വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • od അധ്യാ. 14 പേ. 141-156
  • സഭയുടെ സമാധാനവും ശുദ്ധിയും കാത്തുസൂക്ഷിക്കാൻ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • സഭയുടെ സമാധാനവും ശുദ്ധിയും കാത്തുസൂക്ഷിക്കാൻ
  • യഹോവയുടെ ഇഷ്ടം ചെയ്യാൻ സംഘടിതർ
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • നിസ്സാ​ര​മായ ഭിന്നതകൾ പരിഹ​രി​ച്ചു​കൊണ്ട്‌
  • ആവശ്യ​മായ തിരു​വെ​ഴു​ത്തു​ബു​ദ്ധി​യു​പ​ദേശം കൊടു​ത്തു​കൊണ്ട്‌
  • ക്രമം​കെ​ട്ട​വരെ നിരീ​ക്ഷ​ണ​ത്തിൽ വെച്ചു​കൊണ്ട്‌
  • ഗൗരവ​മുള്ള ചില തെറ്റുകൾ കൈകാ​ര്യം ചെയ്യുന്ന വിധം
  • ഗുരു​ത​ര​മായ ദുഷ്‌പ്ര​വൃ​ത്തി ഉൾപ്പെട്ട കേസുകൾ കൈകാ​ര്യം ചെയ്യുന്ന വിധം
  • ശാസന സംബന്ധിച്ച അറിയിപ്പ്‌
  • പുറത്താ​ക്കാ​നാ​ണു തീരു​മാ​ന​മെ​ങ്കിൽ
  • പുറത്താ​ക്കൽ അറിയിപ്പ്‌
  • നിസ്സഹ​വാ​സം
  • പുനഃ​സ്ഥി​തീ​ക​രണം
  • പുനഃ​സ്ഥി​തീ​ക​ര​ണ​ത്തെ​ക്കു​റി​ച്ചുള്ള അറിയിപ്പ്‌
  • സ്‌നാ​ന​മേറ്റ, പ്രായ​പൂർത്തി​യാ​കാത്ത കുട്ടികൾ ഉൾപ്പെട്ട കേസുകൾ
  • സ്‌നാ​ന​മേ​റ്റി​ട്ടി​ല്ലാത്ത പ്രചാ​ര​കർ ദുഷ്‌പ്ര​വൃ​ത്തി​കൾ ചെയ്‌താൽ
  • ശുദ്ധവും സമാധാ​ന​പൂർണ​വും ആയ ആരാധ​നയെ യഹോവ അനു​ഗ്ര​ഹി​ക്കു​ന്നു
  • യഹോവയിൽനിന്നുള്ള ശിക്ഷണം എല്ലായ്‌പോഴും സ്വീകരിക്കുക
    2006 വീക്ഷാഗോപുരം
  • പാപം ചെയ്‌ത​വ​രോട്‌ എങ്ങനെ സ്‌നേ​ഹ​വും കരുണ​യും കാണി​ക്കാം?
    വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2024
  • ദൈവത്തെ ആരാധിക്കാൻ മററുള്ളവരെ സഹായിക്കുക
    വീക്ഷാഗോപുരം—1989
  • സഭയിൽനിന്ന്‌ നീക്കം ചെയ്‌ത​വരെ മൂപ്പന്മാർക്ക്‌ എങ്ങനെ സഹായി​ക്കാം?
    വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2024
കൂടുതൽ കാണുക
യഹോവയുടെ ഇഷ്ടം ചെയ്യാൻ സംഘടിതർ
od അധ്യാ. 14 പേ. 141-156

അധ്യായം 14

സഭയുടെ സമാധാനവും ശുദ്ധിയും കാത്തു​സൂ​ക്ഷി​ക്കാൻ

വർഷം​തോ​റും ആയിര​ക്ക​ണ​ക്കിന്‌ ആളുക​ളാണ്‌ യഹോ​വ​യു​ടെ ആലയത്തി​ലേക്ക്‌ ഒഴുകി​വ​രു​ന്നത്‌. ശുദ്ധമായ സത്യാ​രാ​ധ​ന​യു​ടെ വ്യാപ​ന​ത്തെ​ക്കു​റി​ച്ചുള്ള ബൈബിൾപ്ര​വ​ച​ന​ത്തി​ന്റെ നിവൃ​ത്തി​യാണ്‌ ഇത്‌. (മീഖ 4:1, 2) ‘ദൈവ​ത്തി​ന്റെ സഭയി​ലേക്ക്‌’ അവരെ​യെ​ല്ലാം സ്വാഗതം ചെയ്യു​ന്ന​തിൽ നമ്മൾ എത്ര സന്തോ​ഷി​ക്കു​ന്നു! (പ്രവൃ. 20:28) അവർക്കു നമ്മളോ​ടൊ​പ്പം യഹോ​വയെ സേവി​ക്കാ​നാ​കു​ന്നു, ശുദ്ധവും സമാധാ​ന​പൂർണ​വും ആയ ആത്മീയ​പ​റു​ദീസ ആസ്വദി​ക്കാ​നാ​കു​ന്നു. ഇതി​നെ​ല്ലാം അവർ നന്ദിയും വിലമ​തി​പ്പും ഉള്ളവരാണ്‌. സഭയെ ശുദ്ധവും സമാധാ​ന​പൂർണ​വും ആയി നിലനി​റു​ത്തു​ന്ന​തിൽ ദൈവ​ത്തി​ന്റെ പരിശു​ദ്ധാ​ത്മാ​വും ദൈവ​വ​ച​ന​ത്തി​ലെ തികവുറ്റ ഉപദേ​ശ​ങ്ങ​ളും നമ്മളെ സഹായി​ക്കു​ന്നു.​—സങ്കീ. 119:105; സെഖ. 4:6.

2 ബൈബിൾത​ത്ത്വ​ങ്ങൾ ബാധക​മാ​ക്കി​ക്കൊണ്ട്‌ നമ്മൾ “പുതിയ വ്യക്തി​ത്വം” ധരിക്കു​ന്നു. (കൊലോ. 3:10) അതു​കൊണ്ട്‌ നമ്മൾ നിസ്സാ​ര​മായ തർക്കങ്ങ​ളും അഭി​പ്രാ​യ​വ്യ​ത്യാ​സ​ങ്ങ​ളും വിട്ടു​ക​ള​യു​ന്നു. യഹോവ കാര്യ​ങ്ങളെ കാണു​ന്ന​തു​പോ​ലെ കണ്ടു​കൊണ്ട്‌, വിയോ​ജി​പ്പും ഭിന്നത​യും ഉണ്ടാക്കുന്ന ലോക​ത്തി​ന്റെ കാഴ്‌ച​പ്പാ​ടു​കളെ തള്ളിക്ക​ള​യു​ന്നു. അങ്ങനെ നമ്മൾ യാതൊ​രു അതിർവ​ര​മ്പു​ക​ളു​മി​ല്ലാ​തെ ഒരൊറ്റ സഹോ​ദ​ര​കു​ടും​ബ​മാ​യി ഐക്യ​ത്തോ​ടെ സേവി​ക്കു​ന്നു.​—പ്രവൃ. 10:34, 35.

3 എങ്കിലും, സഭയുടെ സമാധാ​ന​ത്തെ​യും ഐക്യ​ത്തെ​യും ബാധി​ക്കുന്ന പ്രശ്‌നങ്ങൾ ഇടയ്‌ക്കൊ​ക്കെ തലപൊ​ക്കാ​റുണ്ട്‌. എന്തായി​രി​ക്കാം കാരണം? മിക്ക​പ്പോ​ഴും, ബൈബി​ളു​പ​ദേ​ശങ്ങൾ അനുസ​രി​ക്കാ​ത്ത​തു​ത​ന്നെ​യാ​ണു കാരണം. നമ്മൾ ഇപ്പോ​ഴും അപൂർണ​രാണ്‌, അതി​ന്റേ​തായ ബലഹീ​ന​ത​ക​ളും ചായ്‌വു​ക​ളും നമുക്കു​ണ്ടു​താ​നും. നമ്മളുടെ ഇടയിൽ പാപമി​ല്ലാ​ത്ത​വ​രാ​യി ആരുമി​ല്ല​ല്ലോ. (1 യോഹ. 1:10) ചില​പ്പോൾ നമ്മളിൽ ആരെങ്കി​ലു​മൊ​ക്കെ തെറ്റായ ഒരു ചുവടു വെച്ചേ​ക്കാം. സഭയിലെ ആത്മീയ​വും ധാർമി​ക​വും ആയ ശുദ്ധി നഷ്ടപ്പെ​ടാൻ, അശുദ്ധി കടന്നു​വ​രാൻ, അത്‌ ഇടയാ​ക്കി​യേ​ക്കാം. ഇനി, നമ്മുടെ ചിന്താ​ശൂ​ന്യ​മായ വാക്കോ പ്രവൃ​ത്തി​യോ മറ്റുള്ള​വരെ വേദനി​പ്പി​ച്ചേ​ക്കാം. അല്ലെങ്കിൽ മറ്റുള്ളവർ എന്തെങ്കി​ലും പറഞ്ഞതോ ചെയ്‌ത​തോ നമ്മളെ ബുദ്ധി​മു​ട്ടി​ച്ചി​ട്ടു​ണ്ടാ​കാം. (റോമ. 3:23) ഇങ്ങനെ​യുള്ള സന്ദർഭ​ങ്ങ​ളിൽ കാര്യങ്ങൾ നേരെ​യാ​ക്കു​ന്ന​തി​നു നമുക്ക്‌ എന്തു ചെയ്യാൻ കഴിയും?

4 സ്‌നേ​ഹ​വാ​നായ യഹോവ ഇതെല്ലാം മനസ്സി​ലാ​ക്കു​ക​യും പരിഗ​ണി​ക്കു​ക​യും ചെയ്യുന്നു. പ്രശ്‌ന​ങ്ങ​ളും പ്രതി​സ​ന്ധി​ക​ളും ഉയർന്നു​വ​രു​മ്പോൾ എന്താണു ചെയ്യേ​ണ്ട​തെന്നു ദൈവ​ത്തി​ന്റെ വചനം നമുക്കു പറഞ്ഞു​ത​രു​ന്നുണ്ട്‌. സ്‌നേ​ഹ​മുള്ള ഇടയന്മാ​രായ മൂപ്പന്മാർ നമ്മളെ ഓരോ​രു​ത്ത​രെ​യും സഹായി​ക്കാ​നാ​യി ഒപ്പമുണ്ട്‌. അവർ നൽകുന്ന തിരു​വെ​ഴു​ത്തു​പ​ദേ​ശങ്ങൾ പ്രാവർത്തി​ക​മാ​ക്കി​ക്കൊണ്ട്‌ നമുക്കു മറ്റുള്ള​വ​രു​മാ​യി നല്ല ബന്ധത്തി​ലേക്കു വീണ്ടും വരാൻ കഴിയും. ഒപ്പം യഹോ​വ​യു​ടെ അംഗീ​കാ​രം നിലനി​റു​ത്താ​നും സാധി​ക്കും. നമ്മുടെ ഭാഗത്തെ ഏതെങ്കി​ലും തെറ്റിനു ശിക്ഷണ​മോ ശാസന​യോ ലഭിക്കു​ക​യാ​ണെ​ങ്കിൽ, നമ്മുടെ സ്വർഗീ​യ​പി​താ​വി​നു നമ്മോ​ടുള്ള സ്‌നേ​ഹ​ത്തി​ന്റെ തെളി​വാണ്‌ അത്തരം തിരു​ത്ത​ലു​ക​ളെന്ന്‌ ഉറപ്പു​ണ്ടാ​യി​രി​ക്കുക.​—സുഭാ. 3:11, 12; എബ്രാ. 12:6.

