പഠനലേഖനം 34
ഗീതം 107 സ്നേഹത്തിന്റെ ദിവ്യമാതൃക
പാപം ചെയ്തവരോട് എങ്ങനെ സ്നേഹവും കരുണയും കാണിക്കാം?
‘ദൈവം കനിവ് കാണിക്കുന്നതു നിന്നെ മാനസാന്തരത്തിലേക്കു നയിക്കാനാണ്.’—റോമ. 2:4.
ഉദ്ദേശ്യം
ഗുരുതരമായ തെറ്റു ചെയ്ത ഒരാളെ മൂപ്പന്മാർ എങ്ങനെയാണു സഹായിക്കുന്നതെന്നു നോക്കാം.
1. ഗുരുതരമായ പാപം ചെയ്ത ചിലരുടെ കാര്യത്തിൽ എന്തെങ്കിലും പ്രതീക്ഷയ്ക്കു വകയുണ്ടോ?
കൊരിന്തുസഭയിൽ ഗുരുതരമായ തെറ്റു ചെയ്ത ഒരാളുടെ കേസ് അപ്പോസ്തലനായ പൗലോസ് കൈകാര്യം ചെയ്തത് എങ്ങനെയാണെന്നു കഴിഞ്ഞ ലേഖനത്തിൽ നമ്മൾ കണ്ടു. മാനസാന്തരമില്ലാത്ത ആ പാപിയെ സഭയിൽനിന്ന് നീക്കം ചെയ്യേണ്ടിവന്നു. എന്നാൽ ആധാരവാക്യം പറയുന്നതുപോലെ ഗുരുതരമായ തെറ്റു ചെയ്ത ചിലരെ മാനസാന്തരത്തിലേക്കു നയിക്കാനായേക്കും. (റോമ. 2:4) മാനസാന്തരപ്പെടാൻ മൂപ്പന്മാർക്ക് അവരെ എങ്ങനെ സഹായിക്കാം?
2-3. ഒരു സഹവിശ്വാസി ഗുരുതരമായ തെറ്റു ചെയ്തിട്ടുണ്ടെന്ന് അറിഞ്ഞാൽ നമ്മൾ എന്തു ചെയ്യണം, എന്തുകൊണ്ട്?
2 ഒരു വ്യക്തി തെറ്റു ചെയ്തെന്ന് അറിഞ്ഞാൽ മാത്രമേ മൂപ്പന്മാർക്ക് അയാളെ സഹായിക്കാൻ കഴിയൂ. അതുകൊണ്ട് നമ്മുടെ ഒരു സഹവിശ്വാസി സഭയിൽനിന്ന് നീക്കം ചെയ്യപ്പെടാൻ സാധ്യതയുള്ള ഗുരുതരമായ ഒരു തെറ്റു ചെയ്തിട്ടുണ്ടെന്ന് അറിഞ്ഞാൽ നമ്മൾ എന്തു ചെയ്യണം? മൂപ്പന്മാരുടെ സഹായം തേടാൻ ആ വ്യക്തിയെ പ്രോത്സാഹിപ്പിക്കണം.—യശ. 1:18; പ്രവൃ. 20:28; 1 പത്രോ. 5:2.
3 എന്നാൽ, നമ്മൾ പറഞ്ഞിട്ടും ആ വ്യക്തി മൂപ്പന്മാരോടു സംസാരിക്കുന്നില്ലെങ്കിലോ? അപ്പോൾ ആ വ്യക്തിക്കു വേണ്ട സഹായം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ നമ്മൾതന്നെ മൂപ്പന്മാരോടു കാര്യങ്ങൾ പറയും. അതാണു സ്നേഹം. കാരണം, നമ്മുടെ ഒരു സഹോദരനെയോ സഹോദരിയെയോ നഷ്ടപ്പെടാൻ നമ്മൾ ഒരിക്കലും ആഗ്രഹിക്കുന്നില്ല. ആ വ്യക്തി തന്റെ തെറ്റായ പ്രവൃത്തിയിൽ തുടരുകയാണെങ്കിൽ യഹോവയുമായുള്ള അയാളുടെ ബന്ധം കൂടുതൽ വഷളാകും. സഭയുടെ സത്പേരിനെയും അതു ബാധിച്ചേക്കാം. അതുകൊണ്ട് ധൈര്യത്തോടെ നമ്മൾ മൂപ്പന്മാരോടു കാര്യങ്ങൾ പറയും. അതിനു നമ്മളെ പ്രേരിപ്പിക്കുന്നത് യഹോവയോടും ആ തെറ്റുകാരനോടും ഉള്ള സ്നേഹമാണ്.—സങ്കീ. 27:14.
ഗുരുതരമായ തെറ്റു ചെയ്യുന്നവരെ മൂപ്പന്മാർ എങ്ങനെയാണു സഹായിക്കുന്നത്?
4. ഗുരുതരമായ തെറ്റു ചെയ്ത ഒരാളുമായി കൂടിക്കാണുമ്പോൾ മൂപ്പന്മാരുടെ ലക്ഷ്യം എന്താണ്?
