ഭക്തിപൂർവകമായ കീഴ്പ്പെടൽ—എന്തുകൊണ്ട്? ആരാൽ?
“യഹോവേ, മനുഷ്യനു തന്റെ വഴിയും നടക്കുന്നവന്നു തന്റെ കാലടികളെ നേരെ ആക്കുന്നതും സ്വാധീനമല്ല എന്നു ഞാൻ അറിയുന്നു.”—യിരെമ്യാവു 10:23.
1. സ്വാതന്ത്ര്യത്തിന്റെ ഏതു രൂപങ്ങൾ പരക്കെ വിലമതിക്കപ്പെട്ടിരിക്കുന്നു?
മനുഷ്യപ്രമാണങ്ങളിൽ ഏററവും പ്രസിദ്ധമായവയിൽപ്പെട്ടതാണ് തങ്ങളുടെ മാതൃരാജ്യമായ ബ്രിട്ടണിൽനിന്ന് 18-ാം നൂററാണ്ടിൽ സ്വാതന്ത്ര്യം പ്രഖ്യാപിച്ച വടക്കേ അമേരിക്കയിലെ 13 ബ്രിട്ടീഷ്കോളനികളുടെ സ്വാതന്ത്ര്യപ്രഖ്യാപനം. അവർ സ്വാതന്ത്ര്യം ആവശ്യപ്പെട്ടു. വിദേശനിയന്ത്രണത്തിൽനിന്നുള്ള മുക്തിയും സ്വാതന്ത്ര്യവും കൈകോർത്തുനീങ്ങി. രാഷ്ട്രീയവും സാമ്പത്തികവുമായ സ്വാതന്ത്ര്യത്തിന് ഒരു വലിയ പ്രയോജനമായിരിക്കാൻ കഴിയും. സമീപകാലങ്ങളിൽ കിഴക്കൻയൂറോപ്പിലെ ചില രാജ്യങ്ങൾ രാഷ്ട്രീയസ്വാതന്ത്ര്യത്തിലേക്കു നീങ്ങിയിരിക്കുന്നു. എന്നിരുന്നാലും, ആ രാജ്യങ്ങളിൽ അത്തരം സ്വാതന്ത്ര്യം അതോടൊപ്പം ഗൗരവമുള്ള പ്രശ്നങ്ങൾ കൈവരുത്തിയിരിക്കുന്നുവെന്നു സമ്മതിക്കേണ്ടിയിരിക്കുന്നു.
2, 3. (എ) സ്വാതന്ത്ര്യത്തിന്റെ ഏതു രൂപങ്ങൾ അഭികാമ്യമല്ല? (ബി) ഈ വസ്തുത ആദിയിൽ എങ്ങനെ ശക്തമായി വ്യക്തമാക്കപ്പെട്ടു?
2 സ്വാതന്ത്ര്യത്തിന്റെ വിവിധ രൂപങ്ങൾ അഭികാമ്യമായിരിക്കാമെങ്കിലും സ്വാതന്ത്ര്യത്തിന്റെ അഭികാമ്യമല്ലാത്ത ഒരു രൂപമുണ്ട്. അതെന്താണ്? മമനുഷ്യന്റെ നിർമ്മാതാവായ യഹോവയാം ദൈവത്തെ വിട്ടുള്ള സ്വാതന്ത്ര്യം. അത് ഒരു അനുഗ്രഹമല്ല, പിന്നെയോ ഒരു ശാപമാണ്. എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ മുകളിൽ ഉദ്ധരിച്ച യിരെമ്യാപ്രവാചകന്റെ വാക്കുകൾ വളരെ ഉചിതമായി പ്രകടമാക്കുന്നതുപോലെ, മനുഷ്യൻ ഒരിക്കലും തന്റെ നിർമ്മാതാവിൽനിന്നു സ്വതന്ത്രമായി പ്രവർത്തിക്കാൻ ഉദ്ദേശിക്കപ്പെട്ടിരുന്നില്ല. മററു വാക്കുകളിൽ പറഞ്ഞാൽ, മനുഷ്യൻ തന്റെ നിർമ്മാതാവിനു കീഴ്പ്പെട്ടിരിക്കാൻ ഉദ്ദേശിക്കപ്പെട്ടിരുന്നു. നമ്മുടെ സ്രഷ്ടാവിനു കീഴ്പ്പെട്ടിരിക്കുക എന്നു പറഞ്ഞാൽ അവനെ അനുസരിക്കുക എന്നാണർത്ഥം.
3 ആ വസ്തുത ഉല്പത്തി 2:16, 17-ൽ രേഖപ്പെടുത്തിയിരിക്കുന്ന ആദ്യ മനുഷ്യജോടിയോടുള്ള യഹോവയുടെ കല്പന ശക്തമായി വ്യക്തമാക്കി: “തോട്ടത്തിലെ സകലവൃക്ഷങ്ങളുടെയും ഫലം നിനക്കു ഇഷ്ടംപോലെ തിന്നാം. എന്നാൽ നൻമതിൻമകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷത്തിൻഫലം തിന്നരുതു; തിന്നുന്ന നാളിൽ നീ മരിക്കും.” തന്റെ നിർമ്മാതാവിനു കീഴ്പ്പെട്ടിരിക്കുന്നതിനുള്ള വിസമ്മതം ആദാമിനും അവന്റെ സകല സന്തതിക്കും പാപവും കഷ്ടപ്പാടും മരണവും കൈവരുത്തി.—ഉല്പത്തി 3:19; റോമർ 5:12.
