വായനക്കാരിൽ നിന്നുള്ള ചോദ്യങ്ങൾ
◼ ഒരു സഭാമൂപ്പന്റെ കുട്ടി ഗുരുതരമായ ദുഷ്പ്രവൃത്തി ചെയ്യുന്നെങ്കിൽ അത് ഒരു മൂപ്പനായിരിക്കുന്നതിൽനിന്ന് പിതാവിനെ സ്വയമേവ അയോഗ്യനാക്കുന്നുവോ?
ഒരു സഹോദരന്റെ മൈനറായ മകനോ മകളോ ഏതെങ്കിലും ഗുരുതരമായ പ്രശ്നത്തിൽ അകപ്പെടുന്നെങ്കിൽ ഒരു മൂപ്പനായി സേവിക്കുന്നതിൽ നിന്ന് അയാൾ ‘സ്വയമേവ അയോഗ്യനാകുന്നില്ല.’ അയാൾക്ക് യോഗ്യതയുണ്ടോ എന്ന് നിർണ്ണയിക്കുന്നതിന് ഉൾപ്പെട്ടിരിക്കുന്ന എല്ലാ ഘടകങ്ങളും പരിചിന്തിക്കേണ്ട ആവശ്യമുണ്ട്.
ഒരു മൂപ്പൻ “കുററാരോപണത്തിൽ നിന്ന് വിമുക്തനും” “ദുർനടത്ത ആരോപിക്കപ്പെട്ടവരോ വഴങ്ങാത്തവരോ ആയിരിക്കാത്ത വിശ്വാസികളായ മക്കളുള്ളവനും” ആയിരിക്കണമെന്ന് തീത്തോസ് 1:6 പറയുന്നു. (1 തിമൊഥെയോസ് 3:4 താരതമ്യപ്പെടുത്തുക.) യഹോവയുടെ സാക്ഷികൾ ആ നിലവാരം മുറുകെപ്പിടിക്കുന്നു.
അതിനു ചേർച്ചയായി, ഒരു മൂപ്പൻ തന്റെ കുടുംബത്തിന്റെയും ഭാര്യയുടെയും മക്കളുണ്ടെങ്കിൽ അവരുടെയും വൈകാരികവും ആത്മീയവുമായ ആവശ്യങ്ങൾക്കു വേണ്ടി കരുതാൻ സമനിലയോടെ ശ്രമിക്കണം എന്ന ആശയം 1983 സെപ്ററംബർ 1-ലെ വാച്ച്ററവർ വ്യക്തമാക്കി. ഒരു പുരുഷൻ ഈ കാര്യത്തിൽ അവഗണന കാണിക്കുന്നെങ്കിൽ അവരുടെ മേൽ ഹാനികരമായ ഫലം ഉണ്ടാകും. ഒരു കുട്ടിയുടെ ആത്മീയവും ശിക്ഷണപരവുമായ ആവശ്യങ്ങൾ നിർവ്വഹിക്കുന്നില്ലെങ്കിൽ അവനോ അവളോ ആത്മീയമായി പുരോഗതി നേടുന്നതിൽ പരാജയപ്പെട്ടേക്കാം, ഗുരുതരമായ ദുഷ്പ്രവൃത്തിയിൽ ഉൾപ്പെടുകയും ചെയ്തേക്കാം. ഇത് അവഗണന കാണിച്ച പിതാവിനെ ഒരു നിയമിത മൂപ്പനെന്ന നിലയിൽ സഭയെ സേവിക്കുന്നതിൽനിന്ന് അയോഗ്യനാക്കും. എന്തെന്നാൽ 1 തിമൊഥെയോസ് 3:5 ഇപ്രകാരം പറയുന്നു: “തീർച്ചയായും ഏതെങ്കിലും മനുഷ്യന് സ്വന്തം കുടുംബത്തെ ഭരിക്കാൻ അറിയാൻ പാടില്ലെങ്കിൽ അയാൾ ദൈവത്തിന്റെ സഭയെ എങ്ങനെ പരിപാലിക്കും?”
ഇതിന്റെ സുദീർഘമായ ഒരു ചർച്ച 1978 ഫെബ്രുവരി 1-ലെ വാച്ച്ററവറിൽ 31, 32 പേജുകളിൽ കണ്ടെത്തപ്പെടുന്നു. ഉൾപ്പെട്ടിരിക്കുന്ന എല്ലാ ഘടകങ്ങളും പരിചിന്തിക്കേണ്ടതെന്തുകൊണ്ടെന്ന് അത് കാണിച്ചുതരുന്നു. ദൃഷ്ടാന്തത്തിന്, ഒരു മൂപ്പൻ തന്റെ അഞ്ചു മക്കളോടൊത്ത് ക്രമമായി ബൈബിൾ പഠിക്കുകയും വിനോദത്തിൽ ഏർപ്പെടുകയും ക്രിസ്തീയ യോഗങ്ങൾക്ക് അവരെ കൊണ്ടുപോവുകയും മററു വിധങ്ങളിൽ ഒരു ക്രിസ്തീയ പിതാവെന്ന നിലയിലുള്ള തന്റെ ഉത്തരവാദിത്വങ്ങൾ നിവർത്തിക്കാൻ കഠിനശ്രമം ചെയ്യുകയും ചെയ്തു. മക്കളിൽ നാലുപേർ നന്നായി വന്നു, എന്നാൽ ഒരു മകൻ നിരന്തരം ഒരു ശല്യമായിരുന്നു, ഒരു സമയത്ത് പാപം ചെയ്യുകയുമുണ്ടായി. അത് പിതാവിനെ ഒരു മൂപ്പനായിരിക്കുന്നതിൽ നിന്ന് അവശ്യം അയോഗ്യനാക്കുന്നില്ല, അയാൾക്ക് അപ്പോഴും സഭയുടെ ആദരവുണ്ടെങ്കിൽ.
ഒരു സഹോദരന് ഒന്നോ അധികമോ കുട്ടികൾ ഉണ്ടായിരുന്നാലും അയാളുടെ കുടുംബത്തെ സംരക്ഷിക്കുന്നതിൽ ഒരു ക്രിസ്തീയ പിതാവിൽനിന്ന് ന്യായമായും പ്രതീക്ഷിക്കുന്നതെല്ലാം അയാൾ ചെയ്തുവെന്ന് സഭ തിരിച്ചറിഞ്ഞേക്കാം. അതുകൊണ്ട് ഒരു കുട്ടി വഷളനായാൽ ഇത് പിതാവിന്റെ തെററായി അവർ കാണുകയില്ല. ഈസ്ക്കര്യോത്തായൂദായുടെയും സാത്താനായിത്തീർന്ന ദൂതന്റെയും മാർഗ്ഗ ഭ്രംശത്തിന് യേശുവിനേയോ യഹോവയേയൊ കുററപ്പെടുത്തേണ്ടതില്ലെന്ന് അവർ വിലമതിക്കും. മൂപ്പനായി സേവിക്കുന്ന ഒരു സഹോദരന് തുടർന്നും സഭയുടെ ആദരവ് അങ്ങേയററം ഉണ്ടായിരിക്കേണ്ടത് മർമ്മപ്രധാനമാണ്, എല്ലാവർക്കും അയാളുടെ ബൈബിളധിഷ്ഠിത ബുദ്ധ്യുപദേശം സ്വീകരിക്കാൻ കഴിയേണ്ടതിനും അയാളുടെ നടത്ത എങ്ങനെ പരിണമിക്കുന്നു എന്ന് നിരീക്ഷിച്ച് അയാളുടെ വിശ്വാസം അനുകരിക്കാൻ കഴിയേണ്ടതിനും തന്നെ.—എബ്രായർ 13:7. (w84 5/15)