4 സഭയിലെ ഒരാൾ ഗുരുതരമായ ഒരു തെറ്റു ചെയ്താൽ മൂപ്പന്മാരുടെ സംഘം തങ്ങൾക്കിടയിൽനിന്ന് യോഗ്യതയുള്ള മൂന്നു സഹോദരന്മാരെ തിരഞ്ഞെടുക്കും. അവർ ഒരു കമ്മിറ്റിയായി സേവിക്കും.a ഈ സഹോദരന്മാർ എളിമയും താഴ്മയും ഉള്ളവരായിരിക്കണം. തെറ്റുകാരനെ മാനസാന്തരത്തിലേക്കു നയിക്കാൻ അവർ ശ്രമിക്കുമെങ്കിലും മാറ്റം വരുത്താൻ ആരെയും നിർബന്ധിക്കാൻ കഴിയില്ലെന്ന് അവർ മനസ്സിലാക്കുന്നു. (ആവ. 30:19) തങ്ങൾ സഹായിക്കാൻ ശ്രമിക്കുമ്പോൾ എല്ലാവരും ദാവീദ് രാജാവിനെപ്പോലെ പശ്ചാത്തപിക്കില്ലെന്നു മൂപ്പന്മാർക്ക് അറിയാം. (2 ശമു. 12:13) ചിലർ യഹോവയുടെ ഉപദേശം മനഃപൂർവം തള്ളിക്കളയാൻ തീരുമാനിച്ചേക്കാം. (ഉൽപ. 4:6-8) എങ്കിലും കഴിയുന്നിടത്തോളം മൂപ്പന്മാരുടെ ലക്ഷ്യം, തെറ്റുകാരനെ മാനസാന്തരത്തിലേക്കു നയിക്കുക എന്നതാണ്. തെറ്റുകാരനുമായി കൂടിക്കാണുമ്പോൾ മൂപ്പന്മാർ ഏതെല്ലാം തത്ത്വങ്ങളാണു മനസ്സിൽപ്പിടിക്കേണ്ടത്?
5. തെറ്റു ചെയ്തയാളുമായി കൂടിക്കാണുമ്പോൾ മൂപ്പന്മാർ എങ്ങനെയായിരിക്കണം ഇടപെടേണ്ടത്? (2 തിമൊഥെയൊസ് 2:24-26) (ചിത്രവും കാണുക.)
5 തെറ്റു ചെയ്ത വ്യക്തിയെ മൂപ്പന്മാർ വീക്ഷിക്കുന്നതു വിലയേറിയ, കാണാതെപോയ ഒരു ആടായിട്ടാണ്. (ലൂക്കോ. 15:4, 6) അതുകൊണ്ട് മൂപ്പന്മാർ ആ വ്യക്തിയുമായി കൂടിക്കാണുമ്പോൾ അദ്ദേഹത്തോടു ദയയില്ലാതെ സംസാരിക്കുകയോ പെരുമാറുകയോ ഇല്ല. അതുപോലെ ചില നടപടിക്രമങ്ങൾ പൂർത്തിയാക്കാനുള്ള ഒരു ചടങ്ങായിട്ടും അവർ ആ കൂടിവരവിനെ കാണില്ല. പകരം, 2 തിമൊഥെയൊസ് 2:24-26-ൽ (വായിക്കുക.) പറയുന്ന ഗുണങ്ങൾ അവർ കാണിക്കും. എപ്പോഴും ശാന്തതയോടെയും സൗമ്യതയോടെയും ദയയോടെയും ഇടപെട്ടുകൊണ്ട് തെറ്റുകാരന്റെ ഹൃദയത്തിൽ എത്തിച്ചേരാൻ അവർ നല്ല ശ്രമം ചെയ്യും.