നിസ്സാ​ര​മായ ഭിന്നതകൾ പരിഹ​രി​ച്ചു​കൊണ്ട്‌

5 ചില അവസര​ങ്ങ​ളിൽ സഹോ​ദ​രങ്ങൾ തമ്മിൽ ചെറി​യ​ചെ​റിയ തർക്കങ്ങ​ളോ പ്രശ്‌ന​ങ്ങ​ളോ ഒക്കെ ഉയർന്നു​വ​രാ​റുണ്ട്‌. സഹോ​ദ​രസ്‌നേ​ഹം​കൊണ്ട്‌ അവയൊ​ക്കെ അപ്പപ്പോൾ പരിഹ​രിച്ച്‌ മുന്നോ​ട്ടു പോകണം. (എഫെ. 4:26; ഫിലി. 2:2-4; കൊലോ. 3:12-14) മിക്ക​പ്പോ​ഴും, സഹോ​ദ​രങ്ങൾ തമ്മിലുള്ള വ്യക്തി​പ​ര​മായ പ്രശ്‌നങ്ങൾ പത്രോസ്‌ അപ്പോസ്‌ത​ലന്റെ പിൻവ​രുന്ന ഉപദേശം ബാധക​മാ​ക്കി​യാൽ പരിഹ​രി​ക്കാ​വു​ന്നതേ ഉള്ളൂ: “നിങ്ങൾ പരസ്‌പരം അഗാധ​മാ​യി സ്‌നേ​ഹി​ക്കണം; കാരണം പാപങ്ങൾ എത്രയു​ണ്ടെ​ങ്കി​ലും സ്‌നേഹം അതെല്ലാം മറയ്‌ക്കു​ന്നു.” (1 പത്രോ. 4:8) ബൈബിൾ പറയു​ന്നതു ശ്രദ്ധി​ക്കുക: “നമ്മളെ​ല്ലാം പലതി​ലും തെറ്റി​പ്പോ​കു​ന്ന​വ​രാ​ണ​ല്ലോ.” (യാക്കോ. 3:2) മറ്റുള്ളവർ നമുക്കു ചെയ്യണ​മെന്നു നമ്മൾ ആഗ്രഹി​ക്കു​ന്ന​തെ​ല്ലാം അവർക്കു ചെയ്‌തു​കൊ​ടു​ക്ക​ണ​മെന്ന സുവർണ​നി​യമം ബാധക​മാ​ക്കി​ക്കൊണ്ട്‌, സാധാ​ര​ണ​ഗ​തി​യി​ലുള്ള നിസ്സാ​ര​പി​ഴ​വു​ക​ളൊ​ക്കെ നമുക്കു പൊറു​ക്കു​ക​യും മറക്കു​ക​യും ചെയ്യാം.​—മത്താ. 6:14, 15; 7:12.

6 നിങ്ങൾ പറഞ്ഞതോ ചെയ്‌ത​തോ ആയ എന്തെങ്കി​ലും മറ്റൊ​രാ​ളെ വേദനി​പ്പി​ച്ച​താ​യി തിരി​ച്ച​റി​യു​ന്നെ​ങ്കിൽ, ഒട്ടും സമയം കളയാതെ നിങ്ങൾതന്നെ സമാധാ​നം ഉണ്ടാക്കാൻ മുൻകൈ​യെ​ടു​ക്കണം. ഓർക്കുക, യഹോ​വ​യു​മാ​യുള്ള നിങ്ങളു​ടെ ബന്ധത്തെ​യും ഇതു ബാധി​ച്ചി​ട്ടുണ്ട്‌. യേശു തന്റെ ശിഷ്യ​ന്മാ​രെ ഇങ്ങനെ ഉപദേ​ശി​ച്ചു: “നീ കാഴ്‌ച അർപ്പി​ക്കാൻ യാഗപീ​ഠ​ത്തിന്‌ അടു​ത്തേക്കു ചെല്ലു​ന്നെ​ന്നി​രി​ക്കട്ടെ. നിന്റെ സഹോ​ദ​രനു നിന്നോ​ടു പിണക്ക​മു​ണ്ടെന്ന്‌ അവി​ടെ​വെച്ച്‌ ഓർമ വന്നാൽ നിന്റെ കാഴ്‌ച യാഗപീ​ഠ​ത്തി​നു മുന്നിൽ വെച്ചിട്ട്‌ ആദ്യം പോയി നിന്റെ സഹോ​ദ​ര​നു​മാ​യി സമാധാ​ന​ത്തി​ലാ​കുക. പിന്നെ വന്ന്‌ നിന്റെ കാഴ്‌ച അർപ്പി​ക്കുക.” (മത്താ. 5:23, 24) ചില​പ്പോൾ മറ്റേ വ്യക്തി നിങ്ങളെ തെറ്റി​ദ്ധ​രി​ച്ച​താ​കാം. അങ്ങനെ​യെ​ങ്കിൽ ആശയവി​നി​മ​യ​ത്തി​ന്റെ വാതാ​യ​നങ്ങൾ തുറന്നി​ടുക. സഭയിലെ സഹോ​ദ​രങ്ങൾ എല്ലാവ​രും തമ്മിൽ നല്ല ആശയവി​നി​മ​യ​മു​ണ്ടെ​ങ്കിൽ തെറ്റി​ദ്ധാ​ര​ണകൾ ഏറിയ പങ്കും ഒഴിവാ​ക്കാൻ കഴിയും. നമ്മുടെ അപൂർണ​ത​കൊണ്ട്‌ ഉണ്ടാകുന്ന പ്രശ്‌നങ്ങൾ പരിഹ​രി​ക്കാ​നു​മാ​കും.

ആവശ്യ​മായ തിരു​വെ​ഴു​ത്തു​ബു​ദ്ധി​യു​പ​ദേശം കൊടു​ത്തു​കൊണ്ട്‌

7 ചില​പ്പോൾ ഒരു വ്യക്തി ചിന്തി​ക്കുന്ന വിധത്തി​നു മാറ്റം വരുത്താൻ ബുദ്ധി​യു​പ​ദേശം നൽകണ​മെന്നു മേൽവി​ചാ​ര​ക​ന്മാർ തീരു​മാ​നി​ച്ചേ​ക്കാം. ഇത്‌ എല്ലായ്‌പോ​ഴും അത്ര എളുപ്പമല്ല. ഗലാത്യ​യി​ലെ ക്രിസ്‌ത്യാ​നി​കൾക്കു പൗലോസ്‌ അപ്പോസ്‌തലൻ ഇങ്ങനെ എഴുതി: “സഹോ​ദ​ര​ന്മാ​രേ, അറിയാ​തെ​യാണ്‌ ഒരാൾ തെറ്റായ ഒരു ചുവടു വെക്കു​ന്ന​തെ​ങ്കിൽപ്പോ​ലും ആത്മീയ​യോ​ഗ്യ​ത​യുള്ള നിങ്ങൾ സൗമ്യ​ത​യു​ടെ ആത്മാവിൽ അയാളെ നേരെ​യാ​ക്കാൻ നോക്കണം.”​—ഗലാ. 6:1.

8 ആട്ടിൻകൂ​ട്ടത്തെ വേണ്ടതു​പോ​ലെ മേയ്‌ക്കു​ന്നെ​ങ്കിൽ, ആത്മീയ​മായ പല അപകട​ങ്ങ​ളിൽനി​ന്നും അവരെ സംരക്ഷി​ക്കാ​നും ഗുരു​ത​ര​മായ പല പ്രശ്‌ന​ങ്ങ​ളും ഒഴിവാ​ക്കാ​നും ഇടയന്മാർക്കു കഴിയും. തങ്ങൾ സഭയ്‌ക്കു​വേണ്ടി ചെയ്യുന്ന സേവനം, യഹോവ യശയ്യയി​ലൂ​ടെ നൽകിയ വാഗ്‌ദാ​ന​ത്തി​നു ചേർച്ച​യി​ലാ​ക്കാൻ മൂപ്പന്മാർ കഠിന​ശ്രമം ചെയ്യുന്നു. അവിടെ ഇങ്ങനെ പറയുന്നു: “അവർ ഓരോ​രു​ത്ത​രും കാറ്റത്ത്‌ ഒരു ഒളിയി​ട​വും, പെരു​മ​ഴ​യത്ത്‌ ഒരു അഭയസ്ഥാ​ന​വും ആയിരി​ക്കും. അവർ വെള്ളമി​ല്ലാത്ത ദേശത്ത്‌ അരുവി​കൾപോ​ലെ​യും, വരണ്ടു​ണ​ങ്ങിയ ദേശത്ത്‌ പടുകൂ​റ്റൻ പാറയു​ടെ തണൽപോ​ലെ​യും ആകും.”​—യശ. 32:2.

ക്രമം​കെ​ട്ട​വരെ നിരീ​ക്ഷ​ണ​ത്തിൽ വെച്ചു​കൊണ്ട്‌

9 സഭയെ മോശ​മാ​യി സ്വാധീ​നി​ച്ചേ​ക്കാ​വുന്ന ചില​രെ​ക്കു​റിച്ച്‌ പൗലോസ്‌ അപ്പോസ്‌തലൻ ഇങ്ങനെ മുന്നറി​യി​പ്പു കൊടു​ത്തു: “സഹോ​ദ​ര​ങ്ങളേ, ഞങ്ങളിൽനിന്ന്‌ നിങ്ങൾക്കു കൈമാ​റി​ക്കി​ട്ടിയ പാരമ്പ​ര്യ​ങ്ങൾ അനുസ​രി​ക്കാ​തെ ക്രമം​കെട്ട്‌ നടക്കുന്ന എല്ലാ സഹോ​ദ​ര​ങ്ങ​ളിൽനി​ന്നും അകന്നു​മാ​റ​ണ​മെന്നു . . . ഞങ്ങൾ നിങ്ങ​ളോ​ടു നിർദേ​ശി​ക്കു​ക​യാണ്‌.” ഇക്കാര്യം ഒന്നുകൂ​ടെ വ്യക്തമാ​ക്കി​ക്കൊണ്ട്‌ പൗലോസ്‌ എഴുതി: “ഈ കത്തിൽ ഞങ്ങൾ പറയുന്ന കാര്യങ്ങൾ അനുസ​രി​ക്കാ​ത്ത​യാ​ളെ നിരീ​ക്ഷ​ണ​ത്തിൽ വെക്കണം. അയാൾക്കു നാണ​ക്കേടു തോന്നാൻവേണ്ടി അയാളു​മാ​യി ഇടപഴ​കു​ന്നതു നിറു​ത്തുക. പക്ഷേ ഒരു ശത്രു​വാ​യി കാണാതെ ഒരു സഹോ​ദ​ര​നാ​യി​ത്തന്നെ കണ്ട്‌ അയാളെ ഉപദേ​ശിച്ച്‌ നേർവ​ഴി​ക്കാ​ക്കാൻ നോക്കുക.”​—2 തെസ്സ. 3:6, 14, 15.

