നിങ്ങളുടെ മതം വാസ്തവമായി ദൈവത്തെ പസാദിപ്പിക്കുന്നുവോ?
‘ദൈവം കലക്കത്തിന്റെയല്ല പിന്നെയോ സമാധാനത്തിന്റെ ദൈവമാണ്’ (1 കൊരിന്ത്യർ 14:33) അതുകൊണ്ട് തീർച്ചയായും പൂർവ്വാപരവിരുദ്ധങ്ങളായ ഉപദേശങ്ങളോട് കൂടിയ അനേകമതങ്ങളിലെല്ലാററിനും ദൈവത്തിന്റെ അംഗീകാരം ഉണ്ടാവുക സാദ്ധ്യമല്ല. ആ സ്ഥിതിക്ക്, സത്യാരാധനക്ക് അവൻ കൽപ്പിച്ചിരിക്കുന്ന യോഗ്യതകൾ എല്ലാം പാലിക്കുന്ന ഏകമതമെ ഉണ്ടായിരിക്കുകയുള്ളൂ. ദൈവത്തെ പ്രസാദിപ്പിക്കുന്ന ആ ഏകമതത്തെ നമുക്കെങ്ങനെ കണ്ടെത്താനാവും?
നിസ്സംശയമായും അത്തരം ഒരു അന്വേഷണം വൈക്കോൽ കൂനക്കകത്ത് ഒരു സൂചി തെരയുന്നത് പോലെയായിരിക്കും എന്ന് പലർക്കും തോന്നുന്നു. അതുമുഴുവൻ ചികഞ്ഞ് പരിശോധിക്കുക ദുഷ്കരംതന്നെ! എങ്കിലും ഒരു എളുപ്പമാർഗ്ഗം ഉണ്ട്—ഒരു ശക്തമായ കാന്തം ഉപയോഗിക്കൽ. അതിന് ഇരുമ്പിൻസൂചിയെ ആകർഷിക്കുന്നതിനും അതിനെ വൈക്കോലിൽനിന്നും വേർതിരിക്കുന്നതിനും സാധിക്കും. അതുപോലെതന്നെ സത്യത്തെ വ്യാജത്തിൽനിന്ന് വേർതിരിക്കുന്നതിന് ബൈബിളിനെ ഒരു കാന്തമായി ഉപയോഗിക്കാൻ കഴിയും. അത് ഏതുവിധം ചെയ്യാൻ സാധിക്കും? ദൈവത്തിന്റെ നിലപാടിൽ അംഗീകാരയോഗ്യമായ ആരാധനയെന്ത് എന്ന് നിർവ്വചിക്കുന്നതിലൂടെ.
പൗലോസ് അപ്പോസ്തലൻ ഇങ്ങനെ എഴുതി: “എല്ലാ തിരുവെഴുത്തും ദൈവനിശ്വസ്തവും ദൈവത്തിന്റെ മനുഷ്യൻ സകല സൽപ്രവൃത്തികൾക്കും സമ്പൂർണ്ണസജ്ജനായി, തികഞ്ഞ പ്രാപ്തിനേടുന്നതിന് തക്കവണ്ണം പഠിപ്പിക്കലിനും ശാസനക്കും കാര്യങ്ങൾ നേരെയാക്കുന്നതിനും നീതിയിലെ അഭ്യസനത്തിനും പ്രയോജനമുള്ളതാകുന്നു.” (2 തിമൊഥെയോസ് 3:16, 17) മതഭക്തി നമുക്കിഷ്ടമുള്ളടത്തോളമോ സൗകര്യമുള്ളടത്തോളമോ ആകാവുന്ന ഒന്നായി അതിനെ വിലയിടിക്കുന്ന അപകടത്തെ ഒഴിവാക്കുന്നതിന് ബൈബിളിന്റെ സൂക്ഷ്മജ്ഞാനം നമുക്കാവശ്യമാണ്.
