വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • bhs അധ്യാ. 6 പേ. 62-70
  • മരിച്ചവർ എവിടെയാണ്‌?

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • മരിച്ചവർ എവിടെയാണ്‌?
  • ബൈബിൾ എന്താണ്‌ പഠിപ്പിക്കുന്നത്‌?
  • ബൈബിൾ പഠിപ്പിക്കുന്നു-ൽ വായിക്കുക
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • മരിച്ചവർ എവി​ടെ​യാണ്‌?
  • മരണ​ത്തെ​ക്കു​റിച്ച്‌ യേശു പറഞ്ഞത്‌
  • എന്തു​കൊ​ണ്ടാ​ണു നമ്മൾ മരിക്കു​ന്നത്‌?
  • സത്യം നമ്മളെ സ്വത​ന്ത്ര​രാ​ക്കു​ന്നു
  • നമ്മൾ വയസ്സാ​കു​ക​യും മരിക്കു​ക​യും ചെയ്യു​ന്നത്‌ എന്തുകൊണ്ടാണ്‌?
    2019 വീക്ഷാഗോപുരം (പൊതുപതിപ്പ്‌)
  • അവർ സാത്താന്റെ വാക്കു കേട്ടു​—എന്തു സംഭവിച്ചു?
    ദൈവം പറയുന്നതു കേൾക്കൂ! എന്നെന്നും ജീവിക്കൂ!
  • മരിച്ച പ്രിയപ്പെട്ടവർക്ക്‌ എന്തു പ്രത്യാശ?
    മരിച്ച പ്രിയപ്പെട്ടവർക്ക്‌ എന്തു പ്രത്യാശ?
  • കഷ്ടപ്പാട്‌ നിറഞ്ഞ ജീവിതം തുടങ്ങുന്നു
    എന്റെ ബൈബിൾ കഥാപുസ്‌തകം
കൂടുതൽ കാണുക
ബൈബിൾ എന്താണ്‌ പഠിപ്പിക്കുന്നത്‌?
bhs അധ്യാ. 6 പേ. 62-70

അധ്യായം ആറ്‌

മരിച്ചവർ എവി​ടെ​യാണ്‌?

1-3. മരണ​ത്തെ​ക്കു​റിച്ച്‌ ആളുകൾ ഏതു ചോദ്യ​ങ്ങൾ ചോദി​ക്കു​ന്നു? ചില മതങ്ങൾ അവയ്‌ക്ക്‌ എന്ത്‌ ഉത്തരം നൽകുന്നു?

‘മരണം ഉണ്ടായി​രി​ക്കി​ല്ലാത്ത’ ഒരു കാലം വരു​മെന്നു ബൈബിൾ ഉറപ്പു തരുന്നു. (വെളി​പാട്‌ 21:4) മോച​ന​വില എന്ന ക്രമീ​ക​ര​ണ​ത്തി​ലൂ​ടെ നമുക്കു നിത്യം ജീവി​ക്കാ​നുള്ള അവസരം തുറന്നു​കി​ട്ടി​യെന്ന്‌ 5-ാം അധ്യാ​യ​ത്തിൽ നമ്മൾ പഠിച്ചു. പക്ഷേ ആളുകൾ ഇപ്പോ​ഴും മരിക്കു​ന്നുണ്ട്‌. (സഭാ​പ്ര​സം​ഗകൻ 9:5) അതു​കൊണ്ട്‌ നമ്മുടെ മനസ്സിൽ വരുന്ന ഒരു പ്രധാ​ന​പ്പെട്ട ചോദ്യ​മാണ്‌, ‘മരിക്കു​മ്പോൾ നമുക്ക്‌ എന്തു സംഭവി​ക്കു​ന്നു’ എന്നത്‌.

2 നമ്മുടെ പ്രിയ​പ്പെട്ട ആരെങ്കി​ലും മരിക്കു​മ്പോൾ ഈ ചോദ്യ​ത്തിന്‌ ഉത്തരം കിട്ടാൻ നമ്മൾ ആഗ്രഹി​ക്കും. നമ്മൾ ഇങ്ങനെ​യൊ​ക്കെ ചിന്തി​ച്ചേ​ക്കാം: ‘മരിച്ച​യാൾ ഇപ്പോൾ എവി​ടെ​യാണ്‌? അയാൾ നമ്മളെ കാണു​ന്നു​ണ്ടോ? അയാൾക്കു നമ്മളെ സഹായി​ക്കാ​നാ​കു​മോ? നമുക്ക്‌ അയാളെ വീണ്ടും കാണാൻ പറ്റുമോ?’

