വയൽസേവനയോഗം
1. ക്രമീകൃതമായ വിധത്തിൽ വയൽശുശ്രൂഷയിൽ പങ്കെടുക്കുന്ന കാര്യത്തിൽ നാം തത്പരരായിരിക്കേണ്ടത് എന്തുകൊണ്ട്?
1 രാജ്യപ്രസംഗവേല കാര്യക്ഷമതയോടും ചിട്ടയോടും കൂടെ നിർവഹിക്കപ്പെടുന്നുവെന്ന് യേശു ഉറപ്പുവരുത്തി. ഇന്ന് ലോകവ്യാപക പ്രസംഗപ്രവർത്തനത്തിനു നേതൃത്വംനൽകുന്നവരും അങ്ങനെതന്നെ ചെയ്യാൻ ശ്രമിക്കുന്നു. രാജ്യപ്രസംഗകരുടെ കൂട്ടങ്ങളെ ക്രമീകൃതമായ വിധത്തിൽ വയൽശുശ്രൂഷയ്ക്ക് അയയ്ക്കുകയെന്ന ലക്ഷ്യത്തിലാണ് ലോകവ്യാപകമായി സഭകൾ വയൽസേവനയോഗങ്ങൾ നടത്തുന്നത്.—മത്താ. 24:45-47; 25:21; ലൂക്കോ. 10:1-7.
2. വയൽസേവനയോഗത്തിന്റെ ഉദ്ദേശ്യം എന്താണ്?
2 ഒരു നല്ല ക്രമീകരണം: വയൽശുശ്രൂഷയിൽ ഏർപ്പെടുന്നവർക്ക് പ്രോത്സാഹനവും പ്രായോഗിക നിർദേശങ്ങളും നൽകാൻ ഉദ്ദേശിച്ചുള്ളതാണ് വയൽസേവനയോഗങ്ങൾ. ദിനവാക്യം വയൽസേവനത്തിന് നേരിട്ട് ബാധകമാകുന്നതാണെങ്കിൽ അത് ഹ്രസ്വമായി പരിചിന്തിക്കാവുന്നതാണ്. സന്നിഹിതരായിരിക്കുന്നവരെ ശുശ്രൂഷയ്ക്ക് സജ്ജരാക്കുന്നതിനായി നമ്മുടെ രാജ്യ ശുശ്രൂഷ, ന്യായവാദം പുസ്തകം, ശുശ്രൂഷാസ്കൂൾ പുസ്തകം എന്നിവയിൽനിന്നുള്ള ആശയങ്ങളും വയൽസേവനയോഗത്തിൽ ചർച്ചചെയ്യാവുന്നതാണ്. ആ മാസം വയലിൽ കൊടുക്കേണ്ട സാഹിത്യം എങ്ങനെ സമർപ്പിക്കാമെന്ന് കാണിക്കുന്ന ഒരു ഹ്രസ്വ അവതരണവും ഉൾപ്പെടുത്താനായേക്കും. സമാപന പ്രാർഥനയ്ക്കുമുമ്പുതന്നെ പ്രവർത്തിക്കേണ്ട പ്രദേശം എവിടെയാണെന്നും ആരോടൊപ്പമാണ് പ്രവർത്തിക്കേണ്ടതെന്നും എല്ലാവരും അറിഞ്ഞിരിക്കണം. യോഗം 15 മിനിറ്റിൽ കൂടരുത്. യോഗം കഴിഞ്ഞാൽ താമസംവിനാ എല്ലാവരും അവരവരുടെ പ്രദേശത്തേക്ക് പോകേണ്ടതാണ്.
3. വയൽസേവനയോഗം സംഘടിപ്പിക്കാനുള്ള ചുമതല ആർക്കാണ്?