10 ചില​പ്പോൾ, ഒരു വ്യക്തി സഭയിൽനിന്ന്‌ പുറത്താ​ക്കേണ്ട തരത്തി​ലുള്ള, ഗൗരവ​മേ​റിയ കുറ്റ​മൊ​ന്നും ചെയ്യു​ന്നി​ല്ലാ​യി​രി​ക്കാം. എന്നാൽ അയാൾ ക്രിസ്‌ത്യാ​നി​കൾ പിൻപ​റ്റേണ്ട ദൈവി​ക​നി​ല​വാ​ര​ങ്ങളെ തികഞ്ഞ അവഗണ​ന​യോ​ടെ വീക്ഷി​ക്കു​ന്നു​ണ്ടാ​കും. എന്തൊ​ക്കെ​യാണ്‌ ഇതിൽ ഉൾപ്പെ​ടു​ന്നത്‌? അയാൾ തീരെ വൃത്തി​യും വെടി​പ്പും ഇല്ലാത്ത ആളോ അങ്ങേയറ്റം അലസത​യും വിമർശ​ന​ബു​ദ്ധി​യും കാണി​ക്കുന്ന ആളോ ആയിരി​ക്കാം. ചില​പ്പോൾ അയാൾ “ആവശ്യ​മി​ല്ലാത്ത കാര്യ​ങ്ങ​ളിൽ തലയിട്ട്‌” നടക്കു​ന്നു​ണ്ടാ​കും. (2 തെസ്സ. 3:11) അല്ലെങ്കിൽ മറ്റുള്ള​വരെ മുത​ലെ​ടുത്ത്‌ സാമ്പത്തി​ക​നേ​ട്ട​ങ്ങ​ളു​ണ്ടാ​ക്കാൻ ഗൂഢപ​ദ്ധ​തി​ക​ളി​ടു​ന്നു​ണ്ടാ​യി​രി​ക്കാം. അതുമ​ല്ലെ​ങ്കിൽ, തീർത്തും അനുചി​ത​മായ വിനോ​ദ​ങ്ങ​ളിൽ മുഴു​കു​ന്നു​ണ്ടാ​യി​രി​ക്കാം. എന്തായാ​ലും ക്രമം​കെട്ട നടത്ത സഭയ്‌ക്കു ദുഷ്‌പേ​രു​ണ്ടാ​ക്കാൻ പോന്ന​താണ്‌, മറ്റു സഹോ​ദ​ര​ങ്ങ​ളി​ലേ​ക്കു​കൂ​ടി ആ സ്വാധീ​നം വ്യാപി​ക്കാ​നും സാധ്യ​ത​യുണ്ട്‌.

11 ക്രമം​കെട്ട ഒരു മനുഷ്യ​നെ സഹായി​ക്കു​ന്ന​തി​നാ​യി മൂപ്പന്മാർ ആദ്യം അയാൾക്കു ബൈബി​ളിൽനി​ന്നുള്ള ബുദ്ധി​യു​പ​ദേശം നൽകും. എന്നാൽ പല തവണ ബുദ്ധി​യു​പ​ദേശം നൽകി​യി​ട്ടും, ആ വ്യക്തി പിന്നെ​യും ബൈബിൾത​ത്ത്വ​ങ്ങൾ അവഗണി​ക്കു​ക​യാ​ണെ​ങ്കി​ലോ? അത്തരം ക്രമം​കെട്ട നടത്ത​യെ​പ്പറ്റി ഒരു മുന്നറി​യി​പ്പു​പ്ര​സം​ഗം സഭയിൽ നടത്തണ​മെന്നു മൂപ്പന്മാർ തീരു​മാ​നി​ച്ചേ​ക്കാം. എന്നാൽ അതിനു മുമ്പ്‌, ‘അങ്ങനെ​യൊ​രു പ്രസംഗം ആവശ്യ​മു​ണ്ടോ, സാഹച​ര്യം അത്ര ഗൗരവ​മു​ള്ള​താ​ണോ, ആ പ്രശ്‌നം സഭയെ അസ്വസ്ഥ​മാ​ക്കി​യി​ട്ടു​ണ്ടോ’ എന്നീ കാര്യങ്ങൾ മൂപ്പന്മാർ നല്ല വിവേ​ക​ത്തോ​ടെ ആലോ​ചിച്ച്‌ തീരു​മാ​നി​ക്കും. പ്രസം​ഗകൻ, ക്രമം​കെട്ട നടത്ത​യെ​ക്കു​റിച്ച്‌ ഉചിത​മായ ബുദ്ധി​യു​പ​ദേ​ശങ്ങൾ നൽകും. പക്ഷേ ആ വ്യക്തി​യു​ടെ പേര്‌ പറയില്ല. ഈ പ്രസം​ഗ​ത്തിൽ വിവരിച്ച സാഹച​ര്യ​ത്തെ​ക്കു​റിച്ച്‌ അറിയാ​വു​ന്നവർ അത്തര​മൊ​രു വ്യക്തി​യോട്‌ അടുത്ത്‌ ഇടപഴ​കു​ന്നത്‌ ഒഴിവാ​ക്കും. എന്നിരു​ന്നാ​ലും ആ വ്യക്തി​യു​മാ​യുള്ള ആത്മീയ​സ​ഹ​വാ​സം നിറു​ത്താ​തെ അയാളെ ‘ഒരു സഹോ​ദ​ര​നാ​യി​ത്തന്നെ കണ്ട്‌ അയാളെ ഉപദേ​ശിച്ച്‌ നേർവ​ഴി​ക്കാ​ക്കാൻ നോക്കും.’

12 ക്രമം​കെട്ട വ്യക്തി നേരെ​യാ​കു​മെന്ന പ്രതീ​ക്ഷ​യോ​ടെ സഭയിലെ വിശ്വസ്‌ത​രായ ക്രിസ്‌ത്യാ​നി​കൾ അയാളു​മാ​യുള്ള സഹവാ​സ​ത്തി​ന്റെ കാര്യ​ത്തി​ലെ​ടു​ക്കുന്ന ഉറച്ച നിലപാട്‌, തന്റെ വഴിക​ളെ​ക്കു​റിച്ച്‌ ലജ്ജ തോന്നാ​നും മാറ്റം വരുത്താ​നും ആ വ്യക്തിയെ സഹായി​ച്ചേ​ക്കും. അയാൾ ജീവി​ത​ഗ​തി​ക്കു മാറ്റം വരുത്തി​യെന്നു വ്യക്തമാ​കു​മ്പോൾ പിന്നീ​ട​ങ്ങോട്ട്‌, നിരീ​ക്ഷ​ണ​ത്തി​ലുള്ള ഒരു വ്യക്തി​യെന്ന നിലയിൽ അദ്ദേഹ​ത്തോ​ടു പെരു​മാ​റേണ്ട ആവശ്യ​മില്ല.

ഗൗരവ​മുള്ള ചില തെറ്റുകൾ കൈകാ​ര്യം ചെയ്യുന്ന വിധം

13 തെറ്റുകൾ അവഗണി​ച്ചു​ക​ള​യാ​നോ ക്ഷമിച്ചു​കൊ​ടു​ക്കാ​നോ മനസ്സു കാണി​ക്കു​ന്നതു നമ്മൾ അവ നിസ്സാ​ര​മാ​യി കാണു​ന്നെ​ന്നോ അംഗീ​ക​രി​ക്കു​ന്നെ​ന്നോ അർഥമാ​ക്കു​ന്നില്ല. എല്ലാ തെറ്റു​കൾക്കും അപൂർണ്ണ​തയെ പഴിക്കാ​നാ​കില്ല. ഗൗരവ​മേ​റിയ തെറ്റുകൾ അവഗണി​ച്ചു​ക​ള​യു​ന്നത്‌ ഉചിത​മാ​യി​രി​ക്കില്ല. (ലേവ്യ 19:17; സങ്കീ. 141:5) ചില പാപങ്ങൾ മറ്റു ചില പാപങ്ങ​ളെ​ക്കാൾ ഗൗരവ​മു​ള്ള​താ​ണെന്നു മോശ​യി​ലൂ​ടെ നൽകിയ നിയമം വ്യക്തമാ​ക്കു​ന്നു. ക്രിസ്‌തീ​യ​ക്ര​മീ​ക​ര​ണ​ത്തി​ലും അത്‌ അങ്ങനെ​ത​ന്നെ​യാണ്‌.​—1 യോഹ. 5:16, 17.

14 സഹോ​ദ​ര​ങ്ങൾക്കി​ട​യിൽ ഉയർന്നു​വ​രാ​വുന്ന ഗൗരവ​മുള്ള പ്രശ്‌നങ്ങൾ കൈകാ​ര്യം ചെയ്യു​ന്ന​തി​നു കൃത്യ​മായ ഒരു നടപടി​ക്രമം യേശു നിർദേ​ശി​ച്ചി​ട്ടുണ്ട്‌. ഇക്കാര്യ​ത്തി​നു യേശു വെച്ച പടികൾ ഏവയാ​ണെന്നു നോക്കുക: “നിന്റെ സഹോ​ദരൻ ഒരു പാപം ചെയ്‌താൽ (1) നീയും ആ സഹോ​ദ​ര​നും മാത്ര​മു​ള്ള​പ്പോൾ ചെന്ന്‌ സംസാ​രിച്ച്‌ തെറ്റ്‌ അദ്ദേഹ​ത്തി​നു മനസ്സി​ലാ​ക്കി​ക്കൊ​ടു​ക്കുക. അദ്ദേഹം നീ പറയു​ന്നതു കേൾക്കു​ന്നെ​ങ്കിൽ നീ സഹോ​ദ​രനെ നേടി. അദ്ദേഹം നീ പറയു​ന്നതു കേൾക്കു​ന്നി​ല്ലെ​ങ്കിൽ, (2) ഒന്നോ രണ്ടോ പേരെ​ക്കൂ​ടെ കൂട്ടി​ക്കൊണ്ട്‌ ചെല്ലുക. അങ്ങനെ രണ്ടോ മൂന്നോ സാക്ഷി​ക​ളു​ടെ മൊഴി​യു​ടെ അടിസ്ഥാ​ന​ത്തിൽ ഏതു കാര്യ​വും സ്ഥിരീ​ക​രി​ക്കാം. അദ്ദേഹം അവരെ​യും കൂട്ടാ​ക്കു​ന്നി​ല്ലെ​ങ്കിൽ (3) സഭയെ അറിയി​ക്കുക. സഭയെ​യും കൂട്ടാ​ക്കു​ന്നി​ല്ലെ​ങ്കിൽ അദ്ദേഹത്തെ ജനതക​ളിൽപ്പെ​ട്ട​വ​നെ​പ്പോ​ലെ​യും നികു​തി​പി​രി​വു​കാ​ര​നെ​പ്പോ​ലെ​യും കണക്കാ​ക്കുക.”​—മത്താ. 18:15-17.

15 തുടർന്ന്‌ യേശു, മത്തായി 18:23-35-ൽ രേഖ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന ഒരു ദൃഷ്ടാ​ന്ത​വും പറഞ്ഞു. അതിന്റെ വെളി​ച്ച​ത്തിൽ നോക്കു​മ്പോൾ മത്തായി 18:15-17-ൽ പറയുന്ന പാപങ്ങ​ളിൽ ഒന്ന്‌, സാമ്പത്തി​ക​മോ വസ്‌തു​വ​കകൾ സംബന്ധി​ച്ചു​ള്ള​തോ ആണെന്നു തോന്നു​ന്നു. കടം വാങ്ങിയ എന്തെങ്കി​ലും തിരി​ച്ചു​കൊ​ടു​ക്കാ​തി​രി​ക്കു​ന്ന​തോ ഏതെങ്കി​ലും വിധത്തിൽ ചതിക്കു​ന്ന​തോ ഒക്കെയാ​കാം. അല്ലെങ്കിൽ ഏഷണി​യാ​കാം. അത്‌ ഒരാളു​ടെ സത്‌പേ​രി​നെ കാര്യ​മാ​യി ബാധി​ച്ചി​ട്ടു​മു​ണ്ടാ​കാം.

16 സഭയിൽ ആരെങ്കി​ലും നിങ്ങൾക്കെ​തി​രെ മേൽപ്പ​റ​ഞ്ഞ​തു​പോ​ലുള്ള ഒരു പാപം ചെയ്‌ത​താ​യി തെളി​വു​ണ്ടെ​ങ്കിൽ നിങ്ങൾക്കു​വേണ്ടി ഇടപെ​ടാൻ ആവശ്യ​പ്പെ​ട്ടു​കൊണ്ട്‌ മൂപ്പന്മാ​രെ സമീപി​ക്കാൻ തിരക്കു കൂട്ടരുത്‌. യേശു ഉപദേ​ശി​ച്ച​തു​പോ​ലെ നിങ്ങൾക്കു പരാതി​യുള്ള വ്യക്തി​യോട്‌ ആദ്യം സംസാ​രി​ക്കുക. മറ്റ്‌ ആരെയും ഉൾപ്പെ​ടു​ത്താ​തെ നിങ്ങൾ രണ്ടു പേരും മാത്ര​മാ​യി ആ പ്രശ്‌നം പരിഹ​രി​ക്കാൻ ശ്രമി​ക്കുക. ‘ഒരേ ഒരു തവണ മാത്രമേ പോയി അദ്ദേഹ​ത്തി​ന്റെ തെറ്റു ബോധ്യ​പ്പെ​ടു​ത്താ​വൂ’ എന്നു യേശു പറഞ്ഞി​ല്ലെന്ന കാര്യം മനസ്സിൽപ്പി​ടി​ക്കുക. അതു​കൊണ്ട്‌ മറ്റേ വ്യക്തി തെറ്റു സംബന്ധിച്ച്‌ ക്ഷമ ചോദി​ക്കാൻ തയ്യാറാ​കു​ന്നി​ല്ലെ​ങ്കിൽ പിന്നീട്‌ എപ്പോ​ഴെ​ങ്കി​ലും അദ്ദേഹത്തെ സമീപി​ക്കാ​മെന്നു തീരു​മാ​നി​ക്കു​ന്നതു നന്നായി​രി​ക്കും. പ്രശ്‌നം ഈ വിധത്തിൽ പരിഹ​രി​ക്കാൻ കഴിഞ്ഞാൽ, അദ്ദേഹം ചെയ്‌ത കുറ്റം നിങ്ങൾ മറ്റ്‌ ആരോ​ടും പറയാ​തി​രു​ന്ന​തിൽ നിങ്ങ​ളോട്‌ അദ്ദേഹ​ത്തി​നു വിലമ​തി​പ്പു തോന്നും. സഭയിലെ തന്റെ സത്‌പേര്‌ നഷ്ടപ്പെ​ടു​ത്താ​ഞ്ഞ​തിൽ അദ്ദേഹ​ത്തി​നു നന്ദിയും തോന്നും. അങ്ങനെ നിങ്ങൾക്ക്‌ ആ ‘സഹോ​ദ​രനെ നേടാ​നാ​കും.’

17 തെറ്റു ചെയ്‌ത വ്യക്തി ഉത്തരവാ​ദി​ത്വം ഏറ്റെടു​ക്കു​ക​യും ക്ഷമ ചോദി​ക്കു​ക​യും തെറ്റു തിരു​ത്താൻ ആവശ്യ​മാ​യ​തെ​ല്ലാം ചെയ്യു​ക​യും ചെയ്‌താൽ അടുത്ത പടിയി​ലേക്കു പോ​കേ​ണ്ട​തില്ല. ഇത്തരം തെറ്റുകൾ ഗുരു​ത​ര​മാ​ണെ​ങ്കി​ലും അതിലുൾപ്പെട്ട വ്യക്തി​കൾക്കു തമ്മിൽ പരിഹ​രി​ക്കാ​വു​ന്ന​താണ്‌.

18 “നീയും ആ സഹോ​ദ​ര​നും മാത്ര​മു​ള്ള​പ്പോൾ ചെന്ന്‌ സംസാ​രിച്ച്‌” തെറ്റു മനസ്സി​ലാ​ക്കി​ക്കൊ​ടു​ക്കുക എന്ന യേശു​വി​ന്റെ നിർദേ​ശ​പ്ര​കാ​രം നിങ്ങൾ ചെയ്‌തി​ട്ടും അദ്ദേഹത്തെ നേടാൻ കഴിയു​ന്നി​ല്ലെ​ങ്കിൽ നിങ്ങൾക്കു യേശു പറഞ്ഞ അടുത്ത പടി സ്വീക​രി​ക്കാ​വു​ന്ന​താണ്‌: ‘ഒന്നോ രണ്ടോ പേരെ​ക്കൂ​ടെ കൂട്ടി​ക്കൊണ്ട്‌ ചെന്ന്‌’ ആ വ്യക്തി​യു​മാ​യി വീണ്ടും സംസാ​രി​ക്കുക. നിങ്ങൾ കൂടെ കൊണ്ടു​പോ​കുന്ന ആളുകൾക്കും നിങ്ങളു​ടെ സഹോ​ദ​രനെ നേടാ​നുള്ള ആഗ്രഹ​മു​ണ്ടാ​യി​രി​ക്കണം. കൂടെ കൊണ്ടു​പോ​കുന്ന ആളുകൾ ആരോ​പി​ക്ക​പ്പെട്ട കുറ്റത്തി​നു ദൃക്‌സാ​ക്ഷി​ക​ളാ​ണെ​ങ്കിൽ നല്ലത്‌. ദൃക്‌സാ​ക്ഷി​കൾ ആരുമി​ല്ലെ​ങ്കിൽ നിങ്ങൾ നടത്താൻ പോകുന്ന ചർച്ചയ്‌ക്കു സാക്ഷി​ക​ളാ​കാൻ ഒന്നോ രണ്ടോ പേരോട്‌ ആവശ്യ​പ്പെ​ടാ​വു​ന്ന​താണ്‌. പരിഹ​രി​ക്കേണ്ട വിഷയം സംബന്ധിച്ച്‌ അനുഭ​വ​ജ്ഞാ​ന​മു​ള്ള​വ​രാ​ണെ​ങ്കിൽ, നടന്ന സംഭവ​ത്തി​നു പരാതി​ക്കാ​രൻ പറയു​ന്നത്ര ഗൗരവം കൊടു​ക്കേ​ണ്ട​തു​ണ്ടോ എന്നു നിർണ​യി​ക്കാ​നും അവർക്കു കഴി​ഞ്ഞേ​ക്കും. ചർച്ചയ്‌ക്കു സാക്ഷി​ക​ളാ​യി​ട്ടു നിങ്ങൾ മൂപ്പന്മാ​രെ​യാ​ണു തിര​ഞ്ഞെ​ടു​ക്കു​ന്ന​തെ​ങ്കിൽ അവർ ഇക്കാര്യ​ത്തിൽ സഭയുടെ പ്രതി​നി​ധി​ക​ള​ല്ലെന്ന്‌ ഓർക്കണം. കാരണം മൂപ്പന്മാ​രു​ടെ സംഘം ഈ ഘട്ടത്തിൽ അവരെ ഇതിനാ​യി പ്രത്യേ​കം ചുമത​ല​പ്പെ​ടു​ത്തി​യി​ട്ടില്ല.

19 പ്രശ്‌നം പരിഹ​രി​ക്കു​ന്ന​തി​നു നിങ്ങൾ സഹോ​ദ​ര​നു​മാ​യി ആദ്യം ഒറ്റയ്‌ക്കു സംസാ​രി​ച്ചു. പിന്നെ, ഒന്നോ രണ്ടോ ആളുക​ളെ​ക്കൂ​ടെ കൂട്ടി​ക്കൊണ്ട്‌ ചെന്ന്‌ സംസാ​രി​ച്ചു. ഇങ്ങനെ ആവർത്തിച്ച്‌ ശ്രമി​ച്ചി​ട്ടും പ്രശ്‌നം പരിഹ​രി​ക്കാൻ കഴിയു​ന്നില്ല. പ്രശ്‌നം വിട്ടു​ക​ള​യാൻ നിങ്ങൾക്കു തോന്നു​ന്നു​മില്ല. എങ്കിൽ നിങ്ങൾ ഈ വിഷയം സഭയിലെ മേൽവി​ചാ​ര​ക​ന്മാ​രെ അറിയി​ക്കുക. ഓർക്കുക: മൂപ്പന്മാ​രു​ടെ ലക്ഷ്യം സഭയുടെ സമാധാ​ന​വും ശുദ്ധി​യും കാത്തു​സൂ​ക്ഷി​ക്കുക എന്നതാണ്‌. മൂപ്പന്മാ​രെ സമീപി​ച്ചു​ക​ഴി​ഞ്ഞാൽ നിങ്ങൾ പ്രശ്‌നം അവർക്കു വിട്ടേ​ക്കുക, എന്നിട്ട്‌ യഹോ​വ​യിൽ ആശ്രയി​ക്കുക. ആരു​ടെ​യെ​ങ്കി​ലും നടത്തയോ പെരു​മാ​റ്റ​മോ കാരണം നിങ്ങൾ ഇടറി​വീ​ഴാ​നോ യഹോ​വ​യു​ടെ സേവന​ത്തി​ലുള്ള നിങ്ങളു​ടെ സന്തോഷം നഷ്ടപ്പെ​ടാ​നോ ഒരിക്ക​ലും അനുവ​ദി​ക്ക​രുത്‌!​—സങ്കീ. 119:165.

20 സഭയിലെ ഇടയന്മാർ ഈ വിഷയ​ത്തിൽ അന്വേ​ഷണം നടത്തും. ആ വ്യക്തി നിങ്ങ​ളോ​ടു ഗൗരവ​മേ​റിയ ഒരു പാപം ചെയ്‌തെ​ന്നും അനുത​പി​ക്കു​ന്നി​ല്ലെ​ന്നും ന്യായ​വും ഉചിത​വും ആയ നഷ്ടപരി​ഹാ​രം നൽകാൻ തയാറ​ല്ലെ​ന്നും വ്യക്തമാ​യാൽ, മേൽവി​ചാ​ര​ക​ന്മാ​രു​ടെ ഒരു കമ്മിറ്റിക്ക്‌ ആ ദുഷ്‌പ്ര​വൃ​ത്തി​ക്കാ​രനെ സഭയിൽനിന്ന്‌ പുറത്താ​ക്കേ​ണ്ട​താ​യി വന്നേക്കാം. അങ്ങനെ അവർ ആട്ടിൻകൂ​ട്ടത്തെ സംരക്ഷി​ക്കു​ന്നു, സഭയുടെ ശുദ്ധി പാലി​ക്കു​ന്നു.​—മത്താ. 18:17.