ഇതിനുപുറമേ, ദൈവപുത്രനായിരുന്ന യേശുക്രിസ്തു ഇങ്ങനെ പ്രസ്താവിച്ചു: “ദൈവം ആത്മാവാകുന്നു. അവനെ ആരാധിക്കുന്നവർ ആത്മാവിലും സത്യത്തിലും ആരാധിക്കേണം” (യോഹന്നാൻ 4:24) നമുക്ക് എങ്ങനെയാണ് “ആത്മാവിലും സത്യത്തിലും ആരാധിക്കാൻ” കഴിയുക? തന്റെ വചനമായ ബൈബിളിൽ ദൈവം നിശ്വസ്തമായി നൽകിയിരിക്കുന്ന മാർഗ്ഗരേഖകൾ പിന്തുടരുന്നതിലൂടെതന്നെ.
സത്യാരാധകർ സ്നേഹം പകടിപ്പിക്കുന്നു
സത്യാരാധനയിൽ നിന്ന് എന്തു പ്രതീക്ഷിക്കാനാണ് ദൈവവചനം നമ്മെ നയിക്കുന്നത്? നമുക്കു മൂന്നു വാക്കുകളിൽ അതിനുള്ള സൂചനയുണ്ട്: “ദൈവം സ്നേഹം ആകുന്നു”. (1 യോഹന്നാൻ 4:16) അതുകൊണ്ട്, ദൈവത്തെ പ്രസാദിപ്പിക്കുന്ന ആരാധന യഥാർത്ഥ സ്നേഹത്തിൽ അധി:ഷ്ഠിതമായിരിക്കണം.
പ്രായോഗികഭാഷയിൽ, അതിന്റെ അർത്ഥമെന്താണ്? ദൈവത്തിന് പ്രസാദമുള്ള മതം സഹമനുഷ്യരെ ദ്വേഷിക്കുന്നതിന് ഉദ്ബോധിപ്പിക്കുകയോ അനുവദിക്കുകയോ ചെയ്യുകയില്ല. ബൈബിളിന്റെ ലളിതമായ കൽപ്പന ഇതാണ്: “നിന്റെ അയൽക്കാരനെ നിന്നെപ്പോലെതന്നെ സ്നേഹിക്കുക.” (മത്തായി 22:39) അതിന്റെയർത്ഥം ഈ ലോകത്തിന്റെ വിദ്വേഷങ്ങളിൽ നിന്നും മുൻവിധികളിൽ നിന്നും സംഘട്ടനങ്ങളിൽനിന്നും ഒഴിഞ്ഞിരിക്കുക എന്നാണ്. അതിന്റെയർത്ഥം മേലാൽ യുദ്ധം അഭ്യസിക്കാതെ സമാധാനം പിന്തുടരുകയെന്നുമാണ്.—യെശയ്യാ 2:2-4.
ഈ ആശയത്തിന്റെ ഒരു ദൃഷ്ടാന്തീകരണം ശ്രദ്ധിക്കുക: ഒരു “ഫ്രഞ്ചുകാരനായ” പൗലോസ് അപ്പോസ്തലൻ ഒരു “ജർമ്മൻകാരനായ” പത്രോസ് അപ്പോസ്തലനെ അവരുടെ രാഷ്ട്രങ്ങൾ പരസ്പരം യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നു എന്ന ഏക കാരണത്താൽ കൊല്ലാൻ പുറപ്പെടുന്നത് നിങ്ങൾക്ക് സങ്കൽപ്പിക്കാമോ? പക്ഷെ, രണ്ടാം ലോകമഹായുദ്ധകാലത്ത് മിക്കമതങ്ങളും സൈന്യങ്ങൾക്ക് വേണ്ടി പ്രത്യേകം പുരോഹിതശുശ്രൂഷകരെ നൽകിക്കൊണ്ടുവരെ അവരവരുടെ രാഷ്ട്രത്തിന്റെ യുദ്ധസംരംഭത്തിൽ ആഴത്തിൽ ഉൾപ്പെട്ടു! അതേസമയംതന്നെ ഇരുവശങ്ങളിലുമുള്ള ക്രിസ്തീയ പുരോഹിതൻമാർ വിജയത്തിനുവേണ്ടി ഒരേ ദൈവത്തോട് പ്രാർത്ഥിക്കുകയും ചെയ്തു. എന്നാൽ ദൈവം വിഭജിക്കപ്പെട്ടിരിക്കുന്നുവോ? പ്രൊഫസ്സർ ആൽബർട്ട് ഐൻസ്റ്റൈൻ “മനുഷ്യരാശിയുടെ അഞ്ചാംപനിയായ” ദേശീയത്വം എന്ന “ശിശുരോഗം” എന്ന് വിളിച്ചതെന്തിനെയോ അതിലേക്ക് അവനെ വലിച്ചിഴക്കാൻ സാധിക്കുമോ? തീർച്ചയായും ഇല്ല! അതുകൊണ്ടാണ് ദൈവത്തെ വാസ്തവമായി പ്രീതിപ്പെടുത്താൻ ആഗ്രഹിക്കുന്ന അവന്റെ ആരാധകർ നിക്ഷ്പക്ഷരായി നിലകൊള്ളുകയും യഥാർത്ഥസ്നേഹം ആചരിക്കുകയും ചെയ്യേണ്ടത്. (യോഹന്നാൻ 13:34, 35; 17:16) അവർ ‘ജഡപ്രകാരം യുദ്ധം ചെയ്യുകയില്ല’.—2 കൊരിന്ത്യർ 10:3, 4 താരതമ്യം ചെയ്യുക.
സത്യാരാധകർ ദൈവ നാമത്തെ ഉന്നതമാക്കുന്നു
ദൈവങ്ങളെന്നും കർത്താക്കളെന്നും പേരുള്ള അനേകരുണ്ടെങ്കിലും സത്യാരാധർക്ക് “പിതാവായ ഏകദൈവമെ” ഉണ്ടായിരിക്കുകയുള്ളൂ എന്ന് അപ്പോസ്തലനായ പൗലോസ് പറഞ്ഞപ്പോൾ ദൈവത്തിന് പ്രസാദമുള്ള മതത്തിന്റെ മറെറാരു ലക്ഷണത്തിലേക്ക് അവൻ വിരൽ ചൂണ്ടി. (1 കൊരിന്ത്യർ 8:5, 6) അപ്പോൾ തീർച്ചയായും ദൈവത്തെ പ്രസാദിപ്പിക്കുന്നവർ അവന്റെ നാമത്തെ അറിയുകയും അവർ അത് ഉപയോഗിക്കുകയും ചെയ്യും.
ബൈബിൾ അതിന്റെ ആദിമഭാഷകളിൽ ദൈവനാമം 7000-ലധികം പ്രാവശ്യം പരാമർശിച്ചിട്ടുണ്ട്. ഉദാഹരണത്തിന് സങ്കീർത്തനം 83:18 ഇങ്ങനെ വായിക്കുന്നു: “യഹോവയെന്ന നാമമുള്ള നീ മാത്രം സർവ്വഭൂമിക്കും മീതെ അത്യുന്നതൻ എന്ന് ജനങ്ങൾ അറിയേണ്ടതിനു തന്നെ.” അങ്ങനെയെങ്കിൽ മതങ്ങളനവധിയും ഒരു പേരില്ലാത്ത ദൈവത്തെ ആരാധിക്കുന്നതെന്തുകൊണ്ട്? കൂടാതെ, അവർ ബൈബിൾ പരിഭാഷകളിൽനിന്ന് അവന്റെ നാമം ഒഴിവാക്കുന്നതെന്തിന്? നിശ്ചയമായും ദൈവത്തെ പ്രസാദിപ്പിക്കാനുള്ള മാർഗ്ഗം അതല്ല, കാരണം യേശു പ്രാർത്ഥിച്ചത് ഇങ്ങനെയാണ്: “നിന്റെ നാമം വിശുദ്ധീകരിക്കപ്പെടേണമേ.”—മത്തായി 6:9.
ദൈവത്തിന് പസാദമുള്ള മതം
നാം ഇപ്പോൾ ചർച്ച ചെയ്തുകഴിഞ്ഞ സത്യാരാധനയുടെ രണ്ട് അടിസ്ഥാന വ്യവസ്ഥകൾ പാലിക്കുന്ന ഏതെങ്കിലും ലോകവ്യാപകമായ മതസമൂഹം ഉണ്ടോ? യേശു പഠിപ്പിച്ച സ്നേഹം വാസ്തവമായി ആചരിക്കുന്ന ഒരു മതം ഉണ്ടോ? ഉണ്ടെങ്കിൽ അതേ ആരാധകർ യഥാർത്ഥമായി ദൈവത്തെ മഹത്വീകരിക്കുകയും അവന്റെ നാമത്തിന് ഈ 20-ാം നൂററാണ്ടിൽ ബഹുമതി കരേററുകയും ചെയ്യുന്നുണ്ടോ?
രാഷ്ട്രങ്ങളുടെ യുദ്ധങ്ങളിൽ യഹോവയുടെ സാക്ഷികൾ നിക്ഷ്പക്ഷത പാലിക്കുന്നുവെന്നത് സുവിദിതമായ പരമാർത്ഥമാണ്. ഈ കാരണത്തെപ്രതി അവർ തടങ്കൽ പാളയങ്ങളിലും തടവറകളിലും യാതനയനുഭവിച്ചിട്ടുണ്ട്. അവരുടെ ബൈബിളധി:ഷ്ഠിതമായ തത്വങ്ങൾ ബലികഴിക്കുന്നതിനുപകരം ആദിമക്രിസ്ത്യാനകൾ ചരിച്ച രക്തസാക്ഷിത്വത്തിന്റെ പാതയാണ് അവർ തെരഞ്ഞെടുത്തിട്ടുള്ളത്. അവരുടെ ഈ നിലപാടിന് അവരെ പ്രേരിപ്പിച്ചത് ദൈവത്തോടും സഹമനുഷ്യരോടും ഉള്ള അവരുടെ സ്നേഹമാണ്. ദൈവത്തെ പ്രസാദിപ്പിക്കുന്ന സത്യാരാധനയുടെ ഒരടയാളം അത്തരം സ്നേഹമാണ്.
ഈ സംഗതിയിലുള്ള യഹോവയുടെ സാക്ഷികളുടെ ഉത്തമരേഖ അനേകർ ശ്രദ്ധിക്കാനിടയായിട്ടുണ്ട്. ഉദാഹരണത്തിന് കുറെ വർഷങ്ങൾക്ക് മുമ്പ് ഒരു തെക്കെ അമേരിക്കക്കാരനായ പത്രപ്രസാധകൻ “യഹോവയുടെ സാക്ഷികൾ മനസ്സാക്ഷിപരമായ കാരണങ്ങളാൽ സൈന്യത്തിൽ ചേരാൻ വിസ്സമ്മതിക്കുന്നു” എന്ന് കുറിക്കൊണ്ടു. അദ്ദേഹം ഇങ്ങനെ തുടർന്നു: “കുട്ടികളായിരിക്കുമ്പോൾ പോലും യഹോവയുടെ സാക്ഷികൾക്ക്, തങ്ങൾ പതിനെട്ട് വയസ്സ് പ്രായമാകുമ്പോഴേക്ക് ഒരു സുദീർഘകാലം തങ്ങളുടെ നിഷ്പക്ഷതയെപ്രതി തടവിൽ കഴിയേണ്ടി വരും എന്നറിയാം. അവർ തങ്ങളുടെ മതപരമായ വിശ്വാസത്തിന്റെ ഭാഗമെന്ന നിലയിൽ ആ ശിക്ഷ സ്വീകരിക്കുന്നു. അവർ മാന്യരും സമാധാനകാംക്ഷികളും ആയ ആളുകളാണ്.”
ദൈവത്തിന് പ്രസാദമുള്ള മതത്തിന്റെ മറെറാരു വ്യവസ്ഥ സംബന്ധിച്ചെന്ത്? വാസ്തവത്തിൽ യഹോവയെന്ന ദിവ്യനാമത്തെ ആർ മഹത്വപ്പെടുത്തുന്നു? തങ്ങളുടെ പ്രസംഗത്തിലൂടെയും നടത്തയിലൂടെയും യഹോവയുടെ സാക്ഷികൾ മാത്രമാണ് ഇത് ലോകവ്യാപകമായി ചെയ്യുന്നത് എന്നത് സ്വയമേ പ്രകടമാണ്.—റോമർ 10:13-15.
യഹോവയുടെ സാക്ഷികളുമായി എന്തുകൊണ്ട് അടുത്ത് പരിചയപ്പെട്ടുകൂടാ? ഇതോടൊപ്പം ചേർത്തിട്ടുള്ള ചാർട്ട്, അവരുടെ ചില വിശ്വാസങ്ങളെ അവയ്ക്കുള്ള തിരുവെഴുത്തുപരമായ ന്യായങ്ങൾ സഹിതം പട്ടികപ്പെടുത്തിയിരിക്കുന്നു. സാക്ഷികളുടെ ആരാധനാരീതിയെ ഈ ലളിതമായ പരിശോധനക്ക് വിധേയമാക്കി നോക്കുക: അത് ബൈബിളിൽ നൽകിയിരിക്കുന്ന സത്യം സംബന്ധിച്ചുള്ള ദൈവത്തിന്റെ നിലവാരങ്ങളിൽ എത്തിച്ചേരുന്നുണ്ടോ? അത് സത്യാരാധനയുടെ ഭാഗമായിത്തീരേണ്ടുന്ന സ്നേഹമെന്ന സമാധാനഫലം ഉത്പാദിപ്പിക്കുന്നുണ്ടോ? അത് ദൈവനാമത്തെ മഹത്വീകരിക്കുന്നുവോ? അത് ഇതെല്ലാം ചെയ്യുന്നുവെന്ന് നിങ്ങൾ കണ്ടെത്തുന്നുവെങ്കിൽ ദൈവത്തെ വാസ്തവമായി പ്രസാദിപ്പിക്കുന്ന മതത്തെ ആണ് നിങ്ങൾ കണ്ടെത്തിയിരിക്കുന്നത്. (w85 7/15)
[7-ാം പേജിലെ ചതുരം]
യഹോവയുടെ സാക്ഷികളുടെ വിശ്വാസങ്ങൾ
വിശ്വാസം ബൈബിൾ അടിസ്ഥാനം
ദൈവത്തിന്റെ പേർ യഹോവ എന്നാണ്․ പുറപ്പാട് 6:3; സങ്കീർത്തനം 83:18
ബൈബിൾ ദൈവത്തിന്റെ വചനമാണ്․ യോഹന്നാൻ 17:17; 2 തിമൊഥെയൊസ് 3:16, 17
യേശുക്രിസ്തു ദൈവപുത്രനാണ്․ മത്തായി 3:16, 17; യോഹന്നാൻ 14:28
മനുഷ്യൻ പരിണമിച്ചുണ്ടായതല്ല പിന്നെയോ ഉല്പത്തി 1:27; 2:7 സൃഷ്ടിക്കപ്പെട്ടതാണ്․
മനുഷ്യമരണം ആദാമ്യപാപം നിമിത്തമാണ്․ റോമർ 5:12
മരണത്തിങ്കൽ ദേഹിയുടെ ആസ്തിക്യം നിലക്കുന്നു․ സഭാപ്രസംഗി 9:5, 10; യഹസ്ക്കേൽ 18:4
നരകം മനുഷ്യവർഗ്ഗത്തിന്റെ പൊതുശവക്കഴിയാണ്․ ഇയ്യോബ് 14:13; വെളിപ്പാട് 20:13 ജയിംസ് രാജാവിന്റെ ഭാഷാന്തരം
മരിച്ചവരുടെ പ്രത്യാശ പുനരുത്ഥാനമാണ്․ യോഹന്നാൻ 5:28, 29; 11:25; പ്രവൃത്തികൾ 24:15
യേശുവിന്റെ ഭൗമീക ജീവൻ ആണ് അനുസരണമുള്ള മനുഷ്യർക്കുള്ള മറുവില മത്തായി 20:28; 1 പത്രോസ് 2:24; 1 യോഹന്നാൻ 2:1, 2
പ്രാർത്ഥന ക്രിസ്തുവിലൂടെ യഹോവയോട് മാത്രമേ നടത്താവൂ․ മത്തായി 6:9; യോഹന്നാൻ 14:6,13, 14
