പഠനലേഖനം 33
ഗീതം 130 ക്ഷമിക്കുന്നവരായിരിക്കുക
പാപം ചെയ്തവരെ യഹോവ കാണുന്നതുപോലെ കാണുക
‘ആരെങ്കിലും ഒരു പാപം ചെയ്തുപോയാൽ നമുക്കൊരു സഹായിയുണ്ട്.’—1 യോഹ. 2:1.
ഉദ്ദേശ്യം
ഒന്നാം നൂറ്റാണ്ടിലെ കൊരിന്തുസഭയിൽ ഗുരുതരമായ ഒരു ദുഷ്പ്രവൃത്തി കൈകാര്യം ചെയ്ത വിധത്തിൽനിന്ന് നമുക്ക് എന്തു പഠിക്കാം?
1. എല്ലാവരുടെയും കാര്യത്തിൽ യഹോവ എന്താണ് ആഗ്രഹിക്കുന്നത്?
സ്വന്തമായി തിരഞ്ഞെടുപ്പുകൾ നടത്താനുള്ള സ്വാതന്ത്ര്യത്തോടെയാണ് യഹോവ മനുഷ്യനെ സൃഷ്ടിച്ചത്. തീരുമാനങ്ങളെടുക്കുമ്പോൾ നിങ്ങൾ എപ്പോഴും ആ കഴിവ് ഉപയോഗിക്കുന്നുമുണ്ട്. ഒരു വ്യക്തിക്ക് എടുക്കാൻ കഴിയുന്ന ഏറ്റവും പ്രധാനപ്പെട്ട തീരുമാനം യഹോവയ്ക്കു തന്നെത്തന്നെ സമർപ്പിക്കുന്നതും യഹോവയുടെ ആരാധകരുടെ കുടുംബത്തിന്റെ ഭാഗമാകുന്നതും ആണ്. എല്ലാവരും അങ്ങനെ ചെയ്യണമെന്നാണ് യഹോവ ആഗ്രഹിക്കുന്നത്. എന്തുകൊണ്ട്? കാരണം യഹോവ ആളുകളെ സ്നേഹിക്കുന്നു. അവർക്ക് ഏറ്റവും നല്ലതു വരാൻ ആഗ്രഹിക്കുന്നു. ആളുകൾ തന്റെ സുഹൃത്തുക്കളായിരിക്കണമെന്നും ഭൂമിയിൽ എന്നും ജീവിച്ചിരിക്കണമെന്നും ആണ് യഹോവയുടെ ഇഷ്ടം.—ആവ. 30:19, 20; ഗലാ. 6:7, 8.
2. മാനസാന്തരപ്പെട്ടിട്ടില്ലാത്ത ദുഷ്പ്രവൃത്തിക്കാരെക്കുറിച്ചുപോലും യഹോവ എന്താണ് ആഗ്രഹിക്കുന്നത്? (1 യോഹന്നാൻ 2:1)
2 എന്നാൽ തന്നെ സേവിക്കാൻ യഹോവ ആരെയും നിർബന്ധിക്കുന്നില്ല. എന്തു ചെയ്യണമെന്നു തീരുമാനിക്കാനുള്ള അവകാശം യഹോവ ഓരോ വ്യക്തിക്കും കൊടുത്തിരിക്കുന്നു. അങ്ങനെയെങ്കിൽ സ്നാനമേറ്റ ഒരു ക്രിസ്ത്യാനി ദൈവത്തിന്റെ നിയമം ലംഘിച്ച് ഗുരുതരമായ ഒരു പാപം ചെയ്യുന്നെങ്കിലോ? പശ്ചാത്തപിക്കുന്നില്ലെങ്കിൽ ആ വ്യക്തിയെ സഭയിൽനിന്ന് നീക്കം ചെയ്യണം. (1 കൊരി. 5:13) അപ്പോൾപ്പോലും തെറ്റു ചെയ്ത വ്യക്തി തന്നിലേക്കു മടങ്ങിവരണമെന്നുതന്നെയാണ് യഹോവ ആത്മാർഥമായി ആഗ്രഹിക്കുന്നത്. ശരിക്കും പറഞ്ഞാൽ യഹോവ മോചനവില ഏർപ്പെടുത്തിയതിന്റെ ഒരു പ്രധാനകാരണം പശ്ചാത്തപിക്കുന്ന പാപികളോടു ക്ഷമിക്കുക എന്നതാണ്. (1 യോഹന്നാൻ 2:1 വായിക്കുക.) തെറ്റു ചെയ്ത വ്യക്തികളോടു നമ്മുടെ സ്നേഹവാനായ ദൈവം പറയുന്നതു മാനസാന്തരപ്പെട്ട് തിരിഞ്ഞുവരാനാണ്.—സെഖ. 1:3; റോമ. 2:4; യാക്കോ. 4:8.