ഗുരു​ത​ര​മായ ദുഷ്‌പ്ര​വൃ​ത്തി ഉൾപ്പെട്ട കേസുകൾ കൈകാ​ര്യം ചെയ്യുന്ന വിധം

21 ലൈം​ഗിക അധാർമി​കത, വ്യഭി​ചാ​രം, സ്വവർഗ​രതി, ദൈവ​നിന്ദ, വിശ്വാ​സ​ത്യാ​ഗം, വിഗ്ര​ഹാ​രാ​ധന തുടങ്ങി​യ​വ​പോ​ലുള്ള കടുത്ത പാപങ്ങൾക്ക്‌, ദ്രോ​ഹി​ക്ക​പ്പെട്ട വ്യക്തി​യിൽനി​ന്നുള്ള ക്ഷമ മാത്രം മതിയാ​കു​ന്നില്ല. (1 കൊരി. 6:9, 10; ഗലാ. 5:19-21) സഭയുടെ ആത്മീയ​ശു​ദ്ധി​ക്കും ധാർമി​ക​ശു​ദ്ധി​ക്കും ഭീഷണി ഉണ്ടായ​തു​കൊണ്ട്‌ ഇത്തരം ഗുരു​ത​ര​മായ പാപങ്ങൾ മൂപ്പന്മാ​രെ അറിയി​ക്കേ​ണ്ട​തും അവർ കൈകാ​ര്യം ചെയ്യേ​ണ്ട​തും ആണ്‌. (1 കൊരി. 5:6; യാക്കോ. 5:14, 15) ചില വ്യക്തികൾ, മൂപ്പന്മാ​രെ സമീപിച്ച്‌ സ്വന്തം പാപങ്ങൾ തുറന്നു​പ​റ​ഞ്ഞേ​ക്കാം. അല്ലെങ്കിൽ, മറ്റുള്ള​വ​രു​ടെ ഏതെങ്കി​ലും ദുഷ്‌പ്ര​വൃ​ത്തി സംബന്ധിച്ച വിവരം മൂപ്പന്മാ​രെ അറിയി​ച്ചേ​ക്കാം. (ലേവ്യ 5:1; യാക്കോ. 5:16) സ്‌നാ​ന​മേറ്റ ഒരു സാക്ഷി​യു​ടെ ഗുരു​ത​ര​മായ ദുഷ്‌പ്ര​വൃ​ത്തി സംബന്ധിച്ച വിവരം മൂപ്പന്മാർ ആദ്യം കേൾക്കു​മ്പോൾ ആ വിവരം കിട്ടി​യത്‌ ഏതു രീതി​യി​ലാ​യാ​ലും, രണ്ടു മൂപ്പന്മാർ ആ വിഷയം സംബന്ധിച്ച്‌ പ്രാഥ​മി​ക​മായ ഒരു അന്വേ​ഷണം നടത്തും. അന്വേ​ഷണം നടത്തി​യ​പ്പോൾ പറഞ്ഞു​കേട്ട വിവര​ത്തിൽ കഴമ്പുണ്ട്‌, ഗുരു​ത​ര​മായ ഒരു പാപം ചെയ്‌ത​തി​നു തെളി​വു​ക​ളു​മുണ്ട്‌ എന്നു മനസ്സി​ലാ​യാൽ മൂപ്പന്മാ​രു​ടെ സംഘം കുറഞ്ഞതു മൂന്നു മൂപ്പന്മാ​ര​ട​ങ്ങിയ ഒരു നീതി​ന്യാ​യ​ക്ക​മ്മി​റ്റി​യെ ഈ വിഷയം കൈകാ​ര്യം ചെയ്യാൻ നിയമി​ക്കും.

22 മൂപ്പന്മാർ ആട്ടിൻകൂ​ട്ടത്തെ കരുത​ലോ​ടെ പരിപാ​ലി​ക്കു​ന്നു. ആത്മീയ​ഹാ​നി വരുത്തുന്ന എല്ലാറ്റിൽനി​ന്നും സംരക്ഷി​ക്കാൻ ശ്രമി​ക്കു​ക​യും ചെയ്യുന്നു. അവർ തെറ്റി​ല​ക​പ്പെ​ട്ടു​പോയ വ്യക്തിയെ ശാസി​ക്കാ​നും ആത്മീയാ​രോ​ഗ്യ​ത്തി​ലേക്കു മടക്കി​വ​രു​ത്താ​നും ദൈവ​വ​ചനം വിദഗ്‌ധ​മാ​യി ഉപയോ​ഗി​ക്കും. (യൂദ 21-23) പൗലോസ്‌ അപ്പോസ്‌തലൻ തിമൊ​ഥെ​യൊ​സിന്‌ നൽകിയ പിൻവ​രുന്ന നിർദേ​ശ​ങ്ങൾക്കു ചേർച്ച​യി​ലാണ്‌ അവർ പ്രവർത്തി​ക്കു​ന്നത്‌: “ദൈവ​ത്തി​ന്റെ​യും, ജീവി​ച്ചി​രി​ക്കു​ന്ന​വ​രെ​യും മരിച്ച​വ​രെ​യും ന്യായം വിധി​ക്കേ​ണ്ട​വ​നായ ക്രിസ്‌തു​യേ​ശു​വി​ന്റെ​യും മുന്നിൽ . . . ഞാൻ നിന്നോട്‌ ആജ്ഞാപി​ക്കു​ന്നു: . . . വിദഗ്‌ധ​മായ പഠിപ്പി​ക്കൽരീ​തി ഉപയോ​ഗിച്ച്‌ അങ്ങേയറ്റം ക്ഷമയോ​ടെ ശാസി​ക്കു​ക​യും താക്കീതു ചെയ്യു​ക​യും പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും ചെയ്യുക.” (2 തിമൊ. 4:1, 2) ഇക്കാര്യ​ങ്ങൾക്കു വളരെ​യ​ധി​കം സമയ​മെ​ടു​ത്തേ​ക്കാം. പക്ഷേ, ഇതു മൂപ്പന്മാ​രു​ടെ കഠിന​ജോ​ലി​യു​ടെ ഭാഗമാണ്‌. സഭ ഇതെല്ലാം വിലമ​തി​ക്കു​ക​യും അവരെ “ഇരട്ടി ബഹുമാ​ന​ത്തി​നു യോഗ്യ​രാ​യി” എണ്ണുക​യും ചെയ്യുന്നു.​—1 തിമൊ. 5:17.

23 കുറ്റം ചെയ്‌തെന്നു തെളിഞ്ഞ ഏതൊരു സാഹച​ര്യ​ത്തി​ലും മേൽവി​ചാ​ര​ക​ന്മാ​രു​ടെ പ്രാഥ​മി​ക​മായ ഉത്തരവാ​ദി​ത്വം തെറ്റു ചെയ്‌ത വ്യക്തിയെ ആത്മീയാ​രോ​ഗ്യ​ത്തി​ലേക്കു തിരികെ കൊണ്ടു​വ​രിക എന്നതാണ്‌. ആ വ്യക്തിക്ക്‌ ആത്മാർഥ​മായ പശ്ചാത്താ​പ​മു​ണ്ടെ​ങ്കിൽ മേൽവി​ചാ​ര​ക​ന്മാർക്ക്‌ അദ്ദേഹത്തെ സഹായി​ക്കാൻ കഴിയും. ഇങ്ങനെ​യൊ​രു സാഹച​ര്യ​ത്തിൽ, സ്വകാ​ര്യ​മാ​യോ നീതി​ന്യാ​യ​ക്ക​മ്മി​റ്റി​യു​ടെ വിചാ​ര​ണ​സ​മ​യത്ത്‌ ഹാജരാ​യി​രുന്ന സാക്ഷി​ക​ളു​ടെ മുമ്പാ​കെ​യോ നൽകുന്ന ശാസന അദ്ദേഹ​ത്തി​നു ശിക്ഷണ​മാ​യി ഉതകും. സന്നിഹി​ത​രാ​യ​വ​രിൽ ആരോ​ഗ്യാ​വ​ഹ​മായ ഭയം ഉൾനടാൻ ഇടയാ​കു​ക​യും ചെയ്യും. (2 ശമു. 12:13; 1 തിമൊ. 5:20) നീതി​ന്യാ​യ​ക്ക​മ്മി​റ്റി ശാസന നൽകുന്ന എല്ലാ കേസു​ക​ളി​ലും നിയ​ന്ത്ര​ണ​ങ്ങ​ളും ഏർപ്പെ​ടു​ത്തും. അങ്ങനെ തെറ്റു ചെയ്‌ത വ്യക്തിക്ക്‌ ഇനിയ​ങ്ങോട്ട്‌ ‘പാദങ്ങൾക്കു നേരായ പാത ഒരുക്കാൻ’ സഹായം ലഭിക്കു​ന്നു. (എബ്രാ. 12:13) കാല​ക്ര​മേണ, ആ വ്യക്തി ആത്മീയാ​രോ​ഗ്യം വീണ്ടെ​ടു​ത്തെന്നു വ്യക്തമാ​കു​ന്ന​തോ​ടെ അദ്ദേഹ​ത്തി​ന്റെ മേലുള്ള നിയ​ന്ത്ര​ണ​ങ്ങ​ളും നീക്കും.

ശാസന സംബന്ധിച്ച അറിയിപ്പ്‌

24 ഒരു വ്യക്തിക്കു പശ്ചാത്താ​പ​മു​ണ്ടെന്നു നീതി​ന്യാ​യ​ക്ക​മ്മി​റ്റി നിർണ​യി​ച്ചെ​ന്നി​രി​ക്കട്ടെ. എങ്കിലും ആ വ്യക്തി​യു​ടെ തെറ്റ്‌ ഒരുപക്ഷേ സഭയി​ലും സമൂഹ​ത്തി​ലും പരസ്യ​മാ​യി​ട്ടു​ണ്ടാ​കാം. അല്ലെങ്കിൽ പശ്ചാത്ത​പിച്ച തെറ്റു​കാ​രനെ സംബന്ധിച്ച്‌ സഭയെ ജാഗരൂ​ക​രാ​ക്കേ​ണ്ട​തു​ണ്ടാ​യി​രി​ക്കാം. ഇത്തരം അവസര​ങ്ങ​ളിൽ ജീവിത-സേവന യോഗ​ത്തിൽ പിൻവ​രുന്ന ഹ്രസ്വ​മായ ഒരു അറിയി​പ്പു നടത്തും: “(വ്യക്തി​യു​ടെ പേര്‌) ശാസി​ച്ചി​രി​ക്കു​ന്നു.”