3 അവ സംഘടിപ്പിക്കപ്പെടുന്നത് എങ്ങനെ? സേവനമേൽവിചാരകനായിരിക്കും വയൽസേവനയോഗങ്ങൾ ഏകോപിപ്പിക്കുന്നത്. വാരാന്തങ്ങളിൽ ഗ്രൂപ്പുമേൽവിചാരകനോ അദ്ദേഹത്തിന്റെ സഹായിയോ വയൽസേവനകൂട്ടത്തോടൊപ്പം പ്രവർത്തിക്കേണ്ടതാണ്. ചില മേൽവിചാരകന്മാർക്കും ശുശ്രൂഷാദാസന്മാർക്കും ഇടദിവസങ്ങളിൽ വയൽസേവനകൂട്ടത്തോടൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞേക്കും. ഗ്രൂപ്പുമേൽവിചാരകന്മാർ സേവനമേൽവിചാരകനുമായി ആലോചിച്ച് തങ്ങളുടെ വയൽസേവനകൂട്ടത്തിലുള്ളവർക്ക് വാരാന്തങ്ങളിൽ വീടുതോറും പ്രവർത്തിക്കാൻ ആവശ്യമായ പ്രദേശം ഉണ്ടെന്ന് ഉറപ്പുവരുത്തണം. ഇടദിവസങ്ങളിൽ വയൽസേവനകൂട്ടങ്ങൾക്ക് നേതൃത്വം നൽകുന്നതിന് സേവനമേൽവിചാരകൻ ആരെയെങ്കിലും ക്രമീകരിക്കും.
4-6. (എ) വയൽസേവനയോഗം എപ്പോൾ, എവിടെ നടത്തണം എന്ന് തീരുമാനിക്കുമ്പോൾ സഭയുടെ പ്രദേശം കണക്കിലെടുക്കേണ്ടത് എന്തുകൊണ്ട്? (ബി) വയൽസേവനയോഗം നടത്താൻ പറ്റിയ സ്ഥലവും സമയവും നിശ്ചയിക്കുന്നതിന് എന്ത് കണക്കിലെടുക്കണം?
4 യോഗങ്ങൾ എപ്പോൾ, എവിടെവെച്ച് നടത്തണം? ഒരു സ്ഥലത്തുതന്നെ മുഴു സഭയും കൂടിവരുന്നതിനുപകരം പല സ്ഥലങ്ങളിലായി (സാധാരണഗതിയിൽ സഹോദരങ്ങളുടെ വീടുകളിൽ) വയൽസേവനയോഗങ്ങൾ നടത്തുന്നതായിരിക്കും പൊതുവേ നല്ലത്. പ്രസാധകർക്ക് എളുപ്പം എത്തിപ്പെടാൻ സാധിക്കുന്ന സ്ഥലങ്ങളായിരിക്കണം ഇവ. പലയിടത്തായി കൂടിവരുന്നത് സഭയുടെ പ്രദേശം പൂർണമായി പ്രവർത്തിച്ചുതീർക്കാൻ സഹായിക്കും. യോഗം നടത്തുന്നതിന് രാജ്യഹാളും ഉപയോഗിക്കാവുന്നതാണ്. പല സഭകളും ഞായറാഴ്ച പരസ്യപ്രസംഗത്തിനും വീക്ഷാഗോപുര അധ്യയനത്തിനുംശേഷം രാജ്യഹാളിൽവെച്ചുതന്നെ വയൽസേവനയോഗം നടത്താറുണ്ട്. കഴിവതും പ്രവർത്തിക്കേണ്ട പ്രദേശത്തിന് അടുത്തുതന്നെ യോഗം നടത്തുക. അങ്ങനെയാകുമ്പോൾ യാത്രയ്ക്ക് വേണ്ടിവരുന്ന സമയം ലാഭിക്കാനാകും. പ്രദേശം കാര്യക്ഷമമായും പൂർണമായും പ്രവർത്തിച്ചു തീർക്കുന്നതിന് വയൽസേവനയോഗം മറ്റെവിടേക്കെങ്കിലും മാറ്റേണ്ടതുണ്ടോയെന്ന് കാലാകാലങ്ങളിൽ പരിശോധിച്ചുറപ്പുവരുത്തേണ്ടതാണ്.
