സ്നാനമേൽക്കാൻ ആഗ്രഹിക്കുന്നവർക്കുള്ള ചോദ്യങ്ങൾ
സ്നാനമേൽക്കാൻ തയ്യാറെടുത്തിരിക്കുന്നവരുമായുള്ള ഉപസംഹാരചർച്ച
യഹോവയുടെ സാക്ഷികളുടെ സമ്മേളനങ്ങളിലും കൺവെൻഷനുകളിലും ആണ് സാധാരണയായി സ്നാനം നടത്താറുള്ളത്. സ്നാനപ്രസംഗത്തിന്റെ ഒടുവിലായി പ്രസംഗകൻ സ്നാനമേൽക്കാൻ വന്നിരിക്കുന്നവരോട് എഴുന്നേറ്റുനിൽക്കാനും പിൻവരുന്ന രണ്ടു ചോദ്യങ്ങൾക്ക് ഉച്ചത്തിൽ മറുപടി പറയാനും ആവശ്യപ്പെടും:
1. നിങ്ങൾ സ്വന്തപാപങ്ങളെക്കുറിച്ച് പശ്ചാത്തപിക്കുകയും യഹോവയ്ക്കു നിങ്ങളെത്തന്നെ സമർപ്പിക്കുകയും യേശുക്രിസ്തുവിലൂടെ യഹോവ തുറന്നുതന്ന രക്ഷാമാർഗം അംഗീകരിക്കുകയും ചെയ്തിട്ടുണ്ടോ?
2. നിങ്ങളുടെ സ്നാനം നിങ്ങളെ യഹോവയുടെ സംഘടനയുടെ ഭാഗമാക്കിത്തീർക്കുമെന്നും നിങ്ങൾ ഇനിമുതൽ യഹോവയുടെ സാക്ഷികളിൽ ഒരാളായി അറിയപ്പെടുമെന്നും നിങ്ങൾ മനസ്സിലാക്കുന്നുണ്ടോ?
ഈ ചോദ്യങ്ങൾക്ക് ‘ഉവ്വ്’ എന്ന, ബോധ്യത്തോടെയുള്ള മറുപടി സ്നാനമേൽക്കാൻ എത്തിയിരിക്കുന്നവർ നടത്തുന്ന ഒരു ‘പരസ്യമായ പ്രഖ്യാപനം’ ആണ്. അവർ മോചനവിലയിൽ വിശ്വാസം അർപ്പിച്ചിരിക്കുന്നെന്നും തങ്ങളെത്തന്നെ യഹോവയ്ക്കു നിരുപാധികം സമർപ്പിച്ചിരിക്കുന്നെന്നും ഇതു തെളിയിക്കുന്നു. (റോമ. 10:9, 10) അതുകൊണ്ടുതന്നെ സ്നാനമേൽക്കാൻ തയ്യാറെടുക്കുന്നവർ, തങ്ങളുടെ വ്യക്തിപരമായ ബോധ്യത്തിനു ചേർച്ചയിൽ ഉത്തരങ്ങൾ പറയാൻ കഴിയേണ്ടതിന് ഈ ചോദ്യങ്ങളെക്കുറിച്ച് മുന്നമേതന്നെ പ്രാർഥനാപൂർവം ചിന്തിക്കേണ്ടതാണ്.
ഇനി യഹോവയെ മാത്രമേ ആരാധിക്കുകയുള്ളൂ എന്നും യഹോവയുടെ ഇഷ്ടം ചെയ്യുന്നതായിരിക്കും ജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്നും വാക്കുകൊടുത്തുകൊണ്ട് നിങ്ങൾ പ്രാർഥനയിൽ നിങ്ങളെത്തന്നെ യഹോവയ്ക്കു സമർപ്പിച്ചിട്ടുണ്ടോ?
‘ഏറ്റവും അടുത്ത അവസരത്തിൽത്തന്നെ എനിക്കു സ്നാനമേൽക്കാം’ എന്നു നിങ്ങൾക്ക് ഇപ്പോൾ ശരിക്കും തോന്നുന്നുണ്ടോ?
സ്നാനസമയത്തെ വസ്ത്രധാരണം എങ്ങനെയുള്ളതായിരിക്കണം? (1 തിമൊ. 2:9, 10; യോഹ. 15:19; ഫിലി. 1:10)
“സുബോധത്തോടെ, അന്തസ്സുള്ള വസ്ത്രം” ധരിക്കുന്നതു നമ്മുടെ ‘ദൈവഭക്തിയുടെ’ തെളിവാണ്. അതുകൊണ്ട് സ്നാനമേൽക്കുന്നവർ, ശരീരഭാഗങ്ങൾ പ്രദർശിപ്പിക്കുന്ന തരത്തിലുള്ള നീന്തൽവസ്ത്രങ്ങളും മുദ്രാവാക്യങ്ങളോ എഴുത്തുകളോ ഉള്ള വസ്ത്രങ്ങളും ഒഴിവാക്കണം. അവർ വൃത്തിയുള്ളതും മറ്റുള്ളവരെ അസ്വസ്ഥരാക്കാത്തതും സന്ദർഭത്തിനു യോജിച്ചതും ആയ വസ്ത്രങ്ങൾ വേണം ധരിക്കാൻ.
സ്നാനമേൽക്കുന്ന സമയത്ത് ഒരാളുടെ പെരുമാറ്റം എങ്ങനെയുള്ളതായിരിക്കണം? (ലൂക്കോ. 3:21, 22)
യേശുവിന്റെ സ്നാനമാണ് ഇന്നത്തെ ക്രിസ്തീയസ്നാനത്തിനു മാതൃക. സ്നാനം ഒരു ഗൗരവമുള്ള പടിയാണെന്നു യേശു മനസ്സിലാക്കി. അതു യേശുവിന്റെ മനോഭാവത്തിലും പെരുമാറ്റത്തിലും കാണാനുണ്ടായിരുന്നു. അതുകൊണ്ട്, സ്നാനസ്ഥലം കളിതമാശകൾക്കോ, നീന്തലിനോ ആ അവസരത്തിന്റെ പവിത്രത കുറച്ചുകളയുന്ന മറ്റ് എന്തെങ്കിലും പെരുമാറ്റത്തിനോ ഉള്ള വേദിയല്ല. താൻ ഒരു വലിയ നേട്ടം കൈവരിച്ചു എന്നതുപോലുള്ള ഭാവപ്രകടനങ്ങളൊന്നും സ്നാനമേറ്റുവരുന്ന ആളിൽനിന്ന് പ്രതീക്ഷിക്കുന്നില്ല. സ്നാനം സന്തോഷകരമായൊരു വേളയാണ്. ആ സന്തോഷം അന്തസ്സും മാന്യതയും ചോർന്നുപോകാതെ പ്രകടിപ്പിക്കുകയുമാവാം.
പതിവായി മീറ്റിങ്ങുകൾക്കു വരുന്നതും സഭയോടൊത്ത് സഹവസിക്കുന്നതും യഹോവയോടുള്ള നിങ്ങളുടെ സമർപ്പണത്തിനനുസരിച്ച് ജീവിക്കാൻ നിങ്ങളെ എങ്ങനെ സഹായിക്കും?
സ്നാനമേറ്റശേഷം വ്യക്തിപരമായ പഠനത്തിനും ക്രമമായി ശുശ്രൂഷയ്ക്കു പോകുന്നതിനും ഒരു നല്ല പട്ടിക ഉണ്ടായിരിക്കുന്നതു വളരെ പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
സഭാമൂപ്പന്മാർക്കുള്ള നിർദേശങ്ങൾ
സ്നാനമേറ്റിട്ടില്ലാത്ത ഒരു പ്രചാരകൻ സ്നാനമേൽക്കാനുള്ള ആഗ്രഹം അറിയിക്കുമ്പോൾ ആ വ്യക്തിയോട് ഈ പുസ്തകത്തിന്റെ 185-207 പേജുകളിലെ “സ്നാനമേൽക്കാൻ ആഗ്രഹിക്കുന്നവർക്കുള്ള ചോദ്യങ്ങൾ” എന്ന ഭാഗം ശ്രദ്ധയോടെ അവലോകനം ചെയ്യാൻ ആവശ്യപ്പെടുക. മൂപ്പന്മാരോടൊത്തുള്ള ചർച്ചകൾക്കായി എങ്ങനെ തയ്യാറാകാമെന്ന് 182-ാം പേജിൽ തുടങ്ങുന്ന, “സ്നാനമേറ്റിട്ടില്ലാത്ത പ്രചാരകനോട്. . . ” എന്ന ഭാഗം വിശദീകരിക്കുന്നുണ്ട്. അത് അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെടുത്തുക. അവിടെ പറഞ്ഞിരിക്കുന്നതുപോലെ, ചർച്ചയുടെ സമയത്ത് സ്നാനാർഥിക്കു കുറിപ്പുകൾ ഉപയോഗിക്കാം, ഈ പുസ്തകവും തുറന്നുവെക്കാവുന്നതാണ്. എന്നാൽ, മൂപ്പന്മാരുമൊത്തുള്ള ചർച്ചയ്ക്കു മുമ്പ് സ്നാനാർഥി വേറെ ആരുമായും ചോദ്യങ്ങൾ പുനരവലോകനം ചെയ്യേണ്ടതില്ല.
സ്നാനമേൽക്കാൻ ആഗ്രഹിക്കുന്ന ഒരാൾ അക്കാര്യം മൂപ്പന്മാരുടെ സംഘത്തിന്റെ ഏകോപകനെ അറിയിക്കണം. സ്നാനാർഥി, “സ്നാനമേൽക്കാൻ ആഗ്രഹിക്കുന്നവർക്കുള്ള ചോദ്യങ്ങൾ” എന്ന ഭാഗം വായിച്ചുകഴിയുമ്പോൾ മൂപ്പന്മാരുടെ സംഘത്തിന്റെ ഏകോപകൻ അദ്ദേഹത്തോട്, യഹോവയുടെ ഇഷ്ടം ചെയ്യാൻ അദ്ദേഹം പ്രാർഥനയിൽ തന്നെത്തന്നെ യഹോവയ്ക്കു സമർപ്പിച്ചിട്ടുണ്ടോ എന്നു ചോദിക്കും. അദ്ദേഹം സമർപ്പണം നടത്തിയിട്ടുണ്ടെങ്കിൽ “സ്നാനമേൽക്കാൻ ആഗ്രഹിക്കുന്നവർക്കുള്ള ചോദ്യങ്ങൾ” എന്ന ഭാഗത്തെ ചോദ്യങ്ങൾ ആ വ്യക്തിയുമായി ചർച്ച ചെയ്യാൻ മൂപ്പന്മാരുടെ സംഘത്തിന്റെ ഏകോപകൻ രണ്ടു മൂപ്പന്മാരെ നിയമിക്കും. രണ്ടു ഭാഗങ്ങളിൽ ഓരോന്നും ചർച്ച ചെയ്യേണ്ടത് വെവ്വേറെ മൂപ്പന്മാരാണ്. ചർച്ചകൾ നടത്താനായി ഒരു സമ്മേളനത്തെക്കുറിച്ചോ കൺവെൻഷനെക്കുറിച്ചോ ഉള്ള അറിയിപ്പു ലഭിക്കുന്നതുവരെ കാത്തിരിക്കേണ്ടതില്ല.
സാധാരണയായി രണ്ടു ഭാഗവും വെവ്വേറെ സമയത്ത് ഓരോ മണിക്കൂർ വീതമുള്ള ചർച്ചകളായി നടത്താനാകും. എന്നിരുന്നാലും, ആവശ്യമെങ്കിൽ കൂടുതൽ സമയമെടുക്കാം. ഓരോ ഭാഗവും തുടങ്ങുന്നതും അവസാനിപ്പിക്കുന്നതും പ്രാർഥനയോടെ ആയിരിക്കണം. ചോദ്യങ്ങൾ ചർച്ച ചെയ്യുമ്പോൾ സ്നാനാർഥിയോ മൂപ്പന്മാരോ തിരക്കുകൂട്ടരുത്. ചർച്ചയ്ക്കായി നിയമിച്ചിരിക്കുന്ന മൂപ്പന്മാർ അവരുടെ പട്ടികയിൽ ഈ ചർച്ചയ്ക്കു മുൻഗണന കൊടുക്കേണ്ടതാണ്.
സ്നാനാർഥികളെ എല്ലാവരെയും ഒന്നിച്ചിരുത്തി ചോദ്യങ്ങൾ ചോദിക്കുന്നതിനു പകരം ഓരോ സ്നാനാർഥിയോടും വ്യക്തിപരമായി ചോദ്യങ്ങൾ ചോദിക്കുന്നതാണു സാധാരണഗതിയിൽ ഏറെ നല്ലത്. സ്നാനാർഥി ഓരോ ചോദ്യങ്ങൾക്കും അഭിപ്രായം പറയുമ്പോൾ അദ്ദേഹം എത്രത്തോളം ഗ്രഹിച്ചു എന്നതിനെക്കുറിച്ച് മൂപ്പന്മാർക്കു വ്യക്തമായൊരു ചിത്രം കിട്ടും. കൂടാതെ, അദ്ദേഹം സ്നാനത്തിനു തയ്യാറായിട്ടുണ്ടോ എന്ന കാര്യത്തിൽ യാതൊരു സംശയവും ശേഷിക്കുകയുമില്ല. മാത്രമല്ല, ഈയൊരു പശ്ചാത്തലത്തിൽ സ്നാനാർഥി തന്റെ അഭിപ്രായങ്ങൾ തുറന്നുപറയാൻ കൂടുതൽ ചായ്വ് കാട്ടും എന്നൊരു മെച്ചവും ഇതിനുണ്ട്. ഭാര്യാഭർത്താക്കന്മാരെ ഒരുമിച്ചിരുത്തി ചർച്ച നടത്താവുന്നതാണ്.
സ്നാനാർഥി ഒരു സഹോദരിയാണെങ്കിലോ? മറ്റുള്ളവർക്കു വ്യക്തമായി കാണാവുന്ന, എന്നാൽ വിവരങ്ങൾ അവർക്കു കേൾക്കാനാകാത്ത, സ്ഥലത്ത് ഇരുന്നാണു ചർച്ച ചെയ്യേണ്ടത്. മറ്റൊരാളെ കൂടെ കൂട്ടേണ്ടതുണ്ടെങ്കിൽ അദ്ദേഹം ഒരു മൂപ്പനോ ശുശ്രൂഷാദാസനോ ആയിരിക്കണം. അവലോകനം ചെയ്യുന്ന ഭാഗം ഏതാണ് എന്നു കണക്കിലെടുത്തുവേണം ഇവരിൽ ആരെ കൂടെക്കൂട്ടണമെന്നു തീരുമാനിക്കാൻ. പിൻവരുന്ന ഖണ്ഡികയിൽ അതെക്കുറിച്ച് വിശദീകരിച്ചിട്ടുണ്ട്.
മൂപ്പന്മാരുടെ എണ്ണം വളരെ കുറവുള്ള സഭകളിൽ, നല്ല തീരുമാനശേഷിയും വിവേകവും ഉണ്ടെന്നു തെളിയിച്ചിട്ടുള്ള പ്രാപ്തരായ ശുശ്രൂഷാദാസന്മാരെ “ഭാഗം 1: ക്രിസ്തീയവിശ്വാസങ്ങൾ” എന്നതിനു കീഴിലെ ചോദ്യങ്ങൾ ചർച്ച ചെയ്യാൻ നിയോഗിക്കാവുന്നതാണ്. എന്നാൽ “ഭാഗം 2: ക്രിസ്തീയജീവിതം” എന്നതു മൂപ്പന്മാർ മാത്രമേ കൈകാര്യം ചെയ്യാവൂ. സഭയിൽ യോഗ്യതയുള്ള വേണ്ടത്ര സഹോദരന്മാരില്ലെങ്കിൽ അടുത്തുള്ള സഭയ്ക്കു സഹായിക്കാനാകുമോ എന്ന് അറിയാൻ സർക്കിട്ട് മേൽവിചാരകനെ വിവരം അറിയിക്കാവുന്നതാണ്.
സ്നാനാർഥി പ്രായപൂർത്തിയാകാത്ത ഒരാളാണെങ്കിൽ ചർച്ചയുടെ സമയത്ത് വിശ്വാസികളായ മാതാപിതാക്കൾ രണ്ടുപേരുമോ അവരിൽ ഒരാളോ കൂടെ ഉണ്ടായിരിക്കണം. അവർക്ക് വരാൻ കഴിയില്ലെങ്കിൽ ഓരോ ഭാഗവും ചർച്ച ചെയ്യുമ്പോൾ രണ്ടു മൂപ്പന്മാർ (അല്ലെങ്കിൽ ചർച്ച ചെയ്യുന്ന ഭാഗമനുസരിച്ച്, മൂപ്പനോടൊപ്പം ഒരു ശുശ്രൂഷാദാസൻ) ഉണ്ടായിരിക്കണം.
സ്നാനമേൽക്കാൻ ആഗ്രഹിക്കുന്ന വ്യക്തി അടിസ്ഥാന ബൈബിളുപദേശങ്ങൾ സംബന്ധിച്ച് ന്യായമായ അളവിൽ അറിവ് നേടിയിട്ടുണ്ടെന്നു മൂപ്പന്മാർ ഉറപ്പാക്കും. കൂടാതെ, ഈ വ്യക്തി സത്യത്തെ ആഴമായി വിലമതിക്കുന്നുണ്ടെന്നും യഹോവയുടെ സംഘടനയോട് ഉചിതമായ ആദരവുള്ള ആളാണെന്നും അവർ ഉറപ്പുവരുത്തും. ഈ വ്യക്തിക്ക് അടിസ്ഥാന ബൈബിളുപദേശങ്ങൾ മനസ്സിലായിട്ടില്ലെങ്കിൽ അദ്ദേഹത്തിനു സഹായം കൊടുക്കാൻ മൂപ്പന്മാർ ക്രമീകരണം ചെയ്യും. പിന്നീട് ഒരവസരത്തിൽ സ്നാനമേൽക്കാനുള്ള യോഗ്യതയിലെത്താൻ അത് അദ്ദേഹത്തെ സഹായിക്കും. മറ്റു ചിലർക്കു വയൽശുശ്രൂഷയോടു കൂടുതൽ വിലമതിപ്പു വളർത്തിയെടുക്കേണ്ടതുണ്ടായിരിക്കാം. അല്ലെങ്കിൽ സംഘടനാക്രമീകരണങ്ങളോടുള്ള കീഴ്പെടലിന്റെ കാര്യത്തിൽ കൂടുതൽ പുരോഗതി വരുത്തേണ്ടതുണ്ടായിരിക്കാം. ഈ വ്യക്തി സ്നാനമേൽക്കാൻ സജ്ജനാണോ എന്നു തീരുമാനിക്കാനാണല്ലോ ഓരോ ഭാഗവും ചർച്ച ചെയ്യുന്നത്. ഓരോ ഭാഗത്തിനുമായി ചെലവഴിക്കുന്ന ഒരു മണിക്കൂറോ മറ്റോ സമയംകൊണ്ട് ഇക്കാര്യം മനസ്സിലാക്കാൻ, ഓരോ ചോദ്യങ്ങൾക്കും എത്ര സമയം വിനിയോഗിക്കണം എന്നു മൂപ്പന്മാർ വിവേകപൂർവം തീരുമാനിക്കണം. ചില ചോദ്യങ്ങൾക്കു കൂടുതൽ സമയമെടുത്തേക്കാം, ചിലതിനു കുറച്ചും. എന്തായാലും മുഴുവൻ ചോദ്യങ്ങളും അവലോകനം ചെയ്തിരിക്കണം.
സ്നാനാർഥിയുമായി ചോദ്യങ്ങൾ അവലോകനം ചെയ്യാൻ നിയമനം കിട്ടിയിട്ടുള്ള മൂപ്പന്മാർ, രണ്ടാം ഭാഗം കഴിയുമ്പോൾ ഒരുമിച്ച് കൂടിവന്ന് വ്യക്തിക്കു സ്നാനമേൽക്കാൻ യോഗ്യതയുണ്ടോ ഇല്ലയോ എന്നു തീരുമാനിക്കും. ഓരോ വ്യക്തിയുടെയും പശ്ചാത്തലം, കഴിവുകൾ, മറ്റു സാഹചര്യങ്ങൾ എല്ലാം പരിഗണിക്കും. ആ വ്യക്തി യഹോവയുമായി ഒരു ബന്ധം വളർത്തിയെടുത്തിട്ടുണ്ടോ എന്നും അടിസ്ഥാന ബൈബിൾസത്യങ്ങൾ മനസ്സിലാക്കിയിട്ടുണ്ടോ എന്നും കണ്ടെത്താനാണു മൂപ്പന്മാർ ശ്രമിക്കുന്നത്. നിങ്ങൾ നൽകുന്ന സ്നേഹപുരസ്സരമായ സഹായം, സ്നാനാർഥികളെ സന്തോഷവാർത്തയുടെ ശുശ്രൂഷകരെന്ന അതിപ്രധാനനിയമനം നിറവേറ്റാൻ സജ്ജരാക്കും.
തുടർന്ന്, സ്നാനാർഥിയുമായി ചർച്ച നടത്തിയ മൂപ്പന്മാരിൽ ഒരാളോ രണ്ടു പേരുമോ വ്യക്തിയെ കണ്ട് സ്നാനമേൽക്കാൻ അദ്ദേഹത്തിനു യോഗ്യത ഉണ്ടോ ഇല്ലയോ എന്ന് അറിയിക്കണം. വ്യക്തിക്കു യോഗ്യതയുണ്ടെങ്കിൽ ഈ പുസ്തകത്തിന്റെ 206-207 പേജുകളിലെ “സ്നാനമേൽക്കാൻ തയ്യാറെടുത്തിരിക്കുന്നവരുമായുള്ള ഉപസംഹാരചർച്ച” എന്ന ഭാഗം മൂപ്പന്മാർ അവലോകനം ചെയ്യണം. സ്നാനാർഥി ഇതിനോടകം ജീവിതം ആസ്വദിക്കാം പുസ്തകം പഠിച്ചുതീർന്നിട്ടില്ലെങ്കിൽ സ്നാനമേറ്റശേഷം ബൈബിൾപഠനം തുടരാൻ മൂപ്പന്മാർ അദ്ദേഹത്തോടു പറയണം. സഭാപ്രചാരക രേഖയിൽ അദ്ദേഹത്തിന്റെ സ്നാനത്തീയതി രേഖപ്പെടുത്തുമെന്ന് അദ്ദേഹത്തോടു പറയണം. മൂപ്പന്മാർ അദ്ദേഹത്തെക്കുറിച്ചുള്ള വ്യക്തിപരമായ ഈ വിവരം ശേഖരിക്കുന്നതിന്റെ ഒരു ഉദ്ദേശ്യം യഹോവയുടെ സാക്ഷികളുടെ മതപ്രവർത്തനങ്ങൾ ലോകവ്യാപകമായി നടത്തിക്കൊണ്ടുപോകാൻ സംഘടനയെ സഹായിക്കുക എന്നതാണെന്നും ഇനി അദ്ദേഹത്തിനുതന്നെ സഭയുടെ ആത്മീയപ്രവർത്തനങ്ങളിൽ പങ്കുപറ്റാനും ആത്മീയപിന്തുണ ലഭിക്കാനും ഇത് ഉപകരിക്കുമെന്നും അദ്ദേഹത്തോടു പറയുക. അതിനു പുറമേ ഒരാളെക്കുറിച്ചുള്ള വ്യക്തിപരമായ വിവരങ്ങൾ ഉപയോഗിക്കുന്നത് എപ്പോഴും jw.org-ലെ ആഗോള വിവരസംരക്ഷണനയത്തിനു ചേർച്ചയിൽ മാത്രമായിരിക്കുമെന്നും പുതിയ പ്രചാരകരെ മൂപ്പന്മാർക്ക് ഓർമിപ്പിക്കാവുന്നതാണ്. ഈ ഉപസംഹാരചർച്ചയ്ക്കു സാധാരണഗതിയിൽ പത്തു മിനിട്ടോ അതിൽ കുറവോ മതിയാകും.
പ്രചാരകർ സ്നാനമേറ്റ് ഒരു വർഷം പിന്നിടുമ്പോൾ രണ്ടു മൂപ്പന്മാർ അദ്ദേഹത്തോടൊപ്പം കൂടിവന്ന് പ്രോത്സാഹനവും സഹായകമായ നിർദേശങ്ങളും നൽകണം. മൂപ്പന്മാരിൽ ഒരാൾ അദ്ദേഹത്തിന്റെ ഗ്രൂപ്പ് മേൽവിചാരകനായിരിക്കണം. സ്നാനമേറ്റയാൾക്കു പ്രായപൂർത്തിയായിട്ടില്ലെങ്കിൽ, വിശ്വാസികളായ മാതാപിതാക്കളിൽ രണ്ടുപേരെയുമോ അവരിൽ ഒരാളെയോ ഒപ്പം വിളിക്കണം. ഈ കൂടിക്കാഴ്ച വളരെ ഊഷ്മളവും ആ വ്യക്തിയുടെ മനസ്സിനു ബലവും ഉന്മേഷവും പകരുന്നതും ആയിരിക്കണം. അദ്ദേഹത്തിന്റെ ആത്മീയപുരോഗതിയെക്കുറിച്ച് മൂപ്പന്മാർ അദ്ദേഹത്തോടു സംസാരിക്കും. കൂടാതെ, വ്യക്തിപരമായ പഠനം, ദിവസവുമുള്ള ബൈബിൾവായന, ആഴ്ചതോറുമുള്ള കുടുംബാരാധന, യോഗങ്ങൾക്കു പതിവായി ഹാജരായിക്കൊണ്ട് ആത്മാർഥമായുള്ള പങ്കുപറ്റൽ, ആഴ്ചതോറുമുള്ള വയൽശുശ്രൂഷ തുടങ്ങിയ കാര്യങ്ങളിൽ അടുക്കും ചിട്ടയും ഉള്ളവരായി തുടരാൻ പ്രായോഗികമായി എന്തു ചെയ്യാമെന്നും പറഞ്ഞുകൊടുക്കാം. (എഫെ. 5:15, 16) ജീവിതം ആസ്വദിക്കാം പുസ്തകം പഠിച്ചുതീർന്നിട്ടില്ലെങ്കിൽ ബൈബിൾപഠനം തുടരാൻ മൂപ്പന്മാർ ആരെയെങ്കിലും ക്രമീകരിക്കണം. ഹൃദയപൂർവം ഉദാരമായി അദ്ദേഹത്തെ അഭിനന്ദിക്കാൻ മൂപ്പന്മാർ മറക്കരുത്! എന്നാൽ, ഉപദേശങ്ങളോ നിർദേശങ്ങളോ നൽകണമെങ്കിൽ സാധാരണഗതിയിൽ അത് ഒന്നോ രണ്ടോ കാര്യങ്ങളിൽ ഒതുക്കുന്നതു നന്നായിരിക്കും.