പുറത്താ​ക്കാ​നാ​ണു തീരു​മാ​ന​മെ​ങ്കിൽ

25 ചില കേസു​ക​ളിൽ, തെറ്റു ചെയ്‌ത വ്യക്തി പാപപൂർണ​മായ നടത്തയിൽ തഴമ്പി​ച്ചു​പോ​യ​തു​കൊണ്ട്‌ സഹായി​ക്കാ​നുള്ള നീതി​ന്യാ​യ​ക്ക​മ്മി​റ്റി​യു​ടെ ശ്രമങ്ങ​ളോ​ടു പ്രതി​ക​രി​ക്കാ​തി​രു​ന്നേ​ക്കാം. നീതി​ന്യാ​യ​ക്ക​മ്മി​റ്റി​യു​ടെ വിചാ​ര​ണ​സ​മ​യത്ത്‌ ‘മാനസാ​ന്ത​ര​ത്തി​നു ചേർച്ച​യി​ലുള്ള പ്രവർത്തനം’ മതിയായ അളവിൽ കണ്ടി​ല്ലെ​ന്നും വരാം. (പ്രവൃ. 26:20) അങ്ങനെ​യുള്ള കേസു​ക​ളിൽ തെറ്റു ചെയ്‌ത പശ്ചാത്താ​പ​മി​ല്ലാത്ത വ്യക്തിയെ സഭയിൽനിന്ന്‌ പുറത്താ​ക്കേ​ണ്ട​താണ്‌. അങ്ങനെ യഹോ​വ​യു​ടെ ശുദ്ധരായ ജനത്തോ​ടൊ​ത്തുള്ള കൂട്ടായ്‌മ ആ വ്യക്തിക്കു നിഷേ​ധി​ക്കു​ന്നു. സഭയിൽനിന്ന്‌ അയാളു​ടെ ദുഷിച്ച സ്വാധീ​നം നീക്കി​ക്ക​ള​യു​ന്നു. സഭയുടെ ആത്മീയ​ശു​ദ്ധി​യും ധാർമി​ക​ശു​ദ്ധി​യും ഉറപ്പാ​ക്കു​ന്നു. സഭയുടെ സത്‌പേര്‌ സംരക്ഷി​ക്കു​ക​യും ചെയ്യുന്നു. (ആവ. 21:20, 21; 22:23, 24) കൊരി​ന്തി​ലെ സഭയി​ലുള്ള ഒരാളു​ടെ നാണം​കെട്ട പെരു​മാ​റ്റ​ത്തെ​ക്കു​റിച്ച്‌ അറിഞ്ഞ​പ്പോൾ പൗലോസ്‌ അപ്പോസ്‌തലൻ ആ സഭയിലെ മൂപ്പന്മാ​രോട്‌, “ആ മനുഷ്യ​നെ സാത്താന്‌ ഏൽപ്പി​ച്ചു​കൊ​ടു​ക്കുക” എന്ന്‌ ആവശ്യ​പ്പെട്ടു. ‘സഭയുടെ ആത്മാവ്‌ പരിര​ക്ഷി​ക്ക​പ്പെ​ടേ​ണ്ട​തി​നാ​യി​രു​ന്നു’ അത്‌. (1 കൊരി. 5:5, 11-13) ഒന്നാം നൂറ്റാ​ണ്ടിൽ സത്യത്തിന്‌ എതിരാ​യി മത്സരി​ച്ച​വരെ പുറത്താ​ക്കിയ വിവര​വും പൗലോസ്‌ രേഖ​പ്പെ​ടു​ത്തി​യി​ട്ടുണ്ട്‌.​—1 തിമൊ. 1:20.

26 തെറ്റു ചെയ്‌ത പശ്ചാത്താ​പ​മി​ല്ലാത്ത വ്യക്തിയെ പുറത്താ​ക്കാൻ തീരു​മാ​നി​ച്ചു​ക​ഴി​ഞ്ഞാൽ നീതി​ന്യാ​യ​ക്ക​മ്മി​റ്റി ആ തീരു​മാ​നം വ്യക്തിയെ അറിയി​ക്കണം. പുറത്താ​ക്കാൻ തീരു​മാ​ന​മെ​ടു​ത്ത​തി​ന്റെ പിന്നിലെ തിരു​വെ​ഴു​ത്തു​പ​ര​മായ കാരണ​മോ കാരണ​ങ്ങ​ളോ വ്യക്തമാ​യി അദ്ദേഹത്തെ ധരിപ്പി​ക്കണം. നീതി​ന്യാ​യ​ക്ക​മ്മി​റ്റി​യു​ടെ തീരു​മാ​നം അറിയി​ക്കു​മ്പോൾ, കമ്മിറ്റി​യു​ടെ തീരു​മാ​ന​ത്തിൽ ഗുരു​ത​ര​മായ പിശകു സംഭവി​ച്ച​താ​യി അദ്ദേഹം വിശ്വ​സി​ക്കു​ന്നു​ണ്ടെ​ങ്കിൽ, കമ്മിറ്റി​യു​ടെ തീരു​മാ​ന​ത്തിന്‌ എതിരാ​യി അദ്ദേഹ​ത്തി​നു പുനർവി​ചാ​ര​ണയ്‌ക്കുള്ള അപേക്ഷ അഥവാ അപ്പീൽ കൊടു​ക്കാ​മെ​ന്നും അത്‌ ഒരു കത്തിലൂ​ടെ അറിയി​ക്ക​ണ​മെ​ന്നും അദ്ദേഹ​ത്തോ​ടു പറയും. അപ്പീൽ നൽകു​ന്ന​തി​ന്റെ കാരണങ്ങൾ അദ്ദേഹം അതിൽ വ്യക്തമാ​യി വിവരി​ച്ചി​രി​ക്കണം. കമ്മിറ്റി​യു​ടെ തീരു​മാ​നം അറിയി​ച്ച​തു​മു​തൽ ഏഴു ദിവസ​ത്തി​നകം അദ്ദേഹം അപ്പീൽ സമർപ്പി​ക്കേ​ണ്ട​താണ്‌. ഇങ്ങനെ​യൊ​രു അപ്പീൽ കിട്ടി​യാൽ മൂപ്പന്മാ​രു​ടെ സംഘം സർക്കിട്ട്‌ മേൽവി​ചാ​ര​കനെ വിവരങ്ങൾ അറിയി​ക്കും. ഈ കേസ്‌ വീണ്ടും കേൾക്കു​ന്ന​തി​നാ​യി അദ്ദേഹം യോഗ്യ​ത​യുള്ള മൂപ്പന്മാർ അടങ്ങിയ ഒരു അപ്പീൽക്ക​മ്മി​റ്റി രൂപീ​ക​രി​ക്കും. കത്ത്‌ കിട്ടി ഒരാഴ്‌ചയ്‌ക്കു​ള്ളിൽ അപ്പീൽ കേൾക്കാ​നുള്ള എല്ലാ ശ്രമവും ഈ കമ്മിറ്റി ചെയ്യും. അപ്പീൽക്ക​മ്മി​റ്റി​യു​ടെ തീരു​മാ​നം വരുന്ന​തു​വരെ പുറത്താ​ക്കൽ അറിയിപ്പ്‌ നടത്താതെ മാറ്റി​വെ​ക്കും. ഇക്കാല​യ​ള​വിൽ, കുറ്റാ​രോ​പി​ത​നായ വ്യക്തിയെ സഭയിൽ അഭി​പ്രാ​യങ്ങൾ പറയു​ന്ന​തിൽനി​ന്നും യോഗ​ങ്ങ​ളിൽ പ്രാർഥി​ക്കു​ന്ന​തിൽനി​ന്നും മറ്റു പ്രത്യേക സേവന​പ​ദ​വി​ക​ളിൽനി​ന്നും ഒഴിവാ​ക്കി​നി​റു​ത്തും.

27 കുറ്റാ​രോ​പി​ത​നോ​ടുള്ള ഒരു ദയാ​പ്ര​വൃ​ത്തി​യാ​യി​ട്ടാണ്‌ അപ്പീൽ നൽകാൻ അനുവ​ദി​ക്കു​ന്നത്‌. അങ്ങനെ അദ്ദേഹ​ത്തി​നു തന്റെ പ്രശ്‌ന​ങ്ങ​ളും ഉത്‌കണ്‌ഠ​ക​ളും ഒരിക്കൽക്കൂ​ടി കമ്മിറ്റി​യെ അറിയി​ക്കാ​നാ​കും. എന്നാൽ തെറ്റു ചെയ്‌ത വ്യക്തി മനഃപൂർവം അപ്പീൽക്ക​മ്മി​റ്റി​ക്കു മുമ്പാകെ ഹാജരാ​കു​ന്നി​ല്ലെ​ങ്കിൽ, അദ്ദേഹത്തെ ബന്ധപ്പെ​ടാ​നുള്ള സാധ്യ​മായ എല്ലാ ശ്രമവും ചെയ്‌ത​ശേഷം സഭയിൽ പുറത്താ​ക്കൽ അറിയി​പ്പു നടത്തും.

28 തെറ്റു ചെയ്‌ത വ്യക്തി അപ്പീൽ നൽകാൻ ആഗ്രഹിക്കുന്നില്ലെങ്കിൽ, അനുത​പി​ക്കേ​ണ്ട​തി​ന്റെ ആവശ്യ​വും കാല​ക്ര​മേണ പുനഃ​സ്ഥി​തീ​ക​രി​ക്കാൻ അയാൾ സ്വീക​രി​ക്കേണ്ട നടപടി​ക​ളും നീതി​ന്യാ​യ​ക്ക​മ്മി​റ്റി അയാൾക്കു വിശദീ​ക​രി​ച്ചു​കൊ​ടു​ക്കും. ദയാപൂർവ​ക​മായ ഈ ക്രമീ​ക​രണം അദ്ദേഹത്തെ സഹായി​ക്കാൻ ഉദ്ദേശി​ച്ചു​ള്ള​താണ്‌. ആ വ്യക്തി തന്റെ വഴികൾക്കു മാറ്റം വരുത്തു​മെ​ന്നും അങ്ങനെ എത്രയും വേഗം യഹോ​വ​യു​ടെ സംഘട​ന​യി​ലേക്കു മടങ്ങി​വ​രാ​നുള്ള യോഗ്യത പ്രാപി​ക്കു​മെ​ന്നും ഉള്ള പ്രതീ​ക്ഷ​യോ​ടെ വേണം മൂപ്പന്മാർ ഇങ്ങനെ ചെയ്യാൻ.​—2 കൊരി. 2:6, 7.

പുറത്താ​ക്കൽ അറിയിപ്പ്‌

29 തെറ്റു ചെയ്‌ത പശ്ചാത്താ​പ​മി​ല്ലാത്ത ഒരു വ്യക്തിയെ സഭയിൽനിന്ന്‌ പുറത്താ​ക്കേ​ണ്ടി​വ​രു​മ്പോൾ പിൻവ​രുന്ന ഹ്രസ്വ​മായ ഒരു അറിയിപ്പ്‌ നടത്തുന്നു: “(വ്യക്തി​യു​ടെ പേര്‌) മേലാൽ യഹോ​വ​യു​ടെ സാക്ഷി​ക​ളിൽ ഒരാളല്ല.” ഇത്‌ ആ വ്യക്തി​യു​മാ​യുള്ള സഹവാസം നിറു​ത്താൻ സഭയിലെ വിശ്വസ്‌ത​രാ​യ​വർക്കെ​ല്ലാം ഒരു മുന്നറി​യി​പ്പാ​യി ഉതകും.​—1 കൊരി. 5:11.