പണ്ടുകാലത്തെ ഇടയന്മാരെപ്പോലെ, മൂപ്പന്മാർ കാണാതെപോയ ഒരു ആടിനെ കണ്ടെത്താൻ തങ്ങളെക്കൊണ്ട് ആകുന്നതെല്ലാം ചെയ്യുന്നു (5-ാം ഖണ്ഡിക കാണുക)
6. തെറ്റു ചെയ്ത വ്യക്തിയുമായി കൂടിക്കാണുന്നതിനു മുമ്പ് മൂപ്പന്മാർക്ക് എങ്ങനെ തങ്ങളുടെ ഹൃദയത്തെ ഒരുക്കാം? (റോമർ 2:4)
6 മൂപ്പന്മാർ തങ്ങളുടെ ഹൃദയത്തെ ഒരുക്കും. പൗലോസിന്റെ ഈ വാക്കുകൾ അവർ മനസ്സിൽപ്പിടിക്കും: ‘ദൈവം കനിവ് കാണിക്കുന്നതു നിന്നെ മാനസാന്തരത്തിലേക്കു നയിക്കാനാണ്.’ തെറ്റു ചെയ്ത വ്യക്തികളോട് യഹോവ എങ്ങനെയാണോ ഇടപെടുന്നത് അതേ വിധത്തിൽത്തന്നെ ഇടപെടാനായിരിക്കും മൂപ്പന്മാരും ശ്രമിക്കുക. (റോമർ 2:4 വായിക്കുക.) തങ്ങൾ ഇടയന്മാരാണെന്നും സഭയെ പരിപാലിക്കുമ്പോൾ ക്രിസ്തുവിന്റെ നിർദേശങ്ങൾ അനുസരിക്കുകയും ക്രിസ്തുവിനെ അനുകരിക്കുകയും വേണമെന്നും മൂപ്പന്മാർ ഓർക്കണം. (യശ. 11:3, 4; മത്താ. 18:18-20) തെറ്റു ചെയ്തയാളുമായി കൂടിവരുന്നതിനു മുമ്പ് കമ്മിറ്റിയിലെ മൂപ്പന്മാർ തങ്ങളുടെ ലക്ഷ്യത്തെക്കുറിച്ച് പ്രാർഥനാപൂർവം ചിന്തിക്കും. എന്താണ് ആ ലക്ഷ്യം? തെറ്റുകാരനെ മാനസാന്തരത്തിലേക്കു നയിക്കുക. യഹോവയുടെ കാഴ്ചപ്പാട് എന്താണെന്നു മനസ്സിലാക്കാൻ അവർ തിരുവെഴുത്തുകളിലും പ്രസിദ്ധീകരണങ്ങളിലും ഗവേഷണം ചെയ്യും. ആ വ്യക്തിയെയും ആ സാഹചര്യത്തെയും നന്നായി മനസ്സിലാക്കാനും വിവേചിക്കാനും ഉള്ള സഹായത്തിനായി മൂപ്പന്മാർ യഹോവയോടു പ്രാർഥിക്കും. ഒരു വ്യക്തിയെ തെറ്റായ ചിന്തകളിലേക്കും പ്രവർത്തനങ്ങളിലേക്കും നയിച്ചതിൽ അദ്ദേഹത്തിന്റെ പശ്ചാത്തലവും ജീവിതസാഹചര്യങ്ങളും ഒരു പങ്കുവഹിച്ചിരിക്കാം. അതിനെക്കുറിച്ച് തങ്ങൾക്ക് ഇപ്പോൾത്തന്നെ എന്തൊക്കെ അറിയാമെന്നും ഇനി എന്തൊക്കെ ചോദിച്ചറിയണമെന്നും മൂപ്പന്മാർ ചിന്തിക്കും.—സുഭാ. 20:5.
7-8. തെറ്റു ചെയ്ത ഒരു വ്യക്തിയുമായി കൂടിവരുമ്പോൾ മൂപ്പന്മാർക്ക് എങ്ങനെ യഹോവയുടെ ക്ഷമ അനുകരിക്കാം?
7 മൂപ്പന്മാർ യഹോവയുടെ ക്ഷമ അനുകരിക്കുന്നു. തെറ്റു ചെയ്ത വ്യക്തികളോട് യഹോവ എങ്ങനെയാണു മുൻകാലങ്ങളിൽ ഇടപെട്ടതെന്ന് അവർ ഓർക്കും. ഉദാഹരണത്തിന്, യഹോവ കയീനോടു ക്ഷമയോടെ ഇടപെട്ടു. മാറ്റം വരുത്തിയില്ലെങ്കിൽ എന്തു സംഭവിക്കുമെന്നും അനുസരിച്ചാൽ എന്ത് അനുഗ്രഹം ലഭിക്കുമെന്നും യഹോവ കയീനോടു പറഞ്ഞു. (ഉൽപ. 4:6, 7) ഇനി, ദാവീദിനു വേണ്ട ഉപദേശം നൽകാൻ യഹോവ നാഥാൻ പ്രവാചകനെ അയച്ചു. ദാവീദിനെ പശ്ചാത്താപത്തിലേക്കു നയിക്കാനായി നാഥാൻ ദാവീദിന്റെ ഹൃദയത്തെ തൊടുന്ന ഒരു ദൃഷ്ടാന്തം ഉപയോഗിച്ചു. (2 ശമു. 12:1-7) അതുപോലെ ഇസ്രായേൽ ജനത അനുസരണക്കേടു കാണിച്ചപ്പോൾ, യഹോവ “മുടങ്ങാതെ” തന്റെ പ്രവാചകന്മാരെ അവരുടെ “അടുത്തേക്ക് അയച്ചുകൊണ്ടിരുന്നു.” (യിരെ. 7:24, 25) തന്റെ ജനത്തെ സഹായിക്കാനായി അവർ മാനസാന്തരപ്പെടുന്നതുവരെ യഹോവ കാത്തിരുന്നില്ല. പകരം, മാനസാന്തരപ്പെടാൻ അവരോടു വീണ്ടുംവീണ്ടും ആവശ്യപ്പെട്ടുകൊണ്ട് യഹോവതന്നെ മുൻകൈയെടുത്തു.
8 ഗുരുതരമായ തെറ്റു ചെയ്ത ഒരാളെ സഹായിക്കാൻ ശ്രമിക്കുമ്പോൾ മൂപ്പന്മാർ യഹോവയുടെ ഈ മാതൃക അനുകരിക്കുന്നു. 2 തിമൊഥെയൊസ് 4:2 പറയുന്നതുപോലെ മൂപ്പന്മാർ “അങ്ങേയറ്റം ക്ഷമയോടെ” ആ വ്യക്തിയുമായി സംസാരിക്കുകയും ആ വ്യക്തിയെ ചിന്തിക്കാൻ സഹായിക്കുകയും ചെയ്യും. അങ്ങനെയുള്ള ഒരു മൂപ്പൻ തെറ്റുകാരന്റെ ഉള്ളിൽ ശരിയായതു ചെയ്യാനുള്ള ആഗ്രഹം നട്ടുവളർത്താൻ സഹായിക്കുന്നതിനു ശാന്തതയോടെയും ക്ഷമയോടെയും ഇടപെടും. എന്നാൽ മൂപ്പൻ ദേഷ്യപ്പെടുകയോ അസ്വസ്ഥനാകുകയോ ചെയ്താൽ ആ വ്യക്തിയുടെ ഉള്ളിൽ ഒരു അകൽച്ച വന്നേക്കാം, അദ്ദേഹം മാനസാന്തരത്തിലേക്കു വരാതിരുന്നേക്കാം.
9-10. തെറ്റിലേക്കു വീണുപോയത് എങ്ങനെയെന്നു മനസ്സിലാക്കാൻ ഒരു വ്യക്തിയെ മൂപ്പന്മാർക്ക് എങ്ങനെ സഹായിക്കാനാകും?
9 തെറ്റിലേക്കു നയിച്ച സാഹചര്യങ്ങൾ എന്തൊക്കെയാണെന്നു മനസ്സിലാക്കാൻ മൂപ്പന്മാർ ശ്രമിക്കും. ഉദാഹരണത്തിന്, വ്യക്തിപരമായ പഠനവും ശുശ്രൂഷയും അവഗണിച്ചതുകൊണ്ട് ആ വ്യക്തി പതിയെപ്പതിയെ ആത്മീയമായി ദുർബലനായിപ്പോയതാണോ? അദ്ദേഹത്തിന്റെ പ്രാർഥനകൾ കൂടെക്കൂടെ മുടങ്ങിപ്പോകാറുണ്ടായിരുന്നോ? അല്ലെങ്കിൽ ഒരു ചടങ്ങുപോലെയാണോ പ്രാർഥിച്ചിരുന്നത്? തെറ്റായ മോഹങ്ങൾ വന്നപ്പോൾ അതു ചെറുക്കുന്നതിനു പകരം അവയെക്കുറിച്ച് ചിന്തിച്ചുകൊണ്ടിരുന്നതാണോ തെറ്റിലേക്കു നയിച്ചത്? സുഹൃത്തുക്കളുടെയും വിനോദത്തിന്റെയും കാര്യത്തിൽ അദ്ദേഹം എടുത്ത തീരുമാനങ്ങൾ തെറ്റായിരുന്നോ? ആ തിരഞ്ഞെടുപ്പുകൾ അദ്ദേഹത്തിന്റെ ചിന്തകളെ എങ്ങനെയാണു സ്വാധീനിച്ചത്? തന്റെ തീരുമാനങ്ങളും പ്രവൃത്തികളും പിതാവായ യഹോവയെ എങ്ങനെയാണു ബാധിച്ചതെന്ന് അദ്ദേഹത്തിനു മനസ്സിലാകുന്നുണ്ടോ?
10 എങ്ങനെയാണ് ആത്മീയമായി ദുർബലനായിത്തീർന്ന് തെറ്റിലേക്കു വീണതെന്നു മനസ്സിലാക്കാൻ ആ വ്യക്തിയെ സഹായിക്കുന്ന ചോദ്യങ്ങൾ ചോദിക്കുക. (സുഭാ. 20:5) എന്നാൽ തെറ്റു ചെയ്തയാളുടെ വ്യക്തിപരമായ കാര്യങ്ങളിലേക്ക് ഒരുപാടു ചുഴിഞ്ഞിറങ്ങുന്ന തരത്തിലുള്ള ചോദ്യങ്ങൾ മൂപ്പന്മാർക്ക് ഒഴിവാക്കാം. നാഥാൻ പ്രവാചകൻ ദാവീദിനെ സഹായിക്കാനായി ഒരു ദൃഷ്ടാന്തം ഉപയോഗിച്ചു. അതുപോലെ തന്റെ പ്രവൃത്തികളെക്കുറിച്ച് ചിന്തിക്കാനും താൻ ചെയ്ത തെറ്റ് എന്താണെന്നു മനസ്സിലാക്കാനും തെറ്റുകാരനെ സഹായിക്കുന്ന രീതിയിലുള്ള ദൃഷ്ടാന്തങ്ങൾ മൂപ്പന്മാർക്ക് ഉപയോഗിക്കാനാകും. കമ്മിറ്റി ആദ്യം അദ്ദേഹവുമായി കൂടിക്കാണുന്ന സമയത്തുതന്നെ, ചെയ്ത തെറ്റിനെക്കുറിച്ച് ഒരുപക്ഷേ അദ്ദേഹത്തിനു ദുഃഖം തോന്നിത്തുടങ്ങിയേക്കാം. ചിലപ്പോൾ അദ്ദേഹം മാനസാന്തരത്തിലേക്കു വരുകപോലും ചെയ്തേക്കാം.
11. യേശു എങ്ങനെയാണു പാപികളോട് ഇടപെട്ടത്?
11 യേശുവിനെ അനുകരിക്കാൻ മൂപ്പന്മാർ നല്ല ശ്രമം ചെയ്യുന്നു. പുനരുത്ഥാനപ്പെട്ട യേശു തർസൊസിലെ ശൗലിനോടു സംസാരിച്ചപ്പോൾ ചിന്തിപ്പിക്കുന്ന ഒരു ചോദ്യം ചോദിച്ചു: “ശൗലേ, ശൗലേ, നീ എന്തിനാണ് എന്നെ ഉപദ്രവിക്കുന്നത്?” ശൗലിന്റെ തെറ്റ് എന്താണെന്നു മനസ്സിലാക്കാൻ യേശു അതുവഴി അദ്ദേഹത്തെ സഹായിച്ചു. (പ്രവൃ. 9:3-6) ‘ഇസബേൽ എന്ന സ്ത്രീയുടെ’ കാര്യത്തിൽ യേശു പറഞ്ഞു: “ഞാൻ അവൾക്കു പശ്ചാത്തപിക്കാൻ സമയം കൊടുത്തു.”—വെളി. 2:20, 21.
12-13. മാനസാന്തരപ്പെടാൻ തെറ്റുകാരനു സമയം കിട്ടുന്നതിനു മൂപ്പന്മാർ എന്തു ചെയ്തേക്കാം? (ചിത്രവും കാണുക.)
12 തെറ്റു ചെയ്ത വ്യക്തി മാനസാന്തരപ്പെടില്ലെന്നു മൂപ്പന്മാർ പെട്ടെന്നു നിഗമനം ചെയ്യില്ല. പകരം അവർ യേശുവിനെ അനുകരിക്കുന്നു. കമ്മിറ്റിയുമായി ആദ്യം കൂടിവരുമ്പോൾത്തന്നെ ചിലയാളുകൾ മാനസാന്തരത്തിലേക്കു വന്നേക്കാം. എന്നാൽ മറ്റു ചിലർക്കു കൂടുതൽ സമയം ആവശ്യമായിവരും. അതുകൊണ്ട് അത്തരം സാഹചര്യങ്ങളിൽ തെറ്റു ചെയ്ത വ്യക്തിയുമായി ഒന്നിലധികം തവണ കൂടിവരാൻ മൂപ്പന്മാർ ക്രമീകരണം ചെയ്തേക്കാം. ചിലപ്പോൾ ആദ്യത്തെ കൂടിവരവിനു ശേഷം കമ്മിറ്റിയിലെ മൂപ്പന്മാർ തന്നോടു പറഞ്ഞ കാര്യങ്ങളെക്കുറിച്ച് തെറ്റു ചെയ്ത വ്യക്തി ഗൗരവമായി ചിന്തിക്കാനിടയുണ്ട്. തന്റെ തെറ്റുകളുടെ ക്ഷമയ്ക്കായി അദ്ദേഹം യഹോവയോടു യാചിച്ചേക്കാം. (സങ്കീ. 32:5; 38:18) അതുകൊണ്ട് തുടർന്നുവരുന്ന ഏതെങ്കിലും ഒരു കൂടിവരവിൽ തെറ്റു ചെയ്ത വ്യക്തി, ആദ്യത്തെ കൂടിവരവിൽ കാണിച്ചതിൽനിന്ന് വ്യത്യസ്തമായ ഒരു മനോഭാവം കാണിച്ചേക്കാം.
13 തെറ്റുകാരനെ മാനസാന്തരത്തിലേക്കു നയിക്കുന്നതിനു മൂപ്പന്മാർ സഹാനുഭൂതിയും ദയയും കാണിക്കും. തങ്ങളുടെ ശ്രമങ്ങളെ അനുഗ്രഹിക്കണമെന്ന് അവർ യഹോവയോടു പ്രാർഥിക്കും. വഴിതെറ്റിപ്പോയ ക്രിസ്ത്യാനി സുബോധത്തിലേക്കു വരണമെന്നും മാനസാന്തരപ്പെടണമെന്നും തന്നെയാണു മൂപ്പന്മാരുടെ ആഗ്രഹം.—2 തിമൊ. 2:25, 26.
മാനസാന്തരപ്പെടാൻ സമയം കൊടുക്കുന്നതിനു മൂപ്പന്മാർ ഒന്നിലധികം തവണ തെറ്റുകാരനുമായി കൂടിവന്നേക്കാം (12-ാം ഖണ്ഡിക കാണുക)
14. ഒരു പാപി മാനസാന്തരപ്പെടുമ്പോൾ അതിനുള്ള ബഹുമതി ആർക്കാണ്, എന്തുകൊണ്ട്?
14 ഒരു പാപി മാനസാന്തരപ്പെടുമ്പോൾ അതു വലിയ സന്തോഷത്തിനുള്ള കാരണമാണ്! (ലൂക്കോ. 15:7, 10) അതിന്റെ ബഹുമതി ആർക്കുള്ളതാണ്? മൂപ്പന്മാർക്കാണോ? തെറ്റു ചെയ്യുന്നവരെക്കുറിച്ച് പൗലോസ് എന്താണു പറഞ്ഞതെന്ന് ഓർക്കുക: “ഒരുപക്ഷേ ദൈവം അവർക്കു മാനസാന്തരം നൽകിയെന്നു വരാം.” (2 തിമൊ. 2:25) ആ വാക്യത്തിന്റെ ഒരു പഠനക്കുറിപ്പ് (ഇംഗ്ലീഷ്) പറയുന്നത് ഇങ്ങനെയാണ്: “അത്തരത്തിൽ ചിന്താഗതിയിലോ മനോഭാവത്തിലോ ഉണ്ടായ മാറ്റത്തിന്റെ ബഹുമതി ഏതെങ്കിലും മനുഷ്യനല്ല, പകരം വഴിതെറ്റിയ ക്രിസ്ത്യാനിയെ ഈ ജീവത്പ്രധാനമായ മാറ്റം വരുത്താൻ സഹായിച്ച യഹോവയ്ക്കുള്ളതാണ്. അത്തരം മാനസാന്തരത്തിന്റെ മനോഹരമായ ചില ഫലങ്ങളെക്കുറിച്ച് പൗലോസ് തുടർന്നു പറയുന്നുണ്ട്. അത് ആ പാപിയെ സത്യത്തിന്റെ കൂടുതൽ സൂക്ഷ്മമായ അറിവിലേക്കു നയിക്കുന്നു. സുബോധത്തിലേക്കു തിരികെവരാൻ സഹായിക്കുന്നു. സാത്താന്റെ കെണികളിൽനിന്ന് രക്ഷപ്പെടാനും സഹായിക്കുന്നു.—2 തിമൊ. 2:26.”
15. മാനസാന്തരപ്പെട്ട തെറ്റുകാരനെ തുടർന്നും സഹായിക്കാൻ മൂപ്പന്മാർക്ക് എന്തു ചെയ്യാം?
15 തെറ്റു ചെയ്ത ഒരാൾ മാനസാന്തരപ്പെടുമ്പോൾ അദ്ദേഹത്തിന് ഇടയസന്ദർശനങ്ങൾ നടത്താൻ കമ്മിറ്റി ക്രമീകരണം ചെയ്യും. സാത്താന്റെ കെണികൾക്കെതിരെ പോരാടാനും തന്റെ പാദങ്ങൾക്കു നേരായ പാത ഒരുക്കാനും തെറ്റുകാരനെ തുടർന്നും സഹായിക്കുന്നതിനാണ് അങ്ങനെ ചെയ്യുന്നത്. (എബ്രാ. 12:12, 13) മൂപ്പന്മാരുടെ സംഘം ഒരിക്കലും ആ വ്യക്തി ചെയ്ത തെറ്റിനെക്കുറിച്ചുള്ള വിവരങ്ങൾ ആരോടും പറയില്ല. എന്നാൽ സഭ എന്തിനെക്കുറിച്ച് അറിയേണ്ടതുണ്ടായിരിക്കാം?
“എല്ലാവരുടെയും മുന്നിൽവെച്ച് ശാസിക്കുക”
16. 1 തിമൊഥെയൊസ് 5:20-ൽ പൗലോസ് ‘എല്ലാവരും’ എന്ന് പറഞ്ഞപ്പോൾ ആരെയാണ് ഉദ്ദേശിച്ചത്?
16 1 തിമൊഥെയൊസ് 5:20 വായിക്കുക. ‘പാപത്തിൽ നടക്കുന്നവരുടെ’ കാര്യത്തിൽ എന്തു ചെയ്യണമെന്നു പറയാൻ പൗലോസ് തന്റെ സഹമൂപ്പനായ തിമൊഥെയൊസിന് എഴുതിയ വാക്കുകളാണ് ഇത്. അതിലൂടെ പൗലോസ് എന്താണ് ഉദ്ദേശിച്ചത്? ‘എല്ലാവരുടെയും മുന്നിൽവെച്ച് ശാസിക്കണം’ എന്നു പറഞ്ഞപ്പോൾ മുഴുസഭയുടെയും മുമ്പാകെ തെറ്റുകാരനെ ശാസിക്കണമെന്നാണോ? എല്ലായ്പോഴും അങ്ങനെയായിരിക്കണമെന്നില്ല. ആ തെറ്റിനെക്കുറിച്ച് അറിയാവുന്ന ആളുകളെയാണു പൗലോസ് ഇവിടെ ഉദ്ദേശിച്ചത്. അതു ചിലപ്പോൾ സംഭവം നേരിൽ കണ്ടവരാകാം. അല്ലെങ്കിൽ തെറ്റുകാരൻ തന്റെ പാപത്തെക്കുറിച്ച് വെളിപ്പെടുത്തിയ ആളുകളാകാം. ഇങ്ങനെ തെറ്റിനെക്കുറിച്ച് ചുരുക്കം ചിലർ മാത്രം അറിഞ്ഞ സാഹചര്യങ്ങളിൽ, തങ്ങൾ ആ കേസ് കൈകാര്യം ചെയ്തിട്ടുണ്ടെന്നും തെറ്റുകാരനു വേണ്ട തിരുത്തൽ കൊടുത്തിട്ടുണ്ടെന്നും മൂപ്പന്മാർ അവരെ മാത്രം അറിയിക്കും.
17. ഗുരുതരമായ ഒരു തെറ്റിനെക്കുറിച്ച് സഭയിൽ പരക്കെ അറിഞ്ഞിട്ടുണ്ടെങ്കിൽ അല്ലെങ്കിൽ അറിയാൻ സാധ്യതയുണ്ടെങ്കിൽ എന്ത് അറിയിപ്പ് നടത്തും, എന്തുകൊണ്ട്?
17 ചില സാഹചര്യങ്ങളിൽ തെറ്റിനെക്കുറിച്ച് സഭയിൽ പരക്കെ അറിഞ്ഞിട്ടുണ്ടാകും. അല്ലെങ്കിൽ പിന്നീട് അറിയാൻ സാധ്യതയുണ്ടായിരിക്കും. അത്തരമൊരു സാഹചര്യത്തിൽ ‘എല്ലാവരും’ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നതു മുഴുസഭയെയുമാണ്. അപ്പോൾ ആ സഹോദരനെ അല്ലെങ്കിൽ സഹോദരിയെ ശാസിച്ചിരിക്കുന്നതായി ഒരു മൂപ്പൻ സഭയിൽ അറിയിപ്പു നടത്തും. എന്തിന്? പൗലോസ് പറയുന്നു: ‘മറ്റുള്ളവർക്ക് ഒരു പാഠമാകാൻ,’ അവരും പാപത്തിലേക്കു വീഴാതിരിക്കാൻ.
18. ഗുരുതരമായ തെറ്റു ചെയ്തത് പ്രായപൂർത്തിയാകാത്ത, സ്നാനമേറ്റ ഒരു കുട്ടിയാണെങ്കിൽ മൂപ്പന്മാർ എന്തു ചെയ്യും? (ചിത്രവും കാണുക.)
18 ഗുരുതരമായ പാപം ചെയ്തിരിക്കുന്നത് പ്രായപൂർത്തിയാകാത്ത, സ്നാനമേറ്റ ഒരാളാണെങ്കിലോ? അങ്ങനെ ഒരു സാഹചര്യത്തിൽ മൂപ്പന്മാരുടെ സംഘം രണ്ടു മൂപ്പന്മാരെ നിയമിക്കും. അവർ ആ കുട്ടിയുടെ ക്രിസ്തീയ മാതാപിതാക്കളോടൊപ്പംb ആ കുട്ടിയുമായി കൂടിവരും. കുട്ടിയെ മാനസാന്തരത്തിലേക്കു നയിക്കാൻ മാതാപിതാക്കൾ ഇതിനോടകം എന്തെല്ലാം ചെയ്തിട്ടുണ്ടെന്നു മൂപ്പന്മാർ ചോദിച്ചറിയും. മാതാപിതാക്കൾ കൊടുക്കുന്ന സഹായം സ്വീകരിച്ചുകൊണ്ട് ചിന്തയിലും പെരുമാറ്റത്തിലും വേണ്ട മാറ്റങ്ങൾ വരുത്താൻ അവൻ തയ്യാറാകുന്നെങ്കിൽ ഒരു കമ്മിറ്റി രൂപീകരിക്കേണ്ടതില്ലെന്ന് ആ രണ്ടു മൂപ്പന്മാർ തീരുമാനിച്ചേക്കാം. മക്കൾക്കു സ്നേഹത്തോടെ തിരുത്തൽ നൽകാനുള്ള ഉത്തരവാദിത്വം ദൈവം നൽകിയിരിക്കുന്നതു മാതാപിതാക്കൾക്കാണല്ലോ. (ആവ. 6:6, 7; സുഭാ. 6:20; 22:6; എഫെ. 6:2-4) കുട്ടിക്ക് ആവശ്യമായ സഹായം കിട്ടുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ മൂപ്പന്മാർ ഇടയ്ക്കിടെ മാതാപിതാക്കളോടു സംസാരിക്കും. എന്നാൽ സ്നാനമേറ്റ, പ്രായപൂർത്തിയാകാത്ത ഒരു കുട്ടി, മാനസാന്തരമില്ലാതെ തെറ്റായ കാര്യങ്ങൾ ചെയ്യുന്നതിൽ തുടരുന്നെങ്കിലോ? അപ്പോൾ മൂപ്പന്മാരുടെ ഒരു കമ്മിറ്റി ക്രിസ്തീയ മാതാപിതാക്കളുടെ സാന്നിധ്യത്തിൽ അവനുമായി കൂടിക്കാണും.
പ്രായപൂർത്തിയാകാത്ത ഒരു കുട്ടി ഗുരുതരമായ ഒരു തെറ്റു ചെയ്യുമ്പോൾ രണ്ടു മൂപ്പന്മാർ മാതാപിതാക്കളോടൊപ്പം അവനുമായി കൂടിവരും (18-ാം ഖണ്ഡിക കാണുക)
“യഹോവ വാത്സല്യവും കരുണയും നിറഞ്ഞ ദൈവം”
19. തെറ്റു ചെയ്തവരുമായി ഇടപെടുമ്പോൾ മൂപ്പന്മാർക്ക് എങ്ങനെ യഹോവയെ അനുകരിക്കാം?
19 കമ്മിറ്റികളിൽ സേവിക്കുന്ന മൂപ്പന്മാർക്കു സഭയെ ശുദ്ധമായി സൂക്ഷിക്കാനുള്ള ഒരു ഉത്തരവാദിത്വം ദൈവമുമ്പാകെയുണ്ട്. (1 കൊരി. 5:7) അതേസമയം കഴിയുമെങ്കിൽ, തെറ്റു ചെയ്തവരെ മാനസാന്തരത്തിലേക്കു നയിക്കാനും അവർ ആഗ്രഹിക്കുന്നു. അതുകൊണ്ട് ആ വ്യക്തിയെ സഹായിക്കാൻ ശ്രമിക്കുമ്പോൾ അദ്ദേഹം മാറ്റങ്ങൾ വരുത്തുമെന്ന പ്രതീക്ഷയോടെതന്നെയാണു മൂപ്പന്മാർ അതു ചെയ്യുന്നത്. ‘വാത്സല്യവും കരുണയും നിറഞ്ഞ ദൈവമായ’ യഹോവയെ അനുകരിക്കാനാണ് അവർ ആഗ്രഹിക്കുന്നത്. (യാക്കോ. 5:11) അപ്പോസ്തലനായ യോഹന്നാൻ അത്തരമൊരു മനോഭാവമാണു കാണിച്ചത്. അദ്ദേഹം എഴുതി: “എന്റെ കുഞ്ഞുങ്ങളേ, നിങ്ങൾ പാപം ചെയ്യാതിരിക്കാനാണു ഞാൻ ഇക്കാര്യങ്ങൾ നിങ്ങൾക്ക് എഴുതുന്നത്. എന്നാൽ ആരെങ്കിലും ഒരു പാപം ചെയ്തുപോയാൽ പിതാവിന്റെ അടുത്ത് നമുക്കൊരു സഹായിയുണ്ട്, നീതിമാനായ യേശുക്രിസ്തു.”—1 യോഹ. 2:1.
20. ഈ പരമ്പരയിലെ അവസാനലേഖനത്തിൽ നമ്മൾ എന്താണു പഠിക്കാൻപോകുന്നത്?
20 എന്നാൽ ഒരു ക്രിസ്ത്യാനി മാനസാന്തരപ്പെടാൻ തയ്യാറാകുന്നില്ലെങ്കിലോ? അയാളെ സഭയിൽനിന്ന് നീക്കം ചെയ്യണം. അത്തരം സാഹചര്യങ്ങൾ മൂപ്പന്മാർ എങ്ങനെ കൈകാര്യം ചെയ്യും? ഈ പരമ്പരയിലെ അവസാനലേഖനത്തിൽ നമ്മൾ അതു പഠിക്കും.
ഗീതം 103 ഇടയന്മാർ—ദൈവത്തിൽനിന്നുള്ള സമ്മാനം
a മുമ്പ് നമ്മൾ ഇതിനെ നീതിന്യായക്കമ്മിറ്റി എന്നാണു വിളിച്ചിരുന്നത്. പക്ഷേ ന്യായംവിധിക്കുക എന്നത് ഈ കമ്മിറ്റി ചെയ്യുന്ന കാര്യങ്ങളുടെ ഒരു വശം മാത്രമാണ്. അതുകൊണ്ട് ഇനിമുതൽ നീതിന്യായക്കമ്മിറ്റി എന്ന പദപ്രയോഗം നമ്മൾ ഉപയോഗിക്കുന്നതല്ല. പകരം മൂപ്പന്മാരുടെ ഒരു കമ്മിറ്റി എന്നു മാത്രമേ പറയുകയുള്ളൂ.
b ഇവിടെ മാതാപിതാക്കളെക്കുറിച്ചാണു പറഞ്ഞിരിക്കുന്നതെങ്കിലും ഇക്കാര്യങ്ങൾ രക്ഷാകർത്താക്കൾക്കും മാതാപിതാക്കളുടെ സ്ഥാനത്ത് നിന്ന് ആ കുട്ടിയെ പരിപാലിക്കുന്ന മറ്റുള്ളവർക്കും ബാധകമാണ്.