5 പ്രദേശത്തിന്റെ സ്വഭാവം കണക്കിലെടുത്തുവേണം, വയൽസേവനയോഗം നടത്താൻ പറ്റിയ സമയവും ആഴ്ചയിൽ അത് എത്ര തവണ നടത്തണമെന്നും തീരുമാനിക്കാൻ. വയൽസേവനയോഗം നടത്താൻ പറ്റിയ സ്ഥലവും സമയവും നിർണയിക്കുന്നതിന് പിൻവരുന്ന ചോദ്യങ്ങൾ സഹായകമായിരിക്കും.
6 എവിടെയാണ് ഇനി കൂടുതൽ പ്രവർത്തിക്കാനുള്ളത്? വീടുതോറും പ്രവർത്തിക്കാൻ പറ്റിയ സമയം ഏതാണ്? വീടുതോറും പ്രവർത്തിക്കാൻ അല്ലെങ്കിൽ മടക്കസന്ദർശനങ്ങൾ നടത്താൻ വൈകുന്നേരങ്ങളിൽ സമയം ക്രമീകരിക്കേണ്ടതുണ്ടോ? വയൽസേവന ക്രമീകരണങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ സഭയുടെ നോട്ടീസ് ബോർഡിൽ ഇടേണ്ടതാണ്. നിയമിത പ്രദേശം സമഗ്രമായി പ്രവർത്തിച്ചുതീർക്കുക എന്നത് ഓരോ പ്രസാധകന്റെയും ലക്ഷ്യമായിരിക്കണം. അങ്ങനെയാകുമ്പോൾ, “ഈ പ്രദേശങ്ങളിൽ എനിക്കു പ്രവർത്തനത്തിന് ഇടമില്ല” എന്നു പറഞ്ഞ അപ്പൊസ്തലനായ പൗലോസിനെപ്പോലെ നമുക്കും പറയാനാകും.—റോമ. 15:23.
7. വയൽസേവനയോഗം നടത്തുന്നവരുടെ ഉത്തരവാദിത്വങ്ങൾ എന്തെല്ലാം?
7 വയൽസേവനയോഗം നടത്തുന്നവരുടെ ശ്രദ്ധയ്ക്ക്: നന്നായി തയ്യാറായിവന്ന് വയൽസേവനയോഗം നടത്തുക. ഈ ദിവ്യാധിപത്യ ക്രമീകരണത്തോട് ആദരവുണ്ടെന്ന് കാണിക്കാനുള്ള ഒരു മാർഗമാണത്. യോഗം കൃത്യസമയത്തുതന്നെ ആരംഭിക്കണം. 10-15 മിനിറ്റ് ദൈർഘ്യമുള്ള പ്രബോധനാത്മകമായ പരിപാടിയായിരിക്കണം അത്. ഏതു പ്രദേശത്താണ് പ്രവർത്തിക്കാൻ പോകുന്നതെന്ന് യോഗത്തിനുമുമ്പ് നിർവാഹകൻ അറിഞ്ഞിരിക്കണം. വയൽസേവനയോഗത്തിനുശേഷം വൈകിയെത്തുന്നവർക്കുവേണ്ടി കാത്തുനിൽക്കേണ്ടതില്ലെങ്കിലും കൂട്ടം എവിടെയാണ് പ്രവർത്തിക്കുന്നതെന്ന് അവരെ അറിയിക്കാൻ എന്തെങ്കിലും ചെയ്യുന്നത് നല്ലതായിരിക്കും. യോഗം കഴിഞ്ഞാലുടനെ സമയംകളയാതെ എല്ലാവരും അവരുടെ നിയമിത പ്രദേശത്തേക്കു പോകേണ്ടതാണ്. ക്രമീകൃതവും പ്രബോധനാത്മകവുമായ വയൽസേവനയോഗം സന്നിഹിതരായവരെ അന്നത്തെ ശുശ്രൂഷയിലേർപ്പെടാൻ തീർച്ചയായും സജ്ജരാക്കും.—സദൃ. 11:14.