ധാർമ്മിക നിഷ്ഠ സംബന്ധിച്ച ബൈബിൾ നിയമങ്ങൾ അനുസരിക്കണം․ 1 കൊരിന്ത്യർ 6:9, 10
ആരാധനയിൽ വിഗ്രഹങ്ങൾ ഉപയോഗിക്കരുത്․ പുറപ്പാട് 20:4-6;1 കൊരിന്ത്യർ 10:14
ആത്മവിദ്യ ഒഴിവാക്കണം․ ആവർത്തനം 18:10-12; ഗലാത്യർ 5:19-21
രക്തം ഒരുവന്റെ ശരീരത്തിലേയ്ക്കെടുക്കരുത്․ ഉൽപത്തി 9:3, 4; പ്രവൃത്തികൾ 15:28, 29
ഒരു ക്രിസ്ത്യാനി ലോകത്തിൽനിന്ന് വേറിട്ട് നിൽക്കണം․ യോഹന്നാൻ 15:19;17:16; യാക്കോബ് 1:27; 4:4
സുവാർത്ത” ഘോഷിച്ചുകൊണ്ട് ക്രിസ്ത്യാനികൾ സാക്ഷ്യം നൽകണം․ യെശയ്യാ 43:10-12; മത്തായി 24:14; 28:19, 20
പൂർണ്ണ നിമജ്ഞനത്താലുള്ള സ്നാനം ദൈവമുമ്പാകെയുള്ള സമർപ്പണത്തെ പ്രതീകപ്പെടുത്തുന്നു. മർക്കോസ് 1:9, 10; യോഹന്നാൻ 3:23; പ്രവൃത്തികൾ 19:4, 5
മതപരമായ സ്ഥാനപ്പേരുകൾ അനുചിതമാണ്․ ഇയ്യോബ് 32:21, 22; മത്തായി 23:8-12
നാം ഇന്ന് “അന്ത്യകാല”ത്താണ്․ ദാനിയേൽ 12:4; മത്തായി 24:3-14; 2 തിമൊഥെയോസ് 3:1-5
ക്രിസ്തുവിന്റെ സാന്നിദ്ധ്യം ആത്മാവിലാണ്․ മത്തായി 24:3; യോഹന്നാൻ 14:19; 1 പത്രോസ് 3:18
സാത്താനാണ് ഈ ലോകത്തിന്റെ അദൃശ്യഭരണാധികാരി․ യോഹന്നാൻ 12:31; 1 യോഹന്നാൻ 5:19
ഇന്നത്തെ ദുഷ്ടവ്യവസ്ഥിതിയെ ദൈവം നശിപ്പിക്കും․ ദാനിയേൽ 2:44; വെളിപ്പാട് 16:14, 16; 18:1-8
ക്രിസ്തുവിൻ കീഴിലുള്ള രാജ്യം ഭൂമിയെ നീതിയിൽ ഭരിക്കും ․ യെശയ്യാ 9:6, 7; മത്തായി 6:10
“ചെറിയ ആട്ടിൻകൂട്ടം” ക്രിസ്തുവിനോടൊപ്പം ദാനിയേൽ 7:13, 14; സ്വർഗ്ഗത്തിൽ ഭരിക്കും․ ലൂക്കോസ് 12:32; വെളിപ്പാട് 14:1-4;20:4
ദൈവം അംഗീകരിക്കുന്ന മററുള്ള ജനത്തിന് പരദീസാ ഭൂമിയിലെ നിത്യജീവൻ ലഭിക്കും․ ലൂക്കോസ് 23:43; യോഹന്നാൻ 3:16
[5-ാം പേജിലെ ചിത്രങ്ങൾ]
ഒരു വൈക്കോൽ കൂനയിൽ നിങ്ങൾ ഒരു സൂചി എങ്ങനെ കണ്ടെത്തും?
സത്യമതത്തെ നിങ്ങൾ എങ്ങനെ കണ്ടെത്തും?