നിസ്സഹ​വാ​സം

30 സ്‌നാ​ന​മേറ്റ ഒരു സാക്ഷി, മേലാൽ താൻ യഹോ​വ​യു​ടെ സാക്ഷി​ക​ളിൽ ഒരാളാ​യി​രി​ക്കാ​നോ ആ പേരിൽ അറിയ​പ്പെ​ടാ​നോ ആഗ്രഹി​ക്കു​ന്നി​ല്ലെന്നു പ്രസ്‌താ​വി​ച്ചു​കൊണ്ട്‌, ക്രിസ്‌ത്യാ​നി എന്ന തന്റെ സ്ഥാനം മനഃപൂർവം തള്ളിക്ക​ള​യുന്ന നടപടി​ക്കാ​ണു “നിസ്സഹ​വാ​സം” എന്ന പദം ബാധക​മാ​കു​ന്നത്‌. ഒരു വ്യക്തി സ്വന്തം പ്രവൃ​ത്തി​കൾകൊണ്ട്‌ ക്രിസ്‌തീ​യ​സ​ഭ​യി​ലെ സ്ഥാനം ഉപേക്ഷി​ച്ചു​ക​ള​യു​ന്ന​തും ഇതിൽ ഉൾപ്പെ​ടു​ന്നു. അത്തരം പ്രവൃ​ത്തി​ക​ളിൽ, ബൈബിൾത​ത്ത്വ​ങ്ങൾക്ക്‌ എതിരായ ലക്ഷ്യങ്ങ​ളു​ള്ള​തും അതു​കൊ​ണ്ടു​തന്നെ യഹോ​വ​യു​ടെ ന്യായ​വി​ധി​യിൻകീ​ഴി​ലു​ള്ള​തും ആയ ഒരു ലൗകി​ക​സം​ഘ​ട​ന​യു​ടെ ഭാഗമാ​കു​ന്ന​തു​പോ​ലുള്ള കാര്യങ്ങൾ ഉൾപ്പെ​ടും.​—യശ. 2:4; വെളി. 19:17-21.

31 തന്റെ നാളിൽ ക്രിസ്‌തീ​യ​വി​ശ്വാ​സം തള്ളിക്ക​ള​ഞ്ഞ​വ​രെ​ക്കു​റിച്ച്‌ യോഹ​ന്നാൻ അപ്പോസ്‌തലൻ ഇങ്ങനെ എഴുതി: “അവർ നമുക്കി​ട​യിൽനിന്ന്‌ പോയ​വ​രാ​ണെ​ങ്കി​ലും നമ്മളെ​പ്പോ​ലു​ള്ള​വ​രാ​യി​രു​ന്നില്ല. നമ്മളെ​പ്പോ​ലു​ള്ള​വ​രാ​യി​രു​ന്നെ​ങ്കിൽ അവർ നമ്മു​ടെ​കൂ​ടെ നിന്നേനേ.”​—1 യോഹ. 2:19.

32 നിസ്സഹ​വ​സി​ക്കാൻ തീരു​മാ​നിച്ച ഒരാ​ളെ​യും നിഷ്‌ക്രി​യ​നായ ഒരു ക്രിസ്‌ത്യാ​നി​യെ​യും യഹോവ ഒരു​പോ​ലെയല്ല കാണു​ന്നത്‌. വയൽശു​ശ്രൂ​ഷ​യിൽ കുറച്ച്‌ നാളു​ക​ളാ​യി പങ്കെടു​ക്കാത്ത ഒരാളാ​ണു നിഷ്‌ക്രി​യ​നായ വ്യക്തി. ദൈവ​വ​ചനം ക്രമമാ​യി പഠിക്കു​ന്ന​തിൽ വീഴ്‌ച വരുന്ന​തു​കൊണ്ട്‌ ഒരു വ്യക്തി നിഷ്‌ക്രി​യ​നാ​യേ​ക്കാം. ചില​പ്പോൾ വ്യക്തി​പ​ര​മായ പ്രശ്‌ന​ങ്ങ​ളാ​കാം കാരണം. അല്ലെങ്കിൽ എതിർപ്പോ പീഡന​ങ്ങ​ളോ മൂലം യഹോ​വ​യു​ടെ സേവന​ത്തി​ലുള്ള തീക്ഷ്‌ണത നഷ്ടപ്പെ​ട്ടു​പോ​യ​താ​കാം. മൂപ്പന്മാ​രും സഭയിലെ മറ്റു സഹോ​ദ​ര​ങ്ങ​ളും നിഷ്‌ക്രി​യ​നായ ഒരു ക്രിസ്‌ത്യാ​നിക്ക്‌ ഉചിത​മായ ആത്മീയ​സ​ഹാ​യം നൽകു​ന്ന​തിൽ തുടരും.​—റോമ. 15:1; 1 തെസ്സ. 5:14; എബ്രാ. 12:12.

33 എന്നാൽ, ക്രിസ്‌ത്യാ​നി​യായ ഒരു വ്യക്തി നിസ്സഹ​വ​സി​ക്കാൻ സ്വയം തീരു​മാ​നി​ച്ചാൽ ആ വ്യക്തി​യെ​പ്പറ്റി സഭയിൽ പിൻവ​രുന്ന ഹ്രസ്വ​മായ ഒരു അറിയി​പ്പു നടത്തുന്നു: “(വ്യക്തി​യു​ടെ പേര്‌) മേലാൽ യഹോ​വ​യു​ടെ സാക്ഷി​ക​ളിൽ ഒരാളല്ല.” പുറത്താ​ക്കിയ ഒരാ​ളെ​പ്പോ​ലെ​ത​ന്നെ​യാണ്‌ ഈ വ്യക്തി​യെ​യും കരുതു​ന്നത്‌.

പുനഃ​സ്ഥി​തീ​ക​രണം

34 പശ്ചാത്താ​പ​ത്തി​ന്റെ ലക്ഷണങ്ങൾ വ്യക്തമാ​യി പ്രകട​മാ​ക്കു​ക​യും പാപപൂർണ​മായ ഗതി ഉപേക്ഷി​ച്ചെന്നു ന്യായ​മായ ഒരു കാലയ​ള​വു​കൊണ്ട്‌ തെളി​യി​ക്കു​ക​യും ചെയ്യു​മ്പോൾ പുറത്താ​ക്ക​പ്പെ​ട്ട​തോ നിസ്സഹ​വ​സി​ച്ച​തോ ആയ വ്യക്തിയെ പുനഃ​സ്ഥി​തീ​ക​രി​ക്കാ​വു​ന്ന​താണ്‌. വ്യക്തി​യു​ടെ പശ്ചാത്താ​പ​ല​ക്ഷ​ണങ്ങൾ യഹോ​വ​യു​മാ​യി ഒരു നല്ല ബന്ധമു​ണ്ടാ​യി​രി​ക്കാൻ അദ്ദേഹം ആഗ്രഹി​ക്കു​ന്നെന്നു തെളി​യി​ക്കു​ന്നു. അദ്ദേഹ​ത്തി​ന്റെ പശ്ചാത്താ​പം ആത്മാർഥ​മാ​ണെന്നു തെളി​യി​ച്ചു​കാ​ണി​ക്കാൻ മൂപ്പന്മാർ അദ്ദേഹ​ത്തിന്‌ ആവോളം സമയം അനുവ​ദി​ക്കാൻ ശ്രദ്ധി​ക്കും. സാഹച​ര്യ​മ​നു​സ​രിച്ച്‌ മാസങ്ങ​ളോ ഒരു വർഷമോ ചില​പ്പോൾ അതിൽക്കൂ​ടു​ത​ലോ ഒക്കെയാ​കാം ഇത്‌. പുനഃ​സ്ഥി​തീ​ക​ര​ണ​ത്തിന്‌ അപേക്ഷി​ച്ചു​കൊ​ണ്ടുള്ള കത്ത്‌ മൂപ്പന്മാ​രു​ടെ സംഘത്തി​നു കിട്ടു​മ്പോൾ ഒരു പുനഃ​സ്ഥി​തീ​കരണ കമ്മിറ്റി ആ വ്യക്തി​യോ​ടു സംസാ​രി​ക്കും. വ്യക്തി​യു​ടെ ‘മാനസാ​ന്ത​ര​ത്തി​നു ചേർച്ച​യി​ലുള്ള പ്രവർത്ത​ന​ത്തി​ന്റെ’ തെളി​വു​കൾ വിലയി​രു​ത്തി​യിട്ട്‌, അദ്ദേഹത്തെ അപ്പോൾ പുനഃ​സ്ഥി​തീ​ക​രി​ക്ക​ണ​മോ വേണ്ടയോ എന്നു കമ്മിറ്റി തീരു​മാ​നി​ക്കും.​—പ്രവൃ. 26:20.

35 പുനഃ​സ്ഥി​തീ​ക​ര​ണ​ത്തിന്‌ അപേക്ഷി​ക്കുന്ന വ്യക്തി മറ്റൊരു സഭയിൽനി​ന്നാ​ണു പുറത്താ​ക്ക​പ്പെ​ട്ട​തെ​ങ്കിൽ ഇപ്പോ​ഴത്തെ സഭയിലെ ഒരു പുനഃ​സ്ഥി​തീ​കരണ കമ്മിറ്റി അപേക്ഷ പരിഗ​ണി​ക്കു​ന്ന​തി​നാ​യി അദ്ദേഹ​ത്തോ​ടൊ​പ്പം കൂടി​വ​രും. അദ്ദേഹത്തെ പുനഃ​സ്ഥി​തീ​ക​രി​ക്ക​ണ​മെന്ന്‌ ഇപ്പോ​ഴത്തെ സഭയിലെ പുനഃ​സ്ഥി​തീ​കരണ കമ്മിറ്റി​ക്കു തോന്നു​ന്നെ​ങ്കിൽ അവർ അവരുടെ ശുപാർശ ഈ കേസ്‌ ആദ്യം കൈകാ​ര്യം ചെയ്‌ത സഭയിലെ മൂപ്പന്മാ​രു​ടെ സംഘത്തിന്‌ അയയ്‌ക്കും. തുടർന്ന്‌ ഉൾപ്പെട്ട കമ്മിറ്റി​കൾ കൂട്ടായി പ്രവർത്തിച്ച്‌, നീതി​യു​ക്ത​മായ ഒരു തീരു​മാ​ന​ത്തി​ലെ​ത്താൻ പര്യാപ്‌ത​മായ വിവരങ്ങൾ ശേഖരി​ച്ചി​ട്ടു​ണ്ടെന്ന്‌ ഉറപ്പാ​ക്കും. എന്നിരു​ന്നാ​ലും പുനഃ​സ്ഥി​തീ​ക​രി​ക്കാൻ തീരു​മാ​ന​മെ​ടു​ക്കു​ന്നത്‌ ആ കേസ്‌ ആദ്യം കൈകാ​ര്യം ചെയ്‌ത സഭയിലെ പുനഃ​സ്ഥി​തീ​കരണ കമ്മിറ്റി ആയിരി​ക്കും.

പുനഃ​സ്ഥി​തീ​ക​ര​ണ​ത്തെ​ക്കു​റി​ച്ചുള്ള അറിയിപ്പ്‌

36 പുറത്താ​ക്ക​പ്പെ​ട്ട​തോ നിസ്സഹ​വ​സി​ച്ച​തോ ആയ വ്യക്തിക്ക്‌ യഥാർഥ​ത്തി​ലുള്ള പശ്ചാത്താ​പ​മു​ണ്ടെ​ന്നും അദ്ദേഹത്തെ പുനഃ​സ്ഥി​തീ​ക​രി​ക്കേ​ണ്ട​താ​ണെ​ന്നും പുനഃ​സ്ഥി​തീ​കരണ കമ്മിറ്റി​ക്കു ബോധ്യം വന്നാൽ അദ്ദേഹ​ത്തി​ന്റെ കേസ്‌ ആദ്യം കൈകാ​ര്യം ചെയ്‌ത സഭയിൽ പുനഃ​സ്ഥി​തീ​ക​ര​ണ​ത്തെ​ക്കു​റി​ച്ചുള്ള അറിയി​പ്പു നടത്തും. ആ വ്യക്തി ഇപ്പോൾ മറ്റൊരു സഭയി​ലാ​ണെ​ങ്കിൽ അവി​ടെ​യും അതു​പോ​ലെ അറിയി​പ്പു നടത്തും. “(വ്യക്തി​യു​ടെ പേര്‌) ഒരു യഹോ​വ​യു​ടെ സാക്ഷി​യാ​യി പുനഃ​സ്ഥി​തീ​ക​രി​ച്ചി​രി​ക്കു​ന്നു” എന്ന ഹ്രസ്വ​മായ ഒരു അറിയി​പ്പു മതിയാ​കും.

സ്‌നാ​ന​മേറ്റ, പ്രായ​പൂർത്തി​യാ​കാത്ത കുട്ടികൾ ഉൾപ്പെട്ട കേസുകൾ

37 സ്‌നാ​ന​മേറ്റ, പ്രായ​പൂർത്തി​യാ​കാത്ത കുട്ടി​ക​ളു​ടെ ഗുരു​ത​ര​മായ ദുഷ്‌പ്ര​വൃ​ത്തി സംബന്ധിച്ച്‌ മൂപ്പന്മാ​രെ അറിയി​ച്ചി​രി​ക്കണം. ഇങ്ങനെ​യുള്ള കുട്ടി​ക​ളു​ടെ ഗുരു​ത​ര​മായ പാപങ്ങൾ സംബന്ധിച്ച കേസുകൾ മൂപ്പന്മാർ കൈകാ​ര്യം ചെയ്യു​മ്പോൾ കുട്ടി​ക​ളു​ടെ സ്‌നാ​ന​മേറ്റ മാതാ​പി​താ​ക്ക​ളും ഒപ്പമു​ണ്ടാ​യി​രി​ക്കു​ന്നതു നല്ലതാണ്‌. നീതി​ന്യാ​യ​ക്ക​മ്മി​റ്റി​യോട്‌ അവർ സഹകരി​ക്കും. തെറ്റു ചെയ്‌ത കുട്ടിക്ക്‌ ആവശ്യ​മായ ശിക്ഷണം നൽകു​ന്ന​തിൽനിന്ന്‌ കുട്ടിയെ രക്ഷിക്കാൻ അവർ ശ്രമി​ക്കു​ക​യില്ല. ദുഷ്‌പ്ര​വൃ​ത്തി ചെയ്‌ത മുതിർന്ന വ്യക്തി​ക​ളു​ടെ കാര്യ​ത്തി​ലെ​ന്ന​പോ​ലെ​തന്നെ നീതി​ന്യാ​യ​ക്ക​മ്മി​റ്റി ഇവരെ​യും ശാസി​ക്കാ​നും നേടാ​നും ശ്രമി​ക്കും. എന്നിരു​ന്നാ​ലും ഈ കുട്ടി പശ്ചാത്താ​പം കാണി​ക്കു​ന്നി​ല്ലെ​ങ്കിൽ പുറത്താ​ക്കൽ നടപടി സ്വീക​രി​ക്കും.

സ്‌നാ​ന​മേ​റ്റി​ട്ടി​ല്ലാത്ത പ്രചാ​ര​കർ ദുഷ്‌പ്ര​വൃ​ത്തി​കൾ ചെയ്‌താൽ

38 സ്‌നാ​ന​മേ​റ്റി​ട്ടി​ല്ലാത്ത പ്രചാ​രകർ ഗുരു​ത​ര​മായ ദുഷ്‌പ്ര​വൃ​ത്തി​യിൽ ഉൾപ്പെ​ട്ടാ​ലോ? അവർ സ്‌നാ​ന​മേറ്റ സാക്ഷി​ക​ള​ല്ലാ​ത്ത​തു​കൊണ്ട്‌ അവരെ സഭയിൽനിന്ന്‌ പുറത്താ​ക്കാൻ കഴിയു​ക​യില്ല. ബൈബിൾനി​ല​വാ​രങ്ങൾ പൂർണ​മാ​യി മനസ്സി​ലാ​ക്കാൻ അവർക്കു കഴിയു​ന്നി​ല്ലെ​ങ്കിൽക്കൂ​ടി മൂപ്പന്മാർ ദയാപൂർവം നൽകുന്ന ബുദ്ധി​യു​പ​ദേ​ശ​ങ്ങൾക്ക്‌, അവരുടെ പാദങ്ങൾക്കു “നേരായ പാത” ഒരുക്കാൻ കഴിയും.​—എബ്രാ. 12:13.

39 സ്‌നാ​ന​മേ​റ്റി​ട്ടി​ല്ലാത്ത ഒരു ദുഷ്‌പ്ര​വൃ​ത്തി​ക്കാ​രനെ, രണ്ടു മൂപ്പന്മാർ സഹായി​ക്കാൻ ശ്രമി​ച്ചി​ട്ടും അയാൾ പശ്ചാത്ത​പി​ക്കു​ന്നി​ല്ലെ​ങ്കിൽ അക്കാര്യം സഭയെ അറിയി​ക്കേ​ണ്ട​താണ്‌. പിൻവ​രു​ന്ന​പ്ര​കാ​ര​മുള്ള ഹ്രസ്വ​മായ ഒരു അറിയി​പ്പു സഭയിൽ നടത്തും: “(വ്യക്തി​യു​ടെ പേര്‌) സ്‌നാ​ന​മേ​റ്റി​ട്ടി​ല്ലാത്ത ഒരു പ്രചാ​ര​ക​നാ​യി മേലാൽ അറിയ​പ്പെ​ടു​ന്നതല്ല.” സഭ ആ വ്യക്തിയെ പിന്നീടു ലോക​ക്കാ​ര​നായ ഒരാളാ​യി​ട്ടേ കാണു​ക​യു​ള്ളൂ. തെറ്റു ചെയ്‌ത വ്യക്തിയെ പുറത്താ​ക്കി​യി​ട്ടി​ല്ലെ​ങ്കി​ലും ആ വ്യക്തി​യു​മാ​യുള്ള സഹവാ​സ​ത്തി​ന്റെ കാര്യ​ത്തിൽ സഹോ​ദ​രങ്ങൾ ജാഗ്രത പുലർത്തു​ന്നു. (1 കൊരി. 15:33) ആ വ്യക്തി​യിൽനിന്ന്‌ വയൽസേവന റിപ്പോർട്ടു​കൾ സ്വീക​രി​ക്കു​ന്നതല്ല.

40 പ്രചാ​ര​ക​സ്ഥാ​ന​ത്തു​നിന്ന്‌ നീക്കം ചെയ്‌ത സ്‌നാ​ന​മേ​റ്റി​ട്ടി​ല്ലാത്ത ഒരു വ്യക്തി കാല​ക്ര​മേണ വീണ്ടു​മൊ​രു പ്രചാ​ര​ക​നാ​കാൻ ആഗ്രഹി​ച്ചേ​ക്കാം. ഈ സാഹച​ര്യ​ത്തിൽ രണ്ടു മൂപ്പന്മാർ ആ വ്യക്തി​യു​മാ​യി കൂടി​വ​രി​ക​യും അദ്ദേഹ​ത്തി​ന്റെ ആത്മീയ​പു​രോ​ഗതി വിലയി​രു​ത്തു​ക​യും ചെയ്യും. അദ്ദേഹം യോഗ്യത നേടു​മ്പോൾ ഇപ്രകാ​ര​മുള്ള ഹ്രസ്വ​മായ ഒരു അറിയി​പ്പു സഭയിൽ നടത്തും: “(വ്യക്തി​യു​ടെ പേര്‌) സ്‌നാ​ന​മേ​റ്റി​ട്ടി​ല്ലാത്ത ഒരു പ്രചാ​ര​ക​നാ​യി വീണ്ടും അംഗീ​ക​രി​ച്ചി​രി​ക്കു​ന്നു.”

ശുദ്ധവും സമാധാ​ന​പൂർണ​വും ആയ ആരാധ​നയെ യഹോവ അനു​ഗ്ര​ഹി​ക്കു​ന്നു

41 ഇക്കാലത്ത്‌ ദൈവ​ജ​ന​ത്തോ​ടൊത്ത്‌ സഹവസി​ക്കുന്ന എല്ലാവർക്കും യഹോവ അവർക്കു നൽകി​യി​രി​ക്കുന്ന സമ്പന്നമായ ആത്മീയ​പ​റു​ദീസ ആസ്വദി​ക്കാൻ കഴിയും. നമ്മുടെ ആത്മീയ​മേ​ച്ചിൽപ്പു​റങ്ങൾ സത്യത്തി​ന്റെ നവോ​ന്മേ​ഷ​ദാ​യ​ക​മായ വെള്ളം സമൃദ്ധ​മാ​യുള്ള, പച്ചപ്പു നിറഞ്ഞ ഇടങ്ങളാണ്‌. യേശു​ക്രിസ്‌തു​വി​ന്റെ ശിരഃ​സ്ഥാ​ന​ത്തിൻകീ​ഴി​ലുള്ള ദിവ്യാ​ധി​പ​ത്യ​ക്ര​മീ​ക​ര​ണ​ത്തി​ലൂ​ടെ യഹോ​വ​യു​ടെ സംരക്ഷ​ണ​വും നമുക്കുണ്ട്‌. (സങ്കീ. 23; യശ. 32:1, 2) ദുർഘ​ട​മായ ഈ അന്ത്യനാ​ളു​ക​ളിൽ ആത്മീയ​പ​റു​ദീ​സ​യി​ലാ​യി​രി​ക്കു​ന്നതു നമുക്കു സുരക്ഷി​ത​ത്വ​ബോ​ധം നൽകുന്നു.

സഭയുടെ സമാധാ​ന​വും ശുദ്ധി​യും കാത്തു​സൂ​ക്ഷി​ച്ചു​കൊണ്ട്‌ നമുക്കു തുടർന്നും ദൈവ​രാ​ജ്യ​സ​ത്യം പ്രകാ​ശി​പ്പി​ക്കാം

42 സഭയുടെ സമാധാ​ന​വും ശുദ്ധി​യും കാത്തു​സൂ​ക്ഷി​ച്ചു​കൊണ്ട്‌ നമുക്കു തുടർന്നും ദൈവ​രാ​ജ്യ​സ​ത്യം പ്രകാ​ശി​പ്പി​ക്കാം. (മത്താ. 5:16; യാക്കോ. 3:18) ദൈവ​ത്തി​ന്റെ അനു​ഗ്ര​ഹം​കൊണ്ട്‌ കൂടു​തൽക്കൂ​ടു​തൽ ആളുകൾ യഹോ​വ​യെ​ക്കു​റിച്ച്‌ അറിയാ​നും ദൈവ​ത്തി​ന്റെ ഇഷ്ടം ചെയ്‌തു​കൊണ്ട്‌ നമ്മോ​ടൊ​പ്പം ചേരാ​നും ഇടയാ​കട്ടെ!

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക