ചോദ്യപ്പെട്ടി
◼ വയൽസേവന യോഗത്തിൽ എന്തു വിവരങ്ങളാണ് അവതരിപ്പിക്കേണ്ടത്?
വയൽസേവന യോഗത്തിന്റെ ഉദ്ദേശ്യം അതേത്തുടർന്നുള്ള പ്രവർത്തനത്തിൽ—ശുശ്രൂഷയിൽ—ശ്രദ്ധ കേന്ദ്രീകരിക്കാൻ നമ്മെ സഹായിക്കുക എന്നതാണ്. അതുകൊണ്ട്, പ്രോത്സാഹജനകവും സുനിശ്ചിതവും പ്രായോഗികവുമായ എന്തെങ്കിലും പറയാൻ തക്കവണ്ണം യോഗം നടത്തുന്ന വ്യക്തി നന്നായി തയ്യാറായിരിക്കണം. അന്നത്തെ ദിനവാക്യത്തിന് പ്രസംഗ പ്രവർത്തനത്തോടു നേരിട്ടു ബന്ധമുണ്ടെങ്കിൽ അതു വായിച്ച് ഹ്രസ്വമായി ചർച്ച ചെയ്യാവുന്നതാണ്. എന്നിരുന്നാലും, യോഗം മുഖ്യമായും ചെയ്യാൻ പോകുന്ന പ്രവർത്തനത്തെ കേന്ദ്രീകരിച്ചുള്ളതായിരിക്കണം. സാക്ഷീകരണ വേലയ്ക്കു പോകുന്ന എല്ലാവരെയും അന്നേ ദിവസത്തെ ശുശ്രൂഷ നന്നായി നിർവഹിക്കുന്നതിന് സജ്ജരാക്കുന്ന വിധത്തിലുള്ളതായിരിക്കണം അത്.—2 തിമൊ. 4:5.
നിലവിലിരിക്കുന്ന സമർപ്പണം ഏതാണെന്നും അത് എങ്ങനെ അവതരിപ്പിക്കണമെന്നും എല്ലാവരെയും ഓർമപ്പെടുത്തത്തക്കവണ്ണം നമ്മുടെ രാജ്യ ശുശ്രൂഷയിൽ നിന്നുള്ള ബാധകമാകുന്ന ആശയങ്ങൾ ചർച്ച ചെയ്യാവുന്നതാണ്. മാസികാദിനത്തിൽ, “മാസികകൾ വിശേഷവത്കരിക്കാൻ പറയാവുന്നത്” എന്നതിൽ നിന്നുള്ള ഒരു അവതരണം പ്രകടിപ്പിക്കാവുന്നതാണ്. മറ്റു പ്രസ്ഥാന സാഹിത്യങ്ങൾ സമർപ്പിക്കാൻ ഉള്ളപ്പോൾ പ്രാദേശികമായി അനുയോജ്യമായ, ന്യായവാദം പുസ്തകത്തിൽ നിന്നുള്ള ഒന്നോ രണ്ടോ മുഖവുരകൾ വിശേഷവത്കരിക്കാൻ കഴിയും. ശുശ്രൂഷയിൽ ഉൾപ്പെട്ടിരിക്കുന്ന എന്തിനെയെങ്കിലും കുറിച്ച്, അതായത്, വീട്ടുവാതിൽക്കൽ ബൈബിൾ എങ്ങനെ ഉപയോഗിക്കാം, സാധ്യതയുള്ള ഒരു സംഭാഷണം മുടക്കിയെ എങ്ങനെ കൈകാര്യം ചെയ്യാം, ഒരു ബൈബിൾ അധ്യയനത്തെ കുറിച്ച് എങ്ങനെ പറയാം, അല്ലെങ്കിൽ താത്പര്യത്തെ എങ്ങനെ പിൻപറ്റാം എന്നതു പോലെ എന്തെങ്കിലും ചർച്ച ചെയ്യുകയോ പ്രകടിപ്പിക്കുകയോ ചെയ്യാവുന്നതാണ്.
