പാഠം 8
പഠിപ്പിക്കാൻ സഹായിക്കുന്ന ദൃഷ്ടാന്തങ്ങൾ
മത്തായി 13:34, 35
ചുരുക്കം: കേൾവിക്കാർക്ക് ആകർഷകമായ, ലളിതമായ ദൃഷ്ടാന്തങ്ങൾ ഉപയോഗിച്ച് പ്രധാനപ്പെട്ട ആശയങ്ങൾ പഠിപ്പിക്കുക.
എങ്ങനെ ചെയ്യാം:
ലളിതമായ ദൃഷ്ടാന്തങ്ങൾ ഉപയോഗിക്കുക. യേശുവിനെപ്പോലെ, ചെറിയചെറിയ കാര്യങ്ങൾ ഉപയോഗിച്ച് വലിയ കാര്യങ്ങൾ വിശദീകരിക്കുക; എളുപ്പമുള്ള ആശയങ്ങൾ ഉപയോഗിച്ച് ബുദ്ധിമുട്ടുള്ളവ വിവരിക്കുക. ദൃഷ്ടാന്തത്തിൽ അനാവശ്യവിവരങ്ങൾ ചേർത്താൽ അവ മനസ്സിലാക്കാൻ ബുദ്ധിമുട്ടായിരിക്കും. ഉപയോഗിക്കുന്ന ദൃഷ്ടാന്തത്തിലെ വിശദാംശങ്ങൾ, നിങ്ങൾ പഠിപ്പിക്കുന്ന വിവരവുമായി നന്നായി യോജിക്കുന്നതായിരിക്കണം. അല്ലാത്തപക്ഷം വിഷയവുമായി ചേരാത്ത അത്തരം വിശദാംശങ്ങൾ കേൾവിക്കാരെ ആശയക്കുഴപ്പത്തിലാക്കും.
കേൾവിക്കാരെക്കുറിച്ച് ചിന്തിക്കുക. കേൾവിക്കാരുടെ ജീവിതവുമായി ബന്ധപ്പെട്ട, അവർക്കു താത്പര്യമുള്ള വിഷയങ്ങൾ ദൃഷ്ടാന്തമായി പറയുക. അവരെ അസ്വസ്ഥരാക്കുകയോ മുറിപ്പെടുത്തുകയോ ചെയ്യുന്ന ദൃഷ്ടാന്തങ്ങൾ ഉപയോഗിക്കരുത്.
പ്രധാനപ്പെട്ട ആശയം പഠിപ്പിക്കുക. ചെറിയചെറിയ വിശദാംശങ്ങൾ പഠിപ്പിക്കാനല്ല, മുഖ്യാശയങ്ങൾ പഠിപ്പിക്കാനായിരിക്കണം ദൃഷ്ടാന്തങ്ങൾ ഉപയോഗിക്കേണ്ടത്. കേൾവിക്കാർ ദൃഷ്ടാന്തങ്ങൾ മാത്രമല്ല അതിലൂടെ പഠിപ്പിക്കുന്ന ആശയവും ഓർത്തിരിക്കുമെന്ന് ഉറപ്പുവരുത്തുക.