പാഠം 83
യേശു ആയിരങ്ങളുടെ വിശപ്പടക്കുന്നു
എ.ഡി. 32-ലെ പെസഹയ്‌ക്കു തൊട്ടുമുമ്പുള്ള സമയം. അപ്പോസ്‌തലന്മാർ ഒരു പ്രസംഗപര്യടനം കഴിഞ്ഞ് തിരിച്ചെത്തി. അവർ ആകെ ക്ഷീണിതരാണ്. അതുകൊണ്ട് ഒന്നു വിശ്രമിക്കാൻവേണ്ടി യേശു അവരെ വള്ളത്തിൽ ബേത്ത്സയിദയിലേക്കു കൊണ്ടുപോയി. വള്ളം കരയോട് അടുത്തപ്പോൾ ആയിരക്കണക്കിന് ആളുകളെ അവിടെ കണ്ടു. യേശു അവിടേക്കു പോന്നതറിഞ്ഞ് എത്തിയതായിരുന്നു അവർ. അപ്പോസ്തലന്മാരുടെകൂടെ ഒറ്റയ്ക്കായിരിക്കാൻ ആഗ്രഹിച്ചെങ്കിലും യേശു ദയയോടെ അവരെ സ്വീകരിച്ചു. അക്കൂട്ടത്തിലുണ്ടായിരുന്ന രോഗികളെ സുഖപ്പെടുത്തി. അവരെ പഠിപ്പിക്കാൻതുടങ്ങുകയും ചെയ്‌തു. ദിവസം മുഴുവൻ യേശു ദൈവരാജ്യത്തെക്കുറിച്ച് അവരെ പഠിപ്പിച്ചു. വൈകുന്നേരമായപ്പോൾ അപ്പോസ്‌തലന്മാർ വന്ന് ഇങ്ങനെ പറഞ്ഞു: ‘ആളുകൾക്കു വിശക്കുന്നുണ്ടാകും. അവരെ പറഞ്ഞ് വിടൂ. അവർ എന്തെങ്കിലും വാങ്ങി കഴിക്കട്ടെ.’
യേശു പറഞ്ഞു: ‘അവർ പോകേണ്ട കാര്യമില്ല. അവർക്ക് എന്തെങ്കിലും കഴിക്കാൻ കൊടുക്കൂ.’ അപ്പോസ്‌തലന്മാർ ചോദിച്ചു: ‘ഞങ്ങൾ പോയി എന്തെങ്കിലും വാങ്ങിക്കൊണ്ട് വരാനാണോ അങ്ങ് പറയുന്നത്?’ അപ്പോൾ അപ്പോസ്തലന്മാരിൽ ഒരാളായ ഫിലിപ്പോസ് പറഞ്ഞു: ‘നമ്മുടെ കൈയിൽ എത്ര പണമുണ്ടെങ്കിലും ഇത്രയും വലിയ ജനക്കൂട്ടത്തിനു വേണ്ട അപ്പം വാങ്ങാൻ കഴിയില്ല.’
യേശു ചോദിച്ചു: ‘നമ്മുടെ കൈയിൽ എന്തുമാത്രം ഭക്ഷണമുണ്ട്?’ അന്ത്രയോസ് പറഞ്ഞു: ‘അഞ്ച് അപ്പവും ചെറിയ രണ്ടു മീനും, പക്ഷേ അതുകൊണ്ട് എന്താകാനാ?’ അപ്പോൾ യേശു, ‘ആ അപ്പവും മീനും കൊണ്ടുവരൂ’ എന്നു പറഞ്ഞു. എന്നിട്ട് ആളുകളോട് 50 പേരുടെയും 100 പേരുടെയും കൂട്ടങ്ങളായി പുൽപ്പുറത്ത് ഇരിക്കാൻ ആവശ്യപ്പെട്ടു. യേശു അപ്പവും മീനും എടുത്ത് ആകാശത്തേക്കു നോക്കി പ്രാർഥിച്ചു. തുടർന്ന് അത് അപ്പോസ്തലന്മാരുടെ കൈയിൽ കൊടുത്തു. അവർ അത് ജനത്തിനും കൊടുത്തു. 5,000 പുരുഷന്മാരും കൂടാതെ സ്ത്രീകളും കുട്ടികളും മതിയാകുവോളം കഴിച്ചു. മിച്ചം വന്നതെല്ലാം അപ്പോസ്‌തലന്മാർ ശേഖരിച്ചു. അതുകൊണ്ട് ഒന്നും പാഴായില്ല. അതു 12 കൊട്ട നിറയെ ഉണ്ടായിരുന്നു! എത്ര വലിയ അത്ഭുതമായിരുന്നു അത്, അല്ലേ?
യേശു ഈ ചെയ്തതിൽ മതിപ്പു തോന്നിയിട്ട് ആളുകൾ യേശുവിനെ രാജാവാക്കാൻ ആഗ്രഹിച്ചു. പക്ഷേ താൻ രാജാവാകാനുള്ള യഹോവയുടെ സമയം ആയിട്ടില്ലെന്നു യേശുവിന് അറിയാമായിരുന്നു. അതുകൊണ്ട് യേശു ജനക്കൂട്ടത്തെ പറഞ്ഞയച്ചു. എന്നിട്ട് അപ്പോസ്തലന്മാരോട് ഗലീലക്കടലിന്റെ മറുകരയിലേക്കു പോകാൻ പറഞ്ഞു. അവർ വള്ളത്തിൽ കയറി പോയപ്പോൾ യേശു തനിച്ച് ഒരു മലയിലേക്കു പോയി. കാരണം പിതാവിനോടു പ്രാർഥിക്കാൻ യേശുവിനു സമയം വേണമായിരുന്നു. എത്ര തിരക്കായിരുന്നെങ്കിലും പ്രാർഥിക്കാൻ യേശു എപ്പോഴും സമയം കണ്ടെത്തി.
“നശിച്ചുപോകുന്ന ആഹാരത്തിനുവേണ്ടിയല്ല, നിത്യജീവൻ നേടിത്തരുന്ന നശിക്കാത്ത ആഹാരത്തിനുവേണ്ടി പ്രയത്നിക്കുക. മനുഷ്യപുത്രൻ നിങ്ങൾക്ക് അതു തരും.”—യോഹന്നാൻ 6:27