വയൽസേവന യോഗം 10 മുതൽ 15 വരെ മിനിട്ടിൽ കൂടുതൽ നീളരുത്. കൂട്ടങ്ങളെ തിരിക്കുന്നതും പ്രദേശം നിയമിച്ചു കൊടുക്കുന്നതും പ്രാർഥിക്കുന്നതും ഒക്കെ ആ സമയത്തിനുള്ളിൽ കഴിയേണ്ടതാണ്. കൂട്ടത്തെ പിരിച്ചു വിടുമ്പോൾ ഹാജരായിരിക്കുന്ന എല്ലാവർക്കും തങ്ങൾ ആരുടെ കൂടെ, എവിടെയാണ് പ്രവർത്തിക്കുന്നത് എന്ന് നിശ്ചയം ഉണ്ടായിരിക്കണം. സാക്ഷീകരണത്തിലേർപ്പെടുന്ന ഓരോ പ്രസാധക ജോഡിയും കൃത്യമായി എവിടെ പ്രവർത്തിക്കാനാണു പ്രതീക്ഷിക്കുന്നത് എന്ന് അവരെ പ്രദേശ മാപ്പ് കാർഡിൽ (S-12) കാണിച്ചുകൊടുത്തിരിക്കണം, അങ്ങനെയാകുമ്പോൾ സമയം കളയാതെ അവർക്കു തങ്ങളുടെ പ്രദേശത്തേക്കു പോകാൻ കഴിയും. അങ്ങനെ ചെയ്യുന്നതിലൂടെ വലിയ കൂട്ടങ്ങളായി പ്രവർത്തന പ്രദേശത്തേക്കു പോകുന്നതും പൊതുജന ശ്രദ്ധ ആകർഷിക്കുന്ന വിധത്തിൽ പ്രദേശങ്ങൾ നിയമിച്ചു കൊടുക്കുന്നതും ഒഴിവാക്കാൻ കഴിയും. യോഗം ചുരുങ്ങിയ സമയത്തേക്കു മാത്രം ഉള്ളത് ആയതിനാൽ എല്ലാവരും കൃത്യസമയത്തു തന്നെ വന്നു ചേരുന്നത് പ്രധാനമാണ്. വീക്ഷാഗോപുര അധ്യയനം പോലുള്ള ഒരു സഭായോഗത്തെ തുടർന്നാണു വയൽസേവന യോഗമെങ്കിൽ അത് കൂടുതൽ ഹ്രസ്വമായിരിക്കണം. തൊട്ടുമുമ്പ് നല്ലൊരു തിരുവെഴുത്തു ചർച്ച ആസ്വദിച്ചു കഴിഞ്ഞ സ്ഥിതിക്ക് ദിനവാക്യം ചർച്ച ചെയ്യേണ്ട ആവശ്യമില്ല.
ഓരോ വയൽസേവന യോഗവും നടത്തുന്നതിന് യോഗ്യരായ സ്നാപനമേറ്റ സഹോദരന്മാരെ മുന്നമേ നിയമിക്കേണ്ടതാണ്. ഏതെങ്കിലും ദിവസം നേതൃത്വമെടുക്കുന്നതിനു സഹോദരന്മാർ ഇല്ലാതെവരുന്ന പക്ഷം സ്നാപനമേറ്റ ഏതൊക്കെ സഹോദരിമാർക്ക് അങ്ങനെ ചെയ്യാവുന്നതാണെന്ന് മൂപ്പന്മാർ തീരുമാനിച്ച് അവരെ അറിയിച്ചിരിക്കണം. സഹോദരിക്ക് ഇരുന്നുകൊണ്ട് ദിനവാക്യമോ വയൽസേവനത്തോടു ബന്ധപ്പെട്ട മറ്റേതെങ്കിലും ആശയമോ ചർച്ച ചെയ്യുന്നതിൽ മുൻകൈ എടുക്കാൻ കഴിയും. തന്റെ അഭിപ്രായങ്ങൾ ഹ്രസ്വമായിരിക്കാൻ അവർ ശ്രദ്ധിക്കേണ്ടതുണ്ട്. കൂടാതെ യോഗം നടത്തുമ്പോൾ അവർ തല മൂടുകയും വേണം.
ശുശ്രൂഷയിൽ പങ്കെടുക്കുന്നതിന് പ്രോത്സാഹിതരും സജ്ജരുമായിത്തീരാനുള്ള ഉത്തമ അവസരമാണ് വയൽസേവന യോഗങ്ങൾ. യോഗം നടത്തുന്ന വ്യക്തി എത്ര നന്നായി തയ്യാറാകുന്നുവോ അത്രയധികമായി എല്ലാവരും പ്രയോജനം നേടും.