും സൽപ്രവൃത്തികൾക്കും ഉത്സാഹം വർദ്ധിപ്പിപ്പാൻ” കഴിയേണ്ടതിനാണ് അവ ക്രമീകരിക്കപ്പെട്ടിരിക്കുന്നത്. (എബ്രായർ 10:24, 25) അത്തരം യോഗങ്ങളിൽനിന്നു പ്രയോജനം നേടാൻ നാം ഉത്സാഹിക്കുന്നുവെങ്കിൽ, നിശ്ചയമായും ഒരു സൽപ്രവൃത്തിയായ നമ്മുടെ ശുശ്രൂഷ നിർവഹിക്കാൻ അതു നമ്മെ സഹായിക്കും.