ഭാഗം 1—ആമുഖം
പ്രപഞ്ചത്തെയും അതിലെ ജീവജാലങ്ങളെയും സൃഷ്ടിച്ചതിനെക്കുറിച്ച് പറഞ്ഞുകൊണ്ടാണു ബൈബിൾവിവരണം തുടങ്ങുന്നത്. അങ്ങനെ ആകാശത്തിലും ഭൂമിയിലും യഹോവ ഉണ്ടാക്കിയ മനോഹരമായ വസ്തുക്കളിലേക്ക് അതു നമ്മുടെ കണ്ണുകൾ തുറക്കുന്നു. നിങ്ങൾ ഒരു അച്ഛനോ അമ്മയോ ആണെങ്കിൽ വ്യത്യസ്തമായ എന്തെല്ലാം കാര്യങ്ങളാണു ദൈവം അത്ഭുതകരമായി സൃഷ്ടിച്ചിരിക്കുന്നതെന്നു മനസ്സിലാക്കാൻ മക്കളെ സഹായിക്കുക. മൃഗങ്ങളെക്കാൾ വളരെ ശ്രേഷ്ഠമായ രീതിയിലാണു മനുഷ്യരെ ഉണ്ടാക്കിയതെന്ന് പറഞ്ഞുകൊടുക്കുക. സംസാരിക്കാനും ചിന്തിച്ച് തീരുമാനങ്ങളെടുക്കാനും കണ്ടുപിടിത്തങ്ങൾ നടത്താനും പാട്ടു പാടാനും പ്രാർഥിക്കാനും മനുഷ്യർക്കുള്ള കഴിവിനെക്കുറിച്ച് അവരോടു പറയാനാകും. യഹോവയുടെ ശക്തി, ജ്ഞാനം, പ്രത്യേകിച്ച് സ്നേഹം എന്നിവയോടെല്ലാമുള്ള വിലമതിപ്പ് അവരിൽ വളർത്തിയെടുക്കുക. നമ്മൾ ഉൾപ്പെടെ തന്റെ ഓരോ സൃഷ്ടിയോടും യഹോവയ്ക്ക് എത്ര സ്നേഹമുണ്ടെന്നു മക്കൾ അറിയട്ടെ.