പാഠം 18
പുതുതായി എന്തെങ്കിലും പഠിപ്പിക്കുക
1 കൊരിന്ത്യർ 9:19-23
ചുരുക്കം: കേൾവിക്കാരുടെ ചിന്തയെ ഉണർത്തുക. പ്രയോജനമുള്ള എന്തോ പഠിച്ചതായി അവർക്കു തോന്നണം.
എങ്ങനെ ചെയ്യാം:
കേൾവിക്കാർക്ക് ഇപ്പോൾത്തന്നെ എന്തെല്ലാം അറിയാമെന്നു ചിന്തിക്കുക. അവർ മുമ്പ് കേട്ടിട്ടുള്ള കാര്യങ്ങൾ വെറുതേ ആവർത്തിക്കുന്നതിനു പകരം ആ വിഷയത്തെ പുതിയൊരു കണ്ണിലൂടെ കാണാൻ അവരെ സഹായിക്കുക.
കൂടുതലായി പഠിക്കുക, ധ്യാനിക്കുക. പ്രധാനപ്പെട്ട ആശയങ്ങൾ പഠിപ്പിക്കുമ്പോൾ, കേൾവിക്കാർ കേട്ടുപഴകിയതല്ലാത്ത വസ്തുതകളോ ആനുകാലികസംഭവങ്ങളോ ഉപയോഗിക്കാൻ ശ്രമിക്കുക. എന്നാൽ നിങ്ങൾ അവതരിപ്പിക്കുന്ന വിഷയവുമായി അത്തരം വിവരങ്ങൾ ചേരുന്നുണ്ടെന്ന് ഉറപ്പുവരുത്തുക.
അവതരിപ്പിക്കുന്ന വിവരങ്ങളുടെ പ്രയോജനം കാണിച്ചുകൊടുക്കുക. അനുദിനജീവിതത്തിൽ തിരുവെഴുത്തുകൾ എങ്ങനെ പ്രയോജനം ചെയ്യുമെന്നു കേൾവിക്കാർക്കു വിശദീകരിച്ചുകൊടുക്കുക. അവരുടെ നിത്യജീവിതവുമായി ബന്ധമുള്ള കാര്യങ്ങൾ ഉദാഹരണങ്ങളായി പറയുക. അവരുടെ ചില സാഹചര്യങ്ങളോ പെരുമാറ്റരീതികളോ ഒക്കെ അത്തരത്തിൽ ഉദാഹരണങ്ങളായി ഉൾപ്പെടുത്താം.