8. വയൽസേവനയോഗത്തിനു നേതൃത്വം നൽകുന്നവരെ എങ്ങനെയെല്ലാം പിന്തുണയ്ക്കാം?
8 വയൽസേവനയോഗത്തിൽ പങ്കെടുക്കുക: എല്ലാ പ്രസാധകരും ഈ ക്രമീകരണത്തെ പിന്തുണയ്ക്കേണ്ടതാണ്. (എബ്രാ. 13:17) സാധ്യമെങ്കിൽ, വയൽസേവനകൂട്ടത്തിന് നേതൃത്വം നൽകുന്ന വ്യക്തിക്കുതന്നെ സഹായം ആവശ്യമുള്ളവരുടെ കൂടെ പ്രവർത്തിക്കാവുന്നതാണ്. അനുഭവപരിചയമുള്ളവർ വയൽസേവനയോഗത്തിനു ഹാജരാകുകയാണെങ്കിൽ അതും ഗുണകരമായിരിക്കും. അങ്ങനെയാകുമ്പോൾ പരിചയക്കുറവുള്ളവർക്കും പുതിയവർക്കും ഒപ്പം അവരെ നിയമിച്ചുവിടാൻ ഗ്രൂപ്പ് മേൽവിചാരകനു സാധിക്കും. അനുഭവപരിചയമുള്ളവർ ഇത്തരത്തിൽ ഇടയ്ക്കൊക്കെ വേറെവേറെ പ്രസാധകരുമൊത്ത് പ്രവർത്തിക്കാൻ തയ്യാറായാൽ അത് നല്ല ഫലംചെയ്യും. (സദൃ. 27:17; റോമ. 15:1, 2) യോഗത്തിന് കൃത്യസമയത്തുതന്നെ ഹാജരാകാൻ എല്ലാവരും നല്ല ശ്രമംനടത്തണം. ഈ ദിവ്യാധിപത്യ ക്രമീകരണത്തോടുള്ള നമ്മുടെ ആദരവും സഹവിശ്വാസികളോടുള്ള പരിഗണനയും സമയംപാലിക്കുന്നതിനോടുള്ള ബന്ധത്തിൽ ആവശ്യമായ പൊരുത്തപ്പെടുത്തലുകൾ വരുത്താൻ നമ്മെ പ്രേരിപ്പിക്കും.—2 കൊരി. 6:3, 4; ഫിലി. 2:4.
9. പയനിയർമാർക്ക് ഈ ക്രമീകരണത്തെ എങ്ങനെ പിന്തുണയ്ക്കാം?
9 പയനിയർമാരുടെ പിന്തുണ: വയൽസേവനയോഗങ്ങൾക്ക് പയനിയർമാർ നൽകുന്ന പിന്തുണ മൂല്യവത്താണ്; അത് എല്ലാവർക്കും പ്രോത്സാഹനംപകരും. പയനിയർമാർക്ക് ധാരാളം ഉത്തരവാദിത്വങ്ങൾ ഉണ്ടെന്ന കാര്യം വിസ്മരിച്ചുകൂടാ. ബൈബിളധ്യയനങ്ങളും മടക്കസന്ദർശനങ്ങളും നടത്തുന്നതിനുപുറമേ അവർക്ക് കുടുംബത്തോടും ജോലിയോടും ബന്ധപ്പെട്ട ഉത്തരവാദിത്വങ്ങൾ നിറവേറ്റേണ്ടതുണ്ടായിരിക്കാം. അതുകൊണ്ട് എല്ലാ വയൽസേവനയോഗങ്ങളിലും അവർ പങ്കെടുക്കണമെന്ന് പ്രതീക്ഷിക്കരുത്; പ്രത്യേകിച്ചും എല്ലാദിവസവും യോഗങ്ങൾ നടത്തുന്നുണ്ടെങ്കിൽ. എന്നിരുന്നാലും ആഴ്ചയിൽ ഏതാനും വയൽസേവനയോഗങ്ങളിലെങ്കിലും പങ്കെടുക്കാൻ പയനിയർമാർക്കു കഴിഞ്ഞേക്കും. ഒരു പരിധിവരെ വയൽസേവനയോഗങ്ങൾ സഭാംഗങ്ങളെ പരിശീലിപ്പിക്കാനുള്ള ഒരു വേദിയാണ്. പയനിയർമാരുടെ ബൈബിൾ പരിജ്ഞാനവും ശുശ്രൂഷയിലുള്ള അവരുടെ അനുഭവപരിചയവും മറ്റുള്ളവർക്ക് വളരെ ഗുണംചെയ്യും. പതിവായി വയൽസേവനത്തിൽ ഏർപ്പെടുന്നതിനാൽ അവർ അനുഭവസമ്പന്നരാണ്. ഈ അനുഭവസമ്പത്ത് അവർക്ക് മറ്റുള്ളവരുമായി പങ്കുവെക്കാനാകും. ശുശ്രൂഷയിലും വയൽസേവനയോഗത്തിലും തീക്ഷ്ണതയോടെ പങ്കുപറ്റുന്നതിനാൽ അവർ മറ്റുള്ളവർക്ക് നല്ലൊരു മാതൃകയാണ്. വയൽസേവനയോഗത്തിൽ പങ്കെടുത്തുകൊണ്ട് അവർ നൽകുന്ന പിന്തുണ വിലമതിക്കപ്പെടും.
10. എല്ലാ രാജ്യപ്രസാധകരും ഈ ദിവ്യാധിപത്യ ക്രമീകരണത്തെ പൂർണഹൃദയത്തോടെ പിന്തുണയ്ക്കേണ്ടത് എന്തുകൊണ്ട്?
10 യേശുവിന്റെയും ശിഷ്യന്മാരുടെയും കാലത്തെന്നപോലെ ഇന്നും രാജ്യപ്രസംഗവേല മുഖ്യമായും നിർവഹിക്കപ്പെടുന്നത് വീടുതോറുമുള്ള സാക്ഷീകരണത്തിലൂടെയാണ്. ഈ വേലയിൽ കാര്യക്ഷമമായി പങ്കെടുക്കാൻ പ്രസാധകരെ സഹായിക്കുക, പരസ്പരം പ്രോത്സാഹനം നൽകുക—ഇതാണ് വയൽസേവനയോഗങ്ങളുടെ ഉദ്ദേശ്യം. എല്ലാ പ്രസാധകരും തങ്ങളാലാവുന്നതുപോലെ ഇത്തരം ദിവ്യാധിപത്യ ക്രമീകരണങ്ങളെ പിന്തുണയ്ക്കണം. (പ്രവൃ. 5:42; 20:20) അതെ, വയൽസേവനയോഗങ്ങളെയും സുവാർത്താഘോഷണത്തെയും നമുക്ക് പൂർണഹൃദയത്തോടെ പിന്തുണയ്ക്കാം. യഹോവയിൽനിന്ന് സമൃദ്ധമായ അനുഗ്രഹങ്ങൾ നമുക്ക് ലഭിക്കാൻ അത് ഇടയാക്കും. കൂടാതെ, നമ്മുടെ നായകനായ യേശുക്രിസ്തുവിനെ അത് സന്തോഷിപ്പിക്കുകയും ചെയ്യും.—മത്താ. 25:34-40; 28:19, 20.