4, 5. (എ) ദൈവത്തിനു കീഴ്പ്പെട്ടിരിക്കാൻ മനുഷ്യർ വിസമ്മതിച്ചതിൽനിന്ന് എന്തു ഫലങ്ങൾ ഉണ്ടായിരിക്കുന്നു? (ബി) ഏതു ധാർമ്മിക നിയമം ഒഴിഞ്ഞുമാറാൻ കഴിയാത്തതാണ്?
4 ദൈവത്തിനു കീഴ്പ്പെട്ടിരിക്കാനുള്ള മനുഷ്യരുടെ വിസമ്മതം ബുദ്ധിശൂന്യവും അതുപോലെതന്നെ ധാർമ്മികമായി തെററുമാണ്. ലോകത്തിൽ അതു വിപുലവ്യാപകമായ നിയമരാഹിത്യത്തിലും കുററകൃത്യത്തിലും അക്രമത്തിലും ലൈംഗികമായി പകരുന്ന രോഗങ്ങളാകുന്ന ഫലങ്ങളോടുകൂടിയ ലൈംഗികദുർമ്മാർഗ്ഗത്തിലും കലാശിച്ചിരിക്കുന്നു. കൂടാതെ, ബാലജനകുററകൃത്യത്തിന്റെ ഇന്നത്തെ ബാധ ഏറെയും യഹോവക്കും അതുപോലെതന്നെ മാതാപിതാക്കൾക്കും ദേശത്തെ നിയമങ്ങൾക്കും കീഴ്പ്പെട്ടിരിക്കാനുള്ള യുവജനങ്ങളുടെ വിസമ്മതം നിമിത്തമല്ലേ? സ്വാതന്ത്ര്യത്തിന്റെ ഈ ആത്മാവ് അനേകരുടെ വസ്ത്രധാരണത്തിന്റെ അലസമായ കാടൻരീതിയിലും അവർ ഉപയോഗിക്കുന്ന അസഭ്യഭാഷയിലും ദൃശ്യമാണ്.
5 എന്നാൽ സ്രഷ്ടാവിന്റെ വഴക്കമില്ലാത്ത ഈ ധാർമ്മികനിയമത്തിൽനിന്ന് ഒഴിഞ്ഞുമാറാനാവില്ല: “വഞ്ചനപ്പെടാതിരിപ്പിൻ; ദൈവത്തെ പരിഹസിച്ചുകൂടാ; മനുഷ്യൻ വിതെക്കുന്നതുതന്നെ കൊയ്യും. ജഡത്തിൽ വിതെക്കുന്നവൻ ജഡത്തിൽനിന്നു നാശം കൊയ്യും; ആത്മാവിൽ വിതെക്കുന്നവൻ ആത്മാവിൽനിന്നു നിത്യജീവനെ കൊയ്യും.”—ഗലാത്യർ 6:7, 8.
6, 7. കീഴ്പ്പെടാൻ വിസമ്മതിക്കുന്നതിന്റെ മൂലകാരണമെന്ത്, ഏതു ദൃഷ്ടാന്തങ്ങളിൽ ഇതു കാണപ്പെടുന്നു?
6 കീഴ്പ്പെടാനുള്ള ഈ വിസമ്മതത്തിന്റെയെല്ലാം മൂലകാരണമെന്താണ്? ലളിതമായി പറഞ്ഞാൽ, അതു സ്വാർത്ഥതയും അഹങ്കാരവുമാണ്. അതുകൊണ്ടാണ് ആദ്യസ്ത്രീയായ ഹവ്വ സർപ്പത്താൽ വഞ്ചിക്കപ്പെടാൻ സ്വയം അനുവദിക്കുകയും വിലക്കപ്പെട്ട ഫലം ഭക്ഷിക്കുകയും ചെയ്തത്. അവൾ എളിമയും താഴ്മയും ഉള്ളവളായിരുന്നെങ്കിൽ ദൈവത്തെപ്പോലെയാകാനുള്ള—നൻമയും തിൻമയും എന്താണെന്നു സ്വയം തീരുമാനിക്കാനുള്ള—പ്രലോഭനം അവൾക്ക് ആകർഷകമായിരിക്കുമായിരുന്നില്ല. അവൾ നിസ്വാർത്ഥയായിരുന്നെങ്കിൽ അവളുടെ നിർമ്മാതാവായ യഹോവയാം ദൈവം വ്യക്തമായി വിലക്കിയിരുന്നത് അവൾ ആഗ്രഹിക്കുമായിരുന്നില്ല.—ഉല്പത്തി 2:16, 17.
7 ആദാമിന്റെയും ഹവ്വയുടെയും വീഴ്ചക്കുശേഷം അധികം താമസിയാതെ, അഹങ്കാരവും സ്വാർത്ഥതയും കയീൻ തന്റെ സഹോദരനായ ഹാബേലിനെ കൊല്ലാനിടയാക്കി. കൂടാതെ, സ്വാർത്ഥത ചില ദൂതൻമാർ സ്വതന്ത്രമായി പ്രവർത്തിച്ചുകൊണ്ടു വിഷയസുഖങ്ങൾ ആസ്വദിക്കത്തക്കവണ്ണം തങ്ങളുടെ ആദ്യസ്ഥാനം വിട്ടു ജഡശരീരമെടുക്കാനിടയാക്കി. അഹങ്കാരവും സ്വാർത്ഥതയും നിമ്രോദിനെ പ്രേരിപ്പിച്ചു, അവ അയാളുടെ കാലംമുതൽ മിക്ക ലോകഭരണാധികാരികളുടെയും സ്വഭാവമായിരുന്നിട്ടുണ്ട്.—ഉല്പത്തി 3:6, 7; 4:6-8; 1 യോഹന്നാൻ 3:12; യൂദാ 6.