3 ആ ചോദ്യ​ങ്ങൾക്കു പലപല ഉത്തരങ്ങ​ളാ​ണു മതങ്ങൾ നൽകു​ന്നത്‌. ഒരു നല്ല മനുഷ്യ​നാ​ണെ​ങ്കിൽ നിങ്ങൾ സ്വർഗ​ത്തിൽ പോകു​മെ​ന്നും ചീത്തയാ​ളാ​ണെ​ങ്കിൽ നരകത്തി​ലെ തീയിൽ ദണ്ഡിപ്പി​ക്ക​പ്പെ​ടു​മെ​ന്നും ചില മതങ്ങൾ പഠിപ്പി​ക്കു​ന്നു. മറ്റു ചിലർ പറയു​ന്നതു മരണ​ശേഷം നിങ്ങൾ ഒരു ആത്മാവാ​യി​ത്തീ​രു​മെ​ന്നും മരിച്ചു​പോയ കുടും​ബാം​ഗ​ങ്ങ​ളു​ടെ​കൂ​ടെ ജീവി​ക്കു​മെ​ന്നും ആണ്‌. ഇനി വേറെ ചിലർ പറയു​ന്നതു മരിച്ച്‌ കഴിഞ്ഞ്‌ നിങ്ങളെ ന്യായം വിധി​ക്കു​മെ​ന്നും അതിനു ശേഷം നിങ്ങൾക്ക്‌ ഒരു പുനർജ​ന്മ​മു​ണ്ടെ​ന്നും, അതായത്‌ മറ്റൊരു ശരീര​ത്തോ​ടെ നിങ്ങൾ ജീവനി​ലേക്കു തിരി​ച്ചു​വ​രു​മെ​ന്നും, ആണ്‌. അത്‌ ഒരുപക്ഷേ മറ്റൊരു വ്യക്തി​യാ​യി​ട്ടോ ഒരു മൃഗമാ​യി​ട്ടു​പോ​ലു​മോ ആകാം.

4. മരണ​ത്തെ​ക്കു​റിച്ച്‌ മതങ്ങൾ ഏത്‌ അടിസ്ഥാ​ന​പ​ര​മായ ആശയമാ​ണു പഠിപ്പി​ക്കു​ന്നത്‌?

4 ഓരോ മതവും പഠിപ്പി​ക്കു​ന്നത്‌ പരസ്‌പ​ര​ബ​ന്ധ​മി​ല്ലാത്ത കാര്യ​ങ്ങ​ളാ​ണെന്നു തോന്നും. എന്നാൽ മിക്കവാ​റും എല്ലാ മതങ്ങളും പഠിപ്പി​ക്കു​ന്നത്‌ അടിസ്ഥാ​ന​പ​ര​മാ​യി ഒരു ആശയമാണ്‌: ഒരു മനുഷ്യൻ മരിക്കു​മ്പോൾ അയാളി​ലെ ഒരു ഭാഗം തുടർന്നും ജീവി​ക്കു​ന്നു. അതു ശരിയാ​ണോ?

മരിച്ചവർ എവി​ടെ​യാണ്‌?

5, 6. മരിക്കു​മ്പോൾ നമുക്ക്‌ എന്തു സംഭവി​ക്കു​ന്നു?

5 മരിക്കു​മ്പോൾ നമുക്ക്‌ എന്തു സംഭവി​ക്കു​മെന്ന്‌ യഹോ​വയ്‌ക്ക്‌ അറിയാം. ഒരാൾ മരിക്കു​മ്പോൾ അയാളു​ടെ ജീവൻ അവസാ​നി​ക്കു​ന്നു എന്ന്‌ യഹോവ പറഞ്ഞി​രി​ക്കു​ന്നു. ജീവന്റെ നേർവി​പ​രീ​ത​മാ​ണു മരണം. അതു​കൊണ്ട്‌ ആരെങ്കി​ലും മരിക്കു​മ്പോൾ അതോടെ അയാളു​ടെ ചിന്തക​ളും ഓർമ​ക​ളും നശിക്കു​ന്നു, പിന്നീട്‌ മറ്റെവി​ടെ​യെ​ങ്കി​ലും ജീവി​ക്കു​ന്നില്ല.a മരിച്ചു​ക​ഴി​ഞ്ഞാൽ പിന്നെ നമുക്ക്‌ ഒന്നും കാണാ​നോ കേൾക്കാ​നോ ചിന്തി​ക്കാ​നോ കഴിയില്ല.

6 “മരിച്ചവർ ഒന്നും അറിയു​ന്നില്ല” എന്നു ശലോ​മോൻ രാജാവ്‌ എഴുതി. മരിച്ച​വർക്കു സ്‌നേ​ഹി​ക്കാ​നോ വെറു​ക്കാ​നോ കഴിയില്ല. “ശവക്കു​ഴി​യിൽ പ്രവൃ​ത്തി​യും ആസൂ​ത്ര​ണ​വും അറിവും ജ്ഞാനവും ഒന്നുമില്ല.” (സഭാ​പ്ര​സം​ഗകൻ 9:5, 6, 10 വായി​ക്കുക.) സങ്കീർത്തനം 146:4-ൽ ഒരാൾ മരിക്കു​മ്പോൾ അയാളു​ടെ ‘ചിന്തക​ളും’ മരിക്കു​ന്നെന്ന്‌ ബൈബിൾ പറയുന്നു.

മരണ​ത്തെ​ക്കു​റിച്ച്‌ യേശു പറഞ്ഞത്‌

ഒരു ഭാര്യയും ഭർത്താവും പൂന്തോട്ടത്തിൽ ഇരുന്ന്‌ ഒരു പൂവിന്റെ ഭംഗി ആസ്വദിക്കുന്നു

യഹോവ മനുഷ്യ​രെ സൃഷ്ടി​ച്ചത്‌ ഭൂമി​യിൽ എന്നെന്നും ജീവി​ക്കാ​നാണ്‌

7. മരണ​ത്തെ​ക്കു​റിച്ച്‌ യേശു എന്താണു പറഞ്ഞത്‌?

7 ഉറ്റ സ്‌നേ​ഹി​ത​നായ ലാസർ മരിച്ച സമയത്ത്‌ യേശു ശിഷ്യ​ന്മാ​രോ​ടു പറഞ്ഞു: “നമ്മുടെ കൂട്ടു​കാ​ര​നായ ലാസർ ഉറങ്ങു​ക​യാണ്‌.” ലാസർ വിശ്ര​മി​ക്കു​ക​യാ​ണെന്നല്ല യേശു ഉദ്ദേശി​ച്ചത്‌. കാരണം “ലാസർ മരിച്ചു​പോ​യി” എന്ന്‌ യേശു തുടർന്ന്‌ പറഞ്ഞു. (യോഹ​ന്നാൻ 11:11-14) യേശു ഇവിടെ മരണത്തെ ഉറക്ക​ത്തോ​ടാണ്‌ ഉപമി​ച്ചത്‌. ലാസർ സ്വർഗ​ത്തി​ലാ​ണെ​ന്നോ മരിച്ചു​പോയ കുടും​ബാം​ഗ​ങ്ങ​ളു​ടെ​കൂ​ടെ​യാ​ണെ​ന്നോ അതുമ​ല്ലെ​ങ്കിൽ ലാസർ നരകത്തിൽ യാതന അനുഭ​വി​ക്കു​ക​യാ​ണെ​ന്നോ മറ്റൊരു മനുഷ്യ​നോ മൃഗമോ ആയി പുനർജ​നി​ച്ചെ​ന്നോ ഒന്നും യേശു പറഞ്ഞില്ല. പകരം ഒരാൾ നല്ല ഉറക്കത്തി​ലാ​യി​രു​ന്നാൽ എങ്ങനെ​യാ​ണോ അതു​പോ​ലെ​യാ​യി​രു​ന്നു ലാസർ. മറ്റു തിരു​വെ​ഴു​ത്തു​ക​ളും മരണത്തെ ഉറക്ക​ത്തോട്‌ ഉപമി​ച്ചി​ട്ടുണ്ട്‌. സ്‌തെ​ഫാ​നൊ​സി​ന്റെ മരണ​ത്തെ​ക്കു​റിച്ച്‌ ബൈബിൾ പറയു​ന്നത്‌ “സ്‌തെ​ഫാ​നൊസ്‌ ഉറങ്ങി” എന്നാണ്‌. (പ്രവൃ​ത്തി​കൾ 7:60, അടിക്കു​റിപ്പ്‌) മരിച്ചു​പോയ ചില ക്രിസ്‌ത്യാ​നി​ക​ളെ​ക്കു​റിച്ച്‌ എഴുതി​യ​പ്പോൾ പൗലോസ്‌ അപ്പോസ്‌ത​ല​നും ‘അവർ ഉറങ്ങി’ എന്നു പറഞ്ഞു.—1 കൊരി​ന്ത്യർ 15:6, അടിക്കു​റിപ്പ്‌.

8. മരിക്കാൻവേ​ണ്ടി​യല്ല ദൈവം മനുഷ്യ​നെ സൃഷ്ടി​ച്ച​തെന്നു നമുക്ക്‌ എങ്ങനെ അറിയാം?

8 കുറച്ചു​കാ​ലം ജീവി​ച്ചിട്ട്‌ മരിക്കാ​നാ​ണോ ദൈവം ആദാമി​നെ​യും ഹവ്വയെ​യും സൃഷ്ടി​ച്ചത്‌? അല്ല. ഒരു രോഗ​വു​മി​ല്ലാ​തെ നല്ല ആരോ​ഗ്യ​ത്തോ​ടെ എന്നും ജീവി​ച്ചി​രി​ക്കാ​നാണ്‌ യഹോവ അവരെ സൃഷ്ടി​ച്ചത്‌. യഹോവ മനുഷ്യ​നെ സൃഷ്ടി​ച്ച​പ്പോൾ നിത്യ​മാ​യി ജീവി​ക്കാ​നുള്ള ആഗ്രഹ​വും അവർക്കു കൊടു​ത്തു. (സഭാ​പ്ര​സം​ഗകൻ 3:11) മക്കൾ വാർധ​ക്യം ചെല്ലു​ന്ന​തോ മരിക്കു​ന്ന​തോ കാണാൻ ഒരു അപ്പനും അമ്മയും ആഗ്രഹി​ക്കില്ല. അതേ വികാ​ര​മാ​ണു നമ്മളെ​ക്കു​റിച്ച്‌ യഹോ​വയ്‌ക്കു​മു​ള്ളത്‌. എന്നെന്നും ജീവി​ക്കാൻവേ​ണ്ടി​യാ​ണു ദൈവം നമ്മളെ സൃഷ്ടി​ച്ച​തെ​ങ്കിൽ പിന്നെ എന്തു​കൊ​ണ്ടാ​ണു നമ്മൾ മരിക്കു​ന്നത്‌?

എന്തു​കൊ​ണ്ടാ​ണു നമ്മൾ മരിക്കു​ന്നത്‌?

9. യഹോവ ആദാമി​നും ഹവ്വയ്‌ക്കും കൊടുത്ത കല്‌പന ന്യായ​മാ​യി​രു​ന്നത്‌ എന്തു​കൊണ്ട്‌?

9 ഏദെൻ തോട്ട​ത്തിൽവെച്ച്‌ യഹോവ ആദാമി​നോ​ടു പറഞ്ഞു: “തോട്ട​ത്തി​ലെ എല്ലാ മരങ്ങളിൽനി​ന്നും തൃപ്‌തി​യാ​കു​വോ​ളം നിനക്കു തിന്നാം. എന്നാൽ ശരി​തെ​റ്റു​ക​ളെ​ക്കു​റി​ച്ചുള്ള അറിവി​ന്റെ മരത്തിൽനിന്ന്‌ തിന്നരുത്‌, അതിൽനിന്ന്‌ തിന്നുന്ന ദിവസം നീ നിശ്ചയ​മാ​യും മരിക്കും.” (ഉൽപത്തി 2:9, 16, 17) ആ വ്യക്തമായ കല്‌പന അനുസ​രി​ക്കാൻ ഒരു പ്രയാ​സ​വു​മി​ല്ലാ​യി​രു​ന്നു. ശരിയും തെറ്റും എന്താ​ണെന്ന്‌ ആദാമി​നോ​ടും ഹവ്വയോ​ടും പറയാ​നുള്ള അവകാ​ശ​വും യഹോ​വയ്‌ക്കു​ണ്ടാ​യി​രു​ന്നു. അത്‌ അനുസ​രി​ച്ചു​കൊണ്ട്‌ യഹോ​വ​യു​ടെ അധികാ​രത്തെ മാനി​ക്കു​ന്നെന്നു കാണി​ക്കാൻ അവർക്കു കഴിയു​മാ​യി​രു​ന്നു. കൂടാതെ ദൈവം അവർക്കു കൊടുത്ത എല്ലാത്തി​നും നന്ദിയു​ള്ള​വ​രാ​ണെന്നു കാണി​ക്കാ​നുള്ള ഒരു മാർഗ​വു​മാ​യി​രു​ന്നു അത്‌.

10, 11. (എ) ആദാമി​നെ​യും ഹവ്വയെ​യും സാത്താൻ വഴി​തെ​റ്റി​ച്ചത്‌ എങ്ങനെ? (ബി) ആദാമും ഹവ്വയും ചെയ്‌ത​തിന്‌ ഒരു ഒഴിക​ഴി​വും പറയാ​നി​ല്ലാ​ത്തത്‌ എന്തു​കൊണ്ട്‌?

10 സങ്കടക​ര​മെന്നു പറയട്ടെ, ആദാമും ഹവ്വയും യഹോ​വ​യോട്‌ അനുസ​ര​ണ​ക്കേടു കാണി​ക്കാൻ തീരു​മാ​നി​ച്ചു. സാത്താൻ ഹവ്വയോ​ടു ചോദി​ച്ചു: “തോട്ട​ത്തി​ലെ എല്ലാ മരങ്ങളിൽനി​ന്നും നിങ്ങൾ തിന്നരു​തെന്നു ദൈവം ശരിക്കും പറഞ്ഞി​ട്ടു​ണ്ടോ?” ഹവ്വ പറഞ്ഞു: “തോട്ട​ത്തി​ലെ മരങ്ങളു​ടെ പഴം ഞങ്ങൾക്കു തിന്നാം. എന്നാൽ തോട്ട​ത്തി​നു നടുവി​ലുള്ള മരത്തിലെ പഴത്തെ​ക്കു​റിച്ച്‌ ദൈവം ഇങ്ങനെ പറഞ്ഞി​ട്ടുണ്ട്‌: ‘നിങ്ങൾ അതിൽനിന്ന്‌ തിന്നരുത്‌, അതു തൊടാൻപോ​ലും പാടില്ല. അങ്ങനെ ചെയ്‌താൽ നിങ്ങൾ മരിക്കും.’”—ഉൽപത്തി 3:1-3.

11 അപ്പോൾ സാത്താൻ പറഞ്ഞു: “നിങ്ങൾ മരിക്കില്ല, ഉറപ്പ്‌! അതിൽനിന്ന്‌ തിന്നുന്ന ആ ദിവസം​തന്നെ നിങ്ങളു​ടെ കണ്ണുകൾ തുറക്കു​മെ​ന്നും നിങ്ങൾ ശരിയും തെറ്റും അറിയു​ന്ന​വ​രാ​യി ദൈവ​ത്തെ​പ്പോ​ലെ​യാ​കു​മെ​ന്നും ദൈവ​ത്തിന്‌ അറിയാം.” (ഉൽപത്തി 3:4-6) ശരി​യേത്‌, തെറ്റേത്‌ എന്ന്‌ ഹവ്വയ്‌ക്കു​തന്നെ തീരു​മാ​നി​ക്കാ​നാ​കു​മെന്നു വിശ്വ​സി​പ്പി​ക്കു​ക​യാ​യി​രു​ന്നു സാത്താന്റെ ലക്ഷ്യം. അതോ​ടൊ​പ്പം, അനുസ​ര​ണ​ക്കേടു കാണി​ച്ചാൽ സംഭവി​ക്കാൻ പോകു​ന്ന​തി​നെ​ക്കു​റിച്ച്‌ സാത്താൻ ഹവ്വയോ​ടു പച്ചക്കള്ള​വും പറഞ്ഞു. ഹവ്വ മരിക്കി​ല്ലെന്നു സാത്താൻ പറഞ്ഞു. അതു​കൊണ്ട്‌ ഹവ്വ പഴം പറിച്ച്‌ തിന്നു. ഒരു പങ്ക്‌ ഭർത്താ​വി​നും കൊടു​ത്തു. ആ പഴം തിന്നരു​തെന്ന്‌ യഹോവ പറഞ്ഞത്‌ അറിയാ​മാ​യി​രു​ന്നി​ട്ടും അവർ അതു തിന്നു. അങ്ങനെ, യഹോവ കൊടുത്ത വ്യക്തവും ന്യായ​വും ആയ കല്‌പന ധിക്കരി​ക്കാൻ അവർ തീരു​മാ​നി​ച്ചു. തങ്ങളുടെ സ്‌നേ​ഹ​വാ​നായ സ്വർഗീ​യ​പി​താ​വി​നെ മാനി​ക്കു​ന്നി​ല്ലെ​ന്നും അവർ കാണിച്ചു. അവർ ആ ചെയ്‌ത​തിന്‌ ഒരു ഒഴിക​ഴി​വും പറയാ​നി​ല്ലാ​യി​രു​ന്നു!

12. ആദാമും ഹവ്വയും യഹോ​വ​യോ​ടു അനുസ​ര​ണ​ക്കേടു കാണി​ച്ചത്‌ ഇത്ര മോശ​മാ​യി​രു​ന്നത്‌ എന്തു​കൊണ്ട്‌?

12 നമ്മുടെ ആദ്യമാ​താ​പി​താ​ക്കൾ അവരുടെ സ്രഷ്ടാ​വി​നോട്‌ ഇങ്ങനെ​യൊ​രു അനാദ​രവ്‌ കാണി​ച്ചത്‌ എത്ര മോശ​മാ​യി​പ്പോ​യി! ഒന്നു ചിന്തിച്ചേ: വളരെ കഷ്ടപ്പെട്ട്‌ വളർത്തിയ മകനും മകളും ധിക്കാ​ര​ത്തോ​ടെ നിങ്ങൾ പറഞ്ഞതി​നു നേർവി​പ​രീ​ത​മാ​യി പ്രവർത്തി​ക്കു​ന്നെ​ങ്കിൽ എന്തു തോന്നും? നിങ്ങളു​ടെ ഹൃദയം തകർന്നു​പോ​കി​ല്ലേ?

ആദാമിനെ സൃഷ്ടിച്ചപ്പോൾ

ആദാം പൊടി​യിൽനിന്ന്‌ വന്നു, പൊടി​യി​ലേക്കു തിരികെ ചേർന്നു

13. “പൊടി​യി​ലേക്കു തിരികെ ചേരും” എന്നു പറഞ്ഞ​പ്പോൾ യഹോവ എന്താണ്‌ അർഥമാ​ക്കി​യത്‌?

13 അനുസ​ര​ണ​ക്കേടു കാണി​ച്ച​പ്പോൾ ആദാമി​നും ഹവ്വയ്‌ക്കും എന്നും ജീവി​ക്കാ​നുള്ള അവസരം നഷ്ടമായി. “നീ പൊടി​യാണ്‌, പൊടി​യി​ലേക്കു തിരികെ ചേരും” എന്ന്‌ യഹോവ ആദാമി​നോ​ടു പറഞ്ഞി​രു​ന്നു. (ഉൽപത്തി 3:19 വായി​ക്കുക.) അതിന്റെ അർഥം ആദാം വീണ്ടും പൊടി​യാ​യി​ത്തീ​രും എന്നാണ്‌, ഒരിക്ക​ലും സൃഷ്ടി​ക്ക​പ്പെ​ടാ​ത്ത​തു​പോ​ലെ. (ഉൽപത്തി 2:7) പാപം ചെയ്‌ത ആദാം മരിച്ചു; പിന്നെ ആദാം എങ്ങും ജീവി​ച്ചി​രി​പ്പി​ല്ലാ​യി​രു​ന്നു.

14. നമ്മൾ മരിക്കു​ന്നത്‌ എന്തു​കൊണ്ട്‌?

14 ദൈവത്തെ അനുസ​രി​ച്ചി​രു​ന്നെ​ങ്കിൽ ആദാമും ഹവ്വയും ഇന്നും ജീവ​നോ​ടെ കാണു​മാ​യി​രു​ന്നു. എന്നാൽ അവർ അനുസ​ര​ണ​ക്കേടു കാണിച്ചു. അങ്ങനെ പാപം ചെയ്‌തു. ഒടുവിൽ അവർ മരിച്ചു. ആദ്യമാ​താ​പി​താ​ക്ക​ളിൽനിന്ന്‌ പാരമ്പ​ര്യ​മാ​യി കിട്ടിയ ഒരു മാരക​രോ​ഗം​പോ​ലെ​യാ​ണു പാപം. നമ്മളെ​ല്ലാം പാപി​ക​ളാ​യി ജനിക്കു​ന്നു, അതു​കൊ​ണ്ടു മരിക്കു​ന്നു. (റോമർ 5:12) എന്നാൽ മനുഷ്യ​രെ​ക്കു​റി​ച്ചുള്ള ദൈവ​ത്തി​ന്റെ ഉദ്ദേശ്യം അതല്ല. മനുഷ്യൻ മരിക്കാൻ ദൈവം ഒരിക്ക​ലും ആഗ്രഹി​ക്കു​ന്നില്ല. മരണത്തെ ബൈബിൾ “ശത്രു” എന്നാണു വിളി​ക്കു​ന്നത്‌.—1 കൊരി​ന്ത്യർ 15:26.

സത്യം നമ്മളെ സ്വത​ന്ത്ര​രാ​ക്കു​ന്നു

15. മരിച്ച​വ​രെ​ക്കു​റി​ച്ചുള്ള സത്യം അറിയു​ന്നത്‌ നമ്മളെ സ്വത​ന്ത്ര​രാ​ക്കു​ന്നത്‌ എങ്ങനെ?

15 മരിച്ച​വ​രെ​ക്കു​റി​ച്ചുള്ള സത്യം അറിയു​ന്നത്‌ തെറ്റായ പല വിശ്വാ​സ​ങ്ങ​ളിൽനി​ന്നും നമ്മളെ സ്വത​ന്ത്ര​രാ​ക്കു​ന്നു. മരിച്ചവർ വേദന അനുഭ​വി​ക്കു​ക​യോ സങ്കട​പ്പെ​ടു​ക​യോ ചെയ്യു​ന്നി​ല്ലെന്നു ബൈബിൾ പഠിപ്പി​ക്കു​ന്നു. നമുക്ക്‌ അവരോ​ടു സംസാ​രി​ക്കാ​നാ​കില്ല, അവർക്കു നമ്മളോ​ടും. നമുക്ക്‌ അവരെ സഹായി​ക്കാ​നാ​കില്ല, അവർക്കു നമ്മളെ​യും. മരിച്ച​വർക്കു നമ്മളെ ദ്രോ​ഹി​ക്കാ​നാ​കില്ല. അതു​കൊണ്ട്‌ നമ്മൾ അവരെ പേടി​ക്കേ​ണ്ട​തില്ല. എങ്കിലും പല മതങ്ങളും പഠിപ്പി​ക്കു​ന്നത്‌, മരിച്ചവർ എവി​ടെ​യോ ജീവി​ച്ചി​രി​പ്പു​ണ്ടെ​ന്നും പുരോ​ഹി​ത​ന്മാർക്കോ മതകർമങ്ങൾ ചെയ്യു​ന്ന​വർക്കോ പണം കൊടു​ത്തു​കൊണ്ട്‌ മരിച്ച​വരെ സഹായി​ക്കാ​നാ​കു​മെ​ന്നും ആണ്‌. പക്ഷേ മരിച്ച​വ​രെ​ക്കു​റി​ച്ചുള്ള സത്യം അറിയു​മ്പോൾ അത്തരം നുണക​ളാൽ നമ്മൾ വഞ്ചിക്ക​പ്പെ​ടില്ല.

16. അനേകം മതങ്ങളും മരിച്ച​വ​രെ​ക്കു​റിച്ച്‌ എന്തു നുണ പഠിപ്പി​ക്കു​ന്നു?

16 നമ്മളോ​ടു നുണകൾ പറയാ​നും മരിച്ചു​പോ​യവർ ഇപ്പോ​ഴും ജീവ​നോ​ടെ​യു​ണ്ടെന്നു നമ്മളെ വിശ്വ​സി​പ്പി​ക്കാ​നും സാത്താൻ വ്യാജ​മ​ത​ങ്ങളെ ഉപയോ​ഗി​ക്കു​ന്നു. ഉദാഹ​ര​ണ​ത്തിന്‌ ചില മതങ്ങൾ പഠിപ്പി​ക്കു​ന്നത്‌ മരിക്കു​മ്പോൾ നമ്മളിലെ ഏതോ ഒരു ഭാഗം വേറെ എവി​ടെ​യോ തുടർന്നും ജീവി​ക്കു​ന്നു​ണ്ടെ​ന്നാണ്‌. നിങ്ങളു​ടെ മതം അങ്ങനെ​യാ​ണോ പഠിപ്പി​ക്കു​ന്നത്‌? അതോ മരിച്ച​വ​രെ​ക്കു​റിച്ച്‌ ബൈബിൾ പറയു​ന്ന​താ​ണോ പഠിപ്പി​ക്കു​ന്നത്‌? യഹോ​വ​യിൽനിന്ന്‌ ആളുകളെ അകറ്റാൻ സാത്താൻ നുണകൾ ഉപയോ​ഗി​ക്കു​ന്നു.

17. ആളുകളെ നരകത്തി​ലെ തീയി​ലിട്ട്‌ ദണ്ഡിപ്പി​ക്കു​മെന്ന പഠിപ്പി​ക്കൽ യഹോ​വയെ അപമാ​നി​ക്കു​ന്നത്‌ എങ്ങനെ?

17 പേടി​പ്പി​ക്കുന്ന കാര്യ​ങ്ങ​ളാ​ണു പല മതങ്ങളും പഠിപ്പി​ക്കു​ന്നത്‌. ഉദാഹ​ര​ണ​ത്തിന്‌ ചീത്തയാ​ളു​കളെ നരകത്തി​ലെ തീയി​ലിട്ട്‌ എന്നും ദണ്ഡിപ്പി​ക്കു​മെന്നു ചില മതങ്ങൾ പഠിപ്പി​ക്കു​ന്നു. ആ നുണ യഹോ​വയെ അപമാ​നി​ക്കു​ന്ന​താണ്‌. കാരണം ആളുകൾ അങ്ങനെ യാതന അനുഭ​വി​ക്കാൻ യഹോവ ഒരിക്ക​ലും സമ്മതി​ക്കില്ല. (1 യോഹ​ന്നാൻ 4:8 വായി​ക്കുക.) ഒരു കുട്ടിയെ ശിക്ഷി​ക്കാൻ അവന്റെ കൈകൾ തീയിൽവെച്ച്‌ പൊള്ളി​ക്കുന്ന ഒരാ​ളെ​ക്കു​റിച്ച്‌ നിങ്ങൾക്ക്‌ എന്തു തോന്നും? അയാൾ മഹാ​ക്രൂ​ര​നാ​ണെന്നു നിങ്ങൾ പറയില്ലേ? അത്തരം ഒരാ​ളോട്‌ അടുക്കാൻ നിങ്ങൾ ആഗ്രഹി​ക്കില്ല, ശരിയല്ലേ? യഹോ​വ​യെ​ക്കു​റിച്ച്‌ നമുക്ക്‌ അങ്ങനെ​യൊ​ക്കെ തോന്നാ​നാ​ണു സാത്താൻ ആഗ്രഹി​ക്കു​ന്നത്‌!

18. മരിച്ച​വരെ നമ്മൾ പേടി​ക്കേ​ണ്ട​തി​ല്ലാ​ത്തത്‌ എന്തു​കൊണ്ട്‌?

18 ചില മതങ്ങൾ പറയു​ന്നത്‌ ആളുകൾ മരിക്കു​മ്പോൾ അവർ ആത്മാക്ക​ളാ​യി​ത്തീ​രു​ന്നു എന്നാണ്‌. മരിച്ച​വ​രു​ടെ ആത്മാക്കളെ ആദരി​ക്ക​ണ​മെ​ന്നും അവയെ പേടി​ക്ക​ണ​മെ​ന്നും ഈ മതങ്ങൾ പഠിപ്പി​ക്കു​ന്നു; കാരണം സഹായി​ക്കാൻ ശക്തിയുള്ള സ്‌നേ​ഹി​ത​രോ കൊടിയ ശത്രു​ക്ക​ളോ ആകാൻ അവർക്കാ​കു​മ​ത്രേ. അനേക​മാ​ളു​ക​ളും ആ നുണ വിശ്വ​സി​ക്കു​ന്നു. മരിച്ച​വരെ ഭയക്കു​ക​യും യഹോ​വയ്‌ക്കു പകരം അവരെ ആരാധി​ക്കു​ക​യും ചെയ്യുന്നു. എന്നാൽ ഓർക്കുക, മരിച്ചു​പോ​യവർ ഒന്നും അറിയു​ന്നില്ല. അവർക്കു വികാ​ര​ങ്ങ​ളോ ചിന്തക​ളോ ഇല്ല. അതു​കൊണ്ട്‌ നമ്മൾ മരിച്ച​വരെ പേടി​ക്കേ​ണ്ട​തില്ല. യഹോ​വ​യാ​ണു നമ്മുടെ സ്രഷ്ടാവ്‌, സത്യ​ദൈവം! അതു​കൊണ്ട്‌ യഹോ​വയെ മാത്രമേ നമ്മൾ ആരാധി​ക്കാ​വൂ.—വെളി​പാട്‌ 4:11.

19. മരിച്ച​വ​രെ​ക്കു​റി​ച്ചുള്ള സത്യം അറിയു​ന്നതു നമ്മളെ സഹായി​ക്കു​ന്നത്‌ എങ്ങനെ?

19 മരിച്ച​വ​രെ​ക്കു​റി​ച്ചുള്ള സത്യം അറിയു​മ്പോൾ മതങ്ങൾ പഠിപ്പി​ക്കുന്ന നുണക​ളിൽനിന്ന്‌ നമ്മൾ സ്വത​ന്ത്ര​രാ​കു​ന്നു. നമ്മുടെ ജീവി​ത​ത്തെ​യും ഭാവി​യെ​യും കുറിച്ച്‌ യഹോവ നൽകി​യി​രി​ക്കുന്ന മഹത്തായ വാഗ്‌ദാ​നങ്ങൾ മനസ്സി​ലാ​ക്കാൻ ഈ സത്യം നമ്മളെ സഹായി​ക്കു​ന്നു.

20. അടുത്ത അധ്യാ​യ​ത്തിൽ നമ്മൾ എന്തു പഠിക്കും?

20 വളരെ​ക്കാ​ലം മുമ്പ്‌, ദൈവ​ത്തി​ന്റെ ഒരു ദാസനായ ഇയ്യോബ്‌ ചോദി​ച്ചു: “മനുഷ്യൻ മരിച്ചു​പോ​യാൽ, അവനു വീണ്ടും ജീവി​ക്കാ​നാ​കു​മോ?” (ഇയ്യോബ്‌ 14:14) മരിച്ചു​പോയ ഒരാൾക്കു വീണ്ടും ജീവി​ക്കാൻ ശരിക്കും പറ്റുമോ? ബൈബി​ളി​ലൂ​ടെ ദൈവം തരുന്ന ഉത്തരം നമ്മളെ കോരി​ത്ത​രി​പ്പി​ക്കും. അടുത്ത അധ്യാ​യ​ത്തിൽ നമുക്ക്‌ അതു നോക്കാം.

a ഒരാൾ മരിച്ച​ശേ​ഷ​വും ദേഹി​യോ ആത്മാവോ ജീവി​ക്കു​ന്നെന്നു ചിലർ വിശ്വ​സി​ക്കു​ന്നു. കൂടുതൽ വിവര​ങ്ങൾക്കു പിൻകു​റിപ്പ്‌ 17-ഉം 18-ഉം കാണുക.

ചുരുക്കം

സത്യം 1: ഒരാൾ മരിക്കു​മ്പോൾ അയാളു​ടെ ജീവിതം അവസാ​നി​ക്കു​ന്നു

“മരിച്ചവർ ഒന്നും അറിയു​ന്നില്ല.”—സഭാ​പ്ര​സം​ഗകൻ 9:5

മരിക്കുമ്പോൾ നമുക്ക്‌ എന്തു സംഭവി​ക്കു​ന്നു?

  • സങ്കീർത്തനം 146:3, 4; സഭാ​പ്ര​സം​ഗകൻ 9:6, 10

    മരിച്ചുകഴിഞ്ഞാൽ പിന്നെ നമുക്ക്‌ ഒന്നും കാണാ​നോ കേൾക്കാ​നോ ചിന്തി​ക്കാ​നോ കഴിയില്ല.

  • യോഹന്നാൻ 11:11-14

    യേശു മരണത്തെ ഉറക്ക​ത്തോട്‌ ഉപമിച്ചു.

സത്യം 2: മനുഷ്യൻ മരിക്കാൻ യഹോവ ഒരിക്ക​ലും ആഗ്രഹി​ച്ചി​ല്ല

“എന്നാൽ ശരി​തെ​റ്റു​ക​ളെ​ക്കു​റി​ച്ചുള്ള അറിവി​ന്റെ മരത്തിൽനിന്ന്‌ തിന്നരുത്‌, അതിൽനിന്ന്‌ തിന്നുന്ന ദിവസം നീ നിശ്ചയ​മാ​യും മരിക്കും.”—ഉൽപത്തി 2:17

നമ്മൾ മരിക്കു​ന്നത്‌ എന്തു​കൊണ്ട്‌?

  • ഉൽപത്തി 3:1-6

    ദൈവത്തിന്റെ കല്‌പന ധിക്കരി​ച്ചാൽ സംഭവി​ക്കാൻപോ​കു​ന്ന​തി​നെ​ക്കു​റിച്ച്‌ സാത്താൻ ഹവ്വയോ​ടു പച്ചക്കള്ളം പറഞ്ഞു. യഹോ​വ​യോട്‌ അനുസ​ര​ണ​ക്കേടു കാണി​ച്ചു​കൊണ്ട്‌ ആദാമും ഹവ്വയും പാപം ചെയ്‌തു. ഒടുവിൽ അവർ മരിച്ചു.

  • ഉൽപത്തി 3:19

    മരിച്ചശേഷം ആദാം പിന്നെ എങ്ങുമി​ല്ലാ​യി​രു​ന്നു.

  • റോമർ 5:12

    ആദ്യമാതാപിതാക്കളിൽനിന്ന്‌ പാരമ്പ​ര്യ​മാ​യി കിട്ടിയ ഒരു മാരക​രോ​ഗം​പോ​ലെ​യാ​ണു പാപം. നമ്മളെ​ല്ലാം പാപി​ക​ളാ​യി ജനിക്കു​ന്നു, അതു​കൊണ്ട്‌ മരിക്കു​ന്നു.

  • 1 കൊരി​ന്ത്യർ 15:26

    ബൈബിൾ മരണത്തെ ശത്രു എന്നു വിളി​ക്കു​ന്നു.

സത്യം 3: മരണത്തെക്കുറിച്ചുള്ള സത്യം അറിയു​ന്നതു നമ്മളെ സ്വത​ന്ത്ര​രാ​ക്കു​ന്നു

“മനുഷ്യൻ മരിച്ചു​പോ​യാൽ, അവനു വീണ്ടും ജീവി​ക്കാ​നാ​കു​മോ? എനിക്കു മോചനം കിട്ടും​വരെ . . . ഞാൻ കാത്തി​രി​ക്കും.” —ഇയ്യോബ്‌ 14:14.

മരണത്തെക്കുറിച്ചുള്ള സത്യം അറിയു​ന്നത്‌ തെറ്റായ വിശ്വാ​സ​ങ്ങ​ളിൽനിന്ന്‌ നമ്മളെ സ്വത​ന്ത്ര​രാ​ക്കു​ന്നത്‌ എങ്ങനെ​യാണ്‌?

  • 1 യോഹ​ന്നാൻ 4:8

    തീനരകത്തെക്കുറിച്ചുള്ള പഠിപ്പി​ക്കൽ യഹോ​വയെ അപമാ​നി​ക്കു​ന്ന​താണ്‌. ആളുകൾ അങ്ങനെ യാതന അനുഭ​വി​ക്കാൻ യഹോവ ഒരിക്ക​ലും സമ്മതി​ക്കില്ല.

  • വെളിപാട്‌ 4:11

    പലർക്കും മരിച്ച​വരെ പേടി​യാണ്‌. അതു​കൊണ്ട്‌ അവർ യഹോ​വയ്‌ക്കു പകരം മരിച്ച​വരെ ആരാധി​ക്കു​ന്നു. എന്നാൽ യഹോ​വ​യാ​ണു സത്യ​ദൈവം. യഹോ​വയെ മാത്രമേ നമ്മൾ ആരാധി​ക്കാ​വൂ.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക