അധ്യായം 15
ദൈവത്തിന്റെ ശിരഃസ്ഥാനക്രമീകരണങ്ങൾക്കു കീഴ്പെടുന്നതിന്റെ പ്രയോജനം
ദൈവേഷ്ടം ചെയ്യാൻ സംഘടിതരായി നിലകൊള്ളുന്നതിന് അഖിലാണ്ഡപരമാധികാരിയായ യഹോവയ്ക്കു കീഴ്പെട്ടിരിക്കേണ്ടതു വളരെ പ്രധാനമാണ്. ദൈവപുത്രൻ ക്രിസ്തീയസഭയുടെ തലയാണെന്നു നമ്മൾ തിരിച്ചറിയുന്നു. ജീവിതത്തിലെ മറ്റു മണ്ഡലങ്ങളിലും ശിരഃസ്ഥാനതത്ത്വം പാലിക്കേണ്ടതാണെന്നു നമുക്ക് അറിയാം. ഇത്തരം കീഴ്പെടൽ, എല്ലാവർക്കും പ്രയോജനം ചെയ്യും.
2 നിയമിതമായ ഒരു അധികാരത്തിനു കീഴ്പെടുക എന്ന ആശയം മനുഷ്യകുടുംബത്തിനു നൽകിയത് ഏദെൻ തോട്ടത്തിൽവെച്ചാണ്. ഉൽപത്തി 1:28-ലും 2:16, 17-ലും കാണപ്പെടുന്ന ദൈവത്തിന്റെ കല്പനകളിൽ ഇത് അടങ്ങിയിട്ടുണ്ട്. ജീവജാലങ്ങൾ മനുഷ്യർക്കു കീഴ്പെട്ടിരിക്കണമായിരുന്നു, ആദാമും ഹവ്വായും ആകട്ടെ ദൈവത്തിന്റെ ഇഷ്ടത്തിനും അധികാരത്തിനും. ദൈവം വെച്ച ഈ അധികാരത്തെ അനുസരിക്കുന്നതു സമാധാനത്തിനും നല്ല ക്രമത്തിനും ഉതകുമായിരുന്നു. പിന്നീട്, 1 കൊരിന്ത്യർ 11:3-ൽ ശിരഃസ്ഥാനതത്ത്വം എടുത്തുകാണിക്കുന്നുണ്ട്. അവിടെ പൗലോസ് അപ്പോസ്തലൻ ഇങ്ങനെ പറയുന്നു: “ഏതു പുരുഷന്റെയും തല ക്രിസ്തു; സ്ത്രീയുടെ തല പുരുഷൻ; ക്രിസ്തുവിന്റെ തല ദൈവം. ഇതു നിങ്ങൾ മനസ്സിലാക്കണമെന്നു ഞാൻ ആഗ്രഹിക്കുന്നു.” ഈ ആകമാനക്രമീകരണത്തിൽ യഹോവ ഒഴികെ മറ്റ് എല്ലാവരും ശിരഃസ്ഥാനത്തിൻകീഴിലാണെന്ന് ഇതു വ്യക്തമാക്കുന്നു.
3 ഇക്കാലത്ത് മിക്ക ആളുകളും ശിരഃസ്ഥാനതത്ത്വം അംഗീകരിക്കുകയോ അനുസരിക്കുകയോ ചെയ്യുന്നില്ല. എന്തുകൊണ്ടില്ല? കുഴപ്പം ഏദെൻ തോട്ടത്തിലാണു തുടങ്ങിയത്. മനുഷ്യരുടെ ആദ്യമാതാപിതാക്കൾ പരമാധികാരിയായ ദൈവത്തിന്റെ ശിരഃസ്ഥാനത്തിൽനിന്ന് സ്വതന്ത്രരാകാൻ മനഃപൂർവം തീരുമാനിച്ചു. (ഉൽപ. 3:4, 5) പക്ഷേ, അവർക്കു കൂടുതലായ സ്വാതന്ത്ര്യം ലഭിച്ചില്ലെന്നു മാത്രമല്ല, അവർ ദുഷ്ടനായ ഒരു ആത്മവ്യക്തിയുടെ കീഴിലാകുകയും ചെയ്തു, പിശാചായ സാത്താന്റെ കീഴിൽ. ഈ ആദ്യമത്സരം മനുഷ്യവർഗത്തെ ദൈവത്തിൽനിന്ന് അകറ്റിക്കളഞ്ഞു. (കൊലോ. 1:21) അങ്ങനെ, മനുഷ്യവർഗത്തിലെ ബഹുഭൂരിപക്ഷവും ഇന്നു ദുഷ്ടനായവന്റെ അധികാരത്തിൻകീഴിൽത്തന്നെ കിടക്കുകയാണ്.—1 യോഹ. 5:19.
4 ദൈവവചനത്തിലെ സത്യം പഠിക്കുകയും അതനുസരിച്ച് പ്രവർത്തിക്കുകയും ചെയ്തുകൊണ്ട് നമ്മൾ സാത്താന്റെ സ്വാധീനത്തിൽനിന്ന് പുറത്ത് കടന്നിരിക്കുന്നു. സമർപ്പിച്ച് സ്നാനമേറ്റ സാക്ഷികളെന്ന നിലയിൽ നമ്മൾ യഹോവയെ നമ്മുടെ പരമാധികാരിയായി സ്വീകരിച്ചിരിക്കുന്നു. ദാവീദ് രാജാവിനെപ്പോലെ നമ്മളും യഹോവയെ “സകലത്തിനും മീതെ തലയായി” അംഗീകരിക്കുന്നു. (1 ദിന. 29:11) അതെ, “യഹോവ ദൈവമെന്ന് അറിയുവിൻ. ദൈവമാണു നമ്മെ ഉണ്ടാക്കിയത്, നാം ദൈവത്തിനുള്ളവർ. നമ്മൾ ദൈവത്തിന്റെ ജനം, ദൈവത്തിന്റെ മേച്ചിൽപ്പുറത്തെ ആടുകൾ.” (സങ്കീ. 100:3) എല്ലാം സൃഷ്ടിച്ചവനായതുകൊണ്ട് യഹോവ മഹനീയനാണെന്നും നമ്മൾ അവനു സമ്പൂർണമായി കീഴ്പെട്ടിരിക്കേണ്ടവരാണെന്നും നമ്മൾ തിരിച്ചറിയുന്നു. (വെളി. 4:11) സത്യദൈവത്തിന്റെ ശുശ്രൂഷകരായ നമ്മൾ യേശുക്രിസ്തുവിനെ അനുഗമിക്കുന്നു. ദൈവത്തോടുള്ള കീഴ്പെടലിന്റെ ഉത്തമമാതൃകയാണു യേശു.
5 ഭൂമിയിലായിരിക്കെ അനുഭവിച്ച കഷ്ടങ്ങളിൽനിന്ന് യേശു എന്തൊക്കെ പാഠങ്ങളാണു പഠിച്ചത്? എബ്രായർ 5:8 ഉത്തരം നൽകുന്നു: “ദൈവത്തിന്റെ മകനായിരുന്നെങ്കിലും താൻ അനുഭവിച്ച കഷ്ടതകളിലൂടെ ക്രിസ്തു അനുസരണം പഠിച്ചു.” അതെ, എതിർപ്പും പീഡനവും സഹിക്കേണ്ടിവന്നിട്ടും യേശു സ്വർഗീയപിതാവിനു വിശ്വസ്തതയോടെ കീഴ്പെട്ടിരുന്നു. സ്വന്തം ഇഷ്ടപ്രകാരം യേശു ഒരു കാര്യവും ചെയ്തില്ല, സ്വന്തം ആശയങ്ങൾ പറഞ്ഞില്ല, തനിക്കു മഹത്ത്വം കിട്ടണമെന്ന് ആഗ്രഹിച്ചുമില്ല. (യോഹ. 5:19, 30; 6:38; 7:16-18) തന്റെ ശുശ്രൂഷക്കാലത്ത് പിതാവിന്റെ ഇഷ്ടം ചെയ്യുന്നതിൽ യേശു സന്തോഷം കണ്ടെത്തി, അങ്ങനെയൊരു ജീവിതഗതി എതിർപ്പും പീഡനവും വരുത്തിവെച്ചിട്ടുപോലും. (യോഹ. 15:20) യേശു “തന്നെത്തന്നെ താഴ്ത്തി,” “ദണ്ഡനസ്തംഭത്തിലെ മരണത്തോളംപോലും” ദൈവത്തിനു കീഴ്പെട്ടിരുന്നു. യഹോവയോടുള്ള യേശുവിന്റെ സമ്പൂർണകീഴ്പെടലിന്റെ സത്ഫലങ്ങൾ പലതായിരുന്നു: മനുഷ്യവർഗത്തിന് എന്നേക്കുമുള്ള രക്ഷ, യേശുവിനു ലഭിച്ച ഉന്നതമായ സ്ഥാനം, പിതാവിനു കൈവരുത്തിയ മഹത്ത്വം!—ഫിലി. 2:5-11; എബ്രാ. 5:9.
ദിവ്യഭരണത്തോടു കീഴ്പെടൽ കാണിക്കേണ്ട മണ്ഡലങ്ങൾ
6 ദൈവേഷ്ടം ചെയ്തുകൊണ്ട് ദൈവത്തിനു കീഴ്പെട്ട് ജീവിക്കുമ്പോൾ യഹോവയുടെ പരമാധികാരത്തിനു കീഴ്പെടാൻ കൂട്ടാക്കാത്തവർക്കു വന്നുഭവിക്കുന്ന പല ഉത്കണ്ഠകളും നിരാശകളും നമുക്ക് ഒഴിവാക്കാനാകും. നമ്മുടെ ശത്രുവായ പിശാച് നമ്മളെ വിഴുങ്ങാൻ തക്കംപാർത്തിരിക്കുകയാണ്. അവനെ എതിർത്തുനിൽക്കുകയും യഹോവയ്ക്കു മനസ്സോടെ കീഴ്പെട്ട് സ്വയം താഴ്ത്തുകയും ചെയ്താൽ ആ ദുഷ്ടനിൽനിന്ന് നമുക്കു വിടുതലുണ്ടാകും.—മത്താ. 6:10, 13; 1 പത്രോ. 5:6-9.
7 ക്രിസ്തീയസഭയിൽ, നമ്മൾ ക്രിസ്തുവിന്റെ ശിരഃസ്ഥാനവും “വിശ്വസ്തനും വിവേകിയും ആയ അടിമ”യ്ക്കു ക്രിസ്തു നൽകിയിരിക്കുന്ന അധികാരവും അംഗീകരിക്കുന്നു. ഇതു നമ്മുടെ മനോഭാവത്തെയും പരസ്പരമുള്ള പെരുമാറ്റത്തെയും സ്വാധീനിക്കുന്നു. സഭയിൽ നമ്മൾ പ്രകടമാക്കുന്ന കീഴ്പെടൽ, നമ്മുടെ ആരാധനയുടെ എല്ലാ വശങ്ങളിലും ദൈവവചനം അനുസരിക്കാൻ നമുക്കു പ്രേരണയേകുന്നു. ഈ അനുസരണത്തിൽ, ശുശ്രൂഷയിൽ ഏർപ്പെടുന്നത്, യോഗങ്ങൾക്കു ഹാജരാകുന്നത്, അഭിപ്രായങ്ങൾ പറയുന്നത്, മൂപ്പന്മാരുമായി നല്ല ബന്ധം പുലർത്തുന്നത്, സംഘടനാക്രമീകരണങ്ങളോടു സഹകരിക്കുന്നത് എന്നിവയെല്ലാം ഉൾപ്പെടുന്നു.—മത്താ. 24:45-47; 28:19, 20; എബ്രാ. 10:24, 25; 13:7, 17.
8 നമ്മൾ ദൈവത്തിനു കീഴ്പെട്ടിരിക്കുന്നതു ക്രിസ്തീയസഭയിൽ സുരക്ഷിതത്വവും സമാധാനവും നല്ല ക്രമവും ഉണ്ടാകാൻ കാരണമാകുന്നു. യഹോവയുടെ ഗുണങ്ങൾ ഭക്തരായ ദൈവദാസന്മാരിൽ പ്രതിഫലിക്കുന്നുണ്ട്. (1 കൊരി. 14:33, 40) യഹോവയുടെ ദാസന്മാരും ദുഷ്ടന്മാരും തമ്മിലുള്ള വൈരുധ്യം ശ്രദ്ധിച്ചിട്ട് ദാവീദ് ആഹ്ലാദത്തോടെ ഇങ്ങനെ ഉദ്ഘോഷിച്ചു: “യഹോവ ദൈവമായുള്ള ജനം സന്തുഷ്ടർ.” (സങ്കീ. 144:15) യഹോവയുടെ സംഘടനയെ അടുത്തറിഞ്ഞ നമുക്കും ഇതുതന്നെ തോന്നിയിട്ടില്ലേ?
9 വിവാഹക്രമീകരണത്തിലും കുടുംബവൃത്തത്തിലും ‘സ്ത്രീയുടെ തല പുരുഷനാണ്.’ അതേസമയം, പുരുഷൻ ക്രിസ്തുവിനു കീഴ്പെട്ടിരിക്കുന്നു. ക്രിസ്തു തന്റെ തലയായ ദൈവത്തിനും. (1 കൊരി. 11:3) ഭാര്യമാർ ഭർത്താക്കന്മാർക്കു കീഴ്പെട്ടിരിക്കണം, കുട്ടികൾ മാതാപിതാക്കൾക്കും. (എഫെ. 5:22-24; 6:1) ഓരോ അംഗവും ശിരഃസ്ഥാനതത്ത്വം പിൻപറ്റുന്നെങ്കിൽ കുടുംബത്തിൽ സമാധാനമുണ്ടാകും.
10 ക്രിസ്തുവിനെ അനുകരിച്ചുകൊണ്ട് സ്നേഹപുരസ്സരമായ വിധത്തിൽ വേണം ഭർത്താവ് ശിരഃസ്ഥാനം പ്രയോഗിക്കാൻ. (എഫെ. 5:25-29) ഭർത്താവ് തന്റെ ശിരഃസ്ഥാനം ദുരുപയോഗം ചെയ്യാൻ പാടില്ല. എന്നാൽ, അതു വെച്ചൊഴിയുന്നതും ശരിയല്ല! അങ്ങനെയാകുമ്പോൾ, ഭാര്യക്കും മക്കൾക്കും സന്തോഷത്തോടെ കുടുംബനാഥനു കീഴ്പെട്ടിരിക്കാൻ കഴിയും. ഭാര്യ ഭർത്താവിന് ഒരു പൂരകമാണ്, അഥവാ സഹായിയാണ്. അതാണ് അവളുടെ ധർമം! (ഉൽപ. 2:18) ഭർത്താവിനെ ക്ഷമയോടെ പിന്തുണച്ചുകൊണ്ടും ആദരിച്ചുകൊണ്ടും അവൾക്ക് അദ്ദേഹത്തിന്റെ പ്രീതി നേടാം, യഹോവയ്ക്കു സ്തുതി കരേറ്റുകയും ചെയ്യാം. (1 പത്രോ. 3:1-4) ഭർത്താക്കന്മാരും ഭാര്യമാരും ബൈബിളിന്റെ ശിരഃസ്ഥാനതത്ത്വം പിൻപറ്റുമ്പോൾ, ദൈവത്തിന് എങ്ങനെ കീഴ്പെടാം എന്നു മക്കൾക്കു സ്വന്തമാതൃകയാൽ കാണിച്ചുകൊടുക്കുകയാണ്.
ദിവ്യാധിപത്യ ക്രമീകരണങ്ങളോടുള്ള കീഴ്പെടൽ ജീവിതത്തിന്റെ സമസ്തമണ്ഡലങ്ങളെയും സ്വാധീനിക്കണം
11 ദൈവത്തോടുള്ള നമ്മുടെ കീഴ്പെടൽ, ദൈവം “അതാതു സ്ഥാനങ്ങളിൽ നിറുത്തിയിരിക്കുന്ന” ‘ഉന്നതാധികാരികളെ’ നമ്മൾ എങ്ങനെ വീക്ഷിക്കുന്നു എന്നതിനെയും സ്വാധീനിക്കുന്നു. (റോമ. 13:1-7) നിയമം അനുസരിക്കുന്ന പൗരന്മാർ എന്ന നിലയിൽ ക്രിസ്ത്യാനികൾ നികുതികൾ അടയ്ക്കുന്നു, “സീസർക്കുള്ളതു സീസർക്കും ദൈവത്തിനുള്ളതു ദൈവത്തിനും” കൊടുക്കുന്നു. (മത്താ. 22:21) കൂടാതെ പ്രദേശം പ്രവർത്തിച്ചുതീർക്കാൻ ചെയ്യുന്ന എല്ലാ ക്രമീകരണങ്ങളും അവിടെ ബാധകമായ വിവരസംരക്ഷണനിയമങ്ങൾക്കു ചേർച്ചയിലുമായിരിക്കും. യഹോവയുടെ നീതിയുക്തമായ നിയമങ്ങൾക്കു വിരുദ്ധമല്ലാത്ത എല്ലാ കാര്യത്തിലും, നിയമാനുസൃതമായി നിയമിക്കപ്പെട്ട അധികാരികൾക്കു കീഴ്പെടുകയും അവരെ അനുസരിക്കുകയും ചെയ്യേണ്ടതാണ്. അങ്ങനെയാകുമ്പോൾ നമ്മുടെ ഊർജവും അധ്വാനവും പ്രയത്നങ്ങളും പ്രസംഗപ്രവർത്തനത്തിൽ കേന്ദ്രീകരിക്കാൻ നമുക്കു കഴിയും.—മർക്കോ. 13:10; പ്രവൃ. 5:29.
12 ദിവ്യാധിപത്യക്രമീകരണങ്ങളോടുള്ള കീഴ്പെടൽ ജീവിതത്തിന്റെ സമസ്തമണ്ഡലങ്ങളെയും സ്വാധീനിക്കണം. മനുഷ്യസമൂഹം മുഴുവനും ദൈവമായ യഹോവയ്ക്കു കീഴ്പെട്ടിരിക്കുന്ന കാലം നമ്മൾ വിശ്വാസത്തിന്റെ കണ്ണുകൊണ്ട് കാണുന്നു! (1 കൊരി. 15:27, 28) യഹോവയുടെ പരമാധികാരത്തെ സന്തോഷത്തോടെ അംഗീകരിക്കുകയും എക്കാലവും യഹോവയ്ക്കു മനസ്സോടെ കീഴ്പെട്ടിരിക്കുകയും ചെയ്യുന്നവർ എത്ര അനുഗൃഹീതരാണ്! എത്ര സന്തുഷ്ടരാണ്!