യഹോവയാം ദൈവത്തിനു കീഴ്പ്പെട്ടിരിക്കാൻ നമുക്കു കടപ്പാടുള്ളതിന്റെ കാരണം
8-11. നാം ഭക്തിപൂർവകമായ കീഴ്പ്പെടൽ പ്രകടമാക്കുന്നതിനുള്ള നാലു ശക്തമായ കാരണങ്ങളേവ?
8 നാം നമ്മുടെ നിർമ്മാതാവായ യഹോവയാം ദൈവത്തിനു കീഴ്പ്പെട്ടിരിക്കാൻ കടപ്പെട്ടിരിക്കുന്നതെന്തുകൊണ്ട്? ഒന്നാമതായി അവിടുന്നു സാർവ്വത്രികപരമാധികാരിയായതുകൊണ്ട്. ഉചിതമായി സകല അധികാരവും ദൈവത്തിൽ സ്ഥിതിചെയ്യുന്നു. അവിടുന്നു നമ്മുടെ ന്യായാധിപതിയും നിയമദാതാവും രാജാവുമാകുന്നു. (യെശയ്യാവ് 33:22) അവിടത്തെ സംബന്ധിച്ച് ഇങ്ങനെ ഉചിതമായി എഴുതപ്പെട്ടിരിക്കുന്നു: “സകലവും അവന്റെ കണ്ണിന്നു നഗ്നവും മലർന്നതുമായി കിടക്കുന്നു; അവനുമായിട്ടാകുന്നു നമുക്കു കാര്യമുള്ളതു.”—എബ്രായർ 4:13.
9 കൂടാതെ, നമ്മുടെ നിർമ്മാതാവു സർവശക്തനാകയാൽ ആർക്കും അവിടുത്തോട് എതിർത്തു വിജയിക്കാൻ കഴികയില്ല; ദൈവത്തിനു കീഴ്പ്പെട്ടിരിക്കാനുള്ള തന്റെ കടപ്പാടിനെ ആർക്കും അവഗണിക്കാൻ കഴികയില്ല. വിസമ്മതിക്കുന്നവർ പുരാതനകാലത്തെ ഫറവോനെപ്പോലെയും പിശാചായ സാത്താനു തക്ക സമയത്തു സംഭവിക്കാനിരിക്കുന്നതുപോലെയും പെട്ടെന്നോ താമസിച്ചോ നശിപ്പിക്കപ്പെടും.—സങ്കീർത്തനം 136:1, 11-15; വെളിപാട് 11:17; 20:10, 14.
10 കീഴ്പ്പെടൽ ബുദ്ധിശക്തിയുള്ള സകല സൃഷ്ടികളുടെയും കടപ്പാടാണ്, കാരണം അവർ സ്ഥിതിചെയ്യുന്നതു അവരുടെ നിർമ്മാതാവിനെ സേവിക്കുക എന്ന ഉദ്ദേശ്യത്തിലാണ്. വെളിപ്പാടു 4:11 ഇങ്ങനെ പ്രഖ്യാപിക്കുന്നു: “കർത്താവേ, [യഹോവേ, NW] നീ സർവ്വവും സൃഷ്ടിച്ചവനും എല്ലാം നിന്റെ ഇഷ്ടം ഹേതുവാൽ ഉണ്ടായതും സൃഷ്ടിക്കപ്പെട്ടതും ആകയാൽ മഹത്വവും ബഹുമാനവും ശക്തിയും കൈക്കൊൾവാൻ യോഗ്യൻ.” ദൈവം വലിയ കുശവനാണ്, അവിടുന്നു തന്റെ ഉദ്ദേശ്യാർത്ഥം മനുഷ്യപാത്രങ്ങളെ നിർമ്മിക്കുന്നു.—യെശയ്യാവ് 29:16; 64:8.
11 നമ്മുടെ നിർമ്മാതാവു സർവജ്ഞാനിയാണെന്നുള്ള വസ്തുത നാം അവഗണിക്കരുത്, തന്നിമിത്തം നമുക്ക് ഏററവും നല്ലതെന്തെന്ന് അവിടുത്തേക്കറിയാം. (റോമർ 11:33) അവിടുത്തെ നിയമങ്ങൾ ‘നമ്മുടെ നൻമക്കുവേണ്ടിയാണ്.’ (ആവർത്തനം 10:12, 13) എല്ലാററിനുമുപരി, “ദൈവം സ്നേഹം ആകുന്നു,” അതുകൊണ്ട് അവിടുന്നു നമുക്ക് ഏററവും നല്ലതാണ് ആഗ്രഹിക്കുന്നത്. നമ്മുടെ നിർമ്മാതാവായ യഹോവയാം ദൈവത്തിനു കീഴ്പ്പെട്ടിരിക്കുന്നതിന് എത്രയോ നിർബന്ധിതകാരണങ്ങളാണു നമുക്കുള്ളത്!—1 യോഹന്നാൻ 4:8.
യേശുക്രിസ്തു, ഭക്തിപൂർവകമായ കീഴ്പ്പെടലിന്റെ പൂർണ്ണതയുള്ള ദൃഷ്ടാന്തം
12, 13. (എ) യേശുക്രിസ്തു എങ്ങനെ ഭക്തിപൂർവകമായ കീഴ്പ്പെടൽ പ്രകടമാക്കി? (ബി) യേശുവിന്റെ ഏതു വാക്കുകൾ അദ്ദേഹത്തിന്റെ കീഴ്പ്പെടൽമനോഭാവത്തെ പ്രകടമാക്കുന്നു?
12 സംശയത്തിന്റെ നിഴൽപോലുമില്ലാതെ, യഹോവയുടെ ഏകജാതപുത്രനായ യേശുക്രിസ്തു നമുക്കു ഭക്തിപൂർവകമായ കീഴ്പ്പെടലിന്റെ പൂർണ്ണതയുള്ള ദൃഷ്ടാന്തം നൽകുന്നു. ഫിലിപ്പിയർ 2:6-8-ൽ അപ്പൊസ്തലനായ പൗലോസ് ഇതു ചൂണ്ടിക്കാണിക്കുന്നു: “[യേശു] ദൈവരൂപത്തിൽ ഇരിക്കെ ദൈവത്തോടുള്ള സമത്വം മുറുകെ പിടിച്ചുകൊള്ളേണം എന്നു വിചാരിക്കാതെ ദാസരൂപം എടുത്തു മനുഷ്യസാദൃശ്യത്തിലായി തന്നെത്താൻ ഒഴിച്ചു വേഷത്തിൽ മനുഷ്യനായി വിളങ്ങി തന്നെത്താൻ താഴ്ത്തി [പിന്നെയും] മരണത്തോളം ക്രൂശിലെ മരണത്തോളം തന്നേ, അനുസരണമുള്ളവനായിത്തീർന്നു.” ഭൂമിയിലായിരുന്നപ്പോൾ താൻ സ്വന്തമായി മുൻകൈ എടുത്ത് ഒന്നും ചെയ്തില്ലെന്നു യേശു ആവർത്തിച്ചു പ്രസ്താവിച്ചു; അദ്ദേഹം സ്വതന്ത്രമായി വർത്തിച്ചില്ല, എന്നാൽ എല്ലായ്പ്പോഴും തന്റെ സ്വർഗ്ഗീയപിതാവിനു കീഴ്പ്പെട്ടിരുന്നു.
13 നാം യോഹന്നാൻ 5:19, 30-ൽ ഇങ്ങനെ വായിക്കുന്നു: “യേശു അവരോടു ഉത്തരം പറഞ്ഞതു: ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: പിതാവു ചെയ്തുകാണുന്നതു അല്ലാതെ പുത്രന്നു സ്വതേ ഒന്നും ചെയ്വാൻ കഴികയില്ല; അവൻ ചെയ്യുന്നതു എല്ലാം പുത്രനും അവ്വണ്ണം തന്നേ ചെയ്യുന്നു. എനിക്കു സ്വതേ ഒന്നും ചെയ്യാൻ കഴിയുന്നതല്ല; ഞാൻ കേൾക്കുന്നതുപോലെ ന്യായം വിധിക്കുന്നു; ഞാൻ എന്റെ ഇഷ്ടമല്ല, എന്നെ അയച്ചവന്റെ ഇഷ്ടമത്രേ ചെയ്വാൻ ഇച്ഛിക്കുന്നതുകൊണ്ടു എന്റെ വിധി നീതിയുള്ളതു ആകുന്നു.” അതുപോലെതന്നെ, “എങ്കിലും ഞാൻ ഇച്ഛിക്കുംപോലെ അല്ല, നീ ഇച്ഛിക്കുംപോലെ ആകട്ടെ” എന്ന് അദ്ദേഹം തന്റെ ഒററിക്കൊടുക്കലിന്റെ രാത്രിയിൽ ആവർത്തിച്ചു പ്രാർത്ഥിച്ചു.—മത്തായി 26:39, 42, 44; യോഹന്നാൻ 7:28; 8:28, 42 കൂടെ കാണുക.
ഭക്തിപൂർവകമായ കീഴ്പ്പെടലിന്റെ പുരാതന മാതൃകകൾ
14. നോഹ ഏതു വിധങ്ങളിൽ ഭക്തിപൂർവകമായ കീഴ്പ്പെടൽ പ്രകടമാക്കി?
14 ഭക്തിപൂർവകമായ കീഴ്പ്പെടലിന്റെ ആദിമ മനുഷ്യദൃഷ്ടാന്തങ്ങളിൽ നോഹ ഉൾപ്പെട്ടു. അദ്ദേഹം മൂന്നു വിധങ്ങളിൽ തന്റെ കീഴ്പ്പെടൽ പ്രകടമാക്കി. ഒന്ന്, സത്യദൈവത്തോടുകൂടെ നടന്നുകൊണ്ട്, തന്റെ സമകാലികരുടെ ഇടയിൽ നിഷ്കളങ്കനായി നീതിമാനായ ഒരു മനുഷ്യനായിരുന്നുകൊണ്ട്. (ഉല്പത്തി 6:9) രണ്ട്, പെട്ടകം നിർമ്മിച്ചുകൊണ്ട്. “ദൈവം തന്നോടു കല്പിച്ചതൊക്കെയും നോഹ ചെയ്തു; അങ്ങനെ തന്നേ അവൻ ചെയ്തു.” (ഉല്പത്തി 6:22) മൂന്ന്, വരാനിരുന്ന ജലപ്രളയത്തെക്കുറിച്ച് “ഒരു നീതിപ്രസംഗി”യെന്ന നിലയിൽ മുന്നറിയിപ്പു മുഴക്കിക്കൊണ്ട്.—2 പത്രൊസ് 2:5.
