ഭാഗം 12—ആമുഖം
യേശു സ്വർഗരാജ്യത്തെക്കുറിച്ച് ആളുകളെ പഠിപ്പിച്ചു. കൂടാതെ ദൈവത്തിന്റെ പേര് പരിശുദ്ധമായിരിക്കാനും ദൈവത്തിന്റെ രാജ്യം വരാനും ദൈവത്തിന്റെ ഇഷ്ടം ഭൂമിയിൽ നടക്കാനും വേണ്ടി പ്രാർഥിക്കാനും യേശു പഠിപ്പിച്ചു. നിങ്ങൾ ഒരു അച്ഛനോ അമ്മയോ ആണെങ്കിൽ, ഈ പ്രാർഥനയ്ക്കു ചേർച്ചയിൽ എങ്ങനെ ജീവിക്കാമെന്നു കുട്ടിക്കു പറഞ്ഞുകൊടുക്കുക. തന്റെ വിശ്വസ്തത തകർക്കാൻ യേശു സാത്താനെ അനുവദിച്ചില്ല. യേശു അപ്പോസ്തലന്മാരെ തിരഞ്ഞെടുത്തു. ദൈവരാജ്യത്തിന്റെ ആദ്യത്തെ അംഗങ്ങളായിരുന്ന ഇവർക്ക് രാജ്യത്തിൽ വളരെ പ്രധാനപ്പെട്ട ഒരു പങ്കുണ്ട്. സത്യാരാധനയ്ക്കുവേണ്ടിയുള്ള യേശുവിന്റെ തീക്ഷ്ണതയും എടുത്തുപറയുക. ആളുകളെ സഹായിക്കാനുള്ള ആഗ്രഹംകൊണ്ട് യേശു രോഗികളെ സുഖപ്പെടുത്തി, വിശക്കുന്നവർക്ക് ആഹാരം കൊടുത്തു, മരിച്ചവരെ ജീവനിലേക്കു കൊണ്ടുവരുകപോലും ചെയ്തു. ഈ അത്ഭുതങ്ങളെല്ലാം ചെയ്തതിലൂടെ ദൈവരാജ്യം മനുഷ്യവർഗത്തിനുവേണ്ടി എന്തു ചെയ്യുമെന്നു കാണിക്കുകയായിരുന്നു യേശു.