3. ഈ ലേഖനത്തിൽ നമ്മൾ എന്താണു ചർച്ച ചെയ്യാൻ പോകുന്നത്?
3 തെറ്റിനോടും തെറ്റു ചെയ്തവരോടും യഹോവയ്ക്കുള്ള അതേ മനോഭാവംതന്നെ നമുക്കും ഉണ്ടായിരിക്കാനാണ് യഹോവ ആഗ്രഹിക്കുന്നത്. അത് എങ്ങനെ സാധിക്കുമെന്ന് ഈ ലേഖനത്തിൽ നമ്മൾ പഠിക്കും. ഈ ലേഖനം പഠിക്കുമ്പോൾ പിൻവരുന്ന കാര്യങ്ങൾ നമ്മൾ മനസ്സിലാക്കും: (1) ഒന്നാം നൂറ്റാണ്ടിലെ കൊരിന്തുസഭയിൽ സംഭവിച്ച ഗുരുതരമായ ഒരു തെറ്റ് എങ്ങനെയാണു കൈകാര്യം ചെയ്തത്? (2) തെറ്റു ചെയ്ത വ്യക്തി മാനസാന്തരപ്പെട്ടപ്പോൾ എന്തു ചെയ്യാനാണ് അപ്പോസ്തലനായ പൗലോസ് പറഞ്ഞത്? (3) ഗുരുതരമായ തെറ്റു ചെയ്ത ക്രിസ്ത്യാനികളോടുള്ള യഹോവയുടെ മനോഭാവത്തെക്കുറിച്ച് ഈ ബൈബിൾവിവരണം നമ്മളെ എന്താണു പഠിപ്പിക്കുന്നത്?
ഒന്നാം നൂറ്റാണ്ടിൽ ഗുരുതരമായ ഒരു തെറ്റു കൈകാര്യം ചെയ്തത് എങ്ങനെയാണ്?
4. ഒന്നാം നൂറ്റാണ്ടിലെ കൊരിന്തുസഭയിൽ എന്താണു സംഭവിച്ചത്? (1 കൊരിന്ത്യർ 5:1, 2)
4 1 കൊരിന്ത്യർ 5:1, 2 വായിക്കുക. പൗലോസ് തന്റെ മൂന്നാമത്തെ മിഷനറി യാത്രയ്ക്കിടെ കൊരിന്തിൽ പുതുതായി രൂപംകൊണ്ട സഭയെക്കുറിച്ച് വേദനിപ്പിക്കുന്ന ഒരു വാർത്ത കേട്ടു: ആ സഭയിലെ ഒരു സഹോദരൻ തന്റെ രണ്ടാനമ്മയുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നു. തീർത്തും മോശമായ ഒരു പ്രവൃത്തിയായിരുന്നു അത്, ജനതകളുടെ ഇടയിൽപ്പോലും ഇല്ലാത്ത തരം പാപം. അത്തരം പ്രവൃത്തി സഭ അനുവദിച്ചുകൊടുത്തു; ആ വ്യക്തി സഭയിൽ തുടരുന്നതിന് അവർക്ക് ഒരു കുഴപ്പവും തോന്നിയില്ല. ഒരുപക്ഷേ സഭയിലെ ചിലർ ചിന്തിച്ചതു തങ്ങൾ യഹോവയെപ്പോലെ കരുണ കാണിക്കുകയാണെന്നാണ്. പക്ഷേ തന്റെ ജനത്തിനിടയിൽ യഹോവ ഒരിക്കലും ദുഷ്പ്രവൃത്തി വെച്ചുപൊറുപ്പിക്കില്ല. ധിക്കാരം നിറഞ്ഞ ആ പ്രവൃത്തിയിലൂടെ അയാൾ യഥാർഥത്തിൽ സഭയുടെ സത്പേര് കളഞ്ഞുകുളിക്കുകയായിരുന്നു. അയാൾ സഭയിൽ തുടർന്നിരുന്നെങ്കിൽ അയാളുമായുള്ള സഹവാസം മറ്റു ക്രിസ്ത്യാനികളെ സ്വാധീനിക്കുകയും ചെയ്യുമായിരുന്നു. അതുകൊണ്ട് ഇപ്പോൾ എന്തു ചെയ്യാനാണു പൗലോസ് സഭയോടു പറയുന്നത്?
5. പൗലോസ് സഭയോട് എന്തു ചെയ്യാനാണു പറഞ്ഞത്, പൗലോസ് എന്താണ് ഉദ്ദേശിച്ചത്? (1 കൊരിന്ത്യർ 5:13) (ചിത്രവും കാണുക.)
5 1 കൊരിന്ത്യർ 5:13 വായിക്കുക. ദൈവത്താൽ പ്രചോദിതനായി പൗലോസ് കൊരിന്തുസഭയ്ക്ക് ഒരു കത്ത് എഴുതി. ആ കത്തിൽ, മാനസാന്തരമില്ലാത്ത പാപിയെ സഭയിൽനിന്ന് നീക്കിക്കളയാൻ പറഞ്ഞിരുന്നു. വിശ്വസ്തരായ ക്രിസ്ത്യാനികൾ തുടർന്ന് അയാളോട് എങ്ങനെ ഇടപെടണമായിരുന്നു? അയാളുമായുള്ള ‘കൂട്ടുകെട്ട് ഉപേക്ഷിക്കാൻ’ പൗലോസ് അവരോടു പറഞ്ഞു. അതിലൂടെ എന്താണ് ഉദ്ദേശിച്ചത്? ‘അയാളുടെകൂടെ ഭക്ഷണം കഴിക്കുന്നതുപോലും’ അതിൽ ഉൾപ്പെടുന്നെന്നു പൗലോസ് തുടർന്ന് പറഞ്ഞു. (1 കൊരി. 5:11) ഒരു വ്യക്തിയുടെകൂടെ ഭക്ഷണത്തിന് ഇരുന്നാൽ അയാളുമായി കൂടുതൽ സമയം ചെലവഴിക്കാനും സംസാരിക്കാനും ഒക്കെ സാധ്യതയുണ്ട്. അതുകൊണ്ട് വ്യക്തമായും പൗലോസ് ഉദ്ദേശിച്ചതു സഭയിലെ സഹോദരങ്ങൾ ആ വ്യക്തിയുമായി ഇടപഴകരുത് എന്നാണ്. അത് അയാളുടെ ദുഷിപ്പിക്കുന്ന സ്വാധീനത്തിൽനിന്ന് സഭയെ സംരക്ഷിക്കുമായിരുന്നു. (1 കൊരി. 5:5-7) ഇനി, ആ വ്യക്തിയുമായി ഇടപഴകാതിരുന്നാൽ താൻ യഹോവയുടെ വഴികളിൽനിന്ന് എത്രമാത്രം അകന്നുപോയെന്ന് അയാൾ തിരിച്ചറിഞ്ഞേക്കാം. അങ്ങനെ ആ വ്യക്തിക്കു ലജ്ജ തോന്നാനും പശ്ചാത്തപിച്ച് തിരിച്ചുവരാനും സാധ്യതയുണ്ടായിരുന്നു.
ദൈവത്താൽ പ്രചോദിതനായി, പശ്ചാത്താപമില്ലാത്ത പാപിയെ സഭയിൽനിന്ന് നീക്കം ചെയ്യാൻ പറഞ്ഞുകൊണ്ട് പൗലോസ് ഒരു കത്ത് എഴുതി (5-ാം ഖണ്ഡിക കാണുക)
6. പൗലോസിന്റെ കത്ത് സഭയെയും തെറ്റു ചെയ്ത വ്യക്തിയെയും എങ്ങനെ സ്വാധീനിച്ചു?
6 കൊരിന്തിലെ ക്രിസ്ത്യാനികൾക്കു കത്ത് അയച്ചശേഷം അവർ അതിനോട് എങ്ങനെ പ്രതികരിച്ചെന്ന് അറിയാൻ പൗലോസിന് ആകാംക്ഷയുണ്ടായിരുന്നു. കുറച്ച് നാൾ കഴിഞ്ഞ് തീത്തോസ് നല്ല വാർത്തയുമായി പൗലോസിന്റെ അടുത്തെത്തി. പൗലോസിന്റെ കത്തിലെ നിർദേശങ്ങളനുസരിച്ച് അവർ തെറ്റുകാരനെ സഭയിൽനിന്ന് നീക്കം ചെയ്തിരുന്നു. (2 കൊരി. 7:6, 7) അതു മാത്രമല്ല, പൗലോസ് കത്ത് അയച്ച് കുറച്ച് മാസങ്ങൾക്കുള്ളിൽ തെറ്റുകാരനു തന്റെ തെറ്റിനെക്കുറിച്ച് ഓർത്ത് പശ്ചാത്താപം തോന്നി. അദ്ദേഹം തന്റെ പ്രവൃത്തികൾക്കും മനോഭാവത്തിനും മാറ്റം വരുത്തുകയും യഹോവയുടെ നീതിയുള്ള നിലവാരങ്ങൾക്കു ചേർച്ചയിൽ ജീവിക്കാൻതുടങ്ങുകയും ചെയ്തു. (2 കൊരി. 7:8-11) ഇപ്പോൾ പൗലോസിനു സഭയോട് എന്താണു പറയാനുള്ളത്?
മാനസാന്തരപ്പെട്ട പാപിയോടു സഭ എങ്ങനെയാണ് ഇടപെടേണ്ടിയിരുന്നത്?
7. തെറ്റുകാരനെ സഭയിൽനിന്ന് നീക്കം ചെയ്തതുകൊണ്ട് എന്തു നല്ല ഫലമുണ്ടായി? (2 കൊരിന്ത്യർ 2:5-8)
7 2 കൊരിന്ത്യർ 2:5-8 വായിക്കുക. “നിങ്ങളിൽ ഭൂരിപക്ഷം പേരിൽനിന്നും കിട്ടിയ ശകാരംതന്നെ അയാൾക്കു ധാരാളം” ആണെന്നു പൗലോസ് എഴുതി. മറ്റു വാക്കുകളിൽ പറഞ്ഞാൽ, എന്തിനാണോ അയാൾക്കു ശിക്ഷണം കൊടുത്തത് ആ ഉദ്ദേശ്യം നടന്നു. എന്തായിരുന്നു ഉദ്ദേശ്യം? അയാളെ മാനസാന്തരത്തിലേക്കു നയിക്കുക.—എബ്രാ. 12:11.
8. അടുത്തതായി എന്തു ചെയ്യാനാണു പൗലോസ് സഭയോടു പറഞ്ഞത്?
8 അതുകൊണ്ട് പൗലോസ് കൊരിന്തുസഭയോട് ഇങ്ങനെ പറഞ്ഞു: “നിങ്ങൾ ദയയോടെ അയാളോടു ക്ഷമിക്കുകയും അയാളെ ആശ്വസിപ്പിക്കുകയും” ‘അയാളോടുള്ള നിങ്ങളുടെ സ്നേഹത്തിന് ഉറപ്പു കൊടുക്കുകയും വേണം.’ വീണ്ടും സഭയോടൊത്ത് സഹവസിക്കാൻ അയാൾക്ക് അനുവാദം കൊടുക്കുക മാത്രമായിരുന്നില്ല മൂപ്പന്മാർ ചെയ്യേണ്ടിയിരുന്നത്. തങ്ങളുടെ വാക്കുകളിലൂടെയും പെരുമാറ്റത്തിലൂടെയും പ്രവൃത്തികളിലൂടെയും അയാളോടു ശരിക്കും ക്ഷമിച്ചെന്നും അയാളെ സ്നേഹിക്കുന്നുണ്ടെന്നും അവർ ഉറപ്പു കൊടുക്കുകയും വേണമായിരുന്നു. അയാൾ സഭയിലേക്കു മടങ്ങിവന്നതിൽ തങ്ങൾക്കു സന്തോഷമുണ്ടെന്ന് അവർ അതിലൂടെ കാണിക്കുമായിരുന്നു.
9. മാനസാന്തരപ്പെട്ട പാപിയോടു ക്ഷമിക്കാൻ സഭയിലുള്ള ചിലർ മടി കാണിച്ചിരിക്കാവുന്നത് എന്തുകൊണ്ട്?
9 സഭയിലെ ചിലർക്കെങ്കിലും മാനസാന്തരപ്പെട്ട പാപിയെ സഭയിലേക്കു സന്തോഷത്തോടെ തിരികെ സ്വാഗതം ചെയ്യാൻ ബുദ്ധിമുട്ടു തോന്നിക്കാണുമോ? ബൈബിൾ അതെക്കുറിച്ചൊന്നും പറയുന്നില്ലെങ്കിലും അതിനു സാധ്യതയുണ്ട്. കാരണം അയാളുടെ പ്രവൃത്തികൾ മൊത്തത്തിൽ സഭയ്ക്കു ബുദ്ധിമുട്ടുണ്ടാക്കി. ഇനി, ചിലർക്ക് അയാളുടെ തെറ്റുകൊണ്ട് നാണക്കേടും ഉണ്ടായിട്ടുണ്ടാകാം. വേറെ ചിലർ ഇങ്ങനെ ചിന്തിച്ചുകാണും: ‘ഞങ്ങളൊക്കെ വളരെയധികം ശ്രമം ചെയ്താണു ധാർമികമായി ശുദ്ധരായി നിൽക്കുന്നത്. അങ്ങനെയുള്ളപ്പോൾ ഇത്ര ഗുരുതരമായ തെറ്റു ചെയ്ത ഒരാളെ വീണ്ടും സഭയുടെ ഭാഗമാകാൻ അനുവദിക്കുന്നത് ഒട്ടും ന്യായമല്ല.’ (ലൂക്കോസ് 15:28-30 താരതമ്യം ചെയ്യുക.) എങ്കിലും ആ സഹോദരനോടു സഭയിലുള്ളവർ ആത്മാർഥമായ സ്നേഹം കാണിക്കേണ്ടതു പ്രധാനമായിരുന്നത് എന്തുകൊണ്ടാണ്?
10-11. മാനസാന്തരപ്പെടുന്ന പാപിയോടു മൂപ്പന്മാർ ക്ഷമിച്ചില്ലായിരുന്നെങ്കിൽ എന്തു സംഭവിച്ചേനേ?
10 മാനസാന്തരപ്പെട്ടിട്ടും മൂപ്പന്മാർ ആ വ്യക്തിയെ സഭയിലേക്കു മടങ്ങിവരാൻ അനുവദിച്ചില്ലായിരുന്നെന്നു വിചാരിക്കുക. അല്ലെങ്കിൽ അദ്ദേഹം മടങ്ങിവന്നിട്ടും സഹോദരങ്ങൾ അദ്ദേഹത്തോടു സ്നേഹം കാണിച്ചില്ലെന്നു കരുതുക. എന്തു സംഭവിക്കുമായിരുന്നു? ‘അദ്ദേഹം കടുത്ത ദുഃഖത്തിൽ ആണ്ടുപോകാൻ ഇടയുണ്ടായിരുന്നു.’ തനിക്ക് ഇനി പ്രതീക്ഷയ്ക്ക് യാതൊരു വകയുമില്ലെന്ന് അദ്ദേഹത്തിനു തോന്നിപ്പോയേനേ. യഹോവയുമായുള്ള ബന്ധം നേരെയാക്കാൻ കഴിയില്ലെന്നു ചിന്തിച്ച് അതിനുള്ള ശ്രമങ്ങൾപോലും അദ്ദേഹം നിറുത്തിക്കളയാൻ സാധ്യതയുണ്ടായിരുന്നു.
11 ഇനി, മാനസാന്തരപ്പെട്ട പാപിയോടു ക്ഷമിക്കാൻ സഹോദരങ്ങൾ തയ്യാറായില്ലായിരുന്നെങ്കിൽ, അവർ യഹോവയുമായുള്ള തങ്ങളുടെതന്നെ ബന്ധം അപകടത്തിലാക്കിയേനേ. കാരണം അങ്ങനെ ചെയ്യുമ്പോൾ അവർ അനുകരിക്കുന്നതു മാനസാന്തരപ്പെട്ട പാപികളോടു ക്ഷമിക്കുന്ന യഹോവയെയല്ല, പകരം കരുണയില്ലാത്ത സാത്താനെയാണെന്നു വരുമായിരുന്നു. അവർ ശരിക്കും ആ മനുഷ്യനെ ആത്മീയമായി തകർത്തുകളയാനുള്ള സാത്താന്റെ കൈയിലെ ഉപകരണങ്ങളായി പ്രവർത്തിക്കുകയായിരുന്നേനേ.—2 കൊരി. 2:10, 11; എഫെ. 4:27.
12. കൊരിന്തിലെ സഭയിലുള്ളവർക്ക് എങ്ങനെ യഹോവയെ അനുകരിക്കാനാകുമായിരുന്നു?
12 അങ്ങനെയെങ്കിൽ കൊരിന്തിലെ സഹോദരങ്ങൾക്കു തങ്ങൾ സാത്താനെയല്ല യഹോവയെയാണ് അനുകരിക്കുന്നതെന്ന് എങ്ങനെ കാണിക്കാമായിരുന്നു? മാനസാന്തരപ്പെട്ട പാപികളോട് യഹോവ ഇടപെടുന്നതുപോലെ ഇടപെട്ടുകൊണ്ട്. യഹോവയെക്കുറിച്ച് ചില ബൈബിൾ എഴുത്തുകാർ എന്താണു പറഞ്ഞതെന്നു നോക്കുക: ‘യഹോവ നല്ലവനും ക്ഷമിക്കാൻ സന്നദ്ധനും ആണ്’ എന്ന് ദാവീദ് പറഞ്ഞു. (സങ്കീ. 86:5) മീഖ എഴുതി: ‘അങ്ങയെപ്പോലെ വേറൊരു ദൈവമുണ്ടോ? അങ്ങു തെറ്റുകൾ ക്ഷമിക്കുകയും ലംഘനങ്ങൾ പൊറുക്കുകയും ചെയ്യുന്നു.’ (മീഖ 7:18) ഇനി, യശയ്യയുടെ വാക്കുകൾ ശ്രദ്ധിക്കുക: “ദുഷ്ടൻ തന്റെ വഴി വിട്ടുമാറട്ടെ. ദ്രോഹി തന്റെ ചിന്തകൾ ഉപേക്ഷിക്കട്ടെ. അവൻ യഹോവയിലേക്കു തിരികെ വരട്ടെ; ദൈവം അവനോടു കരുണ കാണിക്കും, നമ്മുടെ ദൈവത്തിലേക്കു മടങ്ങിവരട്ടെ; ദൈവം അവനോട് ഉദാരമായി ക്ഷമിക്കും.”—യശ. 55:7.
13. മാനസാന്തരപ്പെട്ട പാപിയെ പുനഃസ്ഥിതീകരിക്കുന്ന കാര്യം വൈകിപ്പിക്കേണ്ടതില്ലായിരുന്നത് എന്തുകൊണ്ട്? (“എപ്പോഴാണു കൊരിന്തിലെ ആ വ്യക്തി പുനഃസ്ഥിതീകരിക്കപ്പെട്ടത്?” എന്ന ചതുരം കാണുക.)
13 യഹോവയെ അനുകരിക്കുന്നതിനു കൊരിന്തുസഭ മാനസാന്തരപ്പെട്ട ആ വ്യക്തിയെ തിരികെ സ്വാഗതം ചെയ്യുകയും തങ്ങൾ അദ്ദേഹത്തെ സ്നേഹിക്കുന്നുണ്ടെന്ന് ഉറപ്പു കൊടുക്കുകയും വേണമായിരുന്നു. പൗലോസ് പറഞ്ഞതുപോലെ മാനസാന്തരപ്പെട്ട പാപിയെ സന്തോഷത്തോടെ തിരികെ സ്വീകരിക്കുമ്പോൾ തങ്ങൾ ‘എല്ലാ കാര്യത്തിലും അനുസരണമുള്ളവരാണ്’ എന്നു സഭ കാണിക്കുകയായിരുന്നു. (2 കൊരി. 2:9) ആ വ്യക്തിയെ സഭയിൽനിന്ന് നീക്കം ചെയ്തിട്ട് ഏതാനും മാസങ്ങളേ ആയിരുന്നുള്ളൂ എന്നതു ശരിയാണ്. എങ്കിലും ശിക്ഷണം കൊടുത്തതിന്റെ ഉദ്ദേശ്യം നടന്നു. ശിക്ഷണം അദ്ദേഹത്തെ മാനസാന്തരത്തിലേക്കു നയിച്ചു. അതുകൊണ്ട് മൂപ്പന്മാർ അദ്ദേഹത്തെ പുനഃസ്ഥിതീകരിക്കുന്ന കാര്യം ഇനിയും വൈകിപ്പിക്കേണ്ടതില്ലായിരുന്നു.
യഹോവയുടെ നീതിയും കരുണയും അനുകരിക്കുക
14-15. ഒന്നാം നൂറ്റാണ്ടിലെ കൊരിന്തുസഭയിൽ ഉണ്ടായ ദുഷ്പ്രവൃത്തി കൈകാര്യം ചെയ്ത വിധത്തിൽനിന്ന് നമുക്ക് എന്തു പഠിക്കാം? (2 പത്രോസ് 3:9) (ചിത്രവും കാണുക.)
14 കൊരിന്തിലെ ദുഷ്പ്രവൃത്തി കൈകാര്യം ചെയ്ത വിധം ബൈബിളിൽ ഉൾപ്പെടുത്തിയിരിക്കുന്നതു ‘നമ്മളെ പഠിപ്പിക്കാനാണ്.’ (റോമ. 15:4) ആ വിവരണത്തിൽനിന്ന് നമുക്കു പഠിക്കാനാകുന്ന ഒരു കാര്യം ഇതാണ്: യഹോവ തന്റെ ജനത്തിനിടയിൽ ഗുരുതരമായ തെറ്റുകൾ വെച്ചുപൊറുപ്പിക്കില്ല. ചിലർ ചിന്തിക്കുന്നത് യഹോവ കരുണയുള്ളവനായതുകൊണ്ട് മാനസാന്തരമില്ലാത്ത പാപികളെപ്പോലും സഭയിൽ തുടരാൻ അനുവദിക്കുമെന്നാണ്. യഹോവ കരുണ കാണിക്കുന്നവനാണെന്ന കാര്യത്തിൽ സംശയമില്ല. പക്ഷേ എന്തും അനുവദിച്ചുകൊടുക്കുന്ന ദൈവമല്ല യഹോവ. തന്റെ നിലവാരങ്ങൾ യഹോവ ഒരിക്കലും താഴ്ത്തില്ല. (യൂദ 4) മാനസാന്തരപ്പെടാത്ത തെറ്റുകാരനെ സഭയിൽ തുടരാൻ അനുവദിച്ചാൽ അതു സഭയിലുള്ള എല്ലാവരെയും അപകടത്തിലാക്കും. അതിനെ ‘കരുണ’ എന്നു വിളിക്കാനാകില്ല.—സുഭാ. 13:20; 1 കൊരി. 15:33.
15 എന്നാൽ ആരും നശിച്ചുപോകരുത് എന്നാണ് യഹോവയുടെ ആഗ്രഹമെന്നു നമുക്ക് അറിയാം. കഴിയുന്നിടത്തോളം ആളുകളെ രക്ഷിക്കാനാണ് യഹോവ ആഗ്രഹിക്കുന്നത്. തങ്ങളുടെ ചിന്തകൾക്കും പ്രവർത്തനങ്ങൾക്കും മാറ്റം വരുത്തി തന്നോട് അടുക്കാൻ ആഗ്രഹിക്കുന്നവരോട് യഹോവ കരുണ കാണിക്കും. (യഹ. 33:11; 2 പത്രോസ് 3:9 വായിക്കുക.) അതുകൊണ്ട് കൊരിന്തിലെ ആ വ്യക്തി മാനസാന്തരപ്പെടുകയും തന്റെ തെറ്റായ പ്രവൃത്തികൾ ഉപേക്ഷിക്കുകയും ചെയ്തപ്പോൾ ആ വ്യക്തിയോടു ക്ഷമിക്കാനും അദ്ദേഹത്തെ സഭയിലേക്കു തിരികെ സ്വാഗതം ചെയ്യാനും യഹോവ പൗലോസിലൂടെ അവരോടു പറഞ്ഞു.
യഹോവയുടെ സ്നേഹവും കരുണയും അനുകരിച്ചുകൊണ്ട് പുനഃസ്ഥിതീകരിക്കപ്പെട്ടവരെ സഹോദരങ്ങൾ സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നു (14-15 ഖണ്ഡികകൾ കാണുക)
16. കൊരിന്തിലെ കേസ് കൈകാര്യം ചെയ്ത വിധത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ നിങ്ങൾക്ക് എന്തു തോന്നുന്നു?
16 കൊരിന്തുസഭയിൽ ഉണ്ടായ ആ കേസ് കൈകാര്യം ചെയ്ത വിധത്തെക്കുറിച്ച് ചിന്തിച്ചത് യഹോവയുടെ സ്നേഹം, നീതി, ന്യായം പോലുള്ള ഗുണങ്ങൾ കാണാൻ നമ്മളെ സഹായിച്ചു. (സങ്കീ. 33:5) നമ്മുടെ ദൈവത്തെ കൂടുതലായി സ്തുതിക്കാൻ നിങ്ങൾക്ക് ഇപ്പോൾ തോന്നുന്നില്ലേ? നമ്മളെല്ലാവരും പാപികളാണ്. നമുക്കെല്ലാം ദൈവത്തിന്റെ ക്ഷമ ആവശ്യമാണ്. മോചനവില നൽകിയതിനു നമുക്ക് യഹോവയോടു നന്ദിയുള്ളവരായിരിക്കാം. നമ്മുടെ പാപങ്ങൾ ക്ഷമിക്കുന്നതിനുള്ള അടിസ്ഥാനം ആ മോചനവിലയാണ്. യഹോവ തന്റെ ജനത്തെ സ്നേഹിക്കുന്നെന്നും അവർക്ക് ഏറ്റവും നല്ലതു വരാൻ ആഗ്രഹിക്കുന്നെന്നും ഓർക്കുന്നതു നമുക്ക് എത്ര ആശ്വാസം പകരുന്നു!
17. അടുത്ത ലേഖനങ്ങളിൽ നമ്മൾ എന്തു പഠിക്കും?
17 ഇന്ന് എങ്ങനെയാണു ഗുരുതരമായ തെറ്റുകൾ കൈകാര്യം ചെയ്യുന്നത്? തെറ്റു ചെയ്തയാളെ മാനസാന്തരത്തിലേക്കു നയിക്കാനുള്ള യഹോവയുടെ ആഗ്രഹം മൂപ്പന്മാർക്ക് എങ്ങനെ അനുകരിക്കാം? ഒരാളെ സഭയിൽനിന്ന് നീക്കം ചെയ്യാനോ പുനഃസ്ഥിതീകരിക്കാനോ മൂപ്പന്മാർ തീരുമാനിക്കുമ്പോൾ അതിനെ സഭയിലുള്ളവർ എങ്ങനെ കാണണം? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം നമ്മൾ അടുത്ത ലേഖനങ്ങളിൽ പഠിക്കും.
ഗീതം 109 ഹൃദയപൂർവം ഉറ്റ് സ്നേഹിക്കുക