15, 16. (എ) അബ്രഹാം ഭക്തിപൂർവകമായ കീഴ്പ്പെടലിന്റെ ഏതു നല്ല മാതൃക വെച്ചു? (ബി) സാറ എങ്ങനെ കീഴ്പ്പെടൽ പ്രകടമാക്കി?
15 അബ്രഹാം ഭക്തിപൂർവകമായ കീഴ്പ്പെടലിന്റെ മറെറാരു മുന്തിയ ദൃഷ്ടാന്തമായിരുന്നു. “നിന്റെ ദേശത്തെ . . . വിട്ടു . . . പോക” എന്ന ദൈവത്തിന്റെ കല്പന അനുസരിച്ചുകൊണ്ട് അദ്ദേഹം കീഴ്പ്പെടൽ പ്രകടമാക്കി. (ഉല്പത്തി 12:1) അതിന്റെ അർത്ഥം ഊരിലെ (പുരാവസ്തുകണ്ടുപിടിത്തങ്ങൾ സൂചിപ്പിക്കുന്നതുപോലെ അത് ഒരു അപ്രധാന നഗരമായിരുന്നില്ല) അദ്ദേഹത്തിന്റെ സുഖകരമായ ചുററുപാടുകൾ വിട്ട് ഒരു വിദേശത്ത് ഒരു നൂറുവർഷം നാടോടിയായി അലയണമെന്നായിരുന്നു. തന്റെ പുത്രനായ ഇസ്ഹാക്കിനെ ബലിയർപ്പിക്കാൻ സന്നദ്ധനാകുക എന്ന വലിയ പരീക്ഷയെ നേരിട്ടുകൊണ്ട് അബ്രഹാം വിശേഷാൽ ഭക്തിപൂർവകമായ കീഴ്പ്പെടൽ പ്രകടമാക്കി.—ഉല്പത്തി 22:1-12.
16 അബ്രഹാമിന്റെ ഭാര്യയായ സാറ നമുക്കു ഭക്തിപൂർവകമായ കീഴ്പ്പെടലിന്റെ മറെറാരു നല്ല ദൃഷ്ടാന്തമാണ്. തീർച്ചയായും ഒരു അപരിചിതദേശത്തെ അലഞ്ഞുനടപ്പ് അതോടൊപ്പം അനേകം അസൗകര്യങ്ങൾ വരുത്തി. എന്നാൽ അവർ പരാതി പറയുന്നതായി ഒരിടത്തും നാം വായിക്കുന്നില്ല. അബ്രഹാം പുറജാതിഭരണാധികാരികളുടെ മുമ്പാകെ അവരെ തന്റെ സഹോദരിയായി അവതരിപ്പിച്ച രണ്ടു സന്ദർഭങ്ങളിലും അവർ കീഴ്പ്പെടലിന്റെ നല്ല മാതൃക വെച്ചു. രണ്ടു പ്രാവശ്യവും അവൾ സഹകരിച്ചു, തത്ഫലമായി സാറ ഏറെക്കുറെ അവരുടെ അന്തഃപുരങ്ങളിലെ ഒരു അംഗത്തെപ്പോലെയായെങ്കിലും. തന്റെ ഭർത്താവായ അബ്രഹാമിനെ തന്റെ ഉള്ളിൽ “എന്റെ യജമാനൻ” എന്നു പരാമർശിച്ച രീതിയും അവരുടെ ഭക്തിപൂർവകമായ കീഴ്പ്പെടലിനെ തെളിയിക്കുന്നതാണ്, അത് അവരുടെ യഥാർത്ഥ ഹൃദയഭാവമായിരുന്നുവെന്നു പ്രകടമാക്കുന്നതുതന്നെ.—ഉല്പത്തി 12:11-20; 18:12; 20:2-18; 1 പത്രോസ് 3:6, NW.
17. ഇസ്ഹാക്ക് ഭക്തിപൂർവകമായ കീഴ്പ്പെടൽ പ്രകടമാക്കിയെന്നു പറയാൻ കഴിയുന്നതെന്തുകൊണ്ട്?
17 അബ്രഹാമിന്റെ പുത്രനായ ഇസ്ഹാക്ക് വെച്ച ഭക്തിപൂർവകമായ കീഴ്പ്പെടലിന്റെ മറെറാരു നല്ല ദൃഷ്ടാന്തം നമുക്ക് അവഗണിക്കാതിരിക്കാം. ഇസ്ഹാക്കിനെ ബലിയർപ്പിക്കാൻ യഹോവ അദ്ദേഹത്തിന്റെ പിതാവായ അബ്രഹാമിനോടു കല്പിച്ചപ്പോൾ ഇസ്ഹാക്കിന് ഏതാണ്ട് 25 വയസ്സുണ്ടായിരുന്നെന്നു യഹൂദ പാരമ്പര്യം സൂചിപ്പിക്കുന്നു. ഇസ്ഹാക്ക് ആഗ്രഹിച്ചിരുന്നെങ്കിൽ, തന്നേക്കാൾ നൂറുവയസ്സു പ്രായക്കൂടുതലുണ്ടായിരുന്ന തന്റെ പിതാവിനെ അനായാസം ചെറുത്തുനിൽക്കാൻ കഴിയുമായിരുന്നു. എന്നാൽ അതു ചെയ്തില്ല. ഒരു യാഗമൃഗം ഇല്ലാത്തതിനെക്കുറിച്ച് ഇസ്ഹാക്ക് അറിയാനാഗ്രഹിച്ചെങ്കിലും തന്റെ പിതാവു തന്നെ യാഗപീഠത്തിൻമേൽ കിടത്തിയിട്ടു കശാപ്പുകത്തി ഉപയോഗിച്ചിരുന്നെങ്കിൽ ഉണ്ടായേക്കുമായിരുന്ന അനിച്ഛാ പ്രതികരണങ്ങൾ തടയാൻ അല്ലെങ്കിൽ നിയന്ത്രിക്കാൻ തന്റെ കൈകാലുകൾ കെട്ടുന്നതിനു സൗമ്യതയോടെ കീഴ്പ്പെട്ടു.—ഉല്പത്തി 22:7-9.
18. മോശ മാതൃകായോഗ്യമായ കീഴ്പ്പെടൽ പ്രകടമാക്കിയതെങ്ങനെ?
18 വർഷങ്ങൾക്കുശേഷം, മോശ നമുക്കുവേണ്ടി ഭക്തിപൂർവകമായ കീഴ്പ്പെടലിന്റെ നല്ല ദൃഷ്ടാന്തം വെച്ചു. അദ്ദേഹം “ഭൂതലത്തിൽ ഉള്ള സകല മനുഷ്യരിലും അതിസൗമ്യനായിരുന്നു” എന്ന വർണ്ണന തീർച്ചയായും അതു സൂചിപ്പിക്കുന്നു. (സംഖ്യാപുസ്തകം 12:3) മരുഭൂമിയിൽ തനിക്കു ഇരുപത് അല്ലെങ്കിൽ മുപ്പതു ലക്ഷം വരുന്ന മത്സരികളായ ജനത്തിന്റെ മേൽവിചാരണ ഉണ്ടായിരുന്നുവെങ്കിലും യഹോവയുടെ കല്പനകൾ 40 വർഷം അനുസരണപൂർവം നിറവേററിയത് അദ്ദേഹത്തിന്റെ ഭക്തിപൂർവകമായ കീഴ്പ്പെടലിനെ കൂടുതലായി തെളിയിക്കുന്നു. അതുകൊണ്ട് “മോശെ അങ്ങനെ ചെയ്തു; യഹോവ തന്നോടു കല്പിച്ചതുപോലെയൊക്കെയും അവൻ ചെയ്തു” എന്നു രേഖ പറയുന്നു.—പുറപ്പാടു 40:16.
19. ഏതു പ്രസ്താവനകളാൽ ഇയ്യോബ് യഹോവയോടുള്ള തന്റെ കീഴ്പ്പെടൽ പ്രകടമാക്കി?
19 ഭക്തിപൂർവകമായ കീഴ്പ്പെടലിൽ നമുക്കു വിശിഷ്ട മാതൃക വെച്ച മറെറാരു പ്രമുഖ കഥാപാത്രമായിരുന്നു ഇയ്യോബ്. ഇയ്യോബിന്റെ സകല സ്വത്തുക്കളും തുടച്ചുനീക്കുന്നതിനും മക്കളെ കൊല്ലുന്നതിനും അനന്തരം അദ്ദേഹത്തിന്റെ “ഉള്ളങ്കാൽമുതൽ നെറുകവരെ വല്ലാത്ത പരുക്കളാൽ” ബാധിക്കുന്നതിനും യഹോവ സാത്താനെ അനുവദിച്ചശേഷം അദ്ദേഹത്തിന്റെ ഭാര്യ “നീ ഇനിയും നിന്റെ ഭക്തി മുറുകെ പിടിച്ചുകൊണ്ടിരിക്കുന്നുവോ? ദൈവത്തെ ത്യജിച്ചുപറഞ്ഞു മരിച്ചുകളക” എന്ന് അദ്ദേഹത്തോടു പറഞ്ഞു. എന്നിട്ടും “ഒരു പൊട്ടി സംസാരിക്കുന്നതുപോലെ നീ സംസാരിക്കുന്നു. നാം ദൈവത്തിന്റെ കയ്യിൽനിന്നു നൻമ കൈക്കൊള്ളുന്നു; തിൻമയും കൈക്കൊള്ളരുതോ” എന്നു പറഞ്ഞുകൊണ്ട് ഇയ്യോബ് തന്റെ ഭക്തിപൂർവകമായ കീഴ്പ്പെടൽ പ്രകടമാക്കി. (ഇയ്യോബ് 2:7-10) ഇയ്യോബ് 13:15-ൽ രേഖപ്പെടുത്തിയിരിക്കുന്ന, “അവൻ എന്നെ കൊന്നാലും ഞാൻ അവനെത്തന്നേ കാത്തിരിക്കും” എന്ന അദ്ദേഹത്തിന്റെ വാക്കുകൾ അതേ മാനസികഭാവം പ്രകടമാക്കുന്നവയാണ്. യഥാർത്ഥത്തിൽ ഇയ്യോബ് സ്വന്തം നീതിമത്കരണത്തിൽ അതിയായി തത്പരനായിരുന്നെങ്കിലും, ഒടുവിൽ യഹോവ അദ്ദേഹത്തിന്റെ സങ്കല്പിത ആശ്വാസകരിലൊരാളോട് “നിന്നോടും നിന്റെ രണ്ടു സ്നേഹിതൻമാരോടും എനിക്കു കോപം ജ്വലിച്ചിരിക്കുന്നു; എന്റെ ദാസനായ ഇയ്യോബിനെപ്പോലെ നിങ്ങൾ എന്നെക്കുറിച്ചു വിഹിതമായതു സംസാരിച്ചിട്ടില്ല” എന്നു പറഞ്ഞുവെന്നതു നാം അവഗണിക്കരുത്. നിസ്സംശയമായി, ഇയ്യോബ് ഭക്തിപൂർവകമായ കീഴ്പ്പെടലിന്റെ നല്ല മാതൃക ആയിരിക്കുന്നു.—ഇയ്യോബ് 42:7.
20. ദാവീദ് ഏതു വിധങ്ങളിൽ ഭക്തിപൂർവകമായ കീഴ്പ്പെടൽ പ്രകടമാക്കി?
20 എബ്രായതിരുവെഴുത്തുകളിൽനിന്ന് ഒരു ദൃഷ്ടാന്തംകൂടി പറഞ്ഞാൽ, ദാവീദ് ഉണ്ട്. ശൗൽരാജാവ്, ദാവീദ് ഒരു മൃഗമായിരുന്നാലെന്നപോലെ അദ്ദേഹത്തെ വേട്ടയാടിയപ്പോൾ ശൗലിനെ കൊന്നുകൊണ്ടു തന്റെ കുഴപ്പങ്ങൾ അവസാനിപ്പിക്കാൻ ദാവീദിനു രണ്ട് അവസരങ്ങൾ ലഭിച്ചു. എന്നിരുന്നാലും, ദാവീദിന്റെ ഭക്തിപൂർവകമായ കീഴ്പ്പെടൽ അങ്ങനെ ചെയ്യുന്നതിൽനിന്ന് അദ്ദേഹത്തെ തടഞ്ഞു. അദ്ദേഹത്തിന്റെ വാക്കുകൾ 1 ശമൂവേൽ 24:6-ൽ രേഖപ്പെടുത്തിയിരിക്കുന്നു: “യഹോവയുടെ അഭിഷിക്തനായ എന്റെ യജമാനന്റെ നേരെ കയ്യെടുക്കുന്നതായ ഈ കാര്യം ചെയ്വാൻ യഹോവ എനിക്കു ഇടവരുത്തരുതേ; അവൻ യഹോവയുടെ അഭിഷിക്തനല്ലോ.” (1 ശമൂവേൽ 26:9-11 കൂടെ കാണുക.) അദ്ദേഹം അതുപോലെതന്നെ തെററുകൾ ചെയ്യുകയോ പാപംചെയ്യുകയോ ചെയ്തപ്പോൾ ശാസന സ്വീകരിച്ചുകൊണ്ടു ഭക്തിപൂർവകമായ കീഴ്പ്പെടൽ പ്രകടമാക്കി.—2 ശമുവേൽ 12:13; 24:17; 1 ദിനവൃത്താന്തം 15:13.
കീഴ്പ്പെടലിൽ പൗലോസിന്റെ മാതൃക
21-23. ഏതു വിവിധ സന്ദർഭങ്ങളിൽ അപ്പോസ്തലനായ പൗലോസ് ഭക്തിപൂർവകമായ കീഴ്പ്പെടൽ പ്രകടമാക്കി?
21 ക്രിസ്തീയ ഗ്രീക്കു തിരുവെഴുത്തുകളിൽ, അപ്പോസ്തലനായ പൗലോസിൽ ഭക്തിപൂർവകമായ കീഴ്പ്പെടൽ സംബന്ധിച്ച ഒരു മുന്തിയ ദൃഷ്ടാന്തം നമുക്കുണ്ട്. ഇതിൽ അദ്ദേഹം തന്റെ അപ്പോസ്തലിക ശുശ്രൂഷയിലെ മറെറല്ലാ വശങ്ങളിലും ചെയ്തതുപോലെ തന്റെ യജമാനനായ യേശുക്രിസ്തുവിനെ അനുകരിച്ചു. (1 കൊരിന്ത്യർ 11:1) യഹോവയാം ദൈവം അപ്പോസ്തലൻമാരിൽ മററ് ഏതൊരാളെക്കാളും ശക്തമായി പൗലോസിനെ ഉപയോഗിച്ചെങ്കിലും അദ്ദേഹം ഒരിക്കലും സ്വതന്ത്രമായി പ്രവർത്തിച്ചില്ല. പുറജാതികളായ പരിവർത്തിതരെ പരിച്ഛേദന കഴിപ്പിക്കേണ്ടതുണ്ടോ എന്ന പ്രശ്നമുണ്ടായപ്പോൾ “പൗലോസും ബർന്നബാസും അവരിൽ [അന്ത്യോക്യയിലെ സഹോദരൻമാരിൽ] മററുചിലരും ഈ തർക്കസംഗതിയെപ്പററി യെരൂശലേമിൽ അപ്പോസ്തലൻമാരുടെയും മൂപ്പൻമാരുടെയും അടുക്കൽ പോകേണം എന്നു നിശ്ചയിച്ചു” എന്നു ലൂക്കോസ് നമ്മോടു പറയുന്നു.—പ്രവൃത്തികൾ 15:2.
22 പൗലോസിന്റെ മിഷനറിപ്രവർത്തനം സംബന്ധിച്ചു ഗലാത്യർ 2:9-ൽ നമ്മോട് ഇങ്ങനെ പറഞ്ഞിരിക്കുന്നു: “എനിക്കു ലഭിച്ച കൃപ അറിഞ്ഞുംകൊണ്ടു തൂണുകളായി എണ്ണപ്പെട്ടിരുന്ന യാക്കോബും കേഫാവും യോഹന്നാനും ഞങ്ങൾ ജാതികളുടെ ഇടയിലും അവർ പരിച്ഛേദനക്കാരുടെ ഇടയിലും സുവിശേഷം അറിയിപ്പാന്തക്കവണ്ണം എനിക്കും ബർന്നബാസിന്നും കൂട്ടായ്മയുടെ വലങ്കൈ തന്നു.” സ്വതന്ത്രമായി പ്രവർത്തിക്കാതെ പൗലോസ് മാർഗ്ഗനിർദ്ദേശം തേടി.
23 സമാനമായി, പൗലോസ് യെരൂശലേമിലായിരുന്ന ഒടുവിലത്തെ പ്രാവശ്യം, മോശയുടെ ന്യായപ്രമാണത്തെസംബന്ധിച്ചിടത്തോളം അദ്ദേഹം ഒരു വിശ്വാസത്യാഗിയല്ലെന്ന് എല്ലാവർക്കും കാണാൻ കഴിയേണ്ടതിനു ആലയത്തിൽ പോകുന്നതുസംബന്ധിച്ചും ന്യായപ്രമാണത്തിലെ നടപടി അനുസരിക്കുന്നതുസംബന്ധിച്ചും അവിടത്തെ മൂപ്പൻമാർ കൊടുത്ത ബുദ്ധ്യുപദേശം അനുസരിച്ചു. അദ്ദേഹം ചെയ്തതു വിപത്ക്കരമായി അദ്ദേഹത്തിനെതിരെ ഒരു ജനക്കൂട്ടം ഇളകുന്നതിൽ കലാശിച്ചതുകൊണ്ട് അദ്ദേഹം ആ മൂപ്പൻമാർക്കു കീഴ്പ്പെട്ടതു തെററായിരുന്നുവോ? പ്രവൃത്തികൾ 23:11-ൽ നാം വായിക്കുന്നതിൽനിന്നു തെളിയുന്ന പ്രകാരം ഒരുപ്രകാരത്തിലും തെററായിരുന്നില്ല: “രാത്രിയിൽ കർത്താവു അവന്റെ അടുക്കൽ നിന്നു: ധൈര്യമായിരിക്ക; നീ എന്നെക്കുറിച്ചു യെരൂശലേമിൽ സാക്ഷീകരിച്ചതുപോലെ റോമയിലും സാക്ഷീകരിക്കേണ്ടതാകുന്നു എന്നു അരുളിച്ചെയ്തു.”
24. അടുത്ത ലേഖനത്തിൽ കീഴ്പ്പെടലിന്റെ ഏതു കൂടുതലായ വശങ്ങൾ ചർച്ചചെയ്യപ്പെടും?
24 സത്യമായി, തിരുവെഴുത്തുകൾ നാം കീഴ്പ്പെട്ടിരിക്കുന്നതിനുള്ള ശക്തമായ കാരണങ്ങളും അങ്ങനെയുള്ള കീഴ്പ്പെടൽ പ്രകടമാക്കിയവരുടെ ശ്രദ്ധേയമായ ദൃഷ്ടാന്തങ്ങളും നമുക്കു നൽകുന്നു. അടുത്ത ലേഖനത്തിൽ, നമുക്കു യഹോവയാം ദൈവത്തിനു കീഴ്പ്പെട്ടിരിക്കാൻ കഴിയുന്ന വിവിധ മണ്ഡലങ്ങളും, നമുക്കങ്ങനെയായിരിക്കാനുള്ള വിവിധ സഹായങ്ങളും, കൈവരുന്ന പ്രതിഫലങ്ങളും നാം പരിചിന്തിക്കുന്നതായിരിക്കും.
നിങ്ങൾ എങ്ങനെ ഉത്തരം പറയും?
◻ ഏതു രൂപത്തിലുള്ള സ്വാതന്ത്ര്യം അഭികാമ്യമല്ല?
◻ കീഴ്പ്പെട്ടിരിക്കാൻ വിസമ്മതിക്കുന്നതിന്റെ മൂലകാരണമെന്താണ്?
◻ ഏതു കാരണങ്ങളാൽ നാം യഹോവക്കു കീഴ്പ്പെട്ടിരിക്കാൻ കടപ്പെട്ടിരിക്കുന്നു?
◻ ഭക്തിപൂർവകമായ കീഴ്പ്പെടൽ സംബന്ധിച്ചു തിരുവെഴുത്തുകൾ ഏതു നല്ല ദൃഷ്ടാന്തങ്ങൾ നൽകുന്നു?
[10-ാം പേജിലെ ചിത്രം]
നിമ്രോദ്, ഭക്തിപൂർവകമായ കീഴ്പ്പെടലിനോടു മത്സരിച്ച ആദ്യത്തെ പ്രളയാനന്തര ഭരണാധികാരി
[13-ാം പേജിലെ ചിത്രം]
നോഹ, ഭക്തിപൂർവകമായ കീഴ്പ്പെടലിന്റെ കുററമററ മാതൃക.—ഉല്പത